Saturday, May 4, 2024

ad

Homeലേഖനങ്ങൾനാടിനെ മറന്ന യുഡിഎഫും ലീഗിന്റെ ഗതികേടും

നാടിനെ മറന്ന യുഡിഎഫും ലീഗിന്റെ ഗതികേടും

റഷീദ്‌ ആനപ്പുറം

രു രാഷ്‌ട്രീയ പാർട്ടിയുടെ പ്രഥമ ഉത്തരവാദിത്തം നാടിനോടും ജനതയോടുമാണ്‌. നാട്‌ അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങളോട്‌ പുറം തിരിഞ്ഞു നിൽക്കുകയും നാടിനെയും ജനങ്ങളെയും ഒറ്റു കൊടുക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ സംഘടനകൾ ഏതായാലും അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്‌. കേരളത്തിലെ യുഡിഎഫ്‌ എന്ന കോൺഗ്രസ്‌ നേതൃത്വം നൽകുന്ന മുന്നണിയുടെ സ്ഥാനവും മറ്റെവിടെയുമല്ല. കേരളത്തിന്‌ എതിരായ നിലപാട്‌ യുഡിഎഫ്‌ തുടർച്ചയായി സ്വീകരിക്കുന്നതിനാലാണ്‌ ജനങ്ങൾ ആ മുന്നണിയെ സമ്പൂർണമായും തിരസ്‌കരിക്കുന്നത്‌. എന്നാൽ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിംലീഗ്‌ ചില സമയങ്ങളിൽ കാലത്തിന്റെ ചുവരെഴുത്ത്‌ തിരിച്ചറിഞ്ഞ്‌ ശരിയായ നിലപാട്‌ സ്വീകരിക്കുന്നത്‌ കാണാതിരുന്നുകൂട. എന്നാൽ കോൺഗ്രസിന്റെ കണ്ണുരട്ടലിൽ ഭയന്ന്‌ ലീഗ്‌ പറഞ്ഞതൊക്കെയും വിഴുങ്ങുന്നു.

കേരളത്തിന്റെ മതനിരപേക്ഷത തകർത്ത്‌ വർഗീയ വൽക്കരിക്കാനുള്ള സംഘപരിവാർ കുടില തന്ത്രങ്ങൾക്ക്‌ വളവും വെള്ളവും നൽകുകയാണ്‌ കോൺഗ്രസ്‌. ആർഎസ്‌എസിൽ അഭിമാനിക്കുന്ന കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായിരിക്കെ കൂടുതൽ പ്രതീക്ഷിക്കാനാകില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ വന്യമായ സന്തോഷമാണ്‌ കോൺഗ്രസിന്‌. കേരളത്തിന്റെ വികസനങ്ങൾക്ക്‌ തുരങ്കം വെക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ എല്ലാ മതിലുകളും തകർത്ത്‌ കേരളത്തെ മുന്നോട്ട്‌ കൊണ്ടു പോകുന്ന എൽഡിഎഫ്‌ സർക്കാരിനെ എല്ലാ നിലക്കും ദ്രോഹിക്കുകയാണ്‌ കോൺഗ്രസ്‌. എന്നാൽ സർക്കാരിന്റെ നിലപാടുകളിൽ ചില സമയങ്ങളിൽ തുറന്ന അനുകൂല അഭിപ്രായം ലീഗിന്‌ പറയേണ്ടി വരുന്നു. അതിനും പൂട്ട്‌ ഇടുകയാണ്‌ കോൺഗ്രസ്‌.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംസ്ഥാന സർക്കാരുമായി യോജിച്ച്‌ സമരത്തിന്‌ തയ്യാറാണെന്ന ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം കേരളം ശ്രദ്ധയോടെയാണ്‌ കേട്ടത്‌. കേരളത്തിന്റെ അവകാശങ്ങൾക്ക്‌ വേണ്ടി ലീഗും യുഡിഎഫും ഒരുമിച്ച്‌ സംസ്ഥാന സർക്കാരിന്‌ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്ന ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനെയും പി കെ കുഞ്ഞാലിക്കുട്ടി നിശിതമായി വിമർശിച്ചു. യുഡിഎഫ്‌ നേതാക്കളിൽനിന്ന്‌ കേരളം കേൾക്കാത്ത വ്യത്യസ്‌ത ശബ്‌ദമാണിത്‌. ഈ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്‌തു. പ്രതിപക്ഷവുമായി ചർച്ചക്ക്‌ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്ന്‌ പറഞ്ഞു. എന്നാൽ ഇതിൽ കടുത്ത അസഹിഷ്‌ണുത പൂണ്ട പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ യോജിച്ച സമരത്തിന്‌ യുഡിഎഫ്‌ ഇല്ലെന്ന്‌ പ്രഖ്യാപിച്ച്‌ സംഘപരിവാറിനെ താലോലിച്ചതാണ്‌ കേരളം കണ്ടത്‌.

യുഡിഎഫ്‌ എന്ന ചോർന്നൊലിക്കുന്ന കൂരയുടെ അസ്ഥിവാരം മുസ്ലിംലീഗാണ്‌. കേരളം നിയമസഭ കക്ഷിനില നോക്കിയാൽ കോൺഗ്രസിൽനിന്ന്‌ ദൂരെയല്ല ലീഗ്‌. കോൺഗ്രസിന്‌ 21 സീറ്റും ലീഗിന്‌ 15 സീറ്റും. വ്യത്യാസം ആറ്‌. 21ൽ 11 ഇടത്തും ലീഗാണ്‌ കോൺഗ്രസിനെ വിജയിപ്പിച്ചത്‌. എന്നിട്ടും കെ സുധാകരനും വി ഡി സതീശനും കണ്ണുരുട്ടുമ്പോൾ ഭയന്ന്‌ മാളത്തിൽ ഒളിക്കുകയാണ്‌ ഇന്നത്തെ ലീഗ്‌ നേതാക്കൾ. സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ഡോ എം കെ മുനീറുമെല്ലാം കോൺഗ്രസ്‌ നേതാക്കൾ ഒന്ന്‌ പറഞ്ഞാൽ എതിർത്ത്‌ കമാന്ന്‌ ഒരക്ഷരം മിണ്ടുന്നില്ല. എന്നാൽ മുൻ കാലങ്ങളിൽ അങ്ങനെ ആയിരുന്നില്ല. കോൺഗ്രസിലെ പല നിലപാടുകളേയും മുന്നണിക്കകത്തും പുറത്തും എതിർക്കാറുണ്ട്‌ ലീഗ്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ, കൊരമ്പയിൽ അഹമ്മദ്‌ ഹാജി തുടങ്ങിയവർ ആ നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌. അത്തരം സമയങ്ങളിൽ സോണിയാ ഗാന്ധി നേരിട്ട്‌ പാണക്കാട്‌ തങ്ങളെ വിളിച്ച്‌ ക്ഷമ പറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. എ കെ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവന ഉദാഹരണം. ലീഗുകാർ പരസ്യമായി തെരുവിലിറങ്ങി. ആന്റണിയുടെ കോലം കത്തിച്ചു. ന്യൂനപക്ഷങ്ങൾ അനർഹമായി പലതും കൈപ്പറ്റുന്നു, ഗൾഫ്‌ പണം തീവ്രവാദത്തിന്‌ ഉപയോഗിക്കുന്നു എന്നായിരുന്നു ആന്റണിയുടെ വിവാദ പ്രസ്‌താവന. ലീഗ്‌ മുന്നണി വിടാൻ വരെ ആലോചിച്ചു. അതോടെ സോണിയാ ഗാന്ധിയുടെ വിളിയെത്തി പാണക്കാട്ടേക്ക്‌. ആന്റണി മാപ്പ്‌ പറഞ്ഞു. അങ്ങനെയാണ്‌ ആ വിവാദം അവസാനിച്ചത്‌. ഈ പാരമ്പര്യം ലീഗ്‌ പണയംവെച്ച്‌ കോൺഗ്രസിന്‌ കീഴടങ്ങുന്നത്‌ എന്തിന്‌?

ഈയിടെ നടന്ന മറ്റ്‌ രണ്ട്‌ സംഭവങ്ങൾ നോക്കാം. സിപിഐഎം സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനമാണ്‌ ഒന്ന്‌. സിപിഐഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു ലീഗ്‌ ജനറൽ സെക്രട്ടറി പിഎംഎ സലാം അടക്കമുള്ളവർ പറഞ്ഞത്‌. ലീഗ്‌ അണികളുടെ വികാരവും അതുതന്നെയായിരുന്നു. ലീഗുമായി അടുത്തുനിൽക്കുന്ന ഇ കെ വിഭാഗം സുന്നി സംഘടനകൾ പരിപാടിയിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെപിസിസി പ്രസിഡണ്ട്‌ കെ സുധാകരൻ കണ്ണുരുട്ടിയതോടെ ലീഗ്‌ മലക്കം മറിഞ്ഞു. പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽനിന്ന്‌ പിൻമാറിയതിന്‌ ഇതുവരെ വ്യക്തമായ കാരണം ലീഗിന്‌ പറയാനായിട്ടില്ല. മറ്റൊന്ന്‌, ചരിത്രം സൃഷ്‌ടിച്ച്‌ മുന്നേറുന്ന നവ കേരള സദസ്സാണ്‌. സർക്കാർ പരിപാടിയാണ്‌ നവകേരള സദസ്സ്‌. കേരളത്തിലെ 140 നിയസഭാ മണ്ഡലങ്ങളിലേക്കും യാത്ര നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ നേരിട്ട്‌ കേൾക്കുന്ന ഈ പരിപാടിയിൽ അതാത്‌ മണ്ഡലങ്ങളിലെ എംഎൽഎമാർക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ഇത്‌ തുടക്കത്തിലേ തിരിച്ചറിഞ്ഞവരാണ്‌ ലീഗ്‌. ലീഗിന്റെ പല എംഎൽഎമാർക്കും സദസ്സിന്റൈ ഭാഗമാകണമെന്ന്‌ മോഹമുണ്ടായിരുന്നു. മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെ ആ വികാരം പങ്കുവെച്ചു. എന്നാൽ ഇവിടെയും കോൺഗ്രസ്‌ നേതാക്കൾ കണ്ണുരുട്ടി. എന്നാൽ ഈ ഭീഷണിയൊന്നും വക വെക്കാതെ പല ലീഗ്‌–-കോൺഗ്രസ്‌ നേതാക്കളും പങ്കെടുത്തുവെന്നത്‌ ചരിത്രം.

കണ്ണൂരിൽ മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ്സിന്‌ നേരെ യുത്ത്‌ കോൺഗ്രസുകാർ പാഞ്ഞടുത്തത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞിരുന്നു. എന്നാൽ ഈ സംഭവത്തെ ഡി്വൈഎഫ്‌ഐ ആക്രമണമായി ചിത്രീകരിച്ച്‌ സദസ്സിന്റെ മേന്മ തകർക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു. ഇതിന്റെ മറവിൽ കേരളമാകെ പ്രതിഷേധിക്കാൻ കോൺഗ്രസ്‌ നടത്തിയ ആഹ്വാനം ആദ്യം ലീഗ്‌ തള്ളി. മലപ്പുറത്ത്‌ പ്രതിഷേധത്തിന്‌ തങ്ങളില്ലെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. എന്നാൽ കോൺഗ്രസ്‌ നേതാക്കൾ ഇടപെട്ടതോടെ പറഞ്ഞത്‌ വിഴുങ്ങി കുഞ്ഞാലിക്കുട്ടി.

മുൻകാലങ്ങളിൽ മുസ്ലിംലീഗിനെ നയിച്ച നേതാക്കൾക്ക്‌ സ്വന്തമായ വ്യക്തിത്വമുണ്ടായിരുന്നു. അതിനാൽ ഏത്‌ സംഭവത്തിലും ലീഗിന്‌ വ്യക്തമായ നിലപാടുണ്ടായിരുന്നു. പറഞ്ഞതിൽ ഉറച്ചു നിൽക്കുമായിരുന്നു. എന്നാൽ ഇന്നത്തെ ലീഗ്‌ നേതാക്കൾക്ക്‌ അത്തരം ഉറച്ച നിലപാടില്ല. പൊതു സമൂഹത്തിന്റെയും സ്വന്തം സമുദായത്തിന്റെയും വികാരങ്ങൾ തൊട്ടറിഞ്ഞ്‌ അതിനൊപ്പം നിൽക്കാൻ ലീഗിന്‌ ഇന്ന്‌ കഴിയുന്നില്ല. അവ കൃത്യമായി അണികൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. നവകേരള സദസ്സിന്‌ മലപ്പുറം ജില്ലയിൽ അടക്കം ലഭിച്ച ഗംഭീര സ്വീകരണം അത്‌ തെളിയിക്കുന്നു. പരമ്പരാഗത മുസ്ലിംലീഗ്‌ കുടുംബങ്ങളിൽനിന്നുള്ള ധാരാളം സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ സദസ്സിന്‌ ഒഴുകിയെത്തുന്നത്‌ ലീഗിനെ വല്ലാതെ വിളറിപിടിപ്പിച്ചിട്ടുണ്ട്‌. മുസ്ലിംലീഗ്‌ മുൻ സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ്‌ തങ്ങളുടെ മരുമകൻ ഹസീബ്‌ തങ്ങൾ പങ്കെടുത്തത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. മറ്റ്‌ ഒട്ടേറെ ലീഗ്‌–-കോൺഗ്രസ്‌ നേതാക്കളും പങ്കെടുക്കുന്നുണ്ട്‌.

രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ്‌ കടന്നു പോകുന്നത്‌. എല്ലാ മേഖലകളും ഹിന്ദുത്വ വൽക്കരിക്കുന്നു. അതിനായി ഭരണഘടന തന്നെ തകർക്കുന്നു. ആർഎസ്‌എസിന്റെ തിട്ടൂരങ്ങൾക്ക്‌ വഴങ്ങാത്ത വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മുമ്പിൽ കേരളമാണ്‌. ഈ സംസ്ഥാനത്തെ എല്ലാ നിലക്കും തകർക്കുകയാണ്‌ കേന്ദ്ര സർക്കാർ. സാമ്പത്തിക അടിയന്തിരാവസ്ഥ കൊണ്ടുവരുമെന്നാണ്‌ സംഘി ഗവർണറുടെ വെല്ലുവിളി. ഈ ദുർഘട ഘട്ടത്തിൽ കേരളത്തിനൊപ്പം രാഷ്‌ട്രീയം മറന്ന്‌ ഒപ്പം നിൽക്കുകയാണ്‌ യുഡിഎഫ്‌ ചെയ്യേണ്ടത്‌. എന്നാൽ സർക്കസ്‌ കളിക്കുകയാണ്‌ യുഡിഎഫ്‌. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാൻ ഗവർണർ തന്നെ രംഗത്തിറങ്ങുമ്പോൾ അദ്ദേഹത്തിന്‌ നേരെ ഒരു കരിങ്കൊടി പോലും കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ വീശുന്നില്ല. ഒരു ചെരുപ്പും എറിഞ്ഞ്‌ കാണുന്നില്ല. എന്നാൽ ജനങ്ങളെ നേരിൽ കണ്ട്‌ അവരുടെ ആവശ്യങ്ങൾ തൊട്ടറിഞ്ഞ്‌ പരിഹാരം കാണുന്ന നവ കേരള സദസ്സിന്‌ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്ക്‌ നേരെ കരിങ്കൊടി കാണിക്കുന്നു, ചെരുപ്പെറിയുന്നു യൂത്ത്‌ കോൺഗ്രസ്‌. ഈ ഇരട്ടത്താപ്പ്‌ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. അതിന്‌ നാളെ അവർ മറുപടി പറയേണ്ടി വരും.

ഒരു സംഭവം ലീഗുകാരെ ഓർമ്മിപ്പിക്കാം. പഴയതാണ്‌.

കേരള രൂപീകരണത്തെതുടർന്ന്‌ 1957ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും പിഎസ്‌പിയും സഖ്യത്തിലായിരുന്നു. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ലീഗ്‌ ശ്രമിച്ചിരുന്നു. എന്നാൽ വർഗീയപാർടിയെന്ന്‌ മുദ്രകുത്തി ലീഗിനെ കോൺഗ്രസ്‌ അടുപ്പിച്ചില്ല. പട്ടം താണുപിള്ളയാണ്‌ ഇതിന്‌ ശക്തമായി ചരടുവലിച്ചത്‌. തുടർന്നാണ്‌ ലീഗ്‌ പിഎസ്‌പിയുമായി സഖ്യമുണ്ടാക്കിയത്‌. ലീഗിനെതിരെ പ്രചാരണത്തിന്‌ സാക്ഷാൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു തന്നെ കേരളത്തിൽ എത്തി. കോഴിക്കോട്‌ കടപ്പുറത്ത്‌ കോൺഗ്രസ്‌ സംഘടിപ്പിച്ച പൊതുയോഗത്തിൽ നെഹ്‌റു ഇങ്ങനെ പറഞ്ഞു:

‘മുസ്ലിംലീഗ്‌ ഒരു ചത്ത കുതിരയാണ്‌. അത്‌ കാഴ്‌ച ബംഗ്ലാവിൽ സൂക്ഷിക്കേണ്ട ചരിത്ര വസ്‌തുവാണ്‌’

മുസ്ലിംലീഗും പിഎസ്‌പിയും കൂട്ടുകുടിയത്‌ രണ്ട്‌ മുടന്തൻമാർ സഖ്യമെന്ന്‌ നെഹ്‌റു അധിക്ഷേപിച്ചു. രണ്ട്‌ മുടന്തൻമാർ ചേർന്നാൽ നല്ല മനുഷ്യനാകില്ലെന്നും 1957 ഫെബ്രുവരി 25ന്‌ നടത്തിയ പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞു. എന്നാൽ ഈ പ്രസംഗത്തിന്‌ ലീഗ്‌ യുവനേതാവായ സി എച്ച്‌ മുഹമ്മദ്‌ കോയ ശക്തമായ മറുപടി പറഞ്ഞു.‘ലീഗ്‌ ചത്ത കുതിരയല്ല, ഗർജ്ജിക്കുന്ന സിംഹമാണ്‌’ എന്നായിരുന്നു നെഹ്‌റുവിന്‌ സിഎച്ച്‌ മുഹമ്മദ്‌ കോയ നൽകിയ മറുപടി. ആ സിംഹത്തെിന്റെ ഗർജ്ജനം ഉപഭൂഖണ്ഡമാകെ അലയടിക്കുമെന്നും സിഎച്ച്‌ പറഞ്ഞു.

അതേ, അതായിരുന്നു ലീഗ്‌ പരമ്പര്യം. കെ സുധകരനും വി ഡി സതീശനും മുമ്പിൽ മുട്ടുവിറയ്‌ക്കുന്ന ലീഗ്‌ നേതാക്കൾ ഓർത്താൽ നല്ലത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − seventeen =

Most Popular