Thursday, September 19, 2024

ad

Homeപുസ്തകംഇ കെ ഇമ്പിച്ചിബാവയെന്ന പോരാളിയുടെ ജീവിതം

ഇ കെ ഇമ്പിച്ചിബാവയെന്ന പോരാളിയുടെ ജീവിതം

കെ പി നൗഷാദ്

സ്വാതന്ത്ര്യസമരകാലത്ത് മലബാർ മേഖലയിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ.കെ. ഇമ്പിച്ചിബാവയുടെ സംഭവബഹുലമായ ജീവിതവും പോരാട്ടവും പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ടി വി അബ്ദുറഹിമാൻകുട്ടി രചിച്ച ‘‘ഇ.കെ.ഇമ്പിച്ചിബാവ ജീവിതം, സമരം, രാഷ്ട്രീയം” എന്ന പുസ്തകം. മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച ഇമ്പിച്ചിബാവ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കോഴി ക്കോട് നടന്ന അഖിലകേരള വിദ്യാർത്ഥി സമ്മേളനത്തിലൂടെ തന്റെ സംഘടനാ മികവ് തെളിയിച്ച അദ്ദേഹത്തെ സഖാവ് പി.കൃഷ്ണപിള്ളയാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. ചെറുപ്പത്തിൽ തന്നെ പൊതുപ്രവർത്തനത്തിൽ തൽപരനായിരുന്ന ഇമ്പിച്ചിബാവ പൊന്നാനിയിലെ ബീഡി തൊഴിലാളികളെയും അധഃസ്ഥിത വിഭാഗങ്ങളെയും സംഘടിപ്പിച്ചാണ് പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരുന്നത്.

സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുക്കാർക്കെതിരെ മലബാർ മേഖലയിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച അദ്ദേഹം ഇന്ത്യൻ നാഷണനൽ ആർമി ( INA ) സ്ഥാപകനായ സുഭാഷ് ചന്ദ്രബോസിന്റെ കടുത്ത ആരാധകനായിരുന്നു. അടിയന്തരാവസ്ഥകാലത്തും അതിനുമുമ്പും ഏറെക്കാലം ജയിൽവാസം അനുഭവിക്കുകയും ഒളിവുജീവിതം നയിക്കുകയും ചെയ്തിട്ടുള്ള ഇമ്പിച്ചിബാവ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക യുവ നേതാക്കളിൽ പ്രമുഖനാണ്. പിന്നീട് പാർട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാവുകയും ചെയ്തു.

പരമ്പരാഗത ചരിത്രരചനാരീതിയിൽ നിന്ന് വ്യത്യസ്തമായി അനുഭവങ്ങളുടെ വിവരണത്തിലൂടെ ഇമ്പിച്ചിബാവയുടെ ബാല്യം മുതൽ മരണം വരെയുള്ള ആറര പതിറ്റാണ്ടിനിടയിൽ നടന്ന പൊന്നാനിയുടെ ചലനങ്ങളും പുരോഗതിയും കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ അദ്ദേഹം വഹിച്ച പങ്കും അടയാളപ്പെടുത്തലുകളും ഈ പുസ്തകത്തിൽ സവിസ്തരം വിവരിക്കുന്നുണ്ട്. കൂടാതെ കേരളത്തിലെ മുഖ്യ രാഷ്ട്രീയപ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം ലഭിച്ചതു മുതൽ വികാസം പ്രാപിച്ചതുവരെയുള്ള കാലഘട്ടത്തിൽ ഇ.കെ.ഇമ്പിച്ചിബാവ വഹിച്ച സുപ്രാധാനമായ പങ്കും അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ ജീവിതവും പോരാട്ടവും സമകാലിക സംഭവങ്ങളും കോർത്തിണക്കി വിവരിക്കുന്നതാണ് ഈ പുസ്തകത്തിന്റെ രചനാരീതി.

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നോടിയായി എ.കെ.ജി ക്യാപ്റ്റനായി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ 1931 ഒക്ടോബർ 21 ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച സത്യാഗ്രഹ പ്രചരണജാഥ ഉദ്ഘാടനം ചെയ്തത് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കെ.കേളപ്പനായിരുന്നു. ജാഥക്ക് പൊന്നാനിയിലെ സ്വീകരണം എ.വി ഹൈസ്കൂളിനടുത്തുള്ള കുറ്റിക്കാട് പ്രദേശത്തായിരുന്നു. സ്വീകരണത്തിനായി എത്തിച്ചേർന്ന സ്വാതന്ത്ര്യസമരപ്രവർത്തകരും കർഷകരും തൊഴിലാളികളും അടങ്ങുന്ന വൻ ജനാവലിയിൽ പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഇമ്പിച്ചിബാവയും ഉണ്ടായിരുന്നു. ജാഥാ സ്വീകരണത്തിൽ എ.കെ.ജി. നടത്തിയ പ്രസംഗം കേട്ടപ്പോൾ ഇമ്പിച്ചിബാവയിൽ ആവേശവും ഊർജ്ജവും പകർന്നു. തുടർന്ന് എ.കെ.ജി യോടൊപ്പം ജാഥയെ അനുഗമിച്ചു. എ.കെ.ജിയോടുള്ള ഇമ്പിച്ചിബാവയുടെ ആദരവ് അവർ തമ്മിലുള്ള വലിയ ആത്മബന്ധമായി വളരുകയും എ.കെ.ജിയുടെ അന്ത്യംവരെ തുടരുകയും ചെയ്തു. 1995 ഏപ്രിൽ 11 ന് ഇ.കെ. ഇമ്പിച്ചിബാവ ഈ ലോക ത്തോട് വിട പറഞ്ഞു.

പാർലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്ന അദ്ദേഹം 1967ൽ ഇ.എം. എസ് സർക്കാരിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. രാജ്യസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച നേതാവാണ് ഇ.കെ. ഇമ്പിച്ചിബാവ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1948-ലെ കൽക്കത്ത പാർട്ടി കോൺഗ്രസിൽ മലബാറിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്ത് പാർട്ടി ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിലും കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും നേതൃത്വം നൽകിയ ഇ.കെ.ഇമ്പിച്ചിബാവയുടെ ബാല്യകാലം മുതലുള്ള ജീവിതത്തെയും രാഷ്ട്രീയ പൊതുമണ്ഡലത്തിലെ ഇടപെടലുകളെയുംകുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിൽ പൊന്നാനിയുടെ ചരിത്രവും സാംസ്കാരിക ജീവിതവും പൗരാണികതയുമൊക്കെ വായനക്കാരനു മുന്നിൽ ഗ്രന്ഥകാരൻ തുറന്നുവെക്കുന്നുണ്ട്. വിജ്ഞാനകുതുകികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം വിലപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട് ഈ പുസ്തകം. പൗരാണിക തുറമുഖങ്ങളിൽ പ്രമുഖമായതും മതമൈത്രിയും മാനവികതയും ജീവിത ലക്ഷ്യമാക്കിയ ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കളും സാഹിത്യ നവോത്ഥാന നായകരും ജന്മമെടുത്ത കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ ചരിത്രം കൂടി വിശദമാക്കുന്ന വിലപ്പെട്ട രേഖകൂടിയാണ് ഈ പുസ്തകം.

ഇ.കെ.ഇമ്പിച്ചിബാവ ജീവിതം, സമരം, രാഷ്ട്രീയം ടി.വി.അബ്ദുറഹിമാൻ കുട്ടി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
വില: 200 രൂപ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × two =

Most Popular