സാമൂഹിക നിർമിതിവാദവും
സാങ്കേതിക നിർണയവാദവും
ശാസ്ത്രം, സാങ്കേതികവിദ്യ, സമൂഹം എന്നിവ സംബന്ധിച്ച് പഠനങ്ങൾ അഥവാ ശാസ്ത്രത്തിന്റെ സാമൂഹികപഠനം അല്ലെങ്കിൽ ശാസ്ത്രം നയം എന്നൊക്കെ വിളിക്കപ്പെടുന്നവയുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ശക്തമായി ഉയർന്നുവരുന്നുണ്ട്. എങ്ങനെയാണ് സമൂഹം സാങ്കേതികവിദ്യയെ രൂപപ്പെടുത്തുന്നത് എന്നതും എങ്ങനെയാണ് സാങ്കേതികവിദ്യ സമൂഹത്തെ രൂപപ്പെടുത്തുന്നത് എന്നതും ഇൗ ചർച്ചകളിൽ കെെകാര്യം ചെയ്യുന്നു. ഇവിടെ കൂടുതൽ ശ്രദ്ധയാകർഷിപ്പെട്ട ഒരു വിഷയം സാമൂഹിക നിർമിതിവാദമാണ്.
സാങ്കേതികവിദ്യ വികസിക്കുന്നത് ചില ആന്തരിക യുക്തികളിൽനിന്നും ഏകതാനമായ രീതിയിലല്ല, മറിച്ച് സാമൂഹികമായ തിരഞ്ഞെടുക്കലുകളുടെ പരമ്പരയുടെ ഫലമാണത് എന്നു വാദിക്കുന്ന പ്രബലമായ പണ്ഡിതവിഭാഗത്തിന്റേതാണ് സാമൂഹിക നിർമിതിവാദം. ഇതുമാത്രമാണവർ പ്രതിപാദിക്കുവാൻ നോക്കുന്നതെങ്കിൽ നമ്മൾ അവരോട് വല്ലാതെ വഴക്കിടേണ്ട കാര്യമില്ല. എന്നാൽ, അവരുടെ ഭാഗത്തുനിന്നുള്ള മുഖ്യമായ പ്രശ്നം, ഇവിടെ ‘സാമൂഹികമായ’ എന്നു പറയുന്നതിൽ അവർ വർഗത്തെയോ വ്യാവസായിക ഉത്പാദനത്തെയോ ഉൾക്കൊള്ളിക്കുന്നില്ല, അവരെ സംബന്ധിച്ചിടത്തോളം ‘സാമൂഹികമായ’ എന്നാൽ കേവലം ‘സാമൂഹികശാസ്ത്രപരം’ മാത്രമാണ് എന്നതാണ്. ഉത്പാദനം മെച്ചപ്പെടുത്തുന്നതിലെ വിജയത്തെ മറ്റ് സാമൂഹികശാസ്ത്രപരമായ ഘടകങ്ങൾക്കു സമാനമായൊരു ഘടകമായി മാത്രമാണ് ഇക്കൂട്ടർ കാണുന്നത്; ഉദാഹരണത്തിന്, വേഗതയുള്ള സെെക്കിളുകൾ തിരഞ്ഞെടുക്കുവാനുള്ള യുവാക്കളായ പുരുഷന്മാരുടെ താത്പര്യം തുടങ്ങിയവ. ഈ കാഴ്ചപ്പാടിൽ, മുന്നിലുള്ള ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള വിവിധ ചാലകശക്തികളിൽ ഒന്നുമാത്രമാണ് സാങ്കേതികവിദ്യാപരമായ ശേഷി എന്നത്. സാമൂഹിക നിർമിതിവാദവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രശ്നം, സാങ്കേതികവിദ്യ അനന്തമായവിധം മാറിക്കൊണ്ടിരിക്കുന്നതാണ്– സാങ്കേതികവിദ്യയെന്ന നിലയിൽ ഫലപ്രദമായ ഏതാണ്ട് ഒട്ടേറെ പരിഹാരങ്ങൾ അതിന് മുന്നോട്ടുവയ്ക്കാൻ കഴിയുന്നു എന്നതാണ്. ഈ വീക്ഷണത്തിൽ, അവസാനമായി തിരഞ്ഞെടുക്കുന്നതാണെന്നുവച്ചാൽ, ഇതിലിടപെടുന്ന വ്യത്യസ്ത വിഭാഗങ്ങളുടെ സാമൂഹികമായ താൽപ്പര്യങ്ങൾക്ക് അങ്ങേയറ്റം യോജിച്ചതായിരിക്കുമത്.
സാമൂഹികമായ തിരഞ്ഞെടുക്കലുകൾക്കിടയിൽ ഉദാഹരണത്തിന്, സാംസ്കാരിക താൽപ്പര്യങ്ങൾക്കും സാമ്പത്തിക ആവശ്യങ്ങൾക്കും നിഷ്പക്ഷതയുടെ തത്ത്വമാണ് സാമൂഹിക നിർമിതിവാദത്തിന്റെ വക്താക്കൾ ഉപയോഗിക്കുന്നത്. അത്തരമൊരു സമീപനത്തിൽ ചില നിശ്ചിതതരം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിലെ വർഗവും വർഗതാൽപ്പര്യങ്ങളും അപ്രത്യക്ഷമാകുന്നു. സാമൂഹിക നിർമിതിവാദത്തെക്കുറിച്ചുള്ള തന്റെ വിമർശനത്തിൽ റസ്സൽ ഇത് ചൂണ്ടിക്കാണിക്കുന്നു, ‘സാങ്കേതികവിദ്യാപരമായ തിരഞ്ഞെടുക്കലുകൾ സാമൂഹികമായി നിർമിക്കപ്പെടുന്നവയാണെന്ന വാദം നമ്മൾ അംഗീകരിച്ചാൽ അവയുമായി ബന്ധപ്പെട്ട ആപേക്ഷികമായ ഈ സമീപനം സാമൂഹിക താൽപ്പര്യങ്ങളെ സംബന്ധിച്ച ആപേക്ഷികവാദത്തിലേക്ക്, മറ്റു വാക്കുകളിൽ പറഞ്ഞാൽ, രാഷ്ട്രീയമായ നിഷ്-പക്ഷതയിലേക്ക് നമ്മളെ നയിക്കും.’ ഇത്തരം തിരഞ്ഞെടുക്കലുകൾ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് സാമൂഹിക നിർമിതിവാദം ഒന്നുംതന്നെ പറയുന്നില്ല; വിമോചനാത്മകമായ സാങ്കേതികവിദ്യയും മർദ്ദനസ്വഭാവമുള്ള സാങ്കേതികവിദ്യയും തമ്മിൽ യാതൊരു വ്യത്യാസവും അത് കാണുന്നില്ല. സാങ്കേതികവിദ്യയുടെ വികസനത്തിന്റെ ഘട്ടത്തിൽ സാമൂഹികമായ തിരഞ്ഞെടുക്കലുകൾ നടക്കുന്നു എന്ന് നമ്മളോട് പറയുന്നവർ വിമോചനാത്മകമായ വീക്ഷണകോണിൽ നിന്നുകൊണ്ട് നടത്തേണ്ട തിരഞ്ഞെടുക്കലുകളെക്കുറിച്ച് ഒന്നുംതന്നെ മിണ്ടുന്നില്ല: ബൗദ്ധികമായ പോരാട്ടമെന്ന ആയുധത്തെ അത് മുന്നോട്ടുവയ്ക്കുന്നില്ല. സാമൂഹിക നിർമിതിവാദ വക്താക്കളുടെ രണ്ടാമത്തെ പ്രശ്നം, സാങ്കേതികവിദ്യ അനന്തമായവിധം മാറിക്കൊണ്ടിരിക്കുന്നതാണെന്നും അതിന്റെ രൂപകൽപ്പനയ്ക്കുള്ള ഇടം അതുകൊണ്ടുതന്നെ അനന്തമാണെന്നുമുള്ള അവരുടെ വിശ്വാസമാണ്. അനന്തമായ തിരഞ്ഞെടുക്കലുകൾ സാധ്യമാണെന്നും, അന്തിമമായ തിരഞ്ഞെടുക്കൽ അധികവും സാമൂഹികശാസ്ത്രപരമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും സാമൂഹിക നിർമിതിവാദം വിശ്വസിക്കുന്നു. എന്നാൽ യാഥാർഥ്യം ഈ പറയുന്നതൊന്നുമല്ല; മിക്ക സാങ്കേതികവിദ്യകളുടെയും കാര്യത്തിൽ സാധ്യമായ രൂപകൽപ്പനയ്ക്കുള്ള ഇടം കർശനമായും പരിമിതപ്പെടുത്തിയിരിക്കുകയാണ്; മാത്രമല്ല, തിരഞ്ഞെടുക്കലുകളുടെ ന്യൂനമായ നിരകളിൽനിന്നുകൊണ്ടുള്ള വസ്തുക്കൾക്ക് /ഉപകരണങ്ങൾക്ക് മാത്രമേ സാമൂഹികമായ രൂപകൽപ്പന നടക്കുന്നുള്ളൂ. സാമൂഹിക നിർമിതിവാദം സാങ്കേതികവിദ്യയെ നോക്കിക്കാണുമ്പോൾ, സാങ്കേതികമായി ഫലപ്രദമായ ഇത്തരം കുറച്ച് തിരഞ്ഞെടുക്കലുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന രീതിയാണ്. സാങ്കേതികമായി ഫലപ്രദമായതിലൂടെ അരിച്ചെടുക്കപ്പെട്ട സാങ്കേതികവിദ്യാപരമായ തിരഞ്ഞെടുക്കലുകൾക്കിടയിലെ സാമൂഹികമായ തിരഞ്ഞെടുക്കൽ സാങ്കേതികവിദ്യയുടെ ‘നിർമാണ’മെന്നതു സംബന്ധിച്ച് സാമൂഹിക നിർമിതിവാദത്തിന്റെ ധാരണയെന്താണോ അതിൽനിന്നും തികച്ചും വ്യത്യസ്തമാണ്.
സാമൂഹിക നിർമിതിവാദത്തിന്റെ പ്രതിബിംബമാണ് സാങ്കേതിക നിർണയവാദം. പശ്ചാത്തലത്തിനനുസരിച്ച് ഏറെ രസകരമായൊരു കാര്യം, ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അതുപോലെ തന്നെ സാങ്കേതിക നിർണയവാദത്തെയും സംബന്ധിച്ച പരിപൂർണമായും ബാഹ്യമായ കാഴ്ചപ്പാടിന്റെ പേരിൽ മാർക്സും എംഗൽസും ബർണാലിനെപ്പോലെയുള്ള മാർക്സിസ്റ്റുകളും ആരോപണം നേരിട്ടിരുന്നു എന്നതാണ്. ബർണാലിന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ സയൻസ് ഇൻ ഹിസ്റ്ററി (ശാസ്ത്രം ചരിത്രത്തിൽ)എന്ന ഗ്രന്ഥം ശാസ്ത്രത്തിന്റെ ചരിത്രം സംബന്ധിച്ച അപക്വമായ ബാഹ്യമായ കാഴ്ചപ്പാടായിട്ടാണ് കണക്കാക്കപ്പെടുന്നത്; അതേസമയം അദ്ദേഹത്തിന്റെതന്നെ ശാസ്ത്രത്തിന്റെ സാമൂഹികദൗത്യം (Social Function of Scince) എന്ന ഗ്രന്ഥം സാങ്കേതികനിർണയവാദം അഥവാ ശാസ്ത്രവാദം ആയി കണക്കാക്കപ്പെടുന്നു. എന്താണ് സാങ്കേതിക നിർണയവാദം എന്നതുകൊണ്ട് അർഥമാക്കുന്നത്? സാങ്കേതികവിദ്യ സമൂഹത്തെ സൃഷ്ടിക്കുന്നു എന്നാണ് അതുകൊണ്ടർഥമാക്കുന്നത്– അത് സമൂഹത്തിന്റെ താരതമേ-്യന സ്വതന്ത്രമായ ഒന്നാണ്; സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്ന ഒരു സമൂഹത്തെ അത് സൃഷ്ടിക്കുന്നു.
നമുക്ക് സാങ്കേതികനിർണയവാദത്തിന്റെ ആദ്യത്തെ ഭാഗമെടുക്കാം–അതായത് സാങ്കേതികവിദ്യാവികസനം സാമൂഹികമാറ്റത്തെ സൃഷ്ടിക്കുന്നു എന്ന ഭാഗം. യാതൊരു സംശയവും വേണ്ട, ഇവിടെ വീണ്ടും മാർക്സിസത്തിന്റെ അടിസ്ഥാന വിശ്വാസം കാണാനാകുന്നു; അതായത്, സാങ്കേതികവിദ്യയും ശാസ്ത്രവും വികസിക്കുമ്പോൾ, അത് ഉത്പാദനശക്തികളുടെ വികാസത്തിലേക്കും നിലനിൽക്കുന്ന ഉത്പാദന ബന്ധങ്ങളുമായുള്ള അവയുടെ സംഘർഷത്തിലേക്കും നയിക്കുന്നു. എന്തുതന്നെയായാലും, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉത്പാദനസംവിധാനം എങ്ങനെയാണ് സ്വയം, നിലനിൽക്കുന്ന ഉത്പാദനബന്ധങ്ങളുടെ ഉത്പന്നങ്ങളായി മാറുന്നതെന്നും എല്ലാ മുൻനിര മാർക്സിസ്റ്റുകളും വ്യക്തമാക്കിയിട്ടുണ്ട്. അതൊരു അടഞ്ഞ കണ്ണിയാണെങ്കിലും നിശ്ചലമായ, ചലനാത്മകമല്ലാത്ത ഒന്നല്ല അത്. ഏതാനും ചില വർഗങ്ങളുടെ കുത്തക സാങ്കേതികവിദ്യയെ നിശ്ചലമായ, ചലനാത്മകതയില്ലാത്ത ഒന്നാക്കി നിർത്തുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യയെന്നത് സാവധാനത്തിലാണെങ്കിൽപോലും കാലക്രമേണ മാറുകയും, ആ മാറ്റം വ്യവസ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്യും. എന്നാൽ, സാങ്കേതികവിദ്യ സമൂഹത്തെ നിർണയിക്കുന്നതുപോലെ തന്നെ സമൂഹം സാങ്കേതികവിദ്യയെയും നിർണയിക്കുന്നു. സാങ്കേതികവിദ്യയും സമൂഹവും തമ്മിലുള്ള ബന്ധം വെെരുദ്ധ്യാത്മകമായി മാറുന്നു എന്നതിലേക്ക് നമ്മൾ വീണ്ടുമെത്തി.
ഉയർന്നുവരുന്ന ഏതുതരം സാങ്കേതികവിദ്യയും സമൂഹത്തിന്റെ വർഗബന്ധങ്ങളെ അടയാളപ്പെടുത്തുന്നുവെന്ന വാദം, ശാസ്ത്രവുമായി ബന്ധപ്പെട്ട സമാനമായ വാദത്തിൽനിന്നും വ്യത്യസ്-തമാണ്. സാങ്കേതികവിദ്യയുടെ ഉൽപ്പന്നങ്ങൾക്ക് സാമൂഹിക ദൗത്യങ്ങളുണ്ട്; അതിനാൽതന്നെ അത് സാമൂഹികബന്ധങ്ങളെ ചില രീതികളിൽ ക്രോഡീകരിക്കുന്നു. മാർക്സ് പറയുന്നു, ‘കെെത്തറി നിങ്ങൾക്ക് ഫ്യൂഡൽ പ്രഭുവിനോടൊത്തുള്ള സമൂഹം ലഭ്യമാക്കി; യന്ത്രത്തറി നിങ്ങൾക്ക് വ്യാവസായിക മുതലാളിയോടൊത്തുള്ള സമൂഹം ലഭ്യമാക്കി.’ (കാറൽ മാർക്സ്, തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം, അധ്യായം –2 അർഥശാസ്ത്രത്തിന്റെ അതിഭൗതികവാദം).
നമുക്ക് ഒരുദാഹരണം നോക്കാം. തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന ഒരു സമ്പദ്ഘടനയിൽ ഉയർന്ന കൂലി ചെലവ് ഉണ്ടാകുന്നു; അപ്പോൾ ഗുണം മെച്ചപ്പെടുത്തുന്നതിനും കൂലിചെലവ് കുറയ്ക്കുന്നതിനുംവേണ്ടി യന്ത്രവത്കരിക്കേണ്ടതായി വരുന്നു. തൊഴിലാളികളുടെ മിച്ചമുള്ള ഒരു സമ്പദ്ഘടനയിൽ കൂലിചെലവ് കുറഞ്ഞിരിക്കുകയും അതുകൊണ്ടുതന്നെ ഇത്തരം യന്ത്രവത്കരണം മത്സരാധിഷ്ഠിതമല്ലായെന്ന് കണക്കാക്കുകയും ചെയ്യുന്നു. ഇവിടെ, ഉത്പാദന പ്രക്രിയയിൽ ഗുണമേന്മ ഉറപ്പാക്കുന്ന തെരഞ്ഞെടുക്കപ്പെട്ട യന്ത്രവത്കരണം – ഒരുതരം അർദ്ധയന്ത്രവത്കരണം ആയിരിക്കും മുൻതൂക്കം കിട്ടുന്ന സാങ്കേതികവിദ്യ. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യ സാമൂഹിക പശ്ചാത്തലത്തിനുള്ളിൽതന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ഇനി മറ്റൊരു ഉദാഹരണമെടുക്കാം. ഹരിതവിപ്ലവത്തിന്റെ സമയത്ത് അത്യുത്പാദനശേഷിയുള്ള സങ്കരയിനം(ഹെെബ്രിഡ്) വിത്തുകൾ പ്രോത്സാഹിപ്പിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്, വിത്തു കമ്പനികളുടെ കുത്തക ബലപ്പെടുത്തുന്നതിനുവേണ്ടി ബോധപൂർവം സൃഷ്ടിച്ചെടുത്ത ഒന്നായിരുന്നു ഹെെബ്രിഡുകൾ എന്നതാണ്. യഥാർഥയിനം വിത്തുകളെ തഴഞ്ഞ് ഹെെബ്രിഡ് വിത്തുകൾ ഉത്പാദിപ്പിക്കുവാനുള്ള തീരുമാനം ഇപ്പറഞ്ഞ വർഗപരമായ തിരഞ്ഞെടുക്കലിന്റെ ഫലമായിരുന്നു. ഇതേകാരണം കൊണ്ടാണ് ഹെെബ്രിഡുകളിലൂടെ ഇന്ത്യയിൽ ബിടി കോട്ടൺ പ്രോത്സാഹിപ്പിക്കപ്പെട്ടത്; അതുവഴി മൊൺസാന്റോയ്ക്ക് വിത്തുകമ്പോളത്തിനുമേൽ നിയന്ത്രണം സ്ഥാപിച്ചെടുക്കാനായി.
ഈ അർഥത്തിൽ, സമൂഹം സാങ്കേതികവിദ്യയുടെ തലത്തെ പ്രതിഫലിപ്പിക്കുന്നതുപോലെതന്നെ സാങ്കേതികവിദ്യ സാമൂഹികബന്ധങ്ങളെയും പ്രത-ി-ഫലിപ്പിക്കുന്നു. സാങ്കേതികവിദ്യ നോക്കിയാൽ അത് സൃഷ്ടിച്ച സമൂഹത്തെ നമുക്ക് കാണാനാകും. സാങ്കേതിക നിർണയവാദം ഇതിനെ ഒരു വൺവേ പ്രക്രിയയായി കാണുന്നു; അതേസമയം സാങ്കേതികവിദ്യ സമൂഹത്തെ സൃഷ്ടിക്കുകയും സമൂഹം സാങ്കേതികവിദ്യയെ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ പ്രക്രിയയെ മാർക്സിസ്റ്റുകൾ നോക്കിക്കാണുന്നത് വെെരുദ്ധ്യാത്മകമായിട്ടാണ്, ഒരു ടൂവേ പ്രക്രിയ ആയിട്ടാണ്.
നിഗമനങ്ങൾ
ശാസ്ത്രത്തിന് എന്താണ് ചെയ്യാൻ കഴിയുക എന്നതും എന്താണ് ശാസ്ത്രം യഥാർഥത്തിൽ ചെയ്യുന്നത് എന്നതും സംബന്ധിച്ച പ്രശ്നം, ശാസ്ത്രത്തിനുള്ളിലും വിപുലമായ സാമൂഹികമണ്ഡലത്തിനുള്ളിലുമുള്ള ഒരു പോരാട്ടഭൂമികയാണ്. അത് ശാസ്ത്രത്തിന്റെ ഭാവിദിശയ്ക്കുവേണ്ടിയുള്ള ഒരു യുദ്ധമാണ്. മനുഷ്യരാശിയുടെ ഉന്നതിക്കുവേണ്ടി വിഭവങ്ങൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട വലിയൊരു യുദ്ധത്തിന്റെ ഭാഗമാണത്. ശാസ്ത്രത്തിലെയും സമൂഹത്തിലെയും യുക്തിരാഹിത്യത്തിനെതിരായ പോരാട്ടമാണത്. സാമൂഹികബോധമുള്ള ശാസ്ത്രജ്ഞരും ശാസ്ത്രബോധമുള്ള പുരോഗമന വിഭാഗങ്ങളും ഒരുമിച്ച് ഈ പോരാട്ടം നടത്തണം. ശാസ്ത്രീയമായ തീരുമാനമെടുക്കലിന്റെ ജനാധിപത്യവത്കരണമെന്നും അതിന് അർഥമുണ്ട്; സമൂഹത്തിന് വേണ്ടതെന്താണെന്ന് വിരലിലെണ്ണാവുന്ന കുറേ ശാസ്ത്രജ്ഞർക്ക് കുത്തിയിരുന്ന് തീരുമാനിക്കാനാവില്ല. ശാസ്ത്രജ്ഞരുടെ സാമൂഹിക ഉത്തരവാദിത്വത്തിനു വേണ്ടിയുള്ള ബർണാലിന്റെയും മറ്റ് ശാസ്ത്രജ്ഞരുടെയും പോരാട്ടം ഈ അടിസ്ഥാന പരിപ്രേക്ഷ്യത്തിൽ നിന്നുണ്ടായതാണ‍്, സമാധാനത്തിനുവേണ്ടിയും ആണവായുധങ്ങൾക്കെതിരായും നിലകൊണ്ട ശാസ്ത്രജ്ഞരെപോലെ. അതുകൊണ്ടുകൂടിയാണ് ശാസ്ത്രത്തിന്റെ ജനകീയവത്കരണമെന്നത് പുരോഗമന ശാസ്ത്ര മുന്നേറ്റങ്ങളുടെ പ്രധാന ഉൗന്നൽ ആകുകയും ആയിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്.
ഇന്ന്, ശാസ്ത്രത്തെ സംബന്ധിച്ച (സാങ്കേതികവിദ്യയെയും) നമ്മളടക്കം പ്രതികരിക്കേണ്ട ഒരു ബദൽ കാഴ്ചപ്പാടുണ്ട്. ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും പ്രപഞ്ചത്തിനുമേൽ മേധാവിത്വമേർപ്പെടുത്തുന്ന പ്രത്യയശാസ്ത്രപരമായ ഒരു അടിത്തട്ടുണ്ട് എന്നതാണ് ആ കാഴ്ചപ്പാട്–ഒരു പൊതുസത്ത എന്ന നിലയിലുള്ള ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഈ കാഴ്ചപ്പാടുകളിൽ മിക്കതും തകർക്കുകയാണ് എന്നുകൂടി പറയട്ടെ. ഈ കാഴ്ചപ്പാടിൽ, പ്രകൃതിയെ അറിയുകയും പ്രകൃതിക്കുമേൽ മേധാവിത്വം ചെലുത്തുകയും ചെയ്യുകയെന്നത് സമാനമാണ്; അതാണിവിടെ ശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രം. പ്രകൃതിക്കുമേലുള്ള മേധാവിത്വം എന്ന ഈ പ്രത്യയശാസ്ത്രമാണ് നമ്മുടെ ഭൂമിയെയാകെ അപകടത്തിലാക്കുന്നത്. ഈ കാഴ്ചപ്പാട് പിന്തുടരണമെങ്കിൽ, ലോകത്തെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗമെന്ന നിലയിൽ ശാസ്ത്രത്തിൽനിന്നും നാം പിന്തിരിയണം. ശാസ്ത്രവിരുദ്ധവും സാങ്കേതികവിദ്യാവിരുദ്ധവുമായ മിക്ക കാഴ്ചപ്പാടുകളിലും ഈ ആശയമുണ്ട്; അവ പ്രകടിപ്പിക്കുന്നത് വ്യത്യസ്ത രൂപങ്ങളിലാണെങ്കിലും അവയിൽ മിക്കതിലും ഈ ആശയം നമുക്ക് കാണാനാകും. അവയെ സംബന്ധിച്ചിടത്തോളം, ‘ശത്രു’ ശാസ്ത്രവും സാങ്കേതികവിദ്യയും വികസനവുമാണ്, മൂലധനമല്ല. ആരാണ് ഉത്പാദനോപാധികളുടെ ഉടമസ്ഥത വഹിക്കുന്നതെന്നും അതെന്ത് ലക്ഷ്യത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുമുള്ള വർഗപ്രശ്നത്തിൽനിന്നും ഈ കാഴ്ചപ്പാടുകാർ വ്യതിചലിക്കുന്നു.
ശാസ്ത്രത്തിൽനിന്നും, ഒന്നുകൂടി പറഞ്ഞാൽ വികസനത്തിൽനിന്നും പിന്തിരിയുമ്പോഴുള്ള പ്രശ്നം, ലോകം നിശ്ചലമായി നിൽക്കില്ല എന്നതാണ്. സമൂഹം, എപ്പോഴും പ്രകൃതിയുമായി ചലനാത്മകമായ സന്തുലിതാവസ്ഥയിലാണ്. ഈ സന്തുലിതാവസ്ഥയിൽ നിന്നു പുറത്തുകടക്കാനും ഒരു നിശ്ചലാവസ്ഥ തേടാനും അതിന് മാർഗമില്ല. അതിന് ഒന്നുകിൽ മുൻപോട്ട് കുതിക്കാം അല്ലെങ്കിൽ അത് അനിവാര്യമായും പിറകോട്ട് പോകും. നിലവിലെ മുതലാളിത്ത വ്യവസ്ഥയെ നിശ്ചലാവസ്ഥയിൽതന്നെ നിലനിർത്തുന്നതിനും, ലോക ജനസംഖ്യയിലെ ഭൂരിഭാഗം വരുന്ന വിഭാഗങ്ങളെ അവർ നിലനിൽക്കുന്ന അവസ്ഥയിൽതന്നെ പിടിച്ചുനിർത്തുന്നതിനും പുറമെയാണിത്. ഇപ്പോൾ ശാസ്ത്രത്തിൽനിന്നും പിന്തിരിയണമെന്ന വാദഗതിയിലൂടെ യഥാർഥത്തിൽ ചെയ്യുന്നത് മെച്ചപ്പെട്ടൊരു സമൂഹം കെട്ടിപ്പടുക്കുകയെന്ന പ്രതീക്ഷയിൽനിന്നും പിന്മാറുക മാത്രമല്ല, അറിവും നമ്മുടെ ഉത്പാദനോപകരണങ്ങളും വികസിപ്പിക്കാതെ നമുക്ക് നമ്മുടെ നിലവിലെ വികസന നിലവാരങ്ങളിൽപോലും നിന്നു പിഴയ്ക്കാനാവില്ല എന്നു മനസ്സിലാക്കാൻ തയ്യാറാകാതിരിക്കുകകൂടിയാണ്.
നമുക്ക് രണ്ട് ഉദാഹരണമെടുക്കാം. ഒന്ന് മരുന്നുകളാണ്. നിർദ്ദിഷ്ട ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുവാനുള്ള ശേഷി ബാക്ടീരിയകൾക്ക് കാലക്രമേണ വന്നുചേരുമെന്നത് പരിണാമം സംബന്ധിച്ച ലളിതമായൊരു വസ്തുതയാണ്. അപ്പോൾ പുതിയ മരുന്നുകൾ വികസിപ്പിക്കുന്നത് നമ്മൾ നിർത്തിവച്ചാൽ എന്തായിരിക്കും സംഭവിക്കുക? കാലക്രമേണ നമ്മുടെ കെെവശമുള്ള മരുന്നുശേഖരം കൂടുതൽ കൂടുതൽ നിഷ്ഫലമായിത്തീരും. അപ്പോഴും വ്യത്യസ്ത ആന്റിബയോട്ടിക്കുകൾ ചേർത്ത് അവ ഉപയോഗിക്കുവാൻ നമുക്ക് കഴിയും. പക്ഷേ, അതിന്റെ ഫലപ്രാപ്തി ഇന്നുള്ളതിന്റെയത്രയും പിന്നീടൊരിക്കലും ഉണ്ടാവുകയില്ല. ഇതിനുപുറമെ നമുക്ക് പുതിയ പുതിയ രോഗങ്ങൾ ഉയർന്നുവരുകയും ചെയ്യുന്നുണ്ട്–എച്ച്ഐവി/എയ്ഡ-്സ് ഒരുദാഹരണമാണ്. പുതിയ മരുന്നുകൾ ആഗോള കോർപറേഷനുകൾക്കും അവരുടെ ശാസ്ത്രജ്ഞർക്കും ഹിതകരമല്ല, പക്ഷേ അതൊരു അനിവാര്യതയാണ്.
നമ്മുടെ പ്രതിരോധസംവിധാനങ്ങളെ വികസിപ്പിച്ചുകൊണ്ട് താരതമേ-്യന രോഗങ്ങളെ ചെറുക്കുവാനുള്ള ശേഷി ഉണ്ടാക്കിയെടുക്കുവാൻ നമുക്ക് കഴിയും. അതാണ് മനുഷ്യരാശി മുൻകാലങ്ങളിൽ ചെയ്തിരുന്നത്. പക്ഷേ അതിന് നീണ്ട കാലംവേണ്ടിവരുമെ ന്നതും അപ്പോഴേക്കും അത് സമൂഹത്തെത്തന്നെ നശിപ്പിക്കുമെന്നതുമാണ് പ്രശ്നം. പ്ലേഗും ബ്യൂബോണിക് പ്ലേഗുമെല്ലാം (14–ാം നൂറ്റാണ്ടിൽ യുറേഷ്യയിലും ആഫ്രിക്കയിലും പടർന്നുപിടിച്ച, ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ മഹാമാരി) നിസ്സാരമാണെന്ന് ചിന്തിക്കാൻമാത്രം അത്രയേറെ ചരിത്രാതീതകാലത്തൊന്നുമായിരുന്നില്ല അതുണ്ടായത്!
മറ്റൊരു ഉദാഹരണം ഭക്ഷേ-്യാത്പാദനമാണ്. 2000 വർഷങ്ങൾക്കുമുമ്പ് ലോകജനസംഖ്യ 30 കോടി ആയിരുന്നുവെന്നും പിന്നീടത് ഇരട്ടിക്കുവാൻ ഏതാണ്ട് 1600 വർഷങ്ങൾ എടുത്തുവെന്നും നിർണയിക്കപ്പെട്ടിട്ടുണ്ട്. അവിടെ നിന്ന് വീണ്ടും ജനസംഖ്യ ഇരട്ടിക്കുന്നതിന് പിന്നീട് 250 വർഷം മാത്രമേ എടുത്തുള്ളൂ–എന്നുവച്ചാൽ, 1850 ഓടുകൂടി ലോക ജനസംഖ്യ 120 കോടിയായി മാറി. വീണ്ടും കേവലമൊരു 100 വർഷം കൂടി കഴിഞ്ഞപ്പോൾ, അതായത് 1950 ഓടുകൂടി, നമ്മുടെ ജനസംഖ്യ 250 കോടി കടന്നു; പിന്നീട് ഒരു 50 വർഷം കൂടിയായപ്പോഴേക്കും ജനസംഖ്യ 600 കോടിയിലധികമായി മാറി.
ജനസംഖ്യ ജ്യാമിതീയമായി വർധിക്കുകയും ഭക്ഷേ-്യാത്പാദനം രേഖീയമായി വർധിക്കുകയും ചെയ്താൽ ഭക്ഷണത്തിന്റെ കാര്യത്തിൽ മനുഷ്യരാശി പുറത്താക്കപ്പെടുമെന്ന് മാൽതൂസ് പണ്ടേതന്നെ പ്രസ്താവിച്ചിരുന്നു. വ്യക്തമായും, ശാസ്ത്ര –സാങ്കേതികവിദ്യാരംഗത്തെ മാറ്റം ചുവടുവയ്പുണ്ടാക്കുകയും, അതുകൊണ്ടുതന്നെ ഭക്ഷേ–്യാത്പാദന രംഗത്തും ആ ചുവടുവയ്പുണ്ടാകുകയും അങ്ങനെ മാൽതൂസിയൻ പ്രവചനത്തെ പരാജയപ്പെടുത്തുകയും ചെയ്തു. അപ്പോൾ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും നമ്മൾ നിശ്ചലമാക്കിയാൽ എന്ത് സംഭവിക്കും? ഉത്തരം ലളിതമാണ്; അതായത് അങ്ങനെ ചെയ്താൽ പിന്നീടൊരിക്കലും വർധിക്കുന്ന ജനസംഖ്യയ്ക്കൊത്ത് ഭക്ഷേ–്യാത്പാദനം വളരുകയില്ല; അതിന് അടുത്ത 50 വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് മുൻകൂട്ടി നിശ്ചയിച്ച ജനസംഖ്യ സ്ഥായിയാക്കുന്ന ഏർപ്പാട് നടപ്പാക്കിയാൽ പോലും രക്ഷയില്ല.
നിശ്ചിത മണ്ഡലങ്ങളിൽപോലും അറിവിന്റെ അതിരുകളെ ഒതുക്കി നിർത്തുവാൻ സാധ്യമല്ല. പഠനവിഷയങ്ങളുടെ കാര്യത്തിൽ നമുക്ക് കൃത്രിമമായി അതിരുകൾ സൃഷ്ടിക്കാം. എന്നാൽ പ്രകൃതിയിൽ എല്ലാ അറിവുകളും വെെരുദ്ധ്യാത്മകമായി പരസ്പരബന്ധിതമാണ്. പ്രകൃതിയുടെ ഒരറ്റത്തെ കുടുക്കഴിക്കുവാൻ മറ്റ് അറ്റങ്ങളിലെ കുടുക്കുകളഴിക്കാതെ ഒരിക്കലും സാധിക്കുകയില്ല.
ശാസ്ത്രത്തിന്റെ ലളിതമായ ഉപയോഗ/ദുരുപയോഗ മാതൃകയ്ക്കുവേണ്ടി വാദിക്കുകയല്ല നമ്മൾ–അതായത് ശാസ്ത്രം മൂല്യനിഷ്-പക്ഷമാണെന്നും സാമൂഹിക വിഭാഗങ്ങൾക്ക്/വർഗങ്ങൾക്ക് /രാഷ്ട്രങ്ങൾക്ക് അത് ഉപയോഗിക്കുവാനോ ദുരുപയോഗിക്കുവാനോ സാധിക്കുമെന്നും വാദിക്കുന്നില്ല. ശാസ്ത്രജ്ഞർ അഥവാ ശാസ്ത്രത്തൊഴിലാളികൾ നിഷ്-പക്ഷ അറിവ് സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്– മനുഷ്യന്റെ അഥവാ പരിസ്ഥിതിയുടെ നശീകരണത്തിനുവേണ്ടിയും കുറച്ചുപേരെ മാത്രം പ്രസാദിപ്പിക്കുന്നതിനുവേണ്ടിയും ഉപയോഗിക്കാവുന്നതരം അറിവ് വികസിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. രണ്ടിനെയും വേർപ്പെടുത്താൻ ആർക്കും കഴിയില്ല– അതായത് ശാസ്ത്രീയമായ ഈ ജ്ഞാനം സൃഷ്ടിക്കുകയും സമൂഹത്തിന്റെ തലത്തോട് പൊരുതുകയും എന്നീ രണ്ട് കാര്യത്തെയും. മനുഷ്യരാശിയുടെയാകെ ആവശ്യങ്ങളെ സാധ്യമാക്കുന്നതിനുവേണ്ടി ശാസ്ത്രത്തെ പുനരൂപവത്കരിക്കുന്നതിനുള്ള പോരാട്ടത്തിൽ ഇവ രണ്ടും ഒന്നിച്ചുനിൽക്കണം. പ്രശ്നങ്ങളുടെ തെരഞ്ഞെടുക്കൽ, മുന്നോട്ടുവയ്ക്കപ്പെടുന്ന പരിഹാരങ്ങൾ, ശാസ്ത്രം സ്വീകരിക്കുന്ന ദിശ എന്നിവയെല്ലാം ഈ മഹാസമരത്തിന്റെ ഭാഗമാണ്.
ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും സമൂഹത്തെയും സംബന്ധിച്ച് ഞാൻ കെെക്കൊള്ളുന്ന നിലപാട് ചുരുക്കിയവതരിപ്പിക്കുന്ന ഹെലെന ഷീഹാന്റെ ഉദ്ധരണിയോടുകൂടി ഈ ലേഖനം അവസാനിപ്പിക്കുവാൻ ഞാനാഗ്രഹിക്കുകയാണ്:
‘ബർണാലിന്റെ പാരമ്പര്യം പിന്തുടർന്ന്, ഇടതുപക്ഷം ശാസ്ത്രത്തെ സംബന്ധിച്ച അതിന്റെ നിലപാട് കെെക്കൊള്ളുന്നു. ധാരണാശേഷിയുടെയോ സാമൂഹിക സാധ്യതയുടെയോ കാര്യത്തിൽ ശാസ്ത്രത്തെ തുറന്നുകാണിക്കുകയെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഉചിതമായ ഒരു പ്രവർത്തനമാണെന്ന് ഞാൻ കരുതുന്നില്ല. അതൊരിക്കലും ജ്ഞാനമീമാംസാപരമായി കരുത്തുറ്റതോ രാഷ്ട്രീയമായി പുരോഗമനപരമോ അല്ല. ഇടതുപക്ഷം ശാസ്ത്രത്തോടൊപ്പം, അതായത് വിമർശനാത്മകമായി പുനർനിർമിക്കപ്പെട്ട, സാമൂഹികമായി ഉത്തരവാദിത്വമുള്ള ശാസ്ത്രത്തോടൊപ്പം ശാസ്ത്രത്തിന്റെ ഉയർന്ന സാധ്യതകളോടൊപ്പം നിലകൊള്ളണം. ആഗോളമൂലധനവുമായി ശാസ്ത്രത്തെ കൂട്ടിക്കെട്ടുന്നതിനെതിരായ സമൂലമായ വിമർശനത്തിൽ ഇടതുപക്ഷം ഏർപ്പെടണം. ശാസ്ത്രത്തിന്റെ പുരോഗമനാത്മകമായ സാധ്യതകളിലേക്കുള്ള പാത ഇടതുപക്ഷം തുറക്കണം.’
ഇതാണ് നമ്മളിന്ന് നേരിടുന്ന വെല്ലുവിളി.
(അവസാനിച്ചു)