Saturday, April 27, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍പ്രതിസന്ധികളിലും 
ഭിന്നതകളിലുംപെട്ട് 
സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി

പ്രതിസന്ധികളിലും 
ഭിന്നതകളിലുംപെട്ട് 
സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി

എം എ ബേബി

ന്നാം ലോകയുദ്ധത്തിൽ തുർക്കി (ഓട്ടോമൻ സാമ്രാജ്യം) പരാജയപ്പെട്ടതോടെ പലസ്തീനും ലബനനും ജോർദാനും സിറിയയും ഉൾപ്പെടെയുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അറബ് രാജ്യങ്ങളെ ബ്രിട്ടനും ഫ്രാൻസുമായി പങ്കിട്ടെടുത്തു. സിറിയയും ലബനനും ഫ്രാൻസിന്റെ മാൻഡേറ്ററി പരിധിയിൽ വന്നു. അതിനാലാണ് 1924 ൽ സിറിയയിലും ലബനനിലുമായി ഒരു കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. ആരംഭഘട്ടത്തിൽ തന്നെ ഫ്രഞ്ച് സാമ്രാജ്യത്വത്തിൽനിന്ന് അടിച്ചമർത്തൽ നേരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സിറിയ ആന്റ് ലബനൻ പ്രവർത്തിച്ചത്. എന്നാൽ ഒരു ദശകത്തിനുശേഷം, 1936 ആയപ്പോൾ സിറിയയിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ പുനരുജ്ജീവനം സാധ്യമായി. 1930ൽ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഖാലിദ് ബക്ദാഷ് നേതൃത്വത്തിൽ എത്തിയതും സിറിയയിൽ കമ്യൂണിസ്റ്റ് പ്രവർത്തനം ഉൗർജസ്വലമാകുന്നതിൽ പങ്കുവഹിച്ചു.

1930ൽ ദമാസ്-ക്കസ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരിക്കെയാണ് 18–ാം വയസ്സിൽ ഖാലിദ് ബക്ദാഷ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. ഫ്രഞ്ച് സാമ്രാജ്യത്വത്തിനെതിരെ സർവകലാശാല വിദ്യാർഥികളെ അണിനിരത്തി നടത്തിയ സമരങ്ങളിലൂടെയാണ് ബക്ദാഷിന്റെ സംഘാടന മികവും സമരശേഷിയും തെളിമയാർന്നുവന്നത്. സ്വാഭാവികമായും ഫ്രഞ്ച് പൊലീസിന്റെ നോട്ടപ്പുള്ളിയായി മാറിയ ബക്ദാഷിനെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം അതീവരഹസ്യമായി മോസ്-കോയിലെത്തിച്ചു. 1934ൽ അദ്ദേഹം മോസ്-കോയിലെ കമ്യൂണിസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ദി ടോയ്ലേഴ്സ് ഒാഫ് ദി ഈസ്റ്റിൽ വിദ്യാർഥിയായി ചേർന്നു. ഈ കാലത്ത് ബക്ദാഷാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത്.

മോസ്-കോയിൽനിന്ന് മടങ്ങിയെത്തിയ കുർദ് വംശജനായ ബക്-ദാഷ് 1936ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സിറിയ ആന്റ് ലബനന്റെ ജനറൽ സെക്രട്ടറിയായി. 1995ൽ 83–ാം വയസ്സിൽ അന്തരിക്കുന്നതുവരെ ബക്-ദാഷ് സിറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി തുടർന്നു.

സിറിയയിലെ ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ അധിനിവേശ വാഴ്ച-യ്ക്കെതിരായ ശക്തമായ പോരാട്ടത്തിന്റെ പാരമ്പര്യമാണ് സിറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടേത്; എന്നാൽ ഫ്രാൻസിന് നാസി ജർമനിയുടെ നിയന്ത്രണത്തിൽനിന്ന് രണ്ടാം ലോകയുദ്ധാവസാനത്തോടെ മോചനം ലഭിച്ചതിനെതുടർന്ന് സിറിയൻ കമ്യൂണിസ്റ്റ് പാർട്ടിക്കുമേൽ ചുമത്തിയിരുന്ന നിരോധനം പിൻവലിക്കുകയുണ്ടായി. 1946 ഏപ്രിൽ മാസത്തോടെ സിറിയ കൊളോണിയൽ വാഴ്ചയിൽനിന്ന് സ്വതന്ത്രമാവുകയും ചെയ്തു. 1944ൽ സിറിയൻ–ലബനീസ് കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ട് പ്രത്യേക പാർട്ടികളായി പ്രവർത്തനം തുടങ്ങി.

ദേശീയ പ്രസ്ഥാനത്തിന്റെ അവിഭാജ്യഭാഗമായാണ് സിറിയൻ കമ്യൂണിസ്റ്റു പാർട്ടിയെ ബക്-ദാഷ് അവതരിപ്പിച്ചത്. ആ നിലപാടിൽനിന്നാണ് കോളനി വാഴ്ചയ്ക്കെതിരായ പോരാട്ടത്തിൽ സിറിയൻ കമ്യൂണിസ്റ്റു പാർട്ടി നിർണായകമായ പങ്കുവഹിച്ചത്. മിതവാദപരമായ പ്രവർത്തനശെെലിയും പരിപാടിയുമായിരുന്നു സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിരുന്നത്. തൊഴിലാളിവർഗത്തിനിടയിൽ മാത്രമല്ല, ബുദ്ധിജീവികൾക്കിടയിലും സിറിയയിലെ ന്യൂനപക്ഷ ദേശീയവിഭാഗമായ കുർദുകൾക്കിടയിലും പാർട്ടി സ്വാധീനമുറപ്പിച്ചു.

1949 മുതൽ സിറിയയുടെ ഭരണം പട്ടാളത്തിന്റെ പിടിയിലായിരുന്നു. ആ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്നു. 1954ൽ ജനാധിപത്യഭരണത്തിലേക്ക് സിറിയ മാറിയതോടെ നടന്ന തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഖാലിദ് ബക്-ദാഷ് ദമാസ്-ക്കസ് മേഖലയിൽനിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അറബ് രാജ്യങ്ങളിൽ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കമ്യൂണിസ്റ്റായിരുന്നു ബക്-ദാഷ്.
സിറിയയിൽ 1950കളിലെ ഒരു പ്രധാന രാഷ്ടീയ ചർച്ചാവിഷയം, ജനറൽ ഗമാൽ അബ്ദുൽ നാസറിന്റെ ഭരണത്തിൻ കീഴിലുള്ള ഈജിപ്തുമായുള്ള ഏകീകരണമായിരുന്നു. സാമ്രാജ്യത്വവിരുദ്ധ നിലപാടും അറബ് ദേശീയതയും ഉയർത്തിപ്പിടിച്ചിരുന്ന നാസർ അതേസമയം തന്നെ ഈജിപ്ഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുകയും കമ്യൂണിസ്റ്റുകാർക്കും മറ്റു ഇടതുപക്ഷ വിഭാഗങ്ങൾക്കുംനേരെ കടുത്ത മർദന നടപടികൾ അഴിച്ചുവിടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈജിപ്തുമായുള്ള സിറിയയുടെ ഏകീകരണ നിർദേശത്തെ സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി ആശങ്കയോടെയാണ് കണ്ടത്. എന്നാൽ, ജനവികാരം ആ ഏകീകരണത്തിനനുകൂലമായതിനാൽ ആ നിർദേശത്തെ പാടെ തള്ളിക്കളയാനും പാർട്ടി തയ്യാറായില്ല.

ഒടുവിൽ 1958 ഫെബ്രുവരിയിൽ ഈജിപ്തും സിറിയയും ചേർന്ന് യുണെെറ്റഡ് അറബ് റിപ്പബ്ലിക് (യുഎആർ) നിലവിൽ വന്നു. ആശങ്കപ്പെട്ടതുപോലെ തന്നെ 1958 അവസാനമായപ്പോൾ സിറിയൻ കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ വിഭാഗങ്ങൾക്കുംനേരെ രൂക്ഷമായ ആക്രമണമുണ്ടാവുകയും ചെയ്തു. നാസറിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ചെറിയൊരു വിമർശനത്തെ തുടർന്ന് (യുഎആർ ഒരു അയഞ്ഞ ഫെഡറേഷൻ മാത്രമാണെന്ന ബക്-ദാഷിന്റെ പ്രസ്താവന) നിരവധി കമ്യൂണിസ്റ്റുകാർ കടന്നാക്രമിക്കപ്പെടുകയും വകവരുത്തപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയുമുണ്ടായി. എന്നാൽ 1961ൽ സിറിയയിൽ നടന്ന സെെനിക അട്ടിമറിയെ തുടർന്ന് യുഎആറിൽനിന്ന് സിറിയ വേർപ്പെട്ടു. സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി ഈ വിഭജനത്തിന് അനുകൂലമായ നിലപാടെടുത്തത് വലിയ തിരിച്ചടിക്കിടയാക്കി. പാർട്ടിയുടെ ജനപിന്തുണയിൽ മാത്രമല്ല, പാർട്ടി മെമ്പർഷിപ്പിലും ഇതുമൂലം ചോർച്ചയുണ്ടായി. മാത്രമല്ല, 1963ൽ സെെന്യത്തിലെ നാസർ പക്ഷക്കാർ സിറിയൻ ഭരണം പിടിച്ചെടുത്തതോടെ കമ്യൂണിസ്റ്റ് പാർട്ടി വീണ്ടും അടിച്ചമർത്തൽ നേരിട്ടു.

സിറിയ: നാടും ജനങ്ങളും

ഔദ്യോഗികമായി സിറിയൻ അറബ് റിപ്പബ്ലിക് എന്നറിയപ്പെടുന്ന സിറിയ ഒരു പശ്ചിമേഷ്യൻ രാജ്യമാണ്. പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലുമായും വടക്ക് തുർക്കിയുമായും കിഴക്ക് – തെക്കുകിഴക്ക് ഭാഗത്ത് ഇറാഖുമായും തെക്ക് ജോർദാനുമായും തെക്കു പടിഞ്ഞാറ് ഇസ്രയേലും ലബനനുമായും അതിർത്തി പങ്കിടുന്നു. ലോകത്തിലെ അതിപുരാതന നഗരങ്ങളിലൊന്നായ ദമാസ്-കസ് ആണ് തലസ്ഥാനം.

ഭൂമിശാസ്ത്രപരമായി ഫലഭൂയിഷ്ഠമായ സമതലങ്ങളും പർവതനിരകളും നിറഞ്ഞ ഈ രാജ്യം ജനസംഖ്യാപരമായി വെെവിധ്യമാർന്ന വംശീയവിഭാഗങ്ങളും മതവിഭാഗങ്ങളുമുള്ള നാടാണ്. അറബികളും തുർക്കികളും കുർദുകളും അസീറിയന്മാരും സർക്കാഷിയന്മാരും അർമേനിയക്കാരും ഗ്രീക്കുകളുമടക്കമുള്ള വംശീയ വിഭാഗങ്ങളുണ്ട്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും അലവെെറ്റുകളും ഡ്രൂസും യാസിദികളുമാണ് മതവിഭാഗങ്ങൾ. സുന്നി മുസ്ലീങ്ങളാണ് ഭൂരിപക്ഷം. 2023ലെ കണക്കുപ്രകാരം 2.3 കോടിയാണ് ജനസംഖ്യ.

ഖാലിദ് ബക്ദാഷ്

 

കന്ദ്രി ജമീൽ

1970ൽ സിറിയയിൽ ഹാഫിസ് അൽ ആസാദ് അധികാരത്തിൽ വന്നതിനെ തുടർന്നാണ് ഈ അടിച്ചമർത്തലിന് കുറച്ചൊരു അയവു വന്നത്. പരിമിതമായ ജനാധിപത്യവും രാഷ്ട്രീയ ബഹുസ്വരതയും അനുവദിക്കപ്പെട്ടു. 1972ൽ രൂപീകരിക്കപ്പെട്ട ദേശീയ പുരോഗമന മുന്നണി (National Progressive Front) യിൽ ചേരാൻ തയ്യാറുള്ള പാർട്ടികൾക്കും ഗ്രൂപ്പുകൾക്കും മാത്രമേ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരിന്നുള്ളൂ. സർക്കാരും അതിനു നേതൃത്വം നൽകുന്ന ബാത്ത് പാർട്ടിയും (അറബ് നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി) മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസത്തിന്റെയും അറബ് ദേശീയതയുടെയും ആശയങ്ങൾ ഉൾക്കൊള്ളുന്ന പാർട്ടികൾക്കു മാത്രമേ മുന്നണിയിൽ ചേരാനും സാധ്യമാകൂ.

മുന്നണിയുടെ നേതൃത്വം ബാത്ത് പാർട്ടിക്കുതന്നെ ആയിരിക്കും. 1972ൽ അംഗീകരിച്ച ഭരണഘടന പ്രകാരം ബാത്ത് പാർട്ടി ആയിരിക്കും സിറിയൻ സമൂഹത്തെയും ഭരണകൂടത്തെയും നയിക്കുന്നത്. സെെന്യത്തിലും സർവകലാശാലാ വിദ്യാർഥികൾക്കിടയിലും പ്രവർത്തനസ്വാതന്ത്ര്യം ബാത്ത് പാർട്ടിക്ക് മാത്രമായിരിക്കും. സിറിയൻ കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒന്നുകിൽ ഈ നിയന്ത്രണങ്ങൾക്കു വിധേയമായി ബാത്ത് പാർട്ടിയുടെ, അതായത് ഹാഫിസ് അൽ–ആസാദിന്റെ നേതൃത്വത്തിലുള്ള മുന്നണിയിൽ ചേർന്നു പ്രവർത്തിക്കാം, അല്ലെങ്കിൽ നിയമവിരുദ്ധ പാർട്ടിയായി തുടരാം എന്ന സ്ഥിതി വന്നു. ബക്-ദാഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ ഭൂരിപക്ഷം മുന്നണിയിൽ ചേരാനാണ് തീരുമാനിച്ചത്. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം ഈ തീരുമാനത്തോട് ശക്തമായി വിയോജിച്ചിരുന്നെങ്കിലും തൽക്കാലം അവരും പാർട്ടിയിൽതന്നെ തുടർന്നു.

binary comment

എന്നാൽ 1976 ൽ ലബനീസ് ആഭ്യന്തര യുദ്ധത്തിൽ സിറിയ ഇടപെടുകയും മാറണെെറ്റുകളുടെ നേതൃത്വത്തിലുള്ള വലതുപക്ഷത്തെ അനുകൂലിക്കുകയും ചെയ്തതോടെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷ വിഭാഗം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ലബനീസ് ആഭ്യന്തരയുദ്ധത്തിൽ മാറണെെറ്റുകളുടെ നേതൃത്വത്തിലുള്ള വലതുപക്ഷം ഇടതുപക്ഷത്തിനു മുൻകയ്യുള്ള പലസ്തീൻ ലിബറേഷൻ ഓർഗനെെസേഷനുമായും ലബനീസ് ദേശീയവാദികളുമായാണ് ഏറ്റുമുട്ടിയത്. കമ്യൂണിസ്റ്റു പാർട്ടിയിലെ റിയാസ് അൽ–തുർക്കിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇതിനെ തുടർന്ന് പാർട്ടി വിടുകയും സിറിയൻ കമ്യൂണിസ്റ്റു പാർട്ടി (പൊളിറ്റിക്കൽ ബ്യൂറോ) എന്ന പേരിൽ പ്രത്യേക പാർട്ടിയായി പ്രവർത്തനം നടത്തുകയും ചെയ്തു. 2005 വരെ ഈ പേരിൽ പ്രവർത്തനം തുടർന്നശേഷം പിന്നീട് സിറിയൻ ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടി എന്ന പേരിൽ മാർക്സിസ്റ്റ് നിലപാടുകൾ പാടെ ഉപേക്ഷിച്ചു; മാത്രമല്ല മുസ്ലീം ബ്രദർ ഹുഡ് പോലെയുള്ള സുന്നി ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുമായി അടുക്കുകയും ചെയ്തു. എങ്കിലും മതനിരപേക്ഷ നിലപാട് പ്രത്യക്ഷമായി കെെവെടിഞ്ഞതുമില്ല.

1980കളുടെ ആദ്യ പകുതിയിൽ സിറിയൻ ഗവൺമെന്റ് സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനങ്ങളെയാകെ അടിച്ചമർത്താൻ തുടങ്ങി; എൻപിഎഫ് എന്ന ബാത്ത് പാർട്ടി നേതൃത്വത്തിലുള്ള മുന്നണിയിൽ അംഗമായിരുന്നിട്ടും കമ്യൂണിസ്റ്റ് പാർട്ടിക്കുനേരെയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; നിധാൽ അഷ്–ഷാബ് (ജനകീയസമരം), അൻ–നൂർ (വെളിച്ചം) എന്നീ പാർട്ടി പ്രസിദ്ധീകരണങ്ങൾ നിരോധിച്ചു; പാർട്ടിക്കുമേൽ സെക്യൂരിറ്റി സർവീസിന്റെ നിരീക്ഷണം ശക്തമാക്കി. ഈ സാഹചര്യത്തെ തുടർന്ന് ഒളിവിൽ പ്രവർത്തിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നിർബന്ധിതമായി. മെമ്പർഷിപ്പ് ലിസ്റ്റ് രഹസ്യമാക്കി വച്ചു. 1986 വരെ ഈ സ്ഥിതി തുടർന്നു.

കമ്യൂണിസ്റ്റ് പാർട്ടിക്കുനേരെയുള്ള ആക്രമണനയത്തിൽ 1986ൽ സിറിയൻ ഗവൺമെന്റ് അയവുവരുത്തി; കമ്യൂണിസ്റ്റ് പാർട്ടിക്കുമേലുള്ള നിരോധനം നീക്കം ചെയ്തു. സോവിയറ്റ് യൂണിയന്റെ ഇടപെടലാണ് ഇതിനുകാരണമായത് എന്നു പറയപ്പെടുന്നു.

1986നുശേഷം സിറിയൻ കമ്യൂണിസ്റ്റു പാർട്ടിയിൽ വീണ്ടും നയപരമായ വിഷയങ്ങളിൽ അഭിപ്രായഭിന്നത ഉടലെടുത്തു. സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന മിഖായേൽ ഗോർബച്ചേവ് അവതരിപ്പിച്ച പെരിസ്ട്രോയിക്കയും ഗ്ലാസ്-നോസ്റ്റും സംബന്ധിച്ച് പാർട്ടിയിൽ ഉടലെടുത്ത അഭിപ്രായഭിന്നത വീണ്ടും പിളർപ്പിനിടയാക്കി. പാർട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറി യൂസഫ് ഫെെസലിന്റെ നേതൃത്വത്തിൽ ഗോർബച്ചേവിന്റെ പരിഷ്-ക്കാരങ്ങൾക്ക് അനുകൂലമായിരുന്ന ബുദ്ധിജീവികൾ ഉൾപ്പെടുന്ന ഒരു വിഭാഗം, ഗോർബച്ചേവ് നയങ്ങളെ എതിർത്ത പാർട്ടി ജനറൽ സെക്രട്ടറി ബക്ദാഷിന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷ നിലപാടിനെതിരെ പരസ്യമായി രംഗത്തുവരികയും സിറിയൻ കമ്യൂണിസ്റ്റു പാർട്ടി (യൂണിഫെെഡ്) രൂപീകരിക്കുകയും ചെയ്തു. 1986ൽ രൂപംകൊണ്ട ഈ പാർട്ടിയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി നജിമുദ്ദീൻ അൽ–ഖാരിദ് ആണ്. പാർട്ടി മുഖപത്രം അൻ–നൂർ (വെളിച്ചം) ആണ്. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ 250 അംഗപാർലമെന്റിൽ രണ്ട് അംഗങ്ങളെ വിജയിപ്പിക്കാൻ ഈ വിഭാഗത്തിനു കഴിഞ്ഞു. കാബിനറ്റിലും ഒരു പ്രതിനിധിയുണ്ട്, പാർട്ടിക്ക്. 2000 ത്തിലെ ദമാസ്-ക്കസ് വസന്തം എന്ന ജനകീയ പ്രക്ഷോഭത്തിൽ ഈ പാർട്ടി സജീവമായി ഇടപെട്ടിരുന്നു.

ബക്ദാഷിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഔദ്യോഗിക വിഭാഗത്തിന് പ്രധാനമായും കുർദ് മേഖലയിലാണ് സ്വാധീനം. ഈ വിഭാഗം ഇപ്പോൾ അറിയപ്പെടുന്നത് സിറിയൻ കമ്യൂണിസ്റ്റു പാർട്ടി (ബക്ദാഷ്) എന്നാണ്. ഇരുവിഭാഗങ്ങളും നാഷണൽ പ്രോഗ്രസീവ് ഫ്രണ്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 2000ത്തിലെ ദമാസ്-ക്കസ് പ്രക്ഷോഭത്തിൽ ഈ വിഭാഗവും സജീവമായി പങ്കെടുത്തിരുന്നു. സാവത് അൽ–ഷാബ് (ജനശബ്ദം) ആണ് പാർട്ടി മുഖപത്രം. പാർലമെന്റിൽ പാർട്ടിക്ക് 3 അംഗങ്ങളാണുള്ളത്. 2012ൽ എട്ട് അംഗങ്ങളുണ്ടായിരുന്നു. കാബിനറ്റിൽ ഒരു പ്രതിനിധിയുമുണ്ട്– മുഹമ്മദ് ഫയെസ് അൽ–ബറാഷ. ഇപ്പോൾ പാർട്ടി ജനറൽ സെക്രട്ടറി അമർ ബക്ദാഷ് ആണ്.

2000ത്തിൽ ചേർന്ന പാർട്ടിയുടെ 9–ാം കോൺഗ്രസ് ദമാസ്-ക്കസ് മേഖലയിലെ 80 ശതമാനത്തോളം പാർട്ടി അംഗങ്ങളെ പുറത്താക്കാൻ തീരുമാനിച്ചു. ഇങ്ങനെ പുറത്താക്കപ്പെട്ട പാർട്ടി അംഗങ്ങളും നേതാക്കളും ചേർന്ന് കദ്രി ജമീലിന്റെ നേതൃത്വത്തിൽ, നാഷണൽ കമ്മിറ്റി ഫോർ ദി യൂണിറ്റി ഓഫ് ദി സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ചു. 2012ൽ ഈ വിഭാഗം പീപ്പിൾസ് വിൽ പാർട്ടി എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനകം 2013ൽ പത്താം കോൺഗ്രസ് ചേർന്നു. മറ്റു രണ്ട് വിഭാഗങ്ങളെപോലെതന്നെ ഇവരും 1924 മുതൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയുടെ മാതൃകവും മാർക്സിസം–ലെനിനിസവും ഉയർത്തിപ്പിടിക്കുന്നു. ഡോ. കദ്രി ജമീലാണ് പാർട്ടി സെക്രട്ടറി. ജനാധിപത്യ കേന്ദ്രീകരണത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ നേതൃത്വം എന്നതാണ് സംഘടനാതത്വമായി അംഗീകരിച്ചിട്ടുള്ളത്. സിറിയൻ സർക്കാർ 2005 മുതൽ പിന്തുടരുന്ന നവലിബറൽ സാമ്പത്തികനയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ വിഭാഗത്തിന് പാർലമെന്ററി പ്രാതിനിധ്യമില്ല. നാഷണൽ പ്രോഗ്രസീവ് ഫ്രണ്ടിൽ ചേർന്നിട്ടില്ല. എന്നാൽ നിലവിലെ സിറിയൻ ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള കമ്മിറ്റിയിൽ ഡോ. കദ്രി ജമീൽ അംഗമായിരുന്നു. 2012ൽ പാർട്ടിക്ക് പാർലമെന്റിൽ ഒരു അംഗമുണ്ടായിരുന്നു. എന്നാൽ 2016ലും 2020ലും ഒരംഗത്തെയും ജയിപ്പിക്കാനായില്ല.

ഇങ്ങനെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് സിറിയൻ കമ്യൂണിസ്റ്റുകാർ നിലവിൽ പ്രവർത്തിക്കുന്നത്. ഇവർക്കിടയിൽ യോജിച്ച പ്രവർത്തനം രൂപപ്പെടുത്തുവാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. 2024 അവസാനം നടക്കേണ്ട ‘അന്താരാഷ്ട്ര കമ്യൂണിസ്റ്റ്– തൊഴിലാളിപ്പാർട്ടികളുടെ സമ്മേളന’ത്തിന് ഡമാസുസ്സെിൽവച്ച് ആതിഥ്യം വഹിക്കാൻ താൽപ്പര്യമുണ്ടെന്ന് സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി (യൂണിഫെെഡ്) അറിയിച്ചിരുന്നു. മറ്റു കമ്യൂണിസ്റ്റ് പാർട്ടികളെ കൂടി സഹകരിപ്പിച്ചുകൊണ്ട് ഇത് സംഘടിപ്പിക്കാമെന്നാണ് അവർ പറഞ്ഞത്. അതേസമയം തന്നെ ലെബനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഇതേ താൽപ്പര്യം പ്രകടിപ്പിക്കുകയുണ്ടായി. എന്തായാലും പരസ്പരചർച്ചകളെത്തുടർന്ന്, ബെയ്റൂട്ടിൽ (ലെബനൺ) വച്ച് ആകാം എന്ന തീരുമാനത്തിലെത്തുകയാണ് ഉണ്ടായത്. പ്രശ്ന സങ്കീർണവും ഇസ്രയേലി –സിയണിസ്റ്റ് ആക്രമണയുദ്ധത്തിന്റെ പെെശചാചികത ബീഭത്സമായി വെളിപ്പെടുന്ന പലസ്തീനോട് തൊട്ടുകിടക്കുകയും ചെയ്യുന്ന ഈ പ്രദേശത്ത് ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള കമ്യൂണിസ്റ്റുകാർ ഒത്തുകൂടുന്ന സമ്മേളനം ശ്രദ്ധേയമാകുമെന്നതിൽ സംശയമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + four =

Most Popular