മാപ്പർഹിക്കാത്ത മഹാഅപരാധമാണ് മുഖ്യധാരയെന്ന് പുകൾപെറ്റ മാധ്യമങ്ങൾ കേരള ജനതയോട് ചെയ്യുന്നത്. കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നാണമില്ലാതെ വിടുപണി ചെയ്യുകയായിരുന്നു മാധ്യമങ്ങൾ. ഇഡിക്കൂട്ടില്‍ കിഫ്‌ബിയിലും, മസാലയിലും അന്വേഷണം തുടങ്ങിയപ്പോൾ ഒന്നാം പേജു തലക്കെട്ടുകളെഴുതി ഒരു നാടിന്റെ വികസനപ്രവർത്തനങ്ങളുടെ അടിവേരറുക്കാൻ വരുന്നവരുടെ കോടാലിയായി മനോരമയും മാതൃഭൂമിയും മാറി.
ഇ ഡി ഉദ്യോഗസ്ഥരുടെ വാട്സാപ്പ് വിസർജനങ്ങൾ ഒന്നാം പേജിൽ ബാനർ തലക്കെട്ടുകളായി. അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊതുസമ്മതി നിർമ്മിക്കാൻ ദയനീയമായ അഭ്യാസങ്ങളാണ് ഈ പത്രമുത്തശ്ശിമാർ കാട്ടിക്കൂട്ടിയത്. തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് നൽകിയ വഴി നോക്കുക. 2022 ജൂലൈ പതിനേഴിന് പാതിരാത്രി മാതൃഭൂമി ന്യൂസിലെ ബിജു പങ്കജാണ് ഈ വാർത്ത ബ്രേക്ക് ചെയ്തത്. അപ്പോൾ ഐസക്കിന് നോട്ടീസേ ലഭിച്ചിരുന്നില്ല. ഐസക്കിന് നോട്ടീസ് അയച്ചുവെന്നും ചൊവ്വാഴ്ച ഹാജരാകാനാണ് നിർദ്ദേശമെന്നും ഞായറാഴ്ച പാതിരാത്രി മാതൃഭൂമി റിപ്പോർട്ടു ചെയ്തു. ഐസക്കിന് നോട്ടീസ് അയയ്ക്കുംമുമ്പേ, നോട്ടീസിന്റെ ഉള്ളടക്കം മാതൃഭൂമിക്കു നൽകിയത് ഇ ഡി ഉദ്യോഗസ്ഥരായിരുന്നു എന്നു വ്യക്തം.
ആ മാതൃഭൂമി വാർത്തയിലെ രണ്ടു വാചകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. “വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നതിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്” എന്നും “സാമ്പത്തിക ഇടപാടുകളും ഫയലുകളും പരിശോധിക്കുന്ന, അന്വേഷണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ ഇ.ഡി. എത്തിച്ചേര്‍ന്നുവെന്നാണ് മനസ്സിലാക്കാനാകുന്നത്” എന്നും മാതൃഭൂമിയിലൂടെ ഇഡി പെരുമ്പറകൊട്ടി. ഇന്ന്, നോട്ടീസും സമൻസുമെല്ലാം പിൻവലിച്ച് ഇ ഡി ഓടിത്തള്ളിയിരിക്കുകയാണ്. ആ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ മേലുദ്ധരിച്ച വാചകങ്ങൾ ഒരിക്കൽക്കൂടി വായിച്ചാലോ? എന്തായി നിയമലംഘനങ്ങൾ? നിർണായക ഘട്ടത്തിന്റെ സ്ഥിതി എന്താണ്?
2022 ജൂലൈ 22ന് മാതൃഭൂമി പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയും ഇന്നു വായിക്കുമ്പോൾ ബഹുരസമാണ്. മസാലാബോണ്ട് കേസ് ഫെമ (FEMA) നിയമത്തിന്റെ ലംഘനമാണെന്ന് തെളിഞ്ഞാൽ കിഫ്ബി പ്രതിസന്ധിയിലാകും എന്ന് തലക്കെട്ട്. കിഫ്ബി 6450 കോടി രൂപ പിഴയായി ഒടുക്കേണ്ടി വരുമെന്നാണ് മാതൃഭൂമി ലേഖകൻ സ്വപ്നം കണ്ടത്.
ഇതൊക്കെ ഇ ഡി നടത്തിയ വാർത്താ പ്ലാന്റിംഗാണ്. ഇ ഡി കൂട്ടിൽ കിഫ്ബിയും എന്ന മനോരമയിലെ എക്കാലത്തെയും നാണംകെട്ട ഒന്നാം പേജു വാർത്തയുടെ സ്ഥിതിയും വ്യത്യസ്തമല്ല. “യുഎഇലേയ്ക്കും തിരികെയും അക്കൗണ്ടുവഴിയും അല്ലാതെയും പണം കടത്തിയതിന് സ്വപ്നയും സരിത്തുമടക്കമുള്ള സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ഇ ഡി ഫെമ വകുപ്പുകള്‍ ചുമത്തിയിരുന്നു. സമാനമായ അന്വേഷണമാണ് ഇപ്പോള്‍ കിഫ്‌ബി യ്ക്കെതിരെയും നടത്തുന്നത്” എന്നായിരുന്നു മനോരമയുടെ വ്യാഖ്യാനം. നാട്ടില്‍ റോഡും പാലവുമുണ്ടാകുന്നതിനും ആശുപത്രികളും സ്കൂളുകളും പുതിയ സൗകര്യങ്ങളും സാങ്കേതികമികവും കൈവരിക്കുന്നതിനുമൊക്കെ നിക്ഷേപം സ്വീകരിക്കുന്നതും ‘യുഎഇലേയ്ക്കും തിരികെയും അക്കൗണ്ടു വഴിയും അല്ലാതെയും പണം കടത്തിയതും’ ഒന്നുപോലെയാക്കുന്ന വിവരക്കേട് ഒരുളുപ്പുമില്ലാതെ മനോരമയുടെ ഒന്നാംപേജിൽ പ്രത്യക്ഷപ്പെട്ടു.
നാണവും മാനവുമില്ലാതെ ഇങ്ങനെ മുഖ്യധാര തുനിഞ്ഞിറങ്ങുമ്പോൾ ഓൺലൈൻ വാർത്താ ചാനലുകളുടെ സ്ഥിതി പറയാനുണ്ടോ? അവരെഴുതിയ ചില തലക്കെട്ടുകളും ബഹുരസമാണ്. സാംപിൾ ഇതാ. “ഐസക് ഇഎംഎസ് അക്കാദമിയിൽ ഒളിച്ചു, തൂക്കിയെടുക്കുമെന്ന് ഇ ഡി”, “കളി കാര്യമായി, ഐസക്കിനെ പൂട്ടി കേന്ദ്രം, ഇ ഡി കുഴിച്ച കുഴിയിൽ ചെന്നു ചാടി കിഫ്ബി”, “ഹൈക്കോടതിയുടെ കൽപന, തോമസ് ഐസക്കിനെ കുടഞ്ഞെറിയും, രണ്ടും കൽപ്പിച്ച് ഇ ഡി”, “കിഫ്ബിയ്ക്ക് വൻ തിരിച്ചടി, മിന്നൽപ്പണരായി കോടതി, ഐസക്കിനെ ഇ ഡി തൂക്കും”, “തോമസ് ഐസക്കേ ഇതായിരുന്നല്ലേ പ്ലാൻ, കാഞ്ഞബുദ്ധി സമ്മതിക്കണം”, “പിണറായിയുടെ ചീട്ടു കീറി, ഇ ഡിയുടെ അന്വേഷണം സർക്കാരിലേയ്ക്ക് നീങ്ങുന്നു”, “കുടുങ്ങുന്നത് ഐസക്ക് മാത്രമാകില്ല, കിഫ്ബിയെ പൂട്ടിക്കെട്ടണം”, “കേന്ദ്രത്തിന്റെ കൊടുംചതി, ഇ ഡിയെ പേടിച്ച് ഐസക് ഓടിക്കയറിയത് ഹൈക്കോടതിയിൽ”, ‘‘നിർത്തിക്കോ…. പൂട്ടിട്ട് ഹൈക്കോടതി, തൽക്കാല നെട്ടോട്ടത്തിൽ ഐസക്ക്, ഊറിച്ചിരിച്ച് ഇ ഡി”.
എന്തൊക്കെ വിചിത്രഭാവനകൾ! ഇതൊക്കെ എങ്ങനെ എഴുതിപ്പിടിപ്പിക്കുന്നു എന്നോർത്ത് തലപുണ്ണാക്കേണ്ടതില്ല. ഇതിലും വലിയ തമാശകൾ മനോരമയും മാതൃഭൂമിയും എഴുതിപ്പിടിപ്പിക്കുമ്പോൾ ക്ലിക്ക് ബൈറ്റിൽ കണ്ണുവെയ്ക്കുന്നവർക്ക് ഉളുപ്പുവേണം എന്നു വാശിപിടിക്കാനാവില്ല. എഴുതിക്കൂട്ടുന്നതൊക്കെ പിറ്റേന്ന് ആരെങ്കിലും ഓർത്തുവെയ്ക്കുമോ എന്നുപോലും ആലോചിക്കാതെ വായിൽതോന്നിയത് എഴുതി വിടുകയാണ്. എല്ലാത്തിലും ഇ ഡിയോടുള്ള ഭയഭക്തിബഹുമാനങ്ങൾ നിറഞ്ഞു തൂവുകയാണ്. “ഇ ഡി ഈ മാധ്യമസ്ഥാപനത്തിന്റെ ഐശ്വര്യം” എന്ന് ഓരോ വാചകത്തിലും മുഴങ്ങിക്കേൾക്കുന്ന വാർത്തകളും വിശകലനങ്ങളും.
കിഫ്ബിയോ സർക്കാരോ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് വിഷയം പ്രാഥമികമായി പഠിച്ചാൽത്തന്നെ ബോധ്യമാകും. കിഫ്ബിയെപ്പോലെ മസാലാബോണ്ടിറക്കിയ എത്രയോ കേന്ദ്രസർക്കാർബോഡി കോർപറേറ്റുകളുണ്ട്. അവിടെയൊന്നും ഇ ഡി കയറിയിറങ്ങിയില്ല. 3000 കോടി രൂപയുടെ മസാല ബോണ്ടിറക്കിയ നാഷണല്‍ ഹൈവേ അതോറിട്ടിയും 4000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച എന്‍ടിപിസിയും 6300 കോടിരൂപ സ്വീകരിച്ച എച്ച്ഡിഎഫ്സിയും 1950 കോടി രൂപ സ്വീകരിച്ച ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്പ്മെന്റ് ഏജന്‍സി ലിമിറ്റഡുമൊക്കെ പാലിച്ച നടപടിക്രമങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. അവർ പാലിച്ച ഏതെങ്കിലും നടപടിക്രമം കിഫ്ബി പാലിച്ചില്ല എന്ന് ഇ ഡിയ്ക്കൊട്ടു കേസുമില്ല. എന്നിട്ടും എന്തൊക്കെ കോലാഹലങ്ങൾ.
കിഫ്ബിയെ ഇ ഡി എന്തൊക്കെയോ ചെയ്തുകളയും എന്ന് ഒന്നാം പേജിൽ മനപ്പായസമുണ്ടവർ, സമൻസും പിൻവലിച്ച് ഹൈക്കോടതിയിൽ നിന്ന് ഇ ഡി ഓടിയതിനെക്കുറിച്ച് എങ്ങനെയാണ് വാർത്ത കൊടുത്തത്? ഇ ഡിയ്ക്കുവേണ്ടി നടത്തിയ ദാസ്യപ്പണിയുടെ ദയനീയ അന്ത്യം എങ്ങനെയായിരുന്നു? ‘മസാലാബോണ്ട് കേസ്, കിഫ്ബിയുടെയും ഐസക്കിന്റെയും ഹർജികൾ തീർപ്പാക്കി ഹൈക്കോടതി’ എന്ന് മനോരമയിൽ തലക്കെട്ട്. ‘കിഫ്ബി മസാലാബോണ്ട്, കിഫ്ബിയുടെയും ഐസക്കിന്റെയും ഹർജികളിൽ തുടർ നടപടികൾ അവസാനിപ്പിച്ചു’ എന്ന് മാതൃഭൂമി. എന്തൊരു കൈയടക്കമെന്ന് നോക്കൂ. അയച്ച സമൻസുകളെല്ലാം പിൻവലിക്കുന്നുവെന്ന് ഇ ഡി ഏത്തമിട്ട് പിൻവാങ്ങിയ വാർത്തയുടെ തലക്കെട്ടാണ്. കിഫ്ബിയും ഐസക്കും ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല, കോടതി ഉന്നയിച്ച സംശയങ്ങൾക്ക് വ്യക്തത നൽകിയില്ല, സത്യവാങ്മൂലം സമർപ്പിക്കാൻതന്നെ പലയാവർത്തി സമയം നീട്ടിച്ചോദിച്ചു. ഇത്തരത്തിൽ ഹൈക്കോടതിയിൽ സ്ഥിരമായി നാണംകെടുകയായിരുന്നു ഇ ഡി. പക്ഷേ, അതൊന്നും മനോരമയിലും മാതൃഭൂമിയിലും വാർത്തയായില്ല.
മസാലബോണ്ടുവഴി പണം സമാഹരിച്ച മറ്റ് ഏജന്‍സികളെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ ഇ ഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത് 2022 സെപ്തംബര്‍ രണ്ടിനാണ്. ഇതുവരെ അതു കൊടുക്കാൻ ഇ ഡിയ്ക്കു കഴിഞ്ഞില്ല. മസാലാ ബോണ്ടിന് അപേക്ഷിച്ചതും ലോണ്‍ അക്കൗണ്ട് നമ്പര്‍ അനുവദിച്ചതുമൊക്കെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു എന്നും കൈപ്പറ്റിയ പണം ചെലവഴിച്ചത് സംബന്ധിച്ച് നിഷ്കര്‍ഷിച്ച പ്രകാരമുള്ള കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് സത്യവാങ്മൂലം സമർപ്പിച്ചപ്പോൾത്തന്നെ കേസ് തീർന്നിരുന്നു. ഇനിയൊരു ചുവടു മുന്നോട്ടുവെയ്ക്കാൻ ഇ ഡിയ്ക്ക് കഴിയില്ല.
കൊടികെട്ടിയ അന്വേഷണ ഏജൻസിയുടെ ആടയാഭരണങ്ങളും ഉടയാടകളും ഉരിഞ്ഞു കളഞ്ഞ് പുറം പൊളിക്കുന്ന അടിയും കൊടുത്ത് ഹൈക്കോടതി ഓടിക്കുമ്പോഴും, ഐസക്കിനും കിഫ്ബിയ്ക്കും പുതുക്കിയ നോട്ടീസ് അയയ്ക്കുമെന്ന് ഓട്ടത്തിനിടയിലും ഇ ഡി വിളിച്ചു പറഞ്ഞത് ഈ പത്രങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. ജാള്യം മറയ്ക്കാനുള്ള മറ്റൊരു അഭ്യാസം.
അടുത്ത ഇരുപത്തഞ്ചു വർഷത്തിനപ്പുറം ഉണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾത്തന്നെ യാഥാർത്ഥ്യമാക്കുന്നതിന് കിഫ്ബിയെ പ്രയോജനപ്പെടുത്താനാണ് ഇടതുമുന്നണി സർക്കാർ ലക്ഷ്യമിട്ടത്. എല്ലാം നിയമപരമായിത്തന്നെ ചെയ്തു. അറുപതിനായിരം കോടി രൂപയ്ക്കു മുകളിലുള്ള വികസനപ്രവർത്തനങ്ങളാണ് അതിവേഗത്തിൽ പൂർത്തിയാക്കുന്നത്. മുടങ്ങിക്കിടന്ന ദേശീയപാതാവികസനം അതിവേഗത്തിലായി, മുടങ്ങിക്കിടന്ന ഇടമൺ – കൊച്ചി പവർ ഹൈവേ യാഥാർത്ഥ്യമായി, റോഡുകളും പാലങ്ങളുടെയും സ്കൂളുകളുടെയും നിർമ്മാണം അതിവേഗത്തിൽ പൂർത്തിയാകുന്നു. അങ്ങനെ നവകേരള നിർമ്മിതിയുടെ നെടുംതൂണായി മാറിയ സ്ഥാപനമാണ് കിഫ്ബി. അതിനെ തകർക്കാൻ ശ്രമിക്കുന്നത് വരും തലമുറയോടു ചെയ്യുന്ന മഹാപരാധമാണ്. കേരളത്തെ തകർക്കാൻ സംഘപരിവാറും ബിജെപി സർക്കാരും തറ്റുടുക്കുന്നത് മനസിലാക്കാം. തങ്ങൾക്ക് ചവിട്ടാനൊരുപിടി മണ്ണുതരാത്ത നാടിനോട് അവർക്കു പകയുണ്ടാവുന്നത് സ്വാഭാവികം. എന്നാൽ അവർക്കു വിടുപണി ചെയ്യാൻ മനോരമയും മാതൃഭൂമിയും തുനിഞ്ഞിറങ്ങിയതിനു കാരണമെന്ത്?
വെറും ഇടതുപക്ഷവിരുദ്ധതയോ, പിണറായിപ്പകയോ മാത്രമല്ല കാരണം. അതിനപ്പുറമുള്ള കോർപറേറ്റ് ദൗത്യങ്ങൾക്ക് സംഘപരിവാറിൽനിന്ന് കൊട്ടേഷൻ കിട്ടിയിട്ടുണ്ട്. ആ നിയോഗമാണ് മാധ്യമങ്ങൾ നിർവഹിക്കുന്നത്. ഇ ഡിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ട പൊതുസമ്മതിയുണ്ടാക്കാനും അതുവഴി കോടതിയെ സമ്മർദ്ദത്തിലാക്കാനും കളിച്ച കളി പക്ഷേ, ഇവിടെ ഏശിയില്ല. കിഫ്ബിയ്ക്കും മസാലാബോണ്ടിനുമെതിരെ തുടർച്ചയായ കൽപ്പിതകഥകളെഴുതി കോടതിയെ സ്വാധീനിക്കാമെന്നും അതുവഴി വിധി അനുകൂലമാക്കാൻ കഴിയുമെന്നുമുള്ള വ്യാമോഹമാണ് എട്ടുനിലയിൽ പൊട്ടിയത്.
ഇതും ഒരു കേരള മാതൃകയാണ്. പ്രതിരോധത്തിന്റെ കേരള മാതൃക. മടിയിൽ കനമില്ലാത്തവർക്ക് ആരെയും ഭയക്കേണ്ടതില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഒരിക്കൽക്കൂടി അന്വർത്ഥമായി. ♦