Thursday, May 9, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്പശ്ചിമബംഗാൾ: സാമ്പത്തിക പരിണാമങ്ങളും സാമൂഹിക സാഹചര്യങ്ങളും - 2

പശ്ചിമബംഗാൾ: സാമ്പത്തിക പരിണാമങ്ങളും സാമൂഹിക സാഹചര്യങ്ങളും – 2

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 20

ശ്ചിമബംഗാളിലെ രാഷ്ട്രീയ പരിണാമങ്ങളെ മനസിലാക്കുന്നതിന്, സ്വാതന്ത്ര്യ പ്രാപ്തിയുടെ സമയത്തെ അവിടത്തെ സാമൂഹിക പശ്ചാത്തലം, വിശേഷിച്ച് ഗ്രാമീണ മേഖലകളിലെ ഭൂമിയുടെ മേലുള്ള അധികാരഘടനകൾ സൂക്ഷ്മതലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെന്നപോലെ വൻകിട ഭൂപ്രഭുക്കളുടെ കൈവശത്തിലായിരുന്നു പശ്ചിമബംഗാളിലെയും ഏതാണ്ട് മുഴുവൻ ഭൂമിയും. സർക്കാരിന് ലഭിച്ചിരുന്ന ഭൂനികുതി അധികവും അടച്ചിരുന്നത് കൊൽക്കൊത്തയിലെയും സമീപ പ്രദേശങ്ങളിലെയും ജമീന്ദാർമാരും ബർദ്വാൻ, കോസിംബസാർ തുടങ്ങിയ പ്രദേശങ്ങളിലെ വൻകിട ഭൂപ്രഭുക്കളുമായിരുന്നു. എന്നാൽ ഗ്രാമീണ ഭൂമി യഥാർത്ഥത്തിൽ കൈവശം വെച്ചിരുന്നവർ ഇവരായിരുന്നില്ല. നഗരവാസികളായ യഥാർത്ഥ ഉടമകൾക്ക് വേണ്ടി ഭൂമി കൈകാര്യം ചെയ്തു പോന്നിരുന്നവർ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ജോത്തെദാർ എന്നറിയപ്പെട്ടിരുന്ന വിഭാഗങ്ങളായിരുന്നു. കാർഷികഭൂമിയിൽ യഥാർത്ഥത്തിൽ പണിയെടുത്തിരുന്ന കൂലിവേലക്കാരും അടിമപ്പണിക്കാരും പാട്ടക്കൃഷിക്കാരുമെല്ലാം ഇവർക്ക് കിഴിലായിരുന്നു.

1885ലെ ബംഗാൾ കുടികിടപ്പവകാശ നിയമം ഇത്തരത്തിലുള്ള അദൃശ്യ ഉടമകളുടെ കൃഷിഭൂമിയിലുള്ള അവകാശത്തെ സാധൂകരിച്ചിരുന്നു. ഭദ്രലോക് എന്നറിയപ്പെടുന്ന ഈ വിഭാഗത്തിന്റെ അധികാരവും പദവികളും ഒരു സ്വാഭാവിക വസ്തുതയെന്ന കണക്കെ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചു പോന്നിരുന്നു. ഭൂഉടമസ്ഥത സമ്മാനിച്ച സ്ഥായിയായ സമ്പദ്‌സമൃദ്ധിയിന്മേലാണ് ഇക്കൂട്ടർ ആധുനിക ബംഗാളിന്റെ ആദരണീയമായി കരുതപ്പെടുന്ന ബൗദ്ധിക പാരമ്പര്യങ്ങൾ പടുത്തുയർത്തിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ആധുനിക യൂണിവേഴ്സിറ്റി, ലോകത്തിലെ രണ്ടാമത്തെ ഓറിയന്റൽ പഠന സ്ഥാപനം, ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ കോളേജ് തുടങ്ങിയ പല ബൗദ്ധിക മുന്നേറ്റങ്ങളും ഇതിന്റെ സംഭാവനയാണ്. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടക്കംകുറിച്ചതും ഈ ഭദ്രലോക് വിഭാഗത്തിൽ നിന്നായിരുന്നു. രബീന്ദ്രനാഥ ടാഗോർ എന്ന ബംഗാളിയായ ഒരു ഇന്ത്യക്കാരന് 1913ൽ സാഹിത്യത്തിൽ നോബൽ സമ്മാനം ലഭിക്കുന്നത് വരെയെത്തി ഈ ബൗദ്ധിക മുന്നേറ്റം. എന്നാൽ ഈ മുന്നേറ്റങ്ങൾ പലതും ജനസാമാന്യത്തിലേക്ക് വ്യാപകമായി എത്തിയില്ല. ഭൂമിയുടെ അധികാരത്തിന്മേലുള്ള കടുത്ത കേന്ദ്രീകരണമായിരുന്നു ഇതിനു കാരണം. കേരളത്തിൽ നടന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ നിന്നും ഇത് മൗലികമായി വ്യത്യസ്തമായിരുന്നു. അടിസ്ഥാനവർഗങ്ങളിൽനിന്നുയർന്നുവന്നതായിരുന്നു കേരളത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങൾ. അത് ചെലുത്തിയ സമ്മർദ്ദങ്ങൾ രാജഭരണകാലം മുതൽക്കേ ഈ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് വഴിതുറന്നു. എന്നാൽ യൂറോപ്യൻ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും ആദർശങ്ങളാൽ നയിക്കപ്പെട്ട ഒന്നായിരുന്നു ബംഗാളിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനം. അതുകൊണ്ടുതന്നെ താഴേത്തട്ടിലുള്ളവരുടെ കാര്യമായ സാമൂഹിക ഉന്നമനത്തിന് ഇത് വേണ്ടത്ര ഉതകിയില്ല. ചരിത്രപരമായ ഈ വേരുകൾ സ്വാതന്ത്ര്യാനന്തര ബംഗാളിലും ദൃശ്യമായി. ഇതിനൊരു മാറ്റംകുറിക്കാൻ കാര്യമായ ശ്രമം നടക്കുന്നത് ഏറെ വൈകി, ഇടതുപക്ഷം അധികാരത്തിലേക്കെത്തുന്ന 70 കളുടെ അന്ത്യത്തിലാണ്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭൂപരിഷ്കരണ നിയമങ്ങൾ പേരിന് പല സംസ്ഥാനങ്ങളിലും നിലവിൽ വന്നിരുന്നു. കാർഷികമേഖലയിലെ മുരടിപ്പ് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട ഈ നിയമ പരിഷ്കാരം ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിൽ പലയിടത്തും എന്ന പോലെ പശ്ചിമബംഗാളിലും പേരിനു മാത്രമായി 1955ൽ നിലവിൽ വന്നു. ഗ്രാമീണ ബംഗാളിലെ സംഘർഷങ്ങൾക്ക് പലതിനും തിരി കൊളുത്തിയത് ഭൂപരിഷ്കാരം നടപ്പിൽ വരുത്തുന്നതിൽ സംസ്ഥാന സർക്കാർ നടത്തിയ അലംഭാവമായിരുന്നു. 20 ഏക്കറിന് മുകളിൽ ഭൂമി കൈവശം വെച്ചിരുന്ന ഭൂപ്രഭു കുടുംബങ്ങളുടെ ശതമാനം 1953‐ -54നും 1971‐72നുമിടയിൽ ഗണ്യമായി കുറഞ്ഞുവെങ്കിലും അതിന്റെ മെച്ചം കർഷകത്തൊഴിലാളികൾക്ക് ലഭിച്ചില്ല. ഭൂരഹിതരായ ചെറുകിട കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ശതമാനം ഈ കാലയളവിൽ 48.55 ശതമാനത്തിൽ നിന്നും 50.74 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ പാട്ടക്കൃഷി 89.57 ശതമാനത്തിൽ നിന്നും 96.44 ശതമാനമായി ഉയർന്നു. കാർഷിക മേഖലയുടെ രൂക്ഷമായ മുരടിപ്പിലേക്കും ഗ്രാമീണ ജനതയുടെ വലിയ തകർച്ചയിലേക്കുമാണ് ഇത് പശ്ചിമ ബംഗാളിനെ നയിച്ചത്.

മുൻ ലക്കത്തിൽ സൂചിപ്പിച്ചതുപോലെ വിഭജനം ബംഗാളിലെ വ്യവസായങ്ങളെ കാര്യമായി ബാധിച്ചിരുന്നു. അതോടൊപ്പം കാർഷികമേഖലയിലെ ഈ മുരടിപ്പുകൾ കൂടി രൂക്ഷമായതോടെ പശ്ചിമബംഗാൾ സാമൂഹിക അസമത്വത്തിന്റെ കേന്ദ്രമായി മാറി. പഴയ പ്രതാപത്തിന്റെ അവശിഷ്ടങ്ങൾ പേറുന്ന കെട്ടിടങ്ങളും അവയ്ക്ക് ചുറ്റും ചേരികളുമുള്ള നഗരങ്ങൾ. ദാരിദ്ര്യത്തിന്റെ കേന്ദ്രമായ ഗ്രാമങ്ങൾ. കിഴക്കേ ഇന്ത്യയുടെയാകെ വ്യവസായിക വാണിജ്യ കേന്ദ്രമായി സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ നിലകൊണ്ടിരുന്ന പ്രദേശമാണ് ഇത്തരത്തിൽ തകർന്നത് എന്നു കൂടി ഓർക്കേണ്ടതുണ്ട്. വളരെ സങ്കീർണമായ ഈ ഭൂമികയിലാണ് ഇടതുപക്ഷത്തിന്റെ കൊടിക്കൂറ മെല്ലെ ഉയരുന്നത്.

ഭൂപരിഷ്കരണവും കാർഷികമേഖലയുടെ പുരോഗതിയും ഗ്രാമീണമേഖലയിലെ അധികാരവികേന്ദ്രീകരണവുമാണ് ഇടപതുപക്ഷ സർക്കാർ ഇവിടെ ആദ്യം വിജയകരമായി നടപ്പിലാക്കിയത്. കാർഷികോല്പാദനം, വിശേഷിച്ച് അരിയുടെ ഉല്പാദനം 1980കളിൽ ഗണ്യമായി വർദ്ധിച്ചു. ഇതിന്റെ സുപ്രധാന കാരണം ഭൂപരിഷ്കരണമായിരുന്നു. തങ്ങൾ ഉല്പാദിപ്പിക്കുന്നത് തങ്ങൾക്കു തന്നെ ലഭിക്കും എന്ന ചിന്ത കാർഷികമേഖലയിലുണ്ടാക്കിയ ഉണർവ് വളരെ വലുതായിരുന്നു. അധിക വിളവ് തരുന്ന ബോറോ നെൽകൃഷി സങ്കേതങ്ങളും ഇതിന് കാരണമായി. ഏറ്റവും കൂടുതൽ നെല്ലുല്പാദിപ്പിക്കുന്ന സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. ഇന്ത്യയിലെ ആകെ ഉല്പാദനത്തിൽ 15 ശതമാനം ഇവിടെനിന്നുമാണ് എന്ന നില കൈവരിച്ചു. ബോറോ കൃഷിയുടെ വളർച്ച 1980കളിൽ 12 ശതമാനമായിരുന്നു, ഭക്ഷ്യോത്പാദനത്തിന്റെ ആകെ വളർച്ച 5 .5 ശതമാനവും.

പഞ്ചാബ് പോലെയുള്ള ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഹരിതവിപ്ലവം കൊണ്ടുവന്ന കാർഷികോല്പാദന വളർച്ചയുടെ മെച്ചം ധനിക കർഷകർക്കായിരുന്നുവെങ്കിൽ ഭൂപരിഷ്കരണം നടപ്പിൽ വന്ന പശ്ചിമബംഗാളിൽ അത് ചെറുകിട കർഷകർക്കായിരുന്നു. ബോറോ കൃഷി സമ്പ്രദായം തൊഴിൽകേന്ദ്രീകൃതമായിരുന്നു. അതുപോലെ ചെറുകിട ഭൂ ഉടമസ്ഥർക്ക് അനുയോജ്യവും. 1980കൾ ബംഗാളി ഗ്രാമീണ ജനതയുടെ ചരിത്രത്തിലെ ഏറ്റവും മെച്ചപ്പെട്ട ദശകമായി അങ്ങിനെ മാറി. ഈ മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത ഇടതുപക്ഷ സർക്കാരിനെ ബംഗാളി ജനത നെഞ്ചേറ്റുകയും ചെയ്തു.

എന്നാൽ 90കളുടെ മധ്യത്തോടെ ഈ വളർച്ച കുറഞ്ഞു. ഇതിന് പല കാരണങ്ങളുണ്ട്. വലിയതോതിൽ ജലം ഉപയോഗിക്കുന്ന ബോറോ കൃഷി സമ്പ്രദായം അക്കാരണം കൊണ്ടു തന്നെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് പരിമിതികൾ നേരിട്ടു. ഉല്പാദനക്ഷമതയുടെ വർദ്ധനവും ദുഷ്കരമായി. ഉദാരവൽക്കരണത്തിലേക്ക് ഇന്ത്യ തീവ്രമായി കുതിച്ച ദശകമായിരുന്നു 90കൾ. ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങളുടെ കമ്പോള സാധ്യതകളെ ഇത് ദോഷകരമായി ബാധിച്ചു. കാർഷികോത്പന്നങ്ങളുടെ വിലയിടിവിന് ഇത് കാരണമായി. നെൽകൃഷിയിൽനിന്നുള്ള ലാഭം ഗണ്യമായി കുറഞ്ഞു. അത് പങ്കുവെയ്ക്കുന്ന വിഭാഗങ്ങളെ അത് ദോഷകരമായി ബാധിച്ചു. ഇതിന്റെയൊക്കെ ഫലമായി ഗ്രാമീണമേഖലകളിലെ പണിയെടുക്കുന്നവരുടെ ശതമാനം 1991ൽ 38 ശതമാനമായിരുന്നത് 2001ൽ 20.4 ശതമാനമായി കുത്തനെ കുറഞ്ഞു . ബോറോ കൃഷി 5 ശതമാനവും മൊത്തം കാർഷികോല്പാദനം 2 ശതമാനവും കണ്ട് 1990കളിൽ കുറഞ്ഞു. കാർഷികമേഖലയിൽ പ്രതിസന്ധികൾ മെല്ലെ രൂപപ്പെട്ടു.

സ്വാതന്ത്ര്യാനന്തരകാലത്ത് ബംഗാളിലെ വ്യവസായമേഖല നേരിട്ട തകർച്ചയുടെ ചിത്രം കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചിരുന്നു. സ്വകാര്യമേഖലയിലെ മുരടിപ്പിനൊപ്പം പൊതുമേഖലയിലെ വ്യവസായ മുതൽമുടക്കും 1960കളുടെ മധ്യത്തോടെ ഗണ്യമായി കുറഞ്ഞു തുടങ്ങിയിരുന്നു. 1965ലെ ഇന്ത്യ‐പാക്കിസ്ഥാൻ യുദ്ധം ഇതിന് തുടക്കമിട്ടു. തുടർന്നുള്ള വർഷങ്ങളിലെ ക്ഷാമം ഇതിനാക്കം കൂട്ടി. വൻകിട വ്യവസായങ്ങളുടെ തകർച്ച തിരിച്ചുപിടിക്കാനാവാത്ത സ്ഥിതിയിൽ അകപ്പെട്ടു.

പശ്ചിമബംഗാളിലെ വ്യാവസായികബന്ധങ്ങൾ അവിടത്തെ വ്യവസായങ്ങളുടെ തകർച്ചയ്ക്ക് കാരണമായി പറയപ്പെടാറുണ്ട്. മുകളിൽ പരാമർശിച്ച കാരണങ്ങൾ ഒന്നുംതന്നെ തൊടാതെയുള്ള വർത്തമാനമാണിത്. എന്നാൽ ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കും അവർ നടത്തിയ പ്രക്ഷോഭങ്ങൾക്കും ബംഗാളിലെ വ്യവസായികമേഖലയുടെ തകർച്ചയുമായി നേരിട്ടൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. യഥാർത്ഥത്തിൽ 1980കൾ മുതൽ അവ ദുർബലപ്പെടുകയാണുണ്ടായത്. സംഘടിത ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ 1990കളിൽ കൂടുതൽ ദുർബലപ്പെട്ടു. സംഘടിത മേഖലയിലെ തൊഴിലുകളിൽ വന്ന കുറവ് ഇതിന് ഒരു കാരണമാണ്. 15 മില്ലുകളിലെ ലോക്ക്ഔട്ട് മൂലം 45000 തൊഴിലാളികളുടെ ജോലിയാണ് 1987‐90ൽ നഷ്ടപ്പെട്ടത്. കേന്ദ്ര ഗവണ്മെന്റ് നയങ്ങൾ ബംഗാളിലെ വ്യാവസായിക തകർച്ചയുടെ നിർണായക കാരണങ്ങളിലൊന്നാണ്. തികച്ചും ശത്രുതാപരമായ സമീപനമാണ് ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ കേന്ദ്രം പശ്ചിമബംഗാളിനോട് കാട്ടിയത്. ഉദാരവൽക്കരണ നയങ്ങൾ ശക്തമാവുകകൂടി ചെയ്തതോടെ വൻകിട വ്യവസായമേഖലയിൽ പുരോഗതിയുണ്ടാക്കുകയെന്നത്‌ സംസ്ഥാന സർക്കാരിന്റെ കയ്യിൽ നിൽക്കുന്ന കാര്യമല്ലാതായി മാറി.

ഇതിന്റെയൊക്കെ ഫലമായി 1980നും 1990നുമിടയിൽ ഫാക്ടറി തൊഴിലാളികളുടെ എണ്ണം 875000ത്തിൽ നിന്നും 779000 ആയി കുറഞ്ഞു.1980നും 1995നുമിടയിൽ മൈനുകളിൽ പണിയെടുക്കുന്നവരുടെ എണ്ണം 128000ത്തിൽ നിന്നും 96000 ആയി കുറഞ്ഞു.

ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ കാലയളവിലും തുടർന്നുള്ള നാളുകളിലും വലിയതോതിലുള്ള അഭയാർത്ഥി പ്രവാഹമാണ് കിഴക്കൻ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഉണ്ടായത്. പശ്ചിമബംഗാൾ സർക്കാരിന്റെ കണക്കനുസരിച്ച് 1946നും 1970നുമിടയിൽ 44 .5 ലക്ഷം അഭയാർത്ഥികളാണ് കിഴക്കൻ ബംഗാളിൽ നിന്നും പശ്ചിമബംഗാളിലെത്തിയത്. 1971നും 1980നുമിടയിൽ 20 ലക്ഷം പേരും അഭയാർത്ഥികളായെത്തി. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ദാരിദ്ര്യത്തിനും അസമത്വത്തിനും ആക്കം കൂട്ടാൻ ഇത് സുപ്രധാന കാരണമായി. അസംഘടിതമേഖലയിലെ ദരിദ്ര തൊഴിലാളികളുടെ എണ്ണം വലിയതോതിൽ വർധിക്കുന്നതിന് ഇത് കാരണമായി.

എൺപതുകളിലുണ്ടായ കാർഷികാഭിവൃദ്ധിയും അതിനിടയാക്കിയ കാരണങ്ങളും നാം വിശദമായി പരിശോധിച്ചു. അതിന് നേതൃത്വം കൊടുത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ടായ വലിയ പിന്തുണ മൂന്ന് ദശകം നീണ്ട തുടർഭരണത്തിന് സുപ്രധാന കാരണമായി മാറി. എന്നാൽ പിൽക്കാലത്ത് പല കരണങ്ങളാലുണ്ടായ കാർഷിക മുരടിപ്പും ഗ്രാമീണമേഖലകളിൽ അത് വിതച്ച അസ്വസ്ഥതകളും രാഷ്ട്രീയ ഉപരിഘടനയിലും പ്രതിഫലിച്ചു. വ്യാവസായിക നിക്ഷേപങ്ങളിൽ നിന്നുള്ള കേന്ദ്രസർക്കാരിന്റെ പിന്മടക്കവും ഇന്ത്യയിലെ നിയോലിബറൽ യുഗത്തിന്റെ ആരംഭവും പശ്ചിമ ബംഗാളിലെയും അസമത്വങ്ങളെ കൂടുതൽ രൂക്ഷമാക്കി. നിലവിലുള്ള സർക്കാരിനെതിരായ പ്രതികരണങ്ങളായി ഇതുമാറി. ഇതും രാഷ്ട്രീയ ചലനങ്ങൾക്കിടയാക്കി. വളരെ ദുർബലമായ സാഹചര്യങ്ങളിൽ കഴിയുന്ന അസംഘടിതമേഖലയിലെ വലിയൊരു വിഭാഗത്തെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളിലേക്ക് നയിക്കാൻ ഇത് സ്വാഭാവികമായും വഴിതുറന്നു. രാഷ്ട്രീയസ്ഥിരതയും അസ്ഥിരതയും സാമ്പത്തിക സാഹചര്യങ്ങളുമായി എങ്ങിനെയൊക്കെ ചേർന്നു പോകുന്നുവെന്ന് പഠിക്കാൻ പശ്ചിമബംഗാൾ നല്ലൊരു പാഠമാകുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + 2 =

Most Popular