Wednesday, December 18, 2024

ad

Homeപ്രഭാഷണംരാഷ്ട്രീയത്തെ ഹിന്ദുത്വവൽകരിക്കാൻ ശ്രമം

രാഷ്ട്രീയത്തെ ഹിന്ദുത്വവൽകരിക്കാൻ ശ്രമം

പി എൻ ഗോപീകൃഷ്ണൻ

(2024 നവംബർ 22ന്‌ തിരുവനന്തപുരത്ത്‌ നടത്തിയ പി ജി അനുസ്‌മരണ പ്രഭാഷണം)
സ്വാതന്ത്ര്യസമരകാലത്തെ നേതാക്കളെക്കുറിച്ച് ഓർക്കുമ്പോൾ ഇന്ന് അവരൊക്കെ വ്യക്തികൾ എന്നതിലുപരി പാഠപുസ്തകങ്ങളായി മാറിയിട്ടുണ്ട്. നമ്മുടെ ദൈനംദിന ചരിത്രത്തിലായാലും, ദൈനംദിന രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിലായാലും ഒരു പ്രതിസന്ധി വരുമ്പോൾ പ്രഭവങ്ങളിലേക്കാണ് നമ്മൾ തിരിഞ്ഞുനോക്കുന്നത്. ഒരുപക്ഷേ വ്യാഖ്യാനങ്ങളിലേക്കുപോലുമല്ല. മറിച്ച്, ഉത്ഭവങ്ങളിലേക്ക് പോകാനുള്ള പ്രവണത സ്വാഭാവികമായും ഉടലെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പി ജി ഇന്ന് ഒരു പ്രഭവമാണ്. എങ്കിലും പി ജിയെ ഈ 12 വർഷങ്ങൾക്കുശേഷം ഏതുതരത്തിലാണ് പുനർനിർവചിക്കുക എന്നത് പ്രയാസപ്പെട്ട ഒരു കാര്യമാണ്. കാരണം കേരളത്തിൽ നവോത്ഥാന കാലത്തിനുശേഷം വന്നിട്ടുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളുടെ വലിയൊരു പ്രത്യേകത നവോത്ഥാനത്തിന്റെ ഊർജ്ജങ്ങളെ രാഷ്ട്രീയപ്രക്രിയയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്. നവോത്ഥാന കാലഘട്ടത്തിലെ നായകരെക്കുറിച്ച് ധാരാളം പഠനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. നവോത്ഥാനത്തെക്കുറിച്ച് ധാരാളം സംസാരിക്കപ്പെടുന്നുമുണ്ട്. പക്ഷേ ഈ നവോത്ഥാന പ്രക്രിയ എന്നത് കേരളത്തിൽമാത്രം നടന്നതല്ല. അത് ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. ഉദാഹരണത്തിന് മഹാരാഷ്ട്രയെടുക്കാം. കേരളത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളേക്കാൾ തീക്ഷ്‌ണമായ പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിൽ നടന്നിട്ടുണ്ട്. റാനഡെ, മഹാത്മാഫുലെ, സാവിത്രി ഫുലെ തുടങ്ങിയവരുടെ നേതൃത്വത്തിൽ അവിടെ നവോത്ഥാന പ്രവർത്തനങ്ങൾ സജീവമായിരുന്നു.

ബി ആര്‍ അംബേദ്കറും 1925കളിൽത്തന്നെ സാമൂഹ്യപ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട്. പണ്ഡിത രമാഭായി ഇക്കാലത്തുതന്നെ ഉയർന്നുവന്ന പ്രധാനപ്പെട്ട സ്ത്രീ നേതാവാണ്. കേരളത്തിലെ നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോൾ വിവേകാനന്ദൻ ചിക്കാഗോയിൽ പോയതിനെപ്പറ്റി നമ്മൾ ധാരാളമായി സംസാരിക്കാറുണ്ട്. ചെറിയ ക്ലാസ്സുമുതൽതന്നെ അദ്ദേഹം ചിക്കാഗോയിൽവച്ച് വിവേകാനന്ദൻ പ്രസംഗിച്ചതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. സർവ്വമത സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് പങ്കെടുത്ത മറ്റൊരാളാണ് പണ്ഡിത രമാഭായി. ചിത്പവൻ കുലത്തിൽ ജനിച്ച സ്ത്രീയാണവർ. ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്ന സാഹചര്യത്തിൽ വിസ്മരിക്കാൻ കഴിയാത്ത ഒന്നാണ് ചിത്പവൻ ബ്രാഹ്മണ കുലം. എന്നാൽ പണ്ഡിത രമാഭായി അതിനെ ഡി ക്ലാസ് ചെയ്യുകയും മഹാത്മാ ഫുലെയുടെ അടുത്തുചെല്ലുകയും ചെയ്യുന്നു. തുടർന്ന് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവർത്തിക്കുന്നു. അംബേദ്കർക്കൊക്കെ ഹിന്ദു മതത്തിന്റെ പരിമിതി ബോധ്യപ്പെടുന്നതിനുമുന്പുതന്നെ പണ്ഡിത രമാഭായി ഹിന്ദു മതത്തിന്റെ ജീർണതകൾ തിരിച്ചറിയുന്നുണ്ട്. തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുകയാണ് ചെയ്യുന്നത്. ക്രിസ്തുമതം സ്വീകരിച്ചു കഴിഞ്ഞപ്പോൾ അവിടെയും സ്ഥിതി വിപരീതമല്ലെന്ന് തിരിച്ചറിയുന്നു. ജാതിയുടെതായതല്ലെങ്കിലും മറ്റ് ഹയറാർക്കി ക്രിസ്‌തുമതത്തിലും നിലനിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ പണ്ഡിത രമാഭായി ഇതിനെതിരെയും പ്രതികരിച്ചിരുന്നു. നവോത്ഥാന കാലഘട്ടത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു പണ്ഡിത രമാഭായി.

ചിക്കാഗോയിൽ വച്ച് നടന്ന സർവ്വമതസമ്മേളനത്തിൽ വിവേകാനന്ദൻ സർവ്വ സാഹോദര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. എന്നുപറഞ്ഞാൽ ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്വം എന്ന് പറഞ്ഞാൽ ലോകാ സമസ്താ സുഖിനോ ഭവന്തു പോലെയുള്ള വാക്യങ്ങളാണെന്നും അങ്ങനെ സർവ സാഹോദര്യത്തിനായി വാദിക്കുന്ന ഒരു മതമാണ് തന്റേത് എന്നുമാണ് വിവേകാനന്ദൻ പറഞ്ഞത്. അതേസമയം പണ്ഡിത രമാഭായി നേരെ എതിരാണ് പറഞ്ഞത്. ‘‘എന്നെപ്പോലെയുള്ളൊരു സ്ത്രീക്ക് ജീവിക്കാൻ പറ്റാത്ത വിധത്തിലുള്ള അന്തരീക്ഷമൊരുക്കുന്ന ഒരു മതമാണ് ഹിന്ദുമതം’’ എന്നാണ് അതേ സമ്മേളനത്തിൽ രമാഭായി പ്രസംഗിച്ചത്. ഇത്തരത്തിൽ ശക്തരായ നവോത്ഥാന നേതാക്കൾ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്നു. പക്ഷേ മഹാരാഷ്ട്രയുടെ ചരിത്രവും കേരളത്തിന്റെ ചരിത്രവും നോക്കുമ്പോൾ 1947 ആഗസ്റ്റ് 15നുശേഷം, അതായത് ജനാധിപത്യ ഭരണകൂടം ഉടലെടുത്തതിനുശേഷം, മഹാരാഷ്ട്രയിൽ ഈ മൂല്യങ്ങളൊക്കെ അസ്തമിക്കുകയാണുണ്ടായത്. പുതിയ രാഷ്ട്രീയ പരിസരത്തിലേക്ക് നവോത്ഥാന മൂല്യങ്ങളെ കയറ്റിക്കൊണ്ടുവരുവാൻ അവർക്ക് സാധിച്ചിട്ടില്ല എന്നർത്ഥം. ഇതേസമയം കേരളത്തിൽ നടന്നിട്ടുള്ള സൂക്ഷ്മമായ പ്രവർത്തനം നവോത്ഥാന മൂല്യങ്ങളെ ഒരു പരിധിവരെയെങ്കിലും രാഷ്ട്രീയ മൂല്യങ്ങളാക്കി മാറ്റാനുതകുന്നതായിരുന്നു. നമ്മുടെ ഗവൺമെന്റ് രൂപീകരണത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽത്തന്നെ ഇത് സാധിച്ചു എന്നതാണ്. അങ്ങനെ നോക്കുമ്പോൾ ചിലർ അതിന്റെ വാഹകരായി പ്രവർത്തിച്ചിട്ടുണ്ട്‌. നവോത്ഥാനമൂല്യങ്ങളെയും രാഷ്‌ട്രീയമൂല്യങ്ങളെയും അവർ കോർത്തിണക്കി. ചിലരുടെ പ്രവർത്തനങ്ങൾ ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിൽ പി ജിയുടെ വലിയ പങ്ക് എന്ന് പറയുന്നത്‌ അതാണ്. ആകമാനന്ദ സ്വാമിയുടെ അടുത്ത് നിന്നാണ് പി ജി ഇടതുപക്ഷ പ്രവർത്തനത്തിലേക്ക് എത്തുന്നത്.

ഇങ്ങനെ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തിയത് വലിയൊരു മാറ്റം എന്ന നിലയിലാണ് ആളുകൾ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അതൊരു സ്വാഭാവികമായ മാറ്റമാണ്. ആകമാനന്ദ സ്വാമികൾ എന്ന് പറഞ്ഞാൽ ഹിന്ദു സന്യാസപാരമ്പര്യം പിൻപറ്റുന്ന വ്യക്തിയല്ല. ശ്രീനാരായണ ഗുരുതന്നെ വിമത സന്യാസിയാണ്. റിബലാണ് എന്നർത്ഥം. ശ്രീനാരായണഗുരു പറഞ്ഞത് ‘‘എനിക്ക് ഇംഗ്ലീഷുകാരാണ് സന്യാസം തന്നത്’’ എന്നാണ്. ഇംഗ്ലീഷുകാർ സന്യാസം തന്നു എന്ന് പറയുന്നതിന്റെ അർത്ഥം, ജാതിയിൽതാഴ്ന്ന വ്യക്തിയായതുകൊണ്ട് തനിക്ക് സന്യാസം കിട്ടില്ലെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. മാത്രമല്ല ഇംഗ്ലീഷുകാർ ആ സന്യാസത്തിൽ നിയമപരമായി പരിരക്ഷ ഉറപ്പുകൊടുക്കുന്നുമുണ്ട്. ഉദാഹരണമായി ശ്രീനാരായണ ഗുരുവിനോട് നിങ്ങൾ സന്യാസി ആയതുകൊണ്ട് സാധാരണ മനുഷ്യൻ കോടതിയിൽ വരുന്നതുപോലെ ഇടയ്ക്കിടെ ഹാജരാവേണ്ടെന്ന് പറയുന്നുണ്ട്. സന്യാസത്തിന് നിയമപരമായ സാധുത നൽകുന്നുണ്ട്. ആ സാധുതയില്ലായിരുന്നെങ്കിൽ ശ്രീനാരായണഗുരുവിനെ സന്യാസിയായി പിൽക്കാല ഹിന്ദുമത ശൃംഖല അംഗീകരിക്കുമായിരുന്നോ എന്ന വലിയ ചോദ്യം ബാക്കിനിൽക്കുന്നുണ്ട്. ഈ പരമ്പരയിൽപ്പെടുന്ന ഒരാളാണ് ആഗമാനന്ദ സ്വാമികളും. അല്ലാതെ ഒരു സാമ്പ്രദായിക സന്യാസരീതിയിൽ വളർന്നുവന്നിട്ടുള്ള വ്യക്തിയല്ല. അതുകൊണ്ടുതന്നെ അവിടെനിന്ന് പി ജി ഇവിടെയെത്തിയെന്നു പറഞ്ഞാൽ അതൊരു സ്വാഭാവികമായ വളർച്ചയാണ്. നവോത്ഥാന മൂല്യങ്ങളിൽനിന്ന് അതിനെ രാഷ്ട്രീയ മൂല്യങ്ങളാക്കി പരിവർത്തനപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച ആളാണ് പി ജി. അദ്ദേഹത്തിന്റെ വിയോഗം കഴിഞ്ഞ് 12 വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അതൊരു വലിയ കാര്യമായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. പി ജിയെ എങ്ങനെയാണ് ഒറ്റ വാചകത്തിൽ അടയാളപ്പെടുത്തുക എന്നു ചോദിച്ചാൽ “ഇടതുപക്ഷത്തിന്റെ നൈതിക മനസ്സാക്ഷിയായിരുന്നു പി ജി” എന്ന് ഒറ്റവാക്കിൽ പറയാം. ആ വാചകം വലിയ മുഴക്കം സൃഷ്ടിക്കുന്നതാണ്. കാരണം കേരളത്തിലായാലും ഇന്ത്യയിലായാലും മാർക്സിസ്റ്റ്‌ പാർട്ടി പോലെയുള്ള ഇടതുപക്ഷ പ്രസ്ഥാനം പ്രവർത്തിക്കുന്നത് ഒരുപക്ഷേ യൂറോപ്പിലൊ മറ്റിടങ്ങളിലോ പ്രവർത്തിച്ച രീതിയിലാവണമെന്നില്ല. മറിച്ച് അത് പ്രവർത്തിച്ചത് നൈതിക മൂല്യങ്ങളെ ഉള്ളിലാവാഹിച്ചിട്ടാണ്. ഇത്തരം നൈതിക മൂല്യങ്ങളെ ഉള്ളിൽ ആവാഹിക്കുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തുടക്കം സൂക്ഷ്‌മമായി നോക്കിയാൽ അതിന്‌ ഗാന്ധിയൻ എലമെന്റ് ഉണ്ട്; അതിൽ സോഷ്യലിസ്റ്റ് എലമെന്റ് ഉണ്ട്; നെഹ്റൂവിയൻ എലമെന്റ് ഉണ്ട്; ഇങ്ങനെ പലതരത്തിലുള്ള എലമെന്റ്സ് കൂടിയിട്ടാണ് അതിന്റെ നൈതികത ഉണ്ടായിവന്നത്. അതായത് ഇടതുപക്ഷ നേതാക്കൾ മുതൽ നമ്മുടെ ഏറ്റവും അടുത്തുനിൽക്കുന്ന നേതാക്കളുടെ വ്യക്തിജീവിതവും അവരുടെ ചിന്താരീതിയും നോക്കിയാൽ അത് പൂർണമായിട്ടും യൂറോപ്യൻ മാർക്‌സിസ്റ്റ്‌ എന്ന് വിളിക്കാൻ കഴിയുന്ന തരത്തിലല്ല. എന്തെന്നാൽ മറ്റു ചില നൈതികമൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അത്‌. എന്നുവെച്ചാൽ അത്തരം ആളുകളുടെ ഇടതുപക്ഷ ചരിത്രം എന്ന് പറഞ്ഞാൽ മനഃസംഘർഷങ്ങളുടെ ചരിത്രം കൂടിയാണ് എന്നാണ്. അത് നമ്മൾ സാധാരണ പറയുന്ന കാര്യമല്ല. ഒരു പക്ഷേ ആക്കാലത്തെ ഇടതുപക്ഷ പ്രവർത്തകൻ, പി ജിയെപ്പോലെ അത്രയും കാലം ജീവിച്ച ഒരാൾ ഏറ്റവും കൂടുതൽ മനഃസംഘർഷം അനുഭവിച്ചിട്ടുള്ളയാളാണ്. ഇടതുപക്ഷത്തിന്റെ നൈതിക മനസാക്ഷി എന്നുപറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാക്കാലത്തും അത് തന്നെയാവും എന്നാണ് ഞാൻ വിചാരിക്കുന്നത്. നൈതിക മൂല്യങ്ങളാണ് രാഷ്ട്രീയത്തെ പിടിച്ചുനിർത്തുന്നത്. രാഷ്ട്രീയമെന്നത് ടെക്‌നിക്കലാണ്. അഞ്ചുവർഷത്തെ തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് സാങ്കേതികമായിട്ടുള്ള ജനാധിപത്യം എന്ന അർത്ഥത്തിൽ മാത്രമാണ്. ഭരണഘടന അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ അംബേദ്കർ പറഞ്ഞതുപോലെ ജനാധിപത്യം എന്നുപറയുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല. ഏറ്റവും അവസാനത്തെ പ്രഭാവം മാത്രമാണത്. ഏറ്റവും ആദ്യത്തേത് എന്ന് പറഞ്ഞാൽ അതൊരു ഇന്ത്യൻ സമൂഹത്തെ നിർമ്മിച്ചെടുക്കുന്ന ജനാധിപത്യമാണ് .

ജാതിബദ്ധമായിട്ടുള്ള ഒരു ഹിന്ദു ജാതി വ്യവസ്ഥയെ ഇങ്ങോട്ട് എടുത്തുവയ്ക്കാൻ പറ്റില്ല. പുതിയൊരു സമൂഹനിർമ്മിതി വേണം. പുതിയൊരു സമൂഹനിർമ്മിതി നടത്തുമ്പോൾ ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്ന് നിർവചിക്കാൻ കഴിയണം. ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം തുല്യതയിൽ അധിഷ്ഠിതമാവണമെങ്കിൽ ഒരു കൂട്ടായപ്രവർത്തനം ഇതിനകത്ത് നടക്കണം. സാമൂഹ്യ ജനാധിപത്യം എന്ന ആശയം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ ജനാധിപത്യം പോലെ തന്നെയെന്ന് ആദ്യംതന്നെ ഊന്നിപ്പറയുന്നുണ്ട്. അപ്പോൾ ഈ സാമൂഹ്യജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം ഒരു ഫാസിസത്തെയും നമുക്ക് പേടിക്കാനില്ല. കാരണം അത് സുദൃഢമായിട്ടുള്ള ഒരു സമൂഹമാണ്. ആ സമൂഹത്തിനുള്ളിൽ നിരവധിയായ ജനാധിപത്യ പ്രക്രിയ നടന്നുകൊണ്ടിരിക്കും. ഈ പ്രക്രിയകൾ ഓരോ റൗണ്ട് പൂർത്തിയാക്കുന്നതനുസരിച്ച് ജനജീവിതവും സമൂഹജീവിതവും കുറേക്കൂടി ആധുനികവും നൈതികവുമായി മാറിക്കൊണ്ടിരിക്കും. അത്തരമൊരു സമൂഹത്തിന്റെ നിർമ്മാണമാണ് യഥാർത്ഥത്തിൽ ഒരു ജനാധിപത്യത്തെ പരിപോഷിപ്പിക്കുക. ജനാധിപത്യം എന്നത് ഒരിടത്തേക്കും നമ്മളെ കൊണ്ടുപോകുന്ന ഒരു കാര്യമല്ല. നമുക്കറിയാം ഹിറ്റ്ലറും മുസോളിനിയും ഓടുപൊളിച്ചു വന്നവരല്ല. ജനാധിപത്യത്തിലൂടെ വോട്ട് വാങ്ങി ജയിച്ചു വന്നവരാണ്. ഇവരൊന്നും പോയത് ജനാധിപത്യത്തിലൂടെയുമല്ല, യുദ്ധം വഴിയാണ്. രണ്ടാം ലോക യുദ്ധം നടന്നില്ലെങ്കിൽ എന്താവുമായിരുന്നു സ്ഥിതി എന്ന് ചോദിച്ചാൽ അതിനുത്തരമില്ല. ജനാധിപത്യം എന്ന് പറഞ്ഞാൽ നല്ലതോ ചീത്തയോ അല്ല. അതിനെ നല്ലതാക്കേണ്ട ഉത്തരവാദിത്തം എന്തെന്നാൽ അതിനുള്ളിലെ നൈതിക മൂല്യങ്ങളെ നിരവധി രീതിയിൽ പ്രവർത്തിപ്പിക്കുക എന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുമ്പോൾ മാത്രമേ യഥാർത്ഥമായ ഒരു ചരിത്രത്തെ വേർതിരിച്ചെടുക്കാനാവൂ. അല്ലെങ്കിൽ അത് കെട്ടഴിഞ്ഞുപോകും. അതിന് യഥാർത്ഥ ചരിത്രത്തെ പിടിച്ചുവയ്ക്കാനുള്ള ശേഷിയില്ലാതാവും. അംബേദ്കറിനെതന്നെ ഉദാഹരണമായിട്ട് എടുത്തു കഴിഞ്ഞാൽ അംബേദ്കർ ഭരണഘടന എഴുതി പ്രസിദ്ധനായി. ലോകം മുഴുവൻ അംബേദ്കറിനെ വാഴ്ത്തി. അതുവരെയുണ്ടായതിൽ ഏറ്റവും മികച്ച ഭരണഘടനയാണെന്ന് ലോകം മുഴുവൻ പറഞ്ഞു. അതുകഴിഞ്ഞ് ആദ്യത്തെ ഇലക്ഷൻ വന്നപ്പോൾ (1951‐1952) അംബേദ്കർ തോറ്റു. ഇതൊക്കെ ഉണ്ടാക്കിയ ശില്പി ആദ്യത്തെ ഇലക്ഷനിൽ ദാദറിൽ തോറ്റു. ജയിച്ച ആളുടെ പേര് ആർക്കെങ്കിലും ഓർമ്മയുണ്ടോ. നാരായൺ ഖജറോൽക്കർ ആണ്. എന്നാൽ അദ്ദേഹത്തെ ആർക്കും ഓർമ്മയില്ല.

സി കേശവൻ ‘ജീവിതസമരത്തി’ൽ ഒരു വലിയ സന്ദർഭം വിവരിക്കുന്നുണ്ട്. 1922ൽ കൊല്ലത്തുനിന്ന്‌ കുമാരനാശാൻ ഇലക്ഷനിൽ നിന്നു. കുമാരനാശാൻ തന്റെ എല്ലാ പ്രധാനപ്പെട്ട കൃതികളും ഈ സമയത്ത്‌ എഴുതിയിട്ടുണ്ട്. അവസാന കൃതി ഒഴികെ. എന്നുപറഞ്ഞാൽ കുമാരനാശാൻ അദ്ദേഹത്തിന്റെ പ്രസിദ്ധിയുടെ പരകോടിയിൽ നിൽക്കുന്ന സമയത്താണ് ആ ഇലക്ഷന് നിൽക്കുന്നത്. തോറ്റു തരിപ്പണമായി. അവിടെ കേശവൻ ഒരു കാര്യം പറയുന്നുണ്ട്. ഇതെഴുതുമ്പോൾ ചരിത്രം രേഖപ്പെടുത്താൻവേണ്ടി എത്ര ആലോചിച്ചിട്ടും അന്ന്‌ ജയിച്ചയാളുടെ പേര് കിട്ടുന്നില്ല, മറന്നുപോയി എന്നു സി കേശവൻ പറയുന്നുണ്ട്. ജനാധിപത്യം എന്ന് പറഞ്ഞാൽ നമ്മളെ തനിയെ ഒരിടത്തേക്ക് കൊണ്ടുപോകുന്ന ഒരു സംഗതിയല്ല. അല്ലെങ്കിൽ പിൽക്കാലത്ത് തിരിഞ്ഞുനോക്കുമ്പോൾ അതിന്റെ ജയങ്ങൾപോലും പുനഃപരിശോധിക്കപ്പെടും. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ മൂല്യവത്തായിട്ടുള്ള ഒരു സൊസൈറ്റിയെ നിലനിർത്തുക എന്നത് പ്രധാനമാണ്. നിർമ്മാണമാണ് ഏറ്റവും പ്രസക്തമായ കാര്യം. അതിൽ പി ജി വലുതായ പങ്കുവഹിച്ചു എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. പി ജിയുടെ ചരിത്രം നോക്കിക്കഴിഞ്ഞാൽ അത് മനഃസംഘർഷത്തിന്റെ ചരിത്രം കൂടിയാണ്. പൊതുവേ അത്തരം കാര്യങ്ങൾ നമ്മൾ പഠിക്കാറില്ല. അതുപോലും നമ്മുടെ പാഠപുസ്തകമാണ്. നമ്മളിന്ന് ജീവിക്കുന്നത് ഇന്നലത്തെപ്പോലെ ഒരു പോസിറ്റീവ് ജനാധിപത്യമുള്ള സ്ഥലത്തല്ല. നമ്മൾ ജീവിക്കുന്നത് ഫാസിസത്തിന്റെ ഉള്ളിലാണ്.

എനിക്കിവിടെ സംസാരിക്കാൻ തന്ന വിഷയം ചരിത്രത്തിന്റെ പാഠങ്ങൾ എന്നതായതിനാൽ ഞാനൊരു ഉദാഹരണം പറയാം.

എനിക്കൊരുപാട് വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. പലതരത്തിലുള്ള ഗ്രൂപ്പുകൾ ഇപ്പോൾ വാട്സ്‌ ആപ്പിൽ ഉണ്ടല്ലോ. ഞാനൊരു ഹിന്ദു നാമധാരി ആയതുകൊണ്ട് ഇത്തരം ഗ്രൂപ്പിൽ ഒക്കെ ഞാനും അംഗമായി കിടക്കുന്നുണ്ട്. ഇതൊക്കെ ഫാമിലി ഗ്രൂപ്പാണ്. ഇതിലൊക്കെ ദിവസവും മെസ്സേജുകൾ ഏതോ ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന പോലുള്ളവ പ്രത്യക്ഷപ്പെടും. എന്റെ ഗ്രൂപ്പിൽ ഉള്ളവരൊക്കെ മതേതരത്വത്തിന്റെ ഭാഗമാണ്. പുറത്തെങ്കിലും അവരൊക്കെ അങ്ങനെയാണ്. കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമൊക്കെ പ്രവർത്തിക്കുന്ന, മതേതരകാര്യങ്ങൾക്കുവേണ്ടി ഫൈറ്റ് ചെയ്യുന്നവരാണ്. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഇവരൊക്കെ ചാടിവീണ് അതിന്റെ പൊള്ളത്തരങ്ങൾ വെളിവാക്കും. പിന്നെ ഈ ചെറുത്തുനിൽപ്പിന് കുറവ് വന്നു. മാത്രമല്ല, അത് അംഗീകരിക്കാം എന്നുള്ള രീതിയിൽ മാറിത്തുടങ്ങി. കഴിഞ്ഞകൊല്ലം ഒരു മെസ്സേജ് വന്നു. ശിവജിയും ഔറംഗസീബും തമ്മിലുള്ള ചരിത്രത്തിലെ ഒരു ഭാഗമായിരുന്നു അത്. ശിവജിയും ഔറംഗസീബും എന്നും പോരാട്ടമായിരുന്നു. മെസ്സേജിന്റെ രത്നചുരുക്കം ഇതാണ്‐ ഔറംഗസീബ് മരിക്കാൻ കിടക്കുമ്പോൾ ശിവജിയെ വിളിക്കുകയാണ് എന്നിട്ട്‌ പറയുകയാണ്‌ ‘‘ശിവജി നിന്നോട് പോരാടാൻ പോയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഞാൻ മരിക്കാൻ പോവുകയാണ്. അതുകൊണ്ട് ഞാൻ നിന്നോട് മാപ്പ് പറയുന്നു’’ എന്നാണ് അതിന്റെ ചുരുക്കം. പൊതുവേ ഹിന്ദുത്വവാദികളുടെ രാഷ്ട്രസങ്കല്പം എന്ന് പറഞ്ഞാൽ നമ്മുടെ ചരിത്രം ഒന്നുമല്ലല്ലോ. ഹിന്ദുരാഷ്ട്രം എന്നതായിരുന്നു എക്കാലത്തും അവരുടെ രാഷ്ട്രസങ്കൽപം. ആ ഇന്ത്യയെ ഇടയ്ക്കിടയ്ക്ക് മ്ലേച്ഛർ വന്ന് ആക്രമിക്കുന്നു. വീണ്ടും ഹിന്ദു ഇന്ത്യ വീണ്ടെടുക്കുന്നു എന്നതാണ് പൊതുവേ അവർ പഠിപ്പിക്കുന്ന ഒരു പാഠം. വളരെ ആഴത്തിൽ ഇന്ത്യൻ ജനമനസ്സിന്റെ ഉള്ളിൽ അത് കിടക്കുന്നുണ്ട്. നമ്മൾ ഒരു കൊച്ചു കുട്ടിയോട് ചോദിക്കുകയാണ് എന്നാണ് ഇന്ത്യ നിലവിൽ വന്നതെന്ന്‌. അത് പണ്ടേ ഉണ്ടായത് എന്നാണ് പറയുക. എന്നു പറഞ്ഞാൽ 1947 ആഗസ്റ്റ് 15ന് സംഭവിച്ചത് ഒരു റിപ്പബ്ലിക് ആണെന്ന് ഒരാൾക്കും ബോധ്യമില്ലാത്ത വിധത്തിൽ അതിന് പഴമ വന്നിട്ടുണ്ട്. അപ്പോൾ ഈ പഴമയുടെ, ഈ തത്വത്തിന്റെ പുറത്തുവന്നിട്ടുള്ള മെസ്സേജാണിത്. എന്നുപറഞ്ഞാൽ ഹിന്ദു ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആളാണ് ശിവജി, ഇവരുടെ ഭാഷയിൽ മ്ലേച്ഛരുടെ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആളാണ് ഔറംഗസീബ്. അതുകൊണ്ട് മ്ലേച്ഛൻ മാപ്പ് ചോദിക്കുകയാണ് ഹിന്ദുവിനോട്. ഇതാണ് പോയിന്റ്. അപ്പോൾ നമ്മുടെ മതേതരവാദികൾ ഒക്കെ കേറി അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നൊക്കെ പറഞ്ഞു ഭയങ്കര ബഹളം. ഇവനാണെങ്കിൽ തെളിവ് കൊണ്ടുവരാം എന്നൊക്കെ പറയുന്നുണ്ട്. ഇതിലെ രസമെന്താണെന്ന് പറഞ്ഞാൽ ശിവജി മരിച്ച് 28 കൊല്ലം കഴിഞ്ഞാണ് ഔറംഗസീബ് മരിക്കുന്നത്. ഇതൊരാളും അന്വേഷിക്കില്ല. എല്ലാവരും ഇതിനുള്ളിലെ പുരോഗമന നിലപാട് എന്താണോ അതാണ് എടുക്കേണ്ടത്. അതുവച്ച് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. എന്നുപറഞ്ഞാൽ ഒരു വ്യാജമായ ചരിത്രത്തിനുള്ളിൽ നിന്നാണ് ഈ സംവാദങ്ങളിൽ പലതും പലപ്പോഴും നടക്കുന്നത്. ഇത് സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് ഹിന്ദുത്വ രാഷ്ട്രത്തിന്റെ സാംസ്കാരിക വിജയം എന്ന് ഞാൻ കരുതുന്നു. അത് സൃഷ്ടിക്കാൻ കഴിയുന്നതിന്റെ പ്രധാന കാരണം മൂന്നര ലക്ഷം വരുന്ന ആർഎസ്എസിന്റെ പ്രവാചകർ ഇന്ത്യയിൽ ദിവസവും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് നിരന്തരമായി ഇത്തരത്തിലുള്ള കാര്യങ്ങൾ വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ വിചാരിക്കും ടിവി കണ്ടാൽ മതി പേപ്പർ വായിച്ചാൽ മതി എന്നൊക്കെ. ഇവിടെയൊന്നുമല്ല ചരിത്രത്തിന്റെ നിർമ്മാണം കിടക്കുന്നത്. അത് സൗത്ത് ഇന്ത്യയിൽ എത്തിയിട്ടുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ എത്തിത്തുടങ്ങിയെന്നത് കഴിഞ്ഞ ഇലക്ഷൻ സൂചന നൽകുന്നുണ്ട്.

അടിത്തട്ടിലെ ഈ അചരിത്രവൽക്കരണം എന്ന് പറയുന്നത് വളരെ ഭീകരമായി നടന്നുകൊണ്ടിരിക്കുന്നു. അചരിത്രവൽക്കരണത്തിന്റെ ഇരകളായി സകല മനുഷ്യരും മാറുന്നു എന്നതിന് ഉദാഹരണമായിട്ടാണ് ഇത് പറഞ്ഞത്. നമ്മളീ പറയുന്ന അടിസ്ഥാനപരമായ ചരിത്രം എന്നു പറയുന്നത് വിസ്മരിക്കപ്പെടുകയും പ്രത്യേകിച്ച് സ്വാതന്ത്ര്യത്തിന്റെ ചരിത്രം മുഴുവനായി അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. പകരം നമ്മൾ ഇവർ ഉണ്ടാക്കുന്ന ഈ അചരിത്രത്തിന്റെ ഉള്ളിൽ പ്രോഗ്രസീവ് ആയ ഒരു സ്ഥാനം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന തരത്തിലുള്ള ലോകമാണ് യഥാർത്ഥത്തിൽ ഹിന്ദുത്വ ഇന്ത്യ നിർമ്മിച്ചിട്ടുള്ളത്.

ഈ ലോകം സവർക്കർ നിർമ്മിച്ച ലോകമാണ്. ഏറ്റവും ആദ്യം മുതൽക്കേ അങ്ങനെയാണ്. നിങ്ങൾക്കറിയാം 1923ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഹിന്ദുത്വ, എസൻഷ്യൽസ്‌ ഓഫ്‌ ഹിന്ദുത്വ, ഹൂ ഈസ് ഹിന്ദു തുടങ്ങിയ പല പേരിൽ പുറത്തുവരികയുണ്ടായി. 55 പേജുള്ള ഈ പുസ്തകത്തിന്റെ ഉള്ളിൽ നിന്നാണ് ആദ്യമായി ഇന്ത്യയിൽ ഇങ്ങനെ വലിയതരത്തിലുള്ള അചരിത്രവൽക്കരണം നടക്കുന്നത്. ഇതിറങ്ങുന്നത് 1923ലാണ്. ഈ സമയത്ത് സവർക്കർ ജയിലിലാണ്; പിന്നീട്‌ സവർക്കർ പുറത്തു വരുന്നു. അതായത് 50 വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ്‌ സവർക്കർ ജയിലിൽ പോകുന്നത്. 14 വർഷം കഴിഞ്ഞാണ് സവർക്കർ പുറത്തിറങ്ങുന്നത്. ചരിത്രമൊക്കെ എല്ലാവർക്കും അറിയുന്നതാണ്. ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷകളൊക്കെ എഴുതികൊടുത്തതിന്റെ ഭാഗമായാണ് സവർക്കർ പുറത്തുവരുന്നത്. ഇപ്പോൾ ആർഎസ്എസ് പറയുന്നത് അത് മുഴുവൻ തന്ത്രപരമായിട്ടുള്ള ഒരു അടവായിരുന്നു അല്ലെങ്കിൽ സ്ട്രാറ്റെജി ആയിരുന്നു എന്നാണ്. ഈ സ്ട്രാറ്റെജി എന്ന് പറഞ്ഞാൽ ബ്രിട്ടീഷ് വിരുദ്ധത നിലനിൽക്കുന്നു, ഒരു സന്ദർഭത്തിൽ അവരിൽനിന്ന് രക്ഷനേടാൻ അവർക്ക് അനുകൂലമാണെന്ന് കാണിക്കുന്നു എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. എന്നാൽ ഈ പുസ്തകം എഴുതിയതിൽ പിന്നെ സവർക്കർ ഒരിക്കലും ബ്രിട്ടീഷുകാർക്കെതിരെ നിന്നിട്ടില്ല. മാത്രമല്ല ബ്രിട്ടീഷുകാരുടെ കൂടെനിന്നിട്ട് നിരന്തരം സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളെ മുഴുവൻ പിളർത്തിയിരുന്ന ഒരാളുമാണ് സവർക്കർ. ഉദാഹരണം ഹിന്ദുത്വ ഇറങ്ങുന്നത് 1919ൽ ജാലിയൻവാലാബാഗ് ഒക്കെപോലെ വലിയതരത്തിൽ സ്വാതന്ത്ര്യസമരം ആളിക്കത്തുന്ന സമയത്താണ്. ഗാന്ധി സജീവമായി രംഗത്തുവരുന്നു. ആദ്യമായി മുസ്ലിങ്ങളും ഹിന്ദുക്കളും ഒന്നിച്ചുചേർന്ന് ഖിലാഫത്ത് പോലുള്ള മൂവ്മെന്റ് ഉണ്ടാക്കുന്നു. ഇത്തരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ വലിയൊരു മൂവ്മെന്റ് ഉണ്ടാകുന്ന സമയത്താണ് ഹിന്ദുത്വ ഇറങ്ങുന്നത്. ‘ഹിന്ദുത്വ’ എന്നത് ഇന്ത്യൻ ഫാസിസത്തിന്റെ അടിസ്ഥാന പുസ്തകം മാത്രമല്ല, ബ്രിട്ടീഷുകാരുടെ ടൂളുമായിരുന്നു. ബ്രിട്ടീഷുകാർക്ക് ഇന്ത്യൻ ജനതയെ നെടുകെ പിളർക്കാൻ ഈ പറയുന്ന തരത്തിൽ ഈ മുസ്ലിംവിരുദ്ധമായ പുസ്തകം, മുസ്ലീങ്ങൾക്കെതിരെ അത്രയും വിരുദ്ധത ആളിക്കത്തിക്കുന്ന ഒരു പുസ്തകം, അവർ മ്ലേച്ഛരാണ്, വിദേശികളാണ് ഹിന്ദുക്കൾ അല്ല എന്ന വിധത്തിൽ പറയുന്ന പുസ്തകം എത്രമേൽ സഹായിച്ചു എന്നും നിങ്ങളോർക്കണം. ആ പുസ്തകത്തിലാണ് ആദ്യമായി ഹിന്ദു ഇന്ത്യ എന്നുപറയുന്ന ആശയത്തിന്റെ ഭൂമിശാസ്ത്രവും പൗരത്വ സങ്കൽപ്പവും വരുന്നത്. ഈ ഭൂമിശാസ്ത്രവും പൗരത്വ സങ്കൽപ്പനവുമാണ് നമുക്കുള്ളിൽ നിരന്തരമായിട്ടുള്ള പലതരത്തിലുള്ള വ്യാജമായ, സത്യാനന്തരമായ ഇടപെടലുകൾവഴി നമ്മുടെ പോലും അബോധത്തിൽ അവർ സ്ഥാപിക്കുന്നത്.

ഈ അചരിത്രവൽക്കരണത്തിന്റെ ആദ്യത്തെ കാരണമെന്നത് എന്താണ് ഹിന്ദു ഇന്ത്യ എന്ന നിർവചനമാണ്. പലപ്പോഴും ഹിന്ദുത്വ ഫാസിസത്തിനെ മനുവാദവുമായി തുലനം ചെയ്യുന്നത് നമുക്ക് എളുപ്പമായതുകൊണ്ടാണ്. എതിരാളി അവിടെ തന്നെ നിൽക്കുന്നു, നമ്മൾ വളർന്നുകൊണ്ടിരിക്കുന്നു എന്നതാണ്. നമ്മുടെ വിചാരം. നമ്മുടെ വലിയ പ്രശ്നവും ഇതാണ്. എതിരാളിക്ക് മാറ്റമുണ്ടാകുന്നില്ല. നമ്മൾ മാത്രം പുരോഗതി പ്രാപിക്കുന്നു എന്ന് പറയുന്ന ഒരു സംഗതിയാണ് പലപ്പോഴും മനുവാദത്തിൽ എത്തുമ്പോൾ നടക്കുന്നത്. മനുവാദമല്ല ഹിന്ദുത്വം. ഹിന്ദു വംശീയതയാണ്. അല്ലാതെ മനു പറയുന്ന പോലെ ബ്രാഹ്മണന്റെ ഇത്രയടി അകലെ അടുത്ത ജാതി നിൽക്കണം അതിന്റെ ഇത്രയടി അകലെ പിന്നോക്ക ജാതിക്കാരൻ നിൽക്കണം എന്ന് പറയുന്ന ഒരു സംഗതിയേ അല്ല സവർക്കരുടെ ഹിന്ദുത്വം എന്ന് പറയുന്നത്. മറിച്ച് അത് വലിയൊരു തരത്തിൽ ഹിന്ദു വംശീയതയാണ്. വംശീയത സ്ഥാപിക്കണമെങ്കിൽ ഈ വംശത്തിന് ഒരു ലാൻഡ് വേണം. ഒരു പ്രദേശം വേണം. പ്രദേശത്തിന്റെ പ്രശ്നം എന്തെന്നുവെച്ചാൽ എന്ത് പുരാണം വായിച്ചു നോക്കിയാലും എന്ത് സ്മൃതികൾ വായിച്ചു നോക്കിയാലും എന്ത്‌ ശ്രുതികൾ വായിച്ചു നോക്കിയാലും ഈ പറയുന്ന ഭാരതം എന്ന് വിളിക്കുന്ന പ്രദേശത്ത് ഇതൊന്നും കാണാൻ കഴിയില്ല. സവർക്കർ തന്നെ അറിയാതെ ഒരു സ്ഥലത്ത് പറയുന്നുണ്ട്: ഈ പുരാണങ്ങൾ അല്ലെങ്കിൽ സ്മൃതി, ശ്രുതി പുരാണോക്ത എന്നുപറയുന്നത് ഒരു വലിയ സങ്കേതത്തിൽ ഭാരതം എന്ന് പറയുന്നിടത്തൊക്കെ തപ്പിനോക്കിയപ്പോൾ അതിൽ പലതും മഹാഭാരതം എന്നു പറയുന്ന എപികിനെ പറ്റിയിട്ടാണ്. പ്രദേശത്തെ പറ്റിയിട്ടല്ല. പക്ഷേ അതിന്റെ അർത്ഥം ഇതല്ല എന്നുള്ളത് പറഞ്ഞാണ് അദ്ദേഹം ഇത് പിന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ വലിയ പ്രശ്നം എന്ന് പറയുന്നത് ഇത് അടയാളപ്പെടുത്തണം, വംശീയത മുൻനിർത്തി ഹിന്ദുവിനെ കാണുമ്പോൾ, വംശീയം നിലനിൽക്കാൻ ഒരു സ്ഥലം ഉണ്ടാക്കണം. അപ്പോൾ പുള്ളി ഉണ്ടാക്കിയതാണ് സിന്ധു മുതൽ സിന്ധു വരെ എന്ന സങ്കല്പം. ഇതാണ് ആദ്യത്തെ സങ്കല്പം. അതായത് ആ സമയത്ത് കുറേ രാജ്യങ്ങൾ ഹിന്ദു നാട്ടുരാജ്യമായിരുന്നു. കുറേ രാജ്യങ്ങൾ മുസ്ലിം നാട്ടുരാജ്യങ്ങൾ ആയിരുന്നു. ഭൂരിഭാഗം പ്രദേശങ്ങൾ ബ്രിട്ടീഷ് ഇന്ത്യയുടെ കൈയിലും. ആ സമയത്താണ് അദ്ദേഹം ഈ സങ്കല്പം ഉണ്ടാക്കുന്നത്. ഇന്ത്യൻ റിപ്പബ്ലിക് എന്ന കോൺസെപ്റ്റ് അന്നുണ്ടായിരുന്നില്ല. ഈ സമയത്താണ് ഇദ്ദേഹം പറയുന്നത് സിന്ധു മുതൽ സിന്ധു വരെയുള്ള പ്രദേശമാണ് ഹിന്ദു രാജ്യം. മുകളിൽ സിന്ധു നദി അടിയിൽ സിന്ധു എന്നു പറഞ്ഞാൽ സമുദ്രം. ഒരേ വാക്കു കൊണ്ടാണ് സംസ്കൃതത്തിൽ രണ്ടിനെയും വിശേഷിപ്പിക്കുന്നത്. സിന്ധു നദിയെയും സിന്ധു എന്ന് വിളിക്കാം. അതുപോലെ സമുദ്രത്തിന്റെ പര്യായപദവുമാണത്.

സിന്ധു മുതൽ സിന്ധു വരെയുള്ള പ്രദേശമാണ് ഹിന്ദുത്വ പ്രദേശം. ആദ്യം അത് അടയാളപ്പെടുത്തി. രണ്ടാമതായി അതിനുള്ളിൽ ആരാണ് പൗരൻ എന്ന രണ്ടാമത്തെ ചോദ്യം സവർക്കർ അഡ്രസ്സ് ചെയ്യുമ്പോൾ രണ്ട് സങ്കല്പങ്ങൾ കൊണ്ടുവന്നു. ഒന്ന് പിതൃഭൂമി അഥവാ ഫാദർലാൻഡ് എന്ന സങ്കല്പം. അന്നത്തെ എല്ലാ രാജ്യങ്ങളിലും പിതൃഭൂമി സങ്കൽപ്പമുണ്ട്. ബ്രിട്ടീഷുകാർ ആവണമെങ്കിൽ ബ്രിട്ടീഷ് വംശജർ ആയിരിക്കണം. അച്ഛനോ അമ്മയോ ഒക്കെ ബ്രിട്ടീഷ് വംശജർ ആയിരിക്കണം. ഇറ്റലിക്കാരനാവണമെങ്കിൽ ഇറ്റാലിയൻ വംശജർ ആയിരിക്കണം. അതെല്ലാ രാജ്യവും പിന്തുടരുന്നതാണ്. അക്കാലത്ത് ഇന്നത്തെപോലെ പൗരത്വ സങ്കൽപ്പത്തിലൊരു ആധുനികത ഇത്രമേൽ കടന്നു വന്നിട്ടില്ല. അന്ന് നാഷണൽ സ്റ്റേറ്റ് ഒക്കെ ഉണ്ടായി വരുന്നേയുള്ളൂ. അതുകൊണ്ട് ഈ പറയുന്ന പിതൃഭൂമി എന്നൊരു ആശയം കൊണ്ടുവന്നു. അതായത് ഇന്ത്യൻ പൗരൻ എന്ന് പറഞ്ഞാൽ ഇവിടെ ജനിച്ചുവളർന്നവരായിരിക്കണം. രണ്ടാമത്തേത് സവർക്കർ തിരുകിവെച്ചൊരു ആശയം. കേൾക്കുമ്പോൾ വലിയ പ്രശ്നം തോന്നില്ല. അത് ശരിയാണെന്ന് തോന്നും. ഇന്ത്യ എന്നാൽ സിന്ധു മുതൽ സിന്ധു വരെയുള്ള സ്ഥലമാണ്. അത് പുണ്യഭൂമിയും ആയിരിക്കണം. ഇതാണ് രണ്ട് സങ്കല്പങ്ങൾ. പുണ്യഭൂമിയായിരിക്കണം എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം. ഉദാഹരണം എന്റെ വീടിന്റെ അപ്പുറത്ത് താമസിക്കുന്ന ഒരാൾ കോയയാണ്. ഞാൻ അവിടെ വരുംമുമ്പേ കോയ അവിടെയുണ്ട്. അത്രയും വർഷങ്ങളായി ആ സ്ഥലത്ത് തന്നെ താമസിക്കുന്ന ആളാണ്. അപ്പോൾ കോയയുടെ മകനെ വിളിച്ച് ചോദിക്കുകയാണ് നിന്റെ പുണ്യഭൂമി ഏതാണെന്ന്.മെക്ക എന്നു പറഞ്ഞാൽ ഇതുമതി പൗരത്വം ഇല്ലാതാവാൻ. പൗരൻ അല്ല. അല്ലെങ്കിൽ അപ്പുറത്തെ ക്രിസ്ത്യാനിയുടെ വീട്ടിൽ പോയി ഇതേ ചോദ്യം ചോദിക്കുന്ന സമയത്ത് അയാൾ തന്റെ പുണ്യഭൂമി ജെറുസെലേം ആണെന്നോ വത്തിക്കാൻ ആണെന്നോ പറഞ്ഞാൽ പൗരത്വമില്ല. അടിസ്ഥാനപരമായി നമ്മൾ കേൾക്കുമ്പോൾ “ജനനി ജന്മഭൂമിഷ്ട” എന്നൊക്കെ പറയുന്നത് ആ കാലത്താണ്. എന്നു പറഞ്ഞാൽ മാതൃഭൂമി എന്ന സങ്കല്പം വലുതായി വരുന്നു. അഭനീന്ദ്ര നാഥ്‌ ടാഗോർ ഇന്ത്യ മാതാവിന് അല്ലെങ്കിൽ ഭാരതമാതാവിനെ വരക്കുന്നു. ആ സമയത്ത് പറയുകയാണ് പിതൃഭൂമിയും പുണ്യഭൂമിയും ആയിരിക്കുന്നയാൾക്ക് മാത്രമേ ഇവിടെ പൗരത്വം ലഭിക്കുകയുള്ളൂ എന്ന്. ആരും ചോദിച്ചില്ല അങ്ങനെയാണെങ്കിൽ ലോകത്ത് എത്ര രാജ്യം ഉണ്ടാകുമെന്ന്. പാക്കിസ്ഥാൻ ഇസ്ലാമിക് റിപ്പബ്ലിക് ആണ്. പൗരത്വം കിട്ടുമോ? അവരുടെ പുണ്യഭൂമി മെക്കയല്ലേ. യൂറോപ്പിന് ഒരു കത്തോലിക്കാ രാഷ്ട്രം ഉണ്ടെങ്കിൽ പൗരത്വം നൽകാൻ പറ്റില്ല. പുണ്യഭൂമി പുറത്തു കിടക്കുകയാണല്ലോ. അങ്ങനെയാണെങ്കിൽ ലോകത്ത് ഈ മതം ഉണ്ടായ സ്ഥലത്ത് രണ്ടോ മൂന്നോ രാജ്യങ്ങളെ ഉണ്ടാവുകയുള്ളൂ. പക്ഷേ ഇത് ചോദ്യം ചെയ്യപ്പെടുന്നില്ല. വലിയ തരത്തിൽ സ്വരാജ്യം എന്ന ആശയം കത്തിനിൽക്കുന്ന സമയത്താണ് അതിന്റെ ഉള്ളിൽകൂടി ഈ ഫാസിസ്റ്റ്‌ പ്രത്യയശാസ്ത്രം കയറ്റിവിടുന്നത്. സവർക്കർക്ക് മനസ്സിലായി ഇത് ഇങ്ങനെ പറഞ്ഞാൽ പോരാ, ഇങ്ങനെ പറഞ്ഞാൽ പറയും ഇത് 1923ലെ സങ്കല്പമാണെന്ന്. അപ്പോൾ സവർക്കർ പറഞ്ഞു.

അ സിന്ധു സിന്ധുപര്യന്ത
യസ്യ ഭാരതഭൂമിക
പിതൃഭൂ പുണ്യഭൂസ്‌തൈവ
സാവൈ ഹിന്ദു വ്രതസ്മൃത
ഇപ്പോ എല്ലാവരും സമ്മതിച്ചില്ലേ. കാരണം സംസ്കൃതത്തിൽ പറഞ്ഞാൽ എല്ലാവരും സമ്മതിക്കും. അതായത് ഇങ്ങനെയൊരു ശ്ലോകം പുരാണത്തിൽ ഇല്ല. ഉപനിഷത്തിൽ ഇല്ല. വേദത്തിൽ ഇല്ല. ഈ പുസ്തകം ഇംഗ്ലീഷിൽ ആണ് എഴുതുന്നത്. അതിനിടയിൽ സംസ്കൃതം നാല് വരികൊണ്ട് വച്ചു. ഏത് ഉപനിഷത്തിൽ ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കും, അങ്ങനെ ഉണ്ടാക്കിയ സങ്കല്പമാണ് സവർക്കരുടെ ഹിന്ദുത്വ ഇന്ത്യ എന്ന സങ്കൽപം.

സിന്ധു സിന്ധു പര്യന്ത, യസ്യ ഭാരത ഭൂമിക ഇത് പിതൃഭൂമിയായിരിക്കണം, ഭാരതഭൂമിയായിരിക്കണം. അങ്ങനെയുള്ള ആളാണ് ഹിന്ദു എന്ന് പറയുന്നത് അല്ലെങ്കിൽ ആ പൗരത്വം ഉള്ളത്. ഇങ്ങനെയാണ്‌ കൊണ്ടുവയ്‌ക്കുന്നത്‌. ഇങ്ങനെ വയ്ക്കുമ്പോഴും പ്രശ്നമാണ്. കാരണം സിന്ധു മുതൽ സിന്ധുവരെ എന്ന് പറയുന്ന പ്രശ്നത്തിൽ സവർക്കരുടെ പ്രശ്നം, ആര്യന്റെ ചരിത്രം വിന്ധ്യപർവതത്തിന്റെ അപ്പുറത്ത് നിൽക്കും. ഇങ്ങോട്ട് ആരുമില്ല ഇവിടെ വന്ന് ഗോറി അവിടെ ആക്രമിച്ചു. ഗസ്‌നി ആക്രമിച്ചു. മുഗുളനാക്രമിച്ചു എന്നൊക്കെ പറഞ്ഞാൽ വിന്ധ്യനപ്പുറത്ത്‌ എന്ത് പ്രശ്നം? നമ്മൾ ഇവരെ ആരെയും കണ്ടിട്ടില്ല. ഈ ചരിത്രം ഒന്നും ഇവിടെ ഓടില്ല; ഇത് വലിയ പ്രശ്നമായിരുന്നു‐ സവർക്കരുടെ ഐഡിയോളജിക്കൽ പ്രശ്നമായിരുന്നു, പൊളിറ്റിക്കൽ പ്രശ്നമായിരുന്നു, ചിന്താപരമായ പ്രശ്നമായിരുന്നു. എത്ര തിരഞ്ഞു നോക്കിയിട്ടും ഒരു ആര്യനും തെക്കോട്ട് കയറിയിട്ടില്ല. അവസാനം രാമായണത്തിൽ നോക്കുമ്പോൾ രാമൻ പോയിട്ടുണ്ട്. അപ്പോൾ മൂപ്പരെയെടുത്ത് ചരിത്രപുരുഷൻ ആക്കുകയാണ്. ഇത്‌ സാധാരണഗതിയിൽ വിചാരിക്കുന്നതിന്റെ എതിർ പ്രവർത്തനമാണ് എന്നുപറഞ്ഞാൽ സാധാരണഗതിയിൽ നമ്മൾ പറയുക ഐതിഹ്യവൽക്കരിക്കുക, മിത്ത്‌വൽക്കരിക്കുക എന്നാണ്. ഇത് നേരെതിരിച്ചാണ്‌‐ മിത്തിനെ ചരിത്രവൽക്കരിക്കുകയാണ്. 300 രാമായണങ്ങൾ എന്ന് പറയുന്ന രാമാനുജന്റെ പുസ്തകം ഉണ്ട്. അതിനുള്ളിൽ പലതരം രാമായണ വ്യാഖ്യാനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. സവർക്കരുടെ വ്യാഖ്യാനം ഇതൊന്നുമല്ല. സവർക്കർക്ക് രാമൻ ലങ്കവരെ പോയി രാവണനെ കൊന്നു, സീതയെ വീണ്ടെടുത്തു. എന്നതൊന്നുമല്ല സവർക്കറുടെ പ്രശ്നം. തിരിച്ചുവരുമ്പോൾ സുഗ്രീവന്റെ മൈത്രി കിട്ടി. വിഭീഷണന്റെ മൈത്രി കിട്ടി. ഹനുമാന്റെ മൈത്രി കിട്ടി എന്നതാാണ്‌. എന്നുപറഞ്ഞാൽ തെക്ക് ആര്യനോട് ആദ്യമായി മൈത്രി പ്രഖ്യാപിച്ചു. അതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ട് സവർക്കർ എഴുതുന്നു ഈ ധീരനായ യുവരാജാവിന്റെ തലയ്ക്കു മുകളിൽ വെൺകൊറ്റ കുട വിടർന്ന ദിവസമാണ് ഹിന്ദുത്വത്തിന്റെ പിറന്നാൾ. തെക്കുവരെ പോവണമെങ്കിൽ ഇങ്ങനെ ഒരാൾ വേണം. നമ്മളോട് കേരളത്തിൽ വന്ന് പറയുകയാണ് ഗസ്‌നി ആക്രമിക്കുമ്പോൾ (സോമനാഥ ക്ഷേത്രം) തടുക്കാൻ ആളുണ്ടാവില്ല. നമ്മുടെ ഇവിടെ ഏതെങ്കിലും ക്ഷേത്രം ആക്രമിച്ചാൽ ആ പ്രദേശത്തേക്ക് വേറെ ആർക്കെങ്കിലും പോകാൻ പറ്റുമോ. 1936ൽ അല്ലേ കടത്തിയുള്ളൂ. അതിനുമുമ്പ് ദളിതനായ ഹിന്ദു എന്ന് വിളിക്കപ്പെടുന്നവൻ ആക്രമണം തടുക്കാൻ പോയാൽ അവനെ ആദ്യം തല്ലും; അതായിരുന്നല്ലോ സ്ഥിതി.

അപ്പോൾ ഈ പറയുന്ന രാമൻ എന്ന സംഗതി വെച്ചിട്ടാണ് തെക്കുമുതൽ സിന്ധു സമുദ്രം വരെ സവർക്കർ അതിനെ വലിച്ചു നീട്ടുന്നത്. ഇങ്ങനെയാണ് സവർക്കരുടെ സങ്കല്പം ഉണ്ടാകുന്നത്. ഇന്ന് ആ സങ്കല്പം നമ്മുടെ ഉള്ളിലൊക്കെ നിലനിൽക്കുന്നതുപോലെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പ്രദേശം വളരെ പണ്ടുതന്നെ ഇന്ത്യയായിരുന്നു എന്നതാണ്. ഇന്ത്യ ഹിന്ദുവിന്റേതാണ് എന്ന് പറയുന്ന സങ്കല്പം, ഭൂരിപക്ഷത്തിന്റെ സങ്കല്പം ഒരു ചെറിയ തോതിലെങ്കിലും ജനങ്ങളുടെ അബോധത്തിലേക്ക് കയറ്റിവിടാൻ സാധിച്ചിട്ടുണ്ട് എന്നതാണ്. എന്നു പറഞ്ഞാൽ മതേതരത്വം പറയുന്ന ആളുകൾപോലും നമ്മുടെ ഔദാര്യത്തിലാണ് ന്യൂനപക്ഷം കഴിയുന്നത് എന്നു പറയുന്ന തരത്തിലുള്ള അവസ്ഥയുണ്ടായിരിക്കുന്നു. മുസ്ലിം എന്ന അർത്ഥത്തിൽ മാത്രമല്ല ന്യൂനപക്ഷം എന്നു പറയുന്നത്‌; മറിച്ച്, ജനാധിപത്യത്തിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം നിർണയിക്കുക എന്ന് പറഞ്ഞാൽ അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്തായിരിക്കണം മെജോറിറ്റിയും മൈനോറിറ്റിയും തമ്മിലുള്ള ബന്ധം? മെജോറിറ്റിക്ക് എത്ര അവകാശമുണ്ടോ ആ അവകാശം മുഴുവൻ മൈനോറിറ്റിക്ക് വേണ്ടേ. ഇതാണ് റിയൽ പ്രശ്നം. ഗാന്ധി 1946 മുതൽ 1948 വരെ നിരന്തരം പറഞ്ഞിരുന്നത് ഇതാണ്. അത് ഗാന്ധിയുടെ ടേംസിൽ ആണെന്ന് മാത്രം. ഒരുപക്ഷേ മോഡേൺ ടേംസിൽ അല്ലായിരിക്കും. നിങ്ങൾ ഭാഷാപരമായ ന്യൂനപക്ഷമായിരിക്കും. അല്ലെങ്കിൽ ലിംഗപരമായ ന്യൂനപക്ഷമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള ന്യൂനപക്ഷമായാൽ മൈനോറിറ്റിയും മേജോറിറ്റിയും തമ്മിലുള്ള ഒരു ഇക്വേഷനുള്ളിൽ നീതിപരമായി പ്രവർത്തിക്കുന്ന ഒന്നാണ് ജനാധിപത്യം.

ഈ ജനാധിപത്യത്തിനെതിരെയുള്ള ഡെമോക്രാറ്റിക്-‐ ആന്റി ഡെമോക്രാറ്റിക് ആയ ഒരു സംഗതി ഹിന്ദുത്വത്തിന്റെ തുടക്കത്തിൽ തന്നെയുണ്ട്. അത് ആന്റി മുസ്ലിം ആണെന്നല്ല മറിച്ച്‌, നമ്മുടെ ആധുനിക ജനാധിപത്യത്തിനുതന്നെ എതിരാണത്. ഇതിന്റെ വളർച്ചയാണ് തുടർച്ചയായി ചെയ്തിട്ടുള്ളത്. എന്നുപറഞ്ഞാൽ സവർക്കർ ഈ പറയുന്ന സെവൻ ഷാക്കിൽസ് ഓഫ് ഹിന്ദൂയിസം പോലുള്ള പുസ്തകങ്ങളൊക്കെ തുടർച്ചയായി എഴുതിയിട്ടുണ്ട്. സവർക്കർ 1924ൽ ജയിലിൽനിന്ന് പോന്നശേഷം ഏകദേശം 14 കൊല്ലം, ഏതാണ്ട് 37 വരെ, രത്നഗിരി ജില്ലയിൽ തടവിലായിരുന്നു. എന്നുപറഞ്ഞാൽ ബ്രിട്ടീഷുകാരുടെ ഒരു പ്രധാനപ്പെട്ട വിളംബരം ഞങ്ങളാണ് ഏറ്റവും കുലീനരായ നീതിപതികൾ എന്നാണ്. സവർക്കരെ 13 കൊല്ലം കഴിഞ്ഞ് ജയിലിൽനിന്ന് പുറത്തുവിട്ടപ്പോൾ സ്വാഭാവികമായും ഇങ്ങനെ ഹിന്ദുത്വ പുസ്തകത്തിന്റെ പേരിൽ വിട്ടയക്കുകയാണോ എന്ന തോന്നൽ ലോകത്തിനു മുൻപിൽ ഉളവാകാതെ മറച്ചുപിടിക്കാൻ ബ്രിട്ടീഷുകാർ പറഞ്ഞു ‘‘ഞങ്ങൾ പറയുംവരെ നിങ്ങൾ രത്നഗിരി ജില്ല വിട്ട് പുറത്തു പോകാൻ പാടില്ല. പ്രത്യക്ഷ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പാടില്ല’’. ഈ രണ്ട് കണ്ടീഷനിൽ ആണ് വിട്ടയക്കുന്നത്. അങ്ങനെ 13 കൊല്ലം സവർക്കർ രത്നഗിരി ജില്ലയിലാണ് കഴിഞ്ഞത്‌. ആ 13 കൊല്ലമാണ് ഹിന്ദുത്വത്തിന്റെ പരീക്ഷണശാല. അതായത് ലാബ് എന്ന് പറയുന്നത്. അതാണ് കേരളം ഏറ്റവും പ്രധാനമായി പഠിക്കേണ്ടത്. കാരണം നമ്മൾ പറയും മനുസ്മൃതിയാണ്, ബ്രാഹ്മണിസമാണ്, ഹിന്ദുയിസം എന്നൊക്കെ. ബ്രാഹ്മണിസം തന്നെയാണ്, സംശയമൊന്നുമില്ല. പക്ഷേ നമ്മൾ വിചാരിക്കുന്നപോലെ ഒരു പഴയ ബ്രാഹ്മണിസം അല്ല. അകറ്റിനിർത്തുന്ന ബ്രാഹ്മണിസം അല്ല. ഉദാഹരണത്തിന്, രത്നഗിരി ജില്ലയിൽ സവർക്കർ ആദ്യം ചെയ്തത് പന്തിഭോജനമാണ്. മഹറിനെയും ചമറിനെയും ഭാങ്കിനെയും എല്ലാം കൂടെ ഇരുത്തിക്കൊണ്ട് ഒന്നിച്ചു ഭക്ഷണം കഴിച്ചു. എന്നുപറഞ്ഞാൽ നമ്മൾ നവോത്ഥാനത്തിന്റെ പ്രക്രിയയായി കാണുന്ന കാര്യമാണ് സവർക്കർ അവിടെ ചെയ്യുന്നത്. രണ്ടാമത്തെ കാര്യം ക്ഷേത്രപ്രവേശനം നടത്തുക എന്നതാണ്. ഒരു ക്ഷേത്രംതന്നെ പണിത് എല്ലാവരെയും കയറ്റുക. പദേർ പഞ്ച്ക്ഷേത്രം എന്നുപറയുന്ന രത്നഗിരിയിൽ ഒരു ക്ഷേത്രം പണിത്‌ സവർക്കർ എല്ലാ ഹിന്ദുക്കളെയും അതിനുള്ളിൽ കയറ്റി. ഇത് നമ്മുടെ നവോത്ഥാന പ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കേരളത്തിലെ നവോത്ഥാനം നോക്കുകയാണെങ്കിൽ പന്തിഭോജനവും ക്ഷേത്രപ്രവേശനവുമൊക്കെ കാണാം. അതേപോലെ കേരളത്തിൽ ജാതിയിൽ താഴ്ന്നവർക്ക് നല്ല പേരിടുന്നത് അനുവദിക്കുമായിരുന്നില്ല. അല്ലെങ്കിൽ ക്ഷേത്രപ്രവേശനം എടുക്കാം. അത് നവോത്ഥാനത്തിലെ ഏറ്റവും വലിയ അധ്യായമാണ്. അതാണ് സവർക്കർ രത്നഗിരിയിലും ചെയ്തത്. ഇതിൽ എന്താണ് വ്യത്യാസം. ആ വ്യത്യാസത്തെക്കുറിച്ച് നമ്മൾ സൂക്ഷ്മതയോടെ പഠിക്കണം. കാരണം കേരളത്തിൽ ബ്രാഹ്മണിക രാഷ്ട്രീയമെന്നത് കൊണ്ടുനടക്കുന്നത് യഥാർത്ഥത്തിൽ ബ്രാഹ്മണനാണോ. കേരള രാഷ്ട്രീയത്തിലെ മേൽത്തട്ടിൽ ബ്രാഹ്മണരുടെ എണ്ണം എടുത്താൽ എത്ര പേരുണ്ട്. ഇഎംഎസിന് ശേഷം എത്ര പേരുണ്ട്. കേരളത്തിലെ മറ്റു ഡിസിഷൻ മേക്കേഴ്സിന്റെ എണ്ണം എടുത്താൽ ബ്രാഹ്മണരായിട്ടുള്ള എത്ര പേരുണ്ട്. കേരളത്തിൽ സവർണത കൊണ്ടുനടക്കുന്നത് ആരാണ്. ഹിന്ദു ശൂദ്രരും പിന്നാക്കക്കാരും അതിന്റെ പുറത്ത് നിൽക്കുന്നവരുമാണ്. എന്നുപറഞ്ഞാൽ ഇവരുടെ ഏരിയ എന്ന് പറയുന്നത് ബ്രാഹ്മണിസപ്രകാരം അടുപ്പിക്കാൻ പറ്റാത്തവരെക്കൊണ്ട് ബ്രാഹ്മണിസം പറയിപ്പിക്കുക എന്ന ഒരു പ്രോസസ് ആണ്. ഇത് എളുപ്പത്തിൽ നടക്കില്ല. വർഷങ്ങളോളം അടുപ്പിച്ചു നിർത്താത്ത മനുഷ്യരെക്കൊണ്ട് തങ്ങളുടെ ഐഡിയോളജി പറയിപ്പിക്കുക എന്ന പ്രോസസിലേക്ക് എങ്ങനെ എത്തിച്ചു എന്നുള്ളതാണ്. ഇതാണ് രത്നഗിരി ജില്ലയിൽ നടന്നത്. രത്നഗിരി ജില്ലയിൽ നടന്നതിന്റെ സൂക്ഷ്മത പരിശോധിച്ചാൽ, ഇപ്പോൾ വി ടി ഭട്ടതിരിപ്പാട് പറയുന്നത് നമ്പൂതിരിയെ മനുഷ്യനാക്കുക എന്നാണ്. എന്നുപറഞ്ഞാൽ പൂണൂല് പൊട്ടിച്ചെറിയുക എന്നാണ്. എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് നൂറ്റാണ്ടുകളായി അകറ്റിനിർത്തിയ ഒരാളെ ചേർത്തു പിടിക്കുക എന്നിട്ട് പറയുകയാണ് ഞാൻ അല്ല നീ ആണ് ബ്രാഹ്മണൻ എന്ന്. നിനക്കാണ് ബ്രാഹ്മണ്യം എന്ന് തോന്നിപ്പിക്കുക. ഇങ്ങനെ തോന്നിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഹർഷം എന്ന് പറയുന്നത് ചെറുതല്ല. സവർക്കരുടെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ഷിബു എന്ന് പറയുന്ന ഒരു മഹറ് പൂണൂൽ ഇട്ടുകൊടുക്കും. പൂണൂൽ ഇട്ടുകൊടുക്കുമ്പോൾ ഷിബു പ്രഖ്യാപിക്കും, നിങ്ങളെല്ലാവരും നാളെ മതം മാറിയാലും ഞാൻ ഹിന്ദു ധർമ്മത്തിനു വേണ്ടി നിൽക്കും. ഞാനാണ് ഹിന്ദു ധർമ്മത്തിന്റെ കാവലാൾ. നിങ്ങൾ അല്ലെന്ന് പറയുകയാണ്. എന്നുപറഞ്ഞാൽ പത്രകാലവും നിശ്ചലരായി കിടന്ന ഈ മനുഷ്യരുടെ മനസ്സിൽ ഒരു ചെറിയ പ്രതീക്ഷ നാമ്പ് ഇടുന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനം സവർണ്ണതയാണെന്ന് ആന്തരികമായെങ്കിലും ഈ ജനങ്ങൾ കരുതുന്നു. എന്ന് പറഞ്ഞാൽ ചലനാത്മകത കിട്ടുന്നതുവരെ വിപ്ലവം ആയിരിക്കും. അത് കഴിഞ്ഞാൽ ചലനാത്മകത കിട്ടിക്കഴിഞ്ഞാൽ ഈ വ്യക്തിക്കുള്ളിൽ ഉണ്ടാകുന്ന പ്രത്യയശാസ്ത്രപരമായ സാന്നിധ്യം എന്ന് പറഞ്ഞാൽ നമ്മൾ എത്തിച്ചേരേണ്ട സ്ഥലം തുല്യതയുടെ സ്ഥലമാണെന്നല്ല, സവർണതയുടെ സ്ഥലമാണെന്നാണ് ഉണ്ടാകുന്നത്. ഇതാണ് സവർക്കർ ചെയ്യുന്നത്. എന്നു പറഞ്ഞാൽ ബ്രാഹ്മണ്യത്തെ ബ്രാഹ്മണരുടെ ജാതി എന്ന ചെറിയ സ്ഥലത്തുനിന്നും ഹിന്ദുമതത്തിന്റെ അതിർത്തിയോളം വികസിപ്പിക്കുകയാണ്. ഈ സമയത്ത് യാഥാസ്ഥിതിക ബ്രാഹ്മണർ സവർക്കരോട് ഇടയുന്നുണ്ട്. സവർക്കർ പറയുന്നത് 22 കോടിയാണ് ഹിന്ദുക്കൾ (അന്നത്തെ കണക്ക്) ബാക്കി ഏഴു കോടി പിന്നോക്ക ജാതിക്കാരാണ്. ഈ കാലമൊക്കെ കഴിഞ്ഞു പോകും. ജനാധിപത്യ രാഷ്ട്രീയത്തിന്റെ കാലം വരുമ്പോൾ എണ്ണം പ്രധാനമാണ്. ബ്രാഹ്മണ്യം പറഞ്ഞുകൊണ്ടിരുന്നിട്ട്‌ ഒരു കാര്യവുമില്ല. ഇപ്പോൾ പ്രവർത്തിച്ചിട്ട് അവരിൽ തങ്ങൾ ഹിന്ദുക്കൾ ആണെന്ന് ബോധ്യം വരുത്തണം. ബോധ്യം വരുത്തുക മാത്രമല്ല ബ്രിട്ടീഷുകാർ സ്കൂൾ തുടങ്ങി. ദളിതർ സ്കൂളിൽ പോകും. നീ ദളിതരെ സ്കൂളിൽ കയറ്റരുത് എന്ന് പറഞ്ഞു നിന്നാൽ അവസാനം നീ പുറത്താകും. അതല്ലെങ്കിൽ ബ്രിട്ടീഷുകാരന്റെ ലാത്തിയും തോക്കും നിന്റെ നെഞ്ചത്തേക്ക് വരും. അത്രയേ ഉള്ളൂ നിന്റെ ധൈര്യം എന്നൊക്കെ പറഞ്ഞ് സവർക്കർ കത്തെഴുതുന്നുണ്ട്. എന്ന് പറഞ്ഞാൽ ഹിന്ദു വംശീയത ഹിന്ദു വംശം എന്നൊരു ആശയം ഉണ്ടാക്കുക വഴി ബ്രാഹ്മണ്യത്തിന്റെ, മറ്റേത് ബോധപൂർവ്വം പ്രവർത്തിക്കുകയാണ്. ഇത് ഒരു കൂട്ടർ തന്നെ പ്രവർത്തിച്ചോളും. കാരണം മുഴുവൻ കാര്യങ്ങളും അതിനുള്ളിലേക്ക് ചേരും. മോദി ഗവൺമെന്റിനെ നോക്കി കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും ആരാ പ്രസിഡന്റ് ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മോദി ആരാ? പിന്നോക്കക്കാരൻ. ധനമന്ത്രി ആരാണ്? സ്ത്രീ. പുറത്തുനിന്ന് വന്ന ഒരാൾ ഈ ഗവൺമെന്റിനെ നോക്കുമ്പോൾ എന്താ പറയുക. ഇതുവരെയുള്ള ഗവൺമെന്റിനേക്കാൾ എന്തൊരു പുരോഗമന ചിന്താഗതിയാണ് ഈ ഗവൺമെന്റ് മുന്നോട്ടുവെക്കുന്നത്. അങ്ങനെ തോന്നൽ ഉണ്ടാക്കുക വഴി യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ്. ദ്രൗപതി ആദിവാസി ചരിത്രം അവരിൽ നിന്ന് പോയി. ഇല്ലാതായി. പകരം ബ്രാഹ്മണ ചരിത്രത്തിന്റെ ഒരു ഭാഗമായി. ബ്രാഹ്മണിസം വിളിച്ചു പറയുന്ന ഒരാളായി അവർ മാറി. പിന്നോക്ക ചരിത്രം പോകുന്നു. സ്ത്രീയുടെ ചരിത്രം പോകുന്നു. ഒക്കെ ഈ ബ്രാഹ്മണ ചരിത്രം വിളിച്ചു പറയുന്ന ഒരാളിലേക്ക് അവരെല്ലാം സ്ഥാപിക്കപ്പെടുന്നു. മനുവാദം വെച്ചിട്ടുള്ള ഒരു പൊളിറ്റിക്സ് അല്ല ഹിന്ദുത്വത്തിന്. ഹിന്ദുത്വ ഫാസിസത്തിന്റെ രീതിയും അതല്ല.

സവർക്കർ മരിക്കുന്നതിനുമുമ്പ് ഒരു സംഗതി പറഞ്ഞു. ഹിന്ദുവിനെ സൈനികവൽക്കരിക്കുക. സൈന്യത്തെ ഹിന്ദുവൽക്കരിക്കുക. ഇതാണ് അവസാനമായി ഫാസിസത്തിന്റെ ഇക്വേഷൻ. നിങ്ങൾ എല്ലാ രാഷ്ട്രീയവും ഹിന്ദുത്വവൽക്കരിക്കുക. അതുവഴി ധാരാളം കേഡർമാർ കടന്നുവരും. അവരെ മുഴുവൻ സൈനികവൽക്കരിക്കുക. ഈ അഗ്നിവീർ എന്ന പദ്ധതി വഴി 5 കൊല്ലം കൂടുമ്പോൾ ആളുകളെ പുറത്തേക്ക് വിടുകയാണ്.ഇത് മുസോളിനിയുടെ ബെല്ലിലാ സ്കൂളിന് ഉദാഹരണമാണ്. അതായത് ഒരു കുട്ടി പിറക്കുമ്പോൾ ബെല്ലിലാ സ്കൂളിൽ കൊണ്ടുവിടും.കായിക പരിശീലനം നൽകും. സ്ട്രക്ച്ചാറിന്റെ ഉള്ളിൽ കൂടെ തന്നെ ഫാസിസം ഉണ്ടായി വരും. പിന്നെ പ്രത്യേക സൈന്യത്തിന്റെ ആവശ്യമില്ല. ഒരു കൈകൊട്ടിയാൽ രാജ്യം തന്നെ അണിനിരക്കും. ഇതാണ് ഫാസിസത്തിന്റെ ആത്യന്തിക ഭാവമായിട്ട് സവർക്കർ വിശേഷിപ്പിക്കുന്നത്.

എല്ലാത്തിനെയും ഹിന്ദുത്വവൽക്കരിക്കുക എന്നു പറയുന്നത് വലിയ രസമാണ്. നമ്മുടെ ദൈനംദിന രാഷ്ട്രീയത്തിൽ ഉദാഹരണത്തിന് ഞാൻ തൃശ്ശൂർ ജീവിക്കുന്ന ഒരാളാണ്. തൃശ്ശൂരിലെ ഏറ്റവും വലിയ വിഷയം തൃശ്ശൂർ പൂരം ആയിട്ട് മാറുകയാണ്. തൃശ്ശൂർ പൂരം കലക്കൽ, തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് എന്നിവയൊക്കെ വലിയ ലോക്സഭാ മണ്ഡലത്തിന്റെ മുഖ്യ വിഷയമായി മാറുന്നു. വെടിക്കെട്ട് കണ്ട എല്ലാവർക്കും അറിയാം ഭാഗ്യം കൊണ്ട് മാത്രമാണ് അവിടെ അപകടം പറ്റാതിരിക്കുന്നത് എന്ന്. യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത സ്ഥലത്താണ് അത് പൊട്ടിക്കുന്നത്. പക്ഷേ ഇന്നത് പറയാൻ ആർക്കും പറ്റാത്ത വിധത്തിൽ വലിയ തരത്തിൽ അതിനെ ആകർഷവൽക്കരിക്കുകയാണ്. ഈ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ പോലും ചേലക്കര അന്തിമഹാകാവ് പുരം, കൽപ്പാത്തിര ഥോൽസവം എന്നിവ ഏറ്റവും വലിയ പ്രശ്നങ്ങളായി പൊന്തിവന്നു. ഇതെങ്ങനെ സംഭവിക്കുന്നു. ഇതുവരെ കേരളത്തിൽ ഇത് സാധ്യമായിരുന്നോ. എങ്ങനെയാണ് ഈ ഹിന്ദുവൽക്കരണം സംഭവിക്കുന്നത്. ഇന്ന് നമ്മുടെ കേരളത്തിൽ അത്തരമൊരു പ്രശ്നം വന്നു കഴിഞ്ഞാൽ നമുക്ക് ആർക്കും ഒരക്ഷരം മിണ്ടാൻ പറ്റാത്ത വിധം നമ്മൾ തന്നെ ഒരുതരത്തിൽ പിൻവാങ്ങുന്ന ഒരവസ്ഥ പതുക്കെ പതുക്കെ ഉണ്ടായിക്കൊണ്ടിരിക്കും. സവർക്കർ പറഞ്ഞ ഹിന്ദുവൽക്കരണം എന്ന പ്രോസസ്സ് അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹത്തിനുള്ളിൽ സംഭവിക്കുന്നു. ഇത് വല്ലാത്ത തരത്തിൽ അചരിത്ര ജീവികളായി നമ്മളെ മാറ്റുന്നുണ്ട്. നമ്മുടെ ചരിത്രം യഥാർത്ഥത്തിൽ എന്താണ്? ശബരിമല കത്തിയപ്പോൾ അന്നു മുഖ്യമന്ത്രിയായിരുന്ന സി കേശവൻ പറഞ്ഞത് “അത്രയും അന്ധവിശ്വാസം നശിച്ചു” എന്നാണ്‌ കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെ മറുപടിയാണത്. ഇന്നൊരു പഞ്ചായത്ത് പ്രസിഡന്റ് അങ്ങനെ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ പറയാൻ പറ്റാത്തവിധം ആഴത്തിൽ ഹൈന്ദവവൽക്കരണം ഇവിടെ നടക്കുന്നുണ്ട്. പറയുമ്പോൾ പുറത്ത് മതേതരമാവും. ഒരു ചോദ്യം വന്നു കഴിഞ്ഞാൽ ഹിന്ദു മതേതരവാദിയായ ഒരാൾ പ്രതികരിക്കുക ഹിന്ദു ഫാസിസത്തിന് സമാനമായ രീതിയിലാണ്. മുസ്ലീങ്ങൾ പുറത്തുനിന്നു വന്നതാണെന്ന ചോദ്യം നിങ്ങൾ ഒരുദാഹരണസഹിതം ചോദിച്ചു നോക്കൂ. നിങ്ങൾ വിശ്വസിക്കുന്നോ മുസ്ലീങ്ങൾ പുറത്തുനിന്ന് വന്നതാണെന്ന്. എനിക്കുറപ്പാണ് 50 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ ആയിട്ടുള്ള ആളുകൾ അത് അംഗീകരിക്കും. അത്തരത്തിൽ ഒരു പ്രവർത്തനം നടക്കുന്നുണ്ട്. ഇതെങ്ങനെയുണ്ടായി എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ പറഞ്ഞതുപോലെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും അല്ലാതെയും നടത്തിവരുന്ന പ്രവർത്തനം വഴിയാണ്. അപ്പോൾ ഈ ഹൈന്ദവവൽക്കരണം ഉണ്ടാക്കുന്നത് ഒരു അചരിത്രവൽക്കരണമാണ്. ഹിന്ദു മുസ്ലിം ചരിത്രമെടുത്തു നോക്കുക. 47ൽ വിഭജനം നടന്നപ്പോൾ എന്തുകൊണ്ടാണ് ഇന്ത്യ മതേതരമായി നിന്നത്. സവർക്കർ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. കാരണം വളരെ എളുപ്പമാണ്; ഇസ്ലാമിക രാഷ്ട്രം ഉണ്ടായി.ബാക്കി ഇനി ഹിന്ദു രാഷ്ട്രം. എന്തുകൊണ്ട് അന്നത് നടന്നില്ല എന്നതിന് ഒരുത്തരമേയുള്ളൂ. ഇന്ത്യയിലെ എല്ലാ പ്രധാന നേതാക്കളും അത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിക്കോട്ടേ, കോൺഗ്രസ് പാർട്ടി ആയിക്കോട്ടെ, സോഷ്യലിസ്റ്റ് പാർട്ടി ആയിക്കോട്ടെ, അംബേദ്കറെ പോലെ ഒറ്റയായ മനുഷ്യന്മാരായിക്കോട്ടെ എല്ലാവരും സെക്യുലറിസം എന്നൊരു ആശയത്തിൽ നിന്നു. രണ്ടാമത് ഇന്ത്യൻ മുസ്ലിങ്ങളിൽ ഭൂരിഭാഗവും പാക്കിസ്ഥാനിൽ പോയില്ല. അത് വലിയ കാര്യമാണ് . എന്ന് പറഞ്ഞാൽ ആർക്കെങ്കിലും ഇന്ത്യയിൽ ഒരു ചോയ്സ് കിട്ടിയിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ മുസ്ലിങ്ങൾക്കാണ്. ഇന്ത്യൻ മുസ്ലീങ്ങളാണ് യഥാർത്ഥത്തിൽ രാജ്യസ്നേഹം തെളിയിച്ചവർ. ഇന്ന് നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന മുൻതലമുറയാണ് രാജ്യസ്നേഹം തെളിയിക്കാൻ അവസരം ലഭിച്ച ഒരേയൊരു കൂട്ടർ. അവരുടെ മക്കളോടാണ് രാജ്യസ്നേഹം ചോദിക്കുന്നത്. ഇന്ത്യൻ ദേശീയതയുടെ കാവലാളായി ചമയുന്ന ആളുകൾ. ഇവർ സ്വാതന്ത്ര്യസമരത്തിന്റെ അയൽവക്കത്ത് കൂടെ പോയിട്ടില്ല. ആർഎസ്എസിന്റെ ഹെഡ്ഗെവർ പറഞ്ഞത് നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഒന്നും പോകാതെ നിങ്ങളുടെ എനർജി നഷ്ടപ്പെടുത്താതെ ഹിന്ദു രാഷ്ട്രത്തിനൊപ്പം നിൽക്കൂ എന്നാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗത്തുകൂടി പോകാത്ത മനുഷ്യർ ഒരു ചോയ്സ് എടുത്ത മനുഷ്യരോട് രാജ്യസ്നേഹം ചോദിക്കുന്നു. ഇതിന്റെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാൻ പറ്റുന്നുണ്ടോ. ആർഎസ്എസിനെ നിരോധിക്കുന്നുണ്ട് ഗാന്ധിവധത്തിനുശേഷം. നിരോധനത്തിന്റെ ഉത്തരവ് വായിച്ചു നോക്കിയാൽ ഞെട്ടിപ്പോകും. ഗോൾവാൾകർ അന്ന് സർദാർ പട്ടേലിന്റെ അടുത്ത് അപേക്ഷ കൊടുക്കുന്നുണ്ട്. നിങ്ങളുടെ നിരോധനം പിൻവലിക്കണം എന്നത്. അതിന് മറുപടി പറയുന്ന കത്തിൽ പറഞ്ഞിരിക്കുന്നത് ഒന്ന്, നിങ്ങൾ ഇന്ത്യൻ ദേശീയ പതാകയെ അംഗീകരിക്കണം. അവർ അതുവരെ ത്രിവർണ്ണ പതാക അംഗീകരിച്ചിരുന്നില്ല. രണ്ട് ഭരണഘടന അംഗീകരിക്കണം. ഇത് രണ്ടും നിർബന്ധമായി അംഗീകരിക്കണമെന്ന് പറഞ്ഞു എന്നിട്ടും സമ്മതിച്ചില്ല നിങ്ങൾക്കും ഒരു ചട്ടമുണ്ടാക്കണം എന്ന്‌ കർശനമായി പറഞ്ഞു. ഭരണഘടന ഉണ്ടാക്കണം. നിങ്ങളുടെ പ്രസിഡന്റും സെക്രട്ടറിയും ആരാണെന്ന് ഒരാൾക്കും അറിയില്ല. അങ്ങനെ ബാലാസാഹബ് ദേവർസ് അവർക്കൊരു കോൺസ്റ്റിറ്റ്യൂഷൻ ഉണ്ടാക്കിക്കൊടുക്കുകയാണ്. അങ്ങനെയാണ് നിരോധനം പിൻവലിച്ചത്. എന്നു പറഞ്ഞാൽ ദേശീയ പതാകയെ അംഗീകരിക്കാത്തവർ ഇന്ത്യൻ ഭരണഘടനയെ തുടക്കത്തിൽ അംഗീകരിക്കാത്ത മനുഷ്യർ അവരിപ്പോൾ ദേശീയ പതാക ഇന്ത്യയുടെ മുഴുവൻ നഗരങ്ങളിലും പാറിച്ച് അതിന്റെ കാവലാളായി നമ്മുടെ മുൻപിൽ വന്നു നിൽക്കുമ്പോൾ അതിനെ എതിർത്തിരുന്ന മനുഷ്യരാണ് ഇവർ എന്ന യാഥാർത്ഥ്യത്തിൽ എത്തിച്ചേരാൻ നമുക്ക് കഴിയാതെ പോകുന്നു. എന്നുപറഞ്ഞാൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്ന് റിലീജിയൻ രണ്ട് നാഷൻ. ഇത് രണ്ടിലും വ്യാജ ചരിത്രം മുഴുവനായും നിറയ്ക്കുമ്പോൾ നോ എന്ന് പറയണമെങ്കിൽ, അതിനുള്ള വഴി ആളുകളിൽ ചരിത്രാവബോധം സൃഷ്ടിക്കലാണ്‌. ജ്ഞാനത്തിന്റെ വിവരണം എന്ന് പറയുന്നത് മനുഷ്യനിൽ അവബോധം ഉണ്ടാക്കലാണ്. അറിവ് ചരിത്രം എന്നിവ വിതരണം ചെയ്യുക എന്ന് പറഞ്ഞാൽ അത് മനുഷ്യനെ ശാക്തീകരിക്കുക എന്നതാണ്. അതിനുവേണ്ടിയിട്ടുള്ള സംഗതിയാണ് അറിവ് എന്ന് പറയുന്നത്. അല്ലാതെ പ്രമോഷൻ കിട്ടാനും സെമിനാറിൽ സംസാരിക്കാനും ഒന്നുമല്ല. മനുഷ്യനെ ശാക്തീകരിക്കാനുള്ള സംഗതിയാണ് ലോകത്തിലെ എല്ലാ അറിവും. അത് പിജി ജീവിതകാലം മുഴുവൻ ചെയ്തിട്ടുണ്ട്. അത് 12 വർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ അത്തരം മനുഷ്യർ ഈ നൈതിക മൂല്യങ്ങൾ സമൂഹത്തിൽ നിലനിർത്തുന്നതിനും വഹിച്ച പങ്ക് എന്ന് പറയുന്നത് വളരെ വലുതാണ്. അത് പറയുകയും ചെയ്യുകയും വഴി നമ്മളും ആ നൈതികമൂല്യത്തിൽ പങ്കുപറ്റുകയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + 6 =

Most Popular