കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെക്കുറിച്ചും, അവിടെ സിപിഐ എമ്മുകാരല്ലാത്തവർക്ക് ജീവിക്കാനാവാത്ത അവസ്ഥയെക്കുറിച്ചും നിരന്തരമെഴുതിയും, ടി വി ബൈറ്റുകൾ നൽകിയും ഉപജീവിക്കുന്ന നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾ പക്ഷേ അത്തരം ഗ്രാമങ്ങളിൽ പിടഞ്ഞുവീണ് ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് സഖാക്കളെ ഒരിക്കലും കാണാറില്ല. പാർടിക്ക് നല്ല ഭൂരിപക്ഷമുള്ളയിടങ്ങളിൽ എന്തിനാണ് അക്രമമെന്ന സാമാന്യയുക്തിയൊന്നും ഈ നിഷ്‌പക്ഷ നാട്യക്കാർ പരിഗണിക്കാറേയില്ല. ആശയങ്ങൾ പരാജയപ്പെടുന്നിടത്താണ് അക്രമം നടത്തുവാൻ മുതിരുന്നത് എന്നതാണ് വാസ്തവം. സമാധാനാന്തരീക്ഷത്തിൽ രാഷ്ട്രീയപ്രചരണം സാധ്യമാവുന്ന അവസ്ഥയാണ് ഏതൊരു ഇടതുപക്ഷക്കാരനും അഭികാമ്യം. അതുകൊണ്ടുതന്നെ അക്രമത്തിന് ആദ്യം ഇറങ്ങുന്നവൻ അവനാവില്ല. “ഞങ്ങൾ ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഈ പ്രദേശത്തെ അഞ്ചു വാർഡുകളിലും ജയിച്ചതാണ് എന്റെ അനുജനെ ഞങ്ങൾക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുവാൻ കാരണം’ എന്ന് പഞ്ചായത്ത് മെമ്പർ കുടിയായ ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗം പി പി ശ്രീനിവാസന്റെ ദുഃഖപൂരിതമായ വർത്തമാനത്തിൽ ഈയൊരു സത്യം തെളിഞ്ഞു നിൽക്കുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് ചെറുകാവ്. മുസ്ലിംലീഗിന് വലിയ സ്വാധീനമുള്ള പഞ്ചായത്ത് ഭരിക്കുന്നത്, യുഡിഎഫ് ആണെങ്കിലും വാഴയൂർ പ ഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പുതുക്കോട് പ്രദേശം സിപിഐ എമ്മിന്റെ എക്കാലത്തെയും ശക്തികേന്ദ്രമാണ്. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഈ പ്രദേശത്തെ ഭൂരിഭാഗം വാർ ഡുകളും ജയിച്ചത് ഇടതുപക്ഷമാണ്. പുതുക്കോട്ടെ സിപിഐ എം പാർടി ബ്രാഞ്ച് ഓഫീസ് നിലകൊള്ളുന്ന വാർഡിൽ 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്, ലീഗ്, ബിജെപി കക്ഷികളുടെ സഹായത്തോടെ മത്സരിച്ച് ജനതാദൾ യു സ്ഥാനാർത്ഥിയാണ് വിജയിച്ചത്. എന്നാൽ ബിജെപിയും യുഡിഎഫും രണ്ടായി മത്സരിച്ചപ്പോൾ സിപിഐ എം സ്ഥാനാർത്ഥി പി പി ശ്രീനിവാസ-ൻ തിരഞ്ഞെടുക്കപ്പെടുകയും ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്‌തു.
പരാജയത്തിൽ സമനിലതെറ്റി – ബിജെപി, ആർഎസ്എസ് സംഘം നടത്തിയ അക്രമത്തിൽ പരിക്കേറ്റാണ് ശ്രീനിവാസന്റെ അനുജനും സിപിഐ എം ചെറുകാട് ലോക്കൽ കമ്മിറ്റി അംഗവും, മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) മലപ്പുറം ജില്ലാ കമ്മറ്റി അംഗവുമായിരുന്ന പി പി മുരളീധരൻ എന്ന വെറും നാൽ പത്താറു വയസ്സു മാത്രം പ്രായമായിരുന്ന സഖാവിനെ 2017 ജനുവരി 19ൽ എന്നന്നേക്കുമായി പ്രസ്ഥാനത്തിനും കുടുംബത്തിനും നഷ്ടപ്പെട്ടത്. പുതുക്കോട്ടെ നല്ലൊരു കർഷകനായിരുന്ന പി പി മുച്ചുണ്ടന്റെയും, ശാരദയുടെയും ഏഴു മക്കളിൽ ഒരാളായ മുരളീധരൻ നാട്ടുകാർക്കാകെ പ്രിയങ്കരനായിരുന്നു. നാട്ടിലെ ഏത് പൊതുകാര്യങ്ങൾക്കും മുൻനിന്ന് പ്രവർത്തിച്ചിരുന്ന സഖാവ് ഒരു കടുത്ത വാക്കുപോലും ആരോടും പറയാനിഷ്ടപ്പെടാത്ത സമാധാന പ്രിയനായിരുന്നു.
2015 നവംബർ മാസത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ എത്തിനിൽക്കെ സിപിഐ എം പ്രവർത്തകർ ബുക്ക് ചെയ്ത്, അരിവാൾ ചിഹ്നം വരച്ച രണ്ട് മതിലുകൾ പുലർച്ചെ മൂന്നു മണിനേരത്ത് ആർഎസ്എസുകാർ അടിയോടെ പൊളിച്ചുകളയുകയും, മതിൽ പൊളിച്ചത് സിപിഐ എം പ്രവർകരാണെന്ന് കുപ്രചരണം നടത്തുകയും ചെയ്തതോടെയാണ് സംഘർഷത്തിന് തുടക്കം. എന്നാൽ കുപ്രചരണങ്ങളെയാകെ തള്ളിക്കളഞ്ഞ് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നല്ല ഭൂരിപക്ഷത്തിൽ ജയിക്കുകയും ബിജെപി രണ്ടാംസ്ഥാനത്താവുകയും ചെയ്‌തോടെ ബിജെപിക്കാരുടെ സമനിലതെറ്റി. തുടർന്ന് നവംബർ 29ന് പകൽ പത്തു മണിയോടെ ഒരു സംഘം ആയുധരികളായ ആർഎസ്‌എസ് ക്രിമിനൽ സംഘം പുതുക്കോട്ടെ സിപിഐ എം ഓഫീസ് സ. അഴീക്കോടൻ മന്ദിരം അടിച്ചു പൊളിക്കുകയും ഓഫീസിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പ്രവർത്തകരെയുംകൊണ്ട് രാമനാട്ടുകര ഗവൺമെന്റ് ആശുപത്രിയിലേക്കു പോകുംവഴി ആർഎസ്എസ് ശക്തികേന്ദ്രമായ കേശവപുരി, രാമദേശത്ത് വെച്ച് സിപിഐ എം പ്രവർത്തകരെ വീണ്ടും ആക്രമിച്ചു. അല്പനേരം കഴിഞ്ഞ് അതുവഴി കഥയൊന്നുമറിയാതെ വന്ന ഡി.വൈ.എഫ്.ഐ പുതുക്കോട് സെക്രട്ടറിയായിരുന്ന മിഥുൻ എന്ന ചെറുപ്പക്കാരനെ ആർഎസ്എസുകാർ വളഞ്ഞുപിടിച്ച് ഒരു തെങ്ങിൽ ചേർത്തുനിർത്തി മാരകമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു. മിഥുനെ ഉടനെ രക്ഷിച്ചില്ലെങ്കിൽ അയാൾ കൊല്ലപ്പെടുമെന്ന വാർത്ത കേട്ടറിഞ്ഞാണ് ചെറുകാട് പഞ്ചായത്തിലെ ഒരു റോഡിൽ ശ്രമദാനം നടത്തിക്കൊണ്ടിരുന്ന മുരളീധരനടക്കമുള്ള പത്തിരുപതോളം സിപിഐ എം പ്രവർത്തകർ രാമദേശത്തേക്ക് ഓടിച്ചെന്നത്. എന്നാൽ നിരായുധരായി ചെന്ന സഖാക്കളെ പുറ്റുപാടുനിന്നും നേരത്തെ സജ്ജമാക്കിവെച്ച കരിങ്കൽച്ചീളുകൾകൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിക്കുകയും, ഇരുമ്പ് പൈപ്പും ദണ്ഡും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തു. മുരളീധരന്റെ ചെവിയുടെ വശത്തായി ദണ്ഡുകൊണ്ട് ഏറ്റ അടിയുടെ ഫലമായി തലയോട്ടി തന്നെ പൊട്ടുകയും, ചോര ചീന്തിവീണ സഖാവിനെ ആർഎസ്എസു കാർ ചുറ്റിലും കൂടിനിന്ന് ഭീകരമായി ആക്രമിക്കുകയുമായിരുന്നു. ബോധരഹിതനായ സഖാവിനെ ആദ്യം ചുങ്കത്തെ ക്രസന്റ് ഹോസ്പി റ്റലിലേക്കും, പരിക്കു കൂടുതൽ ഗുരുതരമായതിനാൽ അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. പരിക്ക് ഒരല്പം ഭേദപ്പെട്ടപ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മുരളി ഒരാഴ്ച് ക്കകം വീണ്ടും ബോധരഹിതനായി വീഴുകയാണുണ്ടായത്. ഒരു വർഷത്തിലേറെക്കാലം കോമ അവസ്ഥയിൽ മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളേജിലുമായി ജീവനുവേണ്ടി പൊരുതിയെങ്കിലും ഒടുവിൽ 2017 ജനുവരി 19ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് ഭാര്യ ഷമിതയെയും പെരിന്തൽമണ്ണ ഇഎംഎസ് ഹോസ്പിറ്റലിലെ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ മിഥുഷയേയും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ മിഥുനേയും തനിച്ചാക്കി ഈ ലോകത്തോട് വിട പറഞ്ഞു.
മാർക്‌സിസ്റ്റ് അക്രമ കള്ളക്കഥകളുമായി നിത്യേന നിറഞ്ഞാടുന്ന മാധ്യമങ്ങൾക്ക് തങ്ങളുടെ പ്രിയങ്കരനായ അച്ഛനെ പറക്കമുറ്റാത്ത പ്രായത്തിൽ നഷ്ടപ്പെട്ട മക്കളുടെയും ഇന്നും ആ ഞെട്ടലിൽ നിന്നും മുക്തയാകാത്ത മുരളീധരന്റെ ഭാര്യയുടെയും കണ്ണുനീർ ഒരു വാർത്തപോലുമല്ലാതെ പോകുന്നത് തങ്ങളുടെ വരേണ്യവർഗ താൽപ്പര്യമല്ലെങ്കിൽ മറ്റെന്താണ്?
തങ്ങളുടെ അന്ത്യം മുഖ്യധാരാമാധ്യമങ്ങൾക്ക് ഒരു പ്രധാന വാർത്ത പോലുമാകാതെ പോയ നൂറുകണക്കിന് രക്തസാക്ഷികളെപ്പോലെത്തന്നെ മുരളീധരന്റെ അന്ത്യവും മുഖ്യധാരാ മാധ്യമങ്ങളിൽ ഒരു വാർത്തയായില്ല എന്നതാണ് വാസ്തവം. ♦