ഗാസയിൽ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന വംശഹത്യ വെസ്റ്റ് ബാങ്കിലേക്കും നീളുന്നു. തുൽക്കർമ്, ഹെബ്രോൺ, ജെനിൻ, നാബ്ലാസ്, റാമള്ള തുടങ്ങി അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മിലിറ്ററി റെയ്‌ഡുകളും ആക്രമണങ്ങളും നടക്കുകയുണ്ടായി. പലസ്‌തീൻ സമൂഹത്തിനുവേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധി പ്രമുഖരെയും രാഷ്‌ട്രീയനേതാക്കളെയും അറസ്റ്റ് ചെയ്യുകയാണ്. മുൻ പാർലമെന്റംഗമായ ഖാലിദ ജെരാറിനെയും ഇസ്രയേൽ സൈന്യം തടവിലാക്കിയിരിക്കുന്നു. പലസ്‌തീൻ വിമോചനമുന്നണിയുടെ (Popular Front for the Liberation Palasteine‐ PFLP) സജീവ പ്രവർത്തകയും ഇടതുപക്ഷ ആക്ടിവിസ്റ്റുമായ ഖാലിദ ജെരാർ തീവ്രവാദിയാണെന്നാണ് ഇസ്രയേൽ സൈന്യം പ്രസ്‌താവനയിൽ പറയുന്നത്. പലസ്‌തീനിലെ രാഷ്‌ട്രീയ നേതാക്കളെയും യുദ്ധഭൂമിയിലെ സന്നദ്ധപ്രവർത്തകരെയുമടക്കം ആക്രമിക്കുകയാണ് സാമ്രാജ്യത്വശക്തികളുടെ അകമഴിഞ്ഞ പിന്തുണയോടെ ഇസ്രയേൽ ഇപ്പോൾ. ♦