Monday, May 13, 2024

ad

Homeവിശകലനംബിജെപിക്ക് നേട്ടം അവകാശപ്പെടാനാവില്ല

ബിജെപിക്ക് നേട്ടം അവകാശപ്പെടാനാവില്ല

സി പി നാരായണന്‍

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 2നു വോട്ടെണ്ണിയപ്പോള്‍ ത്രിപുരയില്‍ ബിജെപി കേവല ഭൂരിപക്ഷം നേടി (60ല്‍ 32 സീറ്റ്). മേഘാലയയിലും നാഗാലാന്‍ഡിലും ആര്‍ക്കും ഭൂരിപക്ഷമില്ല. മേഘാലയയില്‍ ഏറ്റവും വലിയ പാര്‍ട്ടി 26 സീറ്റ് നേടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ആണ്. നാഗാലാന്‍ഡില്‍ 25 സീറ്റുള്ള നാഷണല്‍ ഡെമോക്രാറ്റിക് പ്രൊഗസ്സീവ് പാര്‍ടി (എന്‍സിപിപി) യാണ് വലിയ കക്ഷി. സഖ്യകക്ഷിയായ ബിജെപിക്ക് ലഭിച്ച 12 സീറ്റുകൂടി ചേരുമ്പോള്‍ ആ കൂട്ടുകെട്ടിന് ഭൂരിപക്ഷമായി നാഗാലാന്‍ഡിലും ത്രിപുരയിലും ആകെ സീറ്റ് 60 വീതമാണ്. മേഘാലയയില്‍ 59ഉം.

ത്രിപുരയിലെ ജനസംഖ്യ 2011ലെ സെന്‍സസ് പ്രകാരം 36.74 ലക്ഷവും മേഘാലയയുടേത് 29.66 ലക്ഷവും നാഗാലാന്‍ഡിലേത് 19.69 ലക്ഷവുമാണ്. ഈ കണക്കുകള്‍ കാണിക്കുന്നത് ഈ മൂന്നു സംസ്ഥാനങ്ങളിലുംകൂടി ആകെ ജനസംഖ്യ 76 ലക്ഷത്തില്‍പരം മാത്രം ആണെന്നാണ്. കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്നു മാത്രം. അങ്ങനെ നോക്കുമ്പോള്‍ ദേശീയതലത്തില്‍ പരിഗണിച്ചാല്‍ ഈ മൂന്നു തിരഞ്ഞെടുപ്പു ഫലങ്ങള്‍ 0.64 ശതമാനം ജനങ്ങളെ മാത്രം ബാധിക്കുന്നതാണ്. അത്ര പ്രാധാന്യമേയുള്ളൂ.

ത്രിപുര
ബിജെപി, ഐപിഎഫ്   -33
സിപിഐ എം                -11
കോണ്‍ഗ്രസ്                     -3
തിപ്രമോത്ത                   -13
ആകെ                             -60

ത്രിപുരയില്‍ മാത്രമാണ് ബിജെപിക്ക് സീറ്റുകളില്‍ കേവല ഭൂരിപക്ഷം ലഭിച്ചത്. എന്നാല്‍, മേഘാലയയിലും നാഗാലാന്‍ഡിലും എന്‍ഡിപിപിയു എന്‍പിപിയുമായി കൂട്ടുകൂടി രൂപീകരിച്ച മന്ത്രിസഭകളില്‍ ബിജെപി ചേര്‍ന്നിരിക്കുന്നു. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലാണ് മൂന്നു സംസ്ഥാനങ്ങളിലും മന്ത്രിസഭകള്‍ രൂപീകരിച്ചിട്ടുള്ളത് എന്ന പ്രതീതി പരത്താന്‍ ഈ മന്ത്രിസഭകളുടെ രൂപീകരണം ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, ത്രിപുരയില്‍ മാത്രമാണ് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. മറ്റിടങ്ങളില്‍ അതതിടത്ത് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ള പാര്‍ട്ടിയാണ് മന്ത്രിസഭ രൂപീകരിച്ചത്. ബിജെപി അതില്‍ പങ്കാളിയാണ് എന്നുമാത്രം. മേഘാലയ മന്ത്രിസഭയില്‍ ആ പാര്‍ട്ടി സീറ്റ് ചോദിച്ചു വാങ്ങുകയായിരുന്നു എന്ന വാര്‍ത്ത കണ്ടു. അവിടെ ബിജെപി രണ്ടുസീറ്റില്‍ മാത്രമാണ് ജയിച്ചത്.

ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ മേഘാലയയില്‍ എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മയോട് മന്ത്രിസഭയില്‍ പങ്കാളിത്തം ചോദിച്ചു വാങ്ങുകയായിരുന്നു. സാങ്മ അവര്‍ ചോദിച്ചില്ലെങ്കിലും ബിജെപിയെ ഭരണ പങ്കാളിയാക്കുമായിരുന്നു. രണ്ടാണ് കാരണം: ഒന്നാമത്, എന്‍പിപിക്ക് നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ല. ഒരു കക്ഷിയുടെ പിന്തുണ ലഭിക്കണം, കേവല ഭൂരിപക്ഷത്തിന് വടക്കുകിഴക്കന്‍ ഇന്ത്യയിലെ രാഷ്ട്രീയത്തിനു ഒരു പ്രത്യേകതയുണ്ട്. കേന്ദ്രം വാഴുന്ന പാര്‍ട്ടിയുടെ കരുണയില്ലെങ്കില്‍ കേവല ഭൂരിപക്ഷമുള്ള കക്ഷിക്കുപോലും ആ അതിര്‍ത്തി സംസ്ഥാനത്ത് സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല എന്നതാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രം. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗപ്പെടുത്തി അവിടത്തെ മന്ത്രിസഭയെ മറിച്ചിടും, അവരുടെ താളത്തിനൊത്ത് തുള്ളുന്നില്ലെങ്കില്‍. മുമ്പ് കോണ്‍ഗ്രസ് അനുവര്‍ത്തിച്ച ആ രീതി ബിജെപി വര്‍ധിതവീര്യത്തോടെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് വസ്തുത.

മൂന്നു സംസ്ഥാനങ്ങളിലും ഓരോ പാര്‍ട്ടിക്കും ലഭിച്ച സീറ്റുകളുടെ നില പട്ടികയില്‍ കാണിച്ചതുപോലെയാണ്.

ഇങ്ങനെ സഖ്യകക്ഷികളുമായി കൂട്ടുചേര്‍ന്നാണ് ബിജെപി മൂന്നിടത്തും ഭൂരിപക്ഷം നേടിയത്. ത്രിപുരയില്‍ ഒരു വശത്ത് ഐപിഎഫുമായി ബിജെപി ഉണ്ടാക്കിയ കൂട്ടുകെട്ടും മറുവശത്ത് പുതുതായി രൂപംകൊണ്ട തിപ്രമോത്ത മത്സരിച്ചതും ആണ് സിപിഐ എമ്മിന്‍റെ വോട്ടുകുറയാന്‍ കാരണം എന്നാണ് നിരീക്ഷകരെല്ലാം പറയുന്നത്. മാത്രമല്ല, കോണ്‍ഗ്രസ്സുമായുള്ള കൂട്ടുകെട്ടു പാര്‍ട്ടിക്ക് ദോഷം ചെയ്തു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ സിപിഐ എമ്മിനു 42.22 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇത്തവണ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നപ്പോള്‍ പാര്‍ട്ടിക്ക് ലഭിച്ചത് 24.6 ശതമാനം വോട്ടും 11 സീറ്റുമാണ്. അതേസമയം കഴിഞ്ഞ തവണ 1.79 ശതമാനം വോട്ട് മാത്രം ലഭിച്ച കോണ്‍ഗ്രസ്സിന് ഇത്തവണ 8.56 ശതമാനമായി വോട്ടുവിഹിതം ഉയര്‍ന്നു. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കഴിഞ്ഞ തവണ സുദീപ് റോയ് ബര്‍മന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടുപോയിരുന്നു. ഇത്തവണ അവര്‍ തിരിച്ച് കോണ്‍ഗ്രസ്സിലെത്തിയത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്തു.
പുതുതായി രംഗപ്രവേശം ചെയ്ത തിപ്രമോത്ത സിപിഐ എമ്മിന്‍റെയും വോട്ട് ശതമാനത്തില്‍ ചോര്‍ച്ച ഉണ്ടാക്കി. 19.7 ശതമാനം വോട്ട് നേടിയ തിപ്രമോത്ത 13 സീറ്റ് പിടിച്ചു. ഇതില്‍ നല്ലൊരു പങ്ക് ഇടതുമുന്നണിക്ക് മുമ്പു ലഭിച്ചിരുന്നതും ഇപ്പോള്‍ ലഭിക്കേണ്ടിയിരുന്നതുമായ ഭരണവിരുദ്ധ വോട്ടുകളാണ്. 42 സീറ്റില്‍ മത്സരിച്ച ആ പാര്‍ട്ടി യഥാര്‍ഥത്തില്‍ ചെയ്തത് സിപിഐ എം – കോണ്‍ഗ്രസ്സ് കൂട്ടുകെട്ടിന്‍റെ വിജയസാധ്യത തകര്‍ക്കുകയായിരുന്നു. ബിജെപിക്ക് മൊത്തത്തില്‍ ഇത് ഗുണം ചെയ്തു. ബിജെപിയുടെ പരോക്ഷമായ ഇടപെടല്‍ ഉണ്ടായിരുന്നു തിപ്രമോത്തയുടെ രംഗപ്രവേശത്തില്‍ എന്ന സംശയവും ഉയര്‍ന്നുവരുന്നുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സംഗതി ഭരണമുന്നണിയായ ബിജെപി – ഐപിഎഫ്ടി സഖ്യത്തിന്‍റെ വോട്ടില്‍ ഉണ്ടായ തകര്‍ച്ചയാണ്. 2018ല്‍ ബിജെപി 43.59 ശതമാനം വോട്ടുനേടിയിരുന്നു. ഇത്തവണ അത് 38.97 ശതമാനമായി കുറഞ്ഞു. ഐപിഎഫ്ടിയുടേത് 7.38 ശതമാനത്തില്‍ നിന്ന് 1.26 ശതമാനമായി ഇടിഞ്ഞു. അങ്ങനെ ബിജെപി – ഐപിഎഫ്ടി സഖ്യത്തിന്‍റെ വോട്ടില്‍ മൊത്തത്തില്‍ 10.74 ശതമാനത്തിന്‍റെ ഇടിവുണ്ടായി.

മേഘാലയ
മേഘാലയയില്‍ ഇതുവരെ കൂട്ടുകക്ഷി ഭരണത്തിലായിരുന്ന കോണ്‍റാഡ് സാങ്മയുടെ പാര്‍ട്ടിക്ക് ബിജെപി വേറിട്ടുമാറിയിട്ടും വോട്ടിലും സീറ്റിലും വര്‍ധനയുണ്ടായി. കഴിഞ്ഞ തവണത്തെ 20.5 ശതമാനം വോട്ട് ഇത്തവണ 31.5 ശതമാനമായി ഉയര്‍ന്നു. 11 ശതമാനത്തിന്‍റെ വര്‍ധന. ബിജെപിക്ക് കഴിഞ്ഞ തവണ 9.63 ശതമാനം വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 9.31 ശതമാനം മാത്രം. നരേന്ദ്രമോദിയും അമിത്ഷായും ഇറങ്ങി വോട്ട് പിടിച്ചിട്ടും ബിജെപിക്ക് കഴിഞ്ഞതവണത്തെക്കാള്‍ വോട്ടുകുറഞ്ഞു. കേന്ദ്രത്തില്‍ ഭരണം ഉണ്ടായിട്ടും ബിജെപിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തത് ആ പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ അകലുന്നതിന്‍റെ സംശയരഹിതമായ സൂചന നല്‍കുന്നു.

ഇതു കാണിക്കുന്നത് കേന്ദ്ര ഭരണകക്ഷിയായിട്ടും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ടം സീറ്റും ത്രിപുര ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുടേതിനേക്കാള്‍ ഏറെ കുറവാണ് എന്നാണ്. അധികാരത്തിലുള്ള ദുരകൊണ്ട് അതത് സംസ്ഥാനങ്ങളിലെ വലിയ കക്ഷികളുടെ ജൂനിയര്‍ പാര്‍ട്ണറായി ചേരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്, ജനപിന്തുണ ഇല്ലാത്തതിനാല്‍ ബിജെപി. മൊത്തത്തില്‍ നോക്കിയാല്‍ ഈ മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയില്‍ മാത്രമാണ് ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിക്ക് വിജയം വരിക്കാന്‍ കഴിഞ്ഞത്. മറ്റു രണ്ടു സംസ്ഥാനങ്ങളിലും നാമമാത്രമായ ശക്തിയേ അതിനുള്ളൂ.

മേഘാലയ
പാര്‍ട്ടി            സീറ്റ്
എന്‍പിപി    – 26
യുഡിപി       – 11
കോണ്‍ഗ്രസ്   – 5
ബിജെപി       – 2
മറ്റുള്ളവര്‍    -15
ആകെ            – 59

കട്ടുതിന്നുന്ന സര്‍ക്കാര്‍ എന്നായിരുന്നു മേഘാലയയില്‍ കോണ്‍റാഡ് സാങ്മയുടെ സര്‍ക്കാരിനെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഏറ്റവും വലിയ ഒറ്റകക്ഷിയായിത്തീര്‍ന്ന സാങ്മയുടെ പാര്‍ട്ടിയുമായി കൂട്ടുകൂടുന്നതിനു ബിജെപിക്ക് ഒരു മടിയുമുണ്ടായില്ല. അധികാരത്തിനുവേണ്ടി ഏതു ചെകുത്താനുമായും കൂട്ടുകൂടും എന്ന രാഷ്ട്രീയമാനദണ്ഡമാണ് ബിജെപി മേഘാലയയില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ആശീര്‍വാദത്തോടെ സ്വീകരിച്ചത്.

അഞ്ചു സംസ്ഥാനങ്ങളില്‍ ആറു നിയോജകമണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും എന്‍ഡിഎക്കും മൂന്നുവീതം സീറ്റുകള്‍ നേടാനായി. പശ്ചിമബംഗാളിലെ സാഗര്‍ദീഘിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ് ആ സീറ്റില്‍ മുമ്പ് വിജയിച്ചിരുന്ന തൃണമൂല്‍ സ്ഥനാര്‍ഥിയെ തോല്‍പ്പിച്ചു. 22,000 വോട്ടിന്‍റെ ഭൂരിപക്ഷവും നേടി. അത് ആ സംസ്ഥാന രാഷ്ട്രീയത്തിലെ കാറ്റിന്‍റെ ഗതിയുടെ സൂചനയാകാാ. ആ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് മറ്റൊരു സൂചന.

മഹാരാഷ്ട്രയിലെ പൂനെയിലെ കസ്ബാപേഠില്‍ കോണ്‍ഗ്രസ്സിന്‍റെ രവീന്ദ്രധന്‍ഹേക്കര്‍ ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് രസാനയെ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. 2022 ജൂണില്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയെ മഹാവികാസ് അഘടി (എംവിഎ)യില്‍ (പ്രത്യേകിച്ച് ശിവസേനയില്‍) പിളര്‍പ്പുണ്ടാക്കി പുറത്താക്കി ബിജെപി-ശിവസേനാ മന്ത്രിസഭ നിലവില്‍ വന്നശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ് ഇത്. കോണ്‍ഗ്രസ് ഈ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് ഇതാദ്യമായാണ് വിജയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

നാഗാലാന്‍ഡ്
എന്‍ഡിപിപി+ബിജെപി  -37
എന്‍പിപി                        -5
എന്‍പിഎഫ്                    -2
മറ്റുള്ളവര്‍                      -16
ആകെ                              -60

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്ടര്‍ ഇവികെഎസ് ഇളങ്കോവന്‍ ബിജെപി പിന്തുണയുള്ള എഐഎഡിഎംകെയുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത് 60,000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ്. തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയാണ് കോണ്‍ഗ്രസ് എന്ന് എടുത്തു പറയേണ്ടതുണ്ട്.

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സിറ്റിങ് സീറ്റില്‍ തോറ്റെങ്കിലും പശ്ചിമബംഗാളില്‍ തൃണമൂലിനെയും പൂണെയില്‍ ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്കു കഴിഞ്ഞത് ഇന്ത്യയില്‍ അടിക്കാന്‍ തുടങ്ങിയ പുതിയ രാഷ്ട്രീയക്കാറ്റിന്‍റെ സൂചനയായി കാണാവുന്നതാണ്.

ത്രിപുര മന്ത്രിസഭ സുരക്ഷിതമല്ല
ബിജെപി കേവല ഭൂരിപക്ഷം നേടിയിട്ടും ത്രിപുരയില്‍ മന്ത്രിസഭ സുരക്ഷിതമല്ല എന്നു വെളിവാക്കുന്നതാണ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതല്‍ക്കുള്ള വാര്‍ത്തകള്‍. ബിജെപിക്കും സഖ്യകക്ഷിയായ ഐപിഎഫ്ടിക്കും കൂടി 60ല്‍ 33 സീറ്റുണ്ട്. എന്നാല്‍, ബിജെപിയില്‍ തന്നെ അസംതൃപ്തരുണ്ട്. കേന്ദ്രമന്ത്രി പ്രതിമഭൗമിക്കിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയിരുന്നു. മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ അവര്‍ക്ക് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളില്‍ ഒന്നു നല്‍കാന്‍ ഉദ്ദേശിച്ചാണ് അത് എന്ന സൂചനയുണ്ടായിരുന്നു.

പക്ഷേ, മുന്‍മുഖ്യമന്ത്രി ബിപ്ലവ് ദേബിന്‍റെയുടെയും പുതിയ മുഖ്യമന്ത്രി മണിക് സാഹയുടെയും ഗ്രൂപ്പുകാര്‍ തമ്മിലുള്ള വടംവലി കേന്ദ്ര മന്ത്രി അമിത്ഷായും മറ്റും ശ്രമിച്ചിട്ടും പരിഹരിക്കാനായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ സംസ്ഥാനത്തിന് പുറത്താണ് എന്ന് ട്വിറ്റ് ചെയ്തു. ഉപമുഖ്യമന്ത്രി പദം പോലും പ്രതിഭ ഭൗമിക്കിന് ലഭിക്കില്ലെന്നു തീര്‍ച്ച.

ഈ പാരിതഃസ്ഥിതിയില്‍ പുതിയ പാര്‍ട്ടിയായ തിപ്രമോത്തയുമായി നരേന്ദ്രമോദിയും അമിത്ഷായും സത്യപ്രതിജ്ഞാ ചടങ്ങിനു ത്രിപുരയില്‍ പോയപ്പോള്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തി. തിപ്രമോത്തയ്ക്ക് 13 എംഎല്‍എമാരുണ്ട്. അവര്‍ക്ക് മൂന്നു മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുന്നു എന്നാണ് വാര്‍ത്ത. സഭാ അംഗങ്ങളുടെ എണ്ണത്തിന്‍റെ 15 ശതമാനം വരെ മന്ത്രിമാരാകാം എന്നാണ് വ്യവസ്ഥ. അതനുസരിച്ച് ത്രിപുരയില്‍ 12 മന്ത്രിമാരാകാം എന്നാക്കി വ്യവസ്ഥയില്‍ അയവു വരുത്തിയിട്ടുണ്ട്.

നിലവിലുള്ള പാര്‍ട്ടികള്‍ ആദിവാസി താല്‍പ്പര്യം സംരക്ഷിക്കുന്നില്ല എന്നു പറഞ്ഞാണ് തിപ്രമോത്ത രൂപീകരിക്കപ്പെട്ടത്. എന്നാല്‍, മന്ത്രിസഭയില്‍ ‘രണ്ടത്തൊന്ന്’ മന്ത്രിസ്ഥാനം ലഭിച്ചാല്‍ തൃപ്തിപ്പെടും എന്നാണ് ആ പാര്‍ട്ടി നേതൃത്വത്തിന്‍റെ പുതിയ നിലപാട്. വാസ്തവത്തില്‍, ത്രിപുരയിലെ ആദിവാസികളെ വഞ്ചിച്ച് ഇടതുപക്ഷ പരാജയം തിരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്താനായിരുന്നു ബിജെപി നേതൃത്വവും തിപ്രമോത്ത രൂപീകരിച്ചവരും ഈ “ചക്കീ ചങ്കര” നാടകം കളിച്ചത് എന്ന് ഇതോടെ വെളിവായി. അധികാരമോഹത്തിന്‍റെയും ജനവഞ്ചനയുടെയും പുതിയ ആള്‍രൂപങ്ങളാണ് ഇവിടെ കാണുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 14 =

Most Popular