Sunday, September 8, 2024

ad

Homeപ്രഭാഷണംമാനിഫെസ്റ്റോയുടെ പ്രസക്തി

മാനിഫെസ്റ്റോയുടെ പ്രസക്തി

എം എ ബേബി

റെഡ് ബുക്ക് ഡേയുടെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫെബ്രുവരി 19ന് എം എ ബേബി നടത്തിയ പ്രഭാഷണം. ചില മാധ്യമങ്ങളുടെ പ്രത്യേകതരം വ്യാഖ്യാനങ്ങളുടെ പശ്ചാത്തലത്തില്‍ സത്യവ്യക്തതയ്ക്കായി അതിന്‍റെ പൂര്‍ണ്ണരൂപം രണ്ടു ലക്കങ്ങളിലായിഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
– പത്രാധിപര്‍

പ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്തുവന്നത്, ചൂഷണ വ്യവസ്ഥ മാറ്റി ചൂഷണരഹിതമായൊരു സമൂഹമുണ്ടാക്കണമെന്നുള്ളതാണ് മാര്‍ക്സിസത്തിന്‍റെ ഹൃദയം എന്നാണ്. എന്നാല്‍ മാനിഫെസ്റ്റോയില്‍ അവതരിപ്പിച്ചതുപോലെതന്നെയല്ല ലോകത്ത് ആ സിദ്ധാന്തം പ്രവര്‍ത്തിച്ചത്. ചില ചില വ്യത്യാസങ്ങളുണ്ടായി.മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട് 175 വര്‍ഷമാകുന്നു. മാനിഫെസ്റ്റോയിലെ ആദ്യത്തെ വാചകംതന്നെ എംഗല്‍സ് പിന്നീട് തിരുത്തി; “മനുഷ്യചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്” എന്ന അതിഗംഭീരമായ പ്രസ്താവന തിരുത്തേണ്ടിവന്നു; ലൂയി മോര്‍ഗന്‍ എന്ന അമേരിക്കക്കാരന്‍ എഴുതിയ Ancient Society (1877) എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണത് തിരുത്തേണ്ടിവന്നത്. വര്‍ഗങ്ങള്‍ ഇല്ലാതിരുന്ന ചരിത്രപൂര്‍വ ഘട്ടത്തെപ്പറ്റി അതില്‍ പരാമര്‍ശമുണ്ടായി. ആ പുസ്തകം വായിച്ച മാര്‍ക്സും എംഗല്‍സും കൂടി ചര്‍ച്ച ചെയ്തുന്നത്, സമൂഹത്തെക്കുറിച്ച് നമ്മള്‍ ആവിഷ്കരിച്ച സിദ്ധാന്തം, ‘വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം’ എന്നതിലെ വാദങ്ങള്‍ക്ക് ശാസ്ത്രീയ സാധുത നല്‍കുന്ന ഒരു കണ്ടെത്തലിതാ ഈ പുസ്തകത്തിലൂടെ വന്നിരിക്കുന്നു എന്നായിരുന്നു. കുടുംബം എങ്ങനെ പരിണമിച്ചു, അടിമത്ത കാലഘട്ടത്തിനുമുന്‍പ് ഗോത്ര സമുദായത്തില്‍ എങ്ങനെയായിരുന്നു കുടുംബബന്ധങ്ങള്‍ എന്നൊക്കെ ഇതില്‍ പറയുന്നു. “ചരിത്രപൂര്‍വകാലഘട്ടത്തില്‍, അതായത് Prehistory, എഴുതപ്പെട്ട ചരിത്രത്തിനുമുന്‍പുള്ള കാലത്ത് പുരുഷാധിപത്യം ഉണ്ടായിരുന്നില്ല. വര്‍ഗങ്ങളോ വര്‍ഗസമരമോ ഉണ്ടായിരുന്നില്ല. (ആ കാലഘട്ടത്തെക്കുറിച്ചുള്ളതാണ് ‘മാവേലി നാടുവാണിടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന പരാമര്‍ശം. മാവേലി എന്നുപറയുന്ന ഒരാളങ്ങനെ ഭരിക്കുന്ന കാലം ഗോത്ര സമൂഹമാവില്ല; പൂര്‍ണ അര്‍ഥത്തില്‍ സമത്വ സമൂഹമാവില്ല. എന്നാലും ആ സമൂഹത്തിന് ചില സമത്വ ഘടകങ്ങളുണ്ടായിരുന്നു. അതാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ “ഓണപ്പാട്ടുകാര്‍” എന്ന കവിതയില്‍ “പല ദേശത്തില്‍, പല വേഷത്തില്‍, പല പല ഭാഷയില്‍ നമ്മള്‍ കഥിപ്പൂ പാരിതിലാദി ഉദയംകൊണ്ട് പൊലിഞ്ഞൊരു പൊന്നോണത്തിന്‍ ചരിതം” എന്നെഴുതിയത്). എല്ലാ മനുഷ്യസംസ്കാരങ്ങളിലും, ലാറ്റിനമേരിക്കയിലെ മായന്‍ – ഇങ്കാ സംസ്കാരങ്ങളിലാണെങ്കിലും ബാബിലോണിയന്‍ സംസ്കാരത്തിലാണെങ്കിലും, എല്ലാ ഐതിഹ്യങ്ങളിലുമാണെങ്കിലും-ഐതിഹ്യമെന്നു പറഞ്ഞാല്‍ പണ്ടു നിലനിന്ന ചില ജീവിതരീതികളുടെ ഭാഗങ്ങള്‍ കഥാരൂപത്തില്‍ ആവിഷ്കരിക്കുന്നതാണല്ലോ- അതിലെല്ലാമുണ്ട് സമത്വപൂര്‍ണമായൊരു സമൂഹം. ലൂയി മോര്‍ഗന്‍ Ancient Society പറഞ്ഞു, പുരുഷാധിപത്യ സമൂഹമായിരുന്നില്ല ഗോത്ര സമൂഹം എന്ന്. ചില ഗോത്ര സമൂഹങ്ങളില്‍ സ്ത്രീക്കായിരുന്നു പ്രാമാണികത. 1877ല്‍ പുറത്തുവന്ന ഈ പുസ്തകം കണ്ടപ്പോള്‍ മാര്‍ക്സും എംഗല്‍സും സന്തോഷിച്ചു. മാര്‍ക്സ് ഇതിനെക്കുറിച്ച് ചില കുറിപ്പുകളെല്ലാം എഴുതിവച്ചിരുന്നു. അതിനെ ആസ്പദമാക്കിയാണ് എംഗല്‍സ് 1884ല്‍ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം’ എന്നിവയുടെ ഉത്ഭവം എന്ന പുസ്തകം എഴുതിയത്. അതൊരു ക്ലാസിക് കൃതിയാണ്. സ്ത്രീ സ്വാതന്ത്ര്യത്തെയും സ്ത്രീ തുല്യതയെയും സംബന്ധിച്ച ചര്‍ച്ചകളിലെല്ലാം എംഗല്‍സിന്‍റെ ഈ കൃതി വീണ്ടും വീണ്ടും വരാറുണ്ട്. കേരളത്തിലെ നായര്‍ സമൂഹത്തെക്കുറിച്ചൊക്കെ അതില്‍ പരാമര്‍ശിക്കുന്നുണ്ട്.

Ancient Society എന്ന മോര്‍ഗന്‍റെ പുസ്തകം വന്നുകഴിഞ്ഞപ്പോള്‍ മാനിഫെസ്റ്റോയിലെ ആ വാചകം അവര്‍ തിരുത്തി; ചരിത്രപൂര്‍വ കാലഘട്ടത്തില്‍ സമൂഹം വര്‍ഗവിഭജിതമായിരുന്നില്ല. അതുകൊണ്ട് എഴുതപ്പെട്ട ചരിത്രകാലഘട്ടത്തെക്കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞത്, അതിനുമുമ്പുള്ള സമൂഹത്തില്‍ വര്‍ഗ വിഭജനം ഉണ്ടായിരുന്നില്ല; അതുകൊണ്ടുതന്നെ വര്‍ഗസമരവും ഉണ്ടായിരുന്നില്ല എന്ന് പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ തിരുത്തി; പാരിസ് കമ്യൂണിന്‍റെ അടിസ്ഥാനത്തിലും ചില കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ടെന്ന് അവര്‍ കണ്ടു. അപ്പോള്‍ എന്‍റെ വാദങ്ങളുടെ ചുരുക്കമിതാണ്, മാനിഫെസ്റ്റോയില്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. അത് മാനിഫെസ്റ്റോയില്‍ എഴുതിവച്ചതുപോലെ ഓരോ വാക്കും ഓരോ വാചകവും കുത്തിനും കോമയ്ക്കും മാറ്റമില്ലാതെ വേദപുസ്തകം പോലെയല്ല. അത് പുറത്തുവന്നിട്ട് ഇന്ന് ഒന്നേമുക്കാല്‍ നൂറ്റാണ്ടായിരിക്കുന്നു. അപ്പോള്‍ ഈ ഒന്നേമുക്കാല്‍ നൂറ്റാണ്ടുകാലത്തെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ആവശ്യമായ മാറ്റങ്ങളോടുകൂടി, മാര്‍ക്സും എംഗല്‍സും ഇന്നിത് വായിച്ചാല്‍ അവരിതിനെ എങ്ങനെ തിരുത്തുമായിരുന്നോ, അതുപോലെ തിരുത്തേണ്ടതുണ്ട്.

മാര്‍ക്സും എംഗല്‍സും മോര്‍ഗന്‍റെ പുസ്തകം കണ്ടപ്പോള്‍ തിരുത്തിയല്ലോ. നമുക്ക് മാര്‍ക്സും എംഗല്‍സും ലെനിനുമൊന്നും ആകാന്‍ പറ്റില്ല. പക്ഷേ നമ്മള്‍ നമ്മുടെ കൂട്ടായ അപഗ്രഥനശേഷി ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്ത് പരീക്ഷിക്കപ്പെട്ട സോഷ്യലിസങ്ങള്‍-സോഷ്യലിസത്തിന്‍റെ വ്യത്യസ്ത മാതൃകകള്‍ പരീക്ഷിക്കപ്പെട്ടു, അത് തകര്‍ന്നു, തിരിച്ചടിയേറ്റു, പുതിയ പരീക്ഷണങ്ങള്‍ ഉയര്‍ന്നുവരുന്നു – പരീക്ഷിക്കപ്പെട്ട സോഷ്യലിസ്റ്റ് അന്വേഷണങ്ങളുടെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതുള്‍ക്കൊണ്ടുകൊണ്ടും അതിന്‍റെ കോട്ടങ്ങളെ യാതൊരു സങ്കോചവും കൂടാതെ അംഗീകരിച്ചുകൊണ്ടും ആ കോട്ടങ്ങളൊഴിവാക്കി നേട്ടങ്ങളുമായി മുന്നോട്ടുപോകാന്‍ സന്നദ്ധമാകേണ്ടതുണ്ട്; ആ മുന്നോട്ടുപോക്കിന് ഇന്നത്തെ തൊഴിലാളി കര്‍ഷക ജനസാമാന്യം – ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനസാമാന്യം – എന്തു ചെയ്യണമെന്ന് ചോദിക്കുമ്പോള്‍ ഓരോ രാജ്യത്തിന്‍റെയും സവിശേഷതയനുസരിച്ചു വേണമത് നിര്‍വഹിക്കേണ്ടത്എന്നാണ് മറുപടി; അത് കാരണവന്മാര്‍തന്നെ പറഞ്ഞിട്ടുണ്ട്:

മാനിഫെസ്റ്റോയില്‍ തൊഴിലാളിവര്‍ഗം ഭരണകൂടമേറ്റെടുത്താല്‍ കൈക്കൊള്ളേണ്ട നടപടികളെന്ത് എന്നു പറഞ്ഞിരിക്കുന്ന ഭാഗത്ത് 10 പോയിന്‍റുകള്‍ നമ്പരിട്ടുകൊടുത്തിട്ടുണ്ട്. അതിന്‍റെയും മുമ്പില്‍ എഴുതിയിട്ടുള്ളത് ഓരോ രാജ്യത്തിന്‍റെയും സവിശേഷതയനുസരിച്ച് ഈ 10 കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താം, സ്ഥലകാലങ്ങളനുസരിച്ച്. ഇതൊക്കെ മാറണമെന്നുള്ളത് അവരുടെയൊരു അടിസ്ഥാനസമീപനമാണ്. മാനിഫെസ്റ്റോയില്‍ പരസ്പരം ഇടഞ്ഞുനില്‍ക്കുന്ന ആശയങ്ങളുണ്ട്. യൂറോപ്പാകെ ഒരു വിപ്ലവത്തിലേക്കു നീങ്ങുന്നുവെന്നുള്ള ആശയമുണ്ട്; അതിന്‍റെ പരിപാടിയുമുണ്ട്. പിന്നീട് പറയുന്നു, രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരാം.

ഇതേപോലെതന്നെ വേറൊരു ആശയമുണ്ട്- തൊഴിലാളിവര്‍ഗത്തിന് ഓരോ രാജ്യത്തെയും ബൂര്‍ഷ്വാസിയുമായി കണക്കുതീര്‍ക്കേണ്ടതുണ്ട്. 1917ല്‍ റഷ്യന്‍ വിപ്ലവം നടന്നുകഴിഞ്ഞപ്പോള്‍ അവിടെയുണ്ടായ വലിയൊരു തര്‍ക്കവിഷയം, ഉടനടി ജര്‍മനിയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും വിപ്ലവം നടന്ന്, അങ്ങനെ യൂറോപ്പിലാകെയുള്ള വിപ്ലവമായി അതു മാറണമെന്ന ആശയമാണുയര്‍ന്നത്; സാമ്രാജ്യത്വത്തിന്‍റെ ചങ്ങലക്കെട്ടിലെ `Weakest link in the chain’ എന്നാണ് റഷ്യയെക്കുറിച്ചും വിപ്ലവസാധ്യതയെക്കുറിച്ചുമുള്ള ലെനിന്‍റെ പ്രയോഗം.

കമ്യൂണിസ്റ്റുകാര്‍ക്കുള്ള ഒരു പ്രത്യേകത, നമ്മളെല്ലാത്തിനെയും സിദ്ധാന്തവത്കരിക്കും, ഒരു സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തിലാണ് നമ്മളെന്തെങ്കിലും ചെയ്യുന്നത്; നമ്മളൊരു കാര്യം ചെയ്യണോ വേണ്ടയോ എന്നൊരു വിഷയം നമ്മുടെ മുന്നില്‍ പൊന്തിവന്നാല്‍, കാരണവന്മാരിതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ, പാര്‍ട്ടി കോണ്‍ഗ്രസ്, പാര്‍ട്ടി പരിപാടി, പ്രമേയം അങ്ങനെയെന്തിലെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് നോക്കും. എന്നാല്‍ റഷ്യന്‍ വിപ്ലവത്തെ സാക്ഷാത്കരിച്ച, മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും പിന്‍ഗാമി എന്നു വിളിക്കാവുന്ന ലെനിന്‍റെ ഏറ്റവും വലിയൊരു സവിശേഷത അദ്ദേഹം അതുല്യനായ സര്‍ഗാത്മക വിപ്ലവ പ്രതിഭയായിരുന്നുവെന്നതാണ്. എന്താണെന്നു ചോദിച്ചാല്‍, അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയുടെ സന്ദര്‍ഭത്തില്‍ ബസവപുന്നയ്യ എഴുതിയ ഒരുലഘുകൃതിയില്‍ അത് പറഞ്ഞിട്ടുണ്ട്; ബസവപുന്നയ്യ ഉപയോഗിച്ച പ്രയോഗം Lenin the Master Tactitian എന്നായിരുന്നു. അത് മലയാളത്തിലും വന്നിട്ടുണ്ട്, “ലെനിന്‍ സമരമുറകളുടെ ആചാര്യന്‍” എന്ന പേരില്‍. മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ നിലപാട്, സമര സമീപനം നവീകരിച്ചുകൊണ്ടിരിക്കണം. 1905ലെ വിപ്ലവത്തിനുശേഷം റഷ്യയില്‍ ഒരു ജനപ്രതിനിധിസഭ കൊണ്ടുവരാന്‍ സാര്‍ ചക്രവര്‍ത്തി നിര്‍ബന്ധിതനായി. ആ പാര്‍ലമെന്‍റിന്‍റെ പേരാണ് ഡൂമ. (റഷ്യന്‍ വിപ്ലവത്തിന്‍റെ ശതാബ്ദി ആഘോഷിച്ച ഘട്ടത്തില്‍ 2017ല്‍ മോസ്കോയിലും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലൂംവെച്ച് കമ്യൂണിസ്റ്റ്- തൊഴിലാളി പാര്‍ട്ടികളുടെ അന്താരാഷ്ട്ര സമ്മേളനമുണ്ടായി. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് അതില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയപ്പോള്‍ ഈ ഡൂമ കൂടിയിട്ടുള്ള കെട്ടിടത്തില്‍ പോകാനും റഷ്യയുടെ പ്രധാനമന്ത്രിയായി ലെനിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫീസും ലളിതമായ താമസസ്ഥലവുമെല്ലാം കാണാനുമുള്ള അവിസ്മരണീയമായ സന്ദര്‍ഭമുണ്ടായി). സാര്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള പാര്‍ലമെന്‍റ് (ഡൂമ) തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണോ എന്ന ചര്‍ച്ച ബോള്‍ഷെവിക് പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നു. എന്തായിരുന്നു ബോള്‍ഷെവിക് പാര്‍ട്ടിയുടെ സമീപനം? പോകേണ്ടപ്പോള്‍ പോകണം, ബഹിഷ്കരിക്കേണ്ടപ്പോള്‍ ബഹിഷ്കരിക്കണം എന്നായിരുന്നു ബോള്‍ഷെവിക് പാര്‍ട്ടിയുടെ സമീപനം.

ചുരുക്കത്തില്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അത്യന്തം നവീനവും ശാസ്ത്രീയവുമായ ഒരു ആശയലോകം നമ്മുടെ മുന്നില്‍ ആദ്യമായി അവതരിപ്പിച്ചു. അതുവരെ സാങ്കല്പിക സോഷ്യലിസ്റ്റ് ആശയങ്ങളാണുണ്ടായിരുന്നത്-Utopian സോഷ്യലിസത്തെക്കുറിച്ചുള്ള ഏതാനും സ്വപ്നങ്ങളാണുണ്ടായിരുന്നത്. ആ സ്വപ്നങ്ങളെ മനുഷ്യജീവിത യാഥാര്‍ഥ്യങ്ങളുമായും ചരിത്ര ജീവിതാനുഭവങ്ങളുമായും ബന്ധിപ്പിച്ചുകൊണ്ട് അവര്‍ ആവിഷ്കരിച്ചതായിരുന്നു ശാസ്ത്രീയ സോഷ്യലിസം. അടിച്ചമര്‍ത്തപ്പെട്ട, ചൂഷിതരായ മനുഷ്യന്, അടിച്ചമര്‍ത്തപ്പെടുകയും അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന സ്ത്രീക്ക്, പുരുഷനോടൊപ്പം തുല്യതയോടുകൂടി വന്ന് പോരാടി, സ്ത്രീക്കും പുരുഷനും തുല്യതയുള്ള ചൂഷണരഹിതമായൊരു സമൂഹം എങ്ങനെ സൃഷ്ടിക്കാമെന്നതിന്‍റെ ആദ്യത്തെ പരീക്ഷണം 1871ല്‍ മാര്‍ക്സും എംഗല്‍സും ജീവിച്ചിരിക്കുമ്പോള്‍ പാരീസിലാണ് നടന്നത്. അതിന് 72 ദിവസമേ ആയുസ്സുണ്ടായിരുന്നുള്ളൂ, നിഷ്ഠുരമായി അത് അടിച്ചമര്‍ത്തപ്പെട്ടു. റഷ്യയാണ് മുതലാളിത്ത ചൂഷണത്തിന്‍റെ വൃത്തികേടുകളും വൈരുദ്ധ്യങ്ങളും അശ്ലീലവുമില്ലാത്ത മനോഹരമായൊരു പുതിയ മാനവികസമൂഹം നിര്‍മിക്കാന്‍ കഴിയും, അതിനു മുന്നോട്ടുപോകാന്‍ കഴിയും, അത് ലോകത്തിനുമുന്നില്‍ ഒരു വിസ്മയമായി വളര്‍ന്നുവരും എന്ന് പ്രായോഗികമായി തെളിയിച്ചത്; ലെനിനും കൂട്ടരുമാണത് സാധ്യമാക്കിയത്; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ പ്രയോഗത്തില്‍ കൊണ്ടുവരുകയായിരുന്നു അവര്‍. പക്ഷേ, അതിനു വ്യതിയാനങ്ങളുണ്ടായി. ആ വ്യതിയാനങ്ങളുണ്ടായതുകൊണ്ടാണ് അത് പരാജയപ്പെട്ടത്; ഏഴു പതിറ്റാണ്ടു കഴിഞ്ഞതോടെ ശിഥിലമാക്കപ്പെട്ടത്.

ഒരു കാര്യം കൂടി പറയട്ടെ. തിരിച്ചടികളെക്കുറിച്ച് പിന്നീടും കാരണവന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആദ്യം ചര്‍ച്ച ചെയ്തിട്ടുള്ളത്, 1864 സെപ്തംബര്‍ 28ന് ലണ്ടനിലെ സെന്‍റ് മാര്‍ട്ടിന്‍ ഹാളില്‍വച്ച് ഒന്നാം ഇന്‍റര്‍നാഷണല്‍ രൂപീകരിക്കപ്പെട്ടപ്പോഴാണ്. യഥാര്‍ഥത്തില്‍, നമ്മളെല്ലാം അന്ന് ലണ്ടനില്‍ വച്ച് നടന്നതിനെ ഒന്നാം ഇന്‍റര്‍നാഷണല്‍ എന്നു പറയുകയും മാര്‍ക്സും എംഗല്‍സും അങ്ങനെ വിളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതല്ല ഒന്നാം ഇന്‍റര്‍നാഷണല്‍ എന്നു നമുക്ക് വേണമെങ്കില്‍ പറയാം. മാനിഫേസ്റ്റോയ്ക്ക് എംഗല്‍സ് എഴുതിയ ഒരാമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്, 1847ല്‍ തുടങ്ങിയ കമ്യൂണിസ്റ്റ് ലീഗ് ആദ്യം ജര്‍മന്‍ കുടിയേറ്റക്കാരുടെ, ജര്‍മനി വിട്ടുപോയ വിപ്ലവകാരികളുടെ ഒരു സംഘടനയായി തുടങ്ങുകയും പിന്നീടതൊരു സാര്‍വദേശീയ സംഘടനയായി വളരുകയും ചെയ്തു എന്ന്. അപ്പോള്‍ കമ്യൂണിസ്റ്റ് ലീഗുതന്നെ ഒരു ഘട്ടത്തില്‍ ഒരു സാര്‍വദേശീയ സംഘടനയായി വളര്‍ന്നുവെന്ന് എംഗല്‍സ്തന്നെ പറയുന്നുണ്ട്.

പക്ഷേ മാര്‍ക്സും എംഗല്‍സും ജീവിച്ചിരിക്കുമ്പോള്‍ അവര്‍ കൂടി ചേര്‍ന്ന് രൂപീകരിച്ച കമ്യൂണിസ്റ്റ് ലീഗ്,അതിനുവേണ്ടി അവരെഴുതിയ മാനിഫെസ്റ്റോ, അതിന്‍റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ ചില വിപ്ലവസമരങ്ങള്‍ നടന്നു. അതില്‍പ്പെട്ടവരെ പിടികൂടി ജര്‍മനിയിലെ കൊളോണില്‍ വിചാരണ നടത്തി 1852ല്‍ 18 സഖാക്കളെ വിവിധ കാലത്തേക്ക് ശിക്ഷിച്ചു. പുറത്തുണ്ടായിരുന്ന മാര്‍ക്സും എംഗല്‍സും മറ്റ് സഖാക്കളും കൂടിച്ചേര്‍ന്ന് ഇന്നത്തെ സാഹചര്യത്തില്‍ ഈ കമ്യൂണിസ്റ്റ് ലീഗിന്‍റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുക പ്രായോഗികമല്ല എന്നു പറഞ്ഞുകൊണ്ട് അവരൊന്നിച്ച് തീരുമാനിച്ച് കമ്യൂണിസ്റ്റ് ലീഗ് പിരിച്ചുവിട്ടു (രൂപീകരിച്ച് 5 വര്‍ഷത്തിനുശേഷം, 1852ല്‍).

പിന്നീട് കമ്യൂണിസ്റ്റുകാര്‍, തൊഴിലാളിവര്‍ഗ പോരാളികള്‍ തങ്ങളുടേതായൊരു സംഘടന പരസ്യമായി ഉണ്ടാക്കുന്നത് 12 വര്‍ഷത്തിനുശേഷം 1864ല്‍ ഒരു പുനഃസംഘടിത പ്രസ്ഥാനം രൂപീകരിച്ചുകൊണ്ടാണ്. പക്ഷേ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രൂപീകരിച്ച ആ പ്രസ്ഥാനത്തിന്‍റെ പേര് ഒരര്‍ഥത്തില്‍ പോരായ്മ ഉള്ളതുമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. 1864 സെപ്തംബര്‍ 28ന് ലണ്ടനിലെ സെന്‍റ് മാര്‍ട്ടിന്‍ ഹാളില്‍വച്ച് രൂപീകരിച്ച ഒന്നാം ഇന്‍റര്‍നാഷണലിന്‍റെ പേര് International Working Men`s Association എന്നായിരുന്നു. അവിടെ സ്ത്രീയില്ലായിരുന്നു! അത് മാര്‍ക്സിനും എംഗല്‍സിനും സ്ത്രീയുടെ തുല്യതയെക്കുറിച്ച് ബോധമില്ലാഞ്ഞിട്ടല്ല; അന്നത്തെ സമൂഹത്തില്‍ ആ സംഘടനയുണ്ടാക്കുമ്പോള്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു. അതിന്‍റെ കമ്മിറ്റിയില്‍ സ്ത്രീകള്‍ വരുന്നത് പിന്നീടൊരുപാട് ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ്. അപ്പോള്‍ ഈ സിദ്ധാന്തം, അതിന്‍റെ പ്രായോഗിക പരിപാടികള്‍ ശരിയും തെറ്റും ചെയ്തുകൊണ്ടാണ് പരിണാമങ്ങള്‍ക്ക് വിധേയമായത് എന്നാണ് ഇതില്‍നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്. തെറ്റാവരം കിട്ടിയവരല്ല, ഒരബദ്ധവും പറ്റാത്തവരല്ല ഈ സിദ്ധാന്തം തയ്യാറാക്കിയവരും ഇതിന്‍റെ പ്രയോഗപദ്ധതികള്‍ ആവിഷ്കരിച്ചവരും എന്നു ചുരുക്കം. ഇത് നമ്മള്‍ ചരിത്രപരമായി മനസ്സിലാക്കണം.

1848ല്‍ യൂറോപ്പില്‍ നടന്ന വിപ്ലവ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്‍റെ കാരണം 1864ലെ ഒന്നാം ഇന്‍റര്‍നാഷണലിന്‍റെ ഉദ്ഘാടന വിജ്ഞാപനത്തില്‍ മാര്‍ക്സ് ചര്‍ച്ച ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്കിടയിലെ ഐക്യമില്ലായ്മയാണ് അന്നത്തെ സമരങ്ങള്‍ വിജയിക്കാതെ പോകാനുള്ള കാരണം എന്നാണ് ആ വിശകലനത്തില്‍ കാറല്‍ മാര്‍ക്സ് വിലയിരുത്തിയത്. ഇന്നത്തെ കാലത്തിനും ബാധകമായ ഒരു അമൂല്യ നിരീക്ഷണമാണത്.

എന്നാല്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനാശയം ശാസ്ത്രീയമാണ്. കൃത്രിമമായി സൃഷ്ടിച്ച അന്തരങ്ങള്‍ സമൂഹത്തില്‍ വാഴില്ല.ഒരു സമൂഹം ജീവിതയോഗ്യമാകുന്നത് തുല്യതയുടെയും സമത്വത്തിന്‍റെയും അടിസ്ഥാനത്തില്‍ ആ സമൂഹം പ്രവര്‍ത്തിക്കുമ്പോഴാണ്. എല്ലാ സമ്പത്തിന്‍റെയും ഉറവിടങ്ങള്‍ രണ്ടാണ്: ഒന്ന് പ്രകൃതി, രണ്ട്, പ്രകൃതിയുടെതന്നെ ഉത്പന്നമായ മനുഷ്യന്‍. ഇത് മൂലധനത്തില്‍ ഒരു വാചകത്തില്‍ മാര്‍ക്സ് സംക്ഷേപിക്കുന്നുണ്ട്. ഭൂമിയും മനുഷ്യനും ചേര്‍ന്നാണ് എല്ലാ സമ്പത്തും ഉണ്ടാക്കുന്നത്. അതുകൊണ്ട് എല്ലാ സമ്പത്തും തുല്യമായി വീതിക്കപ്പെടണം. ചിലരുടെ കൈയില്‍ കൂടുതല്‍ സമ്പത്ത്, ചിലരുടെ കൈയില്‍ ദുരിതം എന്നത് പാടില്ല. അതിനാല്‍ എല്ലാവര്‍ക്കും തുല്യതയുള്ളൊരു സമൂഹത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായൊരു പ്രായോഗിക സ്വപ്നമാണ് മാര്‍ക്സിസം മുന്നോട്ടുവയ്ക്കുന്നത്. സമത്വപൂര്‍ണ്ണമായ ആ സമൂഹത്തിന്‍റെ വളര്‍ച്ചയുടെയൊരു ഘട്ടത്തില്‍ ഭരണകൂടം കൊഴിഞ്ഞുപോകും എന്നും പറയുന്നു. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ്, ഭരണകൂടം കൊഴിഞ്ഞുപോകുന്ന ഒരു സമൂഹമൊക്കെ സാധ്യമാകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് Pre historic period അഥവാ primitive communism (പ്രാചീന കമ്യൂണിസം) സംബന്ധിച്ച അറിവുകള്‍. എന്‍റെ അഭിപ്രായത്തില്‍ അതിനെ Ancient Communism എന്നു വിളിക്കുന്നതാണ് നല്ലത്. കാരണം primitive എന്ന വാക്കിന് പ്രാകൃതം എന്നൊരര്‍ത്ഥമുണ്ട്. മനുഷ്യസമൂഹത്തിന്‍റെ വികാസത്തിന്‍റെ ആദ്യഘട്ടത്തില്‍ ഭരണകൂടമില്ലാത്തൊരു അവസ്ഥയുണ്ട്. എല്ലാവരും തുല്യതയോടെ ജീവിച്ചിരുന്ന ഭരണകൂടം തന്നെ ഇല്ലാതിരുന്ന ഒരവസ്ഥയുണ്ടായിരുന്നു എങ്കില്‍ മനുഷ്യസമൂഹത്തിന്‍റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഭാവിയിലും ഇതുണ്ടാകാം. അതിനൊരു തടസ്സവുമില്ല. അതാണ് യുക്തിയുക്തമായി സോഷ്യലിസം കമ്യൂണിസമായും ഭരണകൂടം കൊഴിഞ്ഞുപോകുന്നൊരു സമൂഹമായും മാറാം എന്ന ചിന്തയുടെ പിന്നിലുള്ള ശാസ്ത്രീയമായ യുക്തി. മുമ്പുണ്ടായിരുന്നെങ്കില്‍ ഭാവിയിലുമുണ്ടാകാം. പക്ഷേ അത് സ്വാഭാവികമായി ഉണ്ടാകില്ല. മനുഷ്യസമൂഹം സംഘടിച്ച് നിരന്തരം പ്രവര്‍ത്തിച്ചും പൊരുതിയും കൈവരിക്കേണ്ടതാണ്. ഇത് നടപ്പാക്കുന്നതില്‍ പോരായ്മകളുണ്ടായിട്ടുണ്ട്. ആ പോരായ്മകളില്‍ ചിലത് മാപ്പര്‍ഹിക്കാത്തതാണെന്നും വിമര്‍ശനമുണ്ട്. കാരണം ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് സോഷ്യലിസത്തിന്‍ കീഴിലായിരുന്നു. ഏറ്റവും വികസിച്ച സോവിയറ്റ് യൂണിയന്‍ ലോകത്തിന് നല്‍കിയത് എന്തൊക്കെയാണ്? ലോകത്ത് ആദ്യമായി സ്ത്രീക്ക് തുല്യതയും വോട്ടവകാശവും നല്‍കിയത് റഷ്യന്‍ വിപ്ലവമാണ് (ചുരുക്കം ചിലരൊഴികെ ഇത് പലരും പറയാത്തൊരു പോയിന്‍റാണിത്. സ്ത്രീയുടെ തുല്യതയെക്കുറിച്ച് പറയാന്‍ നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ക്കും പലപ്പോഴും മടിയാണ്. നമ്മുടെ തൊലിക്കടിയിലും പുരുഷാധിപത്യപ്രവണത, male showanism ഉണ്ട് എന്ന് ബിടിആര്‍ പറഞ്ഞിട്ടുള്ളതാണ്) ജനാധിപത്യത്തിന്‍റെ തട്ടകമെന്നുപറയപ്പെടുന്ന ഗ്രീസിലോ ഫ്രാന്‍സിലോ ഇംഗ്ലണ്ടിലോ അമേരിക്കയിലോ ജപ്പാനിലോ ജര്‍മനിയിലോ ഇറ്റലിയിലോ സ്ത്രീക്ക് വോട്ടവകാശം കിട്ടുന്നത് 1917ല്‍ റഷ്യന്‍ വിപ്ലവം നടന്നതിനുശേഷം, റഷ്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതിനുശേഷം മാത്രമാണ്. സോഷ്യലിസം എന്താണ് നല്‍കിയതെന്നു ചോദിക്കുന്ന ചില പഹയന്മാര്‍ക്കുള്ള ഉത്തരമാണിതൊക്കെ. അപ്പോള്‍ സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ ലോകത്തിന് നല്‍കിയ ഒരുപാട് കാര്യങ്ങളുണ്ട്. അമേരിക്കന്‍ നര്‍ത്തകിയായിരുന്ന ഇസഡോറ ഡങ്കന്‍റെ ആത്മകഥ വായിക്കണം. സോവിയറ്റ് യുണിയന്‍ സന്ദര്‍ശിച്ച അവര്‍ പറഞ്ഞു, “സ്ത്രീയുടെ തുല്യത നിങ്ങള്‍ക്കു കാണണമെങ്കില്‍ നിങ്ങള്‍ റഷ്യയില്‍ വരൂ”. ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനിര്‍മിത ഉപഗ്രഹമായ Sputnik അയച്ചത് സോവിയറ്റ് യൂണിയനാണ്. ശാസ്ത്രത്തിന്‍റെ വലിയൊരു കുതിച്ചുചാട്ടമാണ് റഷ്യയില്‍ നടന്നത്. അപ്പോള്‍ സോഷ്യലിസം ലോകത്തിനു നല്‍കിയ ഒരുപാട് നേട്ടങ്ങളുണ്ട്; ഒരുപാട് സംഭാവനകളുണ്ട്; പക്ഷേ സോവിയറ്റ് യൂണിയന്‍ ഒരു വ്യവസ്ഥ എന്ന നിലയില്‍ ഇപ്പോള്‍ തകര്‍ന്നടിഞ്ഞുപോയി. തകര്‍ന്നടിഞ്ഞതിന്‍റെ മുഖ്യകാരണക്കാരന്‍ ഗോര്‍ബച്ചേവ് ആണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അങ്ങനെ ഒരാള്‍ ശ്രമിച്ചാലൊന്നും തകരേണ്ടതല്ല സോഷ്യലിസം. ഗോര്‍ബച്ചേവിന് അതിനകത്ത് പങ്കുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അതിലെല്ലാമുപരിയായി, ആ വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട തത്വമായ മാര്‍ക്സിസത്തിന്‍റെ ജീവന്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ ചില ഘട്ടങ്ങളില്‍ മറന്നുപോയി. സോഷ്യലിസമുണ്ടായി; അത് നിലനില്‍ക്കണമെങ്കിലോ സോഷ്യലിസം നിരന്തരം കൂടുതല്‍ മികച്ച സോഷ്യലിസമായി വളര്‍ന്നുകൊണ്ടിരിക്കണം; സമൂഹം കൂടുതല്‍ വിപ്ലവകരമായി നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം. സുശക്തമായ സോഷ്യലിസ്റ്റ് ജനാധിപത്യ മാതൃകകള്‍ വികസിപ്പിക്കണം. എന്നാല്‍ നമ്മളെല്ലാം നേടിയെടുത്തു കഴിഞ്ഞു എന്ന ധാരണയിലേക്കെത്തിയാല്‍ കട്ടപിടിച്ച് (Oscification) ചലനരഹിതമായിപോകും സമൂഹം. അങ്ങനെ ചലനരഹിതമായിപ്പോയി സോവിയറ്റ് സമൂഹം. അതുകൊണ്ടാണത് തകര്‍ന്നത്. പല തലങ്ങളില്‍ സംഭവിച്ച ജീര്‍ണതയും അതിന് കാരണമാണ്. വന്‍നേട്ടങ്ങള്‍ക്കിടയിലാണ് ഈ പിശകുകള്‍ ഉണ്ടായത്. അതില്‍ ഗോര്‍ബച്ചേവ് ഗോര്‍ബച്ചേവിന്‍റേതായ പങ്കുവഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന്‍റെ മുന്‍ഗാമികള്‍ക്കും അവരുടേതായ പങ്കുണ്ട്. ഇതെല്ലാം നമ്മള്‍ കാണണം. അപ്പോള്‍ മാനിഫെസ്റ്റോ, സമൂഹം വര്‍ഗവിഭജിതമായി തുടരുന്നിടത്തോളം കാലം പ്രസക്തമാണ്. ഇതിനെ സംബന്ധിച്ച് കൂടുതല്‍ വാദഗതികള്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ടെറി ഈഗിള്‍ടണ്‍ എഴുതിയ Why Marx was Right എന്ന പുസ്തകം വായിച്ചാല്‍ മതി. മുതലാളിത്ത ചൂഷണവും അതിന്‍റെ ഭാഗമായ ദുസ്സഹമായ ജീവിതദുരിതങ്ങളും നിലനില്‍ക്കുന്നു. ഒരു ഭാഗത്ത് അതിസമ്പന്നര്‍ അവരുടെ കുന്നുകൂടുന്ന സമ്പത്തുകൊണ്ടെന്തു ചെയ്യണമെന്നറിയാതിരിക്കുമ്പോള്‍ മറുഭാഗത്ത് ജീവിതംതന്നെ നിഷേധിക്കപ്പെടുന്ന കോടിക്കണക്കിനാളുകള്‍ എന്ന ആഭാസകരമായ അവസ്ഥ. ഇത് ഏറ്റവും വലിയ അശ്ലീലമാണ്. അങ്ങനെ ആഭാസകരമായ, ദയനീയമായ, ഒരവസ്ഥയാണ് മുതലാളിത്തം ലോകത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സമത്വപൂര്‍ണമായൊരു സമൂഹം ഉണ്ടാകണം. ഇവിടെയാണ് മാനിഫെസ്റ്റോ പ്രസക്തമാകുന്നത്. അത്തരമൊരു സമത്വപൂര്‍ണമായ സമൂഹം യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ കാത്തുസൂക്ഷിച്ചും പറ്റിയ അബദ്ധങ്ങളും തെറ്റുകളും തുറന്നുപറഞ്ഞ് തിരുത്തിയും വിപ്ലവശക്തികള്‍ മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടത്. അതിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റിന്‍റെ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും വലിയ മാതൃകയായിത്തീരുന്നുണ്ട് എന്നുകൂടി പറഞ്ഞുകൊണ്ട് ഞാനെന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.♦
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 16 =

Most Popular