Friday, May 3, 2024

ad

Homeസമകാലികംമുഖ്യമന്ത്രിയെ കുരുക്കാൻ
 കേന്ദ്ര നീക്കം

മുഖ്യമന്ത്രിയെ കുരുക്കാൻ
 കേന്ദ്ര നീക്കം

എം വി ഗോവിന്ദൻ

കേരള സര്‍ക്കാരിനെതിരേയും, മുഖ്യമന്ത്രിക്കെതിരേയും ശക്തമായ ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാരിന്റേയും, കേരളത്തിലെ വലതുപക്ഷ ശക്തികളുടേയും ഭാഗത്തുനിന്നും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുകയും, അതിനായി ഹിന്ദുത്വ അജൻഡ മുന്നോട്ടുവെക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഫെഡറലിസം സൃഷ്ടിക്കുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍ നയങ്ങള്‍ മുന്നോട്ടുവെക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന കോര്‍പ്പറേറ്റ് þ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി രാജ്യത്തെമ്പാടും ഉയര്‍ന്നുവരുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷതയുടെ ഉറച്ച നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ സജീവ പങ്കാളിത്തം വഹിക്കുകയാണ്. പൗരത്വ നിയമത്തിനെതിരേയും, ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനെതിരേയും ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയത് എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരാണ്.

ഇന്ത്യയില്‍ നിന്ന് മാര്‍ക്സിസത്തെ ഉന്മൂലനം ചെയ്യുകയെന്ന നിലപാട് ആര്‍.എസ്.എസിന്റെ സര്‍സംഘചാലക് പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിനേയും, അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയേയും ഏതു വിധേനയും ദുര്‍ബലപ്പെടുത്തുകയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദമെന്ന് പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. സംഘപരിവാര്‍ നിയമസഭയ്ക്ക് പുറത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ഇടപെടലുകളെ നിയമസഭയ്ക്കകത്ത് കൊണ്ടുവരികയെന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ബി.ജെ.പി – യുഡി.എഫ് കൂട്ടുകെട്ട് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ഇടപെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇതിന്റെ ഭാഗമായി കാണാനാവുന്നത‍്.

എക്സാലോജിക് കമ്പനിക്കും, കമ്പനിയുടെ ഡയറക്ടറായ ടി വീണയ്ക്കും മാസപ്പടി ഇടപാടുണ്ട് എന്ന ആരോപണമാണ് ഒരു പ്രമുഖ മലയാള പത്രം ഉയര്‍ത്തിയത്. വസ്തുതകള്‍ക്ക് വിരുദ്ധമാണിത്. ഇതുമായി ബന്ധപ്പെട്ട് തുക കൈമാറ്റം ചെയ്തത് എക്സാലോജിക് കമ്പനിയും, സി.എം.ആര്‍.എല്‍ കമ്പനിയും തമ്മില്‍ സേവനം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലുള്ള കരാര്‍ പ്രകാരമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളാവട്ടെ സുതാര്യമായി ബാങ്ക് വഴിയായിരുന്നു. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളും, എല്ലാ നികുതികളും അടച്ച രേഖകളും ഉണ്ട്. സുതാര്യമായി രണ്ട് കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടുകളെയാണ് യുഡിഎഫും ബിജെപിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ചേർന്ന് തെറ്റായ രീതിയില്‍ ചിത്രീകരിച്ചത്.

സി.എം.ആര്‍.എല്‍ കമ്പനിയില്‍ ആദായ നികുതിക്കാര്‍ പരിശോധന നടത്തിയപ്പോള്‍ അവര്‍ ആദായ നികുതി അടച്ചില്ലയെന്ന ആരോപണം ഇന്‍കം ടാക്സ് മുന്നോട്ടുവെച്ചു. കൂടുതല്‍ തുക അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സി.എം.ആര്‍.എല്‍ സെറ്റില്‍മെന്റ് ബോര്‍ഡിനെ സമീപിക്കുന്നത്. അതേ തുടര്‍ന്ന് ബോര്‍ഡ് അക്കാര്യം പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ കമ്പനിക്ക് നല്‍കി.

ഒരു രേഖയും ഇല്ലാതെ ചെലവാക്കിയ തുകയുടെ 70 ശതമാനം സി.എം.ആര്‍.എൽ. ന് ഇളവ് നല്‍കി. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ്, എല്ലാ നിയമ പരിരക്ഷയും സി.എം.ആര്‍.എൽ. ന് നല്‍കി പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതുവഴി പ്രൊസിക്യൂഷന്‍ ഇമ്യൂണിറ്റി സി.എം.ആര്‍.എൽ.ന് ലഭിക്കുകയും ചെയ്തു.

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനക്കിടയില്‍ വീണയുടെ കമ്പനിയായ എക്സാലോജിക് കമ്പനിയുമായി സേവനത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ കാണുകയുണ്ടായി. ഈ കരാറിനെ സംബന്ധിച്ച് ആവശ്യമായ സേവനം അവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ എന്ന ചോദ്യം ജീവനക്കാരോട് ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദിച്ചു. ഒരു ജീവനക്കാരന്‍ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്ന് പറഞ്ഞു. അക്കാര്യം ആദായ നികുതി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പാകെ സേവനം സംബന്ധിച്ച് എക്സാലോജിക്കിന്റെ കാര്യത്തില്‍ യാതൊരു പരാതിയുമില്ലെന്ന് പറയുകയുണ്ടായി. ഇത്തരമൊരു രേഖ കമ്പനി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ തനിക്ക് അറിയില്ലെന്ന ജീവനക്കാരന്റെ മൊഴി സ്വാഭാവികമായും അപ്രസക്തമാകും. എന്നാല്‍ ഇവിടെ സംഭവിച്ചത് അങ്ങനെയല്ല. അവര്‍ ചെയ്തത് കേസില്‍ ഒരിടത്തും വരാന്‍പാടില്ലാത്ത മൊഴി വളച്ചൊടിച്ചുവെന്ന് മാത്രമല്ല എക്സാലോജിക് കമ്പനിയെ തെറ്റായി അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ പേരുകൂടി ചേർത്തു കൊണ്ടുവരികയാണ് ചെയ്തത്.

ഈ കേസില്‍ കക്ഷിയല്ലാത്ത എക്സാലോജിക് കമ്പനിയേയും, മുഖ്യമന്ത്രിയേയും ഇതിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിച്ചത്. അവരെ പരാമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും സാമാന്യ നീതിയെന്ന നിലയില്‍ അവരുടെ അഭിപ്രായം പോലും ചോദിക്കാന്‍ തയ്യാറായില്ല. ഇങ്ങനെ മുഖ്യമന്ത്രിയെ നേരിട്ട് പരാമര്‍ശിക്കുന്ന നില ഉയര്‍ന്നുവന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരേയുള്ള നീക്കമാണ് എന്നുകൂടി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇക്കാര്യത്തിലുള്ള രാഷ്ട്രീയത്തെ തുറന്നുകാട്ടി സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിറക്കുന്ന സാഹചര്യമുണ്ടായത്.

പത്രവാര്‍ത്തയെ തുടര്‍ന്ന് ഈ പ്രശ്നത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഗിരീഷ്ബാബു എന്ന ആള്‍ മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തു. കോടതി ഇത് തള്ളി. ഈ വിഷയത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണമാവശ്യപ്പെട്ടുകൊണ്ട് കമ്പനി മന്ത്രാലയത്തിന് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് കത്ത് കൊടുത്തു. കമ്പനീസ് ആക്ടിലെ സെക്ഷന്‍ 210, 211 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. ഇത് കോടതി 2024 ഫെബ്രുവരി 12ന് പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇതിനിടയിലാണ് 2024 ജനുവരി 31ന് ഷോണ്‍ ജോര്‍ജും, പി.സി ജോര്‍ജും ഡല്‍ഹിയില്‍ വെച്ച് ബി.ജെ.പിയില്‍ ചേരുന്നത്. അന്ന് വൈകുന്നേരം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഉടന്‍ തന്നെ അന്വേഷണം നടത്തുകയെന്ന രീതി വ്യക്തമാക്കുന്നത് എന്താണ്? ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡകളാണ് ഇതിനു പിന്നിലുള്ളത് എന്നാണ്.

ഇപ്പോള്‍ എസ്.എഫ്.ഐ.ഒ. കമ്പനി നിയമം 210 (1) സി പ്രകാരം അന്വേഷിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. എസ്.എഫ്.ഐ.ഒ കമ്പനീസ് ആക്ടിലെ വ്യവസ്ഥയിയില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ഏജന്‍സിയാണ്. തിരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ കോടതിയുടെ മുമ്പില്‍ നില്‍ക്കുന്ന ഒരു പ്രശ്നത്തില്‍ ധൃതിപിടിച്ച് നടപടി സ്വീകരിച്ചതിന്റെ പിന്നിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഏവര്‍ക്കും വ്യക്തമാകുന്നതാണ്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് വലിയ ഗൂഢാലോചനയും തിരക്കഥയും ഇതിനു പിന്നില്‍ നടന്നിട്ടുണ്ട് എന്നാണ്.

ആദായ നികുതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അപ്പീലായി നല്‍കിയ കേസില്‍ പരിഗണിക്കാന്‍ പോലും പാടില്ലാത്ത ഒരു മൊഴി പരാമര്‍ശിക്കപ്പെട്ടു. അതിന്റെ പേരില്‍ എക്സാലോജിക് കമ്പനിയേയും മുഖ്യമന്ത്രിയേയും ചിത്രത്തിലേക്ക് വലിച്ചിഴച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊടുത്തു. ഷോണ്‍ ജോര്‍ജ് കൊടുത്ത കേസ് കോടതി പരിഗണിക്കാനിരിക്കെ അതിന് രണ്ടാഴ്ച്ച മുമ്പ് ഹര്‍ജിക്കാരന്‍ ബി.ജെ.പിയില്‍ ചേരുന്നു. ഉടന്‍ എസ്.എഫ്.ഐ.ഒ.യുടെ അന്വേഷണവും പ്രഖ്യാപിക്കുന്നു. ഇത്തരത്തില്‍ തികച്ചും രാഷ്ട്രീയപ്രേരിതമായ ഇടപെടലാണ് എക്സാലോജിക്കിലെ വിവാദങ്ങള്‍ക്കു പിന്നിലുള്ളതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ഏജന്‍സികളെ ഉപയോഗപ്പെടുത്തി നടത്തുന്ന ഇത്തരം നീചമായ രാഷ്ട്രീയ നീക്കങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular