Friday, November 22, 2024

ad

Homeമുഖപ്രസംഗംമാലിന്യ സംസ്കരണം സാമൂഹിക ഉത്തരവാദിത്വമാകണം

മാലിന്യ സംസ്കരണം സാമൂഹിക ഉത്തരവാദിത്വമാകണം

കൊച്ചി കോര്‍പറേഷനിലെ മാലിന്യങ്ങള്‍ സംസ്കരിച്ച് വായു-ജല-മണ്ണ് മലിനീകരണം തടയുന്നതിനുള്ള പ്രൊജക്ട് ബ്രഹ്മപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് 1998ലാണ്. അതിന്‍റെ രജതജൂബിലി വര്‍ഷമാണ് 2023. യുഡിഎഫും അനുകൂല മാധ്യമങ്ങളും അത് ആഘോഷിക്കുന്നത് ബ്രഹ്മപുരത്തെ ചൊല്ലി എല്‍ഡിഎഫ് സര്‍ക്കാരിനും കോര്‍പറേഷനും എതിരായി ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചുകൊണ്ടാണ്. അതിനിടയാക്കിയത്, ഏതാനും ദിവസം മുമ്പ് ബ്രഹ്മപുരത്തെ മാലിന്യങ്ങള്‍ക്ക് തീപിടിച്ച് ചുറ്റുമുള്ള പ്രദേശത്ത് പുകപടലം പടര്‍ന്നതോടെയാണ്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കോര്‍പറേഷന്‍ വേഗത്തില്‍ സ്വീകരിച്ചു. അതിനെ സഹായിക്കാനും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ട മുന്‍ കരുതലുകളും പരിഹാരമാര്‍ഗങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നു.

എല്ലാ നഗരങ്ങളിലും മാലിന്യങ്ങളുണ്ടാകും. അവ നീക്കം ചെയ്ത് വേണ്ടവിധം സംസ്കരിച്ചാല്‍ മാത്രമേ അവിടെ വൃത്തിയും വെടിപ്പും മണ്ണിലും ആകാശത്തും ഉണ്ടാകൂ. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടപ്പള്ളിവരെ വ്യാപിച്ചുകിടക്കുന്ന മേഖലയാണ് കൊച്ചി കോര്‍പറേഷന്‍. ഈ പ്രദേശത്തുനിന്നുള്ള മാലിന്യങ്ങള്‍ മൊത്തത്തില്‍ രണ്ടുതരമാണ്. സ്വയം ജീര്‍ണിക്കുന്ന ജൈവമാലിന്യവും. അങ്ങനെ ചെയ്യാത്ത ഖരമാലിന്യവും. ഖരമാലിന്യത്തില്‍ ലോഹപദാര്‍ഥങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്കും അതുമായി ബന്ധപ്പെട്ട പദാര്‍ഥങ്ങളും എന്നിവയുള്‍പ്പെടുന്നു. ജൈവമാലിന്യ സംസ്കരണത്തിനാണ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നത്. സസ്യ-വൃക്ഷങ്ങളുടെ വിവിധ ഭാഗങ്ങള്‍, ലോഹപദാര്‍ഥങ്ങള്‍ പോലുള്ളവ വേര്‍തിരിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കാനാകും. ശേഷിക്കുന്നതാണ് പ്ലാസ്റ്റിക്കും അതിന്‍റെ വിവിധ രൂപങ്ങളും; അവ താനെ വിഘടിച്ച് നാശമടയുകയില്ല.

മാലിന്യസംസ്കരണം നഗരങ്ങളെയും നഗരവാസികളെയും സംബന്ധിച്ച ഗൗരവമായ പ്രശ്നമായി പരിഗണിക്കപ്പെടാന്‍ തുടങ്ങിയ 1990കളിലാണ് തിരുവനന്തപുരത്ത് വിളപ്പില്‍ശാലയിലും കൊച്ചിയില്‍ ബ്രഹ്മപുരത്തും കോഴിക്കോട്ട് ഞെളിയന്‍പറമ്പിലും അതിനുള്ള സ്ഥലം കണ്ടെത്തി സംസ്കരണം ശാസ്ത്രീയമായി നടത്താനുള്ള നീക്കം തുടങ്ങിയത്. കോര്‍പറേഷനിലെ ഭരണം കൊച്ചിയില്‍ യുഡിഎഫിന്‍റെ നിയന്ത്രണത്തിലായിരുന്നു പലപ്പോഴും.

ഈ വിഷയം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദനിര്‍ദേശങ്ങള്‍ വരികയും പൊതുജനാഭിപ്രായം ശക്തമായും സ്പഷ്ടമായും ഉയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കാന്‍ തുടങ്ങുകയും ചെയ്ത കാലമായിരുന്നു അത്. അങ്ങനെയാണ് മുകളില്‍ പറഞ്ഞ സ്ഥലങ്ങള്‍ മാലിന്യസംസ്കരണത്തിനു യോജിച്ച സ്ഥലങ്ങളായി തിരഞ്ഞെടുക്കപ്പെട്ടതും നിര്‍മാണനടപടികള്‍ ആരംഭിച്ചതും. ജൈവ-അജൈവ മാലിന്യങ്ങള്‍, അവ സൃഷ്ടിക്കപ്പെടുന്ന വീടുകള്‍, ഓഫീസുകള്‍, പണിശാലകള്‍, ചന്തകള്‍, കമ്പോളങ്ങള്‍ മുതലായ ഇടങ്ങളില്‍ തന്നെ തരംതിരിക്കുകയും ജൈവമാലിന്യങ്ങള്‍ അതതിടങ്ങളില്‍ സംസ്കരിക്കുകയും വേണമെന്നായിരുന്നു ആദ്യ നിര്‍ദേശം. മാലിന്യസംസ്കരണരംഗത്തേക്ക് സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിയമാനുസൃതമായി തല്‍പ്പര ഏജന്‍സികളുടെ അപേക്ഷ ക്ഷണിച്ച് കോര്‍പറേഷന്‍/സംസ്ഥാന സര്‍ക്കാര്‍ അര്‍ഹരായ ഏജന്‍സികളെ തിരഞ്ഞെടുത്തു.

മാലിന്യം ഉണ്ടാകുന്ന വീടുകളും ഓഫീസുകളും മറ്റും ജൈവ-അജൈവ മാലിന്യങ്ങളെ തരംതിരിക്കണമെന്നും കോര്‍പറേഷന്‍ നല്‍കുന്ന പച്ച ബക്കറ്റില്‍ ജൈവമാലിന്യവും വെള്ള ബക്കറ്റില്‍ അജൈവമാലിന്യവും നിക്ഷേപിച്ച് അവ ശേഖരിക്കാന്‍ കോര്‍പറേഷന്‍ നിയോഗിക്കുന്നവര്‍ക്ക് നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അങ്ങനെ കുറച്ചുകാലം പ്രവര്‍ത്തിക്കുകയും ചെയ്തു. മാലിന്യ സംസ്കരണം ഏറ്റെടുത്ത സ്വകാര്യ ഏജന്‍സികളാണ് ഈ വേര്‍തിരിവ് ആവശ്യമില്ലെന്നും തരംതിരിക്കാതെ മലിനവസ്തുക്കള്‍ ലഭിക്കുന്നതാണ് സൗകര്യമെന്നും നിലപാടെടുത്തത്. ആദ്യമൊക്കെ ജൈവമാലിന്യം വേറിട്ട് നല്‍കിയത് സംസ്കരിക്കുമ്പോള്‍ വിളപ്പില്‍ശാലയിലോ മറ്റ് സമാന ഇടങ്ങളിലോ ദുര്‍ഗന്ധം വമിക്കുന്ന കാറ്റിന്‍റെ പ്രശ്നം രൂക്ഷമായി സമീപനിവാസികള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍, പ്ലാസ്റ്റിക് സഞ്ചിയിലും മറ്റും ജൈവമാലിന്യങ്ങള്‍ നല്‍കിയാലും കുഴപ്പമില്ല എന്ന നിര്‍ദേശം വന്നതിനു ശേഷമാണ് മാലിന്യസംസ്കരണകേന്ദ്രങ്ങള്‍ ദുര്‍ഗന്ധപൂരിതമായത്.

കൊച്ചിയില്‍ മാലിന്യസംസ്കരണത്തിനുവേണ്ടത്ര സ്ഥലമില്ലാത്ത സ്ഥിതി ഉണ്ടായിരുന്നു. ആള്‍പ്പാര്‍പ്പു കുറഞ്ഞ സ്ഥലത്തേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ബ്രഹ്മപുരം ചിത്രത്തില്‍ വന്നത്. അവിടെ മാലിന്യസംസ്കരണ കേന്ദ്രം സ്ഥാപിച്ചപ്പോഴാണ് സ്ഥല പരിമിതി പ്രശ്നമായത്. അത് പരിഹരിക്കാനാണ് ഒരു ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ഏക്കര്‍ സ്ഥലം മാലിന്യസംസ്കരണ കേന്ദ്രത്തിനായി വാങ്ങിക്കൊടുത്തത്. ഇത്രയും സ്ഥലം ലഭിച്ചതിനെത്തുടര്‍ന്നാണ് കൊച്ചി കോര്‍പ്പറേഷന്‍റെ മാത്രമല്ല അടുത്തുള്ള മുനിസിപ്പാലിറ്റികളിലെ മാലിന്യങ്ങള്‍കൂടി അവിടെകൊണ്ടുപോയി തള്ളാന്‍ തുടങ്ങിയത്. അതു പിന്നീട് പ്ലാസ്റ്റിക്കും അല്ലാത്തതുമായി വേര്‍തിരിവില്ലാതെയായി. ഇങ്ങനെ 10-15 വര്‍ഷം ദിവസേന 200-250 ടണ്‍ മാലിന്യങ്ങള്‍ എത്തിയപ്പോഴാണ് ബ്രഹ്മപുരത്ത് മാലിന്യമലകള്‍ ഉയര്‍ന്നുവന്നത്. ജൈവമാലിന്യങ്ങള്‍ വേറിട്ടാണ് നല്‍കിയിരുന്നതെങ്കില്‍, അവ തൃപ്തികരമായി സംസ്കരിക്കാനും ദുര്‍ഗന്ധവ്യാപനം ഒഴിവാക്കാനും കഴിയുമായിരുന്നു. അത് ചെയ്യാതിരുന്നതുകൊണ്ട് എപ്പോഴെങ്കിലും ബ്രഹ്മപുര ദുര്‍ഗന്ധം നാടാകെ പരക്കുമെന്നു തീര്‍ച്ചയായിരുന്നു.

ഇപ്പോള്‍ വേനല്‍ക്കാലത്ത് അവിടത്തെ മാലിന്യത്തിനു തീപിടിച്ചപ്പോഴാണ് പ്ലാസ്റ്റിക്കിനു തീപിടിച്ച് കനത്ത തോതില്‍ പുക പരക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ അനുഭവപ്പെടുന്ന ഏതു പ്രശ്നത്തിനും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍/ കോര്‍പ്പറേഷന്‍ മുതലായവയെ കുറ്റപ്പെടുത്താന്‍ യുഡിഎഫും തല്‍പരകക്ഷികളും ചാടിവീണത് അത് അവരുടെ പതിവു പരിപാടിയായതുകൊണ്ടാണ്. ബ്രഹ്മപുരത്ത് മാലിന്യ പ്രശ്നമുണ്ട്. അത് ഇപ്പോഴത്തെ കോര്‍പ്പറേഷന്‍ കൗണ്‍സിലിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ കാലത്ത് ഉണ്ടായതല്ല. കാല്‍ നൂറ്റാണ്ടായി ഈട്ടം കൂടിക്കൊണ്ടിരുന്ന ഒരു പ്രശ്നമാണത്. ആ കാലയളവില്‍ ഭരണഭാരം വഹിച്ചിരുന്നവരെല്ലാം അതിന് ഉത്തരവാദികളാണ്. പ്രശ്നം പരിഹരിക്കലാണ് ആദ്യം വേണ്ടത്. ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കും മറ്റും അതാണ് അടിയന്തരമായി വേണ്ടത്.

യുഡിഎഫ് ഒരിക്കലും ജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ടല്ല ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുന്നതോടെ അവര്‍ തൃപ്തി അടയുന്നു. ജനങ്ങള്‍ നേരിടുന്ന ജീവല്‍പ്രശ്നത്തിനു പരിഹാരം കാണുന്നതില്‍ തങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട് എന്ന് അവര്‍ അംഗീകരിക്കുന്നില്ല. എല്‍ഡിഎഫിന്‍റെ നേരെ ആരോപണമുന്നയിക്കുന്നതിലൂടെ അവര്‍ സായൂജ്യം അടയുന്നു. ഇത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്കോ അവരുടെ പാര്‍ട്ടികള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ഒട്ടും ഭൂഷണമല്ല. വഴിവക്കില്‍ നില്‍ക്കുന്ന മാവിന്‍റെ നേരെ കല്ലെറിയുന്നവരുടെ തരത്തിലുള്ള നിരുത്തരവാദിത്വവും സാമൂഹ്യദ്രോഹവും ഇവരുടെ നടപടികളിലുണ്ട് എന്നു പറയാതെ തരമില്ല. അതിന്‍റെ ഏറ്റവും മോശപ്പെട്ട രൂപമാണ് സിപിഐ എം നേതാക്കളുടെ ബന്ധുക്കളുടെമേല്‍ അഴിമതി ആരോപണം ചമച്ചുവിട്ടത്.

ജനാധിപത്യവ്യവസ്ഥയില്‍ ജനവിധി അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളും അവ ചേര്‍ന്നുള്ള മുന്നണികളും മാറിമാറി ഭരണത്തില്‍ വരാം. അതിനാല്‍ നാട്ടിലുണ്ടാകുന്ന ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് അവയെല്ലാം ഏറിയും കുറഞ്ഞും ഉത്തരവാദികളാണ്. വിദഗ്ധരുടെ നിര്‍ദ്ദേശവും ജനങ്ങളുടെ ആഗ്രഹവും അനുസരിച്ച് പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അവയെല്ലാം കൂട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എല്‍ഡിഎഫിനു ബ്രഹ്മപുരം പോലുള്ള പ്രശ്നങ്ങളെ നേരിടാനും കൈകാര്യം ചെയ്യാനും ഒരു പ്രയാസവുമില്ല, മനഃസാക്ഷിക്കുത്തുമില്ല. എല്‍ഡിഎഫിനുള്ളതുപോലെയോ അതിലേറെയോ ഉത്തരവാദിത്വം യുഡിഎഫിനും ഇക്കാര്യത്തിലുണ്ട് എന്ന് അവര്‍ അംഗീകരിച്ചില്ലെങ്കിലും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ജനങ്ങള്‍ നേരിടുന്ന ഏത് പ്രശ്നത്തിനും പരിഹാരം കാണാന്‍ എല്‍ഡിഎഫ് കാണിക്കുന്ന പ്രതിബദ്ധതയും നെഞ്ഞൂക്കും അവര്‍ തിരിച്ചറിയുന്നുണ്ട്, അതിനെല്ലാം പിന്തുണ നല്‍കുന്നുമുണ്ട്. യുഡിഎഫും അനുകൂല മാധ്യമങ്ങളും നടത്തുന്ന ദുഷ്പ്രചരണം സാര്‍ഥവാഹകസംഘത്തിന്‍റെ നേരെയുള്ള ഓരിയിടല്‍ മാത്രമായി കാണാന്‍ അനുഭവത്തിലൂടെ അവര്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + 18 =

Most Popular