Thursday, November 21, 2024

ad

Homeസാര്‍വദേശീയംഒടുങ്ങാത്ത വംശീയ ഭീകരത

ഒടുങ്ങാത്ത വംശീയ ഭീകരത

ജി വിജയകുമാര്‍

“എന്‍റെ നേതൃത്വത്തിലുള്ള ദേശീയ ഗവണ്‍മെന്‍റിന്‍റെ അടിസ്ഥാന നയങ്ങള്‍ ഇവയാണ്: ഇസ്രയേല്‍ രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും ജൂത ജനതയ്ക്ക് ചോദ്യം ചെയ്യാനാവാത്തതും മറ്റാര്‍ക്കും ഇല്ലാത്തതുമായ പ്രത്യേക അവകാശമുണ്ട്. ഇസ്രയേല്‍ രാജ്യത്തിലെ എല്ലാ പ്രദേശങ്ങളിലും – ഗലീലി, നെഗേവ്, ഗോലാന്‍, ജൂഡിയ, സമാരിയ എന്നിവിടങ്ങളിലെല്ലാം – കുടിയേറ്റം ഗവണ്‍മെന്‍റ് പ്രോത്സാഹിപ്പിക്കും”. 2022 ഡിസംബര്‍ 29ന് വീണ്ടും ഇസ്രയേന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടന്‍ ബെഞ്ചമിന്‍നെതന്യാഹു നടത്തിയ പ്രസ്താവനയാണിത്. 1947 നവംബര്‍ 29 മുതലുള്ള ഇസ്രയേലിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം ആ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന, ഇസ്രയേല്‍ രാജ്യം രൂപീകരിക്കപ്പെട്ടശേഷം അവിടെ ജനിച്ച (നെതന്യാഹുവിന്‍റെ ജന്മവര്‍ഷം 1949) ആദ്യ പ്രധാനമന്ത്രിയായ നെതന്യാഹുവിന്‍റെ വാക്കുകളില്‍ പലസ്തീന്‍ ജനത നേരിടുന്ന ദുരിതങ്ങളുടെ കാരണം വായിച്ചെടുക്കാം. വെസ്റ്റ്ബാങ്കില്‍ ഉള്‍പ്പെട്ടുവരുന്ന ജൂഡിയയും സമാരിയയും 1947ലെ വിഭജനകരാര്‍പ്രകാരം പലസ്തീന്‍റെ ഭാഗമായിരുന്നെങ്കിലും പിന്നെയും ജൂതകുടിയേറ്റം തുടര്‍ന്നു. എന്നാല്‍ 1994ല്‍ ഇസ്രയേല്‍ ഭരണകൂടംതന്നെ ആ പ്രദേശങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തിന്‍റെ ഭാഗമാണെന്ന് അംഗീകരിച്ച് പലസ്തീന്‍ അതോറിറ്റിയുമായി കരാര്‍ ഒപ്പിട്ടതാണ്. ഗോലാന്‍ കുന്നുകളാകട്ടെ, പലസ്തീന്‍ അറബികള്‍ അധിവസിച്ചിരുന്ന സിറിയന്‍ പ്രദേശമായിരുന്നു. അതും 1967ലെ ആറുദിന യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചടക്കുകയാണുണ്ടായത്. അത് സിറിയക്കോ പലസ്തീനോ വിട്ടുകൊടുക്കാന്‍ ഐക്യരാഷ്ട്രസഭ അക്കാലംമുതല്‍ നിരവധി തവണ പ്രമേയം പാസാക്കിയിട്ടുള്ളതാണ്. ഇസ്രയേല്‍ അതംഗീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. അമേരിക്ക ഒപ്പമുണ്ടെന്നതാണ് ഈ ഇസ്രയേല്‍ ഹുങ്കിന്‍റെ അടിസ്ഥാനം.

നെതന്യാഹുവിന്‍റെ പ്രസ്താവന ശരിക്കും ഐക്യരാഷ്ട്ര സഭയെയും ലോകരാഷ്ട്രങ്ങളെയും ലോകജനതയെ ആകെത്തന്നെയും പരിഹസിക്കുന്നതാണ്. ലോകപൊതുജനാഭിപ്രായവും ലോകനിയമങ്ങളും എന്തുതന്നെയായാലും അവസാനത്തെ പലസ്തീന്‍ അറബിയെയും ആ പ്രദേശത്തുനിന്ന് തൊഴിച്ചുപുറത്താക്കുമെന്ന ധിക്കാരത്തിന്‍റെ സ്വരമാണ് നെതന്യാഹുവില്‍നിന്ന് കേള്‍ക്കുന്നത്. ഇസ്രയേലി വംശീയ ഭീകരതയുടെ ഇരകളാണ് പലസ്തീന്‍ ജനത.

അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണ
നെതന്യാഹു അധികാരമേറ്റശേഷമുള്ള രണ്ടു മാസത്തിനിടയില്‍ ഇസ്രയേല്‍ ഗവണ്‍മെന്‍റ് പ്രതിദിനം ഒന്നിലേറെ പലസ്തീന്‍കാരെയാണ് കൊലപ്പെടുത്തിയത്. ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെയോ ഐക്യരാഷ്ട്ര സഭയുടെയോ യാതൊരുവിധ നടപടിയും നേരിടാതെ, ശിക്ഷാഭയം ഒന്നും കൂടാതെ ഇസ്രയേലിലെ ജൂത വംശീയവാദ ഭരണം കഴിഞ്ഞ 75 വര്‍ഷത്തിലേറെയായി പലസ്തീന്‍ ജനതയെ അവരുടെ ജന്മഭൂമിയില്‍ നിന്നും ആട്ടിയോടിക്കുകയും അവരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയുമാണ്. ആഗോള പൊതുജനാഭിപ്രായം എതിരായിട്ടും ഈ കൊടുംക്രൂരതകള്‍ തുടരാന്‍ ഇസ്രയേലിന് കഴിയുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ അകമഴിഞ്ഞ പിന്തുണയൊന്നുകൊണ്ടു മാത്രമാണ്.

1947 നവംബര്‍ 29ന് ഐക്യരാഷ്ട്ര പൊതുസഭ പാസാക്കിയ 181 (ശശ) നമ്പര്‍ പ്രമേയം വഴിയാണ് പലസ്തീന്‍ പ്രദേശത്ത് ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നത്. അറബ് രാഷ്ട്രം, ജൂതരാഷ്ട്രം, ജെറുസലേം നഗരം എന്നിങ്ങനെ മൂന്നായാണ് പലസ്തീന്‍ വിഭജിക്കപ്പെട്ടത്. മൊത്തം പലസ്തീന്‍ ഭൂപ്രദേശത്തിന്‍റെ 58 ശതമാനവും ഇസ്രയേല്‍ എന്ന ജൂതമതരാഷ്ട്രത്തിനായി നീക്കിവെയ്ക്കപ്പെട്ടു. ഐക്യരാഷ്ട്രസഭ നടത്തിയ വിഭജനത്തിലൂടെ നഷ്ടം സംഭവിച്ചത് തലമുറകളായി, നൂറ്റാണ്ടുകളായി പലസ്തീന്‍ മണ്ണില്‍ ജീവിച്ചുവന്നിരുന്ന അറബ് വംശജര്‍ക്കാണ്. സ്വാഭാവികമായും അതുകൊണ്ടുതന്നെ ജൂതവംശീയവാദികള്‍ യുഎന്‍ പ്രമേയത്തെ സ്വാഗതം ചെയ്തപ്പോള്‍ അറബ് ജനത അതിനെ ശക്തമായി എതിര്‍ത്തു. ഏറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും ആഗോള സാമ്രാജ്യത്വത്തിന്‍റെ ശക്തമായ പിന്തുണയുണ്ടായിരുന്ന ജൂതരാഷ്ട്രംതന്നെ ആദ്യയുദ്ധം മുതല്‍ വിജയം വരിക്കുകയായിരുന്നു.

1967ലെ ആറുദിന യുദ്ധത്തിലെ അറബ് രാജ്യങ്ങളുടെ പരാജയത്തിനുശേഷം ഐക്യരാഷ്ട്ര പൊതുസഭ പാസാക്കിയ 194-ാം നമ്പര്‍ പ്രമേയത്തില്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടത് 1967 ജൂണ്‍ 4നു മുമ്പുള്ള അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങാനും പലസ്തീന്‍ രാഷ്ട്രത്തിന്‍റെ അസ്തിത്വം അംഗീകരിക്കാനുമാണ്. ആ പ്രമേയപ്രകാരം കിഴക്കന്‍ ജെറുസലേമിനെ പലസ്തീന്‍റെ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. അപ്പോള്‍ മൊത്തം പലസ്തീന്‍ ഭൂപ്രദേശത്തിന്‍റെ 78 ശതമാനം പലസ്തീന്‍ അതോറിറ്റിക്കു നഷ്ടപ്പെട്ടിരുന്നു. അതായത് 1947നുശേഷം 1967 വരെ നടന്ന (ആറ് ദിന യുദ്ധത്തിന് മുന്‍പുവരെയുള്ള) ജൂത കുടിയേറ്റങ്ങളും കൈയേറ്റങ്ങളുമാകെ യുഎന്‍ പൊതുസഭ അംഗീകരിച്ച് അതിനെല്ലാം നിയമസാധുത നല്‍കിയെന്നര്‍ഥം. ഐക്യരാഷ്ട്രസഭയില്‍നിന്ന് ഇത്രയെല്ലാം ഇളവുകളും ആനുകൂല്യങ്ങളും ലഭിച്ചിട്ടും അതൊന്നുംകൊണ്ട് ഇസ്രയേല്‍ തൃപ്തമായില്ല. യുഎന്‍ പ്രമേയം ആവശ്യപ്പെട്ടതനുസരിച്ച് 1967നുമുന്‍പുള്ള അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങാന്‍ ഇസ്രയേല്‍ തയ്യാറായില്ലയെന്നു മാത്രമല്ല, പിന്നെയും ഗവണ്‍മെന്‍റ് പിന്തുണയോടെ പലസ്തീന്‍ പ്രദേശങ്ങളിലേക്ക് ജൂത കുടിയേറ്റം അവിരാമം തുടര്‍ന്നുകൊണ്ടിരുന്നു. 2022 ആയപ്പോള്‍ മൊത്തം പലസ്തീന്‍ പ്രദേശത്തിന്‍റെ 90 ശതമാനവും ജൂതരാഷ്ട്രത്തിന്‍റെ ഭാഗമായി. അവിടെയും നിര്‍ത്താന്‍ ജൂതവംശീയവാദികള്‍ തയ്യാറല്ല എന്നതിന്‍റെ പ്രതിഫലനമാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രസ്താവന.

വംശീയ വിദ്വേഷത്തിന്‍റെ ചരിത്രം
ബൈബിള്‍ പഴയ നിയമപ്രകാരം ഇസ്രയേല്‍ ജൂതരുടെ പിതൃഭൂമിയാണെന്നാണ്, വാഗ്ദത്ത ഭൂമിയാണെന്നാണ് അവകാശപ്പെടുന്നത്. ബൈബിള്‍ വചനങ്ങള്‍ക്കപ്പുറം ഈ വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന ചോദ്യത്തിന് ആ വാദഗതിക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്നാണ് ഉത്തരം. കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തെ പുരാവസ്തുശാസ്ത്ര ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലുകള്‍ പരിശോധിച്ച ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സി സെസ്വ് ഹെറോഗ് എഴുതുന്നതിങ്ങനെ: “ഇസ്രയേല്‍ പ്രദേശത്തു നടത്തിയ ഉത്ഖനനത്തില്‍നിന്ന് പുരാവസ്തുശാസ്ത്ര ഗവേഷകര്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്: ഇസ്രയേലികള്‍ ഒരിക്കലും ഈജിപ്തില്‍ ഉണ്ടായിരുന്നില്ല; മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞിട്ടുമില്ല; സൈനിക നടപടിയിലൂടെ ഈ ഭൂപ്രദേശം കീഴടക്കിയിട്ടുമില്ല; ഇസ്രയേലിലെ പന്ത്രണ്ട് ഗോത്രങ്ങളും ഇതുവഴി കടന്നുപോയിട്ടില്ല. ഒരു പ്രാദേശികശക്തിയെന്ന നിലയില്‍ ബൈബിളില്‍ വിവരിച്ചിട്ടുള്ള ദാവീദിന്‍റെയും സോളമന്‍റെയും സംയുക്തരാജവാഴ്ച ഒരു ചെറുകിട ഗോത്രരാജ്യം പോലുമായിരുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍ ബൈബിള്‍ വാക്യങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതിനുള്ള ഏതു നീക്കത്തെയും ആ ഭൂമിക്കുമേലുള്ള തങ്ങളുടെ ചരിത്രപരമായ അവകാശം നിഷേധിക്കാനുള്ള നീക്കമായാണ് കരുതപ്പെടുന്നത്… ഇസ്രയേലി സ്വത്വത്തിന്‍റെ പുരാണകഥയെ ആധാരമാക്കിയുള്ള സ്ഥിരീകരണത്തിനേല്‍ക്കുന്ന ആഘാതം വലിയൊരു വെല്ലുവിളിയായാണ് കരുതപ്പെടുന്നത്; അതുകൊണ്ടുതന്നെ അതിനുനേരെ കണ്ണടയ്ക്കുന്നതാണ് സൗകര്യപ്രദം എന്നും ഇസ്രയേല്‍ കരുതുന്നു”. ഒറേന്‍ ഇഫ്താച്ചല്‍ എന്ന ഇസ്രയേല്‍കാരന്‍ തന്നെയായ ഒരു ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍റെ വാക്കുകളും കൂടി നോക്കാം: “ഈ ഭൂപ്രദേശമാകെ ജൂത ജനതയ്ക്കു മാത്രമുള്ളതാണെന്ന സിയോണിസത്തിന്‍റെ ഉദയം മുതല്‍ അതിന്‍റെ വക്താക്കള്‍ പ്രചരിപ്പിച്ചുപോരുന്ന കെട്ടുകഥയെ ആധാരമാക്കിയുള്ള അനുമാനമാണ് ജൂതവല്‍ക്കരണ പരിപാടി”.

ഇന്ത്യയില്‍ ബാബ്റി മസ്ജിദിന്‍റെ മൂലക്കല്ല് നിന്നിരുന്നിടത്തുതന്നെയാണ് രാമന്‍ ജനിച്ചതെന്ന സംഘപരിവാര്‍ വാദംപോലെ അപഹാസ്യവും അശാസ്ത്രീയവുമായ, കെട്ടുകഥകളെ മാത്രം ആശ്രയിച്ചുള്ള വാദമാണ് പലസ്തീന്‍ ഭൂപ്രദേശമാകെ തങ്ങളുടെ വാഗ്ദത്ത ഭൂമിയാണെന്ന് ജൂത തീവ്രവാദികള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അത് പ്രാവര്‍ത്തികമാക്കുകയാണ് നെതന്യാഹുവിനെ പോലെയുള്ള വംശീയവാദികളായ ഭരണാധികാരികള്‍ ചെയ്യുന്നത്. ഇതിന്‍റെ ഫലമായി തലമുറകളായി പലസ്തീന്‍ പ്രദേശത്ത് അധിവസിച്ചിരുന്നവരില്‍ 70 ശതമാനത്തിലധികം പേരും അഭയാര്‍ഥികളായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ അലയുകയാണ്. ഇസ്രയേലില്‍ ജൂതവംശീയവാദികളും ഇന്ത്യയില്‍ ഹിന്ദുത്വവാദികളും സമാനമായ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് കാണാനാവും. അതുകൊണ്ടുതന്നെയാണ് ബിജെപി ഗവണ്‍മെന്‍റ് പലസ്തീനില്‍ ജൂതവംശീയവാദികള്‍ നടത്തുന്ന വംശഹത്യകള്‍ക്കും വംശീയ ആക്രമണങ്ങള്‍ക്കുമെതിരായ യുഎന്‍ പ്രമേയത്തിനനുകൂലമായി വോട്ടുചെയ്യാന്‍ വിസമ്മതിക്കുന്നത്.

ആട്ടിപ്പായിക്കാന്‍ ആസൂത്രിത നീക്കം
ഐക്യരാഷ്ട്ര സഭാ പ്രമേയവും വിവിധ അന്താരാഷ്ട്ര കരാറുകളും പ്രത്യേകിച്ച്, ഇസ്രയേലും പലസ്തീന്‍ അതോറിറ്റിയും ഒപ്പുവെച്ച ഓസ്ലോ കരാര്‍പോലും അംഗീകരിക്കാന്‍ തയ്യാറാകാതെ ഇസ്രയേലിലെ ജൂത വംശീയവെറിയരായ ഭരണാധികാരികള്‍ ഒഴിഞ്ഞുമാറുന്നത് ലോകജനതയ്ക്കുനേരെയുള്ള വെല്ലുവിളിയാണ്. 1967 മുതല്‍ ഇസ്രയേല്‍ ഭരണകൂടമാണ് പലസ്തീന്‍ പ്രദേശത്തെ മുഴുവന്‍ ജലസ്രോതസ്സും കയ്യടക്കിവെച്ചിട്ടുള്ളത്; പലസ്തീന്‍ ജനതയ്ക്ക് അര്‍ഹമായ ജലവിഹിതം ഇസ്രയേല്‍ നിഷേധിക്കുകയാണ്. ഗാസയില്‍ അധിവസിക്കുന്നവര്‍ ആശ്രയിക്കുന്നത് ഭൂഗര്‍ഭ ജലത്തെയാണ്. അതാകട്ടെ വിഷമയവുമാണ്. അങ്ങനെ ദാഹജലംപോലും നിഷേധിച്ച് അവശേഷിക്കുന്ന പലസ്തീന്‍ അറബ് ജനതയെക്കൂടി ആട്ടിയോടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പലസ്തീന്‍കാരുടെ കൈവശമുണ്ടായിരുന്ന ഏറ്റവും മികച്ച കൃഷിഭൂമിയാകെ ജൂതകുടിയേറ്റക്കാര്‍ ബലമായി തട്ടിയെടുക്കുകയും പലസ്തീന്‍ ജനതയ്ക്ക് ആ പ്രദേശങ്ങളിലേക്ക് പ്രവേശനം നിഷേധിക്കുന്ന വംശീയ മതിലുകള്‍ പണിത് വേര്‍പെടുത്തുകയുമാണ്. അധാര്‍മികവും നിയമവിരുദ്ധവുമായ ഈ വംശീയ മതില്‍ നിര്‍മാണത്തിലൂടെ ഇസ്രയേല്‍ വെസ്റ്റ് ബാങ്കിന്‍റെ 60 ശതമാനത്തിലേറെ സ്ഥലവും കൈയടക്കിക്കഴിഞ്ഞു; അവശേഷിക്കുന്ന 40 ശതമാനമാകട്ടെ തുണ്ടുതുണ്ടാക്കപ്പെട്ട തടങ്കല്‍ പാളയങ്ങളുടെ അവസ്ഥയിലുമാണ്. അവരുടെ സഞ്ചാര സ്വാതന്ത്ര്യം തന്നെ ഇസ്രയേലി സൈന്യത്തിന്‍റെ നിയന്ത്രണത്തിനുവിധേയമാണ്. എന്തെങ്കിലും ജോലി ചെയ്യാന്‍ സ്വന്തം പാര്‍പ്പിടത്തില്‍നിന്ന് പുറത്തിറങ്ങണമെങ്കിലും മടങ്ങിവരണമെങ്കിലും ഇസ്രയേലി സൈന്യത്തിന്‍റെ അനുമതി വേണം. അവിടവിടെയായി അതിന് ചെക്പോയിന്‍റുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.

വെസ്റ്റ് ബാങ്കിലെ സ്ഥിതി ഇതാണെങ്കില്‍ ഇതിലും ഭീകരവും ഭയാനകവുമാണ് ഗാസയിലെ സ്ഥിതി. 365 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഗാസ ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഭൂപ്രദേശമാണ് – 20 ലക്ഷത്തിലേറെയാണ് ഈ ചെറിയ ഭൂപ്രദേശത്തെ ജനസംഖ്യ. മൂന്നുവശവും ഇസ്രയേലും ഒരുവശം മെഡിറ്ററേനിയന്‍ കടലുംകൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുകയാണ് ഗാസ. ഈജിപ്തിലേക്ക് ഒരു ചെറിയ വിടവുണ്ട്, ഗാസയില്‍ നിന്ന് പുറത്തുപോകാനും മടങ്ങാനും. അതാകട്ടെ കര്‍ക്കശമായ പരിശോധനയിലും നിയന്ത്രണത്തിലുമാണ്. 2006ല്‍ ഗാസയുടെ ഭരണം ഹമാസിന്‍റെ കൈവശം ആയതോടെ ഈ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൂടുതല്‍ കര്‍ക്കശമായിരിക്കുന്നുവെന്നതാണ് വസ്തുത. കൂട്ടത്തോടെയുള്ള പട്ടിണി മരണങ്ങള്‍ ഒഴിവാക്കുന്നതിനായി ജീവന്‍ നിലനിര്‍ത്താന്‍ കഷ്ടിച്ച് ആവശ്യമായ ഭക്ഷണസാധനങ്ങളും ഇന്ധനവും മരുന്നുകളും എത്തിക്കുന്നതിനു മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ. കെട്ടിട നിര്‍മാണ സാമഗ്രികളോ പഠനോപകരണങ്ങളോ ഒന്നും കടത്താന്‍ അനുവദിക്കാറില്ല. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടതൊന്നും ലോകത്തിലെ ഏറ്റവും വലിയ തുറന്ന തടവറയെന്നറിയപ്പെടുന്ന ഗാസയിലേക്കെത്തിക്കാന്‍ ഇസ്രയേലിലെ ഭീകര ഭരണകൂടം അനുവദിക്കുന്നില്ല.

മാനുഷിക കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് (ഒസിഎച്ച്എ – UN Office for the Co Ordination of Humanitarian Affairs) 2022 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഗാസ നിവാസികള്‍ക്ക് വൈദ്യുതി, ആരോഗ്യ പരിരക്ഷ, കുടിവെള്ളം എന്നിവയെല്ലാം കടുത്ത നിയന്ത്രണത്തിനുവിധേയമായി മാത്രമേ ലഭ്യമാകുന്നുള്ളൂവെന്നാണ്. 21 ലക്ഷം വരുന്ന ഗാസ നിവാസികളില്‍ 80 ശതമാനംപേരും കഷ്ടിച്ച് കഴിഞ്ഞുകൂടുന്നത് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജന്‍സികള്‍ എത്തിച്ചുകൊടുക്കുന്ന ഭക്ഷണ സാധനങ്ങളും മറ്റുംകൊണ്ടു മാത്രമാണ്.

2022 ആഗസ്ത് 5ന് ഇസ്രയേലി അധികൃതര്‍ യാതൊരു പ്രകോപനവും കൂടാതെയാണ് ഗാസയിലെ ഹമാസ് എന്ന പ്രസ്ഥനത്തിലെ പ്രവര്‍ത്തകന്‍റെ വീടിനുനേരെ ആക്രമണം നടത്തി അത് തകര്‍ത്തത്. തുടര്‍ന്ന് ദിവസങ്ങളോളം നീണ്ട ആക്രമണത്തിന് വഴിയൊരുക്കുകയായിരുന്നു അതിലൂടെ അവര്‍ ചെയ്തത്. തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍റെ വീട് തകര്‍ത്തതിനോടുള്ള രോഷം പ്രകടിപ്പിക്കാനായി ഹമാസുകാര്‍ ഇസ്രയേലിനുനേരെ റോക്കറ്റാക്രമണം നടത്തി. ലക്ഷ്യമില്ലാതെ തൊടുത്തുവിടുന്ന ആ റോക്കറ്റുകളില്‍ ചിലത് ഗാസയ്ക്കുള്ളില്‍ തന്നെ പതിക്കുകപോലുമുണ്ടായി. എന്നാല്‍ ഇതിന്‍റെ പേരില്‍ ഇസ്രയേല്‍ സൈന്യം 170 ബോംബാക്രമണങ്ങളാണ് നടത്തിയത്. ഇതുമൂലം നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഗാസയിലെ രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായാണ് ഒസിഎച്ച്എ റിപ്പോര്‍ട്ട് പറയുന്നത്.

ഗാസയിലെ പലസ്തീന്‍കാര്‍ക്ക് വെസ്റ്റ് ബാങ്കിലേക്കും വിദേശങ്ങളിലേക്കും പോകണമെങ്കില്‍ ഇസ്രയേലിലൂടെ മാത്രമേ കഴിയൂ. യെറേസ് വഴി മാത്രമാണ് ഇതിന് സൗകര്യമുണ്ടായിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഈ വഴി ഇസ്രയേല്‍ അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇതുവഴി യാത്ര ചെയ്യണമെങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ അനുമതി വേണം. അടിയന്തര ചികിത്സകള്‍ക്കായി പുറത്തുപോകാന്‍ അനുമതി തേടിയവരില്‍ മൂന്നിലൊരാള്‍ക്കെങ്കിലും അനുമതി നിഷേധിക്കാറുണ്ട്. 2008നും 2021നുമിടയ്ക്ക് ഇങ്ങനെ ചികിത്സാനുമതി കിട്ടാത്തതുകൊണ്ടുമാത്രം ഗാസയില്‍ 839 മനുഷ്യര്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നത്. 2013ല്‍ അമേരിക്കന്‍ പിന്തുണയോടെ ഈജിപ്തില്‍ നടന്ന സൈനിക അട്ടിമറിക്കുമുന്‍പ് അറബ് വസന്തത്തിലൂടെ ഉയര്‍ന്നുവന്ന ഭരണകാലത്ത് റഫ അതിര്‍ത്തി വഴി ഈജിപ്തിലൂടെ ഗാസ നിവാസികള്‍ക്ക് പുറംലോകത്തേക്ക് കടക്കാന്‍ കഴിയുമായിരുന്നു. അമേരിക്കന്‍ പിന്തുണയുള്ള സൈനികഭരണം ഈജിപ്തില്‍ വന്നതോടെ അവിടെയും നിയന്ത്രണം കടുത്തു (2011നുമുമ്പ് ഹോസ്നി മുബാറക്കിന്‍റെ ഭരണകാലത്തും ഇതായിരുന്നു അവസ്ഥ).

2022 ഡിസംബറിലെ ആദ്യ മൂന്നാഴ്ചക്കാലത്ത് മാത്രം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 34 കുട്ടികള്‍ ഉള്‍പ്പെടെ 147 പലസ്തീന്‍കാരെ ഇസ്രയേല്‍ സൈന്യം വെടിവെച്ചുകൊന്നു. സൈന്യത്തിനുമേല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ആവില്ലയെന്നാണ് മുന്‍ പ്രധാനമന്ത്രി ബെന്നെറ്റ് പ്രതികരിച്ചത്. സൈന്യത്തിന്‍റെ ആക്രമണം മാത്രമല്ല, പലസ്തീനിലെ അറബ് ജനതയ്ക്ക് നേരിടേണ്ടതായി വരുന്നത്. 2022 ഡിസംബര്‍ ഒന്നിനും 22നുമിടയ്ക്കുമാത്രം ഇസ്രയേലി കുടിയേറ്റക്കാര്‍ 6 പലസ്തീന്‍കാരെ കൊലപ്പെടുത്തുകയും 281 പേരെ പരിക്കേല്‍പ്പിക്കുകയും 594 വീടുകള്‍ തകര്‍ക്കുകയും ചെയ്തതായും ശിക്ഷാഭയം കൂടാതെ ഇതിനവര്‍ക്ക് കഴിയുന്നതായും ഒസിഎച്ച്എ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരം നടപടികളെ ചെറുക്കുന്ന പലസ്തീന്‍കാര്‍ക്ക് ഇസ്രയേലി സൈനിക നിയമപ്രകാരം വധശിക്ഷ ഉള്‍പ്പെടെ നല്‍കുന്നു. 2022 ഒക്ടോബര്‍ 19നകമുള്ള 10 മാസത്തിനിടയില്‍ മാത്രം ഇങ്ങനെ 24 പലസ്തീന്‍കാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 2022 ഡിസംബര്‍ 31ന്‍റെ കണക്കുപ്രകാരം 150 കുട്ടികള്‍ ഉള്‍പ്പെടെ 4,658 പലസ്തീന്‍കാര്‍ ഇസ്രയേലി തടവറകളില്‍ നരകയാതന അനുഭവിക്കുന്നു. പലസ്തീന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്ന് പറയുന്ന പല കരാറുകളും ഉണ്ടെങ്കിലും ഇപ്പോഴും ഇസ്രയേലിന്‍റെ ഉരുക്കുമുഷ്ടിക്കുള്ളില്‍ പിടയുകയാണ് പലസ്തീന്‍ ജനത. ഈ ദുരിത ജീവിതവും അന്താരാഷ്ട്ര സമൂഹം ഇസ്രയേലി ഭീകരതയെ നിയന്ത്രിക്കാതിരിക്കുന്നതും പലപ്പോഴും പലസ്തീന്‍ ചെറുപ്പക്കാരെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. അതിനെ ഭീകരതയും ഭീകരാക്രമണങ്ങളുമായി ചിത്രീകരിക്കുന്നവര്‍ അവരുടെ ജീവിത ദുരിതങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ്. പലസ്തീന്‍ ജനത സഹായവും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു. ഗാന്ധിജി പറഞ്ഞതുപോലെ, ഇന്ത്യ ഇന്ത്യക്കാരുടേതെന്നതുപോലെ പലസ്തീന്‍ പലസ്തീന്‍കാരുടേതുമാണ് എന്ന സത്യം ലോകം അംഗീകരിച്ചേ തീരൂ. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 10 =

Most Popular