Sunday, April 28, 2024

ad

Homeവിശകലനംവാച്ചാത്തിയിലെ പെൺപോരാട്ടത്തിളക്കം

വാച്ചാത്തിയിലെ പെൺപോരാട്ടത്തിളക്കം

വിജു കൃഷ്ണൻ

നിരാലംബരും അടിച്ചമർത്തപ്പെട്ടവരുമായ ഒരു ജനതയെ ക്രിമിനലുകളായി മുദ്രകുത്തുന്ന കൊളോണിയൽ മാനസികാവസ്ഥ, ചുറ്റുപാടും നടക്കുന്ന ഏതു കുറ്റകൃത്യത്തിന്റെയും പേരിൽ അറസ്റ്റുകളും പീഡനവും, ഇതൊന്നും കേട്ടുകേൾവിയില്ലാത്തതല്ല. എന്നാൽ അതിലുപരി ഇന്നത്തെ നിയമമായി തുടരുന്നു. യൂണിഫോമിട്ട ഉദ്യോഗസ്ഥർ നടത്തുന്ന, പ്രത്യേകിച്ച്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും എന്തിന് അർധ സെെനിക വിഭാഗം പോലും നടത്തുന്ന ലെെംഗികാതിക്രമങ്ങളുടെയും നിഷ്ഠുരതകളുടെയും കഥകൾ വിരളമല്ല. സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിടുമ്പോഴും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഗോത്രവർഗ ജനതയുടെ കഥ തന്നെയാണ് വാച്ചാത്തിയും തുറന്നുകാട്ടുന്നത്. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ ഹരൂരിനടുത്തുള്ള സിതേരി മലനിരകളിലെ അടിവാരത്തുള്ള കുഗ്രാമമായ വാച്ചാത്തിയിൽ 1992 ജൂൺ 20ന് റവന്യൂ, പൊലീസ് വിഭാഗങ്ങളിൽപെട്ട മുന്നൂറോളം പേരടങ്ങുന്ന ഒരു വലിയ സംഘം, ആദിവാസികളായ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും വൃദ്ധർക്കും നേരെ അതിക്രൂരമായ മർദ്ദനം അഴിച്ചുവിട്ടു. റൈഫിളുകളും ലാത്തികളുമുപയോഗിച്ച് സങ്കൽപിക്കാൻപോലുമാകാത്ത വിധത്തിലുള്ള ആക്രമണമാണ് അവർ ആ മനുഷ്യർക്കുനേരെ നടത്തിയത്. വീടുകളും ഭക്ഷണ സാധനങ്ങളും ഭക്ഷ്യധാന്യങ്ങളും നശിപ്പിച്ചു. ജനങ്ങൾക്ക് ആശ്രയമായിരുന്ന ഗ്രാമക്കിണറിനെപ്പോലും വെറുതെ വിട്ടില്ല. ഡീസലും മൃഗങ്ങളുടെ അവശിഷ്ടങ്ങളും അതിൽ തള്ളി. ഗ്രാമമാകെ കൊള്ളയടിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് കേഡറിലെ ‘‘ശ്രേഷ്ഠരായ’’ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ആദിവാസികൾ ചന്ദനം കടത്തിക്കൊണ്ടുപോകുന്നു എന്ന വ്യാജേനെയാണ് എത്തിയത്. ഗ്രാമത്തിൽ അഴിച്ചുവിട്ട നശീകരണ പ്രവൃത്തിയിലോ ഗ്രാമീണർക്കെതിരായ ക്രൂരമായ ആക്രമണത്തിലോ മാത്രം അവരുടെ മൃഗീയത അവസാനിച്ചില്ല. സ്കൂൾ കുട്ടികളടക്കം 18 സ്ത്രീകളെയാണ് വലിച്ചിഴച്ചുകൊണ്ടുപോയി അവർ ബലാൽസംഗം ചെയ്തത്.

ദിവസങ്ങൾക്കുശേഷമാണ് സംഭവം പുറംലോകമറിയുന്നത്. അതും 1992 ജൂലെെ 14ന്, തമിഴ്നാട് ട്രൈബൽ അസോസിയേഷന്റെ (ടിഎൻടിഎ) അന്നത്തെ ജനറൽ സെക്രട്ടറിയും അഖിലേന്ത്യ കിസാൻ സഭയുടെ ഇപ്പോഴത്തെ വെെസ് പ്രസിഡന്റുമായ പി ഷൺമുഖവും അദ്ദേഹത്തോടൊപ്പം, ടിഎൻടിഎയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ബാഷ ജോൺ, മുൻ ഹരൂർ എംഎൽഎ എം അണ്ണാമലെെ, ടിഎൻടിഎയുടെ അസിസ്റ്റന്റ് സെക്രട്ടറി എൻ കൃഷ്ണമൂർത്തി, ഹരൂർ കിസാൻ സഭാ സെക്രട്ടറി എച്ച് ആർ ഗണേശൻ, സിപിഐ എം ഹരൂർ താലൂക്ക് സെക്രട്ടറി സി വിശ്വനാഥൻ, ടിഎൻടിഎ സിതേരി ഹിൽസ് സെക്രട്ടറി പൊന്നുസ്വാമി എന്നിവർ ഗ്രാമം സന്ദർശിച്ചശേഷം. ഗ്രാമം കാതടപ്പിക്കുന്ന നിശബ്ദതയാൽ മൂടിയിരുന്നു; ജീവന്റെ ഒരടയാളവും അവശേഷിച്ചിരുന്നില്ല. അക്ഷരാർഥത്തിൽ ശ്മശാന ഭൂമിയുടെ നിശബ്ദതയാണ് അവിടെ നിറഞ്ഞുനിന്നത്. ചെങ്കൊടിയേന്തിയ കെെകളായിരുന്നു, മലനിരകളിൽ ഒളിച്ചിരുന്ന ഗ്രാമവാസികൾക്ക് അവിടെനിന്നും പുറത്തുവരാനും തങ്ങൾ നേരിട്ട ഭീകരതയെക്കുറിച്ച് സംഘത്തോടു പറയാനുമുള്ള ധെെര്യവും ആത്മവിശ്വാസവും നൽകിയത്. ഹരൂരിലെ വനംവകുപ്പ് ഓഫീസിൽ 94 സ്ത്രീകളും 28 കുട്ടികളുമുൾപ്പെടെ 217 ഗ്രാമവാസികളെ പൂട്ടിയിട്ടു. രാത്രി മുഴുവനും പീഡനം തുടർന്നു. സേലത്തെ ജയിലിലടച്ചിരുന്ന സ്ത്രീകളെയും മറ്റു ഗ്രാമവാസികളെയും സംഘം കാണുകയും അവരെ ജാമ്യത്തിൽ പുറത്തിറക്കാനുള്ള സംവിധാനങ്ങളൊരുക്കുകയും ചെയ്തു. വാച്ചാത്തിയിലെ ജനങ്ങൾക്ക് നീതി ലഭിക്കായി പൊരുതിയ, എഐകെഎസിന്റെയും ടിഎൻടിഎയുടെയും നേതാവായ ദില്ലി ബാബു, വാച്ചാത്തിയിലെ ഗ്രാമങ്ങളുൾപ്പെടുന്ന ഹരൂർ നിയോജകമണ്ഡലത്തിൽനിന്നും രണ്ടു തവണ തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മെെഥിലി ശിവരാമൻ

ഇൗ സംഭവം തുടക്കത്തിൽ സിപിഐ എമ്മിന്റെ മുഖപത്രമായ തീക്കതിർ ഒഴികെയുള്ള മാധ്യമങ്ങളിലൊന്നും വാർത്തയായില്ല. അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ജയലളിത ഈ സംഭവം എഐഎഡിഎംകെ ഗവൺമെന്റിനെ അപകീർത്തിപ്പെടുത്താൻവേണ്ടി കെട്ടിച്ചമച്ചതാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. വാച്ചാത്തിയിലെ സ്ത്രീകൾ കള്ളം പറയുകയാണെന്ന, യാഥാർഥ്യബോധമില്ലാത്ത പരാമർശമാണ് വനംവകുപ്പ് മന്ത്രി ശെങ്കോട്ടയ്യൻ നടത്തിയത്. വാച്ചാത്തിയിൽ ലെെംഗികാതിക്രമത്തിനിരയാക്കപ്പെട്ട സ്ത്രീകളെക്കൂടി അണിനിരത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെന്നെെയിൽ പ്രക്ഷോഭം സംഘടിപ്പിച്ചുകൊണ്ട് ആ സമയംതന്നെ പ്രതികരിച്ചു. പിന്നീടുവന്ന ഡിഎംകെ സർക്കാരും ഇരകൾക്ക് നീതി ലഭ്യമാക്കാൻ തയ്യാറായില്ല. കുറ്റവാളികൾക്കും ആദിവാസി ജനതയെക്കുറിച്ചുള്ള മുൻവിധിക്കും അവരോടു വെച്ചു പുലർത്തപ്പെടുന്ന അവജ്ഞയ്ക്കും അനുകൂലമായി, വർഗപരമായ പക്ഷപാതിത്വം പ്രകടിപ്പിച്ചുകൊണ്ട് കുറ്റാരോപണങ്ങളെ കീഴ്-കോടതി തള്ളി. ഉന്നത വിദ്യാഭ്യാസമുള്ള സർക്കാർ ജീവനക്കാർ ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമെന്നത് അവിശ്വസനീയമാണെന്നാണ് ഒരു സ്ത്രീ കൂടിയായ ജഡ്ജി അവകാശപ്പെട്ടത്. അനേ-്വഷണം ആവശ്യപ്പെട്ട് ടിഎൻടിഎ, എഐകെഎസ്, എഐഡിഡബ്ല്യുഎ, സിപിഐ എം എന്നിവയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നു. എഐകെഎസുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള തമിഴ്നാട് വ്യവസായികൾ സംഘത്തിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറി കൂടിയായ പി ഷൺമുഖം അനിശ്ചിതകാല നിരാഹാര സമരം നടത്തി. നിരവധിയാളുകൾ പ്രക്ഷോഭ സ്ഥലത്തേക്ക് ഒഴുകിയെത്തി. ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു തുടങ്ങി ചില പത്രങ്ങൾ സംഭവം ശ്രദ്ധിക്കുകയും ഇക്കാര്യം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ടിഎൻടിഎ 1992 ജൂലെെ 30ന് മദ്രാസ് ഹെെക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. എഐഡിഡബ്ല്യുഎ നേതാവ് മെെഥിലി ശിവരാമൻ ഒരു വസ്തുതാനേ-്വഷണ റിപ്പോർട്ട് തയ്യാറാക്കി. വാച്ചാത്തിയിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്നതിന് സ്ത്രീകളെയും ബഹുജനങ്ങളെയും എഐഡിഡബ്ല്യുഎയ്ക്കൊപ്പം അണിനിരത്തുന്നതിൽ അവർ വലിയ പങ്കു വഹിച്ചു. വസ്തുതാനേ-്വഷണ റിപ്പോർട്ട്, ദേശീയ പട്ടികജാതി – പട്ടികവർഗ കമ്മീഷന്റെ അന്നത്തെ റീജിയണൽ ഡയറക്ടറായിരുന്ന ഭാമതി ഐഎഎസിനു സമർപ്പിച്ചു. അവർ വാച്ചാത്തി സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ദേശീയ പട്ടികജാതി/പട്ടികവർഗ കമ്മീഷനു നൽകി. സിപിഐ എം സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന നല്ലശിവൻ 1992 സെപ്തംബർ 3ന് സുപ്രീംകോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു. സുപ്രീം കോടതി നാലു ദിവസത്തിനകംതന്നെ ഈ ഹർജി മദ്രാസ് ഹെെക്കോടതിയ്ക്കു കെെമാറിക്കൊണ്ട് വിഷയത്തിന്മേൽ അടിയന്തരമായും വാദം കേൾക്കണമെന്ന് ഉത്തരവിട്ടു. ഭാമതിയുടെ മേൽനോട്ടത്തിൽ മദ്രാസ് ഹെെക്കോടതി അനേ-്വഷണത്തിന് ഒരു ഏകാംഗ കമ്മീഷന് രൂപം നൽകി. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ ലംഘനം നടന്നതായി പ്രഥമദൃഷ്ട്യാ തന്നെ കണ്ടെത്തിയ കോടതി 1995ൽ കേസ് സിബിഐയ്ക്ക് കെെമാറി.

സിപിഐ എം, കിസാൻസഭ, ടിഎൻടിഎ,എഐഡിഡബ്ല്യുഎ, മറ്റ് വർഗ – ബഹുജന സംഘടനകൾ ഇവയെല്ലാം നടത്തിയ ഇരുപതോളം വർഷം നീണ്ടുനിന്ന രാഷ്ട്രീയ, നിയമപോരാട്ടങ്ങൾക്കൊടുവിൽ 2011 സെപ്തംബറിൽ നിയുക്ത വിചാരണ കോടതി കേസിലെ കുറ്റക്കാരായ 269 പേരിൽ ജീവിച്ചിരിക്കുന്ന 215 പേർക്ക് ജയിൽശിക്ഷ വിധിച്ചു; ഇവരെല്ലാം കുറ്റവാളികളാണെന്നു കണ്ടെത്തുകയും പട്ടികജാതി/പട്ടികവർഗക്കാർക്കുനേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം കുറ്റം ചുമത്തുകയും വനംവകുപ്പിലെ 17 ഉദ്യോഗസ്ഥർക്കെതിരെ ബലാൽസംഗക്കുറ്റം ചുമത്തുകയും ചെയ്തു. അഞ്ച് ഐഎഫ‍്എസ് (Indian Forest Service) ഉദ്യോഗസ്ഥരുൾപ്പെടെ, 155 വനം വകുപ്പ് ഉദ്യോഗസ്ഥർ, 108 പൊലീസുദ്യോഗസ്ഥർ, 6 റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ കുറ്റം ചുമത്തപ്പെട്ടവരിൽപെടുന്നു. സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരുമായ 21 പേർ കുറ്റക്കാരാണെന്നു കണ്ടെത്തിയ ജില്ലാ കോടതിയും സെഷൻസ് കോടതിയും ഇവരെ 2 മുതൽ 10 വർഷം വരെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇക്കാലയളവിനിടയിൽ മരണപ്പെട്ട 54 പേരടക്കം പ്രതികളാണെന്ന് കോടതി വിധിച്ചു. കുറ്റക്കാരായ നാലുപേർ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥരാണ്. ഒന്നാം പ്രതിയായ എം ഹരികൃഷ്ണൻ മുൻ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആയിരുന്നു. പി മുത്തയ്യൻ – അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, എ ബാലാജി –ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സാൻഡ്, എൻ നാഥൻ – ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരായിരുന്നു മറ്റ് ഐഎഫ്എസ് ഓഫീസർമാർ. മറ്റുള്ള ഭൂരിപക്ഷം പേർക്കുമെതിരെ പട്ടികജാതി/പട്ടിവർഗ അതിക്രമം തടയൽ നിയമം, 1989 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ക്രൂരമായ ബലാൽസംഗത്തിനിരയായ സ്ത്രീകൾക്ക് 15000 രൂപ വീതം നഷ്ടപരിഹാരവും നൽകി. ഒരുപക്ഷേ, നിയമചരിത്രത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത, നാഴികക്കല്ലായി മാറിയ ഇൗ വിധി, പ്രവചനാതീതമായ വെല്ലുവിളികളാണ് നേരിട്ടത്. കുറ്റാരോപിതർ വനംവകുപ്പിലെയും പൊലീസിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരായിരുന്നു.

2023 സെപ്തംബർ 29ന് മദ്രാസ് ഹെെക്കോടതി നേരത്തെ വന്ന വിധി ശരിവെച്ചുകൊണ്ട് ഇരകളാക്കപ്പെട്ടവർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും കുടുംബത്തിലെ അംഗങ്ങൾക്ക് സർക്കാർ ജോലി നൽകണമെന്നും വിധിച്ചപ്പോൾ, കഴിഞ്ഞ മുപ്പതു വർഷത്തിലേറെയായി വാച്ചാത്തിയിലെ ധീരരായ ആദിവാസി സ്ത്രീകളും നീതിക്കായി അവർ നടത്തിയ കഠിനമായ പോരാട്ടവുമാണ് വിജയിച്ചത്. പൊലീസിന്റെയും വനം, റവന്യുവകുപ്പ് ഉദ്യോസ്ഥരുടെയും അതിക്രൂരമായ ആക്രമണത്തിനും കൂട്ടബലാൽസംഗത്തിനും ഇരയായ കുട്ടികളുൾപ്പെടെ 18 സ്ത്രീകൾ ചെങ്കൊടിയ്ക്കുകീഴിൽ പൊരുതി ചരിത്രം സൃഷ്ടിക്കുകയും, നിയമത്തിന്റെ ചരിത്രത്തിൽ പ്രത്യേകിച്ച് ,സ്ത്രീകൾക്കെതിരായ ലെെംഗികാതിക്രമ കേസുകളുടെ ചരിത്രത്തിൽ അത്യസാധാരണമായ ഒരപൂർവ വിധി നേടിയെടുക്കുന്നതിൽ വിജയം വരിക്കുകയും ചെയ്തു. സിപിഐ എം, ടിഎൻടിഎ, കിസാൻസഭ, എഐഡിഡബ്ല്യുഎ, മറ്റ് സംഘടനകൾ, കേസിൽ വാദിച്ച അഭിഭാഷകർ (മുതിർന്ന അഭിഭാഷകരായ ആർ വെെഗെെ, എൻ ജി ആർ പ്രസാദ്, അഭിഭാഷകരായ ജി ചാംകിരാജ്, കെ ഇളങ്കോ, കെ സുബ്ബുറാം), സത്യസന്ധരായ ചില ഉദ്യോഗസ്ഥർ, ജയിൽ സൂപ്രണ്ട് ലളിതാബായ്, സിബിഐ അനേ-്വഷണ ഉദ്യോഗസ്ഥൻ ജഗന്നാഥൻ എന്നിവരെപ്പോലെയുള്ളവരെല്ലാം ഈ വിജയത്തിന്റെ ഭാഗമായുണ്ട്. യൂണിഫോമിട്ട ഉന്നത ഉദ്യോഗസ്ഥരോടും മാറിമാറി വന്ന ഗവൺമെന്റുകളോടും പൊരുതുന്നതിന് ധെെര്യം നൽകിയത് ചെങ്കൊടിയാണെന്നും ചെങ്കൊടി മാത്രമാണെന്നും വാച്ചാത്തിലെ ധീരവനിതകളിലൊരാളായ പറന്തായി വ്യക്തമാക്കി. പറന്തായി, സെൽവി, ജയ, പൂങ്കോത്തായി ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് സ്ത്രീകൾ ഇവരെയൊന്നും ഭരണകൂടത്തിന്റെ കയ്യൂക്കിനും ഭീഷണിയ്ക്കും തളർത്താനായില്ല. മൂന്നു പതിറ്റാണ്ടുമുമ്പ‍് അവർ സഹിച്ച വേദനാജനകമായ അനുഭവങ്ങൾക്കുശേഷം, പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ചെങ്കൊടിയെ അവർ മുറുകെപ്പിടിച്ചു. ഇന്നും അവർ അവരുടെ അവകാശങ്ങൾക്കുവേണ്ടി ജനങ്ങളെ ചെങ്കൊടിയ്ക്കുകീഴിൽ അണിനിരത്തുന്നത് തുടരുന്നു. കുറ്റകൃത്യം ചെയ്തവർ ആഗ്രഹിച്ചതുപോലെ നിശബ്ദരായിരിക്കാൻ വാച്ചാത്തിയിലെ ധീരരായ സ്ത്രീകൾ തയ്യാറായില്ല. ഈയടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്തവിധം അപൂർവമായ ശക്തമായ പോരാട്ടം കമ്യൂണിസ്റ്റ് പാർട്ടിയുടെയും കിസാൻ സഭയുടെയും മറ്റ് ബഹുജന സംഘടനകളുടെയും സഹായത്തോടെ കെട്ടിപ്പടുക്കപ്പെട്ടു. ദീർഘനാൾ നീണ്ടുനിന്ന നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തിന്റെ വിജയം നിസ്സംശയമായും അവരുടെ ഇച്ഛാശക്തിയെ കൂടുതൽ കരുത്തുറ്റതാക്കുകയും യുവതലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യും. ദീർഘനാൾ നീണ്ട ഇൗ പോരാട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച പി ഷൺമുഖം രചിച്ച, വാച്ചാത്തിയുടെ പോരാട്ടത്തെക്കുറിച്ചെഴുതിയ പുസ്തകം ആ മഹത്തായ കഥയുടെ ചുരുളഴിക്കുന്നതാണ്.

സമാനതകളില്ലാത്ത വിധി
ഈ വിധിയെ ഒരു നാഴികക്കല്ലായ വിധിയെന്നും ചരിത്രപരമായ വിജയമെന്നും വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ ഇത്തരം കേസുകളുടെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ ഇതു മനസ്സിലാക്കാനാകും. വാച്ചാത്തി കൂട്ടബലാൽസംഗ സംഭവത്തിനുശേഷമുള്ള മുപ്പതുവർഷത്തിനിടയിലുണ്ടായ നിരവധി സംഭവങ്ങളിൽ, ക്രമസമാധാനം ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ട പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, സായുധസേനയിലെയും അർധസെെനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ വരെ സ്ത്രീകൾക്കുനേരെ ലെെംഗികാതിക്രമങ്ങൾ നടത്തിയിട്ടുണ്ട്. സാധാരണ ഭാഷയിൽ പറഞ്ഞാൽ ഇത്തരം സംഭവങ്ങളിലെല്ലാം ‘‘സംരക്ഷകർ’’, ‘‘കുറ്റക്കാർ’’ ആയി മാറുന്നു. ഇത്തരത്തിലുള്ള ഏതു കുറ്റാരോപണങ്ങളെയും ഉടനടി തള്ളിക്കളയുക എന്നതാണ് ഭരണകൂടത്തിന്റെയും കോർപറേറ്റു മാധ്യമങ്ങളുടെയും സാധാരണ നിലയിലുള്ള പ്രതികരണം. നമ്മുടെ മഹത്തായ ഭരണകൂടസംവിധാനത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമേൽപ്പിക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളാണെന്ന നിലയിൽ ഇത്തരം കുറ്റാരോപണങ്ങളെ അവ വെള്ളപൂശുകയും ചെയ്യും. ഇത്തരം ആക്രമണങ്ങൾക്ക് ഇരയായവരുടെയോ അതിനെ അതിജീവിച്ചവരുടെയോ ഒപ്പം നിൽക്കുന്ന മനുഷ്യർക്കുമേൽ ഭരണകൂട അടിച്ചമർത്തൽ അഴിച്ചുവിടപ്പെടുന്നു. സ്ത്രീകൾക്കെതിരായ ആയുധമായി ബലാൽസംഗത്തെ ഉപയോഗിക്കുന്നവർ യൂണിഫേ-ാമിട്ട ആളുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. മറിച്ച്, ഗുണ്ടാസംഘങ്ങൾ, ജാതി സേനകൾ, മതഭ്രാന്തർ, ആൾക്കൂട്ടങ്ങൾ തുടങ്ങിയവരും ഉൾപ്പെടുന്നു. സ്ത്രീകൾക്കെതിരായ ലെെംഗികാതിതക്രമങ്ങളും ബലാംത്സംഗങ്ങളും സ്ഥിരം കാഴ്ചയായ നമ്മുടേതുപോലുള്ള ഒരു പുരുഷാധിപത്യ സമൂഹത്തിലെ എണ്ണമറ്റ സംഭവങ്ങൾക്കു പുറമെയാണ് ഇത്തരം സംഭവങ്ങൾ.

വാച്ചാത്തി സംഭവം നടക്കുന്നതിന് ഒരു വർഷം മുമ്പ് 1991 ഫെബ്രുവരി 23ന് ജമ്മു കാശ്മീരിലെ കുപ്പ്-വാര ജില്ലയിലെ കുനാൻ, പോഷ്പോര എന്നീ രണ്ടു ഗ്രാമങ്ങളിൽ ഇന്ത്യൻ പട്ടാളത്തിലെ ഫോർത്ത് രജ്പുത്താന റൈഫിൾസിലെ ഉദ്യോഗസ്ഥർ, കലാപകാരികൾക്കെതിരായ സെെനിക നടപടിയ്ക്കിടെ ഗ്രാമങ്ങൾ വളയുകയും അവിടത്തെ സ്ത്രീകളെ കുറഞ്ഞത് 23 പേരെയെങ്കിലും ബലാൽസംഗം ചെയ്തതായും ആരോപിക്കപ്പെടുന്നു. ഇത് 40 മുതൽ 80 സ്ത്രീകൾവരെയാണെന്നു വ്യത്യസ്ത കണക്കുകൾ പറയുന്നു. ഇതിലെ ഇരകൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. 1992 സെപ്തംബർ 22ന് രാജസ്താനിലെ ഭതേരിയിൽ അംഗൻവാടി തൊഴിലാളിയായ, പിന്നാക്ക സമുദായത്തിൽപെട്ട ബൻവാരി ദേവിയെ ഉന്നത ജാതിയായ ഗുജ്ജാർ സമുദായത്തിൽപെട്ട അഞ്ചുപേർ കൂട്ടബലാൽസംഗം ചെയ്തു. ഈ പ്രദേശത്ത് ഒരു ശെെശവ വിവാഹം തടയാൻ ബൻവാരി ദേവി ശ്രമിച്ചിരുന്നു. അതിനെതിരായ പ്രതികാരമായാണ് ഈ ഹീനകൃത്യം നടത്തിയത്. പൊലീസ് തികച്ചും നിസ്സംഗമായാണ് ഈ കേസിൽ ഇടപെട്ടത്. 1995 നവംബർ 15ന് ജയ്പൂരിലെ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരെയെല്ലാം വെറുതെ വിട്ടുകൊണ്ട് കേസ് തള്ളിക്കളഞ്ഞു. രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രക്ഷോഭം, വിധിയ്ക്കെതിരെ അപ്പീൽ നൽകാൻ ഭരണകൂടത്തെ നിർബന്ധിതമാക്കി. സംഭവം നടന്ന് 15 വർഷത്തിനുശേഷം, 2007ൽ രാജസ്താൻ ഹെെക്കോടതി വാദം കേൾക്കുമ്പോഴേക്കും കുറ്റാരോപിതരായ രണ്ടുപേർ മരിച്ചിരുന്നു.രാജസ്താൻ ഹെെക്കോടതിയുടെ നിരീക്ഷണങ്ങൾ പലതും വാചാത്തി കേസിലെ ആദ്യ കോടതിയുടെ നിരീക്ഷണങ്ങൾക്കു സമാനമാണെന്ന് വലിയൊരു വിഭാഗം കരുതുന്നു; ജഡ്-ജിമാരുടെ പ്രമോഷനുകളിലും നിയമനങ്ങളിലും പേരുകൾ പരിഗണിക്കവെ അവരുടെ ജാതി – വർഗ – ലിംഗ-– മത പക്ഷപാതിത്വങ്ങൾ സംബന്ധിച്ച് ഗൗരവതരമായ പരിശോധനകൾ നടത്തണമെന്ന് വാദിക്കുന്നവരാണ് ഈ വിഭാഗം.

സിഖ് വിരുദ്ധ കൂട്ടക്കൊല മുതൽ ഗുജറാത്ത് വംശഹത്യ വരെയുള്ള വർഗീയ – വംശഹത്യകളിൽ, സൂറത്ത് മുതൽ ഗുജറാത്തുവരെ, അതിക്രൂരമാംവിധമുള്ള ലെെംഗികാതിക്രമങ്ങൾ നേരിട്ട സ്ത്രീകൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല.

രൺവീർ സേനയെപ്പോലുള്ള ജാതിസേനകൾ ബഥനിതോലയിലും (1996) ബീഹാറിലെ ലക്ഷ്മൺപുർബത്തേയിലും (1997) ശങ്കർബിഘയിലും (1999‍) നടത്തിയ കൂട്ടക്കൊലകളിൽ സ്ത്രീകൾക്ക് അതിക്രൂരമായ ലെെംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബഥനി തോലയിൽ 21 ദളിതർ കൊല്ലപ്പെട്ടു. അതിൽ കൂടുതലും സ്ത്രീകളും കെെക്കുഞ്ഞുങ്ങളടക്കമുള്ള കുട്ടികളുമാണ്. ലക്ഷ്മൺപുർ ബത്തേയിൽ 58 ദളിതരും ശങ്കർബിഘയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 81 ദളിതരും കൊല്ലപ്പെട്ടു. ലക്ഷ്മൺപുർ ബത്തേയിലെ കൂട്ടക്കൊലയിൽനിന്നും രക്ഷപ്പെട്ട, ആ സംഭവത്തിനു ദൃക്സാക്ഷിയായ സൂരജ് മണി ദേവി പറഞ്ഞത്, 15 വയസ്സിൽ താഴെയുള്ള അഞ്ച് പെൺകുട്ടികളെ ബലാൽസംഗം ചെയ്തശേഷം അവരുടെ മാറിടങ്ങളും ജനനേന്ദ്രിയവും വികൃതമാക്കിയെന്നാണ്. അതിക്രൂരമായ ഈ സംഭവത്തിൽ 45 രൺവീർ സേനക്കാർക്കെതിരെ കേസെടുത്തു. 2010 ഏപ്രിലിൽ, പറ്റ്ന സിവിൽ കോടതിയുടെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഈ സംഭവത്തെ വിശേഷിപ്പിച്ചത് ‘‘പൊതുസമൂഹത്തിനുമേലുള്ള കളങ്കവും അപൂർവങ്ങളിൽ അപൂർവമായ ക്രൂരത’’യുമാണിതെന്നാണ് – കേസിൽ 16 പേർക്ക് വധശിക്ഷയും 10 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. എന്നാൽ 2013ൽ പാറ്റ്ന ഹെെക്കോടതി തെളിവുകളുടെ അഭാവമുണ്ടെന്ന പേരിൽ 26 കുറ്റവാളികളെയും കുറ്റവിമുക്തരാക്കി.

സായുധസേന നടത്തിയ മറ്റൊരു ക്രൂരകൃത്യം, 2014 ജൂലെെ 11ന്, പതിനേഴാമത് ആസാം റൈഫിൾസിലെ അർധ സെെനിക യൂണിറ്റിലെ അംഗങ്ങൾ മണിപ്പൂരിലെ തങ്ജം മനോരമയെ ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതാണ്. ഈ സംഭവത്തിൽ, ബഹുജനപ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ, 10 വർഷത്തിനുശേഷം 2014 ഡിസംബറിൽ സുപ്രീംകോടതി മനോരമയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ കുറ്റം ചുമത്തലോ കുറ്റവാളികൾക്ക് ശക്തമായ ശിക്ഷാവിധിക്കലോ ഉണ്ടായില്ല.സ്ത്രീകൾക്കുനേരെയുള്ള ലെെംഗികാതിക്രമങ്ങളും ബലാൽസംഗവും മിക്ക സംസ്ഥാനങ്ങളിൽനിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സായുധ കലാപത്തിനെതിരെയോ നക്സൽവിരുദ്ധ ഓപ്പറേഷനുകളോ നടക്കുന്ന സംസ്ഥാനങ്ങളിൽ. ഈയടുത്തയിടെ ഇത്തരം ആരോപണങ്ങൾ കൂടുതലായും വരുന്നത് ഛത്തീസ്ഗ-ഢിലെ ബസ്താർ പ്രദേശത്തുനിന്നുമാണ്.

2008ൽ കാന്ധമാലിൽ കന്യാസ്ത്രീയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ കുറ്റാരോപിതരായ ഭൂരിഭാഗം പേരെയും വെറുതെവിടുകയും കുറ്റക്കാരായവർ വളരെവേഗം ജാമ്യം നേടി പുറത്തുവരികയും ചെയ്തു. അടുത്തയിടെയുണ്ടായ കത്-വ, ഹത്രാസ് തുടങ്ങി എണ്ണമറ്റ കേസുകളിൽ നിർഭയ കൂട്ടബലാൽസംഗം പോലുള്ള അപൂർവം കേസുകളിൽ മാത്രമാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത്. 2022 ആഗസ്ത് 15ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ബിൽക്കീസ് ബാനോ കേസിൽ കീഴ്-കോടതി കുറ്റക്കാരെന്നു വിധിച്ച 11 പേരെ കുറ്റവിമുക്തരാക്കി. ധീരകൃത്യം നിറവേറ്റി തിരിച്ചുവരുന്നവരെ പോലെ സംഘപരിവാർ അവർക്ക് പൊതുസ്വീകരണവും നൽകി. രണ്ടു പതിറ്റാണ്ടു പിന്നിട്ടിട്ടും ബിൽക്കീസ് ബാനോ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നും മോചിതയായിട്ടില്ല. അതേസമയം കുറ്റം ചെയ്തവർ സ്വതന്ത്രരായി വിഹരിക്കുന്നു. വാച്ചാത്തിയിൽ അവളുടെ സഹോദരിമാർ കെെവരിച്ച നേട്ടം ഉറച്ച പോരാട്ടത്തിന് അവൾക്ക് ഉത്തേജനമേകും.

ഇത്തരം എണ്ണമറ്റ കേസുകളുടെ പശ്ചാത്തലത്തിലാണ് വാച്ചാത്തിയിലെ വിധിക്ക് സമാനതകളില്ലാത്ത പ്രാധാന്യം കെെവരുന്നത്. വാച്ചാത്തിയിലെ പാവപ്പെട്ട ജനങ്ങൾ ശക്തമായ ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും എതിരിട്ടുകൊണ്ട് വലിയ പ്രതിബന്ധങ്ങളെ തരണംചെയ്ത് വിജയം വരിച്ചു. ഈ പോരാട്ടം എല്ലാ അടിച്ചമർത്തപ്പെട്ടവർക്കും പ്രചോദനവും ഇത്തരം ആക്രമണങ്ങൾ നേരിടുന്നവർക്കെല്ലാം പ്രത്യാശയുടെ കിരണങ്ങൾ പ്രദാനം ചെയ്യുന്നതുമാണ്. പോരാട്ടത്തിന്റെ രസതന്ത്രം വാച്ചാത്തിയിലെ സ്ത്രീകളെ ഇരകളിൽനിന്നും പോരാളികളായി രൂപാന്തരപ്പെടുത്തുകയും തുടർന്നത്, ശക്തരായ ചൂഷകർക്കെതിരെ പോരാടുന്നവർക്കെല്ലാം പ്രത്യാശയുടെ സന്ദേശമായി മാറുകയും ചെയ്തിരിക്കുന്നു. സന്ദേശം വ്യക്തമാണ്: പോരാട്ടത്തിന്റെ തീയിൽ കുരുത്തവർ വെയിലത്തു വാടില്ല; തലമുറകളോളം അവർ ജ്വലിച്ചുനിൽക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular