Tuesday, December 3, 2024

ad

Homeസാമ്പത്തിക കുറിപ്പുകള്‍പതഞ്ജലി കമ്പനിയും കുടുംബശ്രീയും

പതഞ്ജലി കമ്പനിയും കുടുംബശ്രീയും

ബാബാ രാംദേവിന്‍റെ പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍വഴി വില്‍ക്കേണ്ടിവരുന്ന സ്ഥിതി ആലോചിച്ചു നോക്കൂ! അത്ഭുതപ്പെടേണ്ട. അതിലേക്കാണ് കാര്യങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. കേന്ദ്ര ഗ്രാമവികസന വകുപ്പ് പതഞ്ജലിയുമായി ഒരു ധാരണാപത്രം കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. അതുപ്രകാരം പതഞ്ജലിയുടെ ഉല്പന്നങ്ങള്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി (NRLM) ബന്ധപ്പെട്ട സ്വയംസഹായസംഘങ്ങള്‍ വഴി വില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. അതേസമയം, സ്വയംസഹായസംഘങ്ങളുടെ ഉല്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതിനു പതഞ്ജലിയും അവരെ സഹായിക്കും. രണ്ടാമതു പറഞ്ഞത് എത്ര നടക്കുമെന്ന് കണ്ടറിയണം. എന്നാല്‍ ആദ്യം പറഞ്ഞത് നടക്കേണ്ടത് പതഞ്ജലിയുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്.

പതഞ്ജലി കമ്പനി എന്ത്?
ബിജെപിയുമായി അടുത്തുബന്ധം പുലര്‍ത്തുന്ന ബാബാ രാംദേവ് ബാലകൃഷ്ണ എന്നൊരു വ്യവസായിയുമായി സംയുക്തമായി 2006ല്‍ ആരംഭിച്ച മരുന്ന്/ഉപഭോക്തൃ ഉല്പന്ന കമ്പനിയാണ് പതഞ്ജലി. ഏതാനും വര്‍ഷംകൊണ്ട് അവര്‍ ഡാബര്‍ ആയൂര്‍വേദ മരുന്ന് കമ്പനിയെപ്പോലും മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ആയുര്‍വേദ മരുന്നു കമ്പനിയായിത്തീര്‍ന്നിരിക്കുകയാണ്. 2022ല്‍ 23,210 കോടി രൂപയായിരുന്നു അവരുടെ ടേണോവര്‍. 1,074 കോടി രൂപ വാര്‍ഷികലാഭവും. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ചാരിറ്റി സംഘടനയായി അംഗീകരിച്ചിരിക്കുന്നതുകൊണ്ട് പതഞ്ജലി കമ്പനിക്ക് ആദായനികുതിയും കൊടുക്കേണ്ടതില്ല.

പക്ഷേ, പതഞ്ജലി ഇപ്പോള്‍ ഒരു പ്രതിസന്ധിയിലാണ്. അദാനിയുടെ ഓഹരിവിലകള്‍ തകര്‍ന്നതുപോലെയല്ലെങ്കിലും പതഞ്ജലിയുടെ ഓഹരിവിലകളും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. പതഞ്ജലി ഓഹരിയുടെ വില 2022 സെപ്ത്ബംര്‍ 22ന് 1,478 രൂപയായിരുന്നത് 2023 ഫെബ്രുവരി 27 ആയപ്പോള്‍ 905 രൂപയായി കുറഞ്ഞു. ഏതാണ്ട് 39 ശതമാനമാണ് ഓഹരിവിലയില്‍ കുറവുവന്നത്. ഈ സന്ദിഗ്ധഘട്ടത്തില്‍ ഒരു രക്ഷാമാര്‍ഗ്ഗം ആയിട്ടായിരിക്കണം പതഞ്ജലി സ്വയംസഹായസംഘ വിപണന ശൃംഖലയെ കാണുന്നത്.

പതഞ്ജലിയുടെ പ്രതിസന്ധി
ഓഹരി വിലകള്‍ ഇടിയാന്‍ കാരണം പതഞ്ജലി കമ്പനിയുടെ വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയതാണ്. തങ്ങളുടെ ശരവേഗത്തിലുള്ള വളര്‍ച്ചയില്‍ അസൂയാലുക്കളായ എതിരാളികളാണ് തങ്ങള്‍ക്കെതിരെ ദുരാരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് കമ്പനി പറയുന്നത്. പക്ഷേ, ആരോപണങ്ങള്‍ ചെറുതല്ല.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലായെന്നു പറഞ്ഞ് നേപ്പാള്‍ പതഞ്ജലിയുടെ ദിവ്യ ഫാര്‍മസിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു.

പൂര്‍ണ്ണമായും പ്രകൃതി ഉല്പന്നങ്ങളാണ് എന്നാണ് അവകാശവാദമെങ്കിലും അതിരുകവിഞ്ഞ് രാസവസ്തുക്കള്‍ ഉല്പന്നങ്ങളില്‍ ഉണ്ടെന്നു പറഞ്ഞ് ഖത്തര്‍ പതഞ്ജലിയെ നിരോധിച്ചു (പതഞ്ജലി ഇതു നിഷേധിച്ചിട്ടുണ്ട്. ഹലാല്‍ സര്‍ട്ടിഫിക്കറ്റോടുകൂടി ഇപ്പോഴും വില്‍ക്കുന്നുണ്ട്).

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 5 പതഞ്ജലി ഉല്പന്നങ്ങള്‍ നിരോധിച്ചു (പിന്നീട് നിരോധനം പിന്‍വലിച്ചു).

പതഞ്ജലി ഉല്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങളും കേസുകളും ഉണ്ടായി.

ഇന്ത്യന്‍ പ്രതിരോധ വകുപ്പ് പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് നിരോധിച്ചു.
ആയുഷ് മന്ത്രാലയം പതഞ്ജലിയുടെ പരസ്യങ്ങളുടെ പല പൊള്ളത്തരങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോവിഡ് മരുന്ന് കള്ളത്തരമായതുകൊണ്ട് അതിനെക്കുറിച്ചുള്ള പരസ്യങ്ങള്‍ നിരോധിക്കപ്പെട്ടു.

പല വിദഗ്ധരും പറയുന്നത് അതിവേഗത്തില്‍ വളരാനുള്ള വ്യഗ്രതയില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു പലപ്പോഴും കമ്പനിക്കു കഴിയാതെ വന്നു എന്നാണ്. അതുപോലെ തന്നെ മാര്‍ക്കറ്റ് പിടിച്ചടക്കുന്നതിന് അതിരുകവിഞ്ഞ അവകാശവാദങ്ങളും കമ്പനിക്ക് ഉയര്‍ത്തേണ്ടി വന്നു. ഇതിന്‍റെയെല്ലാം ഫലമായി പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ മാന്ദ്യം നേരിടുകയാണ്.

സ്വയംസഹായസംഘ ശൃംഖല പതഞ്ജലിക്ക്
ധാരണാപത്ര പ്രകാരം പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ സ്വയംസഹായസംഘങ്ങള്‍ വഴി വില്‍ക്കും. വിപണനത്തിനു വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ പതഞ്ജലി സ്റ്റോറില്‍ നിന്ന് അവ എത്തിച്ചുകൊടുക്കും. എന്‍ആര്‍എല്‍എമ്മിന്‍റെ സഹായത്തോടെ ഇന്ത്യയിലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനും ഇല്ലാത്ത വിപണനശൃംഖല കൈക്കലാക്കാനാണ് പതഞ്ജലിയുടെ ശ്രമം.

ഈ സഹസ്രാബ്ദത്തിന്‍റെ ആദ്യ പതിറ്റാദണ്ടില്‍ യൂണിലിവറിന്‍റെ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വഴി വില്‍ക്കുന്നതിനുള്ള ആകര്‍ഷകമായ ഒരു പദ്ധതി കൊണ്ടുവന്നത് എതിര്‍ത്തു തോല്‍പ്പിച്ചത് ഈ അവസരത്തില്‍ എടുത്തുപറയേണ്ടതുണ്ട്. വായ്പാടിസ്ഥാനത്തില്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദിയായി സ്വയംസഹായസംഘങ്ങളെ അധഃപതിപ്പിക്കാന്‍ പാടില്ല എന്നതായിരുന്നു ഇടതുപക്ഷ നിലപാട്. കാരണം ഇത് സ്വയം സഹായ സംഘങ്ങളെ കടക്കെണിയിലേക്കു നയിക്കും. ഇതാണ് ഇപ്പോള്‍ പതഞ്ജലി വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്. ഇന്ന് പതഞ്ജലി ആണെങ്കില്‍ നാളെ മറ്റു കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കളത്തില്‍ ഇറങ്ങിയേക്കാം.

കുടുംബശ്രീയും എന്‍ആര്‍ഒയും
ധാരണാപത്രത്തിലെ ഏറ്റവും അപകടകരമായ വകുപ്പ് പതഞ്ജലിയെ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (NRO) ആയി അംഗീകരിച്ചതാണ്. സ്ത്രീകളുടെ സ്വയംസഹായസംഘങ്ങള്‍ വഴി നടപ്പാക്കുന്ന സംരംഭകത്വ വികസന പരിപാടിയെന്ന നിലയിലാണ് എന്‍ആര്‍എല്‍എം 2013ല്‍ രൂപീകരിച്ചത്. ആന്ധ്രയിലെ സ്വയംസഹായസംഘങ്ങളും കേരളത്തിലെ കുടുംബശ്രീയുമാണ് അതിനു മാതൃകയായി കണ്ടത്. അതുകൊണ്ട് ഈ രണ്ടിടത്തുനിന്നും പരിചയസമ്പന്നരായ സ്വയംസഹായസംഘ/അയല്‍ക്കൂട്ട പ്രവര്‍ത്തകരെ മറ്റു സംസ്ഥാനങ്ങളെ സഹായിക്കാന്‍ അയക്കുന്നതിന് ഒരു പരിപാടി ആവിഷ്കരിച്ചു. ഇതിന്‍റെ ഭാഗമായിട്ടാണ് കുടുംബശ്രീ അടക്കമുള്ള ചില സംഘടനകളെ എന്‍ആര്‍ഒ ആയി അംഗീകരിച്ചത്. എസ് എം വിജയാനന്ദ് ആയിരുന്നു അന്നത്തെ കേന്ദ്ര ഗ്രാമവികസന വകുപ്പ് അഡീഷണല്‍ സെക്രട്ടറി.

കുടംബശ്രീയെ കൂടാതെ മറ്റ് 4 എന്‍ആര്‍ഒകള്‍കൂടി ഉണ്ടായിരുന്നു. അവയെല്ലാം സര്‍ക്കാരുമായി ബന്ധമുള്ള സാങ്കേതിക സ്ഥാപനങ്ങളോ ഏജന്‍സികളോ കുടുംംബശ്രീ പോലുള്ള അയല്‍ക്കൂട്ട സംവിധാനങ്ങളോ ആയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ സ്വയംസഹായ സംഘങ്ങളെ സംഘടിപ്പിക്കുന്നതിനും പഞ്ചായത്തുമായി ഇവയെ ബന്ധപ്പെടുത്തുന്നതിനും നൈപുണി വികസിപ്പിക്കുന്നതിനും മറ്റുമുള്ള സഹായങ്ങള്‍ നല്‍കാനുള്ള ഏജന്‍സികളായിരുന്നു ഇവ.

സ്വാഭാവികമായും കുടുംബശ്രീയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ഏജന്‍സി. ഇതിനായി കേരളത്തില്‍ നിന്നുള്ള 200ഓളം സ്ത്രീകള്‍ മറ്റു സംസ്ഥാനങ്ങളില്‍പോയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് എസ്എച്ച്ജി സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കല്‍, സംരംഭ വികസനം എന്നീ മേഖലകളിലാണ് കുടുംബശ്രീ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നത്. മറ്റ് എന്‍ആര്‍ഒകള്‍ എല്ലാം സംരംഭകത്വവികസനം പോലുള്ള ചില പ്രത്യേക മേഖലകളിലാണ് പ്രവര്‍ത്തിച്ചുവന്നത്. എങ്കിലും ഇവയെല്ലാം സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവന്ന സ്ഥാപനങ്ങളാണ്. പഞ്ചായത്ത് സ്വയംസഹായസംഘ സംയോജിത പ്രവര്‍ത്തനമായിരുന്നു മുഖ്യസമീപനം.

പതഞ്ജലിക്ക് എന്‍ആര്‍ഒ സ്ഥാനം
സമീപകാലത്ത് നയത്തില്‍ ഒരു മാറ്റംവന്നുകൊണ്ടിരിക്കുകയാണ്. സ്വകാര്യ വ്യാപാരകമ്പനികളെ ഈ രംഗത്തേക്ക് കൊണ്ടുവരാനാണു ശ്രമം. കുടുംബശ്രീയടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വനിതാ സ്വയംസഹായസംഘ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അവസരങ്ങള്‍ പരിമിതപ്പെട്ടു തുടങ്ങി.

ഈയൊരു സാഹചര്യത്തിലാണ് പതഞ്ജലിയെ എന്‍ആര്‍ഒ ആയി അംഗീകരിച്ചുകൊണ്ടുള്ള ധാരണാപത്രം സംശയമുളവാക്കുന്നത്. പതഞ്ജലിക്ക് സ്വയംസഹായസംഘങ്ങളുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. അവര്‍ ഒരു പരിശീലന സംഘടന അല്ല. ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണ്. ഇന്ത്യയിലെമ്പാടുമുള്ള സ്വയംസഹായ സംഘങ്ങള്‍ക്ക് പതഞ്ജലിയുടെ പരിശീലന സേവനം ഉപയോഗപ്പെടുത്താം. അതിന് എന്‍ആര്‍എല്‍എമ്മിന്‍റെ സംസ്ഥാന ഘടകങ്ങള്‍ സഹായിക്കുമെന്നാണ് ധാരണാപത്രം. സാധാരണ സ്വയംസഹായ സംഘപ്രവര്‍ത്തകര്‍ക്കും മറ്റും എന്‍ആര്‍ഒകള്‍ക്കും പങ്കാളിത്തം കുറച്ചത് പതഞ്ജലിക്കു വഴിതുറക്കാനാണോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

വിപുലമായ ജനകീയ വികസന സംവിധാനം
സഹകരണമേഖല പോലെ അയല്‍ക്കൂട്ടങ്ങളും സ്വയംസഹായസംഘങ്ങളും അതിവിപുലമായ ഒരു ജനകീയ സംവിധാനമായി ഇന്നു വളര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഇന്ന് ഇവ പ്രവര്‍ത്തിക്കുന്നു. 7,147 ബ്ലോക്കുകളില്‍ 7,035ലും ഇവയുണ്ട്. സ്വയംസഹായസംഘങ്ങളുടെയും അയല്‍ക്കൂട്ടങ്ങളുടെയും എണ്ണം 82.61 ലക്ഷം വരും. ശരാശരി 15 അംഗങ്ങള്‍ ഒരു യൂണിറ്റിന് ഉണ്ടെങ്കില്‍ 12 കോടിയില്‍പ്പരം കുടുംബങ്ങള്‍ ഇവയില്‍ അംഗങ്ങളാണ്.

മൂന്നുതരം സ്വയംസഹായസംഘങ്ങള്‍/അയല്‍ക്കൂട്ടങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് സന്നദ്ധസംഘടനകളും മറ്റു സര്‍ക്കാരിതര ഏജന്‍സികളുമായി ബന്ധപ്പെട്ട ശൃംഖലകളാണ്. ഏതാണ്ട് അത്രതന്നെ വരും ഗ്രാമവികസന ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്നവ. കേരളത്തിലെ കുടുംബശ്രീ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ അയല്‍വക്കത്തുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഇതില്‍ ചേരാന്‍ അര്‍ഹതയുണ്ട്. കേരളത്തിലെ കുടുംബശ്രീ വെറും സമ്പാദ്യ-വായ്പാ പദ്ധതി അല്ല. നാനാവിധ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള പൊതുവേദിയാണത്. സ്ത്രീ ശാക്തീകരണത്തിനുള്ള ഉപാധിയുമാണ്.

ബിജെപിയുടെ കുത്സിതശ്രമം
എല്ലാ സംസ്ഥാനങ്ങളുടെയും സ്വയംസഹായസംഘങ്ങള്‍ക്ക് എന്‍ആര്‍എല്‍എമ്മുമായി ബന്ധമുണ്ട്. ഇത് ഉപയോഗപ്പെടുത്തി സ്വയംസഹായസംഘ / അയല്‍ക്കൂട്ട ശൃംഖലയെ വരുതിയില്‍കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം. പതഞ്ജലിയുമായുള്ള ധാരണാപത്രത്തെക്കുറിച്ച് സംസ്ഥാന ഉപജീവന മിഷനുകള്‍ക്ക് അറിയിപ്പ് വന്നുകഴിഞ്ഞു. ഇപ്പോള്‍ പതഞ്ജലിയുടെ സഹായം ഉപയോഗപ്പെടുത്തണമെന്ന ഉപദേശമേ ഉള്ളൂ. പക്ഷേ എപ്പോള്‍ വേണമെങ്കിലും ദേശീയ ഉപജീവന്‍ മിഷന്‍റെ ഫണ്ടുകള്‍ക്ക് ഒരു നിബന്ധനയായി പതഞ്ജലിയുമായുള്ള സഹകരണം മാറാം. സഹകരണ മേഖലയെ മാത്രമല്ല ഇന്ത്യയിലെ സ്വയംസഹായ സംവിധാനങ്ങളെതന്നെ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണവും ചെറുത്തുനില്‍പ്പും അനിവാര്യമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − five =

Most Popular