കേരളകൗമുദി മുഖപ്രസംഗം
കേന്ദ്ര സർക്കാരിൽ നിന്ന് കേരളം തുടർച്ചയായി നേരിടുന്ന അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്നലെ നടന്ന സമരം (8.2.24) രാജ്യത്തിന്റെ ജനാധിപത്യ ഭരണ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിക്കുന്നതായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരും എം.പിമാരും മറ്റനേകം നേതാക്കളും പങ്കെടുത്തു എന്നതുകൊണ്ടുമാത്രമല്ല ഈ സമരം ശ്രദ്ധേയമാകുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും ഫെഡറൽ സങ്കല്പങ്ങൾക്കും നിരക്കാത്ത സമീപനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ ഇവിടെ പ്രതിക്കൂട്ടിലാവുകയാണ്. കേരളം കഴിഞ്ഞ കുറേ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര അവഗണനയും വിവേചനവും രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഈ സമരത്തിലൂടെ കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ടതാണ്.
പ്രതിഷേധങ്ങളും പല മട്ടിലുള്ള സമരമുറകളും അനവധി കണ്ടിട്ടുള്ള രാജ്യതലസ്ഥാനത്തിന് കേരള സർക്കാർ ഒന്നാകെ അണിനിരന്ന പ്രതിഷേധ സമരം തികച്ചും പുതുമയേറിയ കാഴ്ച തന്നെയായിരുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ ബുധനാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും നേതൃത്വം നൽകിയ സമരം ഇതേവേദിയിൽ നടന്നിരുന്നു. കർണാടകത്തിന്റെയും പരാതി സമാനമായിരുന്നു. ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ നിന്ന് നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങൾ ഗൗരവമായ രാഷ്ട്രീയ ചർച്ചകൾക്ക് വിഷയമാണ്. ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. രാജ്യത്ത് പതിനേഴ് സംസ്ഥാനങ്ങളിൽ ബി.ജെ.പിഭരണമാണ് നടക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എല്ലാവിധ ലാളനകളും ലഭിക്കുമ്പോൾ പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ കീഴാളരെപ്പോലെ കേന്ദ്രത്തിനുമുമ്പിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കായിപ്പോലും തലകു മ്പിട്ടു നിൽക്കേണ്ടിവരുന്നു. കർണാടകവും കേരളവും സകല പ്രതിപക്ഷ ഭരണകക്ഷിക്കാരെയും കൊണ്ട് ഡൽഹി സമരത്തിനു മുതിർന്നത് ഈ യാഥാർത്ഥ്യം രാഷ്ട്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണ്.
സമരം നടത്തി കേന്ദ്രത്തെ തോല്പിക്കാനല്ല കേരളം ശ്രമിക്കുന്നതെന്ന് ജന്തർമന്ദിറിൽ സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈവിഷയത്തിൽ നിലപാട് ആവർത്തിച്ചിരുന്നു. സാമ്പത്തികമായി കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും തുടർച്ചയായ അവഗണന നേരിടേണ്ടിവരുന്ന കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും നീതി ലഭ്യമാക്കാൻ വേണ്ടിയാണ് സമരത്തിനായി ഡൽഹിയിൽ വരേണ്ടിവന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സാമ്പത്തികവിവേചന സമീപനം മൂലം കേരളത്തിന് കഴിഞ്ഞ ഏഴുവർഷത്തിനിടെ നേരിട്ട നഷ്ടം വളരെ വലുതാണ്. ഓരോരോ കാരണം പറഞ്ഞ് സാമ്പത്തിക വികസനം പാടേ മുടക്കുന്ന തീരുമാനങ്ങളാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുന്നത്. ഈ അവഗണനയും വിവേചനവും എക്കാലവും സഹിച്ച് മുന്നോട്ടുപോകാൻ സംസ്ഥാനത്തിനാവില്ല. ഫെഡറലിസത്തിന് നിരക്കാത്ത കേന്ദ്ര സമീപനത്തിനും നയങ്ങൾക്കുമെതിരെ ഉറച്ചുതന്നെ കേരളം പ്രതിഷേധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്തേണ്ട ചെവികളിൽ എത്താതിരിക്കില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്താനല്ല ഐക്യം ശക്തിപ്പെടുത്താനാണ് കേരളം ശ്രമിക്കുന്നത്. ധനകാര്യകമ്മിഷന്റെ വിഹിതം പങ്കിടലിലും ജി.എസ്.ടി നഷ്ടപരിഹാരത്തിലും ധനക്കമ്മി കുറയ്ക്കാനുള്ള ഗ്രാൻഡ് നൽകുന്നതിലും മറ്റും കേരളത്തിന് നഷ്ടമാണ് സംഭവിക്കുന്നത്. ഇതൊക്കെതിരുത്തണമെന്ന കേരളത്തിന്റെ ആവശ്യം അന്യായമാണെന്നു പറയാൻ ആർക്കും കഴിയില്ല. ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രതിപക്ഷത്തുനിന്ന് നിരവധി വ്യക്തികൾ കേരളത്തിന്റെ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. രാജ്യത്ത് ബി.ജെ.പി സർക്കാരുകൾ മാത്രംമതിയെന്ന ചിന്ത ഫെഡറൽ ഘടനയ്ക്കും ഐക്യത്തിനും ചേരാത്ത ചിന്തയാണെന്നമുഖ്യമന്ത്രിയുടെ ഒാർമ്മപ്പെടുത്തൽ ശ്രദ്ധേയമായി. സാമ്പത്തികമായി കേന്ദ്രം കേരളത്തോടുകാണിക്കുന്ന വിവേചന സമീപനത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി അടുത്തയാഴ്ച വാദത്തിനു വരികയാണ്. തമിഴ്നാടും ഇതേ വിഷ യത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം കാത്തിരിക്കുകയാണ് ഏവരും. ♦