Thursday, September 19, 2024

ad

Homeചിത്രകലവർണാനുപാതങ്ങളുടെ അമൂർത്തത

വർണാനുപാതങ്ങളുടെ അമൂർത്തത

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിയേക്കാൾ മെച്ചപ്പെട്ടതും നവീനമായ കാഴ്‌ചയിലേക്കുമാണ്‌ മനുഷ്യമനസ്സ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രധാനമായും കലകളിലൂടെ, എല്ലാ കലകളിലൂടെയും ഇത്‌ സംഭവിക്കുന്നു. കലാസൃഷ്ടികളുടെ ഉണ്മ എന്നത്‌ പ്രകൃതിയുമായുള്ള താദാത്മ്യമായാണ്‌ സംഭവിക്കുക. അതു സംഗീതത്തിലും നൃത്തത്തിലും നാടകങ്ങളിലും മറ്റ്‌ ഇതര കലകളിലുമെല്ലാം ദൃശ്യമാകുന്നു. പ്രധാനമായി ചിത്രത്തിലും ശിൽപത്തിലുമാണ്‌ ഏറെ പ്രകടമാകുന്നത്‌. ചരിത്രാതീതകാലത്തെ ഭാരതീയ കല പരിശോധിക്കുമ്പോൾ സിന്ധു നദീതട സംസ്‌കാരത്തിൽനിന്ന്‌ വളർന്നു വികസിച്ച കലാപാരമ്പര്യത്തിൽ ആധുനിക ശിൽപകലയുടെ അടയാളപ്പെടുത്തലുകൾ കാണാം. വാസ്‌തുശിൽപകലകൾ വരെ.

കലാകാരന്റെ മനസ്സിൽ സങ്കൽപത്തിന്‌ രൂപം നൽകൽ കൂടിയാണ്‌ കലയുടെ ധർമം‐ കല എന്നത്‌ പ്ര‌ധാനമായും ബുദ്ധിപരമായ ഒരു പ്രവൃത്തിയുമാണ്‌. മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങളിലെല്ലാം കലയുടെ പൊരുളെന്ന കാഴ്‌ചപ്പാടുണ്ടെങ്കിലും കലയുടെ സൗന്ദര്യമൂല്യത്തിലധിഷ്‌ഠിതമായ ഉൾക്കരുത്ത്‌ പ്രകടമാക്കുമ്പോഴാണ്‌ മികച്ച കലാസൃഷ്ടികൾ രൂപമെടുക്കുന്നത്‌. കലാകാരൻ ചിന്തകളെ, ആശയങ്ങളെ നിർമിക്കുകയല്ല മറിച്ച്‌ കണ്ടെത്തുകയാണ്‌ ചെയ്യുന്നത്‌. ജീവിതമുദ്രകളെയും പ്രകൃതിയെയും വായിക്കുമ്പോൾ ആധുനികമായ കാഴ്‌ചയിലൂടെ/കാഴ്‌ചപ്പാടിലൂടെ ചിത്രകലയുടെ അടിസ്ഥാനപരമായ രൂപവർണബോധത്തിന്റെ ഏകത്വത്തിലേക്കാണ്‌ സഞ്ചരിക്കുന്നതെന്ന്‌ കാണാം‐ ആധുനിക ചിത്ര ശിൽപകാരർ വ്യക്തിഗതമായ ശൈലീസങ്കേതങ്ങളിലൂടെയുള്ള സവിശേഷതകളും വ്യത്യാസങ്ങളും പ്രകടമാകുന്നു എന്നു മാത്രം. ഇത്തരം ആത്മാവിഷ്‌കാരങ്ങൾ ആസ്വാദകരിലേക്കെത്തുകയും വിലയിരുത്തപ്പെടുകയും ചെയ്യുക എന്നതും പ്രധാനമാണ്‌.

കാഴ്‌ചശീലങ്ങളും പുതുക്കിപ്പണിയേണ്ട കാലഘട്ടം
നവസങ്കേതങ്ങളെ ക്രിയാത്മകമായി പ്രയോഗവത്‌കരിക്കുന്ന കലാകാരർക്ക്‌ ഏറെ പ്രാതിനിധ്യമുണ്ടാക്കുന്ന കാലഘട്ടമാണിത്‌ എന്നതും ശ്രദ്ധേയമാകുന്നു. ചിത്രകലാപഠനത്തിലൂടെയല്ലാതെ കലാരംഗത്ത്‌ സജീവമാകുന്ന ചിത്രകാരർ നിരവധിയുണ്ട്‌. ചിത്രകലാരംഗത്ത്‌ സംസ്ഥാന‐ദേശീയ പ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുക്കുന്ന കലാകാരരിലൊരാളാണ്‌ മുരളി ശിവരാമകൃഷ്‌ണൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രദർശനം ആഗസ്‌തിൽ തിരുവനന്തപുരം ഫ്രാൻസ്‌ അലയൻസിൽ സംഘടിപ്പിക്കുകയുണ്ടായി. ഇരുപത്തഞ്ചോളം ചിത്രങ്ങളാണ്‌ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ആധുനിക കലാശൈലീസങ്കേതങ്ങളുടെ പിൻബലത്തിൽ അമൂർത്തകലയുടെ ചിത്രതലങ്ങളാണ്‌ മുരളി ശിവരാമകൃഷ്‌ണന്റെ ആവിഷ്‌കാരങ്ങൾ. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌ത പ്രദർശനം രണ്ടാഴ്‌ചയോളം നീണ്ടുനിന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിൽ പ്രതിപാദിക്കുന്ന മനസ്സിന്റെ അഞ്ച്‌ അവസ്ഥകളെ ഇഴചേർത്തുകൊണ്ടാണ്‌ ചിത്രകാരൻ ഈ ചിത്രപ്രദർശനത്തിന്‌ ‘വികൽപം’ എന്ന്‌ പേരു നൽകിയിരിക്കുന്നത്‌. യാഥാർഥ്യങ്ങളെ അടിസ്ഥാനമാക്കാതെയുള്ള സ്വതന്ത്രവും നവീനവുമായ വർണരൂപ നിർമിതികളാണ്‌ മുരളി ശിവരാമകൃഷ്‌ണന്റെ ക്യാൻവാസുകളിൽ അമൂർത്ത ഭാവങ്ങളാൽ സമ്പന്നമാകുന്നത്‌. സ്വതന്ത്രവും ഉൾക്കനം പ്രകടമാകുന്നതുമായ വ്യാഖ്യാനസാധ്യതകൾ ഈ ചിത്രങ്ങൾ നിശബ്ദമായി പകുത്തുനൽകുന്നുണ്ട്‌. പ്രാഥമിക വർണങ്ങളുടെ സങ്കലനത്തിലൂടെ പുതിയ നിറച്ചാർത്തുകൾ രൂപമെടുക്കുന്നത്‌ ഇദ്ദേഹത്തിന്റെ ചിത്രതലത്തിൽ ദൃശ്യമാകുന്നു. വാക്കുകൾക്കപ്പുറമുള്ള കാഴ്‌ചകളാണ്‌ മുരളി ശിവരാമകൃഷ്‌ണന്റെ കലാവിഷ്‌കാരമായി മാറുന്ന ഭ്രമകൽപനകളാകുന്നത്‌. ഇവിടെ ജീവിതാനുരാഗവും പ്രകൃതിയും പ്രസാദാത്മക നിറങ്ങളായി പൂത്തുലയുന്നു. ഒരു നിറത്തിന്റെ തന്നെ സുവർണശോഭ പൊലിപ്പിക്കുന്ന ടോണുകളെ സ്വപ്‌നാത്മകമായി ചിത്രകാരൻ വരച്ചിടുന്നു. സ്വപ്‌നഭാഷയിലെഴുതിയ കവിതകളാകുന്ന ചിത്രങ്ങൾ‐ ആകാശം ഒറ്റനിറമല്ല‐ പ്രകൃതിയുടെ വൈവിധ്യമാർന്ന സ്വഭാവങ്ങളിലൂടെ ഉരുത്തിരിയുന്ന പല ഭാവങ്ങളാണ്‌ ആകാശനിറത്തിന്റെ നീലയിൽ ആവിഷ്‌കരിക്കാനാവുന്നതെന്ന കാഴ്‌ചപ്പാടിലാണ്‌ ചിത്രകാരന്റെ സഞ്ചാരം. പലപ്പോഴും പരുക്കൻ ലാവണ്യമാകാം ഇവിടെ ദർശിക്കാനാവുക. ബുദ്ധിപരമായ ഒരു ശുദ്ധീകരണത്തിലൂടെയാണ്‌ ബന്ധത്തെ കലയുടെ വികാസപരിണാമഘട്ടങ്ങളിൽ തന്നെപ്പോലുള്ള കലാകാരർ ചേർന്നു സഞ്ചരിക്കുന്നതെന്ന്‌ വിശ്വസിക്കുന്ന ചിത്രകാരനാനാണ്‌ മുരളി ശിവരാമകൃഷ്‌ണൻ.

അധ്യാപകനും ചിത്രകാരനും കവിയും ഫോട്ടോഗ്രാഫറുമാണ്‌ മുരളി ശിവരാമകൃഷ്‌ണൻ. അദ്ദേഹത്തിന്റെ കലാവഴിയിൽ തന്നെ സ്വാധീനിക്കുകയും നയിക്കുകയുമൊക്കെ ചെയ്‌ത ജീവിതത്തിന്റെ സ്‌മൃതിയടയാളങ്ങളാണ്‌ ഈ പെയിന്റിംഗുകളിൽ കാണാനാവുക. അധ്യാപകനെന്ന നിലയിലുള്ള സ്‌നേഹാദരവുകളിലൂടെ സഞ്ചരിക്കുന്ന ഇദ്ദേഹം ജീവിതത്തെയും കലയേയും കുറിച്ച്‌ പുതിയൊരു പരിപ്രേക്ഷ്യവും സമീപനവുമെന്ന കാഴ്‌ചപ്പാടിന്‌ കൂടുതൽ തിളക്കം പകരുന്നു ഈ ഏകാംഗ പ്രദർശനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 4 =

Most Popular