Thursday, September 19, 2024

ad

Homeശാസ്‌ത്രംസുനിത വില്യംസിന്റെ മടക്കയാത്ര എപ്പോൾ?

സുനിത വില്യംസിന്റെ മടക്കയാത്ര എപ്പോൾ?

ഡോ. പി എം സിദ്ധാർത്ഥൻ

ബോയിങ് എന്ന അമേരിക്കൻ കമ്പനി നാസക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റാർലൈനർ എന്ന ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ -സ്ലോവേനിയൻ വംശജയായ സുനിത വില്യംസും അമേരിക്കക്കാരനായ ബാരി ബുച്ച് വിൽമോറും അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ (ഐ.എസ്.എസ്) എത്തിയത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു അവരുടെ പ്ലാൻ. പക്ഷേ ഇപ്പോൾ അവർ എട്ട് മാസത്തേക്കെങ്കിലും അവിടെ കുടുങ്ങിയിരിക്കുകയാണ്. അവർക്ക് എപ്പോൾ ഭൂമിയിലേക്ക് തിരിച്ചുവരാൻ സാധിക്കും? എങ്ങനെ വരും? അവിടെ കൂടുതൽ കാലം താമസിക്കേണ്ടിവന്നാൽ, ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഭാരക്കുറവ് നിമിത്തം അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമോ? സുനിത വില്യംസിന്‌ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കേൾക്കുന്നുവല്ലോ? ഭൂമിയിൽ നിന്ന് സഹായമൊന്നും എത്തിക്കാതെ അവർക്ക് എത്രകാലം അവിടെ നിൽക്കാൻ പറ്റും? എന്നൊക്കെയാണ് പൊതുജനങ്ങൾ ചർച്ച ചെയ്യുന്നത്.

നാസയുടെ ബഹിരാകാശ വാഹനമില്ലായ്‌മ
എന്തുകൊണ്ട് ഇങ്ങനെ ഒരു സ്ഥിതിവിശേഷം ഉടലെടുത്തു എന്നതിൽ നിന്നു വേണം ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അവസാനത്തെ അപ്പോളോ ചാന്ദ്ര ദൗത്യമായ അപ്പോളോ 17ന്‌ ശേഷം (1972 ഡിസംബർ 7, -19) 1973 മുതൽ 1981 ഏപ്രിൽ വരെ നാസക്ക് സ്വന്തമായ ബഹിരാകാശ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. 1981 ലാണ് നാസയുടെ സ്പേസ് ഷട്ടിലുകളുടെ ബഹിരാകാശ യാത്ര തുടങ്ങുന്നത്. അത് 2011 വരെ നീണ്ടുനിന്നു. വീണ്ടും 2011നു ശേഷം നാസക്ക് സ്വന്തമായ ബഹിരാകാശ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. അതേസമയം 1967 മുതൽ സോവിയറ്റ് യൂണിയനും 1991നു ശേഷം റഷ്യയും ഉപയോഗിക്കുന്ന സോയുസ് വാഹനങ്ങൾ ബഹിരാകാശത്തേക്ക് നിരന്തരം യാത്ര നടത്തിക്കൊണ്ടിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വാക്കുകളിൽ, “ലോകത്തെ ഏറ്റവും വിശ്വസനീയമായ ബഹിരാകാശ യാത്ര സംവിധാനമാണ് സോയുസ് വാഹനവും അത് വിക്ഷേപിക്കുന്ന സോയുസ് റോക്കറ്റും’.

അതിനിടയിൽ 1998ൽ നാസയും റഷ്യയും ജപ്പാനും യൂറോപ്പും കാനഡയും ചേർന്ന് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ നിർമാണം തുടങ്ങിയിരുന്നു. 2011ൽ പൂർണമായി പ്രവർത്തിച്ചു തുടങ്ങുമ്പോഴേക്കും അമേരിക്കക്ക് അവരുടെ അസ്‌ട്രോനോട്ടുകളെ അവിടേക്കയക്കാൻ സ്വന്തമായി വാഹനം ഇല്ലാത്ത സ്ഥിതിവന്നു. 2020 വരെ അവർ റഷ്യയുടെ സോയൂസ് വാഹനത്തിൽ സീറ്റുകൾ വാടകക്ക് എടുത്താണ് അസ്‌ട്രോനോട്ടുകളെ ബഹിരാകാശ നിലയത്തിൽ എത്തിച്ചത്.

റഷ്യയുടെ സോയൂസ് വാഹനത്തിൽ സീറ്റുകൾക്ക് കനത്ത വാടക നല്കണമെന്നതിനേക്കാൾ നാസക്കും അമേരിക്കക്കും പ്രശ്നമായത് ചന്ദ്രനിൽ മനുഷ്യനെ ഇറക്കിയ രാജ്യത്തിന്‌ സ്വന്തമായി ബഹിരാകാശ വാഹനം ഇല്ല എന്ന വസ്തുതയാണ്. അത് അല്പം നാണക്കേട് ആയിരുന്നു. നിരന്തരം സോവിയറ്റ് വിരുദ്ധ ക്യാമ്പയിൻ നടത്തിയിരുന്ന അമേരിക്കൻ-‐യൂറോപ്യൻ രാജ്യങ്ങൾക്ക് അവരുടെ ജനങ്ങളുടെ മുന്നിൽ ഉത്തരം മുട്ടിപ്പോയ ഒന്നായിരുന്നു ഈ വസ്തുത.

പ്രശ്നപരിഹാരം പ്രൈവറ്റ് കമ്പനികൾക്ക് കോൺട്രാക്ട്
ഈ പ്രശ്നത്തിന്ന് പരിഹാരമായിട്ടാണ് 2014ൽ ബോയിങ്, സ്പേസ് എക്സ് എന്നീ കമ്പനികൾക്ക് ഒരു സ്പേസ്‌ക്രാഫ്ട് വികസിപ്പിച്ചെടുക്കാൻ നാസ കരാർ കൊടുത്തത്. എല്ലാ മുട്ടകളും ഒരേ കൊട്ടയിൽ ഇട്ടു വെക്കാതിരിക്കുക എന്ന തത്വം പ്രയോഗിക്കുകയായിരുന്നു നാസ. ഒന്നല്ലെങ്കിൽ മറ്റേ വാഹനം ഉണ്ടാകണം എന്ന തീരുമാനമനുസരിച്ചാണ് നാസ രണ്ടു പ്രൈവറ്റ് കമ്പനികൾക്കും കോൺട്രാക്ട് നൽകിയത്. ബഹിരാകാശ രംഗത്തെ തുടക്കക്കാർ ആയതിനാൽ സ്പേസ് എക്സിന്‌ 26 കോടി ഡോളറും വളരെ കാലം മുൻപേ തന്നെ നാസയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ബോയിങ്ങിന്ന് 420 കോടി ഡോളറുമായിരുന്നു കരാർ തുക.(1 ബില്യൺ= 100 കോടി). ആറ് വർഷം കഴിഞ്ഞപ്പോഴേക്കും സ്പേസ് ഏക്സിന്റെ ഡ്രാഗൺ വാഹനം തയ്യാറായി. അത് 2020 മുതൽ നാസയുടെ സഞ്ചാരികളെ അന്ത്രരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി തട്ടിയും മുട്ടിയും ബോയിങ്, സ്റ്റാർലൈനർ എന്ന ബഹിരാകാശ വാഹനം ഉണ്ടാക്കിയെടുത്തു. 2017 ൽ ആദ്യത്തെ സഞ്ചാരികളില്ലാത്ത വിക്ഷേപണം പ്ലാൻ ചെയ്തുവെങ്കിലും എല്ലാ പ്രശ്നങ്ങളും തീർത്ത് 2019ൽ മാത്രമാണ് വിക്ഷേപണം നടന്നത്. യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന “എസ്‌കേപ്പ് ടവറിന്റെ പരീക്ഷണമായിരുന്നു ആദ്യത്തേത്. പാരച്യൂട്ടിന്റെ കയറുകൾ കെട്ട് പിണഞ്ഞും മൂന്നെണ്ണത്തിൽ ഒരു പാരച്യൂട്ട് തുറക്കാതെയും പ്രശ്നങ്ങൾ ഉണ്ടായെങ്കിലും പരീക്ഷണം വിജയമായിരുന്നു എന്ന് ബോയിങ്ങും നാസയും പ്രഖ്യാപിച്ചു. 2019 ൽ തന്നെ രണ്ടാമത്തെ പരീക്ഷണപറക്കൽ നടന്നു. പക്ഷേ വാഹനം തെറ്റായ ഭ്രമണപഥത്തിൽ പോയതിനാൽ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനുമായി ഡോക്ക് ചെയ്യാനാവാതെ തിരിച്ചുവന്നു. അങ്ങനെ അത് പൂർണ പരാജയമായിരുന്നു. ഒരു ഡസനോളം തുരുമ്പുപിടിച്ച വാൽവുകൾ അടക്കം 80 തകരാറുകൾ നാസ കണ്ടെത്തിയിരുന്നു. അവയൊക്കെ പരിഹരിച്ച് 2022 മെയ് മാസത്തിൽ നടന്ന അടുത്ത ശ്രമം വിജയിച്ചു. സഞ്ചാരികൾ ഇല്ലാത്ത മൂന്നാമത്തെ ടെസ്റ്റ് ഉണ്ടായിരുന്നില്ല. അതായത് മൂന്നിൽ രണ്ടു പരാജയങ്ങൾ നേരിട്ടിട്ടും നാസയും ബോയിങ്ങും അടുത്ത പറക്കൽ മനുഷ്യരെ കയറ്റിത്തന്നെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

മെയ് മാസത്തിലായിരുന്നു സുനിത വില്യംസും ബാരി വിൽ മോറും അസ്‌ട്രോനോട്ടുകളായിട്ടുള്ള സ്റ്റാർലൈനറിന്റെ വിക്ഷേപണം പ്ലാൻ ചെയ്തിരുന്നത്. പക്ഷേ പല പുതിയ പ്രശ്നങ്ങളൂം കണ്ടെത്തിയതിനാൽ ഒരു മാസം വൈകി ജൂൺ 5നാണ് വിക്ഷേപണം നടന്നത്. യാത്രാമദ്ധ്യേ ബഹിരാകാശ വാഹനത്തിന്റെ നിയന്ത്രണങ്ങൾ നടത്തുന്ന ത്രസ്റ്ററുകളിൽ (വാഹനം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന വളരെ ചെറിയ റോക്കറ്റുകൾ) പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അപകടമില്ലാത്ത അവർ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്തിച്ചേർന്നു.

പക്ഷേ ആ പ്രശ്നങ്ങൾ പരിഹരിക്കാതെ അതേ വാഹനത്തിൽ തിരിച്ചു വരുന്നത് അപകടമാണ്. അങ്ങനെയാണ് ജൂൺ 13നോ 14നോ തിരിച്ചു വരേണ്ട ബഹിരാകാശ യാത്രികർ അവിടെ കുടുങ്ങിയത്. ജൂൺ 7 മുതൽ അവർ തിരിച്ചുവരാൻ കഴിയാതെ അവിടെയാണുള്ളത്.

അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ സ്ഥിതി
പൊതുവെ സ്പേസ് സ്റ്റേഷനിൽ ആറ് പേർക്ക് വേണ്ട സൗകര്യങ്ങളാണ് ഉള്ളത്. ഏഴ് പേർക്ക് പ്രശ്നമൊന്നുമില്ലാതെ “അഡ്ജസ്റ്റ്’ ചെയ്യാം. സുനിത വില്യംസും ബാരി വിൽമോറും സ്പേസ് സ്റ്റേഷനിൽ എത്തുമ്പോൾ അവിടെ അവരെ കൂടാതെ 7 പേർ കൂടി ഉണ്ട്. അപ്പോൾ ആകെ കൂടി 9 പേർ ഐഎസ്.എസിൽ ഉണ്ടാവും. അവർക്ക് അവിടെ വേണ്ടത് എന്തൊക്കെയാണ്? ഭക്ഷണം, വെള്ളം, ഉറങ്ങാൻ ഉള്ള മുറികൾ, ടോയ്‌ലറ്റ് തുടങ്ങിയവ.

ഐ എസ്.എസിൽ ഉറങ്ങാനുള്ള ആറ് മുറികളും രണ്ട് ടോയ്‌ലറ്റുകളും ഒരു ജിമ്മും ഉണ്ട്. ഐഎസ്.എസിലെ ലബോറട്ടറികളും ഉറങ്ങാൻ ഉപയോഗിക്കാറുണ്ട്. (നമ്മുടെ വീട്ടിലെ വരാന്തയോ അകത്തിറയം, നടുക്കുള്ള മുറി എന്നൊക്കെ പറയുന്ന മുറികളിൽ നമ്മൾ നിലത്ത് കിടക്കയോ പായയോ ഇട്ട് ഉറങ്ങുന്നതുപോലെ). അപ്പോൾ കുറച്ച് അസൗകര്യമുണ്ടാകുമെങ്കിലും അവർ രണ്ടുപേർക്ക് ഉറങ്ങാൻ വേണ്ട സ്ഥലം ഉണ്ട് എന്നർത്ഥം. അവർക്കുള്ള ഭക്ഷണവും അവിടെ കിട്ടും. ഐ എസ്. എസ്സിൽ വേണ്ടത്ര ഭക്ഷണം സ്റ്റോക്കുചെയ്യാറുണ്ട്. അഥവാ ആളുകൾ കൂടുതലുള്ളതിനാൽ ഭക്ഷണം കൂടുതൽ ചെലവായാൽ, അത് അയക്കാൻ പറ്റും. സ്പേസ് എക്സിന്റെ ഡ്രാഗൺ കാർഗോ ഷിപ് 3 ടൺ ഭക്ഷണം (food + Water+Oxygen) കൊണ്ടുപോകാൻ കഴിവുള്ളവയാണ്. റഷ്യയുടെ പ്രോഗ്രസ്സ് കാർഗോ ഷിപ്പിനും അത്ര തന്നെ കപ്പാസിറ്റി ഉണ്ട്. അതിനാൽ ഭക്ഷണം, വെള്ളം, ഓക്സിജൻ പ്രശ്നം ഉണ്ടാകില്ല. വസ്ത്രം പ്രശ്നമാവാം. പക്ഷേ അവിടെ വിയർപ്പ് ഇല്ലാത്തതിനാൽ ഒരേ വസ്ത്രം കുറേക്കാലം ഉപയോഗിക്കാം. വേണമെങ്കിൽ കാർഗോ ഷിപ്പിൽ കൊണ്ടുപോകാം. ആരോഗ്യം നിലനിർത്താൻ ജിം ഉണ്ട്.

പ്രശ്നമാവാൻ സാധ്യതയുള്ളത് സുനിത വില്യംസിന്‌ ചെറിയ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് പറയുന്നതുകൊണ്ടാണ്. അവർക്ക് എന്തെങ്കിലും മരുന്നുകൾ ആവശ്യമാണെങ്കിൽ അതൊരു പ്രശ്നമാവാം, പക്ഷേ അതിന്‌ സാധ്യത കുറവാണ്. ആരോഗ്യപ്രശ്നമുള്ളവരെ ബഹിരാകാശത്ത് പോകാൻ അനുവദിക്കാറില്ല. ദീർഘ കാലത്തേക്ക് ഭാരമില്ലായ്മ അനുഭവപ്പെടുന്ന ബഹിരാകാശ സ്റ്റേഷനിൽ കഴിഞ്ഞാൽ എല്ലുകൾക്കും മസ്സിലുകൾക്കും ശോഷണം ഉണ്ടാവും. പക്ഷേ ഇതിന് മുൻപ് സുനിത വില്യംസ് 322 ദിവസങ്ങൾ ഐ.എസ്.എസ്സിൽ കഴിഞ്ഞിട്ടുണ്ട്. അതിനാൽ അവർക്ക് അതൊരു പ്രശ്നമാവാൻ സാധ്യത ഇല്ല.

അവർ എങ്ങനെ തിരിച്ചുവരും?
അവരെ വേണമെങ്കിൽ അടിയന്തരമായി ഭൂമിയിലേക്ക് കൊണ്ടുവരാം. അതിന്‌ റഷ്യയുടെ സഹായം ആവശ്യമാണ്. റഷ്യയുടെ ഒരു സോയുസ് വിക്ഷേപിച്ച് അവരെ തിരിച്ചുകൊണ്ടുവരാം. (മുൻപ് ഒരു റഷ്യൻ ബഹിരാകാശ സഞ്ചാരിക്ക് സ്പേസിൽ വെച്ച് പെട്ടെന്ന് ആരോഗ്യ പ്രശ്നം ഉണ്ടായപ്പോൾ അടിയന്തരമായി ഒരു സോയുസ് വാഹനം വിക്ഷേപിച്ച് അയാളെ തിരികെ കൊണ്ടുവന്നിരുന്നു). ഐ.എസ്.എസിൽ റഷ്യയുടെ ഒരു സോയുസ് വാഹനം എമർജൻസി ലൈഫ് ബോട്ട് ആയി നില്പുണ്ട്. അതും ഉപയോഗിക്കാം. പക്ഷേ, അത് അമേരിക്ക ഒരു അഭിമാന പ്രശ്നമായാണ് കാണുന്നത് എന്ന് തോന്നുന്നു.

ആഗസ്ത് 25 ന്ന് നടത്തിയ ഒരു പത്രസമ്മേളനത്തിൽ നാസ (1) ബോയിങ് സ്റ്റാർലൈനർ വാഹനം സഞ്ചാരികളില്ലാതെ ഭൂമിയിലേക്ക് തിരിച്ചു കൊണ്ടുവരാനും (2) സുനിത വില്യംസിനെയും ബാരി വിൽമോറിനെയും താൽക്കാലികമായി ഐ.എസ്.എസ്സിൽ താമസിപ്പിക്കാനും പിന്നീട് 2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ വാഹനത്തിൽ തിരിച്ചുകൊണ്ടുവരുമെന്നും തീർച്ചയാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനാൽ അവർ അടുത്ത സ്പേസ് എക്സ് ഡ്രാഗൺ വിക്ഷേപണം ആണ് ലക്ഷ്യമാക്കുന്നത്. അത് 2025 ഫെബ്രുവരിയിൽ മാത്രമേ നടക്കൂ. ഇപ്പോൾ സുനിത വില്യംസും ബാരി വിൽമോറും പോയ ബോയിങ്ങിന്റെ സ്റ്റാർലൈനർ അടക്കം 6 വാഹനങ്ങൾ ഐ.എസ്.എസ്സിൽ പാർക്ക് ചെയ്തിട്ടുണ്ട് (ഡോക്ക് ചെയ്തിട്ടുണ്ട്). ഒരു പുതിയ വാഹനത്തിന്ന് ഡോക്ക് ചെയ്യാൻ അവിടെ ഡോക്കിങ് പോർട്ടുകൾ ഒഴിവില്ല. അതിനാൽ ഇപ്പോൾ അവിടെയുള്ള അമേരിക്കയുടെ ഏതെങ്കിലും വാഹനം അവിടെ നിന്ന് നീക്കിയാൽ മാത്രമേ പുതിയ വാഹനത്തിന്‌ ഡോക്ക് ചെയ്യാനാവൂ.

2025 ഫെബ്രുവരിയിൽ നാല് പേർ സ്പേസ് എക്സിന്റെ ഡ്രാഗൺ വാഹനത്തിൽ ഐ.എസ്.എസിലേക്ക് പോകാൻ പ്ലാനുണ്ടായിരുന്നു. അതിൽ രണ്ടു പേരെ ഒഴിവാക്കി വാഹനം അയക്കുകയും നാല് പേർ തിരിച്ചുവരികയും ചെയ്യുക എന്നതാണ് ഇപ്പോൾ നാസ കാണുന്ന ഏക വഴി. അപ്പോൾ മുൻകൂട്ടി പ്ലാൻ ചെയ്ത പല പ്ലാനുകളും മാറ്റേണ്ടിവരും, പരീക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടിവരും. സുനിതക്കും വിൽമോറിനും സ്പേസ് എക്സിന്റെ ഡ്രാഗൺ വാഹനം പരിചിതമല്ലാത്തതിനാൽ അതിൽ പോയ രണ്ടുപേർക്ക് അവരുടെ കൂടെ തിരിച്ചുവരേണ്ടിവരും. ഡ്രാഗൺ വാഹനത്തിൽ ഉപയോഗിക്കുന്ന സ്പേസ് സ്യൂട്ട് സ്റ്റാർ ലൈനറിൽ ഉപയോഗിക്കുന്നതിൽ നിന്നും വ്യത്യസ്തമായതിനാൽ രണ്ട് സ്പേസ് സ്യൂട്ടുകൾ കൊണ്ടുപോകേണ്ടിയും വരും. എല്ലാം ശരിക്ക് നടന്നാൽ സുനിത വില്യംസും ബാരി വിൽമോറും 2025 ഫെബ്രുവരിയിൽ തിരിച്ചെത്തും.

എന്തെങ്കിലും കാരണവശാൽ വിക്ഷേപണം നീട്ടിവെക്കേണ്ടിവന്നാൽ പ്രശ്‌നം നീളും. അങ്ങനെ വന്നാൽ നാസ റഷ്യയുടെ സഹായം സ്വീകരിക്കുമോ? സാധ്യയില്ല. നാസ റഷ്യയുടെ സഹായം സ്വീകരിക്കേണ്ടിവന്നാലുള്ള നാണക്കേടിനെക്കുറിച്ച് ഒരമേരിക്കാൻ പ്രൊഫസർ ആയ ബിലെൻ പറയുന്നത് ഇപ്രകാരമാണ്: “( സ്പേസ് എക്സിന്റെ) ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റിന്ന് എന്തെങ്കിലും സംഭവിച്ചാൽ, ദൈവം സഹായിച്ച് അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ, നമുക്ക് വീണ്ടും റഷ്യയോട് യാത്ര സഹായം ചോദിക്കേണ്ടിവരും- ബിലെൻ. അങ്ങനെ ചെയ്യാനുള്ള മനഃസ്ഥിതി അമേരിക്കൻ ജനങ്ങൾക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല’’. (“If something happens to Dragon, God forbid, then we’re back to asking the Russians for rides,” Bilen said. “I’m not sure that the American public has the stomach for that.’ ).

ദുരഭിമാനം ഒന്നിനും പരിഹാരമല്ല. പ്രത്യേകിച്ച് ചെറിയ അശ്രദ്ധക്ക് പോലും വലിയ വിലകൊടുക്കേണ്ടിവരുന്ന ബഹിരാകാശ യാത്രയിൽ. ബഹിരാകാശ ചരിത്രത്തിൽ പലപ്പോഴും അമേരിക്കൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് യാത്രികരുടെ ജീവൻകൊണ്ട് വിലനൽകേണ്ടി വന്നിട്ടുണ്ട്. ചലഞ്ചർ, കൊളംബിയ എന്നീ സ്പേസ് ഷട്ടിലുകളുടെ അപകടങ്ങളും അതിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതും ആ കാര്യം വീണ്ടുംവീണ്ടും എല്ലാവരെയും ഓർമ്മിപ്പിക്കുന്നതാണ്. സുനിത വില്യംസും ബാരി വിൽമോറും സുരക്ഷിതരായി തിരിച്ചെത്തട്ടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + nine =

Most Popular