Thursday, April 25, 2024

ad

Homeമാധ്യമ നുണകള്‍നേരോടെ നിര്‍ഭയം നിരന്തരം!

നേരോടെ നിര്‍ഭയം നിരന്തരം!

ഗൗരി

കേരളത്തിലെ ദൃശ്യമാധ്യമരംഗത്തെ പുതിയ ചില പ്രവണതകള്‍ കാണുമ്പോള്‍ പഴയൊരു മലയാള സിനിമയാണ് ഓര്‍മയില്‍ വരുന്നത് – ന്യൂഡല്‍ഹി. അതിലെ നായക കഥാപാത്രം (ഒരു വിധത്തില്‍ പറഞ്ഞാല്‍ വില്ലനെന്നും പറയാം) ജി കെ എന്ന പേരില്‍ പുകള്‍പെറ്റ പത്ര പ്രവര്‍ത്തകനാണ്. ജി കെ എന്നാല്‍ ജി കൃഷ്ണമൂര്‍ത്തി. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കുന്നത്.
ജി കെ പുതിയൊരു പത്രം തുടങ്ങുന്നു. ആദ്യത്തെ പത്രം പുറത്തിറങ്ങുമ്പോള്‍ തന്നെ ആ പത്രം ഒരു തരംഗം സൃഷ്ടിക്കണം. അങ്ങനെ തരംഗം സൃഷ്ടിക്കണമെങ്കിലോ? എക്സ്ക്ലൂസീവായ ചൂടന്‍ ഐറ്റം തന്നെയായിരിക്കണം ലീഡ് വാര്‍ത്ത. അത് ഫേക്ക് ആകാന്‍ പാടില്ല. മഞ്ഞയും പറ്റില്ല. നല്ല പെടയ്ക്കണ ഐറ്റംതന്നെ വേണം. അങ്ങനെ ഒരൈറ്റംതന്നെ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യാമെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കണമെന്നുമാണ് ജി കെ തന്‍റെ സഹപ്രവര്‍ത്തകരെ തെര്യപ്പെടുത്തിയത്. അങ്ങനെ ഒരു പെടയ്ക്കണ ഐറ്റം തന്നെ അവതരിപ്പിച്ചാണ് ജി കെയുടെ പത്രം പുറത്തിറങ്ങിയത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഒരാഫ്രിക്കന്‍ രാജ്യത്തിന്‍റെ ഭരണാധികാരി ന്യൂഡല്‍ഹിയില്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. പത്രം ട്രെന്‍ഡായി. ഈ ട്രെന്‍ഡ് നിലനിര്‍ത്തണമെങ്കില്‍, പത്രം ചൂടപ്പംപോലെ വിറ്റഴിക്കണമെങ്കില്‍ എന്നും എക്സ്ക്ലൂസീവ് സാധനങ്ങള്‍ ചാടിച്ചാടി എത്തണം. കേന്ദ്ര ഭരണകക്ഷിയിലെ പ്രമുഖന്‍, ഒരു മന്ത്രി, സമൂഹത്തിലെ ചില ഉന്നത സ്ഥാനീയര്‍ എല്ലാം തുടരെത്തുടരെ കൊല്ലപ്പെടുന്നു. എല്ലാം ജി കെയ്ക്കു മാത്രം സ്വന്തമായ എക്സ്ക്ലൂസീവുകളാകുന്നു. കൊലയാളിക്കു മാത്രം പറ്റുന്നതാണല്ലോ അത്. കൊല്ലപ്പെടുന്നതില്‍ ആഫ്രിക്കന്‍ ഭരണാധികാരി ഒഴികെയുള്ളവര്‍ ജി കെയെ ഒരിക്കല്‍ പലവിധത്തില്‍ ദ്രോഹിച്ചിട്ടുള്ളവരും. ബാക്കി കഥ നമുക്ക് വിടാം. ബാക് സ്റ്റോറിയും കളഞ്ഞേക്കാം.
ഇനി ഇപ്പഴത്തെ സംഭവത്തിലേക്ക്. നിയമസഭയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന ഒരു വ്യാജവാര്‍ത്താ നിര്‍മിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. സംഭവത്തിന്‍റെ ആദ്യ വേര്‍ഷന്‍ എങ്ങനെയെന്ന് മാതൃഭൂമിയുടെ സീനിയര്‍ കറസ്പോണ്‍ഡന്‍റ് രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ എഫ്ബിയില്‍ കുറിക്കുന്നതിങ്ങനെ:
“കെട്ടിച്ചമച്ച സംഭവത്തിനുമേല്‍ പടുത്തുയര്‍ത്തിയ വ്യാജ വാര്‍ത്ത!
‘മയക്കുമരുന്ന് നല്‍കി തന്‍റെ മകളെ സഹപാഠി പീഡിപ്പിച്ചുവെന്നും അതുപോലെ ഇതേ സ്കൂളിലെ 11 വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്നും ഒരാള്‍ അവകാശവാദം ഉന്നയിക്കുകയും അക്കാര്യം പെണ്‍കുട്ടിയെക്കൊണ്ട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറയിക്കുകയും അതിനുമേല്‍ നിറം പിടിപ്പിച്ച വ്യാജ വാര്‍ത്തകള്‍ പടയ്ക്കുകയും ചെയ്ത സംഭവം കേരളത്തില്‍ ചൂട് പിടിച്ച വാര്‍ത്തയായിരിക്കുന്നു.ഇങ്ങനെ ഒരു വാര്‍ത്ത മെനഞ്ഞ ‘ഏഷ്യാനെറ്റ്’ അധികൃതര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസിന്‍റെ നിയമ – ധാര്‍മിക പ്രശ്നങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നില്ല. അത് അതിന്‍റെ വഴിക്ക് നടക്കട്ടെ.
എന്നാല്‍, ഈ സംഭവത്തിന്‍റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ചില കാര്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം (2022) ജൂലൈയിലാണ് കേസ് ഉടലെടുത്തത്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന തന്‍റെ മകളെ ഇതേ സ്കൂളിലെ (കണ്ണൂര്‍ നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍) സഹപാഠി പീഡിപ്പിച്ചു വെന്നും മറ്റ് 11 വിദ്യാര്‍ഥിനികളും ഇതുപോലെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് കുട്ടിയുടെ വാപ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ഇക്കാര്യം പൊലീസില്‍ പറഞ്ഞതുമില്ല.
എന്നാല്‍ ഇതേ വാപ്പ സ്വന്തം മകളെ (ഇതേ കുട്ടിയെ) പീഡിപ്പിച്ചുവെന്ന് ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ഖര്‍കര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇയാള്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു.
കണ്ണൂര്‍ നഗരത്തില്‍ താമസക്കാരനായ ഇയാള്‍ കുറേക്കാലം മുംബൈയില്‍ ആയിരുന്നു. അവിടുത്തുകാരിയാണ് ഭാര്യ എന്ന് കരുതപ്പെടുന്നു. അവര്‍ സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തിയാണ്.
പിന്നീട് ഇയാള്‍ മകളെയും കൂട്ടി നാട്ടില്‍ വന്ന് കണ്ണൂരിലെ വീട്ടില്‍ താമസമാക്കി. കേസിന്‍റെ വിചാരണയാവുമ്പോഴേക്കും കുട്ടിയെ മാനസാന്തരപ്പെടുത്തി മൊഴിമാറ്റി കേസില്‍നിന്ന് തലയൂരാനാണ് കണ്ണൂരിലേക്ക് കുട്ടിയെ കൊണ്ടുവന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്ന് സ്ഥാപിക്കുകയും വേണം. ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ സ്കൂളുകളിലും രക്ഷിതാക്കളിലും പരിഭ്രാന്തി പടര്‍ത്തി.
ഈ വിവരങ്ങള്‍ പ്രാദേശിക ചാനലുകളില്‍ കണ്ടപ്പോള്‍ അവരില്‍ നിന്ന് ഇയാളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. ഞാന്‍ പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.
അപ്പോള്‍ അയാള്‍ പറഞ്ഞത്, ‘ഞാനും മകളും ഒരു ചാനലിന്‍റെ ഇന്‍റര്‍വ്യൂവില്‍ ഇരിക്കുകയാണെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം തിരിച്ചു വിളിക്കാം എന്നുമായിരുന്നു. അദ്ദേഹത്തോട് അഭ്യര്‍ത്ഥന രൂപത്തില്‍ ഞാന്‍ പറഞ്ഞു, “ഒരിക്കലും മകളെ ചാനലിന് മുന്നില്‍ കൊണ്ടുപോകരുത്. അത് നിയമപരമായും തെറ്റാണ്”.അപ്പോള്‍ അയാളുടെ മറുപടി ഇങ്ങിനെ: “എന്‍റെ മകള്‍ക്ക് സംഭവിച്ചത് വേറൊരു കുട്ടിക്കും സംഭവിക്കാതിരിക്കട്ട. ലോകം ഇതറിയട്ടെ”. അപ്പോഴേ തോന്നി ഇതില്‍ ചില ദുരൂഹതകളുണ്ടെന്ന്.
ഒരച്ഛനും പീഡനത്തിനിരയായ സ്വന്തം മകളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല. ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നപ്പോള്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി.ജില്ലാ പഞ്ചായത്ത് അധികൃതരും സ്കൂള്‍ അധികാരികളും തുടര്‍ന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ അന്വേഷണങ്ങളില്‍ കുട്ടിയും ബാപ്പയും വെളിപ്പെടുത്തിയത് വസ്തുതയല്ലെന്ന് വ്യക്തമായി. കുട്ടി പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ച നിലയിലും.
എന്നാല്‍,ആ കുട്ടിക്ക് ഒരു വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അത് പരസ്പരം ഇഷ്ടത്തോടെയാണെന്നും വ്യക്തമായി. ഇവര്‍ രണ്ടുപേരും പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ പോക്സോ കേസും നിലവിലുണ്ട്.ഈ ആണ്‍കുട്ടി ഈ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഈ ആണ്‍കുട്ടിയെ അയാള്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ ഇയാളുടെ ജീവിതത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് മുകളില്‍ പറഞ്ഞ കാര്യം വെളിപ്പെട്ടത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 2022 ആഗസ്ത് 12ന് ‘മാതൃഭൂമി’യില്‍ ഇക്കാര്യം വ്യക്തമാക്കി വാര്‍ത്ത നല്‍കി. വാര്‍ത്ത വന്ന ദിവസം അയാള്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങളുടെ വാര്‍ത്ത എന്‍റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കേസ് കൊടുക്കും എന്നുമായിരുന്നു ഭീഷണി.വാര്‍ത്തയില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ആ വാര്‍ത്തയില്‍ പറയുന്ന കാര്യം സത്യമാണെന്നും ഞാന്‍ മറുപടി നല്‍കി. തുടര്‍ന്ന്, എനിക്കും കണ്ണൂര്‍ ടൗണ്‍ സി ഐ. ബിനു മോഹനും എതിരെ ഇയാള്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഒരു ദിവസം എ. സി. പി. എന്നെ വിളിച്ച് മൊഴിയെടുത്തു. വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു വരിപോലും തിരുത്തുന്നില്ലെന്നും ഞാന്‍ വ്യക്തമാക്കി. തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു സി. ഐ. ക്കെതിരായ പരാതി.
ഈ വാര്‍ത്ത വന്നതോടെ മാധ്യമങ്ങളും വിഷയം കൈവിട്ടു.അവര്‍ക്കെല്ലാം കാര്യം ബോധ്യമായി. പിന്നെ, മാസങ്ങള്‍ക്കുശേഷമാണ് ഈ വിഷയത്തിന് ഇങ്ങനെയൊരു പുനര്‍ജന്മം ലഭിക്കുന്നത്.
ചില സംഭവങ്ങള്‍ തുടക്കത്തില്‍ അറിഞ്ഞതായിരിക്കില്ല സത്യം. ചിലപ്പോള്‍ അത്തരം വാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധം പറ്റും. എനിക്കും പറ്റിയിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് ഈ സംഭവത്തെ ആ ചാനല്‍ ഉപയോഗപ്പെടുത്തിയ രീതിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വിഷയമായിരിക്കുന്നത്”.
അതെ അതുതന്നെയാണ് വിഷയം. 2022 ആഗസ്ത് 10ന് ഏഷ്യാനെറ്റിന്‍റെ സാനിയോ മയോമി എന്ന വനിതാ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ട കുട്ടിയെ ഇന്‍റര്‍വ്യൂ ചെയ്ത് സ്റ്റോറി തയ്യാറാക്കി. കുട്ടിയുടെ ഐഡന്‍റിറ്റി അറിയാതിരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശബ്ദം മാറ്റി മെയില്‍ വോയിസാക്കി സംപ്രേഷണം ചെയ്തു. നവംബര്‍ 10ന് നൗഫല്‍ ബിന്‍ യൂസഫ് എന്ന ചാനലിന്‍റെ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ പുതിയൊരു സ്റ്റോറി ചെയ്യുന്നു. അതിലും മുഖം മറച്ച പെണ്‍കുട്ടി. ആഗസ്തില്‍ മെയില്‍ വോയിസില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ഫീമെയില്‍ വോയിസില്‍ വന്നു. ഉള്ളടക്കത്തില്‍ ഒരു വ്യത്യാസവുമില്ല. പിന്നെയാണറിയുന്നത് ചാനലില്‍ തന്നെയുള്ള ഒരു ജീവനക്കാരിയുടെ 13 കാരിയായ മകളെയാണ് ഈ പുതിയ സ്റ്റോറിക്ക് ഇരയാക്കിയതെന്ന്.
മൊത്തം വിഷയത്തില്‍ രണ്ട് പ്രശ്നമുണ്ട്. ആദ്യത്തേത്, ആ കുട്ടിയുടെ വാക്കുകള്‍ സംപ്രേഷണം ചെയ്യുന്നതിനുമുന്‍പ് ചെറിയൊരന്വേഷണമെങ്കിലും നടത്തണമായിരുന്നു. പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്യാത്തതില്‍നിന്നുതന്നെ പന്തികേട് മണക്കേണ്ടതാണ്. എന്നാലും അതു പോട്ടേന്നു വയ്ക്കാം. മാത്രമല്ല, കുട്ടിയുടെ ഐഡന്‍റിറ്റി മറയ്ക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുത്തിട്ടുമുണ്ടല്ലോ.
എന്നാല്‍ രണ്ടാമത്തെ കേസോ? നൗഫലിന്‍റെ റിപ്പോര്‍ട്ട്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ, കേരളം മയക്കുമരുന്നിന്‍റെയും സ്ത്രീപീഡനത്തിന്‍റെയും കേന്ദ്രമാണെന്ന വാര്‍ത്ത സൃഷ്ടിക്കണം. അത്തരം പ്രചരണം നടത്തുന്നതിന് വ്യാജന്മാരെ പടച്ചുണ്ടാക്കുന്നത് ഈ ചാനലിന്‍റെ പൊതുസ്വഭാവവും! സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സംഘിയായ സന്ദീപ്നായര്‍ സിപിഐ എമ്മുകാരനാണെന്ന് വാര്‍ത്ത ചമച്ചതും പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍ പിരിവ് നടത്തുന്നുവെന്ന വ്യാജനെ ചമച്ചതും പോലുള്ള എത്രയെത്ര കഥകള്‍. കുറച്ചുകൂടി പുറകോട്ടുപോയാല്‍ കണ്ണൂര്‍ സിപിഐ എം ഓഫീസിനുമുന്നില്‍ പാതിരാവില്‍ പാര്‍ട്ടിവിരുദ്ധ പോസ്റ്റര്‍ ഒട്ടിച്ച് അതിന്‍റെ ദൃശ്യം പകര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടിയതുകൊണ്ട് സംപ്രേഷണം ചെയ്യാനാകാതിരുന്നതും തുടങ്ങി സമാനമായ പലതും ഓര്‍മയില്‍ ഓടിയെത്തുന്നു.
എന്നാല്‍, ഈ കേസില്‍ സംഭവിച്ചത് വ്യാജ വാര്‍ത്താനിര്‍മാണം മാത്രമല്ല; ഗുരുതരമായ ഒരു ക്രിമിനല്‍ കുറ്റമാണ്. അതും പോക്സോ കേസിന്‍റെ പരിധിയില്‍ വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത, ഒരു പെണ്‍കുട്ടിയെ വ്യാജവാര്‍ത്ത നിര്‍മാണത്തിന് ഉപയോഗിച്ചതിലൂടെ ആ കുട്ടിയുടെ മാനസികനിലയാണ് തകരാറിലാകുന്നത്. അതൊന്നും നോക്കാതെയാണ് ഇപ്പോള്‍ കേസ് വരുമ്പോള്‍ “മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്?” എന്ന ടൈറ്റിലിട്ട് ഏഷ്യാനെറ്റ് അന്തിച്ചര്‍ച്ച നടത്തുന്നത്. എന്തായാലും സംഗതി വ്യാജനാണെന്നറിയാവുന്നതുകൊണ്ടായിരിക്കണം ഈ സംഭവത്തില്‍ തല്ലുകൂടാന്‍ മറ്റു മുഖ്യധാരക്കാര്‍ ഇറങ്ങാത്തത്. എന്നാലും തങ്ങളുടെ കൂട്ടത്തില്‍പെട്ട ഒരു കൂട്ടര്‍ ഇമ്മാതിരി ക്രിമിനല്‍ നടപടിയില്‍ ഏര്‍പ്പെടുന്നത് മാധ്യമധര്‍മത്തിനു നിരക്കാത്തതും മാധ്യമ സ്വാതന്ത്ര്യത്തിനെതിരുമെന്നെങ്കിലും മുഖ്യധാരക്കാര്‍ പറയേണ്ടതല്ലേ! അവിടെ മൗനം പാലിക്കുന്നതും ശരിയല്ല.
പക്ഷേ, മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ച ഈ സംഭവത്തില്‍ പിന്നീട് ഉയര്‍ത്തപ്പെട്ടു. അത് ചര്‍ച്ച ചെയ്ത ചുരുക്കം ചിലരുണ്ട്. അതിലുപരി നമ്മുടെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന ഇവിടെ ചാടിവീഴുകയും ചെയ്തു. ക്രിമിനല്‍ നടപടിയില്‍ ഏര്‍പ്പെട്ടവരെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സംരക്ഷിക്കണമെന്നാണോ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന പറയുന്നത്? ഇനി എസ്എഫ്ഐയുടെ പ്രതിഷേധമാണെങ്കില്‍ ഒരു മാധ്യമം ഒരു ക്രിമിനല്‍ നടപടി ചെയ്തപ്പോള്‍, അതും സമൂഹത്തെയാകെ ബാധിക്കുന്ന ഒരു കേസില്‍, തെറ്റിനെതിരെ പ്രതിഷേധിക്കുന്നത് എങ്ങനെ കുറ്റമാകും? പ്രതിഷേധത്തെ ആക്രമണമായി ചിത്രീകരിക്കുന്നവര്‍ ഓര്‍ക്കുക, ഇപ്പറയുന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഘടനതന്നെ മുന്‍പ് പലവട്ടം കടന്നുകയറി പ്രതിഷേധിച്ചിട്ടുണ്ടല്ലോന്ന്. മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ ക്രിമിനല്‍ നടപടിക്കുള്ള സ്വാതന്ത്ര്യമല്ല. മാധ്യമങ്ങള്‍ വിശുദ്ധ പശുക്കളുമല്ല.
അടിക്കുറിപ്പ്: 2023 ഫെബ്രുവരി 17ന് അമേരിക്കയിലെ പുരോഗമന സ്വഭാവമുള്ള ഓണ്‍ലൈന്‍ വെബ്മാഗസിന്‍, പ്രശസ്ത അന്വേഷണാത്മക ജേണലിസ്റ്റായ ഡേവിഡ് താല്‍ബോട്ടും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ‘സലോണ്‍’ (ടഅഘഛച) എന്ന മാഗസിന്‍ ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത പ്രസിദ്ധീകരിച്ചു. മര്‍ഡോക്കിന്‍റെ ഉടമസ്ഥതയിലുള്ള ഫോക്സ് ന്യൂസ് എന്ന ടിവി ചാനലിലെ രണ്ട് സൂപ്പര്‍ ആങ്കര്‍മാരായ ടക്കര്‍ കാള്‍സണും സീന്‍ ഹാനിറ്റിയും തങ്ങളുടെ സഹപ്രവര്‍ത്തകയായ ജാക്വി ഹെന്‍റിച്ചിനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വാര്‍ത്ത. തെളിവുകളും പുറത്തുവിട്ടു. എന്തിനാ ജാക്വിയെ പുകച്ചുപുറത്തുചാടിച്ചത്? ട്രംപിന്‍റെ തിരഞ്ഞെടുപ്പുകാലത്ത് ട്രംപിനുവേണ്ടി ഹാനിറ്റി പുറത്തുവിട്ട ഒരു വ്യാജ വാര്‍ത്തയുടെ ഫാക്ട് ചെക്ക് നടത്തി സത്യം തന്‍റെ എഫ്ബി പേജിലൂടെ പ്രചരിപ്പിച്ചതാണ് ഈ രണ്ട് സൂപ്പര്‍ അവതാരകരെയും പ്രകോപിപ്പിച്ചത്. മര്‍ഡോക്കിന്‍റെ ചാനലല്ലേ, സത്യം നിഷിദ്ധമാണല്ലോ. ബ്രിട്ടനില്‍ മര്‍ഡോക്കിന്‍റെ ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടേണ്ടിവന്നതും നുണ കാരണമാണല്ലോ. മര്‍ഡോക്കും ഏഷ്യാനെറ്റും തമ്മിലുള്ള കണക്ഷനും ഓര്‍ക്കുക. പോരെങ്കില്‍ ഉടമ സംഘിയുമാണല്ലോ. ഏഷ്യാനെറ്റ് കേസില്‍ ആദ്യ ഇന്‍റര്‍വ്യൂ നടത്തിയ സാനിയോ മയോമി സ്ഥലംമാറ്റപ്പെട്ടുവെന്നും കാരണം സത്യം പുറത്തറിയിച്ചതാണെന്നും വാര്‍ത്ത. $

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 4 =

Most Popular