Thursday, May 2, 2024

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ 
മുന്നോട്ടുപോക്കിനെ ത്വരിതപ്പെടുത്തിയ 
കിഫ്ബി

കേരളത്തിന്റെ 
മുന്നോട്ടുപോക്കിനെ ത്വരിതപ്പെടുത്തിയ 
കിഫ്ബി

ഗിരീഷ്‌ ചേനപ്പാടി

ശ്ചാത്തല വികസന രംഗത്ത് കഴിഞ്ഞ ഏഴര വർഷക്കാലയളവിനുള്ളിൽ കേരളം ആർജിച്ച കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ ലോകമൊട്ടാകെയുള്ള പ്രശംസ നേടിയതാണ്. കിഫ്ബിയെ എൽഡിഎഫ് സർക്കാർ പുനഃസംഘടിപ്പിച്ച് ഭാവനാസമ്പന്നമായ പദ്ധതികൾ അതിലൂടെ ആവിഷ്കരിച്ച് നടപ്പാക്കിയതുമൂലമാണ് ഈ നേട്ടങ്ങൾ കെെവരിക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചത് എന്നത് തർക്കമില്ലാത്ത കാര്യമാണ്. ആദ്യ വർഷങ്ങളിലെ ബജറ്റ് അവതരണവേളകളിൽ കിഫ്ബിയിലൂടെ ആവിഷ്കരിക്കപ്പെടുന്ന പദ്ധതികൾ അക്കമിട്ട് ധനകാര്യമന്ത്രി അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നേതാക്കൾ പലരും പരിഹസിച്ചുതള്ളുകയായിരുന്നു. ‘‘ഒന്നും നടക്കാൻ പോകുന്ന കാര്യമല്ല’’ എന്നാണ് അവരിൽ പലരും ആദ്യമേ തന്നെ വിധിയെഴുതിയത്. യുഡിഎഫിനെ അനുകൂലിക്കുന്ന മാധ്യമങ്ങളും ആദ്യമൊക്കെ അതു മാറ്റൊലിക്കൊള്ളുകയാണ് ചെയ്തത്.

എന്നാൽ കിഫ്ബിയിലൂടെ പ്രതിപക്ഷ എംഎൽഎമാരുടെ നിയോജക മണ്ഡലങ്ങളിലുൾപ്പെടെ അത്ഭുതകരമായ വികസനങ്ങൾ ഉണ്ടായതോടെ പരിഹസിച്ചവർക്ക് പത്തിമടക്കേണ്ടിവന്നു. വസ്തുനിഷ്ഠ യാഥാർത്ഥ്യം അംഗീകരിക്കാൻ അവർ നിർബന്ധിതരായി. എന്നോ ഒരു കാലത്ത് നടക്കേണ്ടിയിരുന്ന വികസനം ഇപ്പോൾ സാധ്യമാക്കിയതിനെ മാധ്യമങ്ങൾ പലതും അഭിനന്ദിച്ചു.

ലക്ഷ്യമിട്ടതിലേറെ നേട്ടങ്ങൾ കെെവരിക്കാൻ കിഫ്ബിയിലൂടെ സാധിച്ചു എന്നാണ് വസ്തുതകൾ വെളിവാക്കുന്നത്. കിഫ്ബി ഔദ്യോഗികമായി പുറത്തുവിട്ട കണക്കനുസരിച്ച് 2023 ഡിസംബർ 15 വരെ 1073 പദ്ധതികൾക്കായി ആകെ 62,342 കോടി രൂപ കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. അതിൽ 27,050 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പദ്ധതികളിൽ ചിലത് പൂർത്തീകരിച്ചിട്ടുണ്ട്. ചിലതിന്റെ പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. ദീർഘകാലയളവിലേക്കുള്ള പദ്ധതികൾ തടസ്സമൊന്നുമില്ലാതെ മുന്നേറുന്നു.

മേൽപറഞ്ഞ തുകയിൽ സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി കിഫ്ബി 20,000 കോടി രൂപയാണ് അംഗീകരിച്ചിട്ടുള്ളത്. ദേശീയ ഹെെവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് കേരളം നൽകേണ്ട വിഹിതവും വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയും ഉൾപ്പെട്ടതാണിത്. കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനു ചെലവു കൂടുതലാണെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം സംസ്ഥാനം നൽകണമെന്നും കേന്ദ്ര സർക്കാർ നിബന്ധന വെച്ചു. മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഈ നിബന്ധന പൊതുജനതാൽപര്യം കണക്കിലെടുത്ത് കേരളം ഏറ്റെടുത്തു. അതിനുള്ള പണം കിഫ്ബിയിലൂടെയാണ് കണ്ടെത്തിയത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 6,769 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. എൽഡിഎഫ് സർക്കാർ പ്രകടിപ്പിച്ച ഇച്ഛാശക്തി മൂലം ദേശീയ ഹെെവേയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ മുന്നേറി; ഭൂമി വിട്ടു നൽകിയവർക്ക് മെച്ചപ്പെട്ട വില ലഭിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏഴു പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചിട്ടുള്ളത്. അനുവദിക്കപ്പെട്ട 20,000 കോടി രൂപയിൽ 9,613.47 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു.

വ്യവസായ വികസനത്തിന് അനിവാര്യമായ ഒന്നാണല്ലോ വെെദ്യുതി. വെെദ്യുതി ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽനിന്നുകൊണ്ടുവരണമെങ്കിൽ അതിനു പര്യാപ്തമായ അന്തർ സംസ്ഥാന ലെെനുകൾ വലിക്കണം. അതിനു ഭൂമി പലരുടേതും ഏറ്റെടുക്കണം. കൊച്ചി – ഇടമൺ പവർ ഹെെവേയ്ക്ക് 5200 കോടി രൂപയാണ് കിഫ്ബിയിൽനിന്ന് ചെലവഴിക്കുന്നത്. പവർ ഹെെവേ കേരളത്തിൽ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഊർജരംഗത്ത് വലിയ കുതിപ്പിനിടയാക്കുന്ന ഈ പദ്ധതി കിഫ്ബിയുടെ പണം കണ്ടെത്തിയതുകൊണ്ടുമാത്രമാണ് യാഥാർത്ഥ്യമാകുന്നത്.

കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഉയർന്ന ബാൻഡ് വിത്തിലുള്ള ഇന്റർനെറ്റ് സൗകര്യം എത്തിക്കുന്നതിനുള്ള കേബിൾ ശൃംഖലയാണ് കെ ഫോണിലൂടെ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള രണ്ടു ലക്ഷം വീട്ടുകാർക്കാണ് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഇതിലൂടെ ലഭ്യമാക്കുന്നത്; 35000 ഗവൺമെന്റ് ഓഫീസുകളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. 1516.76 കോടി രൂപയാണ് കിഫ്ബി വഴി ലഭ്യമാക്കിയത്. ഇൻഫർമേഷൻ ഹെെവേ എന്നു വിശേഷിപ്പിക്കപ്പെടുന്ന കെ ഫോൺ യാഥാർഥ്യമായത് കിഫ്ബിയിലൂടെയാണ്.

കേരളത്തിന്റെ മുഖഛായ തന്നെ മാറ്റുന്നതും ടൂറിസം രംഗത്ത് അത്ഭുതകരമായ പുരോഗതിക്ക് കാരണമാകുന്നതുമാണ് സംസ്ഥാന ഹെെവേകളായ മലയോര ഹെെവേയും തീരദേശ ഹെെവേയും. തീരദേശ ഹെെവേയ്ക്ക് 6,500 കോടി രൂപയും മലയോര ഹെെവേയ്ക്ക് 3,500 കോടി രൂപയുമാണ്. അങ്ങനെ 10,000 കോടി രൂപയാണ് കിഫ്ബി വഴി ഇരു ഹെെവേകൾക്കുമായി ലഭ്യമായത്.

സ്കൂളുകൾ, പോളിടെക്നിക്കുകൾ, കോളേജുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങിയ സാമൂഹ്യ പശ്ചാത്തല മേഖലയിൽ തിളക്കമാർന്ന നേട്ടങ്ങളാണ് കിഫ്ബി വഴി കേരളത്തിനു നേടാനായത്. പശ്ചാത്തല സൗകര്യ വികസനത്തിനായി ആകെ 973 സ്കൂളുകൾക്കായി 2,595 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചത്. അതിൽ 455 സ്കൂളുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

141 സ്കൂളുകളുടെ പശ്ചാത്തല വികസനത്തിനായി 5 കോടി രൂപ വീതമാണ് നൽകിയത്. 386 സ്കൂളുകൾക്ക് 3 കോടി രൂപ വീതം നൽകി. 446 സ്കൂളുകൾക്ക് 1 കോടി രൂപ വീതവും നൽകി. പല നിയോജകമണ്ഡലങ്ങളിലും എംഎൽഎമാർ അകമഴിഞ്ഞ പിന്തുണ നൽകി. അവരുടെ എംഎൽഎ ഫണ്ടുകൂടി സ്കൂളുകൾക്ക് നൽകി; ബഹുജനങ്ങളുടെ സംഭാവനകളും നല്ല തോതിൽ നേടാനായി. അങ്ങനെ വിഭാവനം ചെയ്യപ്പെട്ടതിന്റെ പതിന്മടങ്ങു പകിട്ടോടെ നിരവധി സ്കൂളുകൾക്ക് പശ്ചാത്തല സൗകര്യമൊരുങ്ങി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂൾ തന്നെ നല്ല ഉദാഹരണമാണ്. ഇവിടെ 5 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിക്കപ്പെട്ടത്. കടകംപള്ളി സുരേന്ദ്രന്റെ എംഎൽഎ ഫണ്ടും പൊതുജനങ്ങളിൽനിന്ന് ലഭിച്ച സംഭാവനയും ഉൾപ്പെടെ 9 കോടി രൂപയാണ് ഈ സ്കൂളിനു വേണ്ടി ചെലവഴിക്കപ്പെട്ടത്. അന്താരാഷ്ട്ര നിലവാരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ സ്കൂൾ കിഫ്ബിയുടെ മഹത്വം വിളിച്ചോതുന്നതാണ്.

പശ്ചാത്തല വികസനരംഗത്തെ മുതൽമുടക്കു കൂടാതെ സ്കൂളുകളിലെ അമ്പതിനായിരത്തോളം ക്ലാസ് മുറികളാണ് കിഫ്ബിയിലൂടെ ഹെെടെക്കായത്. 493 കോടി രൂപയാണ് ക്ലാസ് മുറികളെ ഹെെടെക്കാക്കാൻ കിഫ്ബി നൽകിയത്.

ഉന്നത വിദ്യാഭ്യാസരംഗത്ത് പശ്ചാത്തല മേഖലയ്ക്കായി 1327.6 കോടി രൂപയാണ് കിഫ്ബി വഴി ലഭ്യമാക്കിയത്. ഇതിൽ എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തൃശൂർ കേരള വർമ കോളേജ് എന്നിവ ഉൾപ്പെടെ നിരവധി കോളേജുകൾക്ക് ഇങ്ങനെ ഫണ്ട് ലഭിച്ചിട്ടുണ്ട്. അവയിൽ മിക്കതിന്റെയും നിർമാണ പ്രവർത്തനം പുർത്തീകരിക്കപ്പട്ടതോ 60 മുതൽ 90 ശതമാനം വരെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കപ്പെട്ടതോ ആണ്. കേരള യൂണിവേഴ്സിറ്റി (57.17 കോടി രൂപ), മഹാത്മാഗാന്ധി സർവകലാശാല (50.28 കോടി രൂപ), കാലിക്കറ്റി യൂണിവേഴ്സിറ്റി (102.8 കോടി രൂപ), കണ്ണൂർ സർവകലാശാല (40.12 കോടി രൂപ), കുസാറ്റ് (99.48 കോടി രൂപ) മുതലായ യൂണിവേഴ്സിറ്റികളുടെ പശ്ചാത്തല വികസനത്തിനുൾപ്പെടെയാണ് മേൽ പറഞ്ഞ തുക ചെലവഴിച്ചത്.

അടൂർ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ്, വെണ്ണിക്കുളത്തെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പോളിടെക്നിക്ക് കോളേജ്, തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ്, പെരുമ്പാവൂരിലെ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ്, വണ്ടിപ്പെരിയാർ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ്, ചേലക്കര ഗവൺമെന്റ് പോളിടെക്നിക്ക്, ഷൊർണൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവൺമെന്റ് പോളിടെക്നിക്ക് എന്നിവിടങ്ങളിൽ (അടൂരിൽ 60 ശതമാനം‍) നിർമാണ പ്രവർത്തനങ്ങൾ നൂറുശതമാനവും പൂർത്തിയാക്കി. മാനന്തവാടി ഗവൺമെന്റ് പോളിടെക്നിക്കിലെ നിർമാണ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയാക്കി.

സാംസ്കാരിക വകുപ്പിനുകീഴിൽ വെെക്കത്ത് സിനിമ തീയറ്ററുകളുടെ സമുച്ചയം നിർമിക്കുന്നതിന് 100 കോടി രൂപയാണ് കിഫ്ബിയിലൂടെ ലഭ്യമായത്. അതുപോലെ പായത്തും കാക്കനാട്ടും സിനിമ തീയറ്ററുകളുടെ സമുച്ചയത്തിന് 100 കോടി രൂപ വീതം ലഭ്യമാക്കി.

കിഫ്ബി വഴി പണം ലഭ്യമാക്കിയതുമൂലം ശബരിമല ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. നിലയ്ക്കലിലെ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റിന് 21 കോടി രൂപ, നിലയ്ക്കലിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് 5 കോടി രൂപ, നിലയ്ക്കലിൽ 50 ലക്ഷം ലിറ്ററിന്റെ ശുദ്ധജല ടാങ്ക‍് നിർമിക്കുന്നതിനും നിലവിലെ ചിറ പുതുക്കി പണിയുന്നതിനും ബയോഗ്യാസ് നിർമിക്കുന്നതിനുമായി 35 കോടി രൂപ, എരുമേലിയിലെ ഇടത്താവളത്തിന് 10 കോടി രൂപ, കഴക്കൂട്ടത്തെ ഇടത്താവള നിർമാണത്തിന് 10 കോടി രൂപ എന്നിവയ്ക്കൊക്കെ കിഫ്ബിയിൽ നിന്നാണ് പണം ലഭ്യമാക്കിയത്. കൂടാതെ ചെങ്ങന്നൂർ, ചിറങ്ങര, മണിയങ്കോട്, സുഖപുരം, കഴക്കൂട്ടം തുടങ്ങിയ ശബരിമല ഇടത്താവളങ്ങൾക്കും കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കിട്ടുണ്ട്. കൂടാതെ റാന്നിയിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനും ഫണ്ട് ലഭിച്ചത് കിഫ്ബിയിലൂടെയാണ്.

ആരോഗ്യരംഗത്തെ പശ്ചാത്തല വികസനരംഗത്ത് കിഫ്ബി വഴി ലഭിച്ച പണം അതിശയകരമായ മാറ്റത്തിനാണ് ഇടയാക്കിയത്. 3178 കോടി രൂപയാണ് ലഭ്യമാക്കിയത്. കേരളത്തിലെ മെഡിക്കൽ കോളേജുകൾ, കൊച്ചി ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ, നിരവധി ജില്ലാ – താലൂക്ക് ആശുപത്രികൾ എന്നിവയുടെയൊക്കെ പശ്ചാത്തല സൗകര്യ വികസനം ഇന്ന് ഏതു വികസിത രാജ്യത്തോടും കിടപിടിക്കുന്നതാണ്. അവയ്ക്കെല്ലാം ഫണ്ടുകൾ ലഭ്യമാക്കിയത് കിഫ്ബിയിലൂടെയാണ്. തലയെടുപ്പോടെ നിൽക്കുന്ന പുനലൂർ താലൂക്ക് ആശുപത്രി ഈ രംഗത്തെ മികച്ച ഒരു ഉദാഹരണംമാത്രം.

കേരളത്തിലൊട്ടാകെ കുടിവെള്ളം വീടുകളിലെത്തിക്കുന്നതിനായി 5,177 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കപ്പെടുന്നത്.

തൊഴിലില്ലായ്മയ്ക്ക് ശാശ്വത പരിഹാരം കാണാൻ വ്യവസായവൽക്കരണത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. വ്യാവസായികരംഗത്ത് മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾ അതിനനിവാര്യമാണ്. ഈ തിരിച്ചറിവോടെയാണ് വ്യാവസായിക രംഗത്തെ പശ്ചാത്തല സൗകര്യ വികസനത്തിന് 15,026 കോടി രൂപ കിഫ്ബി വഴി എൽഡിഎഫ് സർക്കാർ ലഭ്യമാക്കിയത‍്. ഇങ്ങനെ സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് കാരണമായ കിഫ്ബിയെ ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അതിന് എല്ലാവിധ ഒത്താശകളും നൽകുകയാണ് യുഡിഎഫ്. കിഫ്ബിക്കുനേരെയുള്ള കടന്നാക്രമണം സംസ്ഥാനത്തെ ജനങ്ങൾക്കുനേരെയുള്ള ആക്രമണമാണ്. ബിജെപിയുടെ ഘടകകക്ഷിയായി പ്രവർത്തിക്കുന്ന ഇഡിയെ ഉപയോഗിച്ച് കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനും കിഫ്ബിയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഈ തിരിച്ചറിവോടെയാണ് ഇഡിക്കെതിരായ നീക്കത്തെ എൽഡിഎഫ് സർക്കാരും മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്കും കോടതിയിൽ ചോദ്യം ചെയ്തത്. ഇഡിയുടെ തികച്ചും നിയമവിരുദ്ധമായ അനേ-്വഷണത്തെയും അനാവശ്യമായ സമൻസ് അയയ്ക്കലുകളെയും റദ്ദാക്കിയിരിക്കയാണ് കേരള ഹെെക്കോടതി. ഇതിലൂടെ കേരളത്തിലെ ജനങ്ങളുടെ താൽപര്യമാണ് വിജയിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular