നമ്മുടെ നവോത്ഥാന സമരചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെടേണ്ട ചരിത്ര സംഭവമാണ് തോള്‍ ശീലൈ പോരാട്ടം. ആ മഹത്തായ പോരാട്ടത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികം കൊണ്ടാടുകയാണ്.
കേരളത്തിലെ മാറുമറയ്ക്കല്‍ സമരവും തമിഴ്നാട്ടിലെ തോള്‍ ശീലൈ പോരാട്ടവും ഒന്നുതന്നെയാണ്. അധഃസ്ഥിതര്‍ എന്നു മുദ്രയടിക്കപ്പെട്ടു മാറ്റിനിര്‍ത്തപ്പെട്ട നിരവധി സമുദായങ്ങളിലെ സ്ത്രീകള്‍ക്കു മാറുമറയ്ക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ പോരാട്ടമാണ് ഇവ രണ്ടും.
രണ്ടു നൂറ്റാണ്ടുമുമ്പ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ, തിരുവിതാംകൂര്‍ ഇനി സനാതനധര്‍മ്മ രാഷ്ട്രമായിരിക്കും എന്നു പ്രഖ്യാപിച്ചതോടെയാണ്, സനാതനധര്‍മ്മ സങ്കല്‍പത്തിനനുബന്ധമായ ഒരുപാടു ക്രൂരതകള്‍ സമൂഹത്തില്‍ കടന്നുവന്നത്. അതിനുപിന്നാലെയാണ് മനുഷ്യത്വവിരുദ്ധമായ വ്യവസ്ഥകളും കരങ്ങളും ഒക്കെ വലിയ ഒരു വിഭാഗം ജനതയ്ക്കെതിരെ വന്നത്. അവയവങ്ങള്‍ക്കുമേല്‍വരെ നികുതി ചുമത്തുന്ന നില വന്നു. അധഃസ്ഥിത സ്ത്രീകള്‍ മാറുമറയ്ക്കുന്നതു നിയമംവഴി വിലക്കുന്ന നിലയും വന്നു. അങ്ങനെ പലതും.
രാജഭരണ ഘട്ടത്തില്‍ത്തന്നെ അതില്‍ പലതിനെതിരെയും വലിയ തോതിലുള്ള ചെറുത്തുനില്‍പ്പുകളുണ്ടായി. അത്തരം ചെറുത്തുനില്‍പ്പുകളിലൊന്നാണ് തോള്‍ ശീലൈ സമരം. ചരിത്രപ്രധാനമായ ആ പോരാട്ടത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികമാണ് സിപിഐ എമ്മിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്നെയും അതില്‍ പങ്കെടുക്കാനെത്തി എന്നത് ആ പോരാട്ടത്തിന്‍റെ സമകാലികമായ പ്രാധാന്യവും രാഷ്ട്രീയമായ പ്രസക്തിയും വ്യക്തമാക്കുന്നു.
ഇതെഴുതുമ്പോള്‍ തിരുവള്ളുവരുടെയും മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെയും ഇ വി രാമസ്വാമി നായ്ക്കരുടെയും അയ്യാ വൈകുണ്ഠരുടെയും രാമലിംഗ അഡിഗൗുടെയും ശ്രീനാരായണ ഗുരുവിന്‍റെയും ഒക്കെ ഓര്‍മ്മകള്‍ മനസ്സില്‍ വന്നു നിറയുന്നുണ്ട്. അവരുടെയൊക്കെ ശ്രമഫലമായാണല്ലോ നമ്മുടെ നാട് മനുഷ്യനു ജീവിക്കാന്‍ കൊള്ളാവുന്നതായി മാറിയത്.
അവര്‍ക്കു പിന്നാലെ വന്ന ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളാകട്ടെ സാമുദായിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നിടത്ത് പരിമിതപ്പെട്ടുനിന്നിരുന്ന ആ പോരാട്ടം ഏറ്റെടുത്ത് സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുക എന്ന രാഷ്ട്രീയ ഉള്ളടക്കം കൂടി നല്‍കി മുമ്പോട്ടുകൊണ്ടുപോയി.
സംഘപരിവാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്‍റെ രാജവാഴ്ച
സനാതനധര്‍മ്മത്തിന്‍റെ രാഷ്ട്രം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് മാര്‍ത്താണ്ഡവര്‍മ പല പരിഷ്കാരങ്ങളും വരുത്തിയതെന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലൊ. ഇന്നും ഇടയ്ക്കിടയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന വാക്കാണ് സനാതനഹിന്ദുത്വം. രാജാധിപത്യത്തിനും വര്‍ഗ്ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു ഈ വാക്ക് എന്നത് നാം ശ്രദ്ധിക്കണം. സനാതനഹിന്ദുത്വം എന്ന വാക്കിലൂടെ സംഘപരിവാര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്‍റെ പഴയ രാജവാഴ്ചക്കാലമാണെന്നതിന് ഇതില്‍പ്പരം എന്തു തെളിവാണ് വേണ്ടത്? ജനാധിപത്യം ഇക്കൂട്ടര്‍ക്ക് അലര്‍ജിയാണെന്നതിനും മറ്റെന്തു തെളിവാണു വേണ്ടത്?
സനാതനഹിന്ദുത്വം എന്നത് അതിമഹത്തും അഭിമാനകരവുമായ എന്തോ ഒന്നാണ് എന്നും അതിന്‍റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള ഏക പോംവഴി എന്നും ഉള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്.
ഇതിന്‍റെ മുഖ്യ അടയാള വാക്യമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആശംസാ വാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാവട്ടെ എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. ഇത് ഒരു വിധത്തിലും എതിര്‍ക്കപ്പെടേണ്ടതല്ലല്ലോ; ഏറ്റവും ഉദാത്തമായ ഒരു സങ്കല്പമാണല്ലോ. ലോകത്ത് ഹിന്ദുത്വം മാത്രമല്ലെ ഇത്ര ശ്രേഷ്ഠമായ ഒരു അടയാളവാക്യം മുമ്പോട്ടുവെച്ചിട്ടുള്ളൂ. എന്നൊക്കെയാണ് അവരുടെ വാദം.
ഈ വാദം ആവര്‍ത്തിക്കുന്നവര്‍ ഇതിനു തൊട്ടുമുമ്പുള്ള വരി ബോധപൂര്‍വ്വം മറച്ചുവെക്കുന്നുണ്ട്. ‘ഗോബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം’ എന്നതാണ് തൊട്ടുമുമ്പുള്ള ആ വരി. ഗോവിനും, അതായതു പശുവിനും ബ്രാഹ്മണനും സുഖമുണ്ടാവട്ടെ എന്നത് ചേര്‍ത്തുവായിച്ച് അര്‍ത്ഥം മനസ്സിലാക്കിയാല്‍, പശുവിനും ബ്രാഹ്മണനും സുഖമുണ്ടായാല്‍ ലോകത്തിനാകെ സുഖമായി! എത്രയധികം ചേര്‍ന്നുപോകുന്നു, ലോകാസമസ്താ സുഖിനോഭവന്തു എന്ന സനാതനത്വത്തിന്‍റെ മുദ്രാവാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്മണ കേന്ദ്രീകൃത രാഷ്ട്രീയവും എന്നു നോക്കുക.
അക്കാലത്തു നിലനിന്ന സാമൂഹ്യ അനീതികളൊക്കെ ഇന്നു മാഞ്ഞുപോയി എന്നു കരുതാനാവുമോ? അതൊക്കെ പല രൂപങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അന്ന് രാഷ്ട്രീയാധികാരത്തിന്‍റെ രക്ഷാകര്‍തൃത്വം അതിനുണ്ടായിരുന്നു. ആ രക്ഷാകര്‍തൃത്വം ഇന്നുമുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് ആ പീഡകരൊക്കെ നിയമവ്യവസ്ഥയ്ക്കു മുമ്പില്‍നിന്നു രക്ഷപ്പെടുന്നതും.
തോള്‍ ശീലൈ പോരാട്ടം, കേവലം ജാതീയമായ ഉച്ചനീചത്വത്തിനെതിരായ പോരാട്ടം മാത്രമായിരുന്നില്ല. അതില്‍ വലിയ ഒരു രാഷ്ട്രീയ ഉള്ളടക്കം കൂടിയുണ്ടായിരുന്നു. സവര്‍ണ – ജന്മി – നാടുവാഴി – കൊളോണിയല്‍ വാഴ്ചയ്ക്കെതിരായ പോരാട്ടത്തിന്‍റെ ജ്വാല അതിലുണ്ടായിരുന്നു. രാജാധിപത്യത്തിനും അതിനു തണല്‍ വിരിച്ച സാമ്രാജ്യാധിപത്യത്തിനുംകൂടി എതിരായിരുന്നു അത്. തോള്‍ ശീലൈ പോരാട്ടത്തെ ചരിത്രം ആ നിലയ്ക്ക് ഒരു രാഷ്ട്രീയ പോരാട്ടമായിക്കൂടി പുനര്‍വിലയിരുത്തേണ്ടതുണ്ട്.
വര്‍ഗീയത ഭൂരിപക്ഷത്തിന്‍റെ ആയാലും ന്യൂനപക്ഷത്തിന്‍റെ ആയാലും അത് മാനവികതയുടെ ശത്രുതന്നെ. ഇന്ത്യയില്‍ ഭരണകൂട സഹായത്തോടെ വളര്‍ന്ന ഭൂരിപക്ഷ വര്‍ഗീയത രാജ്യത്തിനുതന്നെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. മുസ്ലീങ്ങള്‍ അടക്കമുളള ന്യൂനപക്ഷമതവിഭാഗങ്ങളെ നശിപ്പിക്കുന്നതിനുള്ള ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ശ്രമങ്ങള്‍ മുമ്പെന്നത്തെക്കാളും ശക്തമായ നിലയില്‍ മുന്നേറുകയാണിന്ന്. ഭരണാധികാരം കയ്യാളുന്നതിന്‍റെ മിടുക്കില്‍ രാജ്യത്തെ വര്‍ഗീയമായി ശിഥിലീകരിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ ഭീതിയിലാക്കുന്നതിനുളള ശ്രമങ്ങള്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു.
സിപിഐ എമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭരിക്കുന്ന കേരളമാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത ഇന്ത്യയിലെ ചുരുക്കം സംസ്ഥാനങ്ങളിലൊന്ന്. മറ്റൊന്ന് തമിഴ്നാടാണ്. കേരളത്തിലാണ് ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കറുതി വരുത്താന്‍ കഴിയുന്ന വിധത്തില്‍ ദളിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും അമ്പലങ്ങളില്‍ ശാന്തിക്കാരാകാനുള്ള അവസരം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒരുക്കിയത്.
സമകാലിക ദേശീയ സാഹചര്യം
ഒരു സവിശേഷ ദേശീയ സാഹചര്യമാണ് നിലവിലുള്ളത്. തങ്ങള്‍ തകര്‍ക്കപ്പെടാനാവാത്ത ശക്തിയാണ് എന്ന ബിജെപിയുടെ വാദത്തിന് ഇളക്കം തട്ടുന്നതിന്‍റെ സൂചനകളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇന്നു വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്നത്.
ബീഹാറില്‍ നിതീഷ് കുമാറും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ബിജെപി സഖ്യം ഉപേക്ഷിച്ചു വന്നതോടെ ബീഹാര്‍ രാഷ്ട്രീയത്തില്‍ വലിയ ഗതിമാറ്റം ഉണ്ടാവാന്‍ പോവുകയാണ്. ബിജെപിക്കെതിരായ ജനവികാരം രാജ്യവ്യാപകമായി പടരുന്നതിന്‍റെ പ്രതിഫലനമാണ് ഹരിയാനയില്‍ ദേവിലാലിന്‍റെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ റാലികള്‍. 2024 ഓടെ ബിജെപിയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന ആഹ്വാനമാണ് അതിലുണ്ടായത്.
നിതീഷ് കുമാറും തേജസ്വ യാദവും സീതാറാം യെച്ചൂരിയും ശരത് പവാറും സുഖ്ബീര്‍ സിംഗ് ബാദലും ഓം പ്രകാശ് ചൗത്താലയും ഒക്കെ അതില്‍ സംബന്ധിച്ചു. ഫറൂഖ് അബ്ദുള്ളയെയും സത്യപാല്‍ മാലിക്കിനെയും പോലുള്ളവര്‍ ആശംസാ സന്ദേശങ്ങള്‍ അയച്ചു. തെലങ്കാനയില്‍ മൂന്നു മുഖ്യമന്ത്രിമാര്‍ സമ്മേളിച്ചതും ഇതിനോടു ചേര്‍ത്തുവച്ചുതന്നെ കാണാവുന്നതാണ്. ഒരിക്കല്‍ ബി ജെ പിയോടൊപ്പമായിരുന്ന ജെ ഡി യു, ശിരോമണി അകാലിദള്‍ തുടങ്ങിയ പല പാര്‍ടികളും എന്‍ഡിഎ വിട്ടു. ശിവസേനയുടെ ഒരു ഭാഗം മാത്രമേ ഇപ്പോള്‍ ബി ജെ പിക്കൊപ്പമുള്ളൂ.
മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്നാട്, ഝാര്‍ഖണ്ഡ് തുടങ്ങിയ ഇടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും കൂട്ടര്‍ക്കും ഉണ്ടായ കനത്ത പരാജയവും ലോകസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ബിജെപിക്ക് ബംഗാളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ കാര്യമായ തിരിച്ചടിയുണ്ടായി. പതിനഞ്ചു വര്‍ഷമായി ബിജെപി ഭരിക്കുന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ ബിജെപിക്കു നഷ്ടപ്പെട്ടു. ഹിമാചല്‍പ്രദേശില്‍ ഭരണം തന്നെ ഇക്കൂട്ടര്‍ക്കു നഷ്ടപ്പെട്ടു. പിന്‍വാതിലിലൂടെ ഭരണം പിടിച്ച മഹാരാഷ്ട്രയില്‍പ്പോലും ഉപതിരഞ്ഞെടുപ്പുകളില്‍ പിന്നോട്ടടി ഉണ്ടായി. ഹൈദരാബാദ് അടക്കമുള്ള കേന്ദ്ര സര്‍വ്വകലാശാല കാമ്പസുകളില്‍ സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടന കനത്ത പരാജയം നേരിട്ടു. ഇതൊക്കെ ചില രാഷ്ട്രീയ സൂചനകള്‍ നല്‍കുന്നുണ്ട്.
ബി ജെ പി ഭരണത്തിന്‍റെ ദുരന്തം ജനങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ തിരിച്ചറിയുന്നതിന്‍റെ പ്രതിഫലനമാണ് മാറിവരുന്ന ഈ വികാരത്തിനു പിന്നില്‍. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്‍റെയും ആഗോള സൂചികകളില്‍ കൂടുതല്‍ ദയനീയമായ നിലയിലേക്കു രാജ്യം തള്ളിവിടപ്പെടുകയാണ്. അസമത്വവും മേഖലാപരമായ അസന്തുലിതാവസ്ഥയും ഇതിന്‍റെയൊക്കെ ഫലമായുള്ള അസംതൃപ്തിയും വര്‍ദ്ധിച്ചുവരുന്നു.
ഇതിനെയൊക്കെ അമര്‍ത്തിവെച്ചു ജനങ്ങളുടെ ശ്രദ്ധ മറ്റൊരു വഴിക്കു തിരിച്ചുവിടാനുള്ള അജന്‍ഡയുമായാണ് ബിജെപി നീങ്ങുന്നത്. അയോധ്യ കഴിഞ്ഞ സ്ഥിതിക്ക് ഇനി കാശിയും മഥുരയുമാണ് അടുത്തതായി പിടിച്ചടക്കേണ്ടത് എന്ന് അവര്‍ പറഞ്ഞുതുടങ്ങി. അവിടെയുള്ള മസ്ജിദുകളാണ് ലക്ഷ്യം. വര്‍ഗീയ വികാരമുയര്‍ത്തി ദുര്‍ഭരണത്തിനെതിരായ ജനരോഷത്തെ അമര്‍ത്തുക എന്ന ലക്ഷ്യമാണിതിനു പിന്നിലുള്ളത്. ജ്ഞാന്‍വാപി മസ്ജിദ് ആണത്രെ ഏറ്റവും അടുത്ത ലക്ഷ്യം. കഴിക്കാന്‍ ആഹാരം പോലുമില്ലാത്ത പാവപ്പെട്ടവരില്‍ വര്‍ഗീയതയുടെ വിദ്വേഷം പടര്‍ത്തിയാല്‍ അവര്‍ വിശപ്പും അതുണ്ടാക്കുന്ന സാമൂഹ്യസാഹചര്യങ്ങളും മറന്ന് തങ്ങളുടെ അനുയായികളായി തുടര്‍ന്നുകൊള്ളും എന്ന മനോഭാവമാണിത്.
ഇതിനെ തുറന്നുകാട്ടി ജനങ്ങളെ കൂടെനിര്‍ത്തുന്നതിനുള്ള ശ്രമം ഇടതുപക്ഷ കക്ഷികളും മതനിരപേക്ഷ കക്ഷികളും സംസ്ഥാന തലങ്ങളില്‍ കൈക്കൊള്ളുന്നുണ്ട്. അവ ഫലവത്താവുന്നുമുണ്ട്. ഇതാണ് സത്യം. ത്രിപുരയിലെ ബിജെപി വിജയംകൊണ്ടു മറച്ചുവെക്കാവുന്നതല്ല ഇത്. കഴിഞ്ഞ തവണ 50 ശതമാനത്തിലധികം വോട്ടുകിട്ടിയ ബിജെപിക്ക് ഇത്തവണ അത് 10 ശതമാനം കണ്ടു കുറഞ്ഞു. തിപ്ര മോത്ത എന്ന പ്രാദേശിക കക്ഷി വോട്ടു ഭിന്നിപ്പിച്ചില്ലായിരുന്നെങ്കില്‍ മറ്റൊന്നാവുമായിരുന്നു ത്രിപുരയിലെ സ്ഥിതി. രണ്ടായിരത്തില്‍ താഴെ വോട്ടിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട ഇരുപതോളം മണ്ഡലങ്ങളില്‍ ഈ പ്രാദേശിക പാര്‍ടി അയ്യായിരം മുതല്‍ പതിനായിരം വരെ വോട്ടു പിടിച്ചു. ആ പഴുതിലാണ് ബിജെപി പിടിച്ചു കയറിയത്. അല്ലാതെ ബിജെപി കൂടുതല്‍ സ്വീകാര്യമാവുന്നതിന്‍റെ സൂചനയൊന്നുമല്ല ഇത്.
നമ്മള്‍ വളരെ പണ്ടേ നല്‍കിയ മുന്നറിയിപ്പുകള്‍ സത്യമാവുന്നതു ലോകമാകെ കാണുകയും കൂടുതല്‍ പാര്‍ട്ടികള്‍ അത് തിരിച്ചറിയുകയും ചെയ്യുന്ന കാലമാണിത്. ഒരു ഭാഷ, ഒരു രാജ്യം, ഒരു സംസ്കാരം എന്ന മുദ്രാവാക്യം ഫാസിസത്തിന്‍റേതാണെന്നും ഇന്ത്യയുടെ വൈവിധ്യസമൃദ്ധിയെ ഇല്ലായ്മ ചെയ്യുന്നതാണെന്നും നമുക്കറിയാം. ഡിഎംകെ ഭാഷാസംരക്ഷണ പോരാട്ടങ്ങള്‍ നടത്തിയത് ഞാന്‍ ഓര്‍മിക്കുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ഇന്ന് ഒരു യാഥാര്‍ത്ഥ്യമായി രാജ്യത്തു മാറുന്നതും കേന്ദ്ര ഭരണാധികാരികള്‍തന്നെ അതിന്‍റെ വക്താക്കളും പ്രയോക്താക്കളുമാവുന്നതും നാമിന്നു കാണുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ ദുരുപയോഗത്തെക്കുറിച്ചു നമ്മള്‍ പണ്ടേ പറഞ്ഞു. കോണ്‍ഗ്രസ് തുടങ്ങിവെച്ചതും ബിജെപി ശക്തമായ തുടര്‍ന്നുകൊണ്ടു പോവുന്നതുമായ ആ നയത്തിന്‍റെ ആപത്ത് ഇന്നു കോണ്‍ഗ്രസ് അടക്കം തിരിച്ചറിയുന്നു. ചങ്ങാത്ത മുതലാളിത്ത രാഷ്ട്രീയം കോണ്‍ഗ്രസ് തുടങ്ങിവെച്ചു. ബിജെപി അത് ശക്തമായി മുമ്പോട്ടുകൊണ്ടുപോവുന്നു. ഇന്നു എല്‍ഐസിയിലെ 70,000 കോടിയോളം രൂപ ഒരു കോര്‍പ്പറേറ്റ് സിംഹം വിഴുങ്ങിയതിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നു. ഹിന്‍ഡണ്‍ബര്‍ഗ് റിപ്പോര്‍ട്ടിലൂടെയടക്കം ലോകം ഇതിലെ അപകടം ഇന്നു തിരിച്ചറിയുന്നു.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയടക്കമുള്ള ഏജന്‍സികളെ രാഷ്ട്രീയ വൈരനിര്യാതനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണ് ഇ ഡി കേസുകളില്‍ അരശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ല. സി ബി ഐ കേസുകളിലും വലിയ വ്യത്യാസമൊന്നുമില്ല. ആളുകളെ വലയ്ക്കാനും രാഷ്ട്രീയമായി വരുതിയിലാക്കാനുമുള്ള ഉപകരണങ്ങളായി അവ മാറിയിരിക്കുന്നു എന്നു ലോകം തിരിച്ചറിയുന്നു. രാഷ്ട്രീയ ദുരുപയോഗം കൊണ്ട് അവയുടെ വിശ്വാസ്യത ചോര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം.
ഹിന്ദുത്വ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയങ്ങള്‍ ആപത്തുണ്ടാക്കുമെന്നും കാല്‍ക്കീഴിലെ മണ്ണുകൂടി ഒലിച്ചുപോവുന്ന സ്ഥിതിയേ അതുണ്ടാക്കൂ എന്നും നമ്മള്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, അന്നൊന്നും അത് കേള്‍ക്കാതിരുന്ന കോണ്‍ഗ്രസ് ആ നയത്തിന്‍റെ ദുരന്തം സ്വന്തം തകര്‍ച്ചയിലൂടെ ഇന്ന് അനുഭവിക്കുന്നു. കേന്ദ്രവും മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഒരിക്കല്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലേക്കു മാത്രമായി ഒതുങ്ങിയത് അവരുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും വര്‍ഗീയ പ്രീണന നിലപാടുകളുംകൊണ്ടാണ്. അതേ വിധിയാണ് ബിജെപിയെയും കാത്തിരിക്കുന്നത്.
ഒരുമിച്ചു നില്‍ക്കാനുള്ള ഒരുപാടു വിഷയങ്ങള്‍ സിപിഐ എമ്മിനും ഡിഎംകെയ്ക്കുമിടയിലുണ്ട്. ഭാഷാ സംരക്ഷണം മുതല്‍ ഫെഡറല്‍ ഘടനയുടെ സംരക്ഷണം വരെ. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളുടെ സംരക്ഷണം മുതല്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കനത്ത പോരാട്ടംവരെ. ഇതിലൊക്കെ നമ്മോടു ചേര്‍ന്നു നില്‍ക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടികളുണ്ട്; ജനങ്ങളുണ്ട്. അത്തരമൊരു പുതിയ കാലത്തിന്‍റെ പിറവിയിലേക്കാണു നമ്മള്‍ സഞ്ചരിക്കുന്നത്. സംസ്ഥാന തലങ്ങളിലുണ്ടാവുന്ന ജനപക്ഷ ഒരുമ രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കും.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും തോളോടുതോള്‍ ചേര്‍ന്നു നീങ്ങും. ഇരു ജനതയ്ക്കുമിടയില്‍ വലിയ ഒരു സാഹോദര്യമുണ്ട്. അതു ശക്തിപ്പെടും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ നടപടികളും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോവുകയാണ്. ജനപക്ഷ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഭരണത്തുടര്‍ച്ച തന്നെയും.
കഴിഞ്ഞ തവണ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി മുഖേന മാത്രം 50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു. അത് 62,500 കോടിയിലെത്തിക്കാന്‍ കഴിഞ്ഞു. ഈ സര്‍ക്കാര്‍ 60,000 കോടിയുടെ വികസന പദ്ധതികളാണ് ലക്ഷ്യംവെക്കുന്നത്. ഇതുവരെയായിത്തന്നെ 13,000 കോടിയിലേറെ തുകയുടെ പദ്ധതികള്‍ ഏറ്റെടുത്തു കഴിഞ്ഞു.
63 ലക്ഷം പേര്‍ക്കു ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നുണ്ട്. മൂന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ലൈഫ് പദ്ധതി മുഖേന വീടുകള്‍ നല്‍കി. സര്‍ക്കാര്‍ സ്കൂളുകള്‍ നവീകരിച്ച് പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ അവിടേക്ക് അധികമായി വരുന്ന നിലയുണ്ടാക്കി. 2,31,000 ത്തിലധികം പേര്‍ക്കു പട്ടയം നല്‍കി. 43 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കു കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.
വീടുകളിലെത്തി ഡയാലിസിസ് ചെയ്തുകൊടുക്കുന്ന സംവിധാനമേര്‍പ്പെടുത്തി. തൊള്ളായിരത്തോളം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി. കിടപ്പുരോഗികള്‍ക്കും മറ്റുമായി വാതില്‍പ്പടി സേവനങ്ങള്‍ ഏര്‍പ്പെടുത്തി. അതിദാരിദ്ര്യനിര്‍മ്മാര്‍ജനം പ്രധാന അജന്‍ഡയായി ഏറ്റെടുക്കുകയും 64,000 ത്തിലധികം കുടുംബങ്ങളെ കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു.
സംരംഭക വികസനകാര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമിട്ടത്, ആദ്യ എട്ട് മാസങ്ങള്‍ക്കൊണ്ടുതന്നെ സാധ്യമാക്കി. കഴിഞ്ഞ പതിനൊന്ന് മാസംകൊണ്ട് 1,34,000 ത്തിലധികം സംരംഭങ്ങള്‍, 8,000 കോടിയിലധികം രൂപയുടെ നിക്ഷേപം, രണ്ടു ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം തൊഴിലവസരങ്ങള്‍ എന്നിവ ഈ ഘട്ടത്തിലുണ്ടായി. കേന്ദ്രം വില്‍പനയ്ക്കുവെച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു പ്രവര്‍ത്തിപ്പിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആറേമുക്കാല്‍ വര്‍ഷംകൊണ്ടു 10,000 കോടി രൂപ ചെലവഴിച്ചു. ഈ കാലയളവില്‍ പി എസ് സി വഴി രണ്ട് ലക്ഷത്തിലധികം അധിക നിയമനങ്ങള്‍ നടന്നു.
കേരളത്തിന്‍റെ ബദലില്‍ അസഹിഷ്ണുത പൂണ്ട കേന്ദ്ര സര്‍ക്കാര്‍ കിഫ്ബിയെ മുതല്‍ ലൈഫിനെവരെ അന്വേഷണം വഴി തകര്‍ക്കാന്‍ ശ്രമിക്കുന്നു. ബദല്‍ നയങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ ഒപ്പം ഉണ്ടാവുമെന്നും അതിനെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്നും തെളിയിക്കുകയാണു നമ്മള്‍. ഒരു വര്‍ഗീയ കലാപവുമില്ലാത്ത സമാധാനാന്തരീക്ഷം സ്ഥാപിച്ചുകൊണ്ടാണ് നാം ഇതൊക്കെ സാധിക്കുന്നത് എന്നത് ഓര്‍ക്കണം. നന്മയ്ക്കു വേണ്ടി ഒരുമിക്കുകയാണു കേരളവും തമിഴ്നാടും എന്നതാണു സത്യം. ♦