അധികാരം നിലനിർത്താനുള്ള ഭരണാധികാരിയുടെ തത്രപ്പാട് ഭയങ്കരം തന്നെ; പ്രത്യേകിച്ച് ജനങ്ങൾക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്ത, ജനവിരുദ്ധതയുടെ ആൾരൂപമായ ഒരു ഭരണാധികാരിയെ സംബന്ധിച്ച് എങ്ങനെ ഭരണം നിലനിർത്താമെന്നത് ഒരു പ്രഹേളിക തന്നെയാണ്. പ്രധാനമന്ത്രി മോദി അത്തരമൊരു എലിക്കെണിയിൽപെട്ടിരിക്കുന്നുവെന്നാണ് തോന്നുന്നത്.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും പൗരത്വ നിയമഭേദഗതി കൊണ്ടുവരികയും ചെയ്തതിനു പിന്നാലെ രാമക്ഷേത്ര നിർമിതി പൂർത്തിയായേടത്തോളം വച്ച് പ്രാണപ്രതിഷ്ഠ നടത്തി ഭക്തർക്കായി തുറന്നുകൊടുക്കുകയും ചെയ്തതതോടെ തങ്ങളുടെ 2019ലെ മാത്രമല്ല കാലാകാലങ്ങളായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചതായി പെരുമ്പറമുഴക്കുകയാണ് മോദി–ഷാ കൂട്ടുകെട്ട്. ഇനി എന്തു വേണം ഇന്ത്യയിലെ ജനങ്ങൾക്ക്, സർവവും കുശാലായി സന്തുഷ്ടിയിൽ ആറാടുകയല്ലേയെന്ന പടുതിയിലാണ് ബിജെപി/ആർഎസ്എസ് സംഘങ്ങളും പിന്നെ കുറേ ഗോദീ മാധ്യമങ്ങളും!
പക്ഷേ, അപ്പഴും മോദിക്ക് ഉറപ്പില്ല, തനിക്ക് തിരിച്ചു വരാനാവുമെന്ന്! 2019ലെ കലാപരിപാടി ആവർത്തിക്കാനാണെങ്കിൽ അതിനിയും വേവാത്ത പരിപ്പായി മാറി. അമ്പതോളം ജവാന്മാരുടെ ജീവനെടുത്ത പുൽവാമ സ്ഫോടനത്തിനു പിന്നിലെ കഥയും അതിന്റെ അജൻഡയും എന്തെന്ന് അന്നത്തെ കാശ്മീർ ഗവർണറും അക്കാലത്ത് മോദിയുടെ ചങ്ങാതിയുമായിരുന്ന സത്യപാൽ മാലിക് ജനങ്ങളോട് തുറന്നു പറഞ്ഞതോടെ ആ അരമന രഹസ്യം അങ്ങാടിപ്പാട്ടായി. അങ്ങനൊരു ഐറ്റവും കൊണ്ടിറങ്ങിയാൽ ഇനിയും കാര്യം നടക്കില്ല.
അതുകൊണ്ട് ഹിന്ദുവികാരം ഇളക്കൽ തന്നെ! വിശ്വാസത്തെ വിറ്റ് അധികാരം കീശയിലാക്കാൻ ഒന്നുകൂടി ആഞ്ഞുപിടിക്കാം. അങ്ങനെ കാശിയും മഥുരയും ചിത്രത്തിൽ തെളിഞ്ഞു. അയോധ്യയിലെന്നപോലെ ഇവിടെയും കോടതിയും തുണച്ചു. അപ്പോൾ അയോധ്യയിലെ രാമനൊപ്പം കാശിയിലെ ശിവനെയും മഥുരയിലെ കൃഷ്ണനെയും കൂടി കൂട്ടി ശിവരാമകൃഷ്ണനാക്കി ഒക്കത്തുവച്ച് കളിക്കിറങ്ങിയിട്ടും ഉറപ്പുപോരാഞ്ഞ് അങ്ങ് അബുദാബിവരെപ്പോയി, അമ്പലം തുറന്ന് ഗോദി മീഡിയകളിൽ ലെെവ് ടെലികാസ്റ്റ് വരെയെത്തി. അതിലൂടെ സൃഷ്ടി – സ്ഥിതി – സംഹാര മൂർത്തികളെയാകെ ബ്രഹ്മാ – വിഷ്ണു – മഹേശ്വരന്മാരെയെല്ലാം –ഒന്നിച്ചണി നിരത്തിയിട്ടും ഉറപ്പുപോര മോദിജിക്ക്.
ഇനിയെന്ത്? ഉണ്ടല്ലോ വിദ്യകൾ പലത്. അതിലൊന്നാണ് ചാക്കിട്ടു പിടുത്തം. അതങ്ങ് ബിഹാറിലെ നിതീഷിൽ തുടങ്ങി മധ്യപ്രദേശിലെ കോൺഗ്രസ് താമരക്കണ്ണന്മാരിൽ വരെ എത്തീരിക്കുന്നു. എന്നാൽ ഝാർഖണ്ഡിൽ മോദിയുടെ പണിപാളി. എന്നിട്ടും തവള പിടുത്തക്കാരെപോലെ വലിയ ചാക്കുമായി ഇറങ്ങീരിക്കുകയാണ് മോദിയും ഷായും.
വോട്ടുണ്ടോ, നോട്ടു തരാം എന്ന പഴയകളി പോരാത്തോണ്ടുള്ള പുതിയ ഇറക്കാണ് വോട്ടുണ്ടോ, രത്നം തരാം എന്ന കളി. പണ്ട് സംഘിക്കൂടാരത്തിലെ സർവതെറികളും പ്രയോഗിച്ച്, ജാതി പറഞ്ഞ് അധിക്ഷേപിച്ച് ആട്ടിയകറ്റി നിർത്തിയ കർപ്പൂരി ഠാക്കൂറിനു തന്നെ രത്നം നൽകിയാണ് ഒരഭ്യാസം. പിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്ന പോലെ സാക്ഷാൽ ബഹുഭാഷാ പണ്ഡിറ്റായ നരസിംഹത്തിനു തന്നെ രത്നം പൊതിഞ്ഞുകെട്ടി കൊടുത്തു. ആന്ധ്രയിൽ പിടിമുറുക്കാൻ പറ്റിയാലോന്നൊരു വിചാരം. അവിടെയും നിന്നില്ല രത്നദാനം. തമിഴകത്തും കേരളത്തിലും പിടിച്ചുകേറാനുള്ള മരണവെപ്രാളത്തിനിടയിൽ നമ്മുടെ ഡോ. സ്വാമിനാഥനെയും കയറിയങ്ങു പിടിച്ചു – ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവാണ് ഡോ. സ്വാമിനാഥനെന്ന് മോദിജിയുടെ കണ്ണിൽ പെട്ടത് ഈ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണത്രെ ! അടുത്തത് ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. കുര്യനാകുമോ ആവോ?
പണ്ട്, 2014ൽ പറഞ്ഞ കുറച്ച് വാഗ്ദാനങ്ങളുണ്ടല്ലോ, അതൊക്കെയൊന്ന് പൊടിതട്ടിയെടുത്ത് പരിശോധിക്കണം. എന്തൊക്കെയാ അത്? വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പിടികൂടി ഓരോ ഇന്ത്യക്കാരന്റെയും കീശേൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും – എന്നിട്ട് ഒരു ദമ്പിടിയെങ്കിലും നിക്ഷേപിച്ചോ? ഇല്ലല്ലോ! പിന്നെന്തായിരുന്നു തള്ള്? പ്രതിവർഷം രണ്ട് കോടി ചെറുപ്പക്കാർക്ക് വീതം തൊഴിൽ! പക്ഷേ ചെറുപ്പക്കാർക്ക് കിട്ടിയത് തൊഴിലിനു പകരം തൊഴിയാണെന്നു മാത്രം! കർഷകർക്കാകട്ടെ, ഉൽപന്നങ്ങൾക്ക് താങ്ങുവിലയായി ഉൽപാദനച്ചെലവിനു പുറമെ 50 ശതമാനം ലാഭം കൂടിച്ചേർന്ന തുക നൽകുമെന്നായിരുന്നു വാക്കു പറഞ്ഞിരുന്നത്. 2020–21ൽ കർഷകർ സമരം ചെയ്തപ്പോഴുള്ള ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുപോലും ഇപ്പോഴും കർഷകർക്ക് അതിനായി സമരം ചെയ്യേണ്ടിവരുന്നത്, മോദിയുടെ വാക്ക് പഴയ ചാക്കുപോലെ എന്ന ചൊല്ലിനെ ഓർമിപ്പിക്കുന്നു. ഇനി ഇതെല്ലാം കൂടിയങ്ങ് നടപ്പാക്കാമെന്ന് വെച്ചാലോ? അപ്പോൾ മോദീടെ അന്നദാതാക്കളായ അദാനി – അംബാനിമാർ പിണങ്ങുമല്ലോ! പിണങ്ങിയാലോ? തിരഞ്ഞെടുപ്പിൽ ചുളയിറക്കാൻ ദുട്ട് കിട്ടില്ല!
അപ്പോൾ പിന്നെങ്ങനെ? അവിടെയാണ് പുതിയൊരു വെളിപാട്. വോട്ടുപെട്ടി തന്നെയങ്ങ് പിടിച്ചാലോന്ന്. അപ്പോൾ ആവശ്യംപോലെ, നാനൂറല്ലെങ്കിൽ 500 സീറ്റു വേണേലും പിടിക്കാൻ വേണ്ട വോട്ടുകൾ ഡിജിറ്റലിൽ തള്ളിക്കയറ്റാലോ! അപ്പോൾ അതിനെന്തു വേണം? വോട്ടു പെട്ടിയുണ്ടാക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ ഡയറക്ടർമാരായി സംഘികളെ കുത്തിത്തിരുകിയത് ആ കണ്ണോടെയാണ്. അവിടെ ഇടപെട്ട് ഇലക്ട്രോണിക് വോട്ടു പെട്ടി സെറ്റാക്കിയാൽ സംഗതി ഉറപ്പ് ! നാലുതരം മോദിയ്ക്ക് നാനൂറു തന്നെ! അവിടെയാണിപ്പോൾ സംഗതികളുടെ കിടപ്പ്. ♦