Friday, November 22, 2024

ad

Homeമാധ്യമം/സംവാദംപ്രസാര്‍ ഭാരതിക്കുമേല്‍ സംഘി മൂടുപടം

പ്രസാര്‍ ഭാരതിക്കുമേല്‍ സംഘി മൂടുപടം

കെ വി സുധാകരന്‍

ര്‍ക്കാര്‍ സംവിധാനങ്ങളെ കൗശലപൂര്‍വം ഉപയോഗിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്താല്‍, ഭരണകൂടം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ അമേരിക്ക തെളിയിച്ചതാണ്. ഒന്നാം ലോകയുദ്ധകാലമാണ് സന്ദര്‍ഭം. 1914 മുതല്‍ 18 വരെ നീണ്ടുനിന്ന യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍ അമേരിക്കയിലെ 90% ജനങ്ങളും അമേരിക്ക യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന അഭിപ്രായക്കാരായിരുന്നു. അമേരിക്കന്‍ ജനതയെ യുദ്ധത്തിലേക്ക് ആകര്‍ഷിക്കാന്‍ എന്താണ് മാര്‍ഗമെന്ന് പ്രസിഡന്‍റ് വുഡ്രോ വിത്സണ്‍, പത്രപ്രവര്‍ത്തകനും എഴുത്തുകാരനും രാഷ്ട്രീയ വിശാരദനുമായ വാള്‍ട്ടര്‍ ലിപ്മാനുമായി ആലോചിച്ചു. യുദ്ധത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും അത് പൊതുജനത്തിന്‍റെ സമ്മതിയായി ഉയര്‍ത്തിക്കാട്ടുന്നതിനും പത്രങ്ങളെ ആശ്രയിക്കുകയാണു വേണ്ടതെന്ന നിഗമനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നു. ഇതിനായി ജോര്‍ജ് ക്രീലിന്‍റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി (കമ്മിറ്റി ഓണ്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍) ഉണ്ടാക്കി. ക്രീല്‍ കമ്മിറ്റി എന്നറിയപ്പെടുന്ന ഈ സമിതി ഭരണകൂടത്തിന്‍റെ യുദ്ധ താല്‍പര്യത്തിന് അനുകൂലമായി അമേരിക്കന്‍ ജനതയെ മാറ്റിയെടുക്കാന്‍ പത്രങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചു. സര്‍ക്കാരിന്‍റെ താല്‍പര്യം പ്രതിഫലിക്കുന്ന പ്രസ് റിലീസുകള്‍ പത്രങ്ങളില്‍ തുടര്‍ച്ചയായി വന്നു തുടങ്ങി. യുദ്ധം പൗരുഷത്തിന്‍റെ അടയാളമാണെന്നും, അമേരിക്ക അതില്‍ പങ്കെടുക്കുന്നത് ലോകത്തിനുതന്നെ ഒരു പുതിയ ക്രമം കൊണ്ടുവരാനാണെന്നും വാര്‍ത്തകളിലൂടെ പ്രചരിപ്പിച്ചു. മൂന്നുമാസം കൊണ്ട് അമേരിക്കന്‍ ജനതയുടെ 70% വും യുദ്ധത്തിന് അനുകൂലമായി മാറി.

അച്ചടിച്ച പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്താണ്, കൃത്യമായി ചിട്ടപ്പെടുത്തിയ വാര്‍ത്തകളിലൂടെ ജനാഭിപ്രായം മാറ്റിയെടുക്കാന്‍ കഴിയുമെന്ന് അന്നു തെളിയിച്ചത്. ഇന്ന്, കേവലം പത്രങ്ങള്‍ എന്ന പരികല്പനയില്‍നിന്ന് മാധ്യമങ്ങള്‍ എന്ന വിശാലമായ പരികല്പനയിലേക്ക് വാര്‍ത്തകളുടെ ലോകം മാറിയിരിക്കുന്നു. പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് വാള്‍ട്ടര്‍ ലിപ്മാന്‍ ആവിഷ്കരിച്ച ഈ ‘സമ്മതി ഉല്‍പാദനം’ (Manufacturing Consent) 20-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കൂടുതല്‍ വികസിപ്പിക്കപ്പെടുന്നുണ്ട്.

മാധ്യമങ്ങളെ വരുതിയിലാക്കിയാല്‍ ഭരണകൂടത്തിന് അവരുടെ ഇച്ഛകളിലേക്ക് ജനതയെ കൂട്ടിക്കൊണ്ടുവരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മാധ്യമപരി കല്പന കൂടുതല്‍ വികസിതവും വ്യാപകവുമായ ഈ ഘട്ടത്തില്‍ അത് താരതമ്യേന എളുപ്പവുമാണ്. ഈ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളെ വരുതിയിലാക്കാനും അവ ഉപയോഗിച്ച് ആശയ – അഭിപ്രായ പ്രചാരണ മേഖലകള്‍ കയ്യടക്കാനുമുള്ള ബിജെപി-ആര്‍എസ്എസ് ഭരണ രാഷ്ട്രീയ സംവിധാനം നടത്തുന്ന ശ്രമങ്ങളെ വിലയിരുത്തേണ്ടത്.

ഹിന്ദുത്വ ആശയ പ്രചാരണം
വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറുമൊക്കെ ആവിഷ്കരിച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ ആശയാവലികള്‍ വിദ്യാഭ്യാസ- സാംസ്കാരിക- ചരിത്ര- മാധ്യമ മേഖലകളില്‍ എങ്ങനെ വ്യാപിപ്പിക്കാമെന്ന പദ്ധതിയാണ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന മോദി ഭരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രം വേദ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നു പറഞ്ഞ് ബ്രാഹ്മണിക്കല്‍ ആധിപത്യവും, വര്‍ണാശ്രമ സിദ്ധാന്തവും അടിച്ചേല്‍പ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരികയാണല്ലോ. ഹിന്ദുത്വത്തിന്‍റെ ഈ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ലക്ഷ്യമിട്ടു തന്നെയാണ് 2020ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിട്ടുള്ളത്. ചരിത്രത്തില്‍ നിന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വം പോലും മായ്ച്ചുകളയാനും, കാവി രാഷ്ട്രീയത്തിന്‍റെ കഥകളും കല്‍പ്പനകളും കൊണ്ട് പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനും, ചരിത്ര സ്മാരകങ്ങളില്‍ നിന്ന് മുസ്ലീം പേരുകളും മുസ്ലീം സൂചനയുള്ള പദങ്ങളും ഒഴിവാക്കാനും ഒക്കെ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ഇതിന്‍റെ ഭാഗമാണ്. മാധ്യമങ്ങളെ തങ്ങളുടെ ആശയ പ്രചാരണത്തിന്‍റെ ജിഹ്വകളാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ഈ ദിശയിലെ മറ്റൊരു ഗൗരവതരമായ ചുവടുവയ്പായി കാണേണ്ടതുണ്ട്.

കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ടുതന്നെ, ദേശീയ മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഏതാണ്ടെല്ലാം മാധ്യമങ്ങളെയും തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ മോദി ഭരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറെക്കുറെ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിനു പേരുകേട്ട എന്‍ഡിടിവിയെ കൂടി അടുത്തയിടെ മോദിയുടെ ആത്മമിത്രമായ ഗൗതം അദാനി കയ്യടക്കിയതോടെ, ചിത്രം ഏതാണ്ട് പൂര്‍ത്തിയായി. സ്വകാര്യ മാധ്യമമേഖലയിലെ 99% വും മോദിയുടെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെയും സ്തുതിപാഠകരായി മാറുന്ന സ്ഥിതിയായി. ഇനി സര്‍ക്കാരിന്‍റെ ഔദ്യോഗിക ജിഹ്വകളെക്കൂടി സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ ആശയ പ്രചാരകരാക്കി മാറ്റുകയാണ് മോദി ഭരണത്തിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഏറ്റവും ലക്ഷണമൊത്ത നീക്കമായി വേണം പ്രസാര്‍ ഭാരതി, ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി ഒപ്പിട്ട കരാറിനെ കാണേണ്ടത്.

മാതൃക ഹിറ്റ്ലറില്‍നിന്ന്
രാഷ്ട്രീയ ആശയ – സംഘടനാ ചിട്ടവട്ടങ്ങള്‍ ഹിറ്റ്ലറില്‍നിന്നും മുസോളിനിയില്‍നിന്നും സ്വീകരിച്ചിട്ടുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തിന് നാസി ജര്‍മനിയില്‍ ഹിറ്റ്ലര്‍ എങ്ങനെ പത്രങ്ങളെ സ്വന്തം വരുതിയില്‍ കൊണ്ടുവന്നു എന്നത് മാതൃകയായിട്ടുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ചരിത്രം പറയുന്നത് ഹിറ്റ്ലര്‍ അധികാരത്തിലെത്തുന്ന 1933ല്‍ ജര്‍മ്മനിയില്‍ 4,700 പത്രങ്ങളുണ്ടായിരുന്നതില്‍ കേവലം മൂന്ന് ശതമാനത്തെ മാത്രമേ നാസികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഹിറ്റ്ലര്‍ ഏകാധിപതിയായതോടെ ജര്‍മനിയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഇതിനു സമാന്തരമായി നൂറു കണക്കിന് പത്രങ്ങളും പൂട്ടി. കമ്യൂണിസ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പത്രസ്ഥാപനങ്ങളെല്ലാം ഹിറ്റ്ലര്‍ പിടിച്ചെടുത്തു. ശേഷിച്ച ചുരുക്കം സ്വതന്ത്ര പത്രങ്ങളാകട്ടെ, സാവകാശം നാസി പാര്‍ട്ടിയുടെ നിയന്ത്രണത്തിലേക്കു വന്നു. അധികാരത്തിലെത്തിയ ആദ്യ ആഴ്ചകളില്‍ തന്നെ ഹിറ്റ്ലര്‍ ചെയ്തത് ‘കമ്യൂണിസ്റ്റ് – മുന്നേറ്റം’ എന്ന ‘ഭീതി’ പരത്താനായി റേഡിയോ വഴിയും പത്രങ്ങള്‍ വഴിയും ധാരാളമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്ത് തടവിലാക്കി പലയിടങ്ങളിലും തടങ്കല്‍ പാളയങ്ങളും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും സ്ഥാപിച്ചു. നാസി ഗുണ്ടകള്‍ രാഷ്ട്രീയ എതിരാളികളുടെ ഓഫീസുകളും പത്രമോഫീസുകളും കൈയേറി നശിപ്പിച്ചു. നാസി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സ് ഏര്‍ (Franz Eher) എന്ന പേരില്‍ പ്രസിദ്ധീകരണശാല സ്ഥാപിച്ച് മറ്റുപത്രങ്ങളെയെല്ലാം വിലയ്ക്കു വാങ്ങി. അങ്ങനെ മറ്റുപത്രങ്ങളുടെ മത്സരമോ ആശയ പ്രചാരണമോ പൂര്‍ണമായും ഇല്ലാതാക്കി. ഇതിന് കീഴ്പ്പെടാതിരുന്ന ചുരുക്കം ചില യാഥാസ്ഥിതിക സ്വതന്ത്ര പത്രങ്ങളാകട്ടെ, സ്വയം നിയന്ത്രണങ്ങള്‍ക്കും സെന്‍സര്‍ഷിപ്പിനും വിധേയമായി മാത്രം പ്രവര്‍ത്തിച്ചു തുടങ്ങി. ജൂതന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഉള്‍സ്റ്റെയ്ന്‍ (Ullstein), മോസ്സ് (Mosse) എന്നീ പ്രസിദ്ധീകരണശാലകള്‍ നാസികള്‍ കൈയടക്കി. അവ ഉപയോഗിച്ച് ‘വംശശുദ്ധി’ പ്രചാരണം ആരംഭിച്ചു. ഹിറ്റ്ലര്‍ അധികാരമേറ്റെടുത്തതോടെ, ഇവര്‍ പലരും പ്രാണഭയത്താല്‍ ജര്‍മനി വിട്ടു. ധാരാളം പത്രപ്രവര്‍ത്തകരും ജര്‍മനിയില്‍നിന്ന് പലായനം ചെയ്തു. തുടര്‍ന്ന് ഹിറ്റ്ലറുടെ പ്രചാരണ മന്ത്രാലയം ജര്‍മനിയിലെ പത്രങ്ങളുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തു. പത്രങ്ങളില്‍ ജൂതന്മാരോ ജൂതന്മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടവരോ ആയ ആരും പാടില്ലെന്ന് നിയമപരമായി സ്ഥാപിച്ചു. അതിനായി 1933 ഒക്ടോബര്‍ നാലിന് ഒരു ‘പത്രാധിപ നിയമം’ തന്നെ ഉണ്ടാക്കി. നാസി ഭരണത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു പരാമര്‍ശവും രാജ്യത്തിനകത്തോ പുറത്തോ ഉള്ള പത്രങ്ങളില്‍ വരാന്‍ പാടില്ലെന്ന് ഈ നിയമം നിബന്ധന വച്ചു. ജോസഫ് ഗീബല്‍സിന്‍റെ ചുമതലയിലുള്ള പ്രചാരണ മന്ത്രാലയം ദിവസവും പത്രങ്ങളിലെ ഉള്ളടക്കം എന്തായിരിക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഇതു പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന പത്രപ്രവര്‍ത്തകരെ വെടിവച്ചു കൊല്ലുകയോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അയയ്ക്കുകയോ ചെയ്യുമായിരുന്നു. വാര്‍ത്തകള്‍ നിരോധിക്കുന്നതിനുപകരം അവ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് നാസി പ്രചാരണ മന്ത്രാലയം തീരുമാനിക്കുകയും ചെയ്തു. ഹിറ്റ്ലറുടെ ഭരണം 10 വര്‍ഷം പിന്നിട്ടപ്പോള്‍ ജര്‍മനിയിലെ പത്രങ്ങളുടെ എണ്ണം 4700ല്‍ നിന്ന് 1100 ആയി ചുരുങ്ങി. അവയെല്ലാം തന്നെ ഹിറ്റ്ലറുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുക മാത്രം ചെയ്യുന്ന സ്ഥിതിയും 1944 ആയതോടെ ഉണ്ടായതായി ചരിത്രം പറയുന്നു.

ഔദ്യോഗിക മാധ്യമങ്ങളിലും പിടിമുറുക്കുന്നു
ഹിറ്റ്ലറും നാസി ജര്‍മനിയും പരീക്ഷിച്ച് വിജയം കണ്ടെത്തിയ നടപടികള്‍ അതേപോലെ നമ്മുടെ രാജ്യത്ത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍പ്പോലും സ്വകാര്യ മാധ്യമങ്ങള്‍ക്കൊപ്പം ഔദ്യോഗിക മാധ്യമങ്ങളെക്കൂടി ഭരണ വര്‍ഗ ആശയങ്ങളും സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നതിന് സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയും. ഔദ്യോഗിക മാധ്യമങ്ങളുടെ ഉള്ളടക്കം തീരുമാനിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഭരണസംവിധാനത്തിനു കഴിയും. പ്രസാര്‍ ഭാരതി വാര്‍ത്തകള്‍ക്കായി ഹിന്ദുസ്ഥാന്‍ സമാചാറിനെ പൂര്‍ണമായി ആശ്രയിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ഇതിന്‍റെ തുടക്കം മാത്രമാണ്.

1990ല്‍ രൂപം കൊടുത്ത ഒരു നിയമപ്രകാരമാണ് (ദ പ്രസാര്‍ ഭാരതി ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആക്ട് 1990) പ്രസാര്‍ ഭാരതി നിലവില്‍ വരുന്നത്. ഇതിന്‍റെ ധര്‍മങ്ങളും അധികാരങ്ങളും എന്തൊക്കെയാണെന്ന് നിയമത്തിന്‍റെ രണ്ടാം അധ്യായത്തിന്‍റെ പന്ത്രണ്ടാം ഖണ്ഡികയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിന്‍റെ പ്രാഥമിക ധര്‍മമായി പറയുന്നത് ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനും അവരെ പഠിപ്പിക്കുന്നതിനും വിനോദം നല്‍കുന്നതിനും സഹായകമായ രീതിയില്‍ പൊതുപ്രക്ഷേപണം സംഘടിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ്. റേഡിയോ വഴിയും ടെലിവിഷന്‍ വഴിയും സന്തുലിതമായ പ്രക്ഷേപണം നടപ്പാക്കേണ്ടതാണെന്നും അടിവരയിടുന്നുണ്ട്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക, പൗരര്‍ക്ക് സ്വതന്ത്രവും സത്യസന്ധതവും വസ്തുനിഷ്ഠവുമായ വിവരങ്ങള്‍ നല്‍കുക, വിദ്യാഭ്യാസത്തിന് സവിശേഷ പ്രാധാന്യം നല്‍കുക, സാക്ഷരത, കൃഷി, ഗ്രാമവികസനം, പരിസ്ഥിതി, ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര-സാങ്കേതിക പുരോഗതി എന്നിവയ്ക്ക് പ്രത്യേകശ്രദ്ധ നല്‍കുക, രാജ്യത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും ന്യായമായ പ്രചാരം നല്‍കുക, കായികരംഗത്ത് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുക, യുവജനക്ഷേമം ലാക്കാക്കിയുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യുക, സ്ത്രീകളുടെ മുന്നേറ്റത്തിന് ശക്തി പകരുക, അസമത്വം ഇല്ലാതാക്കി സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുതകുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുക തുടങ്ങിയ പതിനാറിന കാര്യങ്ങളും ഇതില്‍ വിശദീകരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ബഹുസ്വരതയുമൊക്കെ ഊട്ടിയുറപ്പിക്കുന്നതിന് സഹായകരമായ പരിപാടികളായിരിക്കണം പ്രസാര്‍ ഭാരതിയുടെ ചുമതലയിലുള്ള ആകാശവാണിയും ദൂരദര്‍ശനും വഴി നടപ്പാക്കേണ്ടത് എന്നാണ് ചുരുക്കം.

പ്രസാര്‍ ഭാരതിയുടെ പ്രോഗ്രാം കോഡ് എന്തായിരിക്കണമെന്ന് ആക്ടിന്‍റെ ‘പ്രോഗ്രാം ആന്‍ഡ് അഡ്വര്‍ടൈസിങ് കോഡ്സ്’ എന്ന അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ഇതുപ്രകാരം സുഹൃദ് രാജ്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനം, മതങ്ങളുടെയും സമുദായങ്ങളുടെയും നേര്‍ക്കുള്ള ആക്രമണം, അശ്ലീലമോ അപകീര്‍ത്തികരമോ ആയ കാര്യങ്ങള്‍, ക്രമസമാധാന ജീവിതത്തിനു തടസ്സമുണ്ടാക്കുന്നതോ അക്രമം പ്രോത്സാഹിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍, കോടതിയലക്ഷ്യമുണ്ടാക്കുന്ന കാര്യങ്ങള്‍, രാഷ്ട്രപതിയെയോ, നീതിനിര്‍വഹണ സംവിധാനത്തെയോ അധിക്ഷേപിക്കുന്ന കാര്യങ്ങള്‍, രാജ്യത്തിന്‍റെ ഐക്യത്തിനു ഭംഗമുണ്ടാക്കുന്ന കാര്യങ്ങള്‍ എന്നിവ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.

പുകയില, മദ്യം, പാന്‍ മസാല എന്നിവയുടെ പരസ്യം ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും നടത്താന്‍ പാടില്ലെന്ന് ‘അഡ്വര്‍ടൈസിങ് കോഡ്’ പറയുന്നുണ്ട്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്ന നിയമവിധേയമായ ഉല്‍പ്പന്നങ്ങളുടെ പരസ്യമേ നടത്താന്‍ പാടുള്ളൂ. സ്ത്രീകളുടെ അന്തസ്സിന് കോട്ടമുണ്ടാക്കുന്ന പരസ്യങ്ങള്‍ പാടില്ല, കുട്ടികളുടെ സുരക്ഷിതത്വത്തിനു ഭീഷണി സൃഷ്ടിക്കുന്ന പരസ്യങ്ങളും അനുവദനീയമല്ല എന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. 1997 സെപ്തംബര്‍ 15ന് പ്രസാര്‍ ഭാരതി ആക്ട് 1990 നടപ്പാക്കിക്കൊണ്ടുള്ള നടപടികള്‍ ആരംഭിച്ച ഘട്ടം മുതല്‍ ഏറെക്കുറെ ഈ നിബന്ധനകള്‍ പാലിക്കപ്പെട്ടാണ് ആകാശവാണിയും ദൂരദര്‍ശനും പ്രവര്‍ത്തിച്ചുവരുന്നത്. ഇത്തരം വാര്‍ത്താ പ്രക്ഷേപണങ്ങള്‍ക്ക് പ്രസാര്‍ ഭാരതി ആശ്രയിച്ചു വന്നത് രാജ്യത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യെ ആണ്.

രാജ്യത്തെ ഏറ്റവും പ്രമുഖവും വ്യാപകവുമായ വാര്‍ത്താ ഏജന്‍സിയാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ. റെയില്‍വേയെപ്പോലെ രാജ്യത്ത് എവിടെയും വ്യാപിച്ചു കിടക്കുന്ന പിടിഐ പ്രതിദിനം ശരാശരി 2000 വാര്‍ത്തകളും 200 ചിത്രങ്ങളും വിവിധ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമായി നല്‍കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തെ വാര്‍ത്താ ഏജന്‍സി നല്‍കുന്ന വാര്‍ത്തകളുടെ 90 ശതമാനവും പിടിഐ വഴിയാണ് എന്നതും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യപ്രാപ്തിയുടെ കാലത്ത് ആരംഭിച്ച ഈ ഏജന്‍സിക്ക് ആറര പതിറ്റാണ്ടിന്‍റെ സമ്പന്നചരിത്രവും പറയാനുണ്ട്. രാജ്യത്തിന് വാര്‍ത്തകളുടെ കാര്യത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് പിടിഐയുടെ സ്ഥാപനത്തോടെയാണെന്ന് ഈഏജന്‍സിയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ പറഞ്ഞത് പിടിഐയുടെ സത്യസന്ധവും വസ്തുനിഷ്ഠവുമായ വാര്‍ത്താ അവതരണത്തിനുള്ള അംഗീകാരമായിരുന്നു. രാജ്യത്തെ പ്രമുഖങ്ങളായ വിവിധ പത്ര സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ ഉള്‍പ്പെടുന്നതാണ് ഡല്‍ഹി ആസ്ഥാനമായുള്ള പിടിഐയുടെ ഡയറക്ടര്‍ ബോര്‍ഡ്.

നരേന്ദ്രമോദി അധികാരത്തിലെത്തിയ നാള്‍ മുതല്‍ പിടിഐയെ ഭരണകൂടത്തിന് അനുകൂലമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും, അതില്‍ വിജയിച്ചില്ല. പിടിഐയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള മഹാരാജ കൃഷ്ണന്‍ റസ്ദാന്‍ 2016 സെപ്തംബറില്‍ അവിടെ നിന്ന് പടിയിറങ്ങിയപ്പോള്‍ സംഘപരിവാറിന് ഇഷ്ടപ്പെട്ടയാളെ എഡിറ്റര്‍ സ്ഥാനത്ത് അവരോധിക്കാന്‍ കേന്ദ്ര ഭരണം ശ്രമിച്ചെങ്കിലും പിടിഐ അതിനു വഴങ്ങിയില്ല. പ്രതിവര്‍ഷം 9.15 കോടി രൂപയാണ് പ്രസാര്‍ ഭാരതി വാര്‍ത്തകള്‍ക്കായി പിടിഐക്കു നല്‍കിക്കൊണ്ടിരുന്നത്. ഇത് പൊടുന്നനെ അവസാനിപ്പിച്ചാണ് പിടിഐയെ ഒഴിവാക്കി ഇപ്പോള്‍ആര്‍എസ്എസ് ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാര്‍ ഭാരതി കരാറുണ്ടാക്കിയിരിക്കുന്നത്.

കാവി പുതച്ച ഹിന്ദുസ്ഥാന്‍ സമചാര്‍
ആര്‍എസ്എസ്സിന്‍റെ സീനിയര്‍ പ്രചാരകരും എം എസ് ഗോള്‍വാള്‍ക്കര്‍ക്കൊപ്പം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുകയും വിഎച്ച്പിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരിക്കുകയും ചെയ്ത ശിവറാം ശങ്കര്‍ ആപ്തെ 1948ല്‍ സ്ഥാപിച്ച ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയാണ് ഡല്‍ഹിയിലെ നോയ്ഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ സമാചാര്‍. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് 1986ല്‍ ഈ വാര്‍ത്താ ഏജന്‍സിയുടെ പ്രവര്‍ത്തനം നിലച്ചതായിരുന്നു. പിന്നീട് വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2002 ല്‍ അദ്ദേഹത്തിന്‍റെ സഹായത്തോടെ ആര്‍എസ്എസ് ഇത് പുനരുദ്ധരിക്കുകയായിരുന്നു.

2023 ഫെബ്രുവരി 14ന് ഉണ്ടാക്കിയ കരാറിന്‍റെ കാലാവധി തല്‍ക്കാലം രണ്ടു വര്‍ഷമാണ്. പ്രതിവര്‍ഷം 7.70 കോടി രൂപ പ്രസാര്‍ ഭാരതി ഹിന്ദുസ്ഥാന്‍ സമാചാറിനു നല്‍കണം; ദിവസവും നൂറ് ദേശീയ വാര്‍ത്തകളും 40 പ്രാദേശിക വാര്‍ത്തകളും ഏജന്‍സി പ്രസാര്‍ ഭാരതിക്കു നല്‍കണം. ഇങ്ങനെ നല്‍കുന്ന വാര്‍ത്തകളായിരിക്കും പ്രസാര്‍ ഭാരതി വഴി ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും ജനങ്ങളിലെത്തുക.

ലോകത്തെ തന്നെ ഏറ്റവും വലിയ റേഡിയോ നെറ്റ്വര്‍ക്കാണ് 1936ല്‍ സ്ഥാപിതമായ ആകാശവാണി. 420 സ്റ്റേഷനുകളില്‍ നിന്നായി രാജ്യത്തിന്‍റെ 92 ശതമാനം പ്രദേശങ്ങളിലും ഇത് ലഭ്യമാണ്. 23 ഭാഷകളിലും 179 ഉപഭാഷകളിലും കൂടി രാജ്യത്തെ ഭൂരിപക്ഷം ആളുകളും ആകാശവാണി വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയ്ക്ക് പുറത്തും 27 ഭാഷകളില്‍ ആകാശവാണി പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. സമാനമായ സാന്നിധ്യമാണ് ദൂരദര്‍ശനുമുള്ളത്. ദേശീയ തലത്തില്‍ ഏഴ് ചാനലുകളിലൂടെയും, നിരവധി പ്രാദേശിക ചാനലുകളിലൂടെയും 36 ഉപഗ്രഹ ചാനലുകളിലൂടെയും രാജ്യത്തെ ഏതു കോണിലും ദൂരദര്‍ശന്‍ ലഭ്യമാണ്. 146 വിദേശരാജ്യങ്ങളിലും ദൂരദര്‍ശന്‍ പരിപാടികള്‍ ലഭിക്കുന്നുണ്ട്.

വാര്‍ത്തകളുടെ കാര്യത്തില്‍ ഇത്രയേറെ സാന്നിധ്യമുള്ള ആകാശവാണിയുടെയും ദൂരദര്‍ശന്‍റെയും വാര്‍ത്താപരമായ ഇടപെടലുകളില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ കൈകടത്തല്‍ ശക്തിപ്പെടാനുള്ള സാധ്യതയാണ് ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാര്‍ ഭാരതി ഉണ്ടാക്കിയിട്ടുള്ള കരാര്‍ ഉയര്‍ത്തുന്നത്. ആശയ പ്രചാരണത്തിന്‍റെ എല്ലാ മേഖലകളിലും സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്‍റെ ആശയാവലികള്‍ കുത്തിനിറയ്ക്കാന്‍ നടപടികള്‍ നീക്കിക്കൊണ്ടിരിക്കുന്ന മോദി ഭരണം പ്രസാര്‍ ഭാരതി വഴി രാജ്യത്തെ ഏറ്റവും വിപുലമായ വാര്‍ത്താ സംപ്രേഷണ മേഖലയെക്കൂടി കാവിവല്‍ക്കരിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നത്.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × two =

Most Popular