Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപലസ്തീനിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ഹരിയാനയിൽ നിർമ്മാണത്തൊഴിലാളികളുടെ പ്രക്ഷോഭം

പലസ്തീനിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ഹരിയാനയിൽ നിർമ്മാണത്തൊഴിലാളികളുടെ പ്രക്ഷോഭം

കെ ആർ മായ

ലസ്തീനുനേരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ, വംശീയ യുദ്ധവെറിയ്ക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ ചെറുതും വലുതുമായ നിരവധി പ്രതിഷേധ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തപ്പെട്ടു; ഇപ്പോഴും അത്തരം സമരങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇന്ത്യയിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിലും മറ്റ് പുരോഗമന സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും മിക്കയിടങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. എന്നാൽ ഹരിയാന സംസ്ഥാനം ഈ വിഷയത്തിൽ തികച്ചും വ്യത്യസ്തമായ സമരത്തിനാണ് സാക്ഷ്യം വഹിച്ചത്. അതിനൊരു പ്രത്യേക കാരണവുമുണ്ട്. നിർമാണ മേഖലയിലെ തൊഴിലാളികളാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഈ വ്യത്യസ്ത സമരം സംഘടിപ്പിച്ചത്. സാധാരണ ഹരിയാനയിൽ കൂലിക്കൂടുതലിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമൊക്കെയാണ്‌ നിർമ്മാണത്തൊഴിലാളികൾ സമരം നടത്താറുള്ളത്. ഇത്തവണ, നിർബന്ധിത തൊഴിലിനായി ഹരിയാന ഗവൺമെന്റ് തന്നെ മുന്നിട്ടിറങ്ങിയതിനെതിരായാണ് നിർമ്മാണ തൊഴിലാളികൾ സംഘടിച്ചത്.

2023 ഡിസംബർ 15ന് ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ ഒരു പരസ്യം നൽകി. സർക്കാരിന്റെ തൊഴിൽദാന പദ്ധതിയായ ഹരിയാന കൗശൽ റോജ്ഗർ നിഗം (എച്ച് കെ ആർ എൻ) ആണ് പരസ്യത്തിനു പിന്നിൽ. പലസ്തീൻ തൊഴിലാളികൾക്കും പകരം 50,000 മുതൽ ഒരു ലക്ഷം വരെ, ഇന്ത്യക്കാരായ നിർമ്മാണതൊഴിലാളികളെ വേണമെന്ന് ഇസ്രയേൽ ബിൽഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടതിന്റെ ഭാഗമായി വിദഗ്ധരായ 15,000 തൊഴിലാളികളെ ഇസ്രയേലിലേക്ക് അയയ്ക്കാൻ ഹരിയാന സർക്കാർ നീക്കം നടത്തി. അതിനായി തൊഴിലാളികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യവും നൽകി. ഇതു സംബന്ധിച്ച ചർച്ച ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിനിധികൾ തമ്മിൽ നടന്നതായി ഡി ഡബ്ലുഎഫ് ഐ ആരോപിക്കുന്നു.

പലസ്തീൻകാരെ ഉന്മൂലനം ചെയ്യാൻ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേൽ വർക്ക് പെർമിറ്റോടുകൂടി ഇസ്രയേലിന്റെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന പലസ്തീൻ തൊഴിലാളികളോട് പിരിഞ്ഞുപോകാൻ ഉത്തരവിട്ടിരുന്നു. അതുമൂലം തൊഴിലാളികളുടെ വലിയ കുറവ് നേരിട്ടു. അതു നികത്തുന്നതിനാണ് തൊഴിലാളികളെ മറ്റു രാജ്യങ്ങളിൽ നിന്നും എത്തിക്കുന്നതിനുള്ള നീക്കം ഇസ്രയേൽ നടത്തുന്നത്. അതിനായി ഇന്ത്യയെയും സമീപിച്ചിരിക്കുകയാണ് ഇസ്രയേൽ, ഇന്ത്യ ചരിത്രപരമായിത്തന്നെ പലസ്തീനോടു പുലർത്തിയിരുന്ന നയത്തിനു വിരുദ്ധമായാണല്ലോ മോദി ഗവൺമെന്റ് ഇസ്രയേൽ പലസ്തീനുനേരെ നടത്തുന്ന ആക്രമണത്തെ പിന്തുണച്ചത്. എന്നാലത് ഇന്ത്യയിലെ തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റി അയച്ച് അവരെ ചൂഷണത്തിനും യുദ്ധക്കുരുതിയ്ക്കും ഇരയാക്കുന്നതിന് അവസരമൊരുക്കുന്ന സാഹചര്യത്തിലേക്കും വരെ എത്തിയിരിക്കുന്നു. ഇതിനെതിരെയും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഹരിയാനയിലെ നിർമ്മാണതൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ഉടനടി വെടിനിർത്താൻ, 1967ലെ അതിർത്തികളോടുകൂടിയുള്ള പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കിഴക്കൻ ജറുസലേമിനെ പ്രഖ്യാപിക്കുക എന്നിവ ആവശ്യപ്പെടുന്ന യു എൻ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കണമെന്നും ഇന്ത്യയിലെ തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റി അയയ്ക്കാനുള്ള ആത്മഹത്യാപരമായ തീരുമാനം ഉപേക്ഷിക്കണമെന്നും കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സിഐടിയുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × two =

Most Popular