Thursday, November 21, 2024

ad

Homeനിരീക്ഷണംഉല്‍പത്തിക്കഥകളെ അവലംബിച്ചുള്ള കേരളചരിത്ര രചന ഗുണകരമാകുന്നതാര്‍ക്ക്?

ഉല്‍പത്തിക്കഥകളെ അവലംബിച്ചുള്ള കേരളചരിത്ര രചന ഗുണകരമാകുന്നതാര്‍ക്ക്?

ഡോ. ഷിബി കെ

രശുരാമനാണ് കേരളമുണ്ടാക്കിയത് എന്ന ആശയം അടിസ്ഥാനപരമായി തീവ്ര ഹൈന്ദവ ദേശീയതയ്ക്ക് ഗുണകരമായ വാദമാണ്. കഴിഞ്ഞ മൂന്നുനൂറ്റാണ്ടായി കേരളത്തിന്‍റെ ചരിത്രം പരശുരാമനെ കേന്ദ്രീകരിച്ചുള്ള ഉല്‍പത്തിക്കഥകളെ അവലംബമാക്കിയാണ് നിര്‍മ്മിച്ചെടുത്തിട്ടുള്ളത്. ചരിത്രരേഖകള്‍ ലഭ്യമല്ലാതിരുന്ന ഒരു കാലത്താണ് ഉല്‍പത്തികഥകളെയും പുരാവൃത്തങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തിന്‍റെ ചരിത്രമെഴുതാനുള്ള ശ്രമം നടക്കുന്നത്. എന്നാല്‍ ഇന്ന് ആ ശ്രമങ്ങളെല്ലാം ഹൈന്ദവ ദേശീയതയ്ക്ക് അങ്ങേയറ്റം അനുകൂലമായ ബൗദ്ധികസിദ്ധാന്തമായി മാറിയിരിക്കുകയാണ്. കേരളത്തിന്‍റെ മദ്ധ്യകാല ചരിത്രം പരശുരാമനെ കേന്ദ്രീകരിച്ചുള്ള ഉല്‍പത്തിക്കഥകളെയും പുരാണങ്ങളെയും ആശ്രയിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. രാഷ്ട്രം, സമ്പദ്വ്യവസ്ഥ, സമൂഹം തുടങ്ങിയ കേരളത്തിന്‍റെ തനത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന എല്ലാ സ്വഭാവസവിശേഷതകളും കേരളത്തിലേക്ക് പില്‍ക്കാലത്ത് കുടിയേറിയ ആര്യബ്രാഹ്മണരുടെ സംഭാവനയാണ് എന്നാണ് പരശുരാമനെ കേന്ദ്രീകരിച്ചുള്ള ഉല്‍പത്തിക്കഥകളുടെ കാതല്‍. ഈ ബ്രാഹ്മണൈതിഹ്യങ്ങളാണ് പിന്നീട് കേരളചരിത്രരചനയുടെ അടിസ്ഥാനാശയമായി രൂപപ്പെട്ടുവരുന്നത്. കേരളചരിത്രരചനയിലേക്ക് ഈ ബ്രാഹ്മണൈതിഹ്യങ്ങള്‍ ആധികാരികമായ ഉപാദാനങ്ങളായി എങ്ങനെ സ്വീകരിക്കപ്പെട്ടുവെന്നതിന്‍റെ ചരിത്രമന്വേഷിക്കലാണ് ലേഖനത്തിന്‍റെ ഉദ്ദേശ്യം.

പരശുരാമനെ കേന്ദ്രീകരിച്ചുള്ള കേരളോല്‍പത്തിക്കഥകളും കേരളമാഹാത്മ്യകഥകളും ചരിത്രനിര്‍മ്മിതിക്കുള്ള അടിസ്ഥാനഘടകങ്ങളാകുന്നത് കൊളോണിയല്‍ കാലത്താണ്. ബ്രിട്ടീഷ് സര്‍വേകള്‍, മാന്വലുകള്‍, റിപ്പോര്‍ട്ടുകള്‍, നരവംശശാസ്ത്രപഠനങ്ങള്‍ തുടങ്ങിയവയെല്ലാം കേരളോല്‍പത്തിക്കഥകളെയും കേരളമാഹാത്മ്യക്കഥകളെയും മുന്‍നിര്‍ത്തിയാണ് നമ്മുടെ ചരിത്രത്തെ വായിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാര്‍ വരുന്ന സമയത്ത് സമ്പത്ത് മുഴുവനും ഭൂമിയെ കേന്ദ്രീകരിച്ചിട്ടുള്ളവയായിരുന്നുവല്ലോ. ആ ഭൂമി കൈകാര്യം ചെയ്തിരുന്ന ജന്മിവര്‍ഗത്തെയും സമ്പന്നവര്‍ഗത്തെയും കേന്ദ്രീകരിച്ചുള്ള മുഴുവന്‍ പഠനങ്ങളിലും കൊളോണിയല്‍ ഭരണകൂടം ആശ്രയിക്കുന്നത് കേരളോല്‍പത്തിയേയും കേരളമാഹാത്മ്യത്തെയുമാണ്. കൊളോണിയല്‍ നരവംശശാസ്ത്ര പഠനങ്ങളിലും നായന്‍മാര്‍ മുതല്‍ക്ക് ബ്രാഹ്മണര്‍ വരെയുള്ള ഉന്നതകുലജാതരെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണങ്ങളില്‍ ഉല്‍പത്തിചരിത്രവും തൊഴില്‍ ചരിത്രവുമെല്ലാം പരശുരാമകഥയെ അടിസ്ഥാനപ്പെടുത്തിയാണ് കൊളോണിയല്‍ ഭരണകൂടം നിര്‍മ്മിച്ചെടുക്കുന്നത്.

ലോഗനും കേരളോല്‍പത്തിക്കഥകളും
കൊളോണിയല്‍ ഭരണകൂടത്തിന് കേരളത്തിന്‍റെ പരമ്പരാഗതമായ ഭൂനിയമങ്ങളും വ്യവസ്ഥകളുമെല്ലാം പഠിക്കേണ്ടതുണ്ടായിരുന്നു. ആ പഠനങ്ങളുടെ വെളിച്ചത്തിലായിരുന്നു പില്‍ക്കാലത്ത് ഭൂനിയമങ്ങളും സര്‍വേകളും മരുമക്കത്തായനിരോധനവും സംബന്ധനിരോധനവും വിവാഹനിയമങ്ങളുമെല്ലാം നിര്‍മ്മിക്കപ്പെട്ടത്. ആയതിനാല്‍, ഭൂമിയെ സംബന്ധിച്ചും രാഷ്ട്രത്തെ സംബന്ധിച്ചും ലഭ്യമായ എല്ലാ ഉപാദാനങ്ങളും അവര്‍ ശേഖരിക്കാനും പഠിക്കാനും തുടങ്ങി. ഗുണ്ടര്‍ട്ടിന്‍റെയും മറ്റും നേതൃത്വത്തില്‍ കേരളോല്‍പ്പത്തിയും കേരളപ്പഴമയുമെല്ലാം ശേഖരിക്കാനും പുനര്‍ലേഖനം ചെയ്യാനും തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. ഭൂമിയിലെ പരമ്പരാഗത അവകാശക്രമങ്ങളും പാട്ടസമ്പ്രദായങ്ങളുമെല്ലാം വിശകലനം ചെയ്യേണ്ട സന്ദര്‍ഭത്തില്‍ പരശുരാമകഥയെ അടിസ്ഥാനപ്പെടുത്തിയാണ് കൊളോണിയല്‍ ഭരണകൂടം ആ സാമ്പത്തിക വ്യവസ്ഥയെ ചരിത്രപരമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. നായന്‍മാര്‍ എങ്ങനെ ഭൂമിയുടെ കാണക്കാരായി എന്നു പറയാനും ബ്രാഹ്മണരുടെ ചരിത്രം പറയാനും ലോഗന്‍ പരശുരാമകഥയെ ഉപയോഗിച്ചു. നമ്മുടെ പ്രാചീനചരിത്രം പരിപൂര്‍ണമായും കേരളോല്‍പ്പത്തിയെയും കേരളമാഹാത്മ്യത്തെയും അടിസ്ഥാനപ്പെടുത്തി അദ്ദേഹം നിര്‍മ്മിച്ചെടുത്തു.

കേരളോല്‍പത്തിയിലെ ഐതിഹ്യ രാജാക്കന്‍മാരായ പെരുമാക്കന്മാര്‍ കേരളത്തിലെ ബ്രാഹ്മണിക രാഷ്ട്രനിര്‍മ്മാണത്തിന്‍റെ പ്രതീകങ്ങളായി സ്ഥാപിക്കപ്പെട്ടു. പരശുരാമന്‍ കേരളം ഉണ്ടാക്കി 64 ഗ്രാമങ്ങളാക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തുവെന്നും, അവയില്‍ 32 എണ്ണം തുളുനാട്ടിലും ശേഷിക്കുന്നവ കേരളത്തിലുമാണുള്ളതെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ഗോകര്‍ണം മുതല്‍ക്ക് വടക്കന്‍ തിരുവിതാംകൂറിലെ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളാണ് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് സമ്മാനമായി കൊടുത്തതെന്ന് ഐതിഹ്യത്തെ അടിസ്ഥാനമാക്കി ലോഗന്‍ പറയുന്നു. ഈ ബ്രാഹ്മണര്‍ തിരുനാവായയില്‍ യോഗം ചേര്‍ന്ന് രാജാവിനെ കൊണ്ടുവരാനുള്ള തീരുമാനം എടുത്തുവെന്നും ആ തീരുമാനം എടുക്കാനുള്ള അവകാശം ബ്രാഹ്മണരുടെ നാല് ഗ്രാമങ്ങള്‍ക്കാണ് എന്നും ചരിത്രമെന്നപോലെ ലോഗന്‍ സൂചിപ്പിച്ചു. കേരളോല്‍പത്തിയില്‍ പറഞ്ഞ കേയപുരത്തുനിന്നും കൊണ്ടുവന്ന കേയപെരുമാള്‍ പശ്ചിമഘട്ടത്തിന്‍റെ കിഴക്കന്‍ പ്രദേശം ഭരിച്ചിരുന്ന ചേരരാജാവാണ് എന്നും, ചോയമണ്ഡലത്തില്‍ നിന്നും കൊണ്ടുവന്ന ചോയപെരുമാള്‍ ചോളരാജാവാണ് എന്നും, പാണ്ഡ്യമണ്ഡലത്തിലെ കുലശേഖരപെരുമാള്‍ അല്ലെങ്കില്‍ പാണ്ഡിപ്പെരുമാള്‍ പാണ്ഡ്യരാജാവാണ് എന്നും അദ്ദേഹം വാദിച്ചു. ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ പ്രബലരായ ചേര-ചോള പാണ്ഡ്യരാജാക്കന്മാരുടെ ചരിത്രമാണ് കേരളോല്‍പ്പത്തിയില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന കാഴ്ചപ്പാട് ഇതോടുകൂടി ചരിത്രത്തില്‍ സ്ഥാപിക്കപ്പെട്ടു. ചേരചോളപാണ്ഡ്യരാജാക്കന്മാരുടെ ചരിത്ര പരാമര്‍ശത്തിന്‍റെ മറവില്‍ രാഷ്ട്രത്തെ സ്ഥാപിച്ചതും രാഷ്ട്രീയ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചതും ബ്രാഹ്മണരും ബ്രാഹ്മണഗ്രാമങ്ങളുമാണെന്ന വാദംകൂടി കേരളചരിത്രനിര്‍മ്മിതിയില്‍ ഉടലെടുത്തു.

ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളെയും മറ്റും ആശ്രയിച്ചുള്ള പില്‍ക്കാല ചരിത്ര രചനകള്‍
`History’ എന്ന അദ്ധ്യായത്തില്‍ ‘Traditionary Ancient History’ എന്ന ഭാഗത്ത് കേരളോല്‍പ്പത്തി ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി, കേരളത്തിന്‍റെ രാഷ്ട്രത്തിന്‍റെയും സമ്പത്തിന്‍റെയും സമൂഹത്തിന്‍റെയും മുകളില്‍ ലോഗന്‍ നടത്തിയ നിരീക്ഷമാണ് ഇന്ന് temple oriented agrarian society’യെന്നും, ബ്രാഹ്മണരുടെ നിയന്ത്രണത്തിനകത്തെ ചേരരാഷ്ട്രമെന്നും തങ്ങളുടെ പഠനങ്ങളില്‍ ഉപയോഗിക്കാന്‍ എം ജി എസ് നാരായണനെയും മറ്റും പ്രേരിപ്പിച്ച അടിസ്ഥാനഘടകം. കൊച്ചിന്‍ സ്റ്റേറ്റ് മാന്വലും ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വലും ലോഗന്‍റെ പരാമര്‍ശങ്ങളെ അതേനിലയില്‍ ആവര്‍ത്തിച്ചു. വേലുപ്പിള്ളയുടെ ട്രാവന്‍കൂര്‍ മാന്വല്‍ ഒരുപടികൂടി കടന്ന് പരശുരാമകഥയുടെ പുരാണകഥാംശങ്ങള്‍ വിശദമായി പരാമര്‍ശിക്കുകകൂടി ചെയ്തു. അദ്ദേഹം കൂറേക്കൂടി ശ്രദ്ധിച്ചത് പാച്ചുമൂത്തതിന്‍റെയും ശങ്കുണ്ണിമേനോന്‍റെയും തിരുവിതാകൂര്‍ ചരിത്രരചനയിലായിരുന്നു. ശങ്കുണ്ണിമേനോന്‍ വളരെ വിശദമായി പരശുരാമന്‍റെ പുരാണപരാമര്‍ശങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ‘Early History of Travancore’ എന്ന ചര്‍ച്ചയില്‍ ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളെയും ആശ്രയിക്കുന്ന കാര്യത്തില്‍ ശങ്കുണ്ണിമേനോന്‍ ലോഗനേക്കാള്‍ ഒരുപാടുദൂരം മുന്നോട്ടുപോയി.

ലോഗനേക്കാള്‍ എട്ടുവര്‍ഷം മുമ്പ് എഴുതിയതുകൊണ്ടാകാം ത്രേതായുഗവും ജമദഗ്നിയും നിറഞ്ഞ പുരാണപാരമ്പര്യത്തിലൂന്നിയ ഒരു പ്രാചീന തിരുവിതാംകൂറിന്‍റെ ചരിത്രമാണ് കേരളോല്‍പത്തിയെ മുന്‍നിര്‍ത്തി ശങ്കുണ്ണിമേനോന്‍ എഴുതിയത്. കൊളോണിയല്‍ ഭരണകൂടത്തിന്‍റെ മാന്വലുകളും സര്‍വേകളും റിപ്പോര്‍ട്ടുകളും മാറ്റിനിര്‍ത്തിയാല്‍ ബോധപൂര്‍വ്വമായ ഒരു കേരള ചരിത്രമെഴുതാനുള്ള ശ്രമം തുടങ്ങിവെക്കുന്നത് കെപി പത്മനാഭമേനോനാണല്ലൊ. ഡച്ചുകാരും പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്‍റും ഇറക്കിയ മാന്വലുകളുടെയും, നടത്തിയ സര്‍വേകളുടെയും റിപ്പോര്‍ട്ടുകളുടെയും വെളിച്ചത്തിലാണല്ലോ പത്മനാഭമേനോനും ചരിത്രമെഴുത്ത് തുടങ്ങുന്നത്. അതുകൊണ്ടു തന്നെ മുന്‍കാലങ്ങളില്‍ കേരളത്തിന്‍റെ പ്രാചീന ചരിത്രത്തെക്കുറിച്ച് പാതിരിമാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും എന്ത് നിരീക്ഷണം നടത്തിയിരുന്നുവോ ആ നിരീക്ഷണങ്ങള്‍ തന്നെ പത്മനാഭമേനോനും നടത്തി. മലബാറും കൊച്ചിയും തിരുവിതാംകൂറുമൊക്കെയായി ഛിന്നഭിന്നമായികിടന്നിരുന്ന ചെറിയചെറിയ പ്രാദേശികചരിത്രങ്ങളെ കേരളം എന്ന ഒറ്റ ലാന്‍ഡ്സ്കേപിനകത്തേക്ക് നിര്‍ത്തിയെന്നതും, സമഗ്രമായ ഒരു കേരളചരിത്രം എന്ന സങ്കല്‍പം ചരിത്രമെഴുത്തിലേക്ക് കടന്നുവന്നു എന്നതുമാണ് കെപി പത്മനാഭമേനോന്‍റെ ‘History of Kerala’ എന്ന പുസ്തകത്തിന്‍റെ വരവോടെ ചരിത്രരചനാ നിര്‍മ്മിതിയില്‍ സംഭവിച്ച വലിയ മാറ്റം. അദ്ദേഹവും ലോഗനെപ്പോലെ മലബാറിന്‍റെയും കേരളത്തിന്‍റെയും ഉല്‍പത്തി കേരളോല്‍പ്പത്തിക്കഥകളെയും മാഹാത്മ്യകഥകളെയും അടിസ്ഥാനമാക്കി എഴുതി. അദ്ദേഹം കേരളോല്‍പ്പത്തിക്കഥകളിലെ ഇരുപത്തഞ്ചോളം വരുന്ന രാജാക്കന്‍മാരുടെ പേരുകള്‍ ക്രമപ്പെടുത്തിയെടുത്തു. അതിനുപുറമേ കേരളമാഹാത്മ്യത്തിലുള്ള പേരുകളും ചര്‍ച്ചചെയ്തു. ബ്രാഹ്മണരുടെ കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്‍റെ ചരിത്രം പരശുരാമകഥകള്‍ക്കുമപ്പുറം കടന്ന് മദ്ധ്യേഷ്യയില്‍ നിന്നും കുടിയേറിയ ബ്രിട്ടീഷുകാരുടെ ബന്ധുവായ ശുദ്ധരക്തവാഹികളായ ആര്യന്‍മാരിലേക്കുവരെയെത്തുന്ന ചര്‍ച്ചകളാണ് പത്മനാഭമേനോന്‍ തുടങ്ങിവെച്ചത്.

ചുരുക്കിപ്പറയുകയാണെങ്കില്‍, കൊളോണിയല്‍ ഭരണകൂടത്തിന് ഭരണം സുഗമമാക്കുന്നതിനു വേണ്ടി പരമ്പരാഗത രാഷ്ട്രത്തെയും ഭൂമിയെയും പഠിക്കുന്നതിനായി കേരളത്തിന്‍റെ പ്രാചീനചരിത്രം അന്ന് ലഭ്യമായ ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതാന്‍ തുടങ്ങുകയും പിന്നീട് ആ കൊളോണിയല്‍ നിരീക്ഷണങ്ങള്‍ വസ്തുനിഷ്ഠമായ ചരിത്രമായി എല്ലാവരും കാണാന്‍ തുടങ്ങുകയും ചെയ്തു. എം ജി എസ് നാരായണനെപ്പോലെയുള്ള എംപിരിക്കല്‍ ചരിത്രകാരന്‍മാരുടെ പ്രധാന വാദങ്ങളായി അവ പിന്നീട് കേരളചരിത്രരചനയില്‍ നിലനില്‍ക്കുകയും ചെയ്തു. കേരളചരിത്രത്തെക്കുറിച്ചുള്ള വസ്തുതാവിരുദ്ധമായ ഈ വാദങ്ങള്‍ 1972ലെ ഒരു സുപ്രഭാതത്തില്‍ എം ജി എസ് നാരായണന്‍ കൈക്കൊള്ളുന്നതല്ല. എം ജി എസ് നാരായണനെപ്പോലുള്ളവരെ ഇങ്ങനെ വാദിക്കാന്‍ തക്കവിധം ബൗദ്ധികമായ ഒരു തടം ദക്ഷിണേന്ത്യന്‍ ചരിത്രരചനയില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്.

നീലകണ്ഠശാസ്ത്രിയുടെ സ്വാധീനം
നീലകണ്ഠശാസ്ത്രിയുടെ നേതൃത്വത്തില്‍ 1930കളുടെ തുടക്കംമുതലേ ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ചുള്ള ബ്രാഹ്മണികമായ വായന വളര്‍ന്നുവന്നിരുന്നു. ദക്ഷിണേന്ത്യയിലെ പ്രാചീനമദ്ധ്യകാല ചരിത്രം ആര്യബ്രാഹ്മണരുടെ സംഭാവനയാണ് എന്ന വാദം അദ്ദേഹം വളര്‍ത്തിക്കൊണ്ടു വന്നിരുന്നു. ദക്ഷിണേന്ത്യയിലേക്ക് ആര്യന്മാരുടെ വ്യാപനത്തെ വ്യാഖ്യാനിക്കുന്നതിനായി നീലകണ്ഠശാസ്ത്രി ഐതിഹ്യങ്ങളെയും പുരാണങ്ങളെയും ആശ്രയിച്ചു. ആദ്യം അഗസ്ത്യമുനിയുടെയും പിന്നീട് പരശുരാമന്‍റെയും ദക്ഷിണേന്ത്യയിലേക്കുള്ള ആഗമനം സംബന്ധിച്ച ഐതിഹ്യങ്ങള്‍ ചരിത്രപരമായ ഉപാദാനമായി നീലകണ്ഠശാസ്ത്രിയും കൈക്കൊണ്ടു. ഉത്തരേന്ത്യയിലെന്നപോലെ ദക്ഷിണേന്ത്യയിലും ചരിത്രം തുടങ്ങുന്നത് ആര്യന്‍മാരുടെ വരവിനു ശേഷമാണെന്നാണ് അദ്ദേഹം ധരിച്ചിരുന്നത്. രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ആര്യവംശജരുടെ ഇടയില്‍നിന്നും ദക്ഷിണേന്ത്യയിലേക്ക് വന്ന ഒരു പോരാളിയായി അദ്ദേഹം അഗസ്ത്യനെ ചിത്രീകരിച്ചു. മദ്ധ്യകാലത്തെ ചേരന്‍മാരുടെ ചരിത്രത്തിന് കേരളോല്‍പ്പത്തിയിലും കേരളപ്പഴമയിലും സൂചനകളുണ്ട് എന്നദ്ദേഹം പറയുന്നുണ്ട്. എങ്കിലും പരശുരാമകഥ വളരെ പുതിയതാണെന്നും അവയ്ക്ക് പുരാണപരാമര്‍ശങ്ങളില്ലെന്നും പറയാന്‍ നീലകണ്ഠശാസ്ത്രി മടികാണിച്ചില്ല. പരശുരാമകഥ അദ്ദേഹം വിവരിക്കുന്നത് ചേരരാഷ്ട്രത്തെ വ്യാഖ്യാനിക്കാനായിരുന്നില്ല, മറിച്ച് ദക്ഷിണേന്ത്യയിലേക്കുള്ള ആര്യന്മാരുടെ വ്യാപനത്തെ സംബന്ധിച്ച് പറയുന്ന സന്ദര്‍ഭത്തിലാണ്. ചോളന്‍മാരുടെയോ മറ്റ് ദക്ഷിണേന്ത്യന്‍ രാജാക്കന്‍മാരുടേയോ ചരിത്രം പറയുന്ന സന്ദര്‍ഭത്തിലൊരിടത്തും അദ്ദേഹം കേരളോല്‍പ്പത്തിപോലുള്ള ഉല്‍പത്തിക്കഥകളെ ഉപയോഗിക്കുന്നതായി കാണുന്നില്ല. എന്നാല്‍ ആര്യബ്രാഹ്മണരുടെ വരവിനു ശേഷമാണ് ഇന്ത്യയിലൊട്ടാകെ ചരിത്രം തുടങ്ങുന്നത് എന്ന നീലകണ്ഠശാസ്ത്രിയുടെ പാഠമാണ് എം ജി എസ് നാരായണനെയും സ്വാധീനിച്ചത്.

പരശുരാമന്‍ കേരളമുണ്ടാക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തുവെന്നും, ആ ബ്രാഹ്മണര്‍ കൊണ്ടുവന്ന രാജാക്കന്‍മാരാണ് ചേരമാന്‍പെരുമാക്കന്‍മാരെന്നും, ആ ബ്രാഹ്മണരുടെ പ്രതിനിധികളായ നാലുതളിയാണ് രാജാവിനെ നിയന്ത്രിച്ചിരുന്നതെന്നും, അങ്ങനെ രാഷ്ട്രവും സമ്പത്തും സമൂഹവും മതവുമെല്ലാം ഒരേനിലയില്‍ ബ്രാഹ്മണരാല്‍ നിയന്ത്രിക്കപ്പെട്ടുവെന്നുമുള്ള കേരളോല്‍പ്പത്തിമാഹാത്മ്യകഥകളായി കേരളത്തിന്‍റെ മദ്ധ്യകാല ചരിത്രത്തെ വിവര്‍ത്തനം ചെയ്യാനുള്ള ധൈര്യം ആദ്യം കൊളോണിയല്‍ രേഖകളില്‍ നിന്നും, പിന്നീട് നീലകണ്ഠശാസ്ത്രി തുടങ്ങിവെച്ച ദക്ഷിണേന്ത്യന്‍ ചരിത്രനിര്‍മ്മിതിയില്‍ നിന്നുമാണ് എം ജി എസ്സും ആര്‍ജ്ജിക്കുന്നത്.

ഇളംകുളത്തിന്‍റെ വ്യാഖ്യാനം
എം ജി എസ് നാരായണനുമുമ്പുവരെ കേരളചരിത്രത്തിന്‍റെ വഴി ദ്രാവിഡവാദത്തിന്‍റേതായിരുന്നു. ഇളംകുളം കുഞ്ഞന്‍പിള്ളയായിരുന്നു കേരളചരിത്രനിര്‍മ്മിതിയില്‍ ബ്രാഹ്മണവല്‍ക്കരണത്തെ പ്രതിരോധിച്ചുനിര്‍ത്തിയിരുന്ന ചരിത്രകാരന്‍. കേരളോല്‍പത്തി പോലുള്ള ഐതിഹ്യങ്ങളെ ചരിത്രനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെ ഇളംകുളം കുഞ്ഞന്‍പിള്ള പൂര്‍ണമായി നിഷേധിച്ചു. കൊളോണിയല്‍കാലം മുതല്‍ക്ക് പ്രസിദ്ധീകരിച്ചുതുടങ്ങിയ സംഘകാലകൃതികളുടെയും സാഹിത്യകൃതികളുടെയും മദ്ധ്യകാല ലിഖിതങ്ങളുടെയുമൊക്കെ വെളിച്ചത്തിലാണ് അദ്ദേഹം ചരിത്രരചന നടത്തിയത്. ചരിത്രരചനയില്‍ അദ്ദേഹത്തെ നയിച്ചത് കൊളോണിയല്‍ പരിരക്ഷയില്‍ വളര്‍ന്ന ദ്രാവിഡവാദമായിരുന്നു. അതുകൊണ്ടുതന്നെ എം. ജി. എസ്. നാരായണന്‍ മുതലിങ്ങോട്ടുള്ള ചരിത്രകാരന്‍മാരുടെ പഠനങ്ങളില്‍ കാണുന്ന, ബ്രാഹ്മണരെ വാഴ്ത്തുന്ന സ്തുതിഗീതങ്ങള്‍ ഇളംകുളമെഴുതിയ പ്രാചീനമദ്ധ്യകാലചരിത്രത്തില്‍ കാണാന്‍ കഴിയില്ല. അന്നു ലഭ്യമായ സാഹിത്യകൃതികളുടെയും മദ്ധ്യകാല ലിഖിതങ്ങളുടെയും മുകളിലുള്ള ഭൗതിക തെളിവുകളുടെ വ്യാഖ്യാനങ്ങളായിരുന്നു അവയെല്ലാം. ഇന്ന് ലഭ്യമായ പല തെളിവുസാമഗ്രികളും അന്ന് ലഭ്യമായിരുന്നില്ല എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ വാദങ്ങള്‍ പലതും കൃത്യമല്ലാതെ പോയി. എന്നിരിക്കിലും ഭാഷാപണ്ഡിതനായിരിക്കെത്തന്നെ ഉപാദാനങ്ങളോട് നീതി പുലര്‍ത്താനും ചരിത്രനിര്‍മ്മാണത്തില്‍ നിന്നും കെട്ടുകഥകളെ പൂര്‍ണ്ണമായും തിരസ്കരിക്കുന്ന ധീരമായ നിലപാട് കൈക്കൊള്ളാനും അദ്ദേഹത്തിനു കഴിഞ്ഞു.

മദ്ധ്യകാല കേരളത്തെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് ഉന്നയിക്കാന്‍ കഴിയുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് എം. ജി. എസ്. നാരായണന്‍റെ ‘ജലൃൗാമഹെ ീള ഗലൃമഹമ’ എന്ന മദ്ധ്യകാല കേരളചരിത്രപുസ്തകം. മദ്ധ്യകാല കേരളത്തിലെ രാജാക്കന്‍മാര്‍ ആരാണ്, ആ രാജാക്കന്‍മാരുടെ തലസ്ഥാനവും കൊട്ടാരവും എവിടെയാണ്, ആ രാജാക്കന്‍മാരുടെ ഭരണ ഉപദേശകസമിതി ഏതാണ്, അവരുടെ ഭരണകൂടത്തിന്‍റെ സ്വഭാവമെന്താണ്, അവരുടെ ഭരണസമിതിയില്‍ ആരാണുള്ളത്, അവരുടെ പൊലീസ് സംവിധാനവും നീതിന്യായനിയമസംവിധാനവും എന്താണ്, അവരുടെ സാമ്പത്തിക സംവിധാനങ്ങളും മതവും എന്താണ്, ആ കാലത്തെ സമൂഹം ഏതായിരുന്നു ആ സമൂഹത്തിന്‍റെ ഘടന എന്താണ്, ആ കാലത്തെ സാഹിത്യകൃതികളും ശില്പങ്ങളും സ്മാരകങ്ങളുമെന്താണ് എന്നുതുടങ്ങി മദ്ധ്യകാല കേരളത്തെ സംബന്ധിച്ച് ഒരാള്‍ ചോദിക്കാനിടയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന ഒരു കേരളചരിത്രമാണ് എം. ജി. എസ്. 1972ല്‍ സംഭാവന ചെയ്തത്. പാച്ചുമൂത്തതും ശങ്കുണ്ണിമേനോനും ലോഗനും പത്മനാഭമേനോനും തുടങ്ങി ഇളംകുളം വരെ എത്തിനില്‍ക്കുന്ന കൊളോണിയല്‍ദേശീയദ്രാവിഡവാദ സമീപനങ്ങളിലധിഷ്ഠിതമായ ചരിത്രവായനയ്ക്ക് അവസാനംകുറിച്ചുകൊണ്ടാണ് എം. ജി. എസ്. വരുന്നത്.

ബ്രാഹ്മണിക്കല്‍ വ്യാഖ്യാനം
കൊളോണിയലായ ആര്യദ്രാവിഡവാദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എം. ജി. എസ്. നാരായണനും കേരളചരിത്രമെഴുതുന്നത്. ചരിത്രലിഖിതങ്ങളെ അടിസ്ഥാനമാക്കിയുള്ള വസ്തുനിഷ്ഠമായ ചരിത്രമാണ് എം. ജി. എസ്സിന്‍റെ മദ്ധ്യകാല കേരളപഠനമെന്നാണ് പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ബ്രാഹ്മണകേന്ദ്രിതമായ പരശുരാമകഥകളുടെ കേരളോല്‍പത്തി ഐതിഹ്യത്തെ ചരിത്രപരമായി സ്ഥാപിക്കലാണ് പെരുമാള്‍സ് ഓഫ് കേരളയില്‍ എം. ജി. എസ്. ചെയ്തിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ കഴിയും. രാഷ്ട്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സമ്പദ്വ്യവസ്ഥയെക്കുറിച്ചും മതത്തക്കുറിച്ചും കേരളോല്‍പ്പത്തിയില്‍ ബ്രാഹ്മണര്‍ എന്തുപറഞ്ഞുവോ അതെല്ലാം മദ്ധ്യകാല ശാസനങ്ങളെ വ്യാഖ്യാനിച്ച് അദ്ദേഹം ചരിത്രവല്‍ക്കരിച്ചു. ഉത്തരേന്ത്യയില്‍നിന്ന് ആര്യബ്രാഹ്മണര്‍ പടിഞ്ഞാറന്‍ തീരത്തേക്ക് കുടിയേറിയെന്നും, അവര്‍ 32 ഗ്രാമങ്ങളായി അധിവസിച്ചുവെന്നും, ഈ കുടിയേറിയ ബ്രാഹ്മണര്‍ യോഗംകൂടി ചേരരാജാക്കന്‍മാരെ പുറത്തുനിന്നും കൊണ്ടുവന്നു എന്നുമാണല്ലോ കേരളോല്‍പ്പത്തി പ്രകാരമുള്ള മദ്ധ്യകാലകേരളത്തിന്‍റെ രാഷ്ട്രനിര്‍മ്മാണം. ഈ വാദത്തെ എം ജി എസ് അതേനിലയില്‍ ഉള്‍ക്കൊണ്ടു. മാത്രമല്ല ഒമ്പതാംനൂറ്റാണ്ടിനു മുമ്പ് കേരളത്തില്‍ രാജാക്കന്‍മാരുണ്ടായിരുന്നില്ലെന്നും, മദ്ധ്യകാലത്തെ രണ്ടാം ചേരരാജവംശവും ഭരണസംവിധാനവും പൂര്‍ണ്ണമായും കേരളത്തിലേക്ക് കുടിയേറിയ ആര്യബ്രാഹ്മണരുടെ സംഭാവനയാണെന്നുമുള്ള വാദംകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രാഹ്മണരുടെ സമിതിയായ നാലുതളിയുടെ ആജ്ഞപ്രകാരമാണ് ചേരരാജാവ് ഭരണം നടത്തുന്നത് എന്ന കേരളോല്‍പ്പത്തിയിലെ പരാമര്‍ശത്തിന് അദ്ദേഹം ശാസനങ്ങളിലെ തെളിവുകള്‍ നിരത്തി. കുടിയേറിയ 32 ആര്യബ്രാഹ്മണ ഗ്രാമങ്ങളുടെ സംഘടനയായ നാലുതളിയുടെ പ്രതിനിധിയാണ് മൂഴിക്കളം കച്ചമെന്നും കേരളോല്‍പ്പത്തിയെന്നപോലെ പെരുമാള്‍സ് ഓഫ് കേരളയും വാദിച്ചു. അങ്ങനെ നാലുതളിവഴി മൂഴിക്കളം കച്ചത്തിലൂടെ ചേരഭരണത്തില്‍ ബ്രാഹ്മണര്‍ അധികാരവും ഉന്നതപദവിയും നിലനിര്‍ത്തി എന്ന് അദ്ദേഹം വാദിച്ചു. ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളെല്ലാം ബ്രാഹ്മണരുടെ സംഭാവനയാണ് എന്നാണ് എം. ജി. എസ്. വിചാരിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രഭരണമെല്ലാം എല്ലായ്പ്പോഴും ബ്രാഹ്മണരുടേതും ബ്രാഹ്മണര്‍ക്കുവേണ്ടി ബ്രാഹ്മണരാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയുമാണ് എന്ന് എം. ജി. എസ്. വിശ്വസിച്ചു. കേരളോല്‍പ്പത്തിയും എം. ജി. എസ്സും വിഭാവനം ചെയ്ത മദ്ധ്യകാല കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥ കൃഷിയെ കേന്ദ്രീകരിച്ചുള്ളതാണ്. ആര്യബ്രാഹ്മണര്‍ കൃഷിശാസ്ത്രത്തില്‍ വിദഗ്ധരായിരുന്നെന്നും, ബ്രാഹ്മണകുടിയേറ്റം നെല്‍കൃഷി ഇവിടെ പ്രചരിപ്പിച്ചുവെന്നുമാണ് എം. ജി. എസ്സിന്‍റെ വാദം. ക്ഷേത്രരേഖകള്‍ അതിന് ദൃഷ്ടാന്തമാണ് എന്നദ്ദേഹം പറഞ്ഞു. കേരളത്തിലെ മദ്ധ്യകാല സമൂഹത്തെക്കുറിച്ച് അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങളും കേരളോല്‍പ്പത്തി ഭാവനകൊള്ളുന്ന ബ്രാഹ്മണ താല്‍പര്യത്തിലധിഷ്ഠിതമാണ്. ബ്രാഹ്മണര്‍ ക്ഷേത്രങ്ങളും ക്ഷേത്രഭൂമിയുള്ള ഗ്രാമങ്ങളുംവഴി ഉന്നതപദവിയിലിരുന്നുവെന്നും ബ്രാഹ്മണര്‍ക്ക് കീഴേയുള്ള മുഴുവന്‍ സമൂഹങ്ങളെയും നിയന്ത്രിച്ചുവെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ബ്രാഹ്മണര്‍ ഉന്നതപദവിയിലിരുന്ന് ഭരിക്കുമ്പോള്‍ ബ്രാഹ്മണേതരസമൂഹം കാടന്‍ജീവിതം നയിച്ചു. ബ്രാഹ്മണര്‍ കൊണ്ടുവരുന്ന ജാതിവ്യവസ്ഥയാലാണ് ഈ ബ്രാഹ്മണേതരസമൂഹം അവരുടെ പ്രാകൃത ജീവിതത്തില്‍നിന്ന് മോചിതരായതെന്നും അദ്ദേഹം വാദിച്ചു.

എം ജി എസ്സിന്‍റെയും കൂട്ടരുടെയും അശാസ്ത്രീയ നിലപാട്
1972ല്‍ പെരുമാള്‍സ് ഓഫ് കേരളയിലൂടെ എം. ജി. എസ്. മുന്നോട്ടുവെച്ച കേരളോല്‍പ്പത്തിയിലെ ആശയങ്ങള്‍ അതേനിലയില്‍ കേശവന്‍ വെളുത്താട്ട് അദ്ദേഹത്തിന്‍റെ മദ്ധ്യകാല ചരിത്രപഠനങ്ങളില്‍ പിന്തുടരുന്നതാണ് കാണുന്നത്. 1978ല്‍ പ്രസിദ്ധീകരിച്ച ‘Brahmin Settlements in Kerala’ എന്ന അദ്ദേഹത്തിന്‍റെ എം. എ. പ്രബന്ധം (2013ല്‍ ഈ പുസ്തകം പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി) ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. എം ജി എസ് കേരളോല്‍പ്പത്തിയിലെ പതിനാറ് ബ്രാഹ്മണഗ്രാമങ്ങള്‍ക്ക് ചരിത്രപരമായ തെളിവ് നിരത്തുമ്പോള്‍, വെളുത്താട്ട് 32 ബ്രാഹ്മണഗ്രാമങ്ങളെയും, ശാസനങ്ങളിലും മണിപ്രവാളകൃതികളിലുമുള്ള (ഇവയൊന്നും കിട്ടാതെ വരുമ്പോള്‍ മിത്തുകളിലും) തെളിവുകള്‍ കാണിച്ച് പരശുരാമകഥകളെ ചരിത്രവല്‍ക്കരിച്ചു. എം. ജി. എസ്. കേരളോല്‍പ്പത്തിക്കഥകളെ പെരുമാക്കന്‍മാരുടെ മദ്ധ്യകാലത്ത് സ്ഥാപിച്ചെടുക്കുമ്പോള്‍ വെളുത്താട്ട് പ്രാചീന സംഘകാലം മുതല്‍ പോര്‍ച്ചുഗീസുകാരുടെ വരവിന് തൊട്ടുമുമ്പുവരെയുള്ള കാലം മുഴുവനായും കേരളോല്‍പ്പത്തിവഴി ചരിത്രവല്‍ക്കരിക്കാന്‍ ശ്രമിച്ചു.

പെരുമാള്‍ രേഖകളിലെ പെരുമാക്കന്‍മാരില്‍ കേന്ദ്രീകരിക്കാതെ ക്ഷേത്രത്തെയും നാട്ടുടയവരെയും കാര്‍ഷികവ്യവവസ്ഥയെയും സമൂഹത്തെയും കുറിച്ച് പ്രത്യേകം നിരീക്ഷിച്ചുകൊണ്ടാണ് രാജന്‍ ഗുരുക്കള്‍ മദ്ധ്യകാലചരിത്രം എഴുതുന്നത്. ബ്രാഹ്മണ നേതൃത്വത്തിലുളള ക്ഷേത്രകേന്ദ്രിതമായ കാര്‍ഷിക വ്യവസ്ഥയും ബ്രാഹ്മണ നിയന്ത്രണത്തില്‍ നില്‍ക്കുന്ന നാട്ടുടയവരെയും സമൂഹത്തെയും എം. ജി. എസ്. പെരുമാള്‍സ് ഓഫ് കേരളയില്‍ എങ്ങനെ സ്ഥാപിച്ചുവോ അതേമുറയില്‍ ഗുരുക്കളും ദി കേരള ടെമ്പിള്‍ ആന്‍ഡ് ദി ഏര്‍ളി മെഡീവല്‍ അഗ്രേറിയന്‍ സിസ്റ്റം (The Kerala Temple and the Early Medieval Agrarian System) എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ചു. കേരളോല്‍പ്പത്തി വിഭാവനം ചെയ്ത മദ്ധ്യകാല കേരളചരിത്രത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല രാജന്‍ ഗുരുക്കളുടെ പഠനങ്ങള്‍. ബ്രാഹ്മണര്‍ രാഷ്ട്രവും, കൃഷിയും, സ്മാരകസൗധങ്ങളും (monumental architectures), ഭാഷയും, ഉയര്‍ന്ന സാമൂഹികജീവിതവും (ജാതിവ്യവസ്ഥ) നല്‍കി പ്രാചീന തമിഴകത്തിലെ പെറുക്കിത്തീനികളായിരുന്ന തദ്ദേശീയരെ സാംസ്കാരികമായി ഉയര്‍ത്തി എന്ന, എം. ജി. എസ്. നാരായണന്‍റെ കേരളോല്‍പ്പത്തി സിദ്ധാന്തങ്ങളെ അതേനിലയില്‍ ചരിത്രത്തില്‍ ആവിഷ്കരിച്ച മറ്റൊരു ചരിത്രകാരന്‍ കേരളത്തിലുണ്ടായിട്ടില്ല. എം. ജി. എസ്. ഭാവനകൊണ്ട നാടോടികളും (nomadic) ഗോത്രവര്‍ഗ്ഗക്കാരുമായ (tribal) വേട്ടക്കാരുടെയും (hunters) പിടിച്ചുപറിക്കാരുടെയും (plunders) ജീവിതമാണ് ദക്ഷിണേന്ത്യയുടെയും കേരളത്തിന്‍റെയും പ്രാചീനചരിത്രമെന്ന് സ്ഥാപിക്കലാണ് ഗുരുക്കളുടെ പ്രാചീനതമിഴകത്തെ സംബന്ധിച്ചുള്ള പഠനങ്ങളുടെ ലക്ഷ്യം. ഗുരുക്കളും വാര്യരും കൂടി 1999ല്‍ എഴുതിയ ‘Cultural History of Kerala’യുടേയും വാര്യര്‍ ഒറ്റയ്ക്ക് രചിച്ച ‘മദ്ധ്യകാല കേരളം: സ്വരൂപനീതിയുടെ ചരിത്രപാഠങ്ങ’ളിലെയും ഉള്ളടക്കം ഇതുതന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ 2010ലെ ‘Social Formations of Early South India’യും 2016ലെ ‘Rethinking Indo-Roman Trade’മെല്ലാം 1991 മുതല്‍ വാര്യരും ഗുരുക്കളും ചേര്‍ന്നെഴുതിയ ചരിത്രപുസ്തകങ്ങളിലെ കേരളോല്‍പ്പത്തിവാദങ്ങളുടെ ആവര്‍ത്തനങ്ങളാണ്. എന്നിരുന്നാലും മദ്ധ്യകാല കേരളത്തെ സംബന്ധിച്ച് വാര്യര്‍ എഴുതിയിട്ടുള്ള മറ്റ് രചനകളില്‍ ജൈനരെയും ബ്രാഹ്മണേതര സമൂഹത്തെയും കാണാന്‍ കഴിയുന്നുണ്ട്.

അശാസ്ത്രീയമായ ആര്യ-ദ്രാവിഡ സിദ്ധാന്തങ്ങള്‍
നമ്മളെക്കുറിച്ച് വ്യവസ്ഥാപിതമായ പഠനങ്ങളെല്ലാം തുടങ്ങുന്നത് കൊളോണിയല്‍ കാലത്തായതുകൊണ്ടുതന്നെ ബ്രാഹ്മണതാല്പര്യാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട പരശുരാമകഥകള്‍ അടക്കംചെയ്ത കേരളോല്‍പ്പത്തി ഐതിഹ്യങ്ങള്‍ ചരിത്രരചനയുടെ ഉപാദാനമായി സ്വീകരിക്കുന്നതും കൊളോണിയല്‍ കാലത്തുതന്നെയാണ്. പൂര്‍ണ്ണമായും പുരാവൃത്തങ്ങളെയും ഉല്‍പത്തിക്കഥകളെയും അവലംബമാക്കി കേരളത്തിന്‍റെ ചരിത്രമെഴുതാന്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. പിന്നീട് ഭൂബന്ധങ്ങളും നിലത്തിലെ അവകാശങ്ങളും ഭൂമിയുടെ സ്വഭാവങ്ങളുമെല്ലാം പഠിക്കാന്‍ വില്ല്യം ലോഗന്‍ മുതല്‍ സി. അച്ചുതമേനോനും നാഗമയ്യയും അടങ്ങുന്ന കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ വരെ കേരളോല്‍പ്പത്തിയെ പ്രധാന ഉപാദാനമായി സ്വീകരിച്ചു. കൊളോണിയല്‍ രേഖകളില്‍ കേരളത്തിന്‍റെ പ്രാചീനചരിത്രം രേഖപ്പെടുത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും അവര്‍ കേരളോല്‍പ്പത്തിയെ ആശ്രയിച്ചു. കൊളോണിയല്‍ നരവംശാസ്ത്ര പഠനങ്ങളും കെപി പത്മനാഭമേനോനും ചരിത്രമെഴുതാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയായി കേരളോല്‍പ്പത്തിയിലെ വിവരങ്ങളെ കണ്ടു. കൊളോണിയല്‍ കാലത്ത് വ്യാപകമായി വളര്‍ന്ന ആര്യദ്രാവിഡസിദ്ധാന്തത്തോടൊപ്പമായിരുന്നു ഈ നിരീക്ഷണങ്ങളെല്ലാം. ആര്യന്‍മാരുടെ കുടിയേറ്റ സിദ്ധാന്തവുമായി ചേര്‍ത്താണ് ഈ ചരിത്രവായനകളൊക്കെയും നടന്നിട്ടുള്ളത്. ആര്യവാദത്തോടൊപ്പം തന്നെ ദക്ഷിണേന്ത്യയെ മുന്‍നിര്‍ത്തിയുള്ള ദ്രാവിഡവാദവും കൊളോണിയല്‍ പരിരക്ഷയില്‍ വളര്‍ന്നുകഴിഞ്ഞിരുന്നു. ദ്രാവിഡവാദത്തെ മുന്‍നിര്‍ത്തിയുള്ള പ്രാചീന സംഘകാല തമിഴകം ആര്യബ്രാഹ്മണവാദത്തെ ചോദ്യംചെയ്ത് ദക്ഷിണേന്ത്യയില്‍ ബലപ്പെട്ടിരുന്നു. എന്നാല്‍ 1920കളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമൊക്കെയായി ആര്യബ്രാഹ്മണ വാദത്തെ മുന്‍നിര്‍ത്തിയുള്ള ചരിത്രപഠനങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുകയുണ്ടായി. അങ്ങനെയാണ് നീലകണ്ഠശാസ്ത്രിയുടെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന ബ്രാഹ്മണവാദത്തിലധിഷ്ഠിതമായ ചരിത്രരചനക്ക് ദക്ഷിണേന്ത്യന്‍ ചരിത്രരചനയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നത്. ദ്രാവിഡവാദികള്‍ ആര്യബ്രാഹ്മണ്യത്തെ തടുക്കാനുള്ള പ്രതിരോധായുധമായി വളര്‍ത്തിവെച്ചിരുന്ന സംഘകാലം മുഴുവനും ആര്യബ്രാഹ്മണരുടെ സംഭാവനയാണെന്നും മദ്ധ്യകാലം പൂര്‍ണ്ണമായും ആര്യബ്രാഹ്മണരുടെ നിര്‍മ്മിതിയാണെന്നും അതോടുകൂടി ചരിത്രത്തില്‍ സ്ഥാപിക്കപ്പെട്ടു. കേരളോല്‍പ്പത്തിയെ ചരിത്രവല്‍ക്കരിക്കുന്ന പണിയൊന്നും നീലകണ്ഠശാസ്ത്രി ചെയ്തിട്ടില്ലെങ്കിലും കേരളോല്‍പ്പത്തിക്ക് വളരാന്‍വേണ്ട ബ്രാഹ്മണ്യത്തിന്‍റെ തടം ദക്ഷിണേന്ത്യന്‍ ചരിത്രരചനയില്‍ അദ്ദേഹം നിര്‍മ്മിച്ചെടുത്തിരുന്നു.

കേരളത്തിന്‍റെ മദ്ധ്യകാല ചരിത്രകാരന്‍മാരുടെ മുഴുവന്‍ ശ്രദ്ധയും ബ്രാഹ്മണാധിവാസ കേന്ദ്രങ്ങളും, അവയുടെ നേതൃത്വത്തിലുള്ള കൃഷിയുടെ വ്യാപനവും, അതുവഴി ബ്രാഹ്മണര്‍ സംഭാവന ചെയ്ത രാഷ്ട്രനിര്‍മ്മാണവുമായിരുന്നു 1972ല്‍ എം ജി എസ് നാരായണന്‍ കേരളത്തിന്‍റെ മദ്ധ്യകാല ചരിത്രമെഴുതുമ്പോള്‍ മാതൃകയാക്കുന്നത്, ദക്ഷിണേന്ത്യന്‍ ചരിത്രരചനയിലെ നീലകണ്ഠശാസ്ത്രിയുടെ ബ്രാഹ്മണ സിദ്ധാന്തങ്ങളെയാണ്. രാഷ്ട്രത്തിന്‍റെയും സമ്പത്തിന്‍റെയും സമൂഹത്തിന്‍റെയും മതത്തിന്‍റെയും മുകളില്‍ അന്ന് കേരളോല്‍പ്പത്തിയില്‍ നിലനിന്നിരുന്ന മുഴുവന്‍ ബ്രാഹ്മണാശയങ്ങളെയും അദ്ദേഹം ചരിത്രപരമായി സ്ഥാപിച്ചു. ബ്രാഹ്മണരാണ് കേരളത്തിന് രാഷ്ട്രത്തെയും കാര്‍ഷികസമ്പദ് വ്യവസ്ഥയെയും ക്ഷേത്രങ്ങളെയും വളര്‍ന്ന സമൂഹത്തെയും നല്കിയതെന്ന പരശുരാമകഥയെ ശാസനങ്ങളില്‍ നിന്നും മണിപ്രവാളകൃതികളില്‍ നിന്നും മറ്റ് ബ്രാഹ്മണകൃതികളില്‍ നിന്നും തെളിവുകള്‍ ഹാജരാക്കി അദ്ദേഹം ചരിത്രവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള ഉച്ചനീചത്വങ്ങളടങ്ങിയ ജാതിവ്യവസ്ഥ സാംസ്കാരിക വളര്‍ച്ചയുടെ പ്രതിരൂപമായി എം ജി എസ് കണ്ടു. 1972ല്‍ എം ജി എസ് തുടങ്ങിവെച്ച കേരളോല്‍പ്പത്തി ചരിത്രരചനയാണ് അരനൂറ്റാണ്ടായിട്ടും കേരളത്തിന്‍റെ മദ്ധ്യകാല ചരിത്രത്തില്‍ വാര്‍പ്പ് മാതൃകയായിട്ടുള്ളത്.

പ്രാചീന കേരളത്തിന്‍റെ സമ്പന്നമായ വാണിജ്യപാരമ്പര്യത്തെ സ്ഥാപിക്കാന്‍ ശേഷിയുള്ള ഭൗതികമായ തെളിവുകള്‍ നല്‍കിയ പട്ടണം ഉത്ഖനനത്തെപോലും അംഗീകരിക്കാന്‍ ഈ മദ്ധ്യകാല ചരിത്രകാരന്‍മാര്‍ക്ക് സാധിച്ചില്ല. കേരളത്തിന്‍റെ ചരിത്രത്തില്‍ ബ്രാഹ്മണരുടെ സംഭാവനകഴിഞ്ഞുള്ള മറ്റൊന്നും ചര്‍ച്ച ചെയ്യാന്‍ ഈ ചരിത്രകാരന്‍മാര്‍ തയ്യാറായില്ല. വിരലിലെണ്ണാവുന്ന വേറിട്ട ചില ചരിത്രനിരീക്ഷണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിന്‍റെ മുഴുവന്‍ മദ്ധ്യകാലപഠനങ്ങളും കൊളോണിയല്‍ കാലം മുതല്‍ ഇതുവരെയും കേരളോല്‍പത്തിയുടെ ആവര്‍ത്തനങ്ങളാണ്. പരശുരാമനെ കേന്ദ്രീകരിച്ചുള്ള ഉല്‍പത്തിക്കഥകളെ അടിസ്ഥാനമാക്കി കഴിഞ്ഞ മൂന്ന് നൂറ്റാണ്ടായി തുടരുന്ന കേരളത്തിന്‍റെ ഈ ചരിത്രരചന ഇന്ന് ഹൈന്ദവ ദേശീയതയ്ക്ക് അങ്ങേയറ്റം ഗുണകരമായ സിദ്ധാന്തങ്ങളായി മാറിയിരിക്കുകയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular