Tuesday, December 3, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിന്റെ ‘സാമ്രാജ്യത്വം’ എന്ന കൃതിയുടെ സൈദ്ധാന്തിക 
പ്രാധാന്യം

ലെനിന്റെ ‘സാമ്രാജ്യത്വം’ എന്ന കൃതിയുടെ സൈദ്ധാന്തിക 
പ്രാധാന്യം

പ്രഭാത് പട്‌നായക്‌

വിപ്ലവത്തെ സംബന്ധിച്ച കാഴ്ചപ്പാടിനെ തന്നെ സമ്പൂർണമായും വിപ്ലവവൽക്കരിച്ചു എന്ന വസ്തുതയിലാണ് ലെനിന്റെ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കൃതിയുടെ പ്രാധാന്യം നിലകൊള്ളുന്നത്. വികസിത മുതലാളിത്ത രാജ്യങ്ങളിൽ തൊഴിലാളിവർഗ വിപ്ലവം നടക്കുന്നതിനു മുൻപുതന്നെ കൊളോണിയൽ രാജ്യങ്ങളിലും ആശ്രിത രാജ്യങ്ങളിലും അവയുടേതായ വിപ്ലവങ്ങൾ നടക്കാനുള്ള സാധ്യതയെക്കുറിച്ച് മാർക്സും എംഗത്സും മുൻപേ തന്നെ സങ്കൽപ്പിച്ചിരുന്നു; എന്നാൽ ഈ രണ്ടു കൂട്ടം വിപ്ലവങ്ങളും പരസ്പരബന്ധമില്ലാത്തവയായാണ് കാണപ്പെട്ടിരുന്നത്. അവികസിത – പിന്നണി രാജ്യങ്ങളിലെ (Periphery) വിപ്ലവത്തെ സംബന്ധിച്ച കാഴ്ചപ്പാടും അവയ്ക്ക് വികസിത മുതലാളിത്ത രാജ്യങ്ങളിലെ (metropolis) സോഷ്യലിസ്റ്റ് വിപ്ലവവുമായുള്ള ബന്ധവും അവ്യക്തമായി തന്നെ നിലനിന്നിരുന്നു. ലെനിന്റെ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കൃതി ഈ രണ്ട് കൂട്ടം വിപ്ലവങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക മാത്രമല്ല, മറിച്ച് അവികസിത – പിന്നണി രാജ്യങ്ങളിലെ വിപ്ലവത്തെ സോഷ്യലിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മാനവരാശിയുടെ പ്രക്രിയയുടെ ഭാഗം തന്നെയാക്കി മാറ്റുകയാണുണ്ടായത്.

ആയതിനാൽ അത് വിപ്ലവപ്രക്രിയയെയാകെ സംയോജിതമായ സമഗ്രതയായാണ് കണ്ടത്; ഒരൊറ്റ ലോക വിപ്ലവ പ്രക്രിയയാണ് അതുപ്രകാരം സങ്കൽപിക്കപ്പെട്ടത്; ചങ്ങലയിലെ ഏറ്റവും ദുർബലമായ കണ്ണി (ആ കണ്ണി എവിടെയായിരിക്കുമെന്നത് പ്രശ്നമേയല്ല) പൊട്ടിച്ച് ഈ വ്യവസ്ഥയെ അപ്പാടെ തകർത്തെറിയുകയും. വിനാശകരമായ യുദ്ധങ്ങളിലേക്ക് മാനവരാശിയെ മുതലാളിത്തം തള്ളി നീക്കാൻ തുടങ്ങുന്ന കാലമാകുമ്പോൾ ഇത്തരമൊരു ലോക വിപ്ലവത്തിനുള്ള സമയം പക്വമാകുമെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു: ‘‘ശൂന്യമായ ഒരിടം’’ പോലും ബാക്കിയാക്കാതെ അത് ലോകത്തിനാകെ ‘‘ബാധക’’മാക്കിയിരിക്കുകയാണ്; ലോകത്തെയാകെ പല വികസിത മുതലാളിത്ത ശക്തികളുടെയും സ്വാധീന മണ്ഡലങ്ങളായി പൂർണമായും പങ്കിട്ടെടുത്തിരിക്കുകയാണ്. അതിനാൽ ഒരു പുനർഭാഗംവയ്ക്കലാണ് (repartition) ലോകത്ത് ഇപ്പോൾ സംഭവിക്കേണ്ടത്; അത്തരമൊരു പുനർഭാഗംവയ്ക്കൽ സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലൂടെ മാത്രമേ സംഭവിക്കൂ; ഒന്നാം ലോകയുദ്ധം ഇതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ്.

സാമ്രാജ്യത്വം എന്ന കൃതി ഉയർത്തിപ്പിടിക്കുന്ന സൈദ്ധാന്തിക നിലപാട് ചുരുങ്ങിയത് പ്രധാനപ്പെട്ട അഞ്ച് മാർഗ്ഗങ്ങളിലെങ്കിലും മാർക്സിസത്തെ വിപുലീകരിക്കുന്നുണ്ട്.ഒന്നാമത് ലോകത്തിന്റെ ‘‘പുറമ്പോക്കിൽ കഴിയുന്ന രാജ്യങ്ങളെയാകെ’’ – അതായത് ചരിത്രമില്ലാത്തവയെന്ന് വിശേഷിപ്പിച്ച് ഹെഗൽ തള്ളിപ്പറഞ്ഞ രാജ്യങ്ങളെയാകെ – ലോകവിപ്ലവത്തിന്റെ ചക്രവാളത്തിലേക്ക് കൊണ്ടുവരണം; ശരിയാണ്, കാലം കടന്നുപോകവേ ബോൾഷെവിക് വിപ്ലവത്തെ തുടർന്ന് യൂറോപ്പിലെ വിപ്ലവത്തെ സംബന്ധിച്ച പ്രതീക്ഷ തന്നെ മങ്ങാൻ തുടങ്ങി; പിന്നണിയിലായിരുന്ന രാജ്യങ്ങൾ ലോകവിപ്ലവത്തിന്റെ മുഖ്യ അരങ്ങിലേക്ക് നീങ്ങാൻ തുടങ്ങി. തന്റെ അവസാന കൃതികളിലൊന്നിൽ ലെനിൻ റഷ്യൻ വിപ്ലവത്തിന്റെ പിന്തുടർച്ചയായി ചൈനയിലും ഇന്ത്യയിലും വിപ്ലവത്തിനുള്ള സാധ്യതയിൽ പ്രതീക്ഷയർപ്പിക്കുക മാത്രമല്ല, മറിച്ച് റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ ചേരുമ്പോൾ മാനവരാശിയുടെ പകുതിയോളം വരുമെന്നും അങ്ങനെയാകുമ്പോൾ ഈ മൂന്ന് രാജ്യങ്ങളിലെയും വിപ്ലവങ്ങൾ ചേരുമ്പോൾ അത് സോഷ്യലിസത്തിനനുകൂലമായി ശാക്തിക ബലാബലത്തിൽ നിർണായകമായ മാറ്റമുണ്ടാക്കുമെന്നുമുള്ള വസ്തുതയിൽ സംതൃപ്തി പ്രകടിപ്പിക്കുക പോലും ചെയ്തു. അതേവരെ ലോകം കണ്ടിട്ടുള്ള എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ലെനിൻ രൂപപ്പെടുത്താൻ സഹായിച്ച കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇൻഡോ – ചൈനയിൽ നിന്നുമുള്ള പ്രതിനിധികൾ ഫ്രാൻസിൽ നിന്നും ജർമനിയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള പ്രതിനിധികളോട് തോളോടുതോളുരുമ്മി നീങ്ങിയതിൽ യാതൊരു അത്ഭുതവുമില്ല.

രണ്ടാമതായി, ആദ്യത്തേതിനു സമാന്തരമായും, വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളി വർഗ വിപ്ലവത്തിന്റെ സിദ്ധാന്തമെന്ന നിലയിൽ നിന്ന് മാർക്സിസത്തിന്റെ പരിധി ലോക വിപ്ലവത്തിന്റെ സിദ്ധാന്തമായി വ്യാപിപ്പിച്ചു. നിശ്ചയമായും മാർക്സിസത്തിന് കൂടുതൽ വിപുലമായ സാധ്യതകളുണ്ടെന്ന വ്യക്തമായ ധാരണയോടുകൂടി, അതായത് സാമ്രാജ്യത്വമെന്ന കൃതിയിൽ ഊന്നിപ്പറഞ്ഞിട്ടുള്ള മൂലധനത്തിന്റെ ആഗോളാധിപത്യത്തിന്റെ പ്രതിഫലനം, മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്യനിതര സമൂഹങ്ങളുടെ ചരിത്രത്തെ വിശകലനം ചെയ്യുകയെന്ന സവിശേഷമായ കടമ ഏറ്റെടുക്കേണ്ടത് ഇപ്പോഴും ആവശ്യമാണ്. എന്നാൽ മൂന്നാം ലോക രാജ്യങ്ങളിലേക്ക് മാർക്-സിസത്തെ വ്യാപിപ്പിക്കുകയും അവിടെ അതിനെ ശക്തിപ്പെടുത്തുകയും ചെയ്തത് ഇത്തരം വിശകലനങ്ങൾക്കുള്ള അടിത്തറ പാകി; സവിശേഷമായ പല രാഷ്ട്രീയ വ്യാഖ്യാനങ്ങളിലും കോമിന്റേണിന് പിശകു സംഭവിച്ചിട്ടുണ്ടെങ്കിൽപോലും ഈ വിശകലനങ്ങളുടെ കാര്യത്തിൽ കോമിന്റേൺ അവയെ മെച്ചപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ലെനിന്റെ സാമ്രാജ്യത്വം എന്ന കൃതി മാർക്സിസത്തിന് അഭൂതപൂർവമായ ഊർജസ്വലത പ്രദാനം ചെയ്തു.

സാമ്രാജ്യത്വത്തെക്കുറിച്ച് ആദ്യം പറഞ്ഞത് ലെനിൻ ആയിരുന്നില്ല എന്നത് ശരിയാണ്. അദ്ദേഹത്തിനുമുൻപുതന്നെ റോസ ലക്സംബർഗ്, മുതലാളിത്തം എന്തുകൊണ്ട് മുതലാളിത്ത പൂർവ വിപണികളിലേക്ക് അതിക്രമിച്ച് കടക്കുന്നു എന്നു വിശദീകരിച്ചുകൊണ്ട് ശ്രദ്ധേയമായ വിധം കൃത്യതയോടെയും ഉൾക്കാഴ്ചയോടെയുമുള്ള ഒരു വിശകലനം നടത്തിയിരുന്നു. എന്നാൽ മുതലാളിത്തത്തിലേക്ക് പ്രാങ് മുതലാളിത്ത ഭാഗം ഉൾച്ചേർന്നതിന്റെ ഫലമെന്ന നിലയിലാണ് ഇത്തരമൊരു കടന്നുകയറ്റമുണ്ടായത് എന്നായിരുന്നു ലക്സംബർഗിന്റെ വിശകലനത്തിൽ കണ്ടത്; ഇതൊരു പ്രശ്നമായിരുന്നു. പ്രാങ് മുതലാളിത്ത അംശം നശിപ്പിക്കപ്പെട്ട അസ്തിത്വമെന്ന നിലയിൽ അധികകാലം തങ്ങിനിന്നില്ല; അത് മുതലാളിത്തത്തിന്റെ തന്നെ ഭാഗമായി മാറുകയാണുണ്ടായത്. ആയതിനാൽ ലക്സംബർഗിന്റെ വിശകലനത്തിന്റെ കേന്ദ്രബിന്ദു യൂറോപ്യൻ തൊഴിലാളിവർഗ വിപ്ലവത്തിൽ ഉറച്ചുനിന്നു. മറിച്ചുള്ള ചില പരാമർശങ്ങളുണ്ടായിരുന്നെങ്കിലും റോസാ ലക്സംബർഗിന്റെ വിശകലനം ശാശ്വതമായി വിഭജിക്കപ്പെട്ട ഒരു ലോകത്തെയാണ് വികസിത മുതലാളിത്തം സൃഷ്ടിച്ചിരിക്കുന്നത് എന്ന് കണ്ടിരുന്നില്ല. എന്നാൽ, ലെനിന്റെ സാമ്രാജ്യത്വം എന്ന കൃതി ശാശ്വതമായി വിഭജിക്കപ്പെട്ട ഇത്തരമൊരു ലോകത്തെയാണ് സങ്കൽപ്പിച്ചത്; ആ ഗ്രന്ഥത്തിന്റെ കരുത്തും അതുതന്നെയാണ്.

മൂന്നാമതായി, ലെനിന്റെ സിദ്ധാന്തം, മുതലാളിത്തം ‘‘ചരിത്രപരമായി കാലഹരണപ്പെട്ട’’താണെന്ന സങ്കൽപ്പനത്തിന് കൂടുതൽ അടിസ്ഥാനപരമായ പുതിയൊരു വ്യാഖ്യാനം പ്രദാനം ചെയ്തു. അതേവരെ, അർത്ഥശാസ്ത്ര വിമർശനത്തിനൊരു സംഭാവന എന്ന കൃതിയുടെ ആമുഖത്തിൽ മാർക്സ് നടത്തിയ ഹ്രസ്വമായ ഒരു പരാമർശത്തെ ആധാരമാക്കിയുള്ള ധാരണയായിരുന്നു നിലനിന്നിരുന്നത്; ഒരു ഉൽപാദന രീതി ചരിത്രപരമായി പഴഞ്ചനാകുകയും അതിനുള്ളിൽ ഉൽപാദന ശക്തികൾ കൂടുതൽ വികസിക്കുന്നതിന് യാതൊരു സാധ്യതയും ഇല്ലാതാകുകയും ചെയ്യുമ്പോൾ മാത്രം അട്ടിമറിക്കപ്പെടുന്നതിന് പാകമാകുകയും ചെയ്യുന്നുവെന്നതായിരുന്നു ആ ധാരണ; ഒരു പ്രതിസന്ധിയുടെ രൂപത്തിൽ ഇത്തരമൊരവസ്ഥ വ്യക്തമായും പ്രതിഫലിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. വാസ്തവത്തിൽ, ഇത്തരമൊരു പ്രതിസന്ധിയുടെ അഭാവമാണ് മാർക്സിസത്തെ ‘‘പുതുക്കണ’’മെന്ന ആവശ്യമുയർത്താൻ ബേൺസ്റ്റീന് പ്രചോദനമായത്; തൊഴിലാളി വർഗത്തിന്റെ അനുപേക്ഷണീയതയെന്ന നിലയിൽ ആ വ്യവസ്ഥയെ അട്ടിമറിക്കുന്നതിനുപകരം അതിനെ പരിഷ്കരിക്കുകയെന്ന വാദമാണ് ബേൺസ്റ്റീൻ ഉയർത്തിയത്. ബേൺസ്റ്റീന്റെ വാദത്തെ വിപ്ലവ പാരമ്പര്യം പിന്തുടർന്നവർ തള്ളിക്കളഞ്ഞു; അത്തരത്തിലൊരു പ്രതിസന്ധി ഇതേവരെ ഉയർന്നുവന്നിട്ടില്ലെന്നും എന്നിരുന്നാലും ആ വ്യവസ്ഥയെ തകർക്കേണ്ടത് അനിവാര്യം തന്നെയാണെന്നും തെളിയിക്കാനാണ് അവർ ശ്രമിച്ചത്.

സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം സമ്പൂർണമായും പുതിയൊരു അടിത്തറയിലാകുന്നത് ഇവിടെയാണ്. മുതലാളിത്തം ചരിത്രപരമായി പഴഞ്ചനായിയെന്ന് പ്രകടമാകുന്നത്, അതായത് അട്ടിമറിക്കപ്പെടാൻ പാകമായിയെന്ന് വെളിപ്പെടുന്നത് ഏതെങ്കിലുമൊരു സാമ്പത്തിക പ്രതിസന്ധിയെ തുടർന്നല്ല; മറിച്ച് വിനാശകരമായ യുദ്ധങ്ങളിൽ മാനവരാശിയെ അകപ്പെടുത്തിയ ഒരു ഘട്ടത്തിലേക്ക് മുതലാളിത്തം കടന്നിരിക്കുന്നുവെന്നതാണ് വസ്തുത; യുദ്ധങ്ങളിൽ ഒരു രാജ്യത്തെ തൊഴിലാളികൾ മറ്റൊരു രാജ്യത്തെ തൊഴിലാളികളുമായി ട്രെഞ്ചുകളിൽ പരസ്പരം ഏറ്റുമുട്ടുന്നു. ഇത് സംഭവിക്കുമ്പോൾ, സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തരയുദ്ധങ്ങളാക്കി മാറ്റുന്നതിനുള്ള സമയമെത്തുന്നു; സഹജീവികളായ തൊഴിലാളികൾ പരസ്പരം ട്രെഞ്ചുകളിൽ തോക്കെടുത്ത് ഏറ്റുമുട്ടുന്നതിനുപകരം അവർ അതാത് രാജ്യത്തെ മുതലാളിമാർക്കുനേരെ തോക്ക് തിരിച്ചുപിടിക്കുകയാണ് വേണ്ടത്.

നാലാമത്, എവിടെയാണ് സംഭവിക്കുന്നതെങ്കിലും ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ വിപ്ലവങ്ങളുടെയും ലക്ഷ്യം സോഷ്യലിസം തന്നെയാണ്. മുതലാളിത്തത്തിന്റെ ആദ്യപഥികരെന്ന ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള ബൂർഷ്വാസിക്ക് മുതലാളിത്തം വൈകിയെത്തിയ രാജ്യങ്ങളിൽ ജനാധിപത്യ വിപ്ലവമെന്ന ആശയവുമായി മുന്നോട്ടു പോകാനാവില്ലെന്ന് സോഷ്യൽ ഡെമോക്രസിയുടെ രണ്ട് അടവുകൾ എന്ന ലെനിന്റെ കൃതിയിൽ അതിനകം തന്നെ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്: ഇത്തരം സമൂഹങ്ങളിൽ ജനാധിപത്യ വിപ്ലവം മുന്നോട്ടുകൊണ്ടുപോവുകയെന്ന കടമ തൊഴിലാളിവർഗത്തിൽ നിക്ഷിപ്തമാണ്; തൊഴിലാളിവർഗം അതിനായി കർഷക ജനതയുമായി കൂട്ടുകെട്ടുണ്ടാക്കണം; ഇങ്ങനെ ജനാധിപത്യ വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്ന തൊഴിലാളിവർഗം അവിടം കൊണ്ടവസാനിപ്പിക്കാതെ സോഷ്യലിസം കെട്ടിപ്പടുക്കാനായി മുന്നോട്ടുപോകണം. എന്നാൽ ഇപ്പോൾ പ്രാന്തപ്രദേശ (Periphery) സമൂഹത്തിലെ (പിന്നാക്കാവസ്ഥയിലുള്ള രാജ്യങ്ങളിലെ) വിപ്ലവം സംബന്ധിച്ച ഈ കാഴ്ചപ്പാട് പ്രകാരം അതിന്റെ തുടക്കത്തിൽ സാമ്രാജ്യത്വത്തിനെതിരായും അപ്പോൾ തൊഴിലാളികളെയും കർഷകരെയും അതിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള വിപുലമായ വർഗസഖ്യത്തെ ആധാരമാക്കിയുള്ളതും പിന്നീട് സോഷ്യലിസ്റ്റ് ദശയിലേക്ക് നീങ്ങുന്നതുമായിരിക്കുമെന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ചുരുക്കത്തിൽ സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന കടമ വികസിത രാജ്യങ്ങളിലെ തൊഴിലാളികളുടെ മാത്രം വിഷയമല്ലാതായി മാറിയിരിക്കുന്നു; എല്ലാ സമൂഹങ്ങളുടെയും അജൻഡയിൽ വരേണ്ട വിവിധ ദശകളിലൂടെ കെെവരിക്കപ്പെടേണ്ട ഒരു കടമയാണത്;

അവസാനമായി, മൗലികമായ ഒരു ചോദ്യം ഉയരുന്നുണ്ട്: എന്തുകൊണ്ടാണ് യൂറോപ്യൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ ഇത്തരത്തിൽ ‘‘പരിഷ്കരണവാദം’’ വളർന്നുവന്നത്; രണ്ടാം ഇന്റർനാഷണലിന്റെ ഒട്ടനവധി നേതാക്കൾ യുദ്ധകാലത്ത് അവസരവാദപരമായ നിലപാടോ നഗ്നമായ സോഷ്യൽ ഷോവനിസ്റ്റ് (സാമൂഹിക സങ്കുചിത വാദം) നിലപാടോ സ്വീകരിച്ചതും എന്തുകൊണ്ട്? ഈ ചോദ്യത്തിന് ലെനിൻ ഒരു ഉത്തരം നൽകി; ‘‘ലേബർ അരിസ്റ്റോക്രസി’’ (തൊഴിലാളി പ്രഭുക്കൾ) എന്ന സങ്കൽപ്പനത്തെ വികസിപ്പിച്ചുകൊണ്ട് എംഗത്സ് മുൻപ് മുന്നോട്ടുവച്ച ഒരു പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയാണത്; സാമ്രാജ്യരാജ്യങ്ങളിലെ കൊള്ളലാഭത്തിൽ നിന്നും ‘‘കോഴ കെെപ്പറ്റു’’ന്നവരാണിക്കൂട്ടർ.

സാമ്രാജ്യത്വം എന്ന ഗ്രന്ഥം അത്യൽഭുതകരമായ ഒരു സെെദ്ധാന്തിക നേട്ടമാണ്. ഒരിക്കൽ ലെനിൻ അഭിപ്രായപ്പെട്ടത് മാർക്സിസത്തിന്റെ ശക്തി അത് സത്യമാണ് എന്നതാണ്. സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തത്തെകുറിച്ചും ഇതേപോലെയുള്ള ഒരു പ്രസ്താവന നമുക്ക് നടത്താവുന്നതാണ്. ശ്രദ്ധേയമായ വിധത്തിലുള്ള ഉജ്വലമായ ഒരു നേട്ടമാണത്; കണ്ണഞ്ചിപ്പിക്കും വിധത്തിൽ അറിവിന്റെ വെളിച്ചം പകരുന്ന ഉത്തരങ്ങളാണ് അതിൽനിന്ന് ലഭിക്കുന്നത്; പുതിയ ദശാസന്ധിയിൽ ഉയർന്നുവന്നതും ഉത്തരങ്ങൾക്കായി മുറവിളി ഉയർത്തിക്കൊണ്ടിരുന്നതുമായ ഒരു കൂട്ടം ചോദ്യങ്ങൾക്കാണ് അത് മറുപടി നൽകിയത്. ലെനിന്റെ വാദഗതികളുടെ ഒന്നല്ലെങ്കിൽ മറ്റൊരു വിശദാംശത്തെക്കുറിച്ച് ആർക്കുവേണമെങ്കിലും തർക്കിക്കാം; എന്നാൽ അതിലെ മൊത്തത്തിലുള്ള ഉൗന്നൽ (thrust) ഏറെക്കുറെ എതിർക്കാനാവാത്ത വിധം ശരിയും കൃത്യവുമാണ്. അതെത്രത്തോളം ശരിയാണെന്നതിന്റെ സൂചനയാണ‍് ഏറെക്കുറെ അലൗകികമാം വിധത്തിൽ 1914നും 1939നും ഇടയ്ക്കുള്ള കാലത്തെ ലോകസംഭവ വികാസങ്ങളെക്കുറിച്ച് അത് മുൻകൂട്ടി പറഞ്ഞത്.

എന്നാൽ സാമ്രാജ്യത്വം എന്ന കൃതിയിൽ ലെനിൻ എഴുതിയ കാര്യങ്ങളിൽ നിന്നും ഇന്ന് ലോകം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഈ വ്യത്യസ്തതയുടെ ഏറ്റവും മുഖ്യമായ ഒരു ഘടകം മൂലധനത്തിന്റെ കേന്ദ്രീകരണം ലെനിന്റെ കാലത്തേതിനേക്കാൾ വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു; ലെനിന്റെ കാലത്ത് ആധിപത്യം പുലർത്തിയിരുന്ന ദേശീയ -ഫിനാൻസ് മൂലധനത്തിന്റെ സ്ഥാനത്ത് ഇന്ന് അന്താരാഷ്ട്ര ഫിനാൻസ് മൂലധനം ഉയർന്നുവന്നിരിക്കുന്നു. തൽഫലമായി സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരങ്ങൾ നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു; കാരണം ലോകം വിവിധ സ്വാധീനമേഖലകളായി വേർപെട്ടു പോകാൻ അന്താരാഷ്ട്ര ഫിനാൻസ് മൂലധനം ആഗ്രഹിക്കുന്നില്ല എന്നതുതന്നെ; പകരം അതിന്റെ അനിയന്ത്രിതമായ ചലനങ്ങൾക്ക് സൗകര്യമൊരുക്കാൻ പറ്റിയ വിധം വിഭജിക്കപ്പെടാത്ത ഒരു ലോകമാണ് അത് ആഗ്രഹിക്കുന്നത്. ആയതിനാൽ സാമ്രാജ്യത്വരാജ്യങ്ങൾ തമ്മിലുള്ള കിടമത്സരം മൂലമുണ്ടാകുന്ന യുദ്ധങ്ങളുടെ പ്രശ്നമേ ഇനി ഉദിക്കുന്നില്ല.

എന്നിരുന്നാലും ഇതിനർഥം, സമാധാനത്തിന്റെ യുഗപ്പിറവി ഉണ്ടായിരിക്കുന്നുവെന്നല്ല. (ഭക്ഷ്യസ്വയം പര്യാപ്തത ഉൾപ്പെടെയുള്ള) സാമ്പത്തിക പരമാധികാരത്തിനും സാമ്പത്തിക സ്വയം പര്യാപ്തതയ്ക്കും വേണ്ടി മൂന്നാം ലോകരാജ്യങ്ങളിൽ ഉയർന്നുവരുന്ന ദേശീയമായ എല്ലാ നീക്കങ്ങൾക്കെതിരെയും അന്താരാഷ്ട്ര -ഫിനാൻസ് മൂലധനം നിരന്തരം കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു; ഓരോരോ രാജ്യത്തിനുമെതിരെ സാമ്രാജ്യത്വശക്തികൾ ഒരുമിച്ചുനിന്ന് പ്രാദേശികസംഘട്ടനങ്ങളുടെ മഹാപ്രവാഹത്തെ തന്നെ സൃഷ്ടിക്കുകയാണ്. അതേസമയം തന്നെ, മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലെടുക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നത് വളരെയധികം രൂക്ഷമായിരിക്കുകയാണ്; ഓരോ രാജ്യത്തിനുള്ളിലെയും കോർപറേറ്റ് ഫിനാൻസ് പ്രഭുക്കൾ പോലും അന്താരാഷ്ട്ര ഫിനാൻസ് മൂലധനവുമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു; തൽഫലമായി മൂന്നാം ലോകരാജ്യങ്ങളിൽ ഭീമമായ വിധത്തിൽ അസമത്വം വളർന്നിരിക്കുന്നു; ഇത് പോഷകലഭ്യതയുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തെയും ജനസംഖ്യയിലെ വലിയ വിഭാഗങ്ങൾക്കിടയിൽ തന്നെ കേവല ദാരിദ്ര്യം വർധിച്ചുവരുന്നതിനിടയാക്കിയിരിക്കുന്നു. അതേസമയംതന്നെ, വികസിത മുതലാളിത്ത രാജ്യങ്ങളിലെ മൂലധനം എത്രത്തോളമധികം ആഗോള തെക്കൻ മേഖലയിൽ (വികസ്വര–അവികസിത മേഖല) പ്രവർത്തിക്കാനായി സ്ഥാനം മാറുന്നുണ്ടോ അതിനനുസരിച്ച് വികസിത മുതലാളിത്ത രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകൾ ദുർബലമാക്കപ്പെടുകയും വികസിത രാജ്യങ്ങൾക്കുള്ളിൽ തന്നെ അസമത്വം പെരുകുന്നതിന് അതിടയാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, നവലിബറൽ വ്യവസ്ഥയിൽ പ്രകടമാക്കപ്പെടുന്ന അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന്റെ അധീശാധിപത്യം ലോകത്താകെയുള്ള അധ്വാനിക്കുന്ന ആപേക്ഷികമായി, ചിലപ്പോൾ കേവലമായി തന്നെ, ഗണ്യമായ വിധം വഷളാകുന്നതിനിടയാക്കുന്നു.

ഇതുമൂലം അമിതോൽപ്പാദന പ്രതിസന്ധി ഉയർന്നുവരുന്നു; ഇതിന് നവലിബറൽ ആഗോളവ്യവസ്ഥയ്ക്കുള്ളിൽ ഒരു പരിഹാരവുമില്ല. ഈ പ്രതിസന്ധി ലോകത്തുടനീളം ഫാസിസത്തിന്റെയും നവഫാസിസത്തിന്റെയും വലിയൊരു തള്ളിക്കയറ്റത്തിന് ഇടയാക്കുന്നു; തങ്ങളുടെ അധീശാധിപത്യം നിലനിർത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ കോർപറേറ്റ് ഫെെനാൻഷ്യൽ പ്രഭുക്കൾ ഫാസിസ്റ്റ് സ്വഭാവമുള്ള ഇത്തരം സംഘങ്ങളുമായി സഖ്യത്തിലേർപ്പെടുന്നു. അങ്ങനെ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള സമരവും തൊഴിലില്ലായ്മക്കെതിരായ സമരവും പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള സമരവും മുൻനിരയിലേക്ക് വരുന്നു; ഈ സമരം സോഷ്യലിസത്തിനുവേണ്ടിയുള്ള സമരവുമായി കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. ലോകവിപ്ലവ കാഴ്ചപ്പാടിനെ ലെനിൻ വിപ്ലവവൽക്കരിച്ചത് ഇന്നും പ്രസക്തമായി നിലനിൽക്കുന്നു; എന്നാൽ, വിപ്ലവത്തിന്റെ അടിയന്തര ശ്രദ്ധാകേന്ദ്രം കാലത്തിനനുസരിച്ച് മാറിയിട്ടുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + 16 =

Most Popular