Thursday, November 21, 2024

ad

HomeസിനിമPOMEGRANATES AND MYRRH

POMEGRANATES AND MYRRH

രാധാകൃഷ്‌ണൻ ചെറുവല്ലി

സെറ്റ്‌ലർ കൊളോണിയലിസം കവർന്നെടുത്ത മാതളമധുരവും കുന്തിരിക്ക സുഗന്ധവും

ലസ്‌തീൻ ജനത ഇസ്രായേൽ അധിനിവേശത്തിനെതിരെ നടത്തിയ രണ്ടാം ഇൻതിഫിദ (Indifada) കലാപങ്ങളുടെ (2000‐2005) പശ്ചാത്തലത്തിലാണ്‌ നജ്ജ്‌വ നജ്ജാറിന്റെ (Najjwa Najjar) പലസ്‌തീനി സിനിമ Pomegranates and Myrrh‐ മാതളപ്പഴങ്ങളും കുന്തിരിക്കവും പിറവിയെടുക്കുന്നത്‌. ഈ സിനിമയെടുക്കുമ്പോൾ (2008) നജ്‌വ നവാഗതയായിരുന്നു. നിത്യേനയുള്ള കടന്നുകയറ്റങ്ങൾ, കൊടിയ ആക്രമണങ്ങൾ, നിന്ദ, ദാരിദ്ര്യം, കർഫ്യൂ, സഞ്ചാരനിയന്ത്രണങ്ങൾ, വധശ്രമങ്ങൾ, ആത്മഹത്യ, ബോംബു സ്‌ഫോടനങ്ങൾ എന്നിവയാൽ പലസ്‌തീൻ പ്രദേശങ്ങൾ മുഖരിതമായ കാലം. ഈ സാമൂഹ്യ‐രാഷ്‌ട്രീയ കാലാവസ്ഥയിൽ ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ വക്തിത്വവികാസത്തെയും ആത്മാവിഷ്‌കാര ത്വരയെയും പ്രതിരോധത്തെയുംപറ്റിയുള്ളതാണ്‌ ഈ ചലച്ചിത്രം.

മാതളത്തിനും കുന്തിരിക്കത്തിനും മധ്യ പൗരസ്‌ത്യ സംസ്‌കാരത്തിലും പുരാവൃത്തങ്ങളിലും വലിയ സ്ഥാനമുണ്ട്‌. ക്രിസ്‌തീയ വിശ്വാസപ്രകാരം വാഗ്‌ദത്ത ഭൂമിയായ ഇസ്രായേലിന്റെ സമൃദ്ധിയെ സംബന്ധിച്ച സദൃശ്യസജ്ഞയാണ്‌ മാതളം. ഉർവ്വരതയുടെയും സൗന്ദര്യത്തിന്റെയും അനശ്വരതയുടെയും പ്രതീകമായാണ്‌ പേർഷ്യൻ പുരാവൃത്തങ്ങളിൽ മാതളത്തെ അടയാളപ്പെടുത്തുന്നത്‌. ഖുറാനിൽ പ്രവാചകനായ മുഹമ്മദ്‌ മനുഷ്യർക്കായി നിർദേശിക്കുന്ന ഭക്ഷണങ്ങളിൽ ഒലിവ്‌, തേൻ, കട്ടിത്തൈര്‌, ഈന്തപ്പഴം, അത്തിപ്പഴം എന്നിവയ്‌ക്കൊപ്പം മാതളപ്പഴവുമുണ്ട്‌. ബൈബിളിലെ ഉത്തമഗീതങ്ങളിൽ സോളമൻ തന്റെ പ്രേയസിയെ ഇപ്രകാരം വർണിക്കുന്നു: ‘നിന്റെ ചുണ്ടുകൾ കടും ചുവപ്പു നൂലുപോലെയും മൂടുപടത്തിലൊളിപ്പിച്ച നിന്റെ കവിൾത്തടങ്ങൾ മാതളപ്പഴങ്ങൾപോലെയുമല്ലോ’ (4:3)

മാതളപ്പഴങ്ങൾപോലെ പ്രധാനമത്രേ മധ്യപൗരസ്‌ത്യ ദേശക്കാർക്ക്‌ കുന്തിരിക്കവും. കുന്തിരിക്ക മരങ്ങൾ മരുദേശത്തിന്റെ സുഗന്ധമാണ്‌. ബൈബിൾ പുതിയ നിയമത്തിലെ മത്തായി എഴുതിയ സുവിശേഷത്തിൽ ക്രിസ്‌തുവിന്റെ ജനനത്തെ മുൻകൂട്ടിയറിഞ്ഞ കിഴക്കൻ ദേശത്തെ ജ്ഞാനികൾ ശിശുവിനു പൊന്നും കുന്തിരിക്കവും മൂരും കാഴ്‌ചവച്ചതായി പറയുന്നു. (2:11)

ഈ രൂപകങ്ങൾ വ്യത്യസ്‌ത വിശ്വാസപരിസരങ്ങളിലെ സാംസ്‌കാരിക ഒരുമയെ അടിവരയിടുന്നുണ്ട്‌. ഈ സാംസ്‌കാരിക സവിശേഷതകളെ ആന്തരികവൽക്കരിച്ചാണ്‌ ‘മാതളപ്പഴങ്ങളും കുന്തിരിക്കവും’ നമുക്ക്‌ മുന്നിൽ എത്തുന്നത്‌. വിശദമായ ഒരു വിവാഹ ഘോഷയാത്രയോടെയാണ്‌ സിനിമയ്‌ക്ക്‌ ജീവൻ വയ്‌ക്കുന്നത്‌. പലസ്‌തീൻകാരുടെ വിവാഹത്തിന്റെ അവിഭാജ്യഘടകമാണ്‌ സാഫ്‌ (Zaffe). അതൊരു വിപുലമായ ഘോഷയാത്രമാകുന്നു. പാട്ടുകാരും വാദ്യസംഗീതക്കാരും നർത്തകരും വധുവിന്റെ സംഘത്തോടൊപ്പം വരന്റെ ഗൃഹത്തിലേക്ക്‌ സഞ്ചരിക്കുന്നു. വരനെയും കൂട്ടി പള്ളിയിലേക്കോ മോസ്‌കിലേക്കോ അനുഗമിക്കുന്നു. വെസ്റ്റ്‌ ബാങ്കിനെ ഇസ്രായേൽ അധിനിവേശപ്രദേശങ്ങളുമായി വേർതിരിക്കുന്ന മതിൽക്കെട്ടുകൾക്കരികിലൂടെയാണ്‌ ‘നോമാൻസ്‌ ലാന്റു’വഴി അവർ എത്തുന്നത്‌. റമല്ലയെയും ജറുസലേമിനെയും വേർപെടുത്തുന്ന മതിൽക്കെട്ടുകൾ. റമല്ലക്കാരനായ സിയാദിന്റെയും ജറുസലേംകാരിയായ കമറിന്റെയും വിവാഹ ഘോഷയാത്രയാണത്‌. രണ്ടുപേരും അറബ്‌ വംശജരായ യാഥാസ്ഥിതിക ക്രിസ്‌ത്യൻ വിഭാഗക്കാരാണ്‌. ഇസ്രായേലി പൊലീസ്‌ വിവാഹ ഘോഷയാത്രയെ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നെങ്കിലും അവരത്‌ മറികടക്കുന്നു. അവർക്കത്‌ പുതിയ കാര്യമല്ലല്ലോ! റമല്ലയുടെ കൽപ്രദേശങ്ങളിൽ ഒലീവുമരങ്ങളും മാതളത്തോട്ടങ്ങളും നിറയുന്നിടത്താണ്‌ സിയാദിന്റെ വസതി. ഒലീവ്‌ എണ്ണയെടുക്കാനുള്ള പ്രസിങ്ങ്‌ യൂണിറ്റ്‌ സിയാദിന്റെ കുടുംബത്തിനുണ്ട്‌.

അന്നുരാത്രി കവചിതവാഹനങ്ങളുമായെത്തിയ ഇസ്രായേലി സൈന്യം സിയാദിന്റെ കുടുംബംവക ഒലീവ്‌ തോട്ടം കൈയേറി മുള്ളുവേലി കെട്ടുന്നു. തലേദിവസം കുട്ടികൾ ഇസ്രായേൽ സേനയ്‌ക്കുനേരെ കല്ലെറിഞ്ഞത്‌ ഇവിടെനിന്നുമാണു പോലും! കുടുംബം ചെറുക്കാൻ നോക്കി. സിയാദും പട്ടാളവും തമ്മിൽ ഉന്തും തള്ളുമായി. പട്ടാളം സിയാദിനെ കസ്റ്റഡിയിലെടുത്തു. ഭരണപരമായ തടഞ്ഞുവയ്‌ക്കൽ (Administrative Detention) എന്നാണതിന്റെ ഓമനപ്പേര്‌.

സെറ്റ്‌ലർ കൊളോണിയലിസ (Settler Colonialism)മെന്നാൽ തദ്ദേശീയരായ മനുഷ്യർ മനുഷ്യാധിവസിക്കുന്ന പ്രദേശങ്ങളിലേക്ക്‌ അധിനിവേശ ശക്തികൾ കടന്നുകയറി അടിച്ചമർത്തലിലൂടെയും വംശഹത്യയിലൂടെയും അവരെ ഒഴിപ്പിച്ച്‌ അവിടം തങ്ങളുടെ അധീനതയിലാക്കി അതിനുള്ളിൽ തങ്ങളുടെ ആളുകളുടെ കോളനികൾ സൃഷ്ടിക്കലാണ്‌. നാം ഇതിനകം കണ്ടുകഴിഞ്ഞ ഈ നിഷ്‌ഠുരമായ പ്രവർത്തനരീതി.

സിയാദിന്റെ തടവ്‌ നീളുന്നു. തികച്ചും ബധിരമായ ഇസ്രായേൽ നിയമസംവിധാനത്തിന്റെ വാതിലിൽ മാതാപിതാക്കളും കമറും മുട്ടുന്നു. പട്ടാളക്കാരെ തല്ലിയെന്ന്‌ സമ്മതിച്ച്‌ ശിക്ഷയിളവു വാങ്ങിപ്പോകാനാണ്‌ അഭിഭാഷക ഉപദേശിക്കുന്നത്‌. സിയാദ്‌ അതിനു വഴങ്ങാൻ തയ്യാറല്ല. ഓരോ പലസ്‌തീൻകാരനെയും പോലെ അയാളും ഒരു പോരാളിയാണ്‌.

മതിലുകൾ, കമ്പിവേലികൾ, തടവറകൾ, പരുക്കൻ കല്ലുകൾ ലോങ്‌ ഷോട്ടിൽ ദൃശ്യമാകുന്ന പട്ടാളവണ്ടികൾ ആക്രോശങ്ങൾ… സിനിമയുടെ ബലിഷ്‌ഠപാദങ്ങൾ ഊന്നുന്നത്‌ ഈ രൂപകങ്ങളിലാണ്‌. തടവറയിൽ സിയാദ്‌ എതിർപ്പുകളുടെ പേരിൽ ഏകാന്തതടവിലാകുന്നു. കമറിന്‌ പലപ്പോഴും അയാളെ കാണാനാകുന്നില്ല. ആജീവനാന്തം ജയിലറയിലായാലും അയാൾ മാപ്പു പറയില്ല. കമർ സിയാദിനെ കന്പിയഴികളിലൂടെ കാണുമ്പോൾ അവരുടെ വിരലുകൾ ചെറിയ വിടവുകളിലൂടെ പരസ്‌പരം സ്‌പർശിക്കുന്നു. അധരങ്ങൾ അടുത്തുവരുമ്പോൾ കാവൽക്കാർ ഇടപെടും.

കമർ ഒരു നർത്തകിയാണ്‌. അടിച്ചമർത്തലിന്റെയും തടവിന്റെയും നിരോധനങ്ങളുടെയും ഇടയിലും അവളുടെ ഹൃദയവും പാദങ്ങളും നൃത്തം ചെയ്യാൻ തുടിച്ചു. ഒരു പ്രാദേശിക ബാലെ സംഘത്തിൽ അവൾ ചേർന്നു. യുവതീയുവാക്കൾ കൈകോർത്ത്‌ ഉത്സാഹപൂർവം പാദങ്ങൾ തറയിൽ മുട്ടിച്ച്‌ നടത്തുന്ന നൃത്തം മതാതിർത്തികൾ ഭേദിക്കുന്ന ഒന്നാണ്‌. പലസ്‌തീനിൽ നിലനിൽക്കുന്ന ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും സാംസ്‌കാരിക സവിശേഷതകളുടെയും അടയാളമായാണ്‌ നൃത്തത്തെ സംവിധായിക പ്രയോജനപ്പെടുത്തിയിട്ടുള്ളത്‌. മതകൽപ്പനകൾക്കു കീഴിൽ ഞെരുങ്ങിക്കഴിയുന്നവരല്ല പലസ്‌തീൻ ജനത. ഇസ്ലാമോഫോബിയ സൃഷ്ടിക്കാൻ പടിഞ്ഞാറൻ ലോകം സൃഷ്ടിച്ചുവിടുന്ന രാഷ്‌ട്രീയനിർമിതികളെ ഇത്‌ ഉല്ലംഘിക്കുന്നുണ്ട്‌. ഇസ്ലാം ഇതരവിശ്വാസികൾക്കൊപ്പമാണ്‌ ‘സോദരത്വേന’ ഇവിടെ വാഴുന്നത്‌.

പലസ്‌തീൻ വംശജനും അഭയാർഥിയായി ഇരുപതുവർഷങ്ങൾ ബെ്‌റൂട്ടിൽ കഴിഞ്ഞവനുമായ നൃത്തപരിശീലകൻ കയീസ്‌ പരിശീലനവേദയിൽ എത്തുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. കമറും കയീസും ആദ്യദർശനത്തിൽതന്നെ പരസ്‌പരാകൃഷ്‌ടരാകുന്നുണ്ട്‌. എന്നാൽ കമർ പ്രണയിനിയെന്നതിനെക്കാൾ നർത്തകിയാണ്‌. അതവളുടെ ആവിഷ്‌കാരസ്വരൂപമാണ്‌. റമല്ല എന്ന പുരാതനനഗരം അവളുടെ നടത്തത്തിനിടയിലൂടെ അനാവൃതമാകുന്നു. അൽമനാരയിലെ സിംഹപ്രതിമകൾ യുദ്ധത്തിൽ തകർന്ന എടുപ്പുകൾ, തിരക്കേറിയ തെരുവുകൾ, കുട്ടികൾ കളിക്കുന്ന കളിയിടങ്ങൾ, കഫറ്റേറിയകൾ മദ്യപാനസദസ്സുകൾ… റാമല്ല ഒരു മൃതനഗരമല്ല. ജീവൻ തുടിക്കുന്ന ഇടമാണെന്ന്‌ ഇതിലൂടെ സംവിധായിക പറഞ്ഞുവയ്‌ക്കുന്നു.

കയിസിനോടുള്ള കാർയാത്രകൾ, നൃത്തപരിശീലനം, തെരുവിലൂടെയുള്ള നടപ്പ്‌ ഇവയൊക്കെ സിയാദിന്റെ മാതാപിതാക്കൾക്ക്‌ എതിർപ്പുണ്ടാക്കുന്നു. എന്നാൽ അവൾ അതൊന്നും കൂസുന്നില്ല. ഒരുദിവസം അപ്രതീക്ഷിതമായി യന്ത്രത്തോക്കുകളുമായി എത്തുന്ന ഇസ്രായേൽ സേന റാമല്ല വളയുന്നു. കർഫ്യൂ ഏർപ്പെടുത്തുന്നു. കമിതാക്കളെയും പരസ്‌പരം ഇഷ്ടപ്പെടുന്ന സ്‌ത്രീപുരുഷന്മാരെയും ചേർത്തുപിടിക്കുന്ന കരുത്തയായ ഉമ്മഹബീബിന്റെ കോഫി ഷോപ്പിലായിരുന്നു അന്ന്‌ കയീസും കമറും പെട്ടുപോയത്‌. പുറത്ത്‌ വെടിയൊച്ചകൾ മുഴങ്ങുമ്പോൾ പരസ്‌പരം ചേർന്ന്‌ മേശയ്‌ക്കടിയിൽ ഇരുവരും ഒരു രാപ്പകൽ കഴിയുന്നു. അവരുടെ അടുപ്പം പ്രണയത്തിലേക്കൊന്നു ചാഞ്ഞ നിമിഷങ്ങൾ.

എല്ലാരും പേടിച്ച്‌ മുറികൾക്കുള്ളിൽ അടച്ചിരിക്കുമ്പോൾ ഉമ്മഹബീബ്‌ വാതിൽ തുറന്നു. പുറത്തിറങ്ങുന്ന അവർക്കുനേരെ നീട്ടിപ്പിടിച്ച യന്ത്രത്തോക്കുകളുമായി എത്തുന്ന യുവസൈനികൾക്കു നേരെ സിഗററ്റ്‌ പുക ഊതിവിട്ട്‌ ‘പോയിനെടാ പിള്ളാരെ’ എന്ന ഭാവത്തിൽ അവർ നെഞ്ചുവിരിച്ച്‌, തലയുയർത്തി നിൽക്കുന്നു. ഇത്‌ എന്റെ മണ്ണാണ്‌, എന്റെ കഫേയാണ്‌ ഞാൻ ഇഷ്ടംപോലെ ചെയ്യും. ‘വെടിവെക്ക്‌’ എന്ന ധീര നിലപാടു കണ്ട്‌ സൈനികർ പിന്മാറുന്നു.

കമറുമായി അതിരുകടന്ന ബന്ധം പുലർത്തിയ കയീസിനെ ബാലേ പരിശീലനത്തിൽനിന്നും പുറത്താക്കുന്നു. നൃത്തസംഘം അയാളെ കൂടാതെ പരിശീലനം പൂർത്തിയാക്കുന്നു. നാട്ടുകാർക്കു മുന്നിൽ ബാലേ അവതരിപ്പിക്കപ്പെടുന്നു. കമർ പ്രധാന നർത്തകിയാണതിൽ. നാടകം കാണുന്നവരിൽ സിയാദും മാതാപിതാക്കളുമുണ്ട്‌. അവൻ ജയിൽമോചിതനായിരിക്കുന്നു. അയിൽമോചിതനായ ഭർത്താവിനോട്‌ ചേർന്നുനിന്ന്‌ തനിക്ക്‌ ഇടയ്‌ക്കൊന്നുണ്ടായ ചാഞ്ചാട്ടത്തെ അവളും മറികടക്കുന്നു. കോപംകൊണ്ട കയീസ്‌ അവളെ ഒരു യാത്രയ്‌ക്ക്‌ ക്ഷണിച്ച്‌ കാറിൽവച്ച്‌ അവളോട്‌ തർക്കിക്കുന്നു. അവനോടൊപ്പം ചെല്ലാൻ നിർബന്ധിക്കുന്നെങ്കിലും അവൾ അിന്‌ സന്നദ്ധയാവുന്നില്ല. ഒരു ഇടക്കാല വിനോദം മാത്രമായിരുന്നോ തന്നോടുള്ള അടുപ്പം എന്ന ചോദ്യത്തിന്‌ അവൾ മറുപടി നൽകുന്നില്ല. അവൾ ഇറങ്ങിപ്പോകുന്നു.

കമറും കയീസും തമ്മിലുള്ള ബന്ധത്തെ ആദർശവൽക്കരിക്കാനോ തള്ളിക്കളയാനോ സംവിധായിക തയ്യാറാകുന്നില്ല. നാട്ടുനടപ്പുകളെയും സദാചാരസംഹിതകളെയും ഭേദിച്ച്‌ ആൺ‐പെൺ ബന്ധം വളരുന്നതിനെയും പ്രായോഗികതയെയും അവർ ഒരേ തുലാസിൽ നിർത്തുന്നു.

നേരിട്ടൊരു രാഷ്‌ട്രീയചിത്രം എടുക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്ന്‌ നജ്ജ്‌വ നജ്ജാർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്‌. സ്വപിതാവ്‌ പത്താം വയസ്സിൽ നൽകിയ ക്യാമറയുമായി വളരുകയും ഉന്നതവിദ്യാഭ്യാസത്തിന്‌ അമേരിക്കയിൽ പോവുകയും ചെയ്‌ത വ്യക്തിയാണവർ. അറബികളെയും പലസ്‌തീൻകാരെയും തെറ്റായി ചിത്രീകരിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെയും ഭരണകൂടങ്ങളുടെയും പ്രചാരണതന്ത്രങ്ങളെ തുറന്നുകാട്ടുകയാണ്‌ Pomegranates and myrrh എന്ന ചിത്രംവഴി ലക്ഷ്യംവെയ്‌ക്കുന്നതെന്നവർ പറയുന്നു. 2001 സെപ്‌തംബർ 11ന്‌ ശേഷം മുസ്ലിങ്ങളെയാകെ പൈശാചികവൽക്കരിച്ച്‌ ക്രിസ്‌ത്യാനികളെ വേട്ടയാടുന്നവരായി മുദ്രകുത്തി. നൂറ്റാണ്ടുകളായി പലസ്‌തീൻ പ്രദേശത്ത്‌ മുസ്ലിങ്ങളും ജൂതരും ക്രിസ്‌ത്യാനികളും പരസ്‌പരം സഹകരിച്ച്‌ ജീവിക്കുന്നു. ക്രിസ്‌തുവും മുഹമ്മദും പിറന്ന നാടുകളെപ്പറ്റി അവിടത്തെ സാഹോദര്യത്തെപ്പറ്റി പടിഞ്ഞാറിന്‌ വേണ്ടത്ര ധാരണയില്ലെന്നും നജ്ജ്‌വ പറയുന്നു. തന്റെ നാടിനെ ശരിയായി അവതരിപ്പിക്കാനുള്ള അവരുടെ ശ്രമം വിജയിച്ചു.

കൃത്യമായ രാഷ്‌ട്രീയ ധാരണയോടെയാണ്‌ ഓരോ സീനുകളും കരുപ്പിടിപ്പിച്ചിട്ടുള്ളത്‌. കലാപകാലത്തും സംയമനം വിടാത്ത ഒരു ജനതയുടെ ഉൾക്കരുത്ത്‌ നാം കാണുന്നു. അധിനിവേശത്തിന്റ കൗശലങ്ങളെ കടന്നൽപോലെ കുത്താനുള്ള ത്രാണി ഓരോ ദൃശ്യത്തിനുമുണ്ട്‌. കമറിന്റെയും കയീസിന്റെയും ബന്ധത്തിലെ പെട്ടെന്നുള്ള ഗതിമാറ്റത്തിന്‌ ശരിയായ ഉത്തരം നൽകുന്നില്ലെങ്കിലും മനുഷ്യബന്ധങ്ങളുടെ നിർവചനാതീത സ്വഭാവത്തിന്റെ വെളിപ്പെടുത്തൽ കൂടിയാണീ ചിത്രം.

കമർ എന്ന യുവതിയാണ്‌ ഈ സിനിമയിൽ നടുനായകത്വം വഹിക്കുന്നത്‌. അവളുടെ നിശ്ചയദാർഢ്യവും നിർഭയത്വവും പക്വതയാർന്ന സ്‌ത്രീത്വത്തെ പ്രതിനിധീകരിക്കുന്നു. ഭർതൃകുടുംബത്തിനകത്തായാലും നിയമജ്ഞരുടെ മുന്നിലായാലും നൃത്തശാലയിലായാലും കാമുകനൊപ്പമായാലും അവൾ അവളാണ്‌. അവളുടെ ഉടലിന്റെ ഉടമയും അവൾ തന്നെ. കലാപത്തിന്റെ നടുവിൽ കുലുങ്ങാതെ നിൽക്കുന്ന പെൺ കഥാപാത്രങ്ങൾ ഈ സിനിമയുടെ കരുത്താണ്‌. സിയാദിന്റെ ഉമ്മയാകട്ടെ കോഫീ ഹൗസ്‌ ഉടമ ഉമ്മഹബീബയാകട്ടെ കമറാകട്ടെ യാതൊരു ചാഞ്ചല്യവുമേശാത്ത പോരാളികളാണ്‌. ഇസ്രായേലിന്റെ ഭീഷണി അവരെ ഏശുന്നില്ല.

കലാപഭൂമിയിൽനിന്ന്‌ വരുന്ന സിനിമയെന്ന പ്രാധാന്യം ഈ ചിത്രത്തിനുണ്ട്‌. ഒരു വനിതയുടെ കന്നിചിത്രം എന്ന പരിമിതി ഈ സിനിമയെ ഏശിയിട്ടില്ല. ദൃശ്യവിന്യാസവും പശ്ചാത്തലസംഗീതവും നാടോടിനൃത്തചാരുതയും ഈ സിനിമയെ അത്യന്തം ചലനാത്മകമാക്കുന്നു. അധിനിവേശത്തിര ഒന്നു ആഞ്ഞടിക്കുമ്പോഴേക്കും പലസ്‌തീൻ മണ്ണിൽ മാതളങ്ങൾ പൂവിടുന്നു. മാതളപ്പഴങ്ങൾ ചന്തം ചാർത്തുന്നു. കുന്തിരിക്ക സുഗന്ധം എങ്ങും പരക്കുന്നു. അതിജീവനം എന്ന മഹാസത്യം അത്ഭുതത്തോടെ നമ്മുടെ തലച്ചോറിൽ മിന്നൊലൊളി തെളിയിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + 4 =

Most Popular