സിപിഐഎമ്മിനെ അക്രമരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായും കോൺഗ്രസിനെ സമാധാനപാലകരായും ചിത്രീകരിക്കുന്ന പ്രചാരവേല അഭംഗുരം തുടരുകയാണ്. സിപിഐഎമ്മുമായി അകന്ന ബന്ധമുള്ള ഏതെങ്കിലും ഒരു വ്യക്തി പോലും അക്രമവുമായി ബന്ധപ്പെട്ട കേസിൽ പെടുകയാണെങ്കിൽ അതിനെ പർവതീകരിച്ച് പാർട്ടിയുടെയാകെ പ്രതിച്ഛായ തകർക്കാൻ മാധ്യമങ്ങൾക്ക് യാതൊരു മടിയുമില്ല. എന്നാൽ സിപിഐഎമ്മിനു നേരെ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള സംഘടനകൾ നിരന്തരം നടത്തിവരുന്ന ആക്രമണങ്ങളെ അവഗണിക്കാനും പൊതുസമൂഹത്തിൽ നിന്നു മറച്ചു പിടിക്കാനും അവർ ബദ്ധശ്രദ്ധരാണ്.
കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ സ്ത്രീകളെ പൊതുസ്വത്താക്കുമെന്നും ആരാധനാലയങ്ങൾ പിടിച്ചെടുത്ത് പാണ്ടികശാലകളാക്കുമെന്നും ഉള്ള പ്രചാരണങ്ങളാണ് തുടക്കകാലങ്ങളിൽ പാർട്ടിയ്ക്കെതിരെ നടന്നത്. കേരളം അതിനെ തള്ളിക്കളഞ്ഞപ്പോൾ പിന്നെ മാർക്സിസ്റ്റുകാരെ അക്രമികളായി ചിത്രീകരിക്കാൻ തുടങ്ങി. എന്നാൽ ഈ നാട്ടിൽ ഏറ്റവും കൂടുതൽ അക്രമത്തിനിരയായ, ഇന്നും ഇരയായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. ചരിത്രവും വർത്തമാനകാല യാഥാർത്ഥ്യങ്ങളും അതാണ് തെളിയിക്കുന്നത്. ഈ സത്യത്തിന് അടിവരയിടുന്ന സംഭവമാണ് ചീമേനിയിൽ നടന്ന കൂട്ടക്കൊല. അന്നു ജീവൻ നഷ്ടമായ സഖാക്കൾക്കായി ചീമേനിയിൽ ഉയർന്ന സ്മാരകം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്യാൻ എനിക്ക് സാധിച്ചു.
കമ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രത്തിലെ മറക്കാനാകാത്ത ഏടാണ് ചീമേനി സഖാക്കളുടെ രക്തസാക്ഷിത്വം. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് കേരളത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാര്‍ട്ടി ഓഫീസില്‍ വോട്ടെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നീ 5 സഖാക്കള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തീ ഇട്ടും, വെട്ടിയും, കുത്തിയുമുള്ള ചീമേനി കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസ്സായിരുന്നു.
ചീമേനിയില്‍ അരങ്ങേറിയ ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്സാണ്. വിവരണാതീതമാം വിധം ക്രൂരമായ ഈ നരഹത്യയെ അപലപിക്കാനോ മാപ്പു പറയാനോ ഇക്കാലമത്രയും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല എന്നതാണ് സത്യം. കേരളം കണ്ട ഏറ്റവും മൃഗീയമായ ഈ രാഷ്ട്രീയ കൂട്ടക്കൊലയ്ക്ക് കാരണക്കാരായ കോൺഗ്രസുകാർ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചമയുന്നതിലും വലിയ വിരോധാഭാസം എന്താണുള്ളത്. കേരള ചരിത്രത്തില്‍ ഏറ്റവും നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന സത്യം പൊതുസമൂഹത്തിൽ നിന്നും സമർഥമായി മറച്ചുപിടിക്കാനാണ് മാധ്യമങ്ങളുടെ സഹായത്തോടെ അവർ ശ്രമിക്കാറുള്ളത്.
മനുഷ്യർക്ക് എത്രത്തോളം ക്രൂരരാകാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ചീമേനി സംഭവം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാൻ എന്തുമാകാം എന്നൊരു നിലപാടിന്റെ ഭാഗമാണിത്. ഈ സംഭവം നടന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ അല്ല. അപ്പോഴേയ്ക്കും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചിട്ട് ദശാബ്ദങ്ങൾ പിന്നിട്ടിരുന്നു. പക്ഷേ, എപ്പോഴും തീവ്രമായ പകയോടെയാണ് കമ്യൂണിസ്റ്റുകാരെ കോൺഗ്രസ് പാർട്ടി നോക്കിക്കാണുന്നത് എന്ന യാഥാർത്ഥ്യത്തിനു ചീമേനിയിലെ ദാരുണ കൊലപാതകങ്ങൾ അടിവരയിടുന്നു.
1948 ല്‍ മൊയ്യാരത്ത് ശങ്കരനില്‍ തുടങ്ങിയതാണ് ആ കൊലപാതകങ്ങളുടെ പരമ്പര. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രമെഴുതിയ വ്യക്തിയായിരുന്നു മൊയ്യാരത്ത് ശങ്കരന്‍ എന്ന വസ്തുത പോലും അദ്ദേഹത്തെ കൊലപ്പെടുത്തുന്നതില്‍ നിന്നും കോണ്‍ഗ്രസ്സിനെ പിന്തിരിപ്പിച്ചില്ല. മികച്ച വാഗ്മിയും എഴുത്തുകാരനുമായിരുന്ന മൊയ്യാരത്ത് ശങ്കരന്‍ കോണ്‍ഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ്സുകാരെ പ്രകോപിപ്പിച്ചത്. അന്ന് കുറുവടിപ്പട എന്ന പേരിലറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സിന്റെ കൊലപാതക സംഘമാണ് മൊയ്യാരത്ത് ശങ്കരനെ മര്‍ദ്ദിക്കുന്നതിനു നേതൃത്വം നല്‍കിയത്.
ഇന്ത്യയിലാദ്യമായി ഒരു എം എല്‍ എ കൊല്ലപ്പെട്ടത് ഈ കേരളത്തിലാണ്. നിലമ്പൂര്‍ ജനപ്രതിനിധിയായിരുന്ന കുഞ്ഞാലിയെ വെടിവച്ചുകൊന്നത് 1969 ല്‍ ആയിരുന്നു. കോണ്‍ഗ്രസ്സാണ് ആ കൊലപാതകം നടത്തിയത്. കേരളത്തിലാദ്യമായി ഒരു മുന്‍ നിയമസഭാ അംഗത്തെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. 1971 ല്‍ കൊടുങ്ങല്ലൂരില്‍ സഖാവ് പി കെ അബ്ദുള്‍ ഖാദറിനെ കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തി. ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അബ്ദുള്‍ഖാദര്‍. കോണ്‍ഗ്രസ് ജന്മികളോടൊപ്പം ചേര്‍ന്ന് ഭൂപരിഷ്കരണ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിച്ചതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. അബ്ദുള്‍ഖാദറിനൊപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ സഖാവ് അഹമുവിനേയും അന്ന് കോണ്‍ഗ്രസ് കൊലപ്പെടുത്തി.
1972 ല്‍ സഖാവ് അഴീക്കോടന്‍ രാഘവനെപ്പോലൊരു സംസ്ഥാന നേതാവുവരെ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും കോൺഗ്രസിനെ വിമർശിക്കാതെ സി പി ഐ എമ്മിനെ അക്രമത്തിന്റെ പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് പലരുടെയും താല്‍പര്യം. അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ് അഴീക്കോടന്‍ ചെയ്ത കുറ്റം. കൊല്ലപ്പെടുമ്പോള്‍ ഇടതുപക്ഷ മുന്നണിയെ നയിക്കുന്ന നേതാവായിരുന്നു സഖാവ് അഴീക്കോടന്‍. 1976 ല്‍ പിണറായി ബീഡി കമ്പനിയിലെ തൊഴിലാളി നേതാവായ സഖാവ് രാഘവനെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി. കൊലപാതകികള്‍ക്ക് പദവികള്‍ നല്‍കിയാണ് കോണ്‍ഗ്രസ് ആദരിച്ചത്.
കണ്ണൂരില്‍ സഖാവ് നാല്‍പ്പാടി വാസുവിനെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത് നമുക്കറിയാം. അതിന് ചുക്കാന്‍പിടിച്ച നേതാവ് ഇന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുണ്ട്. 1994 ല്‍ കൂത്തുപറമ്പില്‍ സമരം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേരെ നിറയൊഴിക്കാന്‍ പോലീസിനോട് ആജ്ഞാപിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാരായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിങ്ങനെ 5 പേരാണ് കൂത്തുപറമ്പ് വെടിവെപ്പില്‍ രക്തസാക്ഷികളായത്. വെടിയേറ്റ് 30 വര്‍ഷത്തോളം കിടപ്പിലായിരുന്ന സഖാവ് പുഷ്പന്‍ നമ്മെ വിട്ടുപിരിഞ്ഞത് ഈയടുത്തിടെയാണ്.
ചാവക്കാട് മുനിസിപ്പില്‍ ചെയര്‍മാനായിരുന്ന കെ പി വത്സലനെ കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയത് 2006 ലാണ്. ഇങ്ങനെ ഓരോന്നായി എണ്ണിപ്പറയാന്‍ പേജുകൾ ഏറെ വേണ്ടിവരും. കേരളത്തിലെ ക്യാമ്പസുകളില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്സി ന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്. 1973 ല്‍ ബ്രണ്ണന്‍ കോളേജില്‍ സഖാവ് അഷ്റഫ്, 1977 ല്‍ പന്തളം എന്‍ എസ് എസ് കോളേജിലെ സഖാവ് ഭുവനേശ്വരന്‍, പട്ടാമ്പി സംസ്കൃത കോളേജിലെ സഖാവ് സെയ്താലി, തൃപ്പൂണ്ണിത്തുറ ആയുര്‍വേദ കോളേജിലെ സഖാവ് രാജന്‍, പത്തനംതിട്ട കാത്തലിക് കോളേജിലെ സഖാവ് സി വി ജോസ് എന്നിങ്ങനെ എത്രയോ പേര്‍ കെ എസ് യുവി ന്റെ കൊലക്കത്തിക്ക് ഇരയായവരാണ്.
സഖാവ് സി വി ജോസിന്റെ കൊലപാതകത്തിന് സാക്ഷിയായ സഖാവ് എം എസ് പ്രസാദിനെയും കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തി. 1992 ല്‍ സര്‍വ്വകലാശാല യുവജനോത്സവ വേദിക്കടുത്തുവെച്ച് സഖാവ് കൊച്ചനിയനെയും കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തി. ഈയടുത്തിടെ ഇടുക്കിയില്‍ കൊല്ലപ്പെട്ട സഖാവ് ധീരജിന്റെ കൊലപാതകികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുന്ന കോണ്‍ഗ്രസ്സുകാരെയും നമ്മള്‍ കണ്ടു.
ഗ്രൂപ്പു പോരിന്റെ ഭാഗമായി കോണ്‍ഗ്രസ്സുകാര്‍ തന്നെ സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സുകാരായ മധുവിനെയും ലാല്‍ജിയെയും ഹനീഫയെയും കൊലപ്പെടുത്തിയത് കോണ്‍ഗ്രസ്സുകാര്‍ തന്നെയായിരുന്നു. കൊലപാതകികള്‍ക്ക് ഭരണത്തിന്റെ തണലില്‍ അന്ന് സംരക്ഷണം ഒരുക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്.
കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇടതുപക്ഷക്കാരെയും കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന് മടിയുണ്ടായില്ല. കായംകുളത്ത് സഖാവ് സിയാദിനെ കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയത് ആ സഖാവ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ്. വെഞ്ഞാറമ്മൂട്ടില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ സഖാവ് ഹക്ക്, മിതിലാജ് എന്നിവരെ കോണ്‍ഗ്രസ്സ് കൊലപ്പെടുത്തിയത് കോവിഡ് കാലഘട്ടത്തിലാണ്, തിരുവോണത്തലേന്നാണ്.
ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ്- നിരവധി അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ വ്യക്തിയാണ്. വര്‍ഗീയ കലാപം നടത്താന്‍ പരിശീലനം നല്‍കുന്ന ആര്‍ എസ് എസ് ശാഖകള്‍ക്ക് കാവല്‍ നിന്നിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. വധഭീഷണിയുമായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര. എന്നാല്‍, കേരളത്തിലെ ചില മാധ്യമങ്ങള്‍ക്ക് ഇതൊന്നും കാര്യമല്ല.
ചീമേനി ഉള്‍പ്പെടെ ഇത്രയേറെ ക്രൂരമായ കൊലപാതകങ്ങള്‍ക്കു നേതൃത്വം നല്‍കിയ, കൊലപാതകികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുന്ന, പാര്‍ട്ടിയായിരുന്നിട്ടും കോണ്‍ഗ്രസ്സിനെ സമാധാനത്തി ന്റെ വെള്ളരി പ്രാവായിട്ടാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. പലപ്പോഴും രക്തസാക്ഷികളായ സഖാക്കളെ അപമാനിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സുകാരെ അവര്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നു.
അക്രമങ്ങളിലൂടെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ശക്തികളെയും രക്തസാക്ഷികളെയും അവരുടെ പോരാട്ടങ്ങളെയും അപമാനിക്കാന്‍ അവരുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളേയും ചെറുത്തുനില്‍ക്കാനുള്ള കരുത്തു പകരുന്നതാണ് ചീമേനി രക്തസാക്ഷികളുടെ ദീപ്തമായ സ്മരണകൾ. വർഗീയ വിരുദ്ധ – ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തേണ്ടുന്ന നാളുകളാണ് നമ്മുടെ മുന്നിലുള്ളത്. ഈ സ്മരണകൾ നൽകുന്ന പ്രചോദനവും ഊർജ്ജവും കൈമുതലാക്കി രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയത്തെ ശാക്തീകരിക്കുന്നതിനായി നമുക്ക് കൈകോർത്തു മുന്നോട്ടു പോകാം. l