തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ- സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ്-വെയര്‍ 2024 ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കുകയാണ്. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.
കേരളത്തിലെ ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സേവനങ്ങൾ പ്രദാനം ചെയ്യുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയും അതിനുശേഷവും ആവശ്യമായി വരുന്ന സേവനങ്ങളിൽ ഭൂരിഭാഗവും തദ്ദേശസ്വയം സ്ഥാപനങ്ങളാണ് നൽകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നുള്ളത് സർക്കാർ ഏറ്റവും പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ഒന്നാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ലഭ്യമാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിലേക്കുള്ള ഒരു ചുവടുവെപ്പാണ് കെ സ്മാർട്ടിലൂടെ യാഥാർത്ഥ്യമാകുന്നത് . 2024 ജനുവരി ഒന്നു മുതൽ കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും കെ സ്മാർട്ട് നിലവിൽ വരികയാണ്. 2024 ഏപ്രിൽ മാസത്തോടെ പഞ്ചായത്തുകളിലും കെ സ്മാർട്ട് വിന്യസിക്കപ്പെടും. ജീവനക്കാർക്ക് അധിക ജോലിഭാരം സൃഷ്ടിക്കാതെ കുറഞ്ഞ സമയത്തിനുള്ളിൽ പൊതുജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും അവരുടെ കൈകളിലെത്തിക്കുക എന്നുള്ള സർക്കാരിന്റെ സ്വപ്‌നമാണ് കെ സ്‌മാർട്ടിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.
വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാകുന്നതിന് വിവിധ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട് ഒറ്റ പ്ലാറ്റ്ഫോമിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് കെ സ്മാർട്ട് ലക്ഷ്യമിടുന്നത്. ഇതുവഴി സേവനങ്ങൾക്കായുള്ള അപേക്ഷകൾ, പരാതികൾ എന്നിവ ഓൺലൈൻ ആയി നല്കാൻ സാധിക്കുന്നു. അക്ഷയ കേന്ദ്രങ്ങൾ , കുടുംബശ്രീ ഹെൽപ്ഡെസ്കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നല്കാൻ കഴിയുന്നു.
ഒരോ വ്യക്തിക്കും ഈ സോഫ്റ്റ് വെയറിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട മുഴുവൻ സേവനങ്ങൾക്കും വീട്ടിലിരുന്നുതന്നെ വളരെ ലളിതമായി അപേക്ഷിക്കുന്നതിനും, സർട്ടിഫിക്കറ്റുകളും സേവനങ്ങളും സമയബന്ധിതമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഓഫീസുകളിൽ നേരിട്ട് എത്താതെതന്നെ കൈപ്പറ്റുന്നതിനും സാധിക്കും. അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് സ്വന്തം ലോഗിനിലും വാട്ട്സ്ആപ്പിലും ഇ മെയിലിലും ലഭ്യമാകുന്നു. അപേക്ഷകളുടെയും , പരാതികളുടെയും സ്റ്റാറ്റസ് ഓൺലൈൻ ആയി അറിയാനും കെ സ്മാർട്ട് വഴി സാധിക്കും. ഇടനിലക്കാർ ഇല്ലാതെ സേവനം ലഭ്യമാകുന്നു എന്നതാണ് കെ സ്മാർട്ടിന്റെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്ന്. സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഇതു സഹായിക്കും. അതുപോലെ ഓഫീസുകളിൽ കയറിയിറങ്ങാതെ സേവനങ്ങൾ ലഭിക്കുന്നു എന്ന മേന്മയും കെ സ്മാർട്ടിനുണ്ട്.
ബിൽഡിംഗ് പെർമിറ്റുകൾ യഥാസമയം ലഭ്യമാക്കുക എന്നുള്ളത് വളരെ പ്രയാസമുള്ള ഒരു കാര്യമായിരുന്നു നാളിതുവരെ. നിയമവശങ്ങൾ പരിഗണിച്ചും അവ വിശകലനം ചെയ്തും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ നിരവധി ജോലികൾക്കിടയിൽ യഥാസമയം ബിൽഡിംഗ് പെർമിറ്റുകൾ ലഭ്യമാക്കുക എന്നത് ഇതുവരെ സുഗമമായിരുന്നില്ല. പൊതുജനങ്ങൾക്കും, ജീവനക്കാർക്കും പ്രയാസം സൃഷ്ടിക്കാതെ സോഫ്റ്റ്-വെയറിൽ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് റൂൾ എൻജിനുകൾ ക്രിയേറ്റ് ചെയ്ത് 30 സെക്കൻഡിൽ ബിൽഡിംഗ് പെർമിറ്റുകൾ നൽകുക എന്നത് കെ സ്മാർട്ടിലൂടെ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.
ജനന-–മരണ രജിസ്ട്രേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് വന്നിരിക്കുന്നത്. രജിസ്ട്രേഷൻ ചെയ്യുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള അപേക്ഷ പരിപൂർണ്ണമായും ഓൺലൈൻവഴി സമർപ്പിക്കാൻ ഇനി സാധിക്കും. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നിലവിൽ വധുവരൻമാർ നേരിട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഓഫീസുകളിൽ എത്തേണ്ടതുണ്ട്. എന്നാൽ കെ സ്മാർട്ട് നിലവിൽ വരുന്നതോടെ ലോകത്തിൽ എവിടെ നിന്നും ഓൺലൈൻ വഴി വിവാഹ രജിസ്ട്രേഷൻ സാധ്യമാവും. ഇത് ഇന്ത്യയിൽതന്നെ ആദ്യമാണ്.
തദ്ദേശസ്വയംഭരണസ്ഥാപന ജീവനക്കാരെ സംബന്ധിച്ച് നിലവിൽ ഒരു സേവനം നൽകണമെങ്കിൽ വിവിധ സോഫ്റ്റ്-വെയറുകളിൽ ലോഗിൻ ചെയ്ത് ഒരു കാര്യം പലതവണ ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാൽ കെസ്‌മാർട്ട് ഒരു ഇന്റഗ്രേറ്റഡ് സോഫ്റ്റ്-വെയറാണ്, ഒറ്റ ലോഗിനിൽ വളരെ സുഗമമായി ജോലി ചെയ്യാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ജോലിഭാരം ലഘൂകരിക്കുന്നതോടെ പൊതുജനങ്ങൾക്കുള്ള സേവനവിതരണ സംവിധാനം കാര്യക്ഷമമാവുകയും, സേവന വിതരണം സമയബന്ധിതമാവുകയും ചെയ്യും.
ധനാഗമന- വിതരണ സംവിധാനങ്ങൾ പരിപൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. യാതൊരുവിധ ക്രമക്കേടുകളും നടത്താനാവാത്തവിധം സുരക്ഷ സംവിധാനത്തോടെയാണ് ഇത് വിന്യസിക്കുന്നത്. ഫീൽഡ് കളക്ഷൻ പി.ഒ.എസ്. സംവിധാനം വഴി ക്രമീകരിച്ചതിനാൽ ഫീൽഡ് കളക്ഷൻ നടക്കുന്ന സമയത്തുതന്നെ അക്കൗണ്ട് ചെയ്യുന്നതിനുള്ള സംവിധാനം ഉള്ളതിനാലും ഓട്ടോമേറ്റഡ് റികൺസിലിയേഷൻ സംവിധാനം ഉൾപെടുത്തിയതിനാലും അടുത്ത കാലത്തായി നാം കേൾക്കുന്ന പണാപഹരണവാർത്തകൾ ഏറെക്കുറെ ഇല്ലാതാക്കാനാവും.
വ്യാപാര- വ്യവസായ സംവിധാനം എതൊരു നാടിന്റെയും നട്ടെല്ലാണ്. വ്യാപാര- വ്യവസായ ലൈസൻസ് സംവിധാനങ്ങളിലെ കാണാച്ചരടുകളും, അനഭിലഷണീയ പ്രവണതകളും ഒഴിവാക്കി സമയബന്ധിതമായി വ്യാപാര- വ്യവസായ ലൈസൻസ് നൽകുന്നത് കെ സ്‌മാർട്ടിലുടെ പ്രയോഗത്തിൽ വരുത്തിയിരിക്കുകയാണ്. പരിമിതമായ രേഖകൾ ഓൺലൈനായി സമർപ്പിച്ച് എതൊരു സംരംഭകനും അയത്നലളിതമായി ലൈസൻസ് സ്വന്തമാക്കി സ്ഥാപനം ആരംഭിക്കാം.
കെട്ടിട നമ്പർ ലഭിക്കുക, കെട്ടിട നികുതി അടയ്ക്കുക എന്നിവ നിലവിൽ കുറച്ച് പ്രയാസം ജനങ്ങളിൽ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രയാസം പരിപൂർണ്ണമായും പരിഹരിക്കുന്ന രീതിയിലാണ് കെ സ്‌മാർട്ട് വരുന്നത്. ഓൺലൈനായി സ്വയം നികുതി നിർണ്ണയിക്കുകയും, അത് അടയ്ക്കുകയും ചെയ്യാം. ഇതിനായി ഓഫീസിൽ ഒരു തവണ പോലും പോകേണ്ടതില്ല. മാത്രമല്ല, നികുതി അടയ്ക്കുന്നതിനുള്ള നോട്ടിസുകൾ യഥാസമയം മൊബൈലുകളിലും, ഇ മെയിലിലും ലഭ്യമാവുകയും ചെയ്യും.
പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർക്ക് മുതൽ മന്ത്രിമാർക്ക് വരെ ഓൺലൈനായി സമർപ്പിക്കുന്നതിനും പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്ന തിനുമുള്ള സംവിധാനം കെ സ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്. പരാതിക്കാരന് ആവശ്യമെങ്കിൽ ഇതേ സംവിധാനത്തിലൂടെ തന്നെ അപ്പീൽ സമർപ്പിക്കുകയും ചെയ്യാം
ഓഡിറ്റ് സംവിധാനവും ഇതിലൂടെ നിരന്തരം നിരീക്ഷിക്കപ്പെടുകയും നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യും. കെ സ്മാർട്ട് പൂർത്തിയാകുന്നതോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് പരിപൂർണ്ണമായി നിരീക്ഷിക്കാൻ സാധിക്കും. പല വിദേശരാജ്യങ്ങളിലുമുള്ളതുപോലെ ഭരണനിർവ്വഹണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വർഷാവസാനം പൗരർക്ക് ലഭ്യമാവുകയും ചെയ്യും.
കടലാസ്-രഹിത ഓഫീസുകൾ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ കെ സ്മാർട്ട് സഹായകമാകും. ജനകീയവും കാര്യക്ഷമവുമായ ഭരണസംവിധാനം എന്ന ജനങ്ങൾക്ക് നൽകിയ ഉറപ്പാണ് ഇതിലൂടെ പാലിക്കപ്പെടുന്നത്. ഏകീകൃതവും നിയമപരവുമായ നടപടിക്രമങ്ങൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിലവിൽ വരികയും തീരുമാനമെടുക്കൽ പ്രക്രിയ ലളിതമാവുകയും ചെയ്യും. ഫീൽഡ് പരിശോധനയും അന്വേഷണങ്ങളും മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്താൻ കെ സ്മാർട്ടിൽ സംവിധാനങ്ങളുണ്ട്. ചുവന്നനാടയെ ഇല്ലാതാക്കാൻ സാധിക്കും എന്നതാണ് ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന്. ഫയൽ കേന്ദ്രീകൃത ഭരണസംവിധാനത്തിൽനിന്നും ഡാറ്റാ കേന്ദ്രീകൃത ഭരണസംവിധാനത്തിലേയ്ക്കുള്ള മാറ്റത്തിനാണ് ഈ പദ്ധതി കാരണമാകുന്നത്. തുല്യനീതിയും സദ്ഭരണവുമെന്ന നവകേരള ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളിൽ ഒന്നാവുകയാണ് കെ സ്മാർട്ട്. ♦