നാദിയാ മുറാദ് എന്ന പെൺകുട്ടിയുടെ കഥ വായിക്കുന്ന ഏതൊരാളിലും അത്രമേൽ അസ്വസ്തത സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. നാം ജീവിക്കുന്ന ഭൂമിയിൽ ഇങ്ങനേയും മനുഷ്യരുണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ‘നാദിയാ മുറാദിന്റെ ജീവിതകഥ നമ്മളുടെ ഉള്ളു കീറിമുറിക്കും. എ.എ.റഹീമിന്റെ പ്രസംഗത്തിലാണ് നൊബേൽ പുരസ്ക്കാര ജേതാവായ നാദിയയുടെ കഥ കേൾക്കുന്നത്. അപ്പോൾ മുതൽ വായിക്കാൻ തീരുമാനിച്ചതാണ്. നാം ജീവിക്കുന്ന സമൂഹത്തോടും, അതിലെ രാഷ്ട്രീയത്തോടും പരമപുച്ഛത്തോടെ നോക്കി കാണുകയും, അതിനോടെല്ലാം വല്ലാത്ത നീരസവും നിസ്സംഗതയുമുള്ള പുതിയ തലമുറയിലെ ഒരുവളുടെ ഈ കഥ ലോകത്തിലെ മുഴുവൻ യൗവ്വനത്തിനേയും പ്രചോദിപ്പിക്കുന്നതാണ്. കഥയെന്നു കേൾക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുമ്പുള്ള കെട്ടുകഥയായി കരുതരുത്. 1993ൽ ജനിക്കുകയും 2018ൽ നോബേൽ സമ്മാനം നേടുകയും ചെയ്ത നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഒരാളുടെ സമാനതകളില്ലാത്ത ജീവിത പോരാട്ടാമാണത്. എന്റെ അതേ പ്രായമുള്ള ഒരു പെൺകുട്ടിയുടെ അസാധാരണമായ ജീവിതാനുഭവം, ഈ വർത്തമാകാലത്തിന്റെ ചരിത്രം കൂടിയാണ്.
ഇറാഖിൽ യസീദി മതത്തിൽ ജനിച്ച ഒരു സാധാരണ പെൺകുട്ടിയായ നാദിയയുടെ ജീവിതത്തിൽ സംഭവിച്ച ഐഎസ്ഐഎസ് എന്ന ഭീകര സംഘടനയുടെ നേതൃത്വത്തിൽ നടന്ന ക്രൂരതകളാണ് ‘ഞാൻ നദിയാ മുറാദ്’ എന്ന പുസ്തകം ഉറക്കെ, ഉറക്കെ വിളിച്ചു പറയുന്നത്. ‘ദി ലാസ്റ്റ് ഗേൾ’ എന്ന നാദിയയുടെ ആത്മകഥ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ട് അധിക വർഷമായിട്ടില്ല. സദ്ദാം ഹുസൈനെ തളർത്താനായി ഇറാഖിനു മേൽ ഉപരോധം പ്രഖ്യാപിച്ച നാളുകളിൽ, അവശ്യസാധനങ്ങൾക്ക് പോലും പഞ്ഞമുണ്ടായിരുന്ന ദുരിതകാലത്ത് അയൽ ഗ്രാമങ്ങളിൽ ചെന്ന് നാദിയയുടെ സഹോദരന്മാർ ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. ഇക്കാലത്തു തന്നെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് സിറിയ – ഐസിസ് എന്ന് പാശ്ചാത്യലോകം പേരിട്ടു വിളിച്ച പുതിയ സംഘടന ശക്തി പ്രാപിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന സ്വയം വിളിക്കുന്ന അക്കൂട്ടർ ഗ്രാമങ്ങൾ പിടിച്ചെടുക്കുകയും, തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന വാർത്തകൾ അവരുടെ നാട്ടിലും പരന്നു. അവർ തല കൊയ്യുന്ന വീഡിയോകൾ എല്ലായിടത്തും എത്തിത്തുടങ്ങി. 2014ലാണ് അവർ മൊസ്യൂൾ കീഴടക്കുന്നത്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസ്യൂളിൽനിന്ന് 130 കിലോമീറ്റർ മാത്രമേ നാദിയയുടെ നാട്ടിലേക്ക് ഉണ്ടായിരുന്നുള്ളൂ, വളരെ പെട്ടെന്ന് തന്നെ ഐസിസ് അവരുടെ നാടിനെ വളയുകയും, തടങ്കലിലാക്കുകയും ചെയ്തു.
ഇസ്ലാമിലേക്ക് മതം മാറാൻ തയ്യാറുള്ളവർക്ക് ഇവിടെ തന്നെ കഴിയാം, അല്ലാത്തവർ ദൂരെ സിഞ്ചർ പട്ടണത്തിനടിയിലുള്ള മലയടിവാരത്തേക്ക് പോകേണ്ടി വരും – ഐസിസ് അന്ത്യശാസന പുറപ്പെടുവിച്ചു. ജനിച്ചപ്പോൾ മുതൽ അനുഷ്ഠിച്ചുപോരുന്ന ആചാരാനുഷ്ഠാനങ്ങൾ കൈവെടിഞ്ഞു മറ്റൊരു മതത്തിലേക്ക് മാറുന്ന കാര്യം അവർക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല. എല്ലാം ഉപേക്ഷിച്ചു കൊണ്ട് അഭയാർത്ഥികളായി പോകാൻ തന്നെ അവർ നിശ്ചയിച്ചു. മൂന്നാംനാൾ ഐസിസ് ചെക്ക് പോയിന്റിൽ നിന്ന് നിർദ്ദേശം എത്തി. എല്ലാവരും തൊട്ടടുത്തുള്ള പ്രൈമറി സ്കൂളിന്റെ മുറ്റത്ത് ഒന്നിച്ചു കൂടണം. അവിടെനിന്ന് മലയടിവാരത്തേക്ക് കൊണ്ടുപോകും. എല്ലാവരെയും ഒരു വാഹനത്തിൽ കയറ്റി സ്കൂളിലേക്ക് കൊണ്ടുപോവുകയും കയ്യിലുള്ളതെല്ലാം വാങ്ങിയെടുക്കുകയും ചെയ്തു. സ്ത്രീകളോടും കുട്ടികളോടും ഒന്നാമത്തെ നിലയിലേക്ക് പോകാനായി പറഞ്ഞയക്കുകയും, പുരുഷന്മാരെ മുഴുവൻ ഒരു ട്രക്കിൽ കയറ്റുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ തുടരെത്തുടരെ വെടിയൊച്ചകൾ കേട്ട് തുടങ്ങി. ട്രക്കുകളിൽ കയറ്റിക്കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ട മുഴുവനാളുകളേയും വെടിവെച്ചു കൊല്ലുകയാണെന്നവർ തിരിച്ചറിഞ്ഞു. മറ്റൊരു ട്രക്കിൽ കയറ്റിക്കൊണ്ടുപോയ സ്ത്രീകളുടെയും, കുട്ടികളുടെയും കൂട്ടത്തിൽ തന്നെ പാതിവഴിയിൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം മറ്റൊരു ടൂറിസ്റ്റ് ബസ്സിലേക്ക് മാറ്റി കയറ്റിക്കൊണ്ടുപോയി. ആ വാഹനത്തിൽ വച്ചുതന്നെ അജാനബാഹുവായ ഒരു മനുഷ്യൻ തന്റെ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ഞെരിക്കുന്നത് അറിഞ്ഞാണവൾ ഞെട്ടി ഉണരുന്നത്!
‘നിങ്ങളെല്ലാവരും ഐസിസിന്റെ ‘സബിയ്യ’മാരാണ് ലൈംഗിക അടിമകൾ’ -ഇഷ്ടത്തിനനുസരിച്ച് വാങ്ങുകയും വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യും. ബസ്സിനുള്ള പെൺകുട്ടികൾ അടിമച്ചന്തയിലേക്കുള്ള യാത്രയിലായിരുന്നു. രാത്രി വൈകി അടിമച്ചന്തയിൽ എത്തിയ അവരെ വാങ്ങാൻ വരുന്നവരും, വിൽക്കാൻ വരുന്നവരും, കച്ചവടം നിയന്ത്രിക്കുന്നവരും എല്ലാം ഐസിസിന്റെ ചെകുത്താൻമാരാണെന്ന് തിരിച്ചറിഞ്ഞവർ പെൺകുട്ടികളെ കണ്ണുകൊണ്ടളന്ന്, വയസ്സ് അന്വേഷിച്ച് മുടിമുതൽ നഖംവരെ പരിശോധിച്ചു, ആവശ്യക്കാർ സ്വന്തം സബിയ്യ വാങ്ങി തുടങ്ങി. ഒരുമിച്ചു ചേർന്നിരുന്ന് കൈകൾ പുറത്തുപിടിച്ച് അവർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, പെണ്ണുടലിനെ ചരക്കായി കാണുന്നവർക്ക് ഒടുവിൽ കീഴടങ്ങേണ്ടി വന്നു.
നാദിയെ വാങ്ങിയ ഹാജി സൽമാൻ ‘നീ എന്റെ നാലാമത്തെ സബിയ്യയാണ്’ എന്നാണ് പറഞ്ഞത്. പാപികളായ സ്ത്രീകളെ രക്ഷിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. ശരീരം ഈ ചെകുത്താന്മാർ അടിമപ്പെടുത്തിയാലും, ആത്മാവെന്നും യസീദി തന്നെ ആയിരിക്കുമെന്ന് നാദിയ മനസ്സിൽ പറഞ്ഞു. ചാടി പോകാൻ ശ്രമിച്ചാൽ ശിക്ഷ കടുത്തതായിരിക്കും. ഹാജി സൽമാൻ ഇടയ്ക്കിടെ നാദിയയെ ഓർമിപ്പിച്ചു. മൃഗീയമായ പീഡനം സഹിക്കവയ്യാതെ ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ, നഗ്നയാക്കി സഹായികൾക്ക് വിട്ടുകൊടുക്കുകയും, പിന്നീട് തെരുവിലേക്ക് ‘പൊതുഅടിമ’യായി വലിച്ചെറിയുകയും ചെയ്തു. അവിടെ നിന്ന് വീണ്ടും മറ്റൊരു ഐസിസ് അമീറിന്റെ വീട്ടിലേക്ക്, അവിടെനിന്ന് ഇറങ്ങിയോടിയ നാദിയ സ്വാതന്ത്ര്യത്തിലേക്കാണ് കടന്നു ചെന്നത്. ഇരുട്ടിനെ ഭയമുണ്ടായിരുന്ന ഒരു പെൺകുട്ടി, രാത്രിയിൽ എത്ര ദൂരം സഞ്ചരിച്ചാണ് ആ ഒരു വീട്ടിൽ അഭയം പ്രാപിച്ചതെന്നറിയില്ല. കുറെ നാളുകൾക്കു ശേഷം സമാധാനമുള്ള ഒരു രാത്രിയിൽ അവൾ ഉറങ്ങി. ആൾമാറാട്ടത്തിലൂടെ, മറ്റൊരു പേരിലെ തിരിച്ചറിയൽ കാർഡുമായി അതിർത്തി കടക്കാൻ അവൾ ഒരുങ്ങി. അഭയം തേടി ചെന്ന കുടുംബത്തിലെ മകനായ നാസറിന്റെ സഹായത്തോടെ അതിസാഹസികമായ നാടകത്തിലൂടെ ടൈഗ്രീസ് നദിയും കടന്ന് അതിർത്തിക്ക് അപ്പുറത്തുനിന്ന് നിക്കാഹ് അഴിച്ചു മാറ്റി അവൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
രക്ഷപ്പെട്ടു വന്നെങ്കിലും കഴിഞ്ഞതെല്ലാം ദുസ്വപ്നമായി മറക്കാൻ നാദിയക്കായില്ല. ഐസിസ് തടവിൽ കഴിയുന്ന പെൺകുട്ടികളെ കുറിച്ചുള്ള ചിന്തകൾ അവളുടെ ഉറക്കം കെടുത്തി. ഐസിസ് തന്നോടും കുടുംബത്തോടും കാണിച്ച ക്രൂരതകൾ ലോകത്തോട് വിളിച്ചു പറയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. ചെയ്തുകൂട്ടിയ ആസുരതകൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ തന്നെ കൊണ്ടാവുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ അവൾ തീരുമാനിച്ചുറച്ചു. അങ്ങനെയാണ് അവൾ ഇംഗ്ലണ്ടിലെ മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകമായ ‘അമാൽ ക്ലൂണി’യെ കാണാൻ തീരുമാനിച്ചത്. നാദിയയെ ഇന്ന് ലോകം അറിയുന്ന നാദിയ മുറാദാക്കി മാറ്റിയത് 2016ലെ ആ കൂടിക്കാഴ്ചയായിരുന്നു. അഭിഭാഷക – കക്ഷി എന്ന നിലയിലല്ലാതെ ഇരുവരും തമ്മിൽ വലിയൊരു കൂട്ടുകെട്ടും ഉണ്ടായി. ഒരു തുള്ളി കണ്ണുനീരുപോലും വീഴ്ത്താതെയാണ് തനിക്ക് നേരിടേണ്ടി വന്ന കൊടും പീഡനങ്ങളുടെ കഥ നാദിയ അവളോട് പറഞ്ഞത്. പറയുന്നതിൽ ഒരു തുള്ളി പോലും കളവില്ലെന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അമാലിനും വ്യക്തമായി. നാദിയ മുറാദിനും അമാൽ ക്ലൂണിക്കും ഐക്യരാഷ്ട്രസഭയിൽ സംസാരിക്കാൻ അതേ വർഷം അവസരം ലഭിച്ചു. തന്റെ ദുരിതകഥകൾ കണ്ണീരോടെ നാദിയ വിവരിച്ചപ്പോൾ, മുഴുവൻ ലോകരാജ്യ പ്രതിനിധികളെയും കണ്ണുതുറപ്പിക്കുന്നതായിരുന്നു അമാലിന്റെ പ്രസംഗം. കൂട്ടക്കൊലയും അടിമത്വവും ഇപ്പോഴും തുടരുന്നുവെന്ന് അംഗങ്ങളെ ഓർമിപ്പിച്ച അമാൽ, യസീദികളോട് കാട്ടിയ ക്രൂരതയുടെ പേരിൽ ഒരു ഐസിസ് അംഗവും നിയമനടപടി നേരിടുന്നില്ലെന്ന് കാര്യവും ഓർമിപ്പിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ മുന്നിൽ സംസാരിക്കാൻ എനിക്ക് ലഭിക്കുന്ന ആദ്യത്തെ അവസരമാണിത്. ഇവിടെ ഇങ്ങനെ നിൽക്കാൻ സാധിച്ചതിൽ ന്യായമായി എനിക്ക് അഭിമാനം തോന്നേണ്ടതാണ്, പക്ഷേ എനിക്ക് അഭിമാനിക്കാനാകുന്നില്ല, പകരം നാണക്കേടാണ് മനസ്സിൽ നിറയുന്നത്. കൂട്ടക്കുരുതികൾ തടയാനോ, കുറ്റവാളികളെ ശിക്ഷിക്കാനോ മുതിരാതെ സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന അംഗരാജ്യങ്ങളെ കുറിച്ച് ഓർത്ത് എനിക്ക് നാണക്കേട് തോന്നുന്നു. എന്റെ ശിരസ്സ് കുനിയുകയാണ്. ഇരകൾക്ക് നീതി ലഭിക്കില്ലെന്ന് മാത്രമല്ല, അവരുടെ പരാതികൾ പോലും ആരും കേൾക്കാൻ കൂട്ടാക്കുന്നില്ല. പെണ്ണായതിലും എനിക്കിപ്പോൾ നാണക്കേട് ഉണ്ട്, കാരണം നാദിയെ പോലുള്ള ഒരുപാട് പെൺകുട്ടികളുടെ ശരീരങ്ങൾ യുദ്ധക്കളത്തിൽ വിൽക്കപ്പെടുകയാണ്. മനുഷ്യജീവിയെന്ന നിലയ്ക്ക് അത്തരം കുട്ടികളുടെയും സ്ത്രീകളുടെയും കരച്ചിലും അവഗണിക്കേണ്ടി വരുന്നതിനും എനിക്ക് നാണക്കേടുണ്ട്. മനുഷ്യാവകാശങ്ങൾ അക്കമിട്ട് നിരത്തിയ അമാൽ ഇതിനെതിരെ നടപടിയെടുക്കേണ്ടത് ലോകരാജ്യങ്ങളുടെ ബാധ്യതയാണെന്ന് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ഭീകരത പടർത്തുന്ന കുറ്റവാളി സംഘത്തിന് പ്രോസിക്യൂട്ട് ചെയ്യാനാവുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കോടതി? അമാൽ ചോദിക്കുന്നു. ലോകത്ത് നടന്ന അതിക്രൂരമായ വംശഹത്യയെ കുറിച്ചാണ് നാദിയയും അമാലും ഐക്യരാഷ്ട്ര സംഘടനയിൽ ലോകത്തോട് വിളിച്ചു പറഞ്ഞത്. ലോകത്ത് പലയിടത്തായി പല രൂപത്തിൽ നടക്കുന്ന വംശഹത്യകൾ പലപ്പോഴും കുറ്റകരമായ മൗനത്തിന്റെ സഹായത്താൽ വിജയം കാണുകയാണ് ചെയ്യുന്നത്. പലസ്തീനിൽ ഇപ്പോൾ നടക്കുന്നതും അതു തന്നെയാണ്. അവർക്കുവേണ്ടി ഒന്ന് ഉറക്കെ ശബ്ദിക്കാൻ ആരാണുള്ളത്? ഗുജറാത്തിലും മണിപ്പൂരിലും എല്ലാം നാമത് കണ്ടു. രാഷ്ട്രീയത്തിലിടപെടാതെ മാറി നിൽക്കുന്ന ഓരോരുത്തർക്കും ‘നാദിയ മുറാദ്’ ഒരു പാഠപുസ്തകമാണ്.
ഇന്നെനിക്കൊരു പ്രധാനപ്പെട്ട ദിവസമാണ്. തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിവസം. ഭീകരതയെ മാനവികത തറപറ്റിച്ച ദിനം. കൊടിയ ഹിംസക്കിരയായ സ്ത്രീകളും കുട്ടികളും തങ്ങളെ പീഡിപ്പിച്ചവരെ തോൽപ്പിച്ച ദിനം. നോബൽ സമ്മാനം എന്ന് ഞാൻ കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല, ലോകത്തിൻറെ പല ഭാഗങ്ങൾ നടക്കുന്ന ഏറ്റുമുട്ടുകളുടെ കുറിച്ചും കൊലപാതങ്ങളെ കുറിച്ചും എനിക്കറിയില്ലായിരുന്നു. മനുഷ്യർക്ക് പരസ്പരം ഹീനമായ കുറ്റകൃത്യങ്ങൾ നടത്താനാവുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി, വലുതാവുമ്പോൾ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ബ്യൂട്ടിപാർലർ തുടങ്ങി കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ഞാൻ കനവ് കണ്ടിരുന്നത്. ആ സ്വപ്നങ്ങൾ ഞൊടിയിടകൊണ്ട് പേക്കിനാവായി മാറി. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. കൺമുന്നിൽ വച്ച് കൂട്ടക്കൊല സംഭവിച്ചു. എന്റെ അമ്മയെയും, ആങ്ങളമാരെയും, അവരുടെ കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടു. ഓരോ യസീദി കുടുംബത്തിനും ഇതുപോലൊരു കഥ പറയാനുണ്ടാവും. ചിലപ്പോൾ ഇതിനേക്കാൾ ഭീകരമാവും. ഞങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക എന്നതാണ് ഐസിസിന്റെ ലക്ഷ്യം. ഇറാഖിലെയും സിറിയയിലെയും മറ്റേതു ന്യൂനപക്ഷങ്ങളുടെയും സ്ഥിതി ഇങ്ങനെ തന്നെയാണ്. ഒരു സമൂഹത്തെ തുടച്ചുനീക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കുകയാണ് എല്ലാവരും. ഞങ്ങളുടെ ഭവനങ്ങൾ, കുടുംബങ്ങൾ, സംസ്കാരം, ജനത, സ്വപ്നങ്ങൾ എല്ലാം തകർക്കപ്പെട്ടിരിക്കുന്നു. വംശീയ കൊലകളുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. പെൺകുട്ടികൾ ഇപ്പോഴും തടങ്കൽ പാളയത്തിൽ തന്നെ തുടരുന്നു. ലൈംഗികമായും, മാനസികമായും പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകളെ തടവിലാക്കുന്നതും ബലാൽസംഗം ചെയ്യുന്നതും നിർത്തണമെന്നുണ്ടെങ്കിൽ ഇത്തരം കുറ്റവാളികൾക്ക് എതിരെ കടുത്ത നടപടിയെടുത്തേ പറ്റൂ. സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്കൃത സമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്, അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം. അക്രമം വേണ്ട, സമാധാനം വേണം. അടിമത്തം വേണ്ട, സ്വാതന്ത്ര്യം വേണം. വംശീയ വിവേചനം വേണ്ട, സമത്വം വേണം. എല്ലാവർക്കും മനുഷ്യാവകാശങ്ങൾ ഉറപ്പാക്കണം, സ്ത്രീകളോടും കുട്ടികളോടും ഉള്ള ചൂഷണം വേണ്ട, അവർക്ക് സ്വതന്ത്രമായ ജീവിതം ഒരുക്കണം, കുറ്റവാളികളെ സംരക്ഷിക്കേണ്ട, അവരെ നിയമത്തിനു മുന്നിൽ എത്തിക്കണം – 2018 ഡിസംബർ 10ന് നോബൽ സമാധാന പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം നാദിയ മുറാദ് നടത്തിയ ഈ പ്രസംഗം ലോകത്തെ ഇപ്പോഴും ചിന്തിപ്പിക്കുന്നതാണ്. നിലയ്ക്കാത്ത വെടിയൊച്ചകളും, കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലുകളും നാമിന്നും കേൾക്കുകയാണ്. പലസ്തീനിൽ വംശഹത്യക്ക് നേതൃത്വം കൊടുക്കുന്ന ഇസ്രയേൽ എന്ന കുറ്റവാളി രാഷ്ട്രം താൽക്കാലികമായി തോക്കു താഴെ വെച്ചിട്ടുണ്ടെങ്കിലും, യുദ്ധമുൽപാദിപ്പിച്ച ഭീതിയും ഭീകരതയും തുടരുകയാണ്. നാണക്കേട് കാരണം മിണ്ടാതിരിക്കുക എന്ന പൊതു രീതി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് ഇരകളുടെ ശബ്ദമായി മാറിയ അസാമാന്യ ധീരത കാട്ടിയ നാദിയ മുറാദിനെ ഈ യുദ്ധകാലത്ത് ജീവിക്കാനുള്ള പ്രതിരോധമായി വായിച്ചെടുക്കാം. ‘യുദ്ധ കുറ്റങ്ങളുടെ ഇരയായ നാദിയ മുറാദ്’ യുദ്ധത്തിനെതിരെ ഉയർത്തിപ്പിടിക്കാൻ നമുക്കുള്ള പതാകയുമാണ്. ♦