Thursday, May 2, 2024

ad

Homeമാധ്യമ നുണകള്‍ഗവർണന്റെ 
പിത്തലാട്ടങ്ങൾ

ഗവർണന്റെ 
പിത്തലാട്ടങ്ങൾ

ഗൗരി

കേരളം സംഘപരിവാറിന്റെ ബാലികേറാമലയായി, മഹാമേരുവിനെപ്പോലെ അതിനെ ചെറുത്തുനിൽക്കുന്ന നാടാണ്. നാഗപ്പൂരിൽ ആർഎസ്എസ് രൂപംകൊണ്ട്, രണ്ട് ദശകം പിന്നിടും മുൻപ് രാജ്യത്തിന്റെ തെക്കേയറ്റത്ത് കേരളത്തിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും തലശ്ശേരിയിലും ശാഖകൾ സ്ഥാപിക്കുക മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം ആർഎസ്എസ് ശാഖകളുള്ളതും ഈ കൊച്ചു കേരളത്തിലാണ്. എന്നിട്ടും, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, ഒരിഞ്ചു മുന്നോട്ടുപോകാൻ സംഘപരിവാറിനു കഴിയാത്തത് ഇവിടെ ശക്തമായ അടിത്തറയുള്ള കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സാന്നിധ്യം മൂലമാണ്. ഇക്കാര്യം മറ്റാരെക്കാളും നന്നായി അറിയുന്നത് സംഘപരിവാറിനു തന്നെയാണ്. ഏറ്റവും ഒടുവിലത്തെ അടവായി കളത്തിൽ ഇറക്കിയിരിക്കുന്നത് ഗവർണർ എന്ന ഭരണഘടനാപദവി വഹിക്കുന്ന, എന്നാൽ ആ പദവി മറന്ന് അധികാരക്കൊതി മൂത്ത് പാർട്ടികളിൽനിന്ന് പാർട്ടികളിലേക്ക് ചാടി പാരമ്പര്യമുള്ള ആരിഫ് മുഹമ്മദ് ഖാൻ എന്ന അവസരവാദി രാഷ്ട്രീയക്കാരനെയാണ്.

ആരിഫ് ഖാൻ അത് ഒരു മറയുമില്ലാതെ മാധ്യമപ്രവർത്തകരോട് തുറന്നു പറഞ്ഞിരിക്കുന്നു, സർവകലാശാലകളെ മാത്രമല്ല കേരളത്തെ തന്നെ കാവിവൽക്കരിക്കുകയാണ് തന്റെ ലക്ഷ്യം എന്ന്. അതുകൊണ്ടുതന്നെ കേരളം ഒറ്റക്കെട്ടായിനിന്ന് ഗവർണർ കസേരയിൽ ആസനമുറപ്പിച്ചിരിക്കുന്ന അദ്ദേഹത്തോട്, ആ പരിപ്പിവിടെ വേവില്ല മി.ഖാൻ, ഇത് കേരളമാണ് എന്ന് ഉറക്കെ വിളിച്ചുപറയേണ്ടതുണ്ട്. ആ മഹത്തായ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാർഥി സമൂഹം.

എന്നാൽ കോൺഗ്രസും യുഡിഎഫും ഇപ്പോഴും ആ ദൗത്യത്തിൽ ഒപ്പം ചേരാതെ അതിനുപുറം തിരിഞ്ഞുനിൽക്കുന്നതായാണ് നാം കാണുന്നത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളാകട്ടെ ഒരു പടികൂടി കടന്ന് ഗവർണറും സർക്കാരും തമ്മിലുള്ള അഥവാ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ചക്കളത്തിപോരാട്ടമായി മാത്രമാണ് ഈ പ്രശ്നത്തെ കാണുന്നതും പൊതുമണ്ഡലത്തിൽ അവതരിപ്പിക്കുന്നതും.

നോക്കൂ; 18–ാം തീയതിയിലെ മാതൃഭൂമി പത്രം. അതിന്റെ ഒന്നാം പേജിൽ വിഷയം അവതരിപ്പിക്കുന്നതിങ്ങനെ: ‘‘ഗവർണർ–സർക്കാർ പോര് തെരുവിൽ പടകാളി….’’ അതിനൊപ്പം ഗവർണറും മുഖ്യമന്ത്രിയും മുഖാമുഖം ഏറ്റുമുട്ടുന്നതായി കാണിക്കുന്ന ഒരു കാർട്ടൂണുമുണ്ട്. സംസ്ഥാനത്ത് എവിടെയാണ് ഹേ മുഖ്യമന്ത്രി ഗവർണറോട് ഏറ്റുമുട്ടിയത്; പോരിന് ചെന്നത്? യഥാർഥത്തിൽ ഇവിടെ ആരിഫ് ഖാൻ എന്നു പറയുന്നയാൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും മാത്രമല്ല, കേരളത്തെയാകെ പള്ള് പറഞ്ഞുകൊണ്ട് മുട്ടനാടിനെപ്പോലെ മുക്രയിട്ട് നടക്കുകയാണ്. പണ്ട് കുഞ്ചൻനമ്പ്യാർ പാടിയതുപോലെ ‘‘അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു.’’ അതാണ് നാം തിരുവനന്തപുരത്ത് പേട്ടയിൽ കണ്ടത്, അതാണ് നാം 17–ാം തീയതി രാത്രിയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനത്തുകണ്ടത്, അതുതന്നെയാണ് പിറ്റേദിവസം കോഴിക്കോട്ടെ മിഠായി തെരുവിലും കണ്ടത്– ഒരു തെരുവിന്റെ കഥയിലൂടെയും ഒരു ദേശത്തിന്റെ കഥയിലൂടെയും മഹാനായ എസ് കെ പൊറ്റെകാട്ട് അനശ്വരമാക്കിയ കോഴിക്കോട് നഗരത്തെ തന്നെ അപഹസിക്കുകയായിരുന്നു ഗവർണർ. പാൻപരാഗും തമ്പാക്കുംപോലുള്ള സാധനങ്ങൾ ചവച്ചുതുപ്പി മലീമസമാക്കുകയായിരുന്നു. തലയ്ക്ക് വെളിവില്ലാത്തവനെപ്പോലെ അലറി വിളിച്ച് അന്തരീക്ഷ മലിനീകരണം നടത്തുന്നത് അതിയാൻ ഇപ്പോഴും തുടരുകയാണ്. അതിനെ മുഖ്യമന്ത്രിയുമായുള്ള സാട്ടാഗുസ്തിയായി ചിത്രീകരിക്കാൻ ആ പത്രത്തിലെ സംഘപരിവാർ ദാസന്മാർക്കേ കഴിയൂ. മാതൃഭൂമി പത്രത്തിന്റെ തനിനിറമാണ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രി ഗവർണറുമായി ഏറ്റുമുട്ടാൻ തെരുവിലിറങ്ങിയ ഏതെങ്കിലുമൊരു സംഭവം ഈ സംഘിപത്രത്തിന്റെ അധിപന് ചൂണ്ടിക്കാണിക്കാനുണ്ടോ? ഗവർണർ തുടർച്ചയായി കേരളത്തിനെതിരായി, കണ്ണൂരിനെതിരായി നുണപ്രചരണങ്ങൾ നടത്തിയാൽ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നിന്നാൽ, ഏഴാം കൂലി രാഷ്ട്രീയക്കാരനെപ്പോലെ തെരുവ് രാഷ്ട്രീയം കളിച്ചാൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പഞ്ചപുച്ഛമായി ഓഛാനിച്ചു നിൽക്കണമെന്നാണോ ഈ സംഘിഭൂമി പറയുന്നത്? എങ്കിൽ അതങ്ങ് മനസ്സിൽ വച്ചാൽ മതി.

13–ാം തീയതി മാനേജിങ് എഡിറ്ററുടെ പേരും വച്ച് ഒന്നാം പേജിൽ ശബരിമല വിഷയത്തിലെഴുതിയ മുഖപ്രസംഗം തന്നെ ഈ പത്രം സംഘിഭൂമിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. അവിടെ നിന്ന് ഒരു പടികൂടി മുന്നോട്ടുവയ്ക്കുന്ന ഒന്നാണ് 19–ാം തീയതിയിലെ ഇതേ പത്രത്തിന്റെ ആറാം പേജിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം –‘‘നിർത്തണം ഈ താൻപോരിമപ്പോര്.’’ തെല്ലും വസ്തുതാപരമല്ലാതെ എഴുതപ്പെട്ട, ആ മുഖപ്രസംഗത്തിൽ മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറഞ്ഞത് മഹാപരാധം എന്നാണ് പത്രം മാളോരോട് പറയുന്നത്. സർക്കാർ പണമുപയോഗിച്ച് നടത്തുന്ന നവകേരള സദസ്സിൽ ഗവർണർക്ക് രാഷ്ട്രീയമായ മറുപടി നൽകിയത്രെ ! സംസ്ഥാന ഖജനാവിലെ പണമുപയോഗിച്ച് ഉണ്ടുറങ്ങിക്കഴിയുന്ന, ‘കവലപ്രസംഗം നടത്തുകയും കവലച്ചട്ടമ്പിയെപ്പോലെ സംസ്ഥാന സർക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന, ഗവർണർ പദവിയിലിരിക്കുന്ന സംഘിപ്രചാരകന് മറുപടി പറയാതിരിക്കണമെന്നാണോ കാവി ഭൂമി പറയുന്നത്! അങ്ങനെ ആയിരുന്നെങ്കിൽ ‘‘ഗവർണർക്കുമുന്നിൽ മൊഴി മുട്ടി മുഖ്യമന്ത്രി’’ എന്ന് ഈ സംഘിപത്രം അച്ചു നിരത്തുമായിരുന്നു.

‘‘മുഖ്യമന്ത്രിയുടെ ജില്ലയുടേത് രക്തപങ്കിലമായ ചരിത്ര’’മാണെന്നാണ് ഗവർണർ പറഞ്ഞത് എന്നത്രെ മുഖപ്രസംഗക്കാരന്റെ ഭാഷ്യം. നോക്കൂ, ‘‘ബ്ലഡി’’ എന്ന അംഗ്രേസി വാക്കിന് ‘‘രക്തപങ്കില’’മെന്നു മാത്രമല്ല ഹേ അർഥം! ബ്ലഡി ക്രിമിനൽ, ബ്ലഡി റാസ്-ക്കൽ, ബ്ലഡി ഫൂൾ എന്നെല്ലാം ഈ സംഘിത്തലയൻ കേരളത്തിന്റെ മുഖത്തുനോക്കി അലച്ചുകൊണ്ടിരിക്കുമ്പോൾ ‘‘ബ്ലഡി’’ എന്ന വാക്കിന് ‘‘രക്തപങ്കില’’മെന്ന വ്യാഖ്യാനം നൽകാൻ ആത്മാഭിമാനമില്ലാത്ത, സംഘിഭൂമി പത്രാധിപർക്കു മാത്രമേ കഴിയൂ. ഇംഗ്ലീഷിൽ ആ വാക്കിന് മോശപ്പെട്ട ഒരർഥം കൂടി ഉണ്ടെന്ന് അറിയാനുള്ള ഭാഷാപരിചയം ഇല്ലാത്തയാളാണോ ജന്മഭൂമിയെക്കാൾ മുൻപിൽനിന്ന് സംഘിത്തനം കളിക്കുന്ന ഈ പത്രാധിപർ! ഇനി ‘‘രക്തപങ്കില ചരിത്ര’’മെന്ന അർഥകൽപ്പനയിൽ നോക്കിയാലോ?ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ തന്നെ ഇടംപിടിച്ചിട്ടുള്ള, ചോരകൊണ്ട് ചരിത്രമെഴുതിയ മനുഷ്യരുള്ള നാടാണ് കണ്ണൂർ. ആ കണ്ണൂരിനെ, എ കെ ജിയുടെയും, വി കെ കൃഷ്ണമേനോന്റെയും ഇ കെ നായനാരുടെയും മറ്റനേകം മഹാന്മാരായ സ്വാതന്ത്ര്യസമര പോരാളികളുടെയും നാടാണ് കണ്ണൂർ. ആ ചരിത്രം ഓർമിപ്പിക്കുന്ന് മഹാപരാധമെന്ന മട്ടിലാണ് കാവിഭൂമി ഒാരിയിടുന്നത്!

നോക്കൂ, മതന്യൂനപക്ഷത്തിന്റെ ആരാധനാലയം സംരക്ഷിക്കാനായി സ്വന്തം ജീവൻ നൽകി ചെറുത്തുനിന്ന യു കെ കുഞ്ഞിരാമനെന്ന കമ്യൂണിസ്റ്റുകാരന്റെ നാടുമാണ് കേരളം. കേരളത്തിൽ ആധിപത്യം സ്ഥാപിക്കാനായി, സംഘപരിവാർ കൊല്ലിനും കൊലയ്ക്കുമായി വന്നപ്പോൾ, കേരളത്തിൽ വർഗീയതയുടെ വിഷ വിത്തുകൾ വിതച്ച് കൊയ്-ത്ത് നടത്താൻ സംഘികൾ കച്ച കെട്ടിയിറങ്ങിയപ്പോൾ അതിനെ മഹാമേരുക്കളെപ്പോലെ ചെറുത്തുനിന്ന ധീരരായ മനുഷ്യർ ജീവിച്ച നാടാണ് കണ്ണൂർ. ആ നാടിനെ ബ്ലഡി കണ്ണൂർ എന്നു വിളിച്ച് അധിക്ഷേപിക്കാൻ സംഘപരിവാറിന്റെ ഈ കുഞ്ചിരാമനെന്നല്ല, അയാളെ ഇങ്ങോട്ടു കെട്ടിയിറക്കിയ പെരിയ സംഘികൾ അലറിയടുത്താലും അതിനെതിരെ കേരളം പ്രതികരിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ മുഖ്യമന്ത്രി അതിനുമുന്നിൽ ഉണ്ടാകുകയും ചെയ്യും.

കാലിക്കറ്റ് സർവകലാശാലയിൽ നടന്നത് സർക്കാരും ഗവർണറും തമ്മിലള്ള ‘‘താൻപോരിമപ്പോരും’’ ‘‘വടംവലി’’യുമാണെന്നാണ് സംഘിഭൂമി പത്രാധിപരുടെ ഭാഷ്യം. ഗവർണറെന്ന ചാൻസലറെ സർവകലാശാലാ വളപ്പിൽ കാലുകുത്താൻ അനുവദിക്കില്ലയെന്ന് എസ്എഫ്ഐ പറഞ്ഞത് മഹാപരാധമാണത്രെ! അതുകൊണ്ടാണ് മലപ്പുറത്ത് കല്യാണച്ചടങ്ങിൽ പങ്കെടുത്ത് കോഴി ബിരിയാണി കഴിക്കാനെത്തിയ ഗവർണർ സർവകലാശാലാ കാമ്പസിലെത്തി കേരളത്തിലെ അക്കാദമിക് സമൂഹത്തെ, വിദ്യാർഥി പ്രസ്ഥാനത്തെയാകെ കൊഞ്ഞനം കുത്തിക്കൊണ്ട് ഉറഞ്ഞു തള്ളിയത് എന്നാണ് ഈ സംഘിപത്രം ന്യായീകരിക്കുന്നത്. ‘‘കാലുകുത്താനനുവദിക്കില്ല’’ എന്ന പ്രയോഗം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കേൾക്കുന്നത് ഇതാദ്യമൊന്നുമല്ലല്ലോ. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുനേരെയും മന്ത്രിമാർക്കുനേരെയും മുൻപ് വ്യത്യസ്ത ചേരികളിലെ ഭരണാധികാരികൾക്കു നേരെയും ഉയർത്തപ്പെട്ടിട്ടുണ്ടല്ലോ സമാനമായ പ്രതിഷേധ സ്വരം! അപ്പോഴെല്ലാം അധികാരസ്ഥാനത്തിരിക്കുന്ന ആരെങ്കിലും സമാനമായ വിധം, പോരിനിറങ്ങിയിരുന്നോ? തലയ്ക്കു വെളിവുള്ള ഏതെങ്കിലുമൊരാൾ ആരിഫ-് ഖാനെപ്പോലെ ഉറഞ്ഞുതുള്ളുമോ? ‘‘ജയ ജയ ജയ ജയഹേ’’ എന്ന സിനിമയിലെ നായകൻ (രാജേഷ് (ബേസിൽ ജോസഫ്), കെട്ടിയോളോട് ‘‘അടിയെടി, അടിയെടി, നീയടി’’ എന്ന് നെഞ്ചുതള്ളിച്ച് കേറിച്ചെന്ന് ചളുക്കു വാങ്ങുന്നതുപോലെ ആയിരത്തോളം പൊലീസുകാരുടെ അകമ്പടിയിൽനിന്ന് വെല്ലുവിളിക്കുന്ന ഗവർണർ തനികോമാ‍ളി വേഷം കെട്ടിയാടുകയാണ് ചെയ്യുന്നത്.

സർവകലാശാലാ കാമ്പസിൽ ചെന്നുനിന്ന് അവിടത്തെ വെെസ് ചാൻസലറെയും ജില്ലാ പൊലീസ് മേധാവിയെയുമെല്ലാം വിളിച്ചുവരുത്തി പുലഭ്യം പറയാൻ ഇയാൾക്കാരാണ് അധികാരം നൽകിയത്? ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ആരിഫ് ഖാന്റെ അടിമകളാണ് എന്ന മട്ടിലാണ് അന്നവിടെ നിന്ന് അയാൾ ഉറഞ്ഞുതള്ളിയത്.

എന്തിന്റെ പേരിലാണ് ഗവർണറെ കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലയെന്ന് എസ്-എഫ‍്ഐ പറഞ്ഞത് എന്നതുകൂടി ഈ പത്രം നോക്കണമായിരുന്നു. കേരളം ഇക്കാലമത്രയും ചെറുത്തുനിന്ന കാവിവൽക്കരണം പിൻവാതിലിലൂടെ നടപ്പാക്കാൻ ചാൻസലറെന്ന പദവിയുടെ ബലത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുമ്പോൾ അതിനുനേരെ കണ്ണടയ്ക്കാൻ മതനിരപേക്ഷതയുടെ വെള്ളക്കൊടി ഉയർത്തി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിനുമാവില്ല. ഗവർണറുടെ ആ നടപടിയിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ജനാധിപത്യപരമായ സമരമാർഗങ്ങളും പ്രസ്താവനകളും പ്രതികരണങ്ങളും മാത്രമാണ് നടത്തിയത്. പേട്ടയിൽ ഗവർണറുടെ വാഹനം വന്നപ്പോൾ, വഴിയോരത്തുനിന്ന് കരിങ്കൊടി ഉയർത്തി വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കവേ വാഹനം നിർത്തിച്ച് അതിൽനിന്ന് പുറത്തിറങ്ങി തെരുവുഗുണ്ടയെപ്പോലെ ഗവർണർ അഴിഞ്ഞാടിയപ്പോൾപോലും ആ കുട്ടികളുടെ ഭാഗത്തുനിന്ന് നിലവിട്ട ഒരു പെരുമാറ്റവും ഉണ്ടായില്ലയെന്നത് കേരളം കണ്ടതാണ്. സർവകലാശാലാവളപ്പിൽ തനിക്കെതിരെ പ്ലക്കാർഡുകളും ബാനറുകളും കാണുമ്പോൾ ചുവപ്പുകണ്ട കാളയെപ്പോലെ ഗവർണർ മുക്രയിട്ടുകൊണ്ട് മണ്ടി നടക്കുന്നത് സമചിത്തതയുടെ ലക്ഷണമല്ല. ബാനർ നീക്കം ചെയ്യുന്നവരെ തടയുമെന്നല്ല മറിച്ച് അവ നീക്കം ചെയ്താൽ ഒന്നിനു നൂറായി പ്രത്യക്ഷപ്പെടുമെന്നാണ് എസ്എഫ്ഐ പറഞ്ഞത്. മിനിറ്റുകൾക്കകം അവരത് നടപ്പാക്കുകയും ചെയ്തു. ഗവർണർ ‘‘ഒറ്റയ്ക്ക്’ മിഠായി തെരുവിലൂടെ ‘‘ജനസമ്പർക്കം’’നടത്തി, ‘‘വൻ ജനാവലി സ്വീകരിച്ചു’’ എന്നെല്ലാമാണ് ഗവർണർ ഭക്തരായ മാധ്യമപ്രമാണിമാർ ആഘോഷിക്കുന്നത്. എന്നാൽ ഗവർണറെ കാമ്പസിൽ ‘‘കാലുകുത്താൻ അനുവദിക്കില്ല’’എന്നേ എസ്-എഫ്ഐ പറഞ്ഞുള്ളൂ. അതിൽ വിരണ്ടാണ് അതിയാൻ മിഠായി തെരുവിലേക്ക് ചാടിയത്. സർക്കസ് കൂടാരത്തിലെ കോമാളി സ്വീകരിക്കപ്പെടുന്നതുപോലെ അവിടെ ആളുകൾ ആരിഫ് ഖാനെയും സ്വീകരിച്ചു. കേരളത്തിൽ ഇങ്ങനെ ഇവിടത്തെ സർക്കാരിനെയും സമൂഹത്തെയും വെല്ലുവിളിച്ച് അഴിഞ്ഞാടാൻ ആരിഫ് ഖാൻ സ്വന്തം നാടായ യുപിയിൽ തയ്യാറാകുമോ എന്നാണ് കേരളീയർക്കറിയേണ്ടത്? ഇയാൾ കാണിച്ചുകൂട്ടുന്ന കോമാളി വേഷം കെട്ടലുകൾക്കെല്ലാം ചൂട്ടുപിടിച്ച് നടക്കുന്ന മാപ്രകളാണ് യഥാർഥത്തിൽ വീണ്ടുവിചാരം നടത്തേണ്ടത്. കാരണം അവർ മാധ്യമപ്രവർത്തകരായല്ല, കേരളത്തെ സംഘികൾക്കടിയറ വയ്ക്കാൻ ആരിഫ് ഖാന്റെ പെട്ടിപ്പാട്ടുകാരായാണ് പ്രവർത്തിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × one =

Most Popular