വിപ്ലവപാതയിലെ ആദ്യപഥികർ‐ 13
1950 ഫെബ്രുവരി 11. സേലം ജയിൽ. കമ്യൂണിസ്റ്റ്്്് അക്രമിയെന്ന് മുദ്രകുത്തി ജയിലിലയ്‌ടക്കുമ്പോൾ കേവലം 16 വയസ്സുള്ള കുട്ടിയായിരുന്നു പി.കെ.കുമാരൻ റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന പി.കെ.കുമാരൻ സേലം ജയിൽ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കാൽനൂറ്റാണ്ടോളം മുമ്പ് ഈ ലേഖകനോട് വിശദീകരിച്ചു പറഞ്ഞിരുന്നു. പി.കെ.പഴശ്ശി എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ എഴുത്തുകാരനും. അതിൽ ചെറിയൊരു ഭാഗത്തോടെ കാന്തലോട്ടിനെക്കുറിച്ചുള്ള ഈ അധ്യായം തുടങ്ങാം. വിപ്ലവപ്രവർത്തനത്തിൽ ഏതെങ്കിലും ഒരു പോരാളിയുടെ, ഒരു നേതാവിന്റെ ജീവിതം മാത്രമെടുത്തു പറയാനാവില്ല. അത് സംഘടിതപ്രവർത്തനത്തിന്റെ ഒരു കണ്ണിമാത്രമാണ്.
“ബോധംവന്നത് തെറി കേട്ടാണ്. ജയിലുദ്യോഗസ്ഥരും പോലീസും ചേർന്ന് ശവശരീരങ്ങൾ വലിച്ചുനീക്കുകയും വാരിക്കൂട്ടുകയുമാണ്. സ്വപ്നമോ യാഥാർഥ്യമോ എന്ന് വ്യക്തതയില്ലാത്ത സന്ദർഭം.
കൈകാലുകൾ അറ്റുപോയ, മരിച്ചതും മരിക്കാത്തതുായ മനുഷ്യർ. വാരിക്കൂട്ടുമ്പോഴും വലിച്ചുനീക്കുമ്പോഴും തെറിയും തല്ലും തുടരുന്നു. കണ്ണും മൂക്കും വായയുമെല്ലാം രക്തത്തിൽ മുങ്ങി അടഞ്ഞുപോയിരുന്നു. രക്തക്കട്ട ചോർത്തിക്കഴിഞ്ഞപ്പോൾ കാഴ്ച തിരിച്ചുകിട്ടി. 22 മൃതദേഹങ്ങൾ മാറ്റിയിട്ടിരിക്കുന്നു. കൈകാലുകൾ ചതയ്ക്കപ്പെട്ട് ചലനമറ്റുപോയ നീലഞ്ചേരി നാരായണൻ നായർ‐ കർഷകരുടെ പ്രിയപ്പെട്ട കവി. തൊണ്ടക്കുഴൽ പൊട്ടിപ്പോയ ഒ.പി.അനന്തൻ നമ്പ്യാർ, കുടൽമാല തെറിച്ചുപോയ എൻ.ബാലൻ, തലയോട് തെറിച്ചുപോയ തളിയൻ രാമൻ നമ്പ്യാർ…
ഒന്നും തിരിച്ചറിയാനാവാത്തപോലെ… വല്ലാത്ത അവസ്ഥ. എന്തുെചയ്യണം ഇനി? അതാ മനുഷ്യന്റെ വലുപ്പമുള്ള ഒരു ചോരക്കട്ട എഴുന്നേറ്റുനിൽക്കാൻ ശ്രമിക്കുന്നു. സഖാവേ ആര്, ആരാണത് മറുപടിയുണ്ടായില്ല. എന്താണിനി നമ്മൾ ചെയ്യുക…. അതാ അപ്പോൾ ചോരക്കട്ട പെട്ടെന്ന് എഴുന്നേറ്റുനിന്ന് ഇൻക്വിലാബ് സിന്ദാബാദ്, രക്തസാക്ഷികൾ സിന്ദാബാദ്…..ദിഗന്തങ്ങൾ ഞെട്ടി.. പരിക്കേറ്റുവീണ അർധപ്രാണനുകൾ വിളിച്ചു.. രക്തസാക്ഷികൾ സിന്ദാബാദ്… ആ രക്തക്കട്ട, സഖാവ് കാന്തലോട്ടായിരുന്നു.
നീലഞ്ചേരി നാരായണൻ നായർ, സി.കണ്ണൻ, കാന്തലോട്ട് എന്നിവർ ഒന്നിച്ചുവീണതായിരുന്നു. വെടിയേറ്റുവീണ നീലേഞ്ചേരിക്കുമേൽ സി. കണ്ണൻ, സി.യ്ക്കുമേൽ കാന്തലോട്ട്. നീലഞ്ചേരി വെടിയേറ്റുമരിച്ചു..ശരീരത്തിൽ തുളഞ്ഞുകയറിയ വെടിച്ചീളുകളുടെ അവശിഷ്ടവുമായി ജീവിതാന്ത്യംവരെ കാന്തലോട്ട്.
സേലം ജയിൽസംഭവങ്ങളുടെ തുടക്കം ഒന്നാം റിപ്പബ്ലിക്ദിനത്തിലാണെന്നത് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു വൈപരീത്യമാണ്, (പാരഡോക്സ്). അതിഭയങ്കരസംഭവമാണ്. പി.കെ.കുമാരൻതന്നെ അക്കാര്യം വിശദീകരിക്കട്ടെ. ‘‘1950 ജനുവരി 26. ഒന്നാം റിപ്പബ്ലിക്ദിനം. മർദനപ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി ഞങ്ങൾ അന്ന് ഉപവാസംനടത്തുകയാണ്. കാലത്ത് 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽനിന്ന് ഒരു ലിസ്റ്റ് വന്നു. തുടർന്ന് ഞങ്ങളുടെ കൂട്ടത്തിൽനിന്ന് ഇരുപതുപേരെ പിടിച്ചുപുറത്തുകൊണ്ടുപോയി. പൊരിയുന്ന വെയിലിൽ എരിയുന്ന വയറുമായി അവർ പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ ഞങ്ങൾ ക്കു കഴിഞ്ഞുള്ളൂ.
‘‘ചുട്ടുപഴുത്തുനിൽക്കുന്ന കോൺക്രീറ്റ് റോഡിന്റെ പാർശ്വങ്ങളിൽ നൂറുകണക്കിന് വാർഡന്മാർ സായുധരായി നിരന്നുനിൽക്കുന്നു. തോക്കും ചമ്മട്ടിയും ലാത്തിയുമുണ്ട് അവരുടെ കയ്യിൽ. റോഡിന് വിലങ്ങനെ കൂറ്റൻ റോഡ് റോളർ. റോഡിന് മിനുക്കുപണി നടത്തണം. ആന വലിച്ചാൽപ്പോലും നീങ്ങാത്ത റോളർ രാഷ്ട്രീയ തടവുകാർ വലിച്ചുനീക്കണം. സഖാക്കൾ പ്രതിഷേധിച്ചു. കുതിരച്ചമ്മട്ടികൾ ആകാശത്തിലുയർന്നു പുളഞ്ഞു. തടവുകാരുടെ മുതുകിൽനിന്നും ചോരച്ചാലുകൾ. റോളറിന്റെ ആനക്കയർ ചിലർ പിടിച്ചു. പിടിക്കാത്തവരെ പിടിപ്പിച്ചു. റോളർ വലിച്ചുനീക്കാൻ അവർക്കാവുന്നില്ല. ചൂരലും ലാത്തിയും ചമ്മട്ടിയും താണ്ഡവമാടി. ഇരുമ്പുലാടങ്ങളുടെ ഭയങ്കര ശബ്ദം. റോഡിൽ രക്തം തളംകെട്ടി. പലരും പ്രജ്ഞയറ്റിട്ടെന്നപോലെ വീണു. വീണവരെ ചവിട്ടിമെതിച്ചു. റോഡിൽ ഓരംചേർന്നുപോകുന്ന വാഹനങ്ങളിലുള്ളവർ രംഗംകണ്ട് പൊട്ടിക്കരഞ്ഞു. മണിക്കൂറുകൾ നീണ്ട ക്രൂരതാണ്ഡവത്തിന് ശേഷം ഇരുപത് മനുഷ്യക്കോലങ്ങളെയും ജയിലാശുപത്രിയിലും പിന്നീട് ജയിൽ അനക്സിലും കൊണ്ടുതള്ളി.
‘‘രാഷ്ട്രീയത്തടവുകാരായ മുന്നൂറോളംപേരും കൂടിയിരുന്നാലോചിച്ചു.ഇനിയാരെയും ഒറ്റയ്ക്കോ കൂട്ടായോ കൊണ്ടുപോകാൻ അനുവദിക്കില്ല. അങ്ങനെ ദൃഢമായ തീരുമാനമെടുത്തു. ഒന്നാം റിപ്പബ്ലിക്ദിനത്തിൽ കോൺഗ്രസ് സർക്കാർ നടത്തിയ ആ കൊടുംക്രൂരതയ്ക്ക്് കുറേ ദിവസത്തേക്ക് തുടർച്ചയുണ്ടായില്ല. എന്നാൽ ഫെബ്രുവരി ഏഴുമുതൽ വീണ്ടും നീക്കം തുടങ്ങി. ജയിൽമന്ത്രി കോഴിപ്പുറത്തു മാധവമേനോന്റെ നേരിട്ടുള്ള നിർദേശത്തോടെ കൂട്ടക്കൊലയ്‌ക്ക് ഒരുക്കം തുടങ്ങുകയായിരുന്നു. അങ്ങനെ ആ കരാളദിനമായി. വാർഡന്മാർ തടവുകാരോട് നിർദേശിച്ചു‐ എല്ലാവരും കുള്ളയും നമ്പർ കട്ടയും ധരിക്കൂ. മുടി മറയ്ക്കുന്ന തുണിത്തൊപ്പിയാണ്, കുള്ള. നമ്പർ കട്ട ശിക്ഷാകാലം, ശിക്ഷിക്കപ്പെട്ട വകുപ്പുകൾ എന്നിവ എഴുതിയ അലുമിനിയം തകിടാണ്. സ്വാതന്ത്ര്യസമരകാലത്ത് വലിച്ചെറിയപ്പെട്ട കൊളോണിയൽ അടയാളങ്ങൾ. അത് വീണ്ടും വേണമെന്ന്. കാന്തലോട്ടും സി.കണ്ണനുമടക്കമുള്ള നേതാക്കൾ പ്രഖ്യാപിച്ചു‐ കുള്ളയും നമ്പർ കട്ടയും ധരിക്കുന്ന പ്രശ്നമേയില്ല. അതു കേൾക്കേണ്ടതാമസം ബ്യൂഗിളും വിസിലടികളുമുയരുകയായി. ജയിൽ അലാറം ഗർജിച്ചു. എല്ലാഭാഗത്തും തോക്കുകൾ ഉന്നംപിടിച്ചു. ‘‘പട്ടികളേ കീഴടങ്ങിക്കോളിൻ’’. അവരുടെ ആജ്ഞ. എന്തും നേരിടാനുള്ള ദൃഢനിശ്ചയത്തോടെ സഖാക്കൾ ഇങ്കിലാബ് വിളിച്ചു. അപ്പോഴേക്കും വെടിയുണ്ടകൾ തുരുതുരാ. മന്ത്രി കോഴിപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ആസൂത്രണം‐ നിരായുധരായ, തടവുകാർക്കുനേരെ വെടിവെപ്പ്്. ലാത്തിച്ചാർജോ മറ്റ് മുന്നറിയിപ്പോ ഇല്ലാതെ വെടിവെപ്പ്്. ബ്രിട്ടീഷ് ഭരണത്തിൽപോലും നടന്നിട്ടില്ലാത്ത കൊടുംക്രൂരതയാണ് നടമാടിയത്. 22 പേർ ജയിലിനുള്ളിൽത്തന്നെ മരിച്ചവീണു.
ജയിലിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ തില്ലങ്കേരി പോരാളികൾ. പഴശ്ശിസമരത്തിലെ പങ്കാളികളായ രണ്ടുപേർ. തില്ലങ്കേരിയിലും പഴശ്ശിയിലും പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പ്രവർത്തിച്ച കർഷകകവി നീലഞ്ചേരി നാരായണൻനായർ. പായത്തെ നാലു വിപ്ലവകാരികളും. പരോക്ഷമായി അവരും തില്ലങ്കേരി‐പഴശ്ശി സമരത്തിലെ പങ്കാളികൾതന്നെ. തില്ലങ്കേരിയിലെ നക്കായി കണ്ണൻ, ആശാരി അമ്പാടി, സഹോദരങ്ങളായ പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ, കോയിലോടൻ നാരായണൻ നമ്പ്യാർ എന്നിവരും പഴശ്ശിയിലെ പിലാട്ടിയാരൻ ഗോപാലൻ നമ്പ്യാർ, അണ്ടലോടൻ കുഞ്ഞപ്പ എന്നിവരുമാണ് രക്തസാക്ഷികളായത്. പായത്തെ സഖാക്കൾ മയിലപ്രവൻ നാരായണൻ നമ്പ്യാർ, അത്തിക്ക കോരൻ, ഞണ്ടാടി കുഞ്ഞമ്പു, പി.സി.കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരും. കാവുമ്പായി സമരസേനാനികളായ തളിയൻ രാമൻ നമ്പ്യാർ, ഒ.പി.അനന്തൻ നമ്പ്യാർ, എൻ.കോരൻ എന്നിവരും. കൂത്തുപറമ്പിലെ ആസാദ് ഗോപാലൻനായർ, എൻ.ബാലൻ, എൻ. പത്മനാഭൻ, കൊയിലാണ്ടിയിലെ കെ.ഗോപാലൻകുട്ടിനായർ, തമിഴ്നാട്ടുകാരായ ആറുമുഖനായിക്കൻ, കാവേരിമുതലിയാർ, ആന്ധ്രക്കാരനായ ഷേക്ക് ദാവൂദ് എന്നിവരും രക്തസാക്ഷികളായി.
നിമിഷങ്ങൾകൊണ്ട് നടന്ന ഈ കൂട്ടക്കൊലയ്ക്കുശേഷമുള്ള അവസ്ഥയിലാണ് പതിനേഴുകാരനായ പി.കെ.കുമാരൻ ഇനിയെന്ത്് എന്ന് രോഷവും കണ്ണീരും നിറഞ്ഞ ചോദ്യമുയർത്തിയതും ആൾവലിപ്പത്തിലുള്ള രക്തക്കട്ട കയ്യുയർത്തി ഇങ്കിലാബ് സിന്ദാബാദ് എന്ന് ഉച്ചത്തിൽ വിളിച്ചതും. ആ രക്തക്കട്ട, ചോരയുടെ മരംപോലെ ഉയർന്നുനിന്ന് കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് എന്ന് മുഴക്കിയപ്പോൾ പരിക്കേറ്റവർ, അവശേഷിച്ചവർ ഉച്ചത്തിൽ ആ മുദ്രാവാക്യം ഏറ്റുവിളിച്ചു’’.
തൊഴിലാളികളുടെ ഇടയിൽനിന്നുതന്നെ തൊഴിലാളികളെ സംഘടിപ്പിക്കാൻ ഉയർന്നുവന്ന നേതൃത്വമാണ് കാന്തലോട്ടിന്റേത്. 1932‐ൽ 16‐ാം വയസ്സിൽ പാപ്പിനിശ്ശേരിയിൽ കോൺഗ്രസിന്റെ വോളന്റിയറായാണ് കാന്തലോട്ടിന്റെ രാഷ്ട്രീയപ്രവേശം. കള്ളുഷാപ്പ് പിക്കറ്റിങ്ങിലും വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിലും പങ്കാളിയായി. സർദാർ ചന്ദ്രോത്തിന്റെ നേതൃത്വത്തിലുള്ള കർഷകജാഥയിൽ പങ്കാളിയായി. ചെറിയ പ്രായത്തിൽത്തന്നെ പാപ്പിനിശ്ശേരിയിലെ ആറോൺ മില്ലിൽ നെയ്ത്ത് തൊഴിലാളിയായ കാന്തലോട്ട് കടുത്ത ചൂഷണത്തിനും മർദനത്തിനും ഇരയായിക്കൊണ്ടിരുന്ന സഹതൊഴിലാളികളെ സംഘടിപ്പിക്കാൻ മുപ്പതുകളുടെ ആദ്യം മുതൽക്കേ ചെറിയ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ സഹതൊഴിലാളികളാരും അതിന് സന്നദ്ധമായില്ല. അങ്ങനെയിരിക്കെ 1934‐ൽ ഒരു സംഭവമുണ്ടായി. മാണിക്കോരൻ എന്ന തൊഴിലാളിയെ വീവിങ്ങ് മാസ്റ്റർ ബൂട്ടിട്ട കാലുകൊണ്ട് തൊഴിച്ചു. മാണിക്കോരൻ തിരിച്ചടിച്ചു. കുപിതനായ മുതലാളി‐ സാമുവൽ ആറോൺ സ്ഥലത്തില്ലാത്തതിനാൽ ചുമതലക്കാരൻ അദ്ദേഹത്തിന്റെ അനുജനായിരുന്നു‐ കോരനെ പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധിച്ച് അസംഘടിതരെങ്കിലും കമ്പനിയിലെ വലിയൊരു വിഭാഗം തൊഴിലാളികൾ ആരുടെയും ആഹ്വാനമില്ലാതെതന്നെ ജോലി ബഹിഷ്കരിച്ച് പുറത്തിറങ്ങി. സംഭവമറിഞ്ഞ് പി.കൃഷ്ണപിള്ള അവിടേക്ക് കുതിച്ചെത്തി. കൃഷ്ണപിളള കീശയിൽനിന്ന് ഒരു ചെങ്കൊടിയെടുത്ത് അവർക്ക് നൽകി. ആ കൊടി അവിടെ കുത്താനോ യോഗം ചേരാനോ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. അവർ കുറച്ചപ്പുറത്തേക്ക് നടന്ന് ആ കൊടി അവിടെ ഉയർത്തി. അതിന്റെ പേരിലും പുറത്താക്കലും മറ്റുനടപടികളുമുണ്ടായി. പിന്നെയും നാലു കൊല്ലംകഴിഞ്ഞേ ആറോൺ മില്ലിൽ ഒരു യൂണിയൻ പൂർണരൂപത്തിൽ ഉണ്ടായുള്ളൂ. കെ.പി.ആറും ഭാരതീയനും കേരളീയനുമടക്കമുള്ള നേതാക്കൾ കമ്പനിയുടെ കുറച്ചകലെ നിൽക്കും. പണികഴിഞ്ഞുപോകുന്നവരെ പിടികൂടി ചർച്ച നടത്തും. കമ്പനിയിൽ കാന്തലോട്ട് തൊഴിലാളിയാണെന്നത് യൂണിയൻ രൂപവൽക്കരണത്തിന് സഹായകമായി. സി.കണ്ണൻ പ്രസിഡന്റും കാന്തലോട്ട് സെക്രട്ടറിയുമായി യൂണിയൻ നിലവിൽവന്നു. കടുത്ത ചൂഷണത്തിനും മർദനത്തിനും പിരിച്ചുവിടലിനുമെതിരെ 1940 ഏപ്രിലിലാണ് അനിശ്ചിതകാലസമരം നടന്നത്. സമരസമിതിയുടെ സെക്രട്ടറിയായി നിയോഗിച്ചത് ഇ.കെ.നായനാരെയായിരുന്നു. 46 ദിവസമാണ് സമരം നീണ്ടുനിന്നത്. നൂറ്റമ്പതോളം തൊഴിലാളികളെ പിരിച്ചുവിട്ടിട്ടും സമരം അവസാനിച്ചില്ല. സമരം നടന്നുകൊണ്ടിരിക്കെ യൂണിയൻ സെക്രട്ടറിയായ കാന്തലോട്ടിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത് ഏറെ പണിപ്പെട്ടാണ്. സമരത്തിന്റെ പേരിലും 1938ൽ നടന്ന കർഷകജാഥയിൽ പങ്കെടുത്തതിന്റെ പേരിലും കാന്തലോട്ടിനെ കമ്പനിയിൽനിന്ന്് പിരിച്ചുവിട്ടിരുന്നു.
1940ലെ 46 ദിവസസമരം കഴിഞ്ഞശേഷവും ആറോൺ കമ്പനി ശാന്തമായില്ല. അടിച്ചമർത്തലിനെതിരെ തൊഴിലാളികൾ അതിശക്തമായി പ്രതികരിക്കാൻ തുടങ്ങി. കൃഷ്‌ണപിള്ളയും വടക്കേമലബാറിലെ നേതാക്കളാകെയും കമ്പനിപ്പടിയിലെത്തി തൊഴിലാളികളെ അഭിസംബോധനചെയ്തുപോന്നു. തലശ്ശേരി സ്വദേശിയായ ജനാർദന ഷേണായിയാണ് സമരത്തിന് നേതൃത്വം നൽകിയവരിലൊരാൾ. സാമുവൽ ആറോൺ തൊഴിലാളികൾക്കെതിരെ നിരന്തരം പ്രതികാരനടപടികൾ സ്വീകരിച്ചുപോന്നു. ആറോൺ കമ്പനിയുടെ ഭാഗമായ ഓട്ടുകമ്പനിയിലെ ഒരു തൊഴിലാളി കമ്പനിക്കായി മണ്ണെടുക്കുമ്പോൾ മണ്ണിടിഞ്ഞുവീണ് മരിച്ചു. ശവസംസ്കാരചടങ്ങിന് പോകാൻ കമ്പനിക്ക് അന്ന് ലീവ് നൽകണമെന്ന ആവശ്യം മാനേജ്മെന്റ് നിഷേധിച്ചു. മറ്റൊരിക്കൽ യൂണിയൻ ജോയിന്റ് സെക്രട്ടറിയായ കെ.പി.സ്റ്റാൻലിയുടെ കുഞ്ഞ്് മരിച്ചപ്പോൾ പള്ളിയുടെ സെമിത്തേരിയിൽ മൃതദേഹം മറവുചെയ്യാൻ അനുവദിച്ചില്ല. പ്രമാണിയായ ആറോണിന്റെ സമ്മർദംമൂലമാണ് പള്ളിയധികൃതർ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത്. കാന്തലോട്ട് ഇടപെട്ട് പാപ്പിനിശ്ശേരിയിലെ തീയ്യസമുദായ ശ്മശാനത്തിലാണ് കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തത്.
ഇത്തരം സംഭവങ്ങളെല്ലാം തൊഴിലാളികളിൽ കടുത്ത രോഷമുളവാക്കുന്നുണ്ടായിരുന്നു. കാന്തലോട്ടിന്റെ നേതൃത്വത്തിൽ കമ്പനിക്കകത്തും പുറത്തും തയ്യാറെടുപ്പുകൾ നടന്നു. കെ.പി.ആറും നായനാരുമടക്കമുള്ള നേതാക്കളെല്ലാം അക്കാലത്ത് ഒളിവിലോ ജയിലിലോ ആണ്. അതിനാൽ യൂണിയൻ സെക്രട്ടറിയായ കാന്തലോട്ടിന്റെ ചുമതല പതിന്മടങ്ങ് വർധിച്ചു. ഈ ഘട്ടത്തിലാണ് 1946 ഫെബ്രുവരിയിൽ നാവിക കലാപം നടക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ നാവികസേനയിലെ ഭടന്മാർ ഉജ്ജ്വലസമരം നടത്തുകയായിരുന്നു. ആ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്് ആറോൺ കമ്പനിയിൽ പണിമുടക്ക് നടന്നു. പണിമുടക്കിയ നാനൂറ് തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതിനെതിരെ നടന്ന ഐതിഹാസിക പണിമുടക്കിന് കാന്തലോട്ടാണ് നേതൃത്വംനൽകിയത്. ദീർഘകാലം നടന്ന പണിമുടക്ക് മലബാറിലാകെ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. പട്ടിണിയിലായ തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കാൻ ചിറക്കൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൃഷിക്കാരും തൊഴിലാളികളും ഉല്പന്നങ്ങളും ചുമന്ന് പ്രകടനമായി എത്തിക്കൊണ്ടിരുന്നു. ആറോൺ മിൽസമരം ഒരു സാധാരണ തൊഴിൽസമരമല്ല, ജനകീയയുദ്ധമാണെന്ന്്് കമ്പനിപ്പടിയിൽ നടന്ന യോഗത്തിൽ പി.കൃഷ്ണപിള്ള പ്രഖ്യാപിക്കുകയുണ്ടായി. സമരം നടത്തുന്നവരോട് പ്രസംഗിക്കുമ്പോഴാണ് കാന്തലോട്ട് കുഞ്ഞമ്പുവിനെ അറസ്റ്റ്്് ചെയ്തത്. കയറെറിഞ്ഞ് കുടുക്കി വീഴ്ത്തിയശേഷം വരിഞ്ഞുകെട്ടിയാണ് കാന്തലോട്ടിനെ ജയിലിലേക്കു കൊണ്ടുപോയത്. കമ്പനിക്കകത്തുതന്നെ പൊലീസ് ക്യാമ്പ്് പ്രവർത്തിച്ചിട്ടും സമരത്തെ അടിച്ചമർത്താനായില്ല. കാന്തലോട്ടിനെ അറസ്റ്റ് ചെയ്തു വരിഞ്ഞുകെട്ടിക്കൊണ്ടുപോയശേഷവും സമരം തുടർന്നു. നൂറ്റിപ്പത്തുദിവസമാണ് സമരം നീണ്ടുനിന്നത്്. പിരിച്ചുവിട്ടവരെ തിരിച്ചെടുത്ത ശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും എടുത്തപറയേണ്ടതാണ്. യശോദടീച്ചറുടെ നേതൃത്വത്തിൽ സമരസഹായസമിതിയിൽ സ്ത്രീകളും ആവേശപൂർവം പങ്കെടുത്തു. യശോദടീച്ചർ സമരസമിതിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. (സമരസഖാക്കളായ കാന്തലോട്ടും യശോദടീച്ചറും വിവാഹിതരായത് പാർട്ടിക്കുമേലുള്ള നിരോധനം നീക്കിയശേഷം 1952‐ലാണ്)
അതിനുമുമ്പ് പലതവണ അറസ്റ്റു ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കാന്തലോട്ടിനെ ഒരിക്കൽ പൊലീസ് വളഞ്ഞു. കാലികൾ മേയുന്ന പുൽപറമ്പായിരുന്നു അത്. കാലികൾക്കിടയിലേക്കു കടന്ന കാന്തലോട്ട് പെട്ടെന്ന് അപ്രത്യക്ഷനായി. അപ്പോൾ രോഷാകുലനായ ഒരു പൊലീസുകാരൻ പശുവിനെ ആഞ്ഞുതല്ലി. ഇവൻ പയ്യിന്റുള്ളിൽ കയറിയോ എന്നാക്രോശിച്ചുകൊണ്ടായിരുന്നു മർദനം. ആ സംഭവവുമായി ബന്ധപ്പെട്ടാണ് കേരളീയൻ, ‘പശുവായി മാറിയ കാന്തലോട്ടാണിവൻ’ എന്ന് ഒരു പാട്ടിൽ പ്രയോഗിച്ചത്. ഒടിയറിയുന്ന കാന്തലോട്ട് എന്ന പ്രയോഗവും അക്കാലത്ത് പ്രസിദ്ധമായിരുന്നു. കാട്ടിൽ ഒളിവിൽകഴിയുന്ന കാലത്ത് ഒരിക്കൽ പൊലീസും ഗുണ്ടകളും അടുത്തെത്തിയപ്പോൾ രക്ഷയില്ലാതെ കാന്തലോട്ട് ഒരു പൊട്ടക്കിണറ്റിലിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. ഒന്നാമത്തെ പടവിലിറങ്ങിയപ്പോൾത്തന്നെ മണ്ണിടിഞ്ഞ് താഴേക്കുപതിച്ചു. കോൺഗ്രസ്സുകാരും പൊലീസും ചേർന്ന് കിണറ്റിലിറങ്ങി കാന്തലോട്ടിനെ കൈകാലുകൾ കെട്ടി പുറത്തേക്കെടുത്തു. ബന്ധനസ്ഥനായ നിലയിൽ തുറന്ന ലോറിയിൽ കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിനീളെ തല്ലിച്ചതയ്‌ക്കുകയും പ്രദർശിപ്പിക്കുകയുമായിരുന്നു. കഴുത്തിൽ ചെരിപ്പുമാലയും അണിയിച്ചു. പൈശാചികമായ ഈ ശിക്ഷാമുറയോടെയാണ് കണ്ണൂർ പോലീസ് സ്റ്റേഷനിലെത്തിച്ചത്. അവിടെ ലോക്കപ്പിൽ ക്രൂരമർദനം. അതിനുശേഷം കണ്ണൂർ ജയിൽ. പിന്നെ ശിക്ഷിക്കപ്പെട്ട് സേലം ജയിലിൽ. സേലം ജയിലിലെ മർദനത്തിനെതിരായ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച കാന്തലോട്ട് മരണത്തിൽനിന്ന് രക്ഷപ്പെട്ടത് അത്‌ഭുതകരമായിരുന്നു. ♦