Monday, September 9, 2024

ad

Homeനിരീക്ഷണംകേരളത്തോട് ശത്രുതാപരമായ സമീപനം

കേരളത്തോട് ശത്രുതാപരമായ സമീപനം

സി പി നാരായണൻ

ങ്ങൾക്ക് വഴങ്ങി നിൽക്കാത്ത സംസ്ഥാന സർക്കാരുകളെ ഏതു മാർഗവും ഉപയോഗിച്ച് അടിച്ചമർത്തുക എന്നതാണ് ബിജെപിയുടെ മോദി സർക്കാർ കെെക്കൊള്ളുന്ന സമീപനം. പക്ഷേ, ഈ വിഷയത്തെ കേവലം തെക്കും വടക്കും തമ്മിലുള്ള തർക്കമാക്കി വടക്കേ ഇന്ത്യയിൽ മുതലെടുപ്പ് നടത്താനാണ് ബിജെപിയും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. എന്നാൽ ഇങ്ങനെ അവഗണനയും അക്രമണവും നേരിടുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഡൽഹിയും പഞ്ചാബും ഝാർഖണ്ടും പശ്ചിമബംഗാളും ഉണ്ടെന്ന കാര്യം അവർ മറച്ചുവെയ്ക്കുകയാണ്. അതുപോലെ തെക്കേ ഇന്ത്യയിലെ ആന്ധ്രപ്രദേശ് ഇത്തരത്തിൽ അവഗണന നേരിടാത്തത് അവിടെ ഭരണം നടത്തുന്നവർ കേന്ദ്രത്തിന് വഴങ്ങിനിൽക്കുന്നവരായതുകൊണ്ടാണല്ലോ!

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ കോൺഗ്രസ് പ്രതിനിധാനം ചെയ്ത മുതലാളിവർഗ നേതൃത്വത്തിലുള്ള ധാരയിൽനിന്നു തികച്ചും വ്യത്യസ്തമായ ധാരയായാണ് ഇടതുപക്ഷ മാർക്സിസ്റ്റ് വിഭാഗങ്ങൾ നിലകൊണ്ടത്. മുതലാളിവർഗ ധാര യഥാർഥത്തിൽ ഇന്ത്യയിലെ വിവിധ ഉപദേശീയതകൾ ചേർന്നുള്ള ഒന്നായിരുന്നു. ഗാന്ധി– നെഹ്റു നേതൃത്വത്തിൻകീഴിൽ അവ ഏകോപിച്ചുനിന്നു. അവരുടെ കാലശേഷം ഓരോരോ കാരണം പറഞ്ഞ് പല ഉപദേശീയതകളും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുമായി അത് മാറി. അവയിൽനിന്നു വ്യത്യസ്തമായി സ്വാതന്ത്ര്യലബ്ധിയായപ്പോഴേക്ക് കോൺഗ്രസ്സും ഇടതുപക്ഷവും ചേരിതിരിഞ്ഞിരുന്നു. അതിന്റെ തുടർച്ചയായാണ് ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ, ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി മന്ത്രിസഭ രൂപീകരിച്ചതും മറ്റു സംസ്ഥാനങ്ങളിൽനിന്നും വിഭിന്നമായി നയപരിപാടി നടപ്പാക്കാൻ ശ്രമിച്ചതും. കോൺഗ്രസ് ഭരണഘടനക്കും ജനാധിപത്യതത്വങ്ങൾക്കും വിരുദ്ധമായി ആ സർക്കാരിനെ പിരിച്ചുവിട്ടതൊക്കെ ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമാണല്ലൊ.

ഇത് ഇവിടെ അനുസ്മരിക്കാൻ കാരണം ബിജെപിയുടെ മോദി സർക്കാർ ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളെയാകെ കാറ്റിൽ പറത്തി കേരളത്തിലെ എൽഡിഎഫ് സർക്കാരിനു നികുതി വരുമാനത്തിന്റെ ന്യായമായ പങ്ക് നിഷേധിച്ചുകൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഗുരുതരാവസ്ഥയാണ്. കേരള സർക്കാരിനു അർഹമായ നികുതി വിഹിതം ഒരു ന്യായവുമില്ലാതെ നിഷേധിച്ചു. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളനുസരിച്ച് കേന്ദ്ര –സംസ്ഥാന സർക്കാരുകൾക്ക് വെവ്വേറെ പിരിക്കാവുന്ന നികുതികളുണ്ട്; അവ ഒന്നിച്ചുപിരിച്ച് അത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ പങ്കു വയ്ക്കുന്നതിനു അടിസ്ഥാനമായി വ്യക്തമായ വ്യവസ്ഥകളുണ്ട്. അവയെല്ലാം ഇരിക്കെ തങ്ങളുടെ പാർട്ടി നയിക്കുന്നതും തങ്ങളുടെ രാഷ്ട്രീയ കൽപ്പനകളെ അനുസരിക്കുന്നതുമായ സംസ്ഥാന സർക്കാരുകളോട് മോദി സർക്കാർ ഒരു സമീപനം കെെക്കൊള്ളുമ്പോൾ, കേരളത്തോടും മറ്റു ചില സംസ്ഥാനങ്ങളോടും തീർത്തും വ്യത്യസ്തവും ശത്രുതാപരവുമായ സമീപനം കെെക്കൊള്ളുന്നു.

ഇതു സംബന്ധിച്ച്, നിയമമനുസരിച്ച് നടത്താവുന്ന കേന്ദ്ര സർക്കാരിനു പരാതി നൽകൽ, അതിന്റെ നിലപാടിലെ അനീതി ചൂണ്ടിക്കാട്ടൽ മുതലായ നടപടികൾ കൊണ്ടൊന്നും –ഫലമില്ലെന്നു വന്നപ്പോൾ സുപ്രീംകോടതിയെ സമീപിച്ച് കേരള സർക്കാർ നിയമപരമായ മാർഗം തേടി. പിരിച്ചെടുത്ത നികുതി വരുമാനത്തിൽ സംസ്ഥാനത്തിനു ന്യായമായി ലഭിക്കേണ്ട വിഹിതം നിഷേധിക്കുന്നത് ഒരു വശത്ത്. വ്യവസ്ഥകളനുസരിച്ച് എടുക്കാവുന്ന കടം കൊള്ളൽ തടയുന്നത് മറുവശത്ത്. എൽഡിഎഫ് സർക്കാർ വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ എന്തെങ്കിലും ചെയ്തു എന്നു ആരോപിക്കാൻ മോദി സർക്കാരിനു കഴിയുന്നില്ല. എൽഡിഎഫ് സർക്കാർ തങ്ങൾക്ക് അർഹമായ നികുതികൾ സമാഹരിച്ചും കടമെടുത്തും ചെയ്യുന്ന ജനസേവനം കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ഒരു ബിജെപി സർക്കാരിനും ചെയ്യാൻ കഴിയുന്നുമില്ല. എൽഡിഎഫ് സർക്കാരിന്റെ ജനങ്ങളോടുള്ള ആഭിമുഖ്യവും ഫലപ്രദമായ ധന മാനേജ്മെന്റും വെളിവാക്കുന്നതാണ് ഈ വകകാര്യങ്ങൾ. ഭംഗ്യന്തരേണ അവ ബിജെപി സർക്കാരുകളുടെ കാര്യക്ഷമതയില്ലായ്മയെയും ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയെയും വെളിവാക്കുന്നു. നികുതി വരുമാനവും കടമെടുപ്പും തടഞ്ഞ് എൽഡിഎഫ് സർക്കാരിനെ വീർപ്പുമുട്ടിച്ച് ജനവിരുദ്ധമാക്കി മാറ്റാനാണ് മോദി സർക്കാരിന്റെ നീക്കം.

ഇതേക്കുറിച്ച് സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ പരാതി ഉന്നയിച്ചപ്പോൾ കേന്ദ്ര സർക്കാരിനു തൃപ്തികരമായ മറുപടി ഇല്ലായിരുന്നു. തമ്മിൽ ചർച്ച ചെയ്തു തീർക്കാൻ കോടതി നിർദേശിച്ചപ്പോൾ മോദി സർക്കാർ അതിനു സമ്മതിച്ചിരിക്കുകയാണ്. ആ ചർച്ചയുടെ ഫലമെന്തെന്നു വരുംനാളുകളിൽ മാത്രമേ തെളിയൂ.

ഭരണഘടനയിലെ വ്യവസ്ഥകൾക്ക് അംബേദ്കറിന്റെ നേതൃത്വത്തിൽ ഭരണഘടനാ നിർമാതാക്കൾ രൂപം നൽകിയത് ഇത്തരത്തിലുള്ള വഴിവിട്ട പോക്ക് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധങ്ങളിൽ ഉണ്ടാകാം എന്നു കണ്ടുകൊണ്ടാണ്. പരസ്പര ചർച്ചയിലൂടെയും അത് സാധ്യമല്ലാതാകുമ്പോൾ സുപ്രീംകോടതി ഇടപെട്ടു. ഭരണഘടനാചട്ടക്കൂടിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പല നയോപായങ്ങളും ഭരണഘടനയിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്. നീതിയും ന്യായവും അംഗീകരിക്കുന്നവർ തമ്മിൽ മാത്രമേ അവ ഫലപ്രദമാകൂ. രാജ്യത്തെയാകെ തങ്ങളുടെ ഏകകേന്ദ്ര ഭരണത്തിൻ കീഴിലാക്കുക എന്നതാണ് ഭരണഘടനയെ മാനിക്കാത്ത സംഘപരിവാർ ശക്തികളുടെ ലക്ഷ്യം. അതാണ് കേന്ദ്ര–കേരള സർക്കാരുകൾ തമ്മിൽ ധനവിഭവങ്ങൾ പങ്കു വയ്ക്കുന്ന കാര്യത്തിൽ മോദി സർക്കാർ ഉയർത്തിയിട്ടുള്ള വിലങ്ങുതടിയുടെ ലാക്ക്. ജനാധിപത്യവ്യവസ്ഥയിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നു വരിക സാധാരണമാണ്. വിട്ടുവീഴ്ചകളോടെ നീതിപൂർവ അവ പരിഹരിക്കുന്നതിലാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും ഭാവിയും. മോദി പ്രഭൃതികൾ ആ സമീപനരീതി ആയല്ല കെെക്കൊള്ളുന്നത് എന്നതാണ് പ്രശ്നം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + five =

Most Popular