ഇക്കണോമിക് നോട്ട്‌ബുക്ക് ‐ 21
“ The commons is a subject almost impossible to hold in mind without remarking on its diminishment and destruction. We cannot but think of the commons without observing how much they have receded,from the Early Modern period to the present day,as a result of one or other form of ‘enclosure’ upon them”
– Akhil Bilgrami Capital , Culture and Commons
സ്വകാര്യമായ ഒന്നിന്റെ ആവിർഭാവത്തോടുകൂടി മാത്രമേ പൊതുവായ ഒന്ന് നിലനിന്നിരുന്നു എന്ന വസ്തുത നമുക്ക് തിരിച്ചറിയാനാവൂ. എല്ലാ പുരയിടവും വേലിയും മതിലും കെട്ടി തിരിച്ചിരിക്കുന്ന, എല്ലാ ഉപഭോഗ രീതികളും സ്വകാര്യമായി മാറിയിരിക്കുന്ന ഇന്നത്തെ ലോകത്തു നിന്ന് കൊണ്ട് മധ്യകാലയുഗത്തിലെ പൊതുവായ ഭൂവിനിയോഗത്തെക്കുറിച്ചും അതിന്റെ പരിണാമങ്ങളെക്കുറിച്ചും സങ്കൽപ്പിക്കുക തന്നെ ദുഷ്കരമാണ്. മൂലധനത്തെ ആധാരമാക്കിയ ഉല്പാദന സമ്പ്രദായത്തിന്റെ ആവിർഭാവത്തോടുകൂടിയാണ് പൊതു/സ്വകാര്യം എന്ന വിഭജനം ആവിർഭവിക്കുന്നത് . ആദിമ മൂലധന സഞ്ചയത്തിന്റെ ഭാഗമായ, പൊതുഭൂമിയുടെ സ്വകാര്യവല്ക്കരണ പ്രക്രിയയ്ക്ക് തുടക്കം കുറിച്ച, പതിനഞ്ചാം നൂറ്റാണ്ടിലെ ബ്രിട്ടനിലെ എൻക്ലോഷർ ആക്ടുകൾ ഇത്തരത്തിൽ മുതലാളിത്തവൽക്കരണ പ്രക്രിയയുടെ ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളിലൊന്നാണ്.
മൂലധനത്തിന്റെ ഒന്നാം വോളിയത്തിൽ കാൾ മാർക്സ് ഇതിനെകുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ‘ഭൂമിയിൽ നിന്നുള്ള കർഷക ജനതയുടെ നിഷ്കാസനം’ എന്ന 27‐ാം അധ്യായത്തിൽ ഈ പ്രക്രിയ വിശദമായി പറയുന്ന മാർക്സ് അടുത്ത അധ്യായത്തിൽ ഇങ്ങിനെ നിഷ്കാസനം ചെയ്യപ്പെട്ടവരെ കൈകാര്യം ചെയ്യാൻ 15‐ാം നൂറ്റാണ്ടിൽ രൂപീകരിച്ച നിയമങ്ങളെക്കുറിച്ചും ഒന്നൊന്നായി എടുത്തുപറയുന്നു.
വളച്ചുകെട്ടൽ നിയമങ്ങൾ (Enclosure Acts) ആവിഷ്കരിക്കപ്പെടുന്ന 15 ആം നൂറ്റാണ്ടു വരെ ഇംഗ്ലണ്ടിലെ കാർഷികവൃത്തികൾ മഹാഭൂരിപക്ഷവും പൊതുഭൂമിയിലാണ് നടന്നു വന്നിരുന്നത്. നൂറ്റാണ്ടുകളായി തുടർന്നു വന്നിരുന്ന ഈ പ്രക്രിയയാണ് വളച്ചുകെട്ടൽ നിയമങ്ങൾ അവസാനിപ്പിക്കുന്നത്. കർഷകർ കൈകാര്യം ചെയ്തു പോന്നിരുന്ന പൊതു ഭൂമികളും വെളിപ്രദേശങ്ങളും ഇതോടെ അവർക്കു നഷ്ടപ്പെട്ടു .ഇങ്ങിനെ പിടിച്ചെടുത്ത ഭൂമി തരം മാറ്റി, പുതിയ മാതൃകകൾക്കനുസരിച്ച് വിഭജിച്ച് പുതുതായി കൈമാറ്റം ചെയ്യപ്പെട്ടു. കൃഷിയിടങ്ങൾ പലതും കാലികളുടെ മേച്ചിൽ സ്ഥലങ്ങളായി. ബാക്കിയുള്ളവ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങളായി പരിണമിച്ചു. പൊതുഭൂമിയിൽ തങ്ങൾക്കാവശ്യമുള്ള ധാന്യങ്ങൾ കൃഷിചെയ്ത് സ്വയം ഉല്പാദിപ്പിച്ച്, വീട്ടാവശ്യത്തിനുള്ള പാലിനാവശ്യമായ കന്നുകാലികളെയും, മുട്ടയ്ക്കാവശ്യമായ കോഴികളെയും വളർത്തി തലമുറകളായി ജീവിച്ചുപോന്നിരുന്ന കർഷക കുടുംബങ്ങൾ ഇവിടെ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെട്ടു.ഇംഗ്ലണ്ടിലെ തെണ്ടി വർഗ്ഗത്തിന്റെയും, വയറു നിറയ്ക്കാൻ വേണ്ടി എന്തു പണിയും ചെയ്യുന്ന കൂലി വേലക്കാരുടെയും ചരിത്രം ഇവരിൽ നിന്നുമാണ് ആരംഭിക്കുന്നത്. ആദ്യകാലത്ത് അനൗദ്യോഗികമായി തുടങ്ങിയ വളച്ചുകെട്ടൽ പ്രക്രിയകൾ പിന്നീട് പാർലമെന്റ് പാസ്സാക്കിയ നിയമങ്ങളാൽ കൈകാര്യം ചെയ്യപ്പെട്ടു.
ഇത്തരത്തിലുള്ള കാർഷിക മുതലാളിത്തത്തിന്റെ വ്യാപനം ഇംഗ്ലണ്ടിൽ മാത്രം നടന്ന പ്രക്രിയയല്ല. യൂറോപ്പിലെമ്പാടും സമാനമായ പ്രക്രിയയകൾ അരങ്ങേറി. എസ്റ്റേറ്റുകളുടെ അവകാശികൾ ഭൂപ്രഭുക്കളാണെങ്കിൽ പോലും ഭൂമി കൈകാര്യം ചെയ്തിരുന്ന ഗ്രാമീണ ജനതയ്ക്ക് തങ്ങൾക്കാവശ്യമുള്ള രീതിയിൽ ഭൂമി ഉപയോഗിച്ച് പോരാനുള്ള അവകാശങ്ങൾ മുൻപ് ഉണ്ടായിരുന്നു. കൃഷിയിറക്കാനും കാലികളെ മേയ്ക്കാനും വെള്ളവും വിറകും ശേഖരിക്കാനുമൊക്കെ പൂർണ അധികാരം കൃഷിക്കാർക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള പൊതുഭൂമിയാണ് വേലികൾ കെട്ടിത്തിരിച്ച് സംപൂർണമായും സ്വകാര്യഭൂമികളാക്കി പരിവർത്തിക്കപ്പെടുന്നത്. ഒരുപക്ഷെ ഈ ചരിത്രപ്രക്രിയയുടെ നിരീക്ഷണത്തിൽനിന്നാകും അതിനോടുള്ള പ്രതിഷേധത്തിൽ നിന്നാകും പൊതു ഉടമസ്ഥതയെ ആധാരമാക്കിയ സോഷ്യലിസം എന്ന ആശയത്തിന്റെ ആവിർഭാവം. ഇത്തരം വളച്ചുകെട്ടൽ പ്രക്രിയക്കെതിരെ 15‐ാം നൂറ്റാണ്ടിൽ നടന്ന ലോലാർഡ് വിപ്ലവമുയർത്തിയ (Lollard Revolution) പ്രതിഷേധമാണ് മാർക്സിൽ ആവർത്തിച്ചതെന്ന് ബിൽഗ്രാമി നിരീക്ഷിക്കുന്നുണ്ട്.
15ഉം 16ഉം നൂറ്റാണ്ടുകളിൽ അഭിവൃദ്ധി പ്രാപിച്ച ഫ്ലെമിഷ് കമ്പിളി വ്യാപാരമാണ് വളച്ചുകെട്ടൽ നിയമങ്ങളിലേക്ക് വഴിതുറന്ന പ്രധാന സംഗതി.ഇന്നത്തെ ബെൽജിയവും ഫ്രാൻസും ഹോളണ്ടും അടങ്ങുന്ന രാജ്യമാണ് മധ്യകാലയുഗത്തിലെ ഫ്ലാണ്ടേഴ്സ്. അവിടെ വസിക്കുന്നവരെയാണ് ഫ്ലെമിഷ് ജനതയെന്ന് വിളിച്ചു പോന്നിരുന്നത്. ഇവിടെ അഭിവൃദ്ധി പ്രാപിച്ച കമ്പിളി വ്യാപാരത്തോട് മത്സരിക്കാനാണ് ചെമ്മരിയാടുകളുടെ മേച്ചിൽ സ്ഥലങ്ങൾ വർധിപ്പിക്കാനുള്ള സമ്മർദ്ദം ചെലുത്തിയത്. ഇത് പഴയ ഫ്യൂഡൽ സമ്പ്രദായത്തിന് എതിരാകുമെന്നതിനാൽ ആദ്യം രാജ ഭരണകൂടം ഇതിന് എതിരായി നിലകൊണ്ടിരുന്നു. നിയമപരമായ എതിർപ്പ് നിലനിൽക്കെത്തന്നെ വളച്ചുകെട്ടൽ പ്രക്രിയ ശക്തമായി മുന്നോട്ടു പോയി. പൗരോഹിത്യ കേന്ദ്രങ്ങളുടെയും തകർച്ചയും നവോത്ഥാന മുന്നേറ്റങ്ങളുടെ കാലത്ത് കത്തോലിക്ക പള്ളിയുടെ കീഴിലുണ്ടായിരുന്ന ഭൂമിയുടെ പിടിച്ചെടുക്കലും ഈ പ്രക്രിയക്ക് ആക്കം കൂട്ടിയെന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്. ഫ്യൂഡലിസത്തിന്റെ ശേഷി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് വിപ്ലവത്തോടു കൂടി (1642 ‐- 1651) മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന നിയമങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പാർലമെന്റ് ആരംഭിച്ചു. ഇംഗ്ലണ്ടിലെ കാർഷിക മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് ഇതോടെ ആരംഭമായി. അതോടൊപ്പം ഇതിനെതിരായ പ്രതിഷേധങ്ങളും രൂപപ്പെട്ടു. ഇംഗ്ലീഷ് വിപ്ലവത്തിന്റെ കാലത്തു സജീവമായിരുന്ന ലെവല്ലേഴ്സ് പ്രസ്ഥാനം (Levellers movement) ഇതിൽ സജീവമായി നിലകൊണ്ടു. എന്നാൽ മുതലാളിത്തശക്തികളുടെ കുതിപ്പിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഈ ശക്തികൾക്ക് കഴിഞ്ഞില്ല . വിസ്തൃതമായ കൃഷിയിടങ്ങളെ അടിസ്ഥാനമാക്കിയ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും കമ്പിളി വ്യവസായങ്ങൾക്കാവശ്യമായ ചെമ്മരിയാട് വളർത്തലും മറ്റു നിർമ്മാണ വ്യവസായങ്ങളുടെ വളർച്ചയും വളർന്നു വികസിച്ചു. ഈ പ്രക്രിയ മൂലധനത്തിൽ മാർക്സ് വിശദമായി പറയുന്നുണ്ട്.
“ഫ്ലാൻഡോർസിൽ കമ്പിളി നിർമാണത്തിന്റെ പെട്ടെന്നുള്ള ഉയർച്ചയും അതിനനുരൂപമായി ഇംഗ്ലണ്ടിൽ കമ്പിളി രോമത്തിന്റെ വിലയിലുണ്ടായ വർദ്ധനയുമാണ് ഈ ഒഴിപ്പിക്കലുകൾക്ക് പ്രത്യക്ഷ പ്രയോജനം നൽകിയത്. പുതിയ പ്രഭുക്കൾ പണത്തിനു സർവ്വശക്തിത്വം സിദ്ധിച്ച കാലഘട്ടത്തിന്റെ സന്തതിയായിരുന്നു. അതുകൊണ്ട് കൃഷിഭൂമി ആടുകളുടെ മേച്ചിൽസ്ഥലങ്ങളാക്കണമെന്നായിരുന്നു ആ വിഭാഗത്തിന്റെ മുറവിളി. ചെറുകിട കർഷകരെ അവരുടെ ഭൂമിയിൽനിന്നും പുറന്തള്ളുന്നത് രാജ്യത്തെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് ഹാരിസൺ വിശദമാക്കിയിട്ടുണ്ട്. ‘നമ്മുടെ വൻകിട കൈയേറ്റക്കാർ എന്താണ് കരുതുന്നത്?’ കൃഷിക്കാരുടെ പാർപ്പിടങ്ങളും തൊഴിലാളികളുടെ കുടിലുകളും ഇടിച്ചു നിരപ്പാക്കുകയോ നാശോന്മുഖമാക്കുകയോ ചെയ്തു .നാടുവാഴികളുടെ കുടുംബരേഖകൾ പരിശോധിച്ചാൽ 17, 18, 20 എന്നിങ്ങനെ വീടുകൾ ഓരോ കുടുംബത്തിന്റെയും ഭൂമിയിൽ നിന്നും തിരോഭവിച്ചതായി കാണാം. ഇപ്പോഴത്തെപ്പോലെ ഇംഗ്ലണ്ടിൽ ആളുകൾ കുറഞ്ഞ കാലമുണ്ടായിട്ടില്ല. വൻനഗരങ്ങളും ചെറുപട്ടണങ്ങളും മുഴുവനായി അധഃപതിക്കുകയോ നശിക്കുകയോ ചെയ്തിരിക്കുന്നു. ഹെൻറി ഏഴാമന്റെ ചരിത്രത്തിൽ ബേക്കൺ പറയുന്നു ‘അക്കാലത്ത് (1489) ഭൂമി\വളച്ചുകെട്ടൽ കൂടുതൽ കൂടുതൽ സാധാരണമായി .കൃഷിയോഗ്യമായ ഭൂമി മേച്ചിൽ സ്ഥലങ്ങളായി മാറ്റപ്പെട്ടു. അവ എളുപ്പത്തിൽ ആട്ടിടയന്മാർ നശിപ്പിച്ചു. കുടിയായ്മകൾ ജന്മികളുടെ കൈവശത്തിലുള്ള വലിയ എസ്റ്റേറ്റുകളായി മാറി. ഇത് ജനങളുടെ അധഃപതനത്തിന് ഹേതുവായി’. ധാരാളം കൃഷി സ്ഥലങ്ങളും കന്നുകാലിക്കൂട്ടങ്ങളും കുറച്ചുപേരുടെ കയ്യിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും തൽഫലമായി ഭൂമിയുടെ പാട്ടം വർദ്ധിച്ചിരിക്കുന്നുവെന്നും കൃഷിഭൂമി കുറഞ്ഞിരിക്കുന്നുവെന്നും പള്ളികളും വീടുകളും തകർക്കുകയും ഭീമമായ ഒരു ജനവിഭാഗത്തെ സ്വന്തം നിലനില്പിനും തങ്ങളുടെ കുടുംബ സംരക്ഷണത്തിനുമുള്ള ഉപാധികളില്ലാത്തവരാക്കുകയും ചെയ്തിരിക്കുന്നു’’.
വളരെ വിശദമായ രീതിയിൽ കർഷക ഭൂമി തട്ടിപ്പറിച്ച ഈ നടപടിയെ വിവരിക്കുന്ന അധ്യായം മാർക്സ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “പള്ളിവക സ്വത്തുക്കളുടെ അപഹരണം, സർക്കാർ ഭൂമി വഞ്ചനാപരമായി കയ്യടക്കിയത്, പൊതുഭൂമി തട്ടിപ്പറിച്ചത്, ഫ്യൂഡൽ ഭൂമിയിൽ ഗോത്രവർഗ്ഗക്കാരുടെ സ്വത്തു കവർന്നെടുക്കുകയും മൃഗീയമായ ഭീകരതയുടെ സാഹചര്യങ്ങൾ അതിനെ ആധുനിക സ്വകാര്യസ്വത്താക്കി മാറ്റുകയും ചെയ്തത്. ഇവയെല്ലാം തന്നെ ആദിമ മൂലധന സഞ്ചയത്തിന്റെ സുന്ദരമായ ഉദാഹരണങ്ങളാണ്. മുതലാളിത്ത രീതിയിലുള്ള കൃഷിക്കുവേണ്ട രംഗം അവർ വെട്ടിപ്പിടിച്ചു .മണ്ണിനെ മൂലധനത്തിന്റെ അഭേദ്യ ഭാഗമാക്കി .നഗരങ്ങളിലെ വ്യവസായങ്ങൾക്ക് ‘സ്വതന്ത്രരും’ യാതൊരു നിയമ സംരക്ഷണവുമില്ലാത്തവരുമായ തൊഴിലാളികളെ ആവശ്യത്തിന് നൽകുകയും ചെയ്തു’’.
മുതലാളിത്ത വളർച്ചയ്ക്കുവേണ്ടി നടപ്പിലാക്കിയ ഈ ഭൂമി വളച്ചുകെട്ടൽ കർഷക ജനതയെ എവിടെയെത്തിച്ചു എന്ന് മാർക്സ് അടുത്ത അധ്യായത്തിൽ ഹൃദയസ്പൃക്കായി പറയുന്നുണ്ട്. ജന്മി വർഗ്ഗത്തിന്റെ ആശ്രിതരായിക്കഴിഞ്ഞവരുടെ സംഘങ്ങൾ ചിന്നഭിന്നമായതു മൂലവും ഭൂമിയിൽ നിന്നും ജനങ്ങൾ നിർബന്ധപൂർവം പുറന്തള്ളപ്പെട്ടതുകാരണവും രൂപം കൊണ്ട ‘സ്വതന്ത്രരായ’ പ്രോലിറ്റേറിയനെ അവർ പുറന്തള്ളപ്പെട്ട അതിവേഗത്തിൽ ഉൾക്കൊള്ളാൻ പുതിയ നിർമാണ തൊഴിലുകൾക്ക് കഴിഞ്ഞില്ല. അതേപോലെതന്നെ, പരിചിതമായ ജീവിത സമ്പ്രദായങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ട ഇക്കൂട്ടർക്ക് പുതിയ ചുറ്റുപാടുകളുടെ ശിക്ഷണവുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞതുമില്ല. അവർ മുഴുക്കെ പിച്ചക്കാരും തട്ടിപ്പറിക്കാരും തെണ്ടികളുമായി മാറി. അതിന്റെ ഫലമായി 15‐ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 16‐ാം നൂറ്റാണ്ട് മുഴുവനും തെണ്ടിനടക്കുന്നതിനെതിരായി പശ്ചിമ യൂറോപ്പിലാകെ നിയമനിർമാണങ്ങൾ കൊണ്ടുവന്നതായി കാണാം. അങ്ങനെ ഇന്നത്തെ തൊഴിലാളി വർഗ്ഗത്തിന്റെ പ്രപിതാമഹന്മാരെ നിർബന്ധപൂർവം തെണ്ടികളും ഗതികെട്ടവരുമാക്കി മാറ്റിയതിനു ശേഷം ആ വിധത്തിലായിത്തീർന്നതിന്റെ പേരിൽ അവരെ കഠിനമായി പീഡിപ്പിക്കുന്നതും കാണാം ’’.
നിയമവാഴ്ചയുടെ പുറന്തോടിനുള്ളിൽ നാം പലപ്പോഴും മറന്നുപോകുന്ന യാഥാർഥ്യങ്ങളിലേക്കാണ് മാർക്സ് ഇവിടെ വിരൽ ചൂണ്ടുന്നത്.
ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലന്മാരായി വിരാജിക്കുന്നവരുടെ പിന്നിലുള്ള വർണാഭമായ കർട്ടൻ നീക്കി ചരിത്രത്തിലേക്ക് നോക്കിയാൽ എന്താണ് കാണാൻ കഴിയുന്നതെന്ന് കൃത്യമായി ബോധ്യപ്പെടുത്തി തരുന്ന ആദ്ധ്യായമാണ് ഇംഗ്ലണ്ടിലെ വളച്ചു കെട്ടൽ നിയമങ്ങൾ. അതുപോലെ തന്നെ സ്വകാര്യസ്വത്തിനെ തീർത്തും യുക്തിസഹവും സ്വാഭാവികവുമായ ഒന്നായി കരുതി തുടങ്ങുന്ന ചിന്തകളുടെ വേരുകളും ഇതിനോടനുബന്ധിച്ച് തുടങ്ങുന്നത് കാണാം. 1689ൽ ജോൺ ലോക്ക് എഴുതിയ Two treatises on Government ഭൂമി വളച്ചുകെട്ടൽ പ്രക്രിയയെ സാധൂകരിക്കാൻ ശ്രമിക്കുന്നത് കാണാം.പൊതുസ്വത്ത് അസ്വാഭാവികവും സ്വകാര്യസ്വത്ത് തീർത്തും നീതീകരിക്കപ്പടേണ്ട സ്വാഭാവികതയുമായി മാറുന്ന ആഖ്യാനങ്ങളുടെ തുടക്കം കൂടിയാണ് ഇംഗ്ലീഷ് ചരിത്രത്തിലെ ഈ അധ്യായം. ♦