ആശയവിനിമയത്തിനുവേണ്ടി ചിത്രലിപിയിലേക്കും ക്രമാനുഗതമായി അക്ഷരലിപിയിലേക്കുമുള്ള ആദിമ മനുഷ്യെന്റെ വികാസപരിണാമഘട്ടങ്ങളിലൂടെ രൂപപ്പെട്ടതാണ് ഭാഷയും ലിപിയുമൊക്കെ‐ ഒപ്പം ആശയം സ്വായത്തമാക്കാനുള്ള സൂചകങ്ങളാക്കുക എന്നതാണ് പ്രധാനം. വിവിധ തലത്തിലുള്ള സൗന്ദര്യദർശനങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും രൂപമാതൃകകളുമൊക്കെ ചേരുന്നതാണ് ലിപികൾ/അക്ഷരങ്ങൾ. അക്ഷരങ്ങളിലൂടെ എഴുതുന്ന വ്യക്തിയുടെ കലാബോധത്തിന്റെ ധാരകൾ തെളിയുന്നു. ഓരോ ഭാഷയിലുമുള്ള അക്ഷരലിപിയുടെ സ്വഭാവപ്രത്യേകതയിൽ നിന്ന് അതത് ജനവിഭാഗത്തിന്റെ സൗന്ദര്യബോധവും മനസ്സിലാക്കാനാകും. അക്ഷരകല ദാർശനികമായ സാമൂഹ്യബന്ധത്തെയാണ് അടയാളപ്പെടുത്തുക. അക്ഷരങ്ങളിൽ ആലങ്കാരികഭംഗി ലക്ഷ്യമാക്കി അക്ഷരങ്ങളെ രൂപാന്തരപ്പെടുത്തുന്ന രീതി കാലിഗ്രാ ഫി ആർട്ടിലുണ്ട്. ഇന്ന് അക്ഷരരാലങ്കരണകല മിക്ക ഭാഷ (ലിപി) കളിലും കാണാമെങ്കിലും ഉറുദു, അറബി, ചൈനീസ് ഭാഷകളിലെ ചിത്രാലങ്കാരങ്ങളുടെ സവിശേഷ സൗന്ദര്യം ശ്രദ്ധേയമാണ്. ഒരു പെയിന്റിംഗ് പോലെ രേഖാചിത്രം പോലെ മനോഹരമാണ് മേൽപ്പറഞ്ഞ ലിപികൾ. മലയാള അക്ഷരങ്ങളിൽ (ലിപി) അഭിജാതമായ ലാവണ്യാനുഭവവും ലയവിന്യാസവും ദൃശ്യമാണ്. വായനയെ അനായാസമാക്കുന്നതിലുപരി ദൃശ്യഭംഗിയും ഇവിടെ പ്രദാനം ചെയ്യപ്പെടുന്നു.
എങ്ങനെയാണ് കലയും സാഹിത്യവും സമൂഹവുമായി ഇടപെടേണ്ടതെന്ന് ആഴത്തിൽ ചിന്തിക്കേണ്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. നിത്യജീവിതത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒന്നല്ല സംസ്‌കാരവും ഭാഷയുമൊക്കെ. സംസ്‌കാരവും ഭാഷയും ഇഴചേരുന്ന ചിത്രഭാഷയെ/കൈയെഴുത്ത് ശാസ്‌ത്രത്തെ ചേർത്തുപിടിക്കുന്ന ചിത്രകാരനാണ് നാരായണ ഭട്ടതിരി എന്ന ഭട്ടതിരി. ജീവനോപാധി എന്നതിനപ്പുറം സമകാലിക സാഹിത്യത്തേയും ചിത്ര‐ശിൽപകലയെയും യുക്തിബോധത്തോടെ പരിവർത്തനം ചെയ്യുകയാണ് ഈ ചിത്രകാരൻ തന്റെ കലാവിഷ്‌കാരങ്ങളിലൂടെ. സാംസ്‌കാരിക‐കലാ‐സാഹിത്യമേഖലകളിലൂടെ സമകാലിക‐സാംസ്‌കാരിക ജീവിതത്തെ ചരിത്രത്തിലെന്നപോലെ അക്ഷരങ്ങളിലൂടെ ആവാഹിച്ചവതരിപ്പിക്കുകയാണിവിടെ. സാഹിത്യരചനയുടെ ഉൾക്കരുത്താവാഹിച്ച ബിംബകൽപനകളെ വൈവിധ്യമാർന്ന രൂപകൽപനകളിലൂടെ ജ്യാമിതീയ മാതൃകകളടക്കമുള്ള അക്ഷരക്കൂട്ടങ്ങളായി വരച്ചിടുകയാണ് ഭട്ടതിരി. പല രൂപമാതൃകകളിലൂടെയുള്ള കോമ്പോസിഷൻ, വർണങ്ങളുടെ ലയവിന്യാസം ഇവയൊക്കെ അദ്ദേഹത്തിന്റെ അക്ഷരങ്കരണകലയുടെ പ്രത്യേകതയാകുന്നു.
ഭട്ടതിരിയെ എൺപതുകൾ മുതൽ എനിക്ക് നേരിട്ടറിയാം. കലാകൗമുദിയിൽ ജോലി ചെയ്‌തിരുന്ന ഞാൻ സർക്കാർ സർവീസിൽ ചേർന്ന കാലത്താണ് ഭട്ടതിരി കലാകൗമുദിയിലെത്തുന്നത്. അന്നുമുതലുള്ള സൗഹൃദം സന്പന്നമായി ഇപ്പോഴും തുടരുന്നു. കറുത്ത താടിയും മുടിയുമായി ഒതുങ്ങിക്കൂടി കലാകൗമുദിയിൽ ഞങ്ങൾക്കിടയിലിരുന്ന് അക്ഷരങ്ങളെഴുതുന്ന ഭട്ടതിരിയിൽനിന്ന് ഇന്നുള്ള ഭട്ടതിരിയിലേക്കുള്ള ദൂരം കുറവല്ലെങ്കിലും ചിത്രകലാരംഗത്ത് തന്റെ പ്രവർത്തനമണ്ഡലങ്ങളിലും ഭട്ടതിരി അന്നും ഇന്നും ഒരുപോലെയാണ്‐ താടിയും മുടിയും അൽപം വെളുത്തുവെന്നേയുള്ളൂ. ഇതു കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ അമർത്തിയ ചിരി കൂട്ടിനുണ്ടാകും.
ഭാഷയ്‌ക്കതീതമായി വിവിധ ഭാഷകളിലൂടെ ദിവസവും ഒരു തപസ്യയായി താൻ അക്ഷരങ്ങളോടൊപ്പം സഞ്ചരിക്കുന്നതായി ഭട്ടതിരി പറയുന്നു. ഒരിക്കലെഴുതുന്ന എഴുത്തുരീതിയാവില്ല പിന്നീട്. ‘‘എന്റെ പെയിന്റിംഗുകളിൽ രൂപം, നിറം, ആശയം എന്നിവയോടൊപ്പം വാക്കുകളുമുണ്ട്’’, അദ്ദേഹം കൂട്ടിച്ചേർത്തു. നവീനമായ ചിന്തയും സ്വതന്ത്രമായ ലയമേളനവും കൊണ്ട് സാഹിത്യസൃഷ്ടികൾ അക്ഷരചിത്രങ്ങളായി മലയാളിമനസ്സിൽ കയറിപ്പറ്റുന്ന രചനാകൗശലമാണ് ഇവിടെ നമുക്കു കാണാനാവുക. മലയാളത്തിലെയും മറ്റ് ചില ഇന്ത്യൻ ഭാഷകളിലെയും എഴുത്തുകാരുടെ കൃതികളെ വീണ്ടും വീണ്ടും ഭട്ടതിരി പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. കുമാരനാശാൻ, ചങ്ങന്പുഴ, വൈലോപ്പിള്ളി തുടങ്ങി ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ള എഴുത്തുകാരെ‐ ഇങ്ങനെ വരച്ചുകൂട്ടിയത് 4602 അക്ഷരചിത്രങ്ങൾ‐ അത് തുടർന്നുകൊണ്ടേയിരിക്കുന്നു.
കചടതപ എന്ന പേരിൽ ഭട്ടതിരിയുടെ ഫൗണ്ടേഷൻ രൂപകൽപന ചെയ്‌ത കാലിഗ്രാഫി പ്രദർശനങ്ങൾ, ദേശീയ അന്തർദേശീയ ശിൽപശാലകൾ, സെമിനാറുകൾ എന്നിവ നടത്തിക്കൊണ്ട് വരുംതലമുറയ്ക്കായി പ്രത്യേകിച്ച് കുട്ടികൾക്കായി അദ്ദേഹം പരിശ്രമിക്കുന്നു. നമ്മുടെ കുട്ടികൾ തീർച്ചയായും അക്ഷരകലയിൽ താൽപര്യം കാണിക്കണമെന്നും അക്ഷരങ്ങളെ കൂടുതൽ അറിയുകയും പഠിക്കുകയും വേണമെന്നുമാണ് ഭട്ടതിരി ആഗ്രഹിക്കുന്നത്. ഒരു വസ്‌തുവിനെ രേഖകളിലൂടെ അറിയുന്നതുപോലെ അക്ഷരങ്ങളെക്കുറിച്ചുള്ള രൂപബോധം കുട്ടികൾക്കുണ്ടാവണം.
സി പി നാരായണഭട്ടതിരിയുടെ കാലിഗ്രാഫി ചിത്രപ്രദർശനം കൊച്ചി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഡിസംബറിൽ സംഘടിപ്പിച്ചിരുന്നു. മറ്റ് നിരവധി പ്രദർശനങ്ങളിലും ഇതോടൊപ്പം അദ്ദേഹം ചേരുന്നുണ്ട്.
ഈ രംഗത്ത് നിരവധി അംഗീകാരങ്ങൾ ഭട്ടതിരിക്ക് ലഭിച്ചിട്ടുണ്ട്. ലോകഭാഷകളെല്ലാം കൊത്തിവച്ചിട്ടുള്ള ചൈനയിലെ ഹർബിനിൽ കല്ലുകളുടെ ഉദ്യാനത്തിൽ ജ്ഞാനപ്പാനയിലെ വരികളാണ് ഭട്ടതിരി കുറിച്ചത്. ‘‘കൂടിയല്ലാപിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിന് നാം വ്യഥാ’’… ഏഴടി ഉയരമുള്ള കല്ലിൽ ഭട്ടതിരിയുടെ അക്ഷരങ്ങൾ കൊത്തിയിരിക്കുന്നു. മൂന്നു മലയാളം ഫോണ്ടുകളും അദ്ദേഹം രൂപകൽപന ചെയ്‌തിട്ടുണ്ട്.
‘ഉള്ളിലൊതുങ്ങാത്ത ഖേദം, കണ്ണീർത്തുള്ളിയായ്‌പ്പോവതു ഭേദം’
‘എന്തിനീ ജന്മയഗ്നിജന്മങ്ങളായിരം വിണ്ണിൽ, മണ്ണിലും
അലയും നീർക്കണത്തിന്റെ, യുള്ളിലുരുണ്ടു പെരുംകടൽ’
ഇങ്ങനെ നിരവധിയായ ശീർഷകങ്ങൾ ചിത്രതലങ്ങളിൽ വർണക്കാഴ്‌ചകളാകുന്നു. നാരായണഭട്ടതിരി അക്ഷരങ്ങൾ രൂപങ്ങളിലിഴചേർത്ത് വരച്ചുകൊണ്ടേയിരിക്കുന്നു പുതിയ കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട്. ♦