Friday, November 22, 2024

ad

Homeവിശകലനംപാർലമെന്റ് ആക്രമണം മോദി ഒളിച്ചോടുന്നതെന്തിന്?

പാർലമെന്റ് ആക്രമണം മോദി ഒളിച്ചോടുന്നതെന്തിന്?

സി പി നാരായണൻ

തിനേഴാം ലോക്-സഭയുടെ പൂർണമായി ചേരുന്ന അവസാനത്തെ സെഷനാണ് ക്രിസ്തുമസ്സിനു മുമ്പായി അവസാനിക്കുന്നത്. അടുത്ത മാർച്ച് 31നുമുമ്പ് അതിനുശേഷമുള്ള സാമ്പത്തികവർഷത്തെ ഏതാനും മാസത്തെ സർക്കാരിന്റെ ചെലവിനു അംഗീകാരം നൽകുന്ന ഇടക്കാല ബജറ്റ് അംഗീകരിക്കുന്നതിനായിരിക്കും മുൻ പതിവ് അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് പാർലമെന്റ് 2024ൽ ചേരുക. സാധാരണഗതിയിൽ ഭരണപ്രതിപക്ഷങ്ങൾ അഞ്ചുവർഷക്കാലം തങ്ങൾ രാജ്യത്തിനായി ചെയ്ത പ്രവർത്തനങ്ങളുടെ വിമർശനപരമായ വിലയിരുത്തലാണ് മുൻകാലങ്ങളിൽ ഭംഗ്യന്തരേണ ലോക്-സഭയുടെ അവസാന സമ്മേളനത്തിൽ നടത്താറുള്ളത്. എന്നാൽ, 15ഉം 16ഉം സഭകളുടെ അവസാന സമ്മേളനം അതിനു വിപരീതമായി ഭരണപ്രതിപക്ഷങ്ങളുടെ ഏറ്റുമുട്ടലോടെ അവസാനിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.

എന്നാൽ, ഇത്തവണ ആ പതിവ് കുറേക്കൂടി മൂർച്ഛിച്ച മട്ടിലാണ് നടക്കുന്നത്. ഈ ശെെത്യകാല സമ്മേളനത്തിന്റെ അവസാന ആഴ്ചക്കുമുമ്പുതന്നെ സഭയിൽ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. ഈ സമ്മേളനം തുടങ്ങിയ ഉടനെയാണ് സഭയ്ക്കുള്ളിലേക്ക് ചിലർ കടന്നുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. അതിനുകാരണം സർക്കാരിന്റെ ഭാഗത്തുണ്ടായ സുരക്ഷാവീഴ്ചയാണ്. ഇങ്ങനെ ചിലർ പാർലമെന്റിനുള്ളിലേക്കു കടന്നുകയറിയതും സുരക്ഷാവീഴ്ച ഉണ്ടാക്കിയതും മോദി സർക്കാരിന്റെ അതിൽ പ്രത്യേകിച്ച് അമിത്ഷായുടെ കീഴിലുള്ള സുരക്ഷാ സംവിധാനത്തിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണ്. പാർലമെന്റ് ജനാധിപത്യവ്യവസ്ഥയിൽ ഏറ്റവും പ്രധാനപ്പെട്ടതും നിർണായക പ്രാധാന്യമുള്ളതുമായ സ്ഥാപനമാണ്. അതാണ് രാജ്യത്തിനു ബാധകമായ എല്ലാ പ്രധാന തീരുമാനങ്ങളും ഒൗപചാരികമായി കെെക്കൊള്ളുന്നത്. പാർലമെന്റിലെ ഭൂരിപക്ഷ കക്ഷിയുടെ നേതാവ് എന്ന നിലയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ അധികാരമെല്ലാം പ്രയോഗത്തിൽ കയ്യാളുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ ഇടപെടലോടെയും സഹകരണത്തോടെയുമാണ് ഭൂരിപക്ഷമുള്ള കക്ഷി (മുന്നണി) ഭരണം കയ്യാളുന്നത് എന്നതാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ സവിശേഷത. അങ്ങനെയാണ് ഭരണം എല്ലാവരുടേതുമായി മാറുന്നത്.

എന്നാൽ, നരേന്ദ്രമോദി നയിക്കുന്ന ബിജെപിയുടെ മന്ത്രിസഭക്ക് ഈ ജനാധിപത്യതത്വവും അതിന്റെ പ്രയോഗവും ഒട്ടും തന്നെ അംഗീകരിക്കാനാവുന്നില്ല. അതിനു തെളിവാണ് മുകളിൽ ചൂണ്ടിക്കാണിച്ച സംഭവം. സർക്കാരിന്റെയോ പാർലമെന്റ് അധികൃതരുടെയോ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായി. അതുകൊണ്ടാണ് പാർലമെന്റ് മന്ദിരത്തിന്റെ സംരക്ഷണത്തിനായി സർക്കാരും പാർലമെന്റ് സംവിധാനവും നിയോഗിച്ചിരിക്കുന്ന പല സേനകളുടെയും കണ്ണുവെട്ടിച്ച് ഇത്തരത്തിലൊരു സംഭവം അവിടെ അരങ്ങേറിയത്. ആ പ്രശ്നം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തികച്ചും ന്യായമായതാണ്.

തങ്ങളുടെ കീഴിലുള്ള സുരക്ഷാസേനയുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നു സർക്കാരിനു അതിന്റെ ഭാഗമായി ഏറ്റുപറയേണ്ടിവരും. ഒരു ഭരണകക്ഷി എംപിയുടെ ശിപാർശ അനുസരിച്ച് പാർലമെന്റിൽ കടന്ന് പ്രകടനം നടത്തിയവർ അവകാശപ്പെടുന്നതുപോലെ ജനങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങൾ ഉന്നയിക്കാൻ മാത്രമായിരുന്നോ പാർലമെന്റിന്റെ സുരക്ഷയെ അപകടത്തിലാക്കിയ ഈ പ്രകടനം, അതോ അതിലും ഗൗരവപ്പെട്ട എന്തെങ്കിലും അടിയൊഴുക്കുകൾ അതിനുപിന്നിലുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നത് സ്വാഭാവികം. അതിനു വിശദീകരണം നൽകാനുള്ള ബാധ്യത ഭരണപക്ഷത്തിനുണ്ട്. ഇത്തരം സംഭവങ്ങൾ നടമാടുമ്പോൾ ജനാധിപത്യവ്യവസ്ഥയിൽ ഒഴിവാക്കാനാവാത്തതാണ് പാർലമെന്റിൽ പ്രശ്നം ഉന്നയിക്കപ്പെടുന്നതും സർക്കാർ അതിനു വിശദീകരണം നൽകുന്നതും. പ്രതിപക്ഷം അത് ഉന്നയിച്ച് സർക്കാർ മറുപടി നൽകുന്നതോടെ തീരാവുന്നതായാണ് സാധാരണഗതിയിൽ ഈ പ്രശ്നം. ഏതാനും മണിക്കൂർ നേരത്തെ ചർച്ചയോടെ തീരുമായിരുന്നു അത്.

പക്ഷേ, നരേന്ദ്രമോദി നയിക്കുന്ന ബിജെപിക്ക് ഈ പാർലമെന്ററി നടപടിക്രമത്തോട് ഒട്ടും തന്നെ ആഭിമുഖ്യമില്ല. അതുകൊണ്ടാണല്ലോ ആ നടപടിക്രമത്തിനും ചർച്ചക്കും അവർ മുതിരാതിരുന്നത്. ഇതിനുമുമ്പ് പാർലമെന്റിനുനേരെ രാജ്യത്ത് നടന്ന ആക്രമണങ്ങളെല്ലാം ബിജെപി മന്ത്രിസഭകൾ വാഴുന്ന കാലത്താണ്. 2002ൽ എ ബി വാജ്-പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു ആദ്യത്തേത്. പിന്നീട് 21 വർഷം കഴിഞ്ഞ് ഇപ്പോൾ നരേന്ദ്രമോദി മന്ത്രിസഭയുടെ കാലത്തും. ഒരുപക്ഷേ, ചർച്ച ഉണ്ടായാൽ, ഇതൊക്കെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചേക്കാം നരേന്ദ്രമോദി സർക്കാരിന്റെ ഭരണപരമായ വീഴ്ചകളെക്കുറിച്ചും. അതുണ്ടാക്കുന്ന ക്ഷീണം മറച്ചുവയ്ക്കാനാണോ, മോദിയും കൂട്ടരും ഈ വിഷയത്തെ കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയിൽ പ്രസ്താവന നടത്തണം എന്ന പ്രതിപക്ഷ ആവശ്യത്തെ തള്ളിക്കളഞ്ഞത്? പാർലമെന്ററി വ്യവസ്ഥയിൽ സർക്കാരിനു അധികകാര്യങ്ങളൊന്നും മറച്ചുവയ്ക്കാനാവില്ല. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണകൂടം എന്നാണല്ലോ ജനാധിപത്യവ്യവസ്ഥയെക്കുറിച്ച് പറയാറുള്ളത്. അവിടെ സുതാര്യത പ്രധാനമാണ്, എല്ലാ തലങ്ങളിലും. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പാർലമെന്റിൽ പോകാതിരിക്കാനും അവിടെ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കാനും സാധാരണഗതിയിൽ ആവില്ല. എന്നാൽ നരേന്ദ്രമോദിയും അമിത്ഷായും അതാണ്.

അങ്ങനെ ഉത്തരം പറയാതെ പാർലമെന്റിൽ തങ്ങൾക്ക് ഭൂരിപക്ഷം ഉണ്ട് എന്നുകരുതി ധിക്കാര പൂർവം പെരുമാറിയാൽ എന്തു സംഭവിക്കും? അതാണ് ഡിസംബർ 18നു ആരംഭിച്ച സെഷനിൽ പാർലമെന്റിൽ ജനങ്ങൾ കണ്ടത്. ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ പാർലമെന്റ് ആക്രമണത്തെക്കുറിച്ച് പ്രസ്-താവന ചെയ്യണം എന്ന ന്യായമായ ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നിട്ടുമതി ഭരണപക്ഷത്തുനിന്ന് നിർദേശിക്കപ്പെട്ട കാര്യപരിപാടി നടത്താൻ എന്നു പ്രതിപക്ഷം നിർദേശിച്ചു. ഭരണപക്ഷം അതിനു വഴങ്ങിയിട്ടില്ല. ഒടുവിൽ ലോക്-സഭയിൽ സ്പീക്കറും രാജ്യസഭയിൽ ചെയർമാനും പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്-പെൻഡ് ചെയ്തു. ഡിസംബർ 15നു അവസാനിച്ച ആഴ്ചയിൽ 15 പേരെയാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് ഡിസംബർ 20 അടക്കമുള്ള ദിവസങ്ങളിൽ ലോക, രാജ്യസഭകളിലായി സസ്-പെൻഡ് ചെയ്യപ്പെട്ടത് 126 അംഗങ്ങളാണ്. ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ഇത്രയേറെ അംഗങ്ങൾ സസ്-പെൻഡ് ചെയ്യപ്പെട്ടകാലം മുമ്പുണ്ടായിട്ടില്ല.

ഇതേവരെ സസ്-പെൻഡ് ചെയ്യപ്പെട്ടവർ കഴിഞ്ഞാൽ ലോക്-സഭയിൽ അവശേഷിക്കുന്ന ഭരണപക്ഷ ഇതര അംഗങ്ങൾ 47 പേരാണ്; രാജ്യസഭയിൽ 81 പേരും.ഇവരിൽ ഭരണപക്ഷവുമായി സാധാരണ സഹകരിച്ചുവരാറുള്ള വെെഎസ്-ആർ കോൺഗ്രസ്സുകാരും ബിജു ജനതാദൾകാരും ഉൾപ്പെടുന്നു. അവരെ ഒഴിവാക്കിയാൽ പ്രതിപക്ഷത്ത് അവശേഷിക്കുന്നത് ലോ-ക്-സഭയിൽ 13 പേരും രാജ്യസഭയിൽ 63 പേരുമാണ്. അവർ മാത്രം യഥാർഥ പ്രതിപക്ഷത്ത് അവശേഷിക്കെ ഈ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കുമെന്ന് ഭരണപക്ഷം നേരത്തെ പ്രഖ്യാപിച്ച ബില്ലുകൾ പാസാക്കുക എളുപ്പമായിരിക്കും. അതിനു അവർ ശ്രമിക്കുന്ന പക്ഷം ബിജെപിക്ക് തങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കുമെന്നു പ്രഖ്യാപിച്ച ഏത് ബില്ലും പുഷ്പംപോലെ പാസാക്കിയെടുക്കാം. അതാണിപ്പോൾ മോദിയും സഹപ്രവർത്തകരും ചെയ്യുന്നത്.

അങ്ങനെ പ്രതിപക്ഷ ബെഞ്ചുകൾ മിക്കവാറും ശൂന്യമായിരിക്കെ തങ്ങൾക്ക് താൽപ്പര്യമുള്ള ബില്ലുകൾ പ്രതിപക്ഷത്തിന്റെ സജീവപങ്കാളിത്തമില്ലാതെ പാസാക്കിയെടുക്കുന്നത് പാർലമെന്ററി സമ്പ്രദായത്തിന്റെ ധാർമികമായ ലംഘനമാണ്.

ഭരണം നടത്തേണ്ടത് വ്യക്തിഗതമോ സ്വന്തം പാർട്ടിപരമോ ആയല്ല, പാർലമെന്റിലെ പ്രതിപക്ഷങ്ങളെകൂടി വിശ്വാസത്തിലെടുത്തും അവരുമായി സഹകരിച്ചുമാണ്. എന്തുകൊണ്ടോ അക്കാര്യത്തിൽ ബിജെപി നിലകൊള്ളുന്നത് ഗുജറാത്തിലാണ്. പ്രതിപക്ഷം ഡൽഹിയിലും. പാർലമെന്റിനെ, രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്നതും ഉൽക്കണ്ഠാകുലരാകുന്നതുമായ പ്രശ്നം വരുമ്പോൾ എല്ലാ കക്ഷികളും യോജിച്ച നിലപാടാണ് കെെക്കൊള്ളേണ്ടത്. അതിനു നേതൃത്വം നൽകേണ്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ സംഭവം ഉണ്ടായശേഷം പാർലമെന്റിൽ പോകുകയോ മറ്റു കക്ഷികളും അവയുടെ നേതാക്കളുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല എന്നത് നമ്മുടെ പാർലമെന്ററി പ്രവർത്തനസംഹിതക്കും കീഴ-്-വഴക്കങ്ങൾക്കും ഒട്ടും യോജിച്ചതായില്ല. എതിർ ശബ്ദങ്ങളോടുള്ള ബിജെപിയുടെയും മോദിയുടെയും അസഹിഷ്ണുത വെളിപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് പാർലമെന്റിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. ഒരു കാര്യം ഉറപ്പാണ്; പാർലമെന്റിനുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിക്കും മോദിക്കും എന്തോ മറച്ചുവയ്ക്കാനുണ്ട്. അതുകൊണ്ടാണ് ആ വിഷയം സംബന്ധിച്ച് പാർലമെന്റിൽ പ്രസ്താവന നടത്താതെ മോദിയും അമിത്ഷായും ഒളിച്ചോടുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular