തിരഞ്ഞെടുപ്പു ബോണ്ട് എന്നത് 2018 ൽ നിലവിൽ വന്ന ഒരു പ്രത്യേക സ്കീം ആണ്. അതുവഴി കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഫണ്ട്, കൈക്കൂലിപ്പണം, കള്ളപ്പണം എന്നിവയൊക്കെ സുരക്ഷിതമായി ഭരണകക്ഷിയുടെ ഭണ്ഡാരത്തിൽ എത്തിക്കുവാൻ കഴിയും. പരിധികളില്ലാതെ അജ്ഞാത വ്യക്തികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി അവർക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് പണം എത്തിക്കാൻ കഴിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി ജനപ്രാതിനിധ്യ നിയമം, വരുമാന നികുതി നിയമം, കമ്പനി നിയമം, ആർബിഐ നിയമം എന്നിവയിലൊക്കെ മോദി സർക്കാർ ഭേദഗതികൾ വരുത്തി. മൂന്നുവർഷക്കാലം നേടുന്ന അറ്റലാഭത്തിന്റെ 7.5 ശതമാനം മാത്രമേ കമ്പനികൾ സംഭാവനയായി നൽകാവൂ എന്ന നിയമപരിധിയും ഇല്ലാതാക്കി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നതിന് അനുമതി നൽകി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്,വരുമാന നികുതി നിയമം എന്നിവയിൽ ഒക്കെ ഭേദഗതി വരുത്തിയത് അവ മണി ബില്ലുകൾ ആണ് എന്ന് വിശേഷിപ്പിച്ചിട്ടായിരുന്നു. ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്ന രാജ്യസഭയിലെ ചർച്ച ചെയ്യലും വോട്ടിങ്ങും ഒഴിവാക്കുന്നതിനായിരുന്നു ഈ ഒളിച്ചുകളി. റിസർവ്ബാങ്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഈ നിയമത്തിന് അന്ന് എതിരും ആയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പൊതുമേഖലാ സ്ഥാപനമാണ്. അതുകൊണ്ടുതന്നെ ആരൊക്കെ ആർക്കൊക്കെ പണം നൽകി എന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് അറിയാനാവും. കോർപ്പറേറ്റുകളും വൻകിടക്കാരും ഒക്കെ അതുകൊണ്ടുതന്നെ പ്രതിപക്ഷ കക്ഷികളെയല്ല ഭരണകക്ഷിയെ തന്നെയാണ് സഹായിക്കുക. പണം കൊടുക്കുന്നവരുടെ പേരൊക്കെ ഭരണകക്ഷിക്ക് അറിയാനാവും എന്നതുകൊണ്ട് കൂടുതൽ പണം കിട്ടുക ഭരണകക്ഷിക്ക് തന്നെയാണ്.ഇതുവരെ ബോണ്ടു വഴി ലഭിച്ച പണത്തിൽ 90 ശതമാനവും കിട്ടിയത് അവർക്കുതന്നെ. 2018 മുതൽ 2023 വരെ ബിജെപിക്ക് ലഭിച്ചത് 6564 കോടി രൂപയാണ്. ഈ പരിഷ്കാരം മൂലം നേരിട്ട് റൊക്കം പണം കൊടുക്കുന്നത് ഇല്ലാതാവും എന്ന വാദവും ശരിവെക്കപ്പെട്ടില്ല. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തത്.
ഇത് സംബന്ധിച്ച് സിപിഐഎം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഹർജി നൽകി ഒരു വർഷത്തിനുശേഷം ഇങ്ങനെ പണം ലഭിച്ച രാഷ്ട്രീയപാർട്ടികളുടെ വിശദവിവരം സീൽ ചെയ്ത കവറിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് ഇങ്ങനെ ലഭിക്കുന്ന സംഭാവന സുതാര്യത ഇല്ലാതാക്കും എന്ന് വ്യക്തമാക്കിയിരുന്നതാണ്. മാത്രവുമല്ല പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കപ്പെടാത്തിടത്തോളം കാലം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിദേശ സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങിക്കുന്നുണ്ടോ എന്ന കാര്യത്തിൽ അവ്യക്തത ഉണ്ടാവുമെന്നും ചൂണ്ടിക്കാട്ടിയിരുന്നതാണ്.
പണം നൽകുന്നത് നിയമപരമായാണെന്നും അതൊന്നും ജനങ്ങൾ അറിയേണ്ട കാര്യമില്ല എന്നുമായിരുന്നു അറ്റോർണി ജനറലിന്റെ നിലപാട്. നിയമം പാസ്സായ 2018 ൽ 1,056.73 കോടി രൂപയാണ് ഫണ്ടിൽ നിക്ഷേപിക്കപ്പെട്ടതെങ്കിൽ 2019 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നുമാസ കാലത്തിനിടയിൽ മാത്രം 1,716 കോടി രൂപ ഫണ്ടിൽ നിക്ഷേപിക്കപ്പെട്ടു.
2020 ഡിസംബർ അഞ്ചിന് സീതാറാം യെച്ചൂരി ട്വിറ്ററിൽ പറഞ്ഞത് ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. അന്നുവരെ ആകെ വിറ്റഴിഞ്ഞ തിരഞ്ഞെടുപ്പു ബോണ്ടുകളുടെ മൂല്യം 12,773 കോടി രൂപ.അതിൽ ഒരു കോടി വിലയുള്ളവ 92.4 ശതമാനം. 10 ലക്ഷം വിലയുള്ളവ 7.5 ശതമാനം മാത്രം. അതിൽ കുറഞ്ഞ സംഖ്യക്കുള്ളവ 0.1 ശതമാനം മാത്രം. അതായത് സംഭാവന നൽകുന്നവരിൽ ഭൂരിഭാഗവും കോടീശ്വരർ തന്നെ. രാഷ്ട്രത്തിന്റെ സമ്പത്ത് ശിങ്കിടി മുതലാളിമാർ തട്ടിയെടുക്കുകയും അതിൽ ഒരു വിഹിതം കേന്ദ്ര ഭരണകക്ഷിക്ക് നൽകുകയും ചെയ്യുന്നു. നമ്മുടെ ജനാധിപത്യം പണാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
ഇങ്ങനെ കുപ്രസിദ്ധമായ ഇലക്ട്രൽ ബോണ്ട് രഹസ്യമായി വയ്ക്കേണ്ടതില്ലെന്നും വോട്ടർമാർക്ക് ഓരോ പാർട്ടിക്കും എത്ര തുകയാണ് കിട്ടിയതെന്ന് അറിയാനുള്ള മൗലികാവകാശം ഉണ്ടെന്നും വ്യക്തമാക്കി കൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ഇനി ബോണ്ടു വിതരണം നടത്തരുതെന്ന് സ്റ്റേറ്റ് ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ അവകാശങ്ങളിൽ ഒന്ന് തിരിച്ചുപിടിക്കുകയായിരുന്നു സുപ്രീം കോടതി ഈ വിധിയിലൂടെ. ♦