Friday, November 22, 2024

ad

Homeനാടൻകലപയ്യമ്പള്ളി ചന്തു തെയ്യം

പയ്യമ്പള്ളി ചന്തു തെയ്യം

പൊന്ന്യം ചന്ദ്രൻ

സുമാർ മുന്നൂറ്റിയമ്പത് വർഷംമുമ്പ്‌ മലബാറിൽ ജീവിച്ചുപോന്ന കളരി അഭ്യാസികളിൽ പ്രധാനിയെന്ന നിലയിൽ മാത്രമല്ല പയ്യമ്പള്ളി ചന്തു ചരിത്രത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെടുന്നത്‌. ആഭ്യന്തരകലഹങ്ങൾ കാരണം തകർന്നുപോയ കോട്ടയം രാജകുടുംബത്തിൽ അവശേഷിച്ച പെൺകുട്ടിയെ എടുത്തുവളർത്തിയ ഒരു ബ്രാഹ്മണൻ അവളുടെ സംരക്ഷണം ഏൽപിക്കുന്നത്‌ പയ്യമ്പള്ളി ചന്തുവിനെയായിരുന്നു. ഒരുപാടുപേരെ കളരിയുടെ അഭ്യാസമുറകൾ പഠിപ്പിച്ചിട്ടുള്ള പയ്യമ്പള്ളി ചന്തു; തച്ചോളി ഒതേനന്റെ ഗുരു എന്ന നിലയിലാണ്‌ ഏറെ അറിയപ്പെടുന്നത്‌. സുഹൃത്തായ കോമപ്പക്കുറുപ്പ്‌ പയ്യമ്പള്ളി ചന്തുവിനെ പൂഴിക്കടകൻ എന്ന പ്രയോഗം പഠിപ്പിക്കുന്നത്‌, കളരിയിലെ മുടിചൂടാമുന്നനായി അറിയപ്പെടുന്ന പയ്യനാട്‌ ചിണ്ടൻ നമ്പ്യാരെ കളരിയിൽ അടിയറവ്‌ പറയിക്കാൻ വേണ്ടിയായിരുന്നു. തച്ചോളി ഒതേനനെപ്പോലെ വീരപുരുഷ പരിഗണനയിൽപെടുന്ന പയ്യമ്പള്ളി ചന്തുവിന്റെ വീരകഥകൾ പ്രകടമാക്കുന്ന തെയ്യങ്ങൾ നൂറ്റാണ്ടുകളായി മലബാറിലെ നാലോ അഞ്ചോ സ്ഥലങ്ങളിലെങ്കിലും കെട്ടിയാടുന്നുണ്ട്‌. കണ്ണൂർ മാണിക്കക്കാവിലും പാനൂർ പാലത്തായി കുന്നിലെ ഭഗവതി ക്ഷേത്രത്തിലും കതിരൂർ ചോയൻരയരോത്ത്‌ ശ്രീ പയ്യമ്പള്ളി ക്ഷേത്രത്തിലും ഈ നിലയിൽ പയ്യമ്പള്ളി ചന്തുവിന്റെ തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട്‌.

ഒളിയുദ്ധത്തിൽ ഏറെ വൈദഗ്‌ധ്യം നേടിയവരും ശത്രുസേനയെ വിദഗ്‌ധമായി നേരിടുന്നതിൽ അസാമാന്യ പാടവം പ്രകടിപ്പിച്ചവരായിരുന്നു വയനാടിലെ കുറഗ്‌ ആദിവാസികൾ. ഇവരുടെ അധീനതയിലായിരുന്ന പ്രദേശമായിരുന്നു തെക്കൻ വയനാട്‌. കോട്ടയത്തിന്റെ അധീനതയിലുള്ള ഈ പ്രദേശം പിടിച്ചടക്കുന്നത്‌ പയ്യമ്പള്ളി ചന്തുവിന്റെ നേതൃത്വത്തിലുള്ള പടയാളികളായിരുന്നു.

ആയോധനമുറയിൽ ഏറെ വൈദഗ്‌ധ്യം നേടിയ വ്യക്തിയായിരുന്നു ചിണ്ടൻ നമ്പ്യാർ. ചിണ്ടൻ നമ്പ്യാരെ കീഴ്‌പ്പെടുത്തണമെന്നത്‌ തച്ചോളി ഒതേനന്റെയും ആഗ്രഹമായിരുന്നു. ചിണ്ടൻ നമ്പ്യാരുടെ ആയോധനകലയിലെ കഴിവ്‌ സംബന്ധിച്ച്‌ കോമപ്പക്കുറിപ്പിന്‌ നല്ല ബോധ്യമുണ്ടായിരുന്നു. തന്നെക്കാൾ കായികബലമുണ്ടായിരുന്ന ഏതൊരാളെയും കീഴ്‌പ്പെടുത്താനുള്ള ആഗ്രഹം ഒതേനന്റെ ശീലമായിരുന്നു. അപകടസാധ്യത തിരിച്ചറിഞ്ഞുകൊണ്ടാണ്‌ കോമപ്പക്കുറുപ്പ്‌, ചിണ്ടൻ നമ്പ്യാരുമായുള്ള പയറ്റിൽനിന്ന്‌ ഒതേനനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്‌. ആരുടെ ഭാഗത്തുനിന്നുമുള്ള പിന്തിരിപ്പിക്കൽ ശ്രമത്തിനും ഒതേനന്റെ വീര്യം കെടുത്താൻ കഴിയുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെയായിരുന്നു പയ്യമ്പള്ളി ചന്തുവിന്‌ മാത്രം പരിചിതമായിരുന്ന പൂഴിക്കടകൻ പ്രയോഗം ഒതേനനെ പഠിപ്പിച്ചത്‌. പൂഴിക്കടകൻ എന്ന ചതിപ്രയോഗത്തിന്റെ പിൻബലത്തിലാണ്‌ ഒതേനന്‌ ചിണ്ടൻ നമ്പ്യാരെ വധിക്കാൻ സാധിച്ചത്‌.

കോട്ടയത്തിന്റെ അധീനതയിലുള്ള തെക്കേ വയനാട്‌ പ്രദേശം കീഴ്‌പ്പെടുത്തിയശേഷമുണ്ടായ അനിഷ്‌ഠസംഭവത്തിലാണ്‌ പയ്യമ്പള്ളി ചന്തു കൊല്ലപ്പെടുന്നത്‌. തെക്കെ വയനാട്‌ അധീനതയിലാക്കിയശേഷം തന്റെ പടയാളികളോടൊപ്പം താമരശ്ശേരിയിൽ തിരികെയെത്തിയതായിരുന്നു പയ്യമ്പള്ളി ചന്തു. താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കിണറ്റിൽനിന്നും വെള്ളം കോരി കുടിക്കുന്നതിനിടെ വെടിയേറ്റ്‌ മരിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. കുറഗ്‌ വംശജ പടയാളി കിണറിനകത്തുനിന്നും വെടിവെക്കുകയായിരുന്നു. വെടിയേറ്റ്‌ കിണറ്റിലേക്ക്‌ വീണ പയ്യമ്പളളി ചന്തു മരിച്ചോ എന്നറിയാൻ കിണറ്റിലേക്ക്‌ എത്തിനോക്കിയ കുറഗന്‌ നേരെ, പയ്യമ്പള്ളി ചന്തു തന്റെ വാൾ ഊക്കോടെ എറിഞ്ഞ്‌ തലതെറിപ്പിച്ചു എന്നും പറയുന്നുണ്ട്‌.

നരിക്കോട് മുതൽ ഇരുപത്തിഒൻപതാം മൈൽ താമരശ്ശേരി പോകുന്ന വഴി പടച്ചോന്റെ വഴി എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. പെരുവ, പന്നിയോട്, ചെന്നപ്പോയിൽ, ചെമ്പൂകാവ്, ചേക്കേറി തുടങ്ങിയ സ്ഥലങ്ങൾ കടന്നാണ് ഇരുപത്തി ഒൻപതാം മൈലിൽ എത്തുക. ഈ വഴി ഇപ്പോഴും സർക്കാരിന്റെ വനംവകുപ്പ് വർഷത്തിൽ ഒരിക്കൽ വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കുന്നുണ്ട്.

പയ്യമ്പള്ളി ചന്തുവിന്റെ ആയുധം (വാളും പരിചയും) കോളയാടിനടുത്ത പെരുവയിൽ സൂക്ഷിച്ചിട്ടുണ്ട്‌. ഉപ്പാട്ടി എന്നവരുടെ വീട്ടിലാണ്‌ ആയുധമുള്ളത്‌. പയ്യമ്പള്ളി ചന്തുവിനോടുള്ള ആരാധനുടെടൊഗമായി തെയ്യം കെട്ടുന്ന കതിരൂർ ചോയൻ രയരോത്ത്‌ തറവാട്ടിലെ കാവിനടുത്ത്‌ നൂറ്റാണ്ടുകളായി ആൾപ്രവേശമില്ലാത്ത ഒരു പറമ്പുണ്ട്‌. ഈ പറമ്പിലാണ്‌ പയ്യമ്പള്ളി ചന്തുവിനെ മറവുചെയ്‌തതെന്നു കരുതപ്പെടുന്നു. കാട്‌ വൃത്തിയാക്കാനോ മറ്റ്‌ ആവശ്യങ്ങൾക്കോ പ്രസ്‌തുത പറമ്പിനകത്തേക്ക്‌ ആരും പ്രവേശിക്കാറില്ല. പയ്യമ്പള്ളി ചന്തുവിന്റെ അച്ഛൻ വടകരനിന്നും കതിരൂർ ഭാഗത്തു വന്ന്‌ താമസിച്ച്‌ പഴശ്ശി സൈന്യത്തിലെ ആളുകൾക്ക്‌ പരിശീലനം നൽകിയെന്നാണ്‌ കരുതപ്പെടുന്നത്‌. ചോഴ വിഭാഗത്തിൽപെട്ടവരുടെ തറവാട്ട്‌ പേരിൽനിന്നും ചോളർ എന്നും ഒടുവിൽ ചോയൻ എന്നും രൂപാന്തരപ്പെട്ടു എന്ന്‌ അനുമാനിക്കുന്നുണ്ട്‌. ജനുവരി 24, 25 തീയതികളിലാണ്‌ കതിരൂർ ചോയൻരയരോത്ത്‌ തറവാട്ടിൽ പയ്യമ്പള്ളി ചന്തുവിന്റെ പേരിലുള്ള തെയ്യം കെട്ടിയാടുന്നതെന്ന്‌ പ്രസ്‌തുത തറവാട്ടിലെ അംഗവും റിട്ട. അധ്യാപികയുമായ ചോയൻ രയരോത്ത്‌ രാധയും മകൻ സി ആർ സന്തോഷും പറഞ്ഞു. പണ്ട്‌ മുടക്കമില്ലാതെ തെയ്യം ഉണ്ടായിരുന്നെങ്കിലും അറുപത്‌ കൊല്ലത്തോളം തെയ്യം മുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ പതിമൂന്ന്‌ കൊല്ലത്തോളമായി മുടക്കമില്ലാതെ തെയ്യം കെട്ടിയാടുന്നുണ്ട്‌. പയ്യമ്പള്ളി ചന്തു ചോയൻ കുറുപ്പ്‌ എന്നും അറിയപ്പെട്ടിരുന്നു. താമരശ്ശേരിയിൽ വെള്ളയും കമ്പളവും വിരിച്ച്‌ ഓർമപുതുക്കി തെയ്യം കെട്ടിയാടാറുണ്ട്‌. വീരാരാധനയോടെ മലബാറിലെ ജനത കാണുന്ന ഒതേനനെ പ്പോലെ ആരാധനയോടെ തന്നെയാണ്‌ പയ്യമ്പള്ളി ചന്തുവിനെയും കാണുന്നതെന്ന്‌ ഇവിടങ്ങളിലെ തെയ്യം അവതരണം വ്യക്തമാക്കുന്നുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 3 =

Most Popular