Saturday, May 4, 2024

ad

Homeഇവർ നയിച്ചവർകെ പത്മനാഭൻ: തോട്ടം തൊഴിലാളികളുടെ അനിഷേധ്യ നേതാവ്‌

കെ പത്മനാഭൻ: തോട്ടം തൊഴിലാളികളുടെ അനിഷേധ്യ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

തോട്ടം തൊഴിലാളികളുടെ എണ്ണമറ്റ അവകാശപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ കെ പത്മനാഭൻ പ്രിയങ്കരനായ നേതാവായിരുന്നു. തോട്ടമുടമകളുടെ ഗുണ്ടകളുടെ ആക്രമണങ്ങളെയും പൊലീസ്‌ മർദനങ്ങളെയും അതിജീവിച്ചുകൊണ്ടാണ്‌ അദ്ദേഹം തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചതും അവരെ സമരോജ്വലരാക്കിയതും.

സാധാരണക്കാരുടെ ഏത്‌ പ്രശ്‌നങ്ങളിലും സൗമ്യമായി ഇടപെടുകയും പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹം എന്നും ജനപ്രിയ നേതാവായിരുന്നു.

കോന്നനാത്ത്‌ അമ്മിണിയമ്മയുടെയും നമ്പ്യാത്ത്‌ വേലുക്കുട്ടി നായരുടെയും മകനായി തൃശൂർ ജില്ലയിൽ 1935 ഫെബ്രുവരി 17നാണ്‌ കെ പത്മനാഭൻ ജനിച്ചത്‌. മുഖരിക്കുന്ന്‌ സിജിഎം സ്‌കൂളിലും ചേലക്കര എസ്‌എംടി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. സാമ്പത്തികപ്രയാസങ്ങൾ മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.

കൗമാരപ്രായത്തിൽ തന്നെ തൊഴിൽ അന്വേഷിച്ച്‌ വയനാട്ടിലേക്ക്‌ പോയ അദ്ദേഹം അവിടെ ഒരു കാപ്പിത്തോട്ടത്തിൽ റൈട്ടറായി കുറേവർഷം ജോലിചെയ്‌തു.

കുട്ടിക്കാലം മുതലേ കമ്യൂണിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടനായ അദ്ദേഹം വയനാട്ടിലെ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരുമായി വളരെ വേഗം അടുത്തു. മലബാർ ഡിസ്‌ട്രിക്ട്‌ ബോർഡിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പ്‌ പത്മനാഭന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. വയനാട്‌ മേഖല ഉൾപ്പെടുന്ന ഡിവിഷനിൽ ടി പി മാധവൻനായരാണ്‌ മത്സരിച്ചത്‌. പ്രാദേശികാടിസ്ഥാനത്തിൽ മുന്നണിയുണ്ടാക്കിയും പൊതുസ്വീകാര്യരായ വ്യക്തികൾക്ക് പിന്തുണ നൽകിയുമാണ്‌ അന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. കമ്യൂണിസ്റ്റ്‌ പാർട്ടി പിന്തുണച്ചത്‌ ടി പിയെയാണ്‌. ടി പിയുടെ വിജയത്തിനുവേണ്ടി പത്മനാഭൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി. സ്‌ക്വാഡ്‌ വർക്കിന്‌ മുന്നിട്ടിറങ്ങി; പരിചയക്കാരായ തൊഴിലാളികളെയും മറ്റു സുഹൃത്തുക്കളെയും തിരഞ്ഞെടുപ്പ്‌ പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി.

തങ്ങളുടെ റൈട്ടർ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തിയത്‌ തോട്ടം ഉടമയെ കുറച്ചൊന്നുമല്ല പ്രകോപിതനാക്കിയത്‌. ഒരു കമ്യൂണിസ്റ്റുകാരനെ റൈട്ടറായി തന്റെ തോട്ടത്തിൽ വെച്ചുപൊറുപ്പിക്കില്ലെന്ന്‌ അയാൾ തീരുമാനിച്ചു. കാപ്പിത്തോട്ടത്തിലെ ജോലിയിൽനിന്ന്‌ പത്മനാഭനെ ഉടമ പുറത്താക്കി.

തോട്ടം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ജീവിതയാതനകൾ കണ്ടും അനുഭവിച്ചും അറിഞ്ഞ പത്മനാഭന്‌ അവരോടുള്ള സഹാനുഭൂതി നാൾക്കുനാൾ വർധിച്ചുവന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ അവകാശബോധമുള്ളവരാമാക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. പി ശങ്കർ, പി ആർ വാര്യർ, സി ഉത്തമൻ തുടങ്ങിയ നേതാക്കളുമായുള്ള അടുപ്പം പത്മനാഭനെ അടിയുറച്ച ട്രേഡ്‌ യൂണിയൻ പ്രവത്തകനും കമ്യൂണിസ്റ്റുകാരനുമാക്കി.

1956ൽ ഒരു തോട്ടം തൊഴിലാളിയുടെ പ്രതിദിന വേതനം 1.31 രൂപയായിരുന്നു. ശരാശരി എട്ടംഗങ്ങൾ വീതമുള്ള ഓരോ തൊഴിലാളി കുടുംബവും അർധപട്ടിണിയിലായിരുന്നു അന്ന്‌. തൊഴിലാളി ചൂഷണത്തിനെതിരെ മലബാർ പ്ലാന്റേഷൻ വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കാരംഭിച്ചു. പണിമുടക്കിയ തൊഴിലാളികളെ നേരിടാനും മുതലാളിമാർ ഗുണ്ടകളെ രംഗത്തിറക്കി. തൊഴിലാളികൾ പത്മനാഭന്റെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപ്പ്‌ നടത്തി. സമരത്തെത്തുടർന്ന്‌ ഒരു തൊഴിലാളിയുടെ പ്രതിദിന വേതനം 2.25 രൂപയാക്കി വർധിപ്പിക്കാൻ കഴിഞ്ഞു. തൊഴിലാളികൾ 15 ദിവസത്തെ ഗ്രാറ്റുവിറ്റി നേടിയെടുത്തതും സമരത്തിലൂടെ തന്നെയാണ്‌.

തോട്ടം തൊഴിലാളികൾക്കുവേണ്ടി രാപ്പകൽ അധ്വാനിച്ച പത്മനാഭൻ നോർത്ത്‌ വയനാട്‌ എസ്‌റ്റേറ്റ്‌ ലേബർ യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മാനന്തവാടി താലൂക്ക്‌ കമ്മിറ്റി അംഗമായും ഫർക്ക കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു.

1957ൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ചായിരുന്നല്ലോ തിരഞ്ഞെടുപ്പ്‌ നടന്നത്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന്‌ സജീവമായി പത്മനാഭൻ രംഗത്തിറങ്ങി. തോട്ടം തൊഴിലാളികളെ വാശിയോടെ രംഗത്തിറക്കുന്നതിനും ഒരു പരിധിവരെ പത്മനാഭനു സാധിച്ചു.
പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചു നിന്ന നേതാവാണദ്ദേഹം. 1964ൽ ചൈനീസ്‌ ചാരരെന്ന്‌ മുദ്രകുത്തി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പൊലീസ്‌ പിടിയിലായ പത്മനാഭൻ പതിനാറുമാസക്കാലം ജയിലിലടയ്‌ക്കപ്പെട്ടു. സിപിഐ എം നേതാക്കളുമായുള്ള ജയിലിലെ സന്പർക്കം പത്മനാഭന്റെ കമ്യൂണിസ്റ്റ്‌ ബോധത്തെ കൂടുതൽ ആഴത്തിലാക്കാൻ സഹായിച്ചു.

അടിയന്തരാവസ്ഥക്കാലത്ത്‌ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ്‌ അദ്ദേഹം യൂണിയൻ പ്രവർത്തനങ്ങൾക്കും പാർട്ടി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്‌. തോട്ടം തൊഴിലാളികൾ തങ്ങളുടെ ലയങ്ങളിൽ വളരെ കരുതലോടെയാണ്‌ കെ പത്മനാഭനെ സുരക്ഷിതനായി താമസിപ്പിച്ചത്‌. തോട്ടം ഉടമകളുടെ ഗുണ്ടകൾ പൊലീസിന്റെ ഒറ്റുകാരായുണ്ടായിരുന്നു. അവരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച്‌ സാഹസികതയോടെയാണ്‌ തങ്ങളുടെ നേതാവിനെ തോട്ടം തൊഴിലാളികൾ സംരക്ഷിച്ചത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ ഒരു പോറൽപോലും ഏൽക്കാതെ പാർട്ടി പ്രവർത്തനം തുടരാൻ അതുമൂലം അദ്ദേഹത്തിന്‌ സാധിച്ചു.

തോട്ടം തൊഴിലാളി ഫെഡറേഷന്റെ ആദ്യ സംസ്ഥാന പ്രസിഡന്റ്‌ കെ പത്മനാഭനാണ്‌. പതിനാലു വർഷക്കാലം അദ്ദേഹം ആ സ്ഥാനത്ത്‌ തുടർന്നു. തോട്ടം തൊഴിലാളികളുടെ നിരവധി അവകാശസമര പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകാൻ ഈ കാലയളവിൽ അദ്ദേഹത്തിനു സാധിച്ചു. 1972ൽ നടന്ന സുപ്രധാനമായ സമരം എടുത്തുപറയത്തക്കതാണ്‌. ആ വർഷം ഒക്ടോബർ മൂന്നിന്‌ തോട്ടം തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ തോട്ടം തൊഴിലാളി യൂണിയൻ നേതാക്കൾ കോഴിക്കോട്ട്‌ യോഗം ചേർന്നു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു എന്നീ സംഘടനാ നേതാക്കളാണ്‌ യോഗത്തിൽ പങ്കെടുത്തത്‌. സംയുക്ത ട്രേഡ്‌ യൂണിയൻ കൺവീനറായി കെ പത്മനാഭനെയാണ്‌ തിരഞ്ഞെടുത്തത്‌. പുരുഷ തൊഴിലാളികളുടെ ദിവസവേതനം 4 രൂപയായും സ്‌ത്രീതൊഴിലാളികളുടെ ദിവസവേതനം മൂന്ന്‌ രൂപയായും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സൂചനാ പണിമുടക്ക്‌ പ്രഖ്യാപിക്കാൻ തീരുമാനിച്ചു. കെ പത്മനാഭനാണ്‌ സമരപ്രഖ്യാപനം നടത്തിയത്‌.

മാനേജ്‌മെന്റുകൾ ചർച്ചയ്‌ക്ക്‌ തയ്യാറാവുകയും യൂണിയനുകളുടെ ആവശ്യങ്ങൾ താമസിയാതെ അംഗീകരിക്കുകും ചെയ്‌തു. തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി സമാന ചിന്താഗതിക്കാരെ സംഘടിപ്പിക്കുന്നതിനും ബഹുജന പിന്തുണ ആർജിക്കുന്നതിനും അദ്ദേഹത്തിന്‌ അസാമാന്യമായ സാമർഥ്യം തന്നെ ഉണ്ടായിരുന്നുവെന്ന്‌ സമകാലികർ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

1980 മുതൽ തൃശൂർ കേന്ദ്രീകരിച്ചാണ്‌ കെ പത്മനാഭൻ പ്രവർത്തിച്ചത്‌. സിപിഐ എം ജില്ലാ കേന്ദ്രത്തിൽ പ്രവർത്തിച്ച അദ്ദേഹം കുറേക്കാലം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച സമയത്ത്‌ ജില്ലയിലൊട്ടാകെയുള്ള പാർട്ടി പ്രവർത്തരുമായി സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. പാർട്ടി സഖാക്കളുടെ കുറ്റങ്ങളും കുറവുകളും ഒരു ജ്യോഷ്‌ഠസഹോദരന്റെ സ്‌നേഹവാത്സല്യങ്ങളോടെയാണ്‌ തിരുത്താൻ അദ്ദേഹം നിർദേശിച്ചത്‌.

പതിറ്റാണ്ടുകളായി അദ്ദേഹം ആർജിച്ച പ്രവർത്തനാനുഭവങ്ങൾ തൃശൂർ ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സഹായകമായി. തൃശൂരിന്റെ രാഷ്‌ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ വ്യാപകമായ സുഹൃത്‌വലയം ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന്‌ സാധിച്ചു.

1995‐98 കാലയളവിൽ അദ്ദേഹം പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായി പ്രവർത്തിച്ചു. നാടിന്റെ നിരവധി വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ അദ്ദേഹത്തിന്‌ സാധിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനാൽ 1998ൽ പ്രസിഡന്റ്‌ സ്ഥാനം അദ്ദേഹം ഒഴിഞ്ഞു.

ദീർഘകാലം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ച കെ പത്മനാഭൻ സിഐടിയുവിന്റെയും സംസ്ഥാനത്തെ തലമുതിർന്ന നേതാക്കളിലൊരാളായിരുന്നു.

2005 ഫെബ്രുവരി 14ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. വിജയലക്ഷ്‌മിയാണ്‌ ജീവിതപങ്കാളി. ആശ, മൃദുല, അഭിലാഷ്‌ എന്നിവർ മക്കൾ.

കടപ്പാട്‌: കെ വി അബ്ദുൾ ഖാദർ എഡിറ്റ്‌ ചെയ്‌ത ‘സമരോജ്വല ജീവിതങ്ങൾ’.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − fifteen =

Most Popular