വെളിച്ചത്തിനും സമയത്തിനുമൊപ്പം നീങ്ങുന്ന പ്രകാശഖണ്ഡമാണ് സിനിമ എന്നാണ് 2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വെച്ച് പോർച്ചുഗീസ് സംവിധായികയായ റീത്ത അസിവിഡോ ഗോമസ് സിനിമയെ വിശേഷിപ്പിച്ചത്. സിനിമ ഒരു വിളക്കുമരത്തിന്റെ വെളിച്ചം പോലെ വിളക്കുമരത്തെ നാം കാണാത്ത ജീവിതക്കാഴ്ചകളെ തെളിച്ച് കാട്ടുന്നു. കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 28 മത് എഡിഷൻ ആണ് ഡിസംബർ എട്ടു മുതൽ 15 വരെ നടന്നത്. കൊൽക്കത്തയിൽ നിന്ന് സുവർണ ചൗധരിയും സേലത്ത് നിന്ന് മനോഹറുമടക്കം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഡെലിഗേറ്റുകളേയും മേളക്കിടയിൽ കണ്ടുമുട്ടി. സിനിമയുടെ രാഷ്ട്രീയത്തെ തിരിച്ചറിയുകയും, ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ചലച്ചിത്ര മേള എന്ന നിലയ്ക്ക് കൂടിയാണ് IFFK പ്രസക്തമാകുന്നത്.
അൽപം ചരിത്രം
കേരളത്തിന് സ്വന്തമായി ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള വേണം എന്ന മോഹം മലയാളികളിൽ ഉദിപ്പിക്കുന്നത് 1988 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ IFFI യുടെ വിജയമാണ്. അതിനു മുൻപ് തന്നെ ഫിലിം സൊസൈറ്റികളിലൂടെ മികച്ച ലോക സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ധാരാളം നടന്നിരുന്നു. എന്നാൽ സിനിമകളുടെ ലഭ്യതയും, സ്ക്രീനിങ് സൗകര്യങ്ങളുമൊക്കെ പരിമിതമായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഏത് സിനിമയും കൈവെള്ളയിൽ എത്തുന്ന നമുക്ക് മനസ്സിലാക്കാൻ പോലും പ്രയാസമാകും സിനിമകൾ സംഘടിപ്പിക്കാനുള്ള അന്നത്തെ കഷ്ടപ്പാടുകൾ. ഏതായാലും 1996 ൽ കോഴിക്കോട് വെച്ച് ആദ്യ കേരള രാജ്യാന്തര ചലച്ചിത്ര മേള നടന്നു. സിനിമയുടെ നൂറാം വർഷത്തിൽ നൂറു സിനിമകളുമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 1998 വരെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ആയിരുന്നു മേളയുടെ സംഘാടകർ. മലയാള സിനിമയുടെ വികാസം ലക്ഷ്യമിട്ട് 1998 ൽ നായനാർ മന്ത്രിസഭയുടെ കാലത്ത് രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയായി പിന്നീട് മേളയുടെ സംഘാടകർ. ആദ്യം ചലച്ചിത്ര നിർമ്മാതാക്കളുടെ അന്താരാഷ്ട്ര ഫെഡറേഷനായ FIAPF ന്റെയും പിന്നീട് FIPRESCI (Fédération Internationale de la Presse Cinématographique) യുടെയും NETPAC (Network for the Promotion of Asian Cinema) യുമൊക്കെ അംഗീകാരം നമ്മുടെ ചലച്ചിത്രമേളയെ തേടിയെത്തി. നിലവിൽ ലോകത്തെ പ്രധാന ചലച്ചിത്ര മേളകളിൽ മുൻപന്തിയിലാണ് IFFK യുടെ സ്ഥാനം. നിരവധി ലോക സിനിമകൾ ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു എന്ന് മാത്രമല്ല പലതിന്റെയും ആദ്യ പ്രദർശനം തന്നെ നമ്മുടെ മേളയിൽ ആവാറുമുണ്ട്.
ചകോരം അഥവാ ചെമ്പോത്താണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചിഹ്നം. ഇരുട്ടത്തിരുന്ന് നിലാവുണ്ണുന്ന ചകോരത്തെപ്പോലെ സിനിമ കാണുന്ന പ്രേക്ഷകർ ഇരുട്ടത്തിരുന്ന് വിജ്ഞാനത്തെ കണ്ടെത്തുന്നു എന്നാണ് ലോഗോ സൂചിപ്പിക്കുന്നത്. ഈ മേളയിലെ പ്രധാന പുരസ്കാരങ്ങൾ അറിയപ്പെടുന്നതും ചകോരത്തിന്റെ പേരിൽ തന്നെ. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) മുഖ മുദ്രയാണ് “ലങ്കാ ലക്ഷ്മി”യുടെ തോൽപ്പാവ. ഈ ലോഗോ കേരളത്തിലെ ദൃശ്യകലാ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. സിനിമയ്ക്കും ഏറെ മുമ്പേ നിഴലും വെളിച്ചവും ഇടകലരുന്ന മറ്റൊരു ദൃശ്യകലയായ പാവകളി കേരളത്തിലുണ്ടായിരുന്നു. ശാപമോക്ഷം കിട്ടി, ലങ്കാലക്ഷ്മി കൈകൾ മുകളിലേക്ക് ഉയർത്തി വിശ്വരൂപത്തിലേക്ക് മാറുന്നതാണ് പശ്ചാത്തലം. സംവിധായകൻ അരവിന്ദൻ വരച്ച ഈ ലോഗോ രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പ് മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്.
ജൂറി തെരഞ്ഞെടുക്കുന്ന ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കുക. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ, ലോക സിനിമ, റെട്രോസ്പെക്റ്റീവുകൾ, പ്രത്യേക പാക്കേജുകൾ തുടങ്ങി മികച്ച കാഴ്ചാനുഭവങ്ങളുടെ ഒരു വലിയ ശേഖരം മേളയിൽ ഉണ്ടാകും. മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും ഉളള രജത ചകോരങ്ങൾ, പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന മികച്ച സിനിമയ്ക്കുള്ള പുരസ്കാരം, മികച്ച അഭിനേതാവിനുള്ള പുരസ്കാരം, FIPRESCI, NETPAC തുടങ്ങിയവ നൽകുന്ന പുരസ്കാരങ്ങൾ എന്നിവയൊക്കെ മേളക്കൊടുവിൽ നൽകപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ചലച്ചിത്ര മേളയായി മാറാൻ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.
മേളയുടെ ഇത്തവണത്തെ
സവിശേഷതകൾ
ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ തന്നെ വംശീയതക്കും പാർശ്വവത്കരണത്തിനും പുരുഷാധിപത്യത്തിനും ഒക്കെ എതിരായ മേളയുടെ രാഷ്ട്രീയ നിലപാടിനെ വെളിവാക്കുന്നുണ്ട്. സുഡാനിലെ അറബ് വംശജരും കറുത്ത വർഗക്കാരും തമ്മിലുണ്ടായ വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളുടേയും വൈരുദ്ധ്യങ്ങളുടേയും കഥ പറയുന്നു. പ്രശസ്ത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിയാണ് ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സനൂസി, ഇംഗ്മർ ബർഗ്മാനൊപ്പം യൂറോപ്യൻ ഫിലിം അക്കാദമി സ്ഥാപിച്ചു. യൂറോപ്യൻ സിനിമയെ ഇംഗ്ലീഷ് എന്ന ഒറ്റ കേന്ദ്രബിന്ദുവിൽ നിന്ന് മോചിപ്പിച്ച് ഭാഷാപരവും പ്രമേയപരവുമായ വൈവിധ്യം കൊണ്ടുവരുന്നതിന് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന സനൂസിയുടെ സിനിമകൾ മനുഷ്യജീവിതത്തിന്റെ കാണാപ്പുറങ്ങളെ തിരയുന്നവയാണ്. ഈ വർഷത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയത് വനൂരി കഹിയു എന്ന കെനിയൻ സംവിധായികയാണ്. ഒരു ലെസ്ബിയൻ പ്രണയകഥ പറഞ്ഞ റഫീക്കി എന്ന ചിത്രത്തിന്റെ പേരിൽ അവർ കെനിയയിൽ സെൻസർഷിപ്പും ഭീഷണികളും നേരിട്ടിരുന്നു. പ്രകാശപൂർണ്ണമായ ഒരു ആഫ്രിക്കയെ ചിത്രീകരിക്കുന്ന ആഫ്രോബബിൾഗം എന്ന സിനിമാ ശൈലിയുടെയും കൂട്ടായ്മയുടെയും ഉപജ്ഞാതാവ് കൂടിയാണ്.
പല നിറമുള്ള ജീവിതക്കാഴ്ചകൾ
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങൾ പ്രമേയ വൈവിധ്യംകൊണ്ടും അവതരണ രീതികൾകൊണ്ടും തികച്ചും വ്യത്യസ്തമായിരുന്നു. ഈ വിഭാഗത്തിൽ ഉൾപ്പെട്ട മലയാള ചിത്രങ്ങളായിരുന്നു ഫാമിലി (ഡോൺ പാലത്തറ), തടവ് (ഫാസിൽ റസാക്ക്) എന്നിവ. പരിമിതമായ ബജറ്റിൽ, തീർത്തും പുതിയ അഭിനേതാക്കളെ ഉൾപ്പെടുത്തി ചെയ്ത ഈ ചിത്രം റിയലിസ്റ്റിക് ശൈലി പിന്തുടരുമ്പോൾ തന്നെ അൽപ്പം നർമ്മത്തോടെ പ്രതിസന്ധികളിൽ അകപ്പെടുന്ന മനുഷ്യജീവിതത്തെ ആവിഷ്കരിക്കുന്നു. ഒരുപക്ഷേ ഈ മേളയിൽ നിന്നുള്ള മലയാളത്തിന്റെ കണ്ടെത്തൽ തടവിന്റെ സംവിധായകനായ ഫാസിൽ റസാഖാണ്. അതിർത്തികളുടെ നിരർഥകത ആവിഷ്കരിച്ച കസാക്ക് ചിത്രം The Snow Storm, ശബ്ദത്തിന്റെയും നിശബ്ദതയുടെയും ആവിഷ്കാരം കൊണ്ട് ശ്രദ്ധേയമായ All the silence, മദ്ധ്യവയസ്കനായ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ശരീരത്തിന്റെ സാധ്യതകളെ കണ്ടെത്തുന്ന കഥ പറഞ്ഞ Southern Storm, വാർദ്ധക്യത്തിന്റെ ശീലങ്ങളെ വിഴുങ്ങുന്ന പുതിയ കാലത്തെ അവതരിപ്പിച്ച Sunday, രാഷ്ട്രീയ പോരാളികളെ ഭ്രാന്തിന്റെ തടവറയിൽ അടയ്ക്കുന്ന അധികാരത്തെ അവതരിപ്പിച്ച Achilles, ഹിന്ദി ചിത്രമായ ആഗ്ര എന്നിവയൊക്കെ ഏറെ ശ്രദ്ധേയമായി. ജാപ്പനീസ് ചിത്രമായ Evil does not Exist ആണ് സുവർണ ചകോരം നേടിയത്. ഒരു മലയോര ഗ്രാമത്തിലേക്ക് കടന്നു വരുന്ന മുതലാളിത്ത താല്പര്യങ്ങളുടെയും അവയോടുള്ള തദ്ദേശവാസികളുടെ ചെറുത്തുനിൽപ്പിന്റെയും കഥയാണ് ഈ ചിത്രം പറഞ്ഞത്.
കൺട്രി ഫോക്കസിൽ ഇത്തവണ ക്യൂബയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു. സ്പാനിഷ് അധിനിവേശത്തിനെതിരെയുള്ള ആഭ്യന്തര കലാപത്തിന്റെ കഥ പറഞ്ഞ ക്യൂബ ലിബ്രേ ഇതിൽ ഉൾപ്പെട്ടിരുന്നു. ലാറ്റിനമേരിക്കൻ ചിത്രങ്ങളുടെ പ്രത്യേക പാക്കേജും ഉണ്ടായിരുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ഫീമെയ്ൽ ഗേസ് പാക്കേജാണ്. സ്ത്രീകളുടെയും വ്യത്യസ്ത ലിംഗ-ലൈംഗിക സ്വത്വങ്ങൾ ഉള്ളവരുടേയും കഥകൾ പറയുന്ന സിനിമകൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. ഈ വിഷയത്തെ ആധാരമാക്കിയുള്ള ഓപ്പൺ ഫോറത്തിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾ പങ്കെടുക്കുകയും ലിംഗസമത്വത്തിന്റെ രാഷ്ട്രീയം ഊന്നിപ്പറയുകയും ചെയ്തു.
ലോകസിനിമ വിഭാഗത്തിലും ശ്രദ്ധേയമായ നിരവധി സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടു. Sleep, Endless Borders, Slow, Afire, Love and Revolution, Terrestrial Verses, Me Captain, Anatomy of a Fall, The Monk and the Gun തുടങ്ങിയ ചിത്രങ്ങളൊക്കെ പ്രേക്ഷക പ്രശംസ നേടി. ലോകസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പെട്ടതായിരുന്നു മാസ്റ്റർ മൈൻഡ് വിഭാഗം. ഇതിലാണ് ബ്രിട്ടീഷ് സംവിധായകനായ കെൻ ലോച്ചിന്റെ ‘The Old Oak’ പ്രദർശിപ്പിക്കപ്പെട്ടത്. സോഷ്യലിസ്റ്റ് ആശയങ്ങൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ സിനിമകളാണ് കെൻ ലോച്ചിന്റെ എല്ലാ ചിത്രങ്ങളും. തൊഴിലിന്റെയും, ഭൂവുടമസ്ഥതയുടെയും രാഷ്ട്രീയം, പാർശ്വവത്കൃതരോടുള്ള ഐക്യപ്പെടൽ, മുതലാളിത്ത,കൊളോണിയൽ വിരുദ്ധത എന്നിവയൊക്കെ അദ്ദേഹത്തിന്റെ സിനിമകളുടെ സവിശേഷതകളാണ്. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിലേക്ക് സിറിയൻ അഭയാർത്ഥികൾ താമസത്തിനെത്തുന്നതും തുടർന്ന് അത് അവിടത്തെ താമസക്കാരിൽ ഉണ്ടാക്കുന്ന പ്രതികരണങ്ങളുമാണ് The Old Oak ന്റെ പ്രമേയം .സമ്പന്നമെന്ന് പുറം ലോകം കരുതുന്ന സമൂഹങ്ങൾക്കുള്ളിലും ദാരിദ്ര്യവും അസ്ഥിരതയും നിലനിൽക്കുന്നു എന്നും ആ പ്രശ്നത്തിന്റെ വേരുകൾ തിരയേണ്ടത് ഉപരിപ്ലവമായ കാരണങ്ങളിലല്ല, അടിസ്ഥാന സാമ്പത്തിക വ്യവസ്ഥിതിയിലാണ് എന്നുമാണ് ഈ ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. ഈ ദുരവസ്ഥകളെ മറികടക്കാൻ തൊഴിലാളികളും അഭയാർത്ഥികളും ഉൾപ്പടെയുള്ള സാധാരണക്കാരുടെ കൂട്ടായ്മകൾക്കേ സാധ്യമാകൂ. ട്രേഡ് യൂണിയനുകൾ കൂടി അതിനൊപ്പം ചേരുമ്പോൾ വലിയൊരു തിരുത്ത് സാധ്യമാകുന്നു. ഭക്ഷണം ഒരു സാംസ്കാരിക രൂപകമായി ഇതിനൊപ്പം പ്രവർത്തിക്കുന്നത് ചിത്രത്തിൽ കാണാം.അപ്രത്യക്ഷമാകുന്ന പള്ളികളടക്കമുള്ള സാമൂഹ്യ ഇടങ്ങൾ, മറന്നുപോകുന്ന പോരാട്ട ചരിത്രങ്ങൾ, പ്രശ്നങ്ങൾ തങ്ങളിൽ താഴെയുള്ളവരിൽ ചുമത്തുന്ന മധ്യവർഗ്ഗ മനോഭാവം, വംശീയത, ഒളിച്ചു വെയ്ക്കപ്പെടുന്ന ദാരിദ്ര്യം തുടങ്ങി സിനിമ മുന്നോട്ടു വെയ്ക്കുന്ന പ്രശ്നങ്ങൾ പലതാണ്. തൊട്ടുമുൻപുള്ള സോറി വീ മിസ്ഡ് യൂ പോലുള്ള കെൻ ലോച്ച് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യാശയുടെ സാധ്യതയെ സിനിമ കണ്ടെത്തുന്നുണ്ട്. ചരിത്രവത്കരിക്കുക, പ്രശ്നവത്കരിക്കുക,പോംവഴി കണ്ടെത്തുക എന്നതാണ് കെൻ ലോച്ച് മുന്നോട്ടുവെക്കുന്ന മാർഗ്ഗം. Strength, Solidarity, Resistance എന്ന് രേഖപ്പെടുത്തിയ വയസൻ ഓക്ക് മരത്തിന്റെ ചിത്രമുള്ള ബാനറുമേന്തി പ്രകടനം നടത്തുന്ന ആൾക്കൂട്ടത്തിലാണ് സിനിമ അവസാനിക്കുന്നത്. മേളയിലെ വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട സിനിമയും ഇതുതന്നെ.
മേളയുടെ അനുബന്ധമായി നടന്ന ഓപ്പൺ ഫോറങ്ങൾ, സംവിധായകരുമായുള്ള സംവാദങ്ങൾ, പ്രദർശനങ്ങൾ, അനുബന്ധ പരിപാടികൾ എന്നിവയൊക്കെയും നല്ല നിലവാരം പുലർത്തിയിരുന്നു. എന്നാൽ ഇത് പരിമിതികളില്ലാത്ത മേളയല്ല. ഉദ്ഘാടകനായി എത്തിയത് നാനാ പടേക്കറാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും മുൻകാല മീ ടൂ ആരോപണങ്ങളുമൊക്കെ പരിഗണിക്കാതെ ഉദ്ഘാടകനായി തെരഞ്ഞെടുത്തത് വിമർശിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റിസർവേഷനും ക്യൂ സംവിധാനങ്ങളും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണയും തീയേറ്ററുകളിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഒഫീഷ്യൽ ആപ്പിന്റെ പരിമിതികൾ രജിസ്ട്രേഷനേയും റിസർവേഷനെയും ബാധിച്ചിരുന്നു. വരും വർഷത്തേക്ക് ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്. പരിമിതികളുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ തന്നെ കേരളത്തെയും മലയാള സിനിമയേയും ഉയർത്തിക്കാട്ടാൻ മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ♦