Monday, November 25, 2024

ad

Homeഅഭിമുഖംസാമ്രാജ്യത്വ പ്രചാരണവും പാശ്ചാത്യ ഇടതുബുദ്ധിജീവികളുടെ പ്രത്യയശാസ്‌ത്രവും ‐3

സാമ്രാജ്യത്വ പ്രചാരണവും പാശ്ചാത്യ ഇടതുബുദ്ധിജീവികളുടെ പ്രത്യയശാസ്‌ത്രവും ‐3

പരിഭാഷ: പി എസ്‌ പൂഴനാട്‌

ബ്രിയേൽ റോക്ക്‌ഹിൽ: ഫ്രഞ്ച് സിദ്ധാന്തത്തെ അത് യഥാർത്ഥത്തിൽ എന്താണോ ആ അർത്ഥത്തിൽത്തന്നെ അതിനെ നോക്കിക്കാണേണ്ടതുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ആ അർത്ഥത്തിൽ വിലയിരുത്തുമ്പോൾ ഫ്രഞ്ച് സിദ്ധാന്തമെന്നത്, ഏറ്റവും കുറഞ്ഞത് – ഭാഗികമായിട്ടെങ്കിലും , അമേരിക്കൻ സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ ഒരു ഉൽപ്പന്നമാണെന്ന് ബോധ്യപ്പെടും. കമ്യൂണിസ്റ്റ് വിരുദ്ധമായ സൈദ്ധാന്തിക പ്രയോഗത്തിലൂടെ മാർക്സിസത്തെ സ്ഥാനഭ്രഷ്ടമാക്കാനാണ് അത് പരിശ്രമിച്ചത്. പലവിതാനങ്ങളിലുള്ള ബൂർഷ്വാ സാംസ്കാരികവാദങ്ങളിലായിരുന്നു അത് അഭിരമിച്ചിരുന്നത്. ഭാഷാവ്യവഹാരങ്ങൾക്കുള്ളിൽ സാങ്കൽപ്പിക വിപ്ലവം സൃഷ്ടിക്കാനുള്ള വ്യവഹാരാത്മകമായ പൈറോടെക്നിക്കുകളെ സ്വരൂപിക്കുകയായിരുന്നു അവർ. ഈ സൈദ്ധാന്തിക പരിസരങ്ങളാകട്ടെ നിലനിൽക്കുന്ന ഭൗതികയാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യുന്നതോ അതിൽ മാറ്റം വരുത്തുന്നതോ ആയിരുന്നില്ല. അതുപോലെ, കമ്യൂണിസ്റ്റ് വിരുദ്ധരായ ഫ്രെഡ്രിക് നീത്‌ഷേയുടെയും മാർട്ടിൻ ഹൈഡഗറുടെയും കൃതികളെ സൈദ്ധാന്തികലോകത്തിലേയ്ക്ക് വീണ്ടും പുനരധിവസിപ്പിച്ചതും പുനരാനയിച്ചതും സ്ഥാനക്കയറ്റം നൽകി ഉയർത്തിവിട്ടതും ഫ്രഞ്ച് വിമർശനാത്മക സിദ്ധാന്തമായിരുന്നു. റാഡിക്കലാവുക എന്നതിനർത്ഥം റാഡിക്കലായി പ്രതിവിപ്ലവകാരിയാവുക എന്നാണെന്ന് വ്യാഖ്യാനിക്കാനും അതിന്റെ അർത്ഥങ്ങളെ പുനർനിർവ്വചിക്കാനുമായിരുന്നു ഇതിലൂടെ വളരെ തന്ത്രപരമായി ഫ്രഞ്ച് സിദ്ധാന്തം പരിശ്രമിച്ചത്. ഫ്രഞ്ച് സൈദ്ധാന്തികർ മാർക്സിസവുമായി എൻഗേജ് ചെയ്തപ്പോഴാകട്ടെ, മാർക്സിസത്തെയും മറ്റ് ഒരുപാട് വ്യവഹാരങ്ങളിൽ ഒന്നുമാത്രമായി രൂപാന്തരപ്പെടുത്താനായിരുന്നു അവർ ശ്രമിച്ചത്. അതിന്റെ ഭാഗമായി മാർക്സിസ്റ്റ് – ഇതരവും വൈരുദ്ധ്യാത്‌മക – വിരുദ്ധവുമായ വ്യവഹാരമണ്ഡലങ്ങളായ നീത്ഷേയുടെ വംശാവലിസിദ്ധാന്തം, ഹൈഡഗറുടെ ഡിസ്ട്രക്ഷൻ, ഫ്രോയ്ഡിന്റെ മനോവിശ്ലേഷണം എന്നിവയുമായി മാർക്സിസത്തെ മിശ്രിതപ്പെടുത്താനും സംയോജിപ്പിക്കാനുമായിരുന്നു ഫ്രഞ്ച് സൈദ്ധാന്തികർ വെമ്പൽകൊണ്ടത്. ഇക്കാരണത്താൽ തന്നെ തങ്ങൾക്കോരോരുത്തർക്കും തങ്ങളുടേതായ മാർക്സാണുള്ളതെന്ന് അവർ വാദിക്കുകയും ചെയ്യുന്നുണ്ട്. ഈയൊരുവാദം ഈ ചിന്തകർ മാർക്സിസ്റ്റുകളോ അല്ലെങ്കിൽ മാർക്സിയനോ ആണെന്ന മിഥ്യാബോധം ഉൽപ്പാദിപ്പിക്കുന്നതിന് ചിലപ്പോഴൊക്കെ കാരണമായിട്ടുണ്ട്.

തങ്ങളുടെ തത്ത്വചിന്താധാരയ്ക്ക് ഏറ്റവും അനുഗുണമാണെന്ന് തങ്ങൾ കരുതുന്ന പ്രത്യേക ഘടകങ്ങളെ മാർക്സിന്റെ കൃതികളിൽ നിന്നും ഏകപക്ഷീയമായി വേർതിരിച്ചെടുക്കുക എന്നതാണ് നിലനിൽക്കുന്ന ഏറ്റവും മുഖ്യമായ പ്രവണത. അങ്ങനെയാണ് ഴാങ് ദെറീദയുടെ മാർക്സിന്റെ ഭൂതങ്ങൾ എന്ന കൃതി ഉണ്ടാകുന്നത്. ദെറീദയുടെ പ്രേതരൂപംപൂണ്ട സാഹിത്യ മാർക്‌സാകട്ടെ തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത ആളാണ്. ഴീൽ ദെല്യൂസിന്റെ മാർക്സാകട്ടെ ദേശാന്തരഗമനം ചെയ്യുന്ന അപപ്രാദേശികതയുടെ (nomadic deterritorializing ) മാർക്സാണ്. ഴാങ് ഫ്രാങ്കോയിസ് ലോത്ത്യാർഡിന്റേതാകട്ടെ വൈരുദ്ധ്യാത്മക – വിരുദ്ധനായ മാർക്‌സാണ്. ഉദാഹരണങ്ങൾ നിരവിയാണ്. ഇങ്ങനെ ബൂർഷ്വാ കാനോനിനുള്ളിലെ മറ്റൊരു കാലിത്തീറ്റ മാത്രമായിട്ടാണ് (as fodder within the bourgeois canon) അവർ മാർക്സിന്റെ മണ്ഡലങ്ങളെ നോക്കിക്കാണുന്നത്. തങ്ങളുടെ സ്വന്തം തത്ത്വചിന്താ ബ്രാൻഡിനെ വികസിപ്പിക്കാനും വീർപ്പിക്കാനും പലതരത്തിൽ അവരാ തീറ്റയെ ഉപയോഗിക്കും. അതിലൂടെ സ്വന്തം തത്ത്വചിന്താബ്രാൻഡിന് ശേഷിയുടെയും തീവ്രതയുടെയും ഒരു പ്രഭാവലയത്തെ അവർ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. പ്രമുഖ ആഫ്രിക്കൻ മാർക്സിസ്റ്റ് ചിന്തകനായ വാൾട്ടർ റോഡ്‌നി ഇത്തരത്തിലുള്ള സൈദ്ധാന്തിക പ്രവർത്തനത്തിന്റെ യഥാർത്ഥ സ്വഭാവത്തെ സംഗ്രഹിക്കുന്നതിങ്ങനെയാണ്: “ബൂർഷ്വാ ചിന്തയുടെ പ്രകൃതം തന്നെ അതിന്റെ വിചിത്ര സ്വഭാവമാണ്. അതിന്റെ വിചിത്ര സ്വഭാവം കൊണ്ടുതന്നെ, അത് കൃത്യമായ ഒരു വഴി ചൂണ്ടിക്കാണിക്കില്ല. നിങ്ങൾക്ക് ഏത് വഴിയിലൂടെയും സഞ്ചരിക്കാം. എന്നാൽ അവസാനം ഒരിടത്തും എത്തിച്ചേരുകയുമില്ല. ഒരിടത്തും എത്തിച്ചേരാത്തതുകൊണ്ടുതന്നെ നിങ്ങൾക്ക് ഏത് വഴിയും തിരഞ്ഞെടുക്കാം’!

ഷാവോ ഡിങ്കി: സമകാലിക ചൈനയിൽ ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകർക്കും വലിയ സ്വാധീനമാണുള്ളത്. ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ സൈദ്ധാന്തിക ചിന്തകളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്? സി ഐ എ യുമായി എന്ത് തരത്തിലുള്ള ബന്ധമാണ് ഫ്രാങ്ക്ഫർട്ട് സ്കൂളിന് ഉണ്ടായിരുന്നത്?

ഗബ്രിയേൽ റോക്ക്ഹിൽ: ഫ്രാങ്ക്ഫർട്ട് സർവ്വകലാശയിലെ ഒരു മാർക്സിയൻ ഗവേഷണ സ്ഥാപനം എന്ന നിലയിലാണ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് അഥവാ ഫ്രാങ്ക്ഫർട്ട് സ്കൂൾ ആവിർഭവിക്കുന്നത്. ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും നൽകിയതാകട്ടെ സമ്പന്നനായ ഒരു മുതലാളിയായിരുന്നു. 1930ലാണ് മാക്സ് ഹോർക്ഹൈമർ ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ ഡയറക്ടർ സ്ഥാനത്തേയ്ക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഊഹാത്മകവും കേവല സാംസ്കാരികബദ്ധവുമായ ഒരു രീതിശാസ്ത്രതലത്തിലേക്ക് ഫ്രാങ്ക്ഫർട്ട് സ്കൂളിന് വളരെ നിർണ്ണായകമായ ഒരു അവസ്ഥാമാറ്റം സംഭവിക്കുന്നത്. ഈയൊരു അവസ്ഥാമാറ്റമാകട്ടെ ചരിത്രപരമായ ഭൗതികവാദത്തിൽ നിന്നും വർഗ്ഗസമരത്തിൽ നിന്നുമുള്ള വലിയൊരു പിൻനടത്തമായിരുന്നു.

ഇങ്ങനെ പാശ്ചാത്യ മാർക്സിസമെന്നും കുറച്ചുകൂടി സവിശേഷമായി പറഞ്ഞാൽ സാംസ്കാരിക മാർക്സിസമെന്നും വിളിക്കപ്പെടുന്ന ചിന്താപദ്ധതിയുടെ അടിത്തറയൊരുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചത് മാക്സ്‌ ഹോർക്ഹൈമറുടെ നേതൃത്വത്തിലുള്ള ഫ്രാങ്ക്ഫർട്ട് സ്കൂളായിരുന്നു. മാക്സ് ഹോർക്ഹൈമറും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബൗദ്ധിക സുഹൃത്തായ തിയോഡർ അഡോർണയും യഥാർത്ഥത്തിൽ നിലനിൽക്കുന്ന സോഷ്യലിസത്തെ നിഷേധിക്കുക മാത്രമല്ല ചെയ്തത്; യഥാർത്ഥത്തിൽ നിലനിൽക്കുന്ന സോഷ്യലിസത്തെ ഫാസിസവുമായി താരതമ്യപ്പെടുത്തുകയും തുല്യതപ്പെടുത്തുകയും കൂടി ചെയ്തു. സമഗ്രാധിപത്യത്തെക്കുറിച്ചുള്ള (totalitarianism) പ്രത്യയശാസ്ത്ര സംവർഗ്ഗങ്ങളിൽ അയുക്തിപരമായി അടയിരുന്നുകൊണ്ടാണ് അവർ ഇത്തരം വാദഗതികൾ ഉയർത്തിവിട്ടത്. ഫ്രഞ്ച് സിദ്ധാന്തത്തിന്റെ പൊതുസ്വഭാവവും ഇതുതന്നെയായിരുന്നു. ബദലുകൾ നിലവിലില്ല (“There Is No Alternative”) എന്ന ആശയത്തെ വല്ലാത്തൊരു ബൗദ്ധികനാട്യത്തോടെയും നാടകീയമായും അവർ അവതരിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബൂർഷ്വാ കലയുടെയും സംസ്കാരത്തിന്റെയും മണ്ഡലങ്ങളെയായിരുന്നു വിമോചനത്തിന്റെ ഒരേയൊരു ക്രിയാത്മക മേഖലയായി അവർ ഉയർത്തിക്കാട്ടിയത്.

ചുരുക്കം ചില സംഗതികളെ ഒഴിച്ചുനിർത്തിയാൽ, ഹോർക്ഹൈമറുടെയും അഡോർണയുടെയും സൈദ്ധാന്തിക പ്രയോഗമെന്നത് ഏറിയകൂറും ആശയവാദപരമായിരുന്നു.

പാശ്ചാത്യ മാർക്സിസത്തിന്റെ വമ്പൻ സുവിശേഷകന്മാരായിരുന്ന ഇവർ, ഫാസിസവും കമ്യൂണിസവും ഒന്നാണെന്ന മുതലാളിത്തത്തിന്റെ പ്രത്യയശാസ്‌ത്രമന്ത്രത്തെ വാരിപ്പുണരുകയാണ് ചെയ്‌തത്‌. അതുമാത്രല്ല; പരസ്യമായിത്തന്നെ ഇവർ സാമ്രാജ്യത്വത്തെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. ഹോർക്ഹൈമറാകട്ടെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിയറ്റ്നാം ആക്രമണത്തെ അനുകൂലിച്ച ആളാണ്. വിയറ്റ്നാം ആക്രമണത്തെ അനുകൂലിച്ചുകൊണ്ട് 1967 മെയ് മാസത്തിൽ ഹോർക്ഹൈമർ പ്രഖ്യാപിച്ചതിങ്ങനെയായിരുന്നു: “അമേരിക്ക ഒരു യുദ്ധം നയിക്കുന്നത് അനിവാര്യമായും മാതൃരാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല. അമേരിക്ക യുദ്ധം നടത്തുന്നത് അതിന്റെ ഭരണഘടനയെ സംരക്ഷിക്കാനാണ് എന്നതാണ് പ്രധാനകാര്യം. അതായത് അമേരിക്ക യുദ്ധം നടത്തുന്നത് മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. “ഇത്തരത്തിലുള്ള തീവ്രതയേറിയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതാകട്ടെ പ്രൊഫസർ ജോലിക്ക് യോജിക്കാത്തതും നിയമപരമല്ലാത്തുമാണ് എന്ന നിലപാടായിരുന്നു പൊതുവേ അഡോർണയ്ക്കുണ്ടായിരുന്നത്. എന്നാൽ 1956-ൽ ഇസ്രയേലും ബ്രിട്ടനും ഫ്രാൻസും സംയുക്തമായി ഈജിപ്തിനെ കടന്നാക്രമിക്കുകയും ഈജിപ്ഷ്യൻ ഭരണാധികാരി കേണൽ അബ്ദുൽ നാസറിനെ അട്ടിമറിക്കാനും സൂയസ് കനാലിനെ പിടിച്ചടക്കാനും പദ്ധതിയിടുകയും ചെയ്തപ്പോൾ മാക്സ് ഹോർക്ഹൈമറിനൊപ്പം അഡോർണയും ഈ സാമ്രാജ്യത്വ അധിനിവേശത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. സോവിയറ്റ് യൂണിയനുമായി ഗൂഢാലോചന നടത്തുന്ന ഫാസിസ്റ്റ് നേതാവാണ് നാസറെന്നും അഡോർണ വിളിച്ചുപറഞ്ഞു. ഇസ്രയേലിന് സമീപത്ത് സ്ഥിതിചെയ്യുന്ന അറബ് രാഷ്ട്രങ്ങളെ പിടിച്ചുപറിയൻ രാഷ്ട്രങ്ങൾ (Arab robber states) എന്ന് അവർ അധിക്ഷേപിക്കുകയും ചെയ്തു.

അമേരിക്കൻ ദേശീയ സുരക്ഷാഭരണകൂടത്തിന്റെയും അമേരിക്കൻ മുതലാളിവർഗ്ഗത്തിന്റെയും സഹായസഹകരണങ്ങൾ ആവോളം നുകർന്നുകൊണ്ടാണ് ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ നേതാക്കൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഏറ്റവും കുറഞ്ഞത് സിസിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനങ്ങളിൽ ഒന്നിലെങ്കിലും ഹോർക്ഹൈമർ പങ്കെടുത്തിട്ടുണ്ട്. അഡോർണയാകട്ടെ സി ഐ എ യുടെ പിന്തുന്നയുള്ള ജേണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ജർമ്മനിയിലെ കമ്യൂണിസ്റ്റ് വിരുദ്ധ സംഘമായ കുൾത്തർകാഫിലെ പ്രധാനനേതാവുമായി അഡോർണ ബന്ധപ്പെടുകയും സഹകരിക്കുകയും കത്തിടപാടുകൾ നടത്തുകയും ചെയ്യുന്നുണ്ട്. സി സി എഫിന്റെ വികാസവും വിപുലീകരണവുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള സമിതിയ്ക്കുള്ളിലും അഡോർണ ഉൾപ്പെട്ടിരുന്നു. സി ഐ എ യുടെ സഹോദരസംഘമാണ് സി സി എഫ് എന്ന് കൃത്യമായി വെളിപ്പെട്ടതിനുശേഷമാണ് ഇത് സംഭവിക്കുന്നതെന്നും ഓർക്കേണ്ടതുണ്ട്. അമേരിക്കൻ ഗവൺമെന്റിൽ നിന്നും റോക്ക്ഫെല്ലർ ഫൗണ്ടേഷനിൽ നിന്നും ഫ്രാങ്ക്ഫർട്ട് സ്കൂൾ വലിയതരത്തിലുള്ള സാമ്പത്തികസഹായങ്ങളും സ്വീകരിച്ചിട്ടുണ്ട്. യുദ്ധാനന്തരം ഫ്രാങ്ക്ഫർട്ട് സ്കൂളിനെ പശ്ചിമ ജർമ്മനിയിലേയ്ക്ക് തിരിച്ചുകൊണ്ടുപോകുന്നതിനും വലിയ സഹായമാണ് അമേരിക്കൻ ഭരണകൂടത്തിൽ നിന്നും ഇവർക്ക് ലഭിച്ചത്. 103695 ഡോളറാണ് 1950-ൽ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ഫ്രാങ്ക്ഫർട്ട് സ്കൂളിന് നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് 13 ലക്ഷം ഡോളർ. അമേരിക്കൻ സാമ്രാജ്യത്വം എന്താണോ ആഗ്രഹിച്ചിരുന്നത് അതിന് അനുഗുണമായ സൈദ്ധാന്തികാഖ്യാനങ്ങളായിരുന്നു ഫ്രഞ്ച് സൈദ്ധാന്തികരെപ്പോലെ ഫ്രാങ്ക്ഫർട്ട് സ്കൂളും നിർവ്വഹിച്ചത്. അതുകൊണ്ടാണ് ഈയൊരു പിന്തുണ ഇവർക്ക് ലഭിച്ചത്.

ഫ്രാങ്ക്ഫർട്ട് സ്കൂളിൽ മാക്സ് ഹോർക്ഹൈമറുടെ ആന്തരികവൃന്ദത്തിലുണ്ടായിരുന്ന എട്ടുപേരിൽ അഞ്ചുപേരും അമേരിക്കൻ ഗവർമെന്റിന്റെയും ദേശീയ സുരക്ഷാഭരണകൂടത്തിന്റെയും അനലിസ്റ്റുകളായോ പ്രചാരകരായോ പ്രവർത്തിച്ചിരുന്നവരാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹെർബർട്ട് മാർക്യൂസ്, ഫ്രാൻസ് ന്യൂമാൻ, ഓട്ടോ കിർച്ച്ഹൈമർ എന്നിവർ വാർ ഇൻഫർമേഷൻ ഓഫീസിൽ ജോലി ചെയ്തിരുന്നവരാണ്. പിന്നീടവർ റിസർച്ച് ആന്റ് അനാലിസിസ് ബ്രാഞ്ചിൽ എത്തുന്നു. ലിയോ ലോവന്താളും വാർ ഇൻഫർമേഷൻ ഓഫീസിൽ ജോലി ചെയ്തിരുന്ന ആളാണ്. ഫ്രെഡ്രിഗ് പൊള്ളോക്ക് ആകട്ടെ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിലെ ആന്റി – ട്രസ്റ്റ് ഡിവിഷനിലായിരുന്നു. ഫാസിസത്തിനും കമ്മ്യൂണിസത്തിനും എതിരെ ഒരുപോലെ പോരാടാൻ തയ്യാറുള്ള മാർക്സിയൻ അനലിസ്റ്റുകളെ കണ്ടെത്തുകയെന്ന സവിശേഷമായ താൽപ്പര്യം അമേരിക്കൻ ഭരണകൂടത്തിലെ ഒരു വിഭാഗത്തിനുണ്ടായിരുന്നു എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇത് ഏറെക്കുറെ സങ്കീർണ്ണമായ ഒരു പ്രശ്നപരിസരമാണ്. അതുപോലെ ഇവരിൽ പലരും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപ്പര്യങ്ങൾക്ക് ഇണങ്ങുന്ന തരത്തിലുള്ള രാഷ്ട്രീയനിലപാടുകളായിരുന്നു കൈക്കൊണ്ടിരുന്നതും. അതുകൊണ്ടുതന്നെ, ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ ചരിത്രത്തെ സംബന്ധിക്കുന്ന ഈയൊരു ഭാഗത്തെ കൂടുതൽ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.

ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കും (ജർഗൻ ഹേബർമാസ്) മുന്നാം ഘട്ടത്തിലേയ്ക്കും (അക്സൽ ഹൊന്നത്ത്, നാൻസി ഫ്രേസർ, സെയ്ല ബെൻഹബിബ് തുടങ്ങിവർ ) ഉള്ള പരിണാമവും അതിന്റെ കമ്യൂണിസ്റ്റ് വിരുദ്ധമായ ദിശയിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. സ്റ്റേറ്റ് സോഷ്യലിസം അസംബന്ധമാണെന്നാണ് ഹേബർമാസിന്റെ നിലപാട്. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽതന്നെ അതിന്റെ ജനാധിപത്യസ്ഥാപനങ്ങളിലൂടെ ഉൾച്ചേർക്കലിന്റേതായിട്ടുള്ള പുതിയ ഇടങ്ങൾ കണ്ടെത്തുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാദം. നിയോഹേബർമാസിന്മാരുടെ മൂന്നാം തലമുറയുടെ വാദങ്ങളും ഇതുതന്നെയാണ്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വളരെ വിശദമായി മറ്റൊരു ലേഖനത്തിൽ ഞാൻ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ ചില കാര്യങ്ങൾ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അക്സൽ ഹൊന്നത്താകട്ടെ വിമർശനാത്മക സിദ്ധാന്തത്തിന്റെ ചട്ടക്കൂടിനുള്ളിലേയ്ക്ക് ബൂർഷ്വാപ്രത്യയശാസ്ത്രത്തെ സമ്പൂർണ്ണമായി ഉൾച്ചേർത്ത ആളാണ്. എന്നാൽ നാൻസി ഫ്രേസറാകട്ടെ വിമർശനാത്മക സൈദ്ധാന്തിക പാരമ്പര്യത്തിന്റെ ഏറ്റവും ഇടതുപക്ഷത്തുളള ആളായിട്ടാണ് തന്നെ അയാളപ്പെടുത്തുന്നത്. അങ്ങനെ അടയാളപ്പെടുത്തുമ്പോഴും അവർ സ്വയം വിളിക്കുന്നത് സോഷ്യൽ ഡെമോക്രാറ്റ് എന്നാണ്. എന്നാൽ സോഷ്യൽ ഡെമോക്രാറ്റ് എന്നതുകൊണ്ട് എന്താണ് ഉദ്ദ്യേശിക്കുന്നതെന്ന് അവർ ഇതുവരെ വസ്തുനിഷ്ഠമായി വിശദീകരിച്ചിട്ടുമില്ല. പോസിറ്റീവായിട്ടുള്ള ഒരു പ്രോഗ്രാമിനെ നിർവ്വചിക്കാനാവാത്തവിധം കാഠിന്യമേറിയതാണ് കാലമെന്നും അവർ പറയുന്നുണ്ട്. എന്നാൽ നെഗറ്റീവ് പ്രോഗ്രാം എന്താണെന്നതിനെ സംബന്ധിച്ച് അവർക്ക് ഒരു സംശയവുമില്ല ! “ജനാധിപത്യ സോഷ്യലിസം എന്നത് സമ്പദ്ഘടനയുടെ മേലുള്ള ഏകാധിപത്യപരമായ നിയന്ത്രണവും കമ്യൂണിസത്തിന്റെ ഏക പാർട്ടി ഭരണവുമാണ്’. ഇതാണ് അവരുടെ നിലപാട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 3 =

Most Popular