ശമ്പളം പുനർനിർണയിക്കുന്നതുമായി (pay restoration) ബന്ധപ്പെട്ട് സ്വീകാര്യമായ സമീപനം കൈക്കൊള്ളുന്നതിൽ ഗവൺമെന്റ് വീണ്ടും പരാജയപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ നീണ്ടനാൾ പണിമുടക്കിനു തുടക്കമിട്ടിരിക്കുന്നു. ജനുവരി 3ന് ആരംഭിച്ച പണിമുടക്ക് ജനുവരി 9 വരെ നീളുമെന്നാണ് കരുതപ്പെടുന്നത്. വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ആനുപാതികമായി ശമ്പളം പുനർനിർണയിക്കണമെന്ന് ആരോഗ്യരംഗത്തെ നിർണായക വിഭാഗമായ ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നു. 2008 മുതൽ ശമ്പളത്തിൽ 26 ശതമാനം വരെ നഷ്ടം തങ്ങൾ അനുഭവിക്കുകയാണെന്നാണവർ പറയുന്നത്.
പലതവണ സൂചനാ പണിമുടക്കുകളും പ്രക്ഷോഭങ്ങളും നടത്തുകയും ഉചിതവും ന്യായവുമായ തീരുമാനം കൈക്കൊള്ളാൻ ഗവൺമെന്റിന് അപ്പോഴൊക്കെയും അവസരം കൊടുക്കുകയും ചെയ്‌തതിനുശേഷമാണ് ജൂനിയർ ഡോക്ടർമാർ ഇപ്പാൾ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പണിമുടക്കിലേക്ക് കടന്നത്. ഡോക്ടർമാരുടെ സംഘടന രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്നാണ് ഗവൺമെന്റും കോർപറേറ്റ് പത്രമാധ്യമങ്ങളും വിമർശിക്കുന്നത്. എന്നാൽ 2023 അവസാനം നടന്ന സർവെയിൽ കാണിക്കുന്നത് സർവെയിൽ പങ്കെടുത്ത 49% ജനങ്ങളും അതിജീവനത്തിനായുള്ള ആരോഗ്യപ്രവർത്തകരുടെ സമരത്തെ പിന്തുണയ്‌ക്കുന്നുവെന്നാണ്. അതേസമയം സർവെയിൽ പങ്കെടുത്തവരിൽ 4% പേർ മാത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ നയസമീപനത്തോട് യോജിക്കുന്നത്. അതായത് 2022ൽ തുടക്കമിട്ട ഡോക്ടർമാരുടെയും നഴ്‌സുമാരെയും മറ്റ് ആഗരാഗ്യപ്രവർത്തകരുടെയും സമരങ്ങൾക്ക് രാജ്യത്ത് വമ്പിച്ച പൊതുജന സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നർഥം.
ഇക്കാലയളവിൽ മെച്ചപ്പെട്ട തൊഴിൽസുരക്ഷയ്‌ക്കുവേണ്ടി ഒട്ടേറെ ഡോക്ടർമാർ ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗത്തിലെ ജോലി ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് പോയി, ഇപ്പോഴും അത് തുടരുന്നു. ബ്രിട്ടനിൽ തുടക്കക്കാരായ ജൂനിയർ ഡോക്ടർമാർക്ക് നിലവിൽ മണിക്കൂറിന് ഏതാണ്ട് 15 യൂറോയാണ് (19 യുഎസ് ഡോളർ) ലഭിക്കുന്നത്. വൈദ്യപഠനത്തിനാവശ്യമായ വന്ന വിദ്യാഭ്യാസവായ്‌പ അടയ്‌ക്കുകയും ജീവിതച്ചെലവു പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ തുക വളരെ പരിമിതമാണെന്നും തുടക്കക്കാരനായ ഒരു ഡോക്ടർക്ക് ആദ്യവർഷത്തിൽ മണിക്കൂറിൽ 20 യൂറോ നൽകണമെന്നുമാണ് ജൂനിയർ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിൽ പൊതു ആരോഗ്യമേഖല സർക്കാരിന്റെ അവഗണനാപരമായ സമീപനംമൂലം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ്. ജൂനിയർ ഡോക്ടർമാർ, ഡോക്ടർമാർ, നഴ്‌സുമാർ, സ്റ്റാഫുകൾ, ഡെന്റൽ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരും കഴിഞ്ഞ രണ്ടുവർഷക്കാലമായി ശക്തമായ സമരപ്രക്ഷോഭങ്ങൾ നയിച്ചുവരികയാണ്. ♦