രൂപീകരണം മുതൽ 1947 വരെ |
(പാർട്ടി വിദ്യാഭ്യാസ പരമ്പരയിൽ 2019ൽ സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചത്)
ആമുഖം |
വർഷം (2019) കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിലേക്ക് കടക്കുകയാണ്. 1920 ഒക്ടോബറിൽ താഷ്‌കെന്റിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്. പാർട്ടിയുടെ പ്രത്യയശാസ്ത്രം, പ്രവർത്തനം, പോരാട്ടങ്ങൾ, പൊതുജനസേവനങ്ങൾ, ഇന്ത്യയുടെ പരമാധികാരവും രാജ്യത്തെ ജനങ്ങളുടെ താത്‌പര്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നൂറുവർഷത്തെ ചരിത്രത്തിന്റെ വ്യത്യസ്ത വശങ്ങൾ സംബന്ധിച്ച് തുടർന്ന് ഇറങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന പ്രസിദ്ധീകരണ പരമ്പരയിലെ ആദ്യത്തേതാണ് ഇത്.
പാർട്ടി ജീവിതത്തിലെ ചില പ്രധാനപ്പെട്ട സംഭവങ്ങളും, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ നുകത്തിൽനിന്നും കൊള്ളയിൽനിന്നും കവർച്ചയിൽനിന്നും സ്വയം മോചനം നേടാനുള്ള ഇന്ത്യയുടെ ദേശീയ പോരാട്ടത്തിന്റെ ഭാഗമായി പാർട്ടി നടത്തിയ പ്രവർത്തനങ്ങളും ഈ ആദ്യ പ്രസിദ്ധീകരണത്തിലുൾപ്പെടുന്നു. ഇത് 1920 മുതൽ 1947 വരെയുള്ള കാലഘട്ടത്തിലേതാണ്.
അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സംഘടനകളിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ നിരന്തര ശ്രമങ്ങൾ ഈ ലഘുലേഖ എടുത്തുകാണിക്കുന്നു. വർഗസമരത്തെയും സാമൂഹിക വിഷയങ്ങളുയർത്തിയുള്ള പോരാട്ടത്തെയും ദേശീയപ്രസ്ഥാനവുമായി കണ്ണിചേർത്തതും, സോഷ്യലിസമെന്ന ആത്യന്തിക ലക്ഷ്യത്തോടൊപ്പം ജനങ്ങളുടെ ഭൗതിക സാഹചര്യത്തിൽ മാറ്റം വരുത്തുന്നതിനുവേണ്ടി ബ്രിട്ടീഷ് രാജിനെതിരായി ജനങ്ങളെ അണിനിരത്തിയതും ദേശീയപ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റുകാർ കൊണ്ടുവന്ന വ്യതിരിക്തമായൊരു പ്രവണതയായിരുന്നു.
തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും സമരങ്ങളിലുണ്ടായ കുതിപ്പിന്റെയും, ജനങ്ങളുടെ ഭീകരമായ ഭൗതിക സാഹചര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ബ്രിട്ടീഷുകാർക്കെതിരായ പണിമുടക്ക് പ്രക്ഷോഭത്തിലെ വമ്പിച്ച പങ്കാളിത്തത്തിന്റെയും വിശദാംശങ്ങൾ ഈ പേജുകളിൽ വായനക്കാർക്ക് കാണാനാകും. ഈ ബഹുജന സമരങ്ങളിൽ ഭൂരിഭാഗവും ഒന്നുകിൽ കമ്യൂണിസ്റ്റുകാർ ആരംഭിച്ചതോ സംഘടിപ്പിച്ചതോ അതുമല്ലെങ്കിൽ പിന്തുണച്ചതോ ആയിരുന്നു. രണ്ടാം ലോകയുദ്ധ പ്രഖ്യാപനത്തിനുശേഷം ലോകത്താദ്യമായി തൊഴിലാളിവർഗത്തിന്റെ യുദ്ധവിരുദ്ധ പണിമുടക്ക് കമ്യൂണിസ്റ്റുകാരുടെ മുൻകൈയിൽ ബോംബെയിൽ നടന്നു.
ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിലെ മുഖ്യ ശക്തിയായ കോൺഗ്രസ് നയിക്കുന്ന മുഖ്യധാരയുമായുള്ള പാർട്ടിയുടെ ബന്ധവും സഹകരണവും ഏറിയും കുറഞ്ഞുമായിരുന്നെങ്കിലും ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരായ നിലപാടിൽ പാർട്ടി എപ്പോഴും അടിയുറച്ചുനിന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുണ്ടായിരുന്നവരുൾപ്പെടെ മറ്റു ദേശീയവാദികൾ പുത്രികാരാജ്യപദവിയിൽ മാത്രമായി തങ്ങളുടെ ആവശ്യം പരിമിതപ്പെടുത്തിയ കാലത്ത് പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് കമ്യൂണിസ്റ്റുകാർ ആയിരുന്നു എന്നത് യാദൃച്ഛികമല്ല.
അതൊരു മുദ്രാവാക്യം
മാത്രമായിരുന്നില്ല
പാർട്ടി രൂപീകരണത്തിനു ശേഷമുള്ള ആദ്യ വർഷങ്ങൾമുതൽതന്നെ കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് ഭരണത്തിന്റെ ഏറ്റവും കിരാതമായ ആക്രമണങ്ങളും അടിച്ചമർത്തലുകളും അവർക്കുമേൽ പതിക്കുന്നതിനിടയാക്കി. ഈ ലഘുലേഖയിൽ പരാമർശിച്ചിരിക്കുന്ന ഒരു വസ്തുത നമ്മളെ ഞെട്ടിക്കുന്നതാണ്; അത് നമ്മെ ആവേശംകൊള്ളിക്കുന്നതുമാണ്. 1943 ൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസിൽ 138 പ്രതിനിധികളായിരുന്നു പങ്കെടുത്തത്. മൊത്തത്തിൽ അവരെല്ലാവരും ചേർന്ന് അനുഭവിച്ച ജയിൽ ശിക്ഷയുടെ ദൈർഘ്യം 414 വർഷമാണ്; ഇത് പാർട്ടിയുടെ മൊത്തം അംഗങ്ങളുടെ കാര്യമല്ല, ഈ 138 പ്രതിനിധികളുടെ മാത്രം കാര്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ നേതൃത്വവും കേഡർമാരും മരണത്തെപോലും വകവെക്കാതെ പ്രകടിപ്പിച്ച ദേശസ്നേഹത്തെയും ത്യാഗത്തെയുമാണ് ഇത് കാണിക്കുന്നത്.
ബോൾഷെവിക് വിപ്ലവത്തിന്റെ പ്രചോദനത്തിൽനിന്ന് ഉരുത്തിരിഞ്ഞ സോഷ്യലിസമെന്ന ലക്ഷ്യം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായകമായ ഘടകമായിരുന്നു. ‘‘വിദേശ ഏജന്റുമാർ’’, വിദേശികളുടെ ആജ്ഞയനുസരിച്ച് പ്രവർത്തിക്കുന്നവർ എന്നൊക്കെ കമ്യൂണിസ്റ്റുകാർ അധിക്ഷേപിക്കപ്പെട്ടു. പൊതു ശത്രുവായ കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ലോകമെമ്പാടും ഉയർന്നുവന്ന അടിച്ചമർത്തപ്പെട്ട ജനതയുടെ മുന്നേറ്റത്തോടുണ്ടായ ഐക്യദാർഢ്യത്തിന്റെയും സാർവദേശീയതയുടെയും ആവേശത്തെ വഴിതിരിച്ചുവിടാനാണ് ഈ വ്യാജ പ്രചാരണംവഴി ശ്രമിച്ചത്. മനുഷ്യരെ മനുഷ്യർ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികളിൽനിന്ന് മാനവ മോചനമെന്ന സാർവത്രിക ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള തങ്ങളുടെ പ്രവർത്തനങ്ങളിൽ, സാർവദേശീയ വികാരത്തിന്റേതായ പൈതൃകമുണ്ടെന്നതിൽ കമ്യൂണിസ്റ്റുകാർ അഭിമാനിക്കുന്നു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അക്കാലത്തെ സാർവദേശീയ ഐക്യദാർഢ്യമാണ് സ്വന്തം സർക്കാരിനും അതിന്റെ കൊളോണിയൽ വാഴ്‌ചയ്‌ക്കുമെതിരെ സ്വന്തം രാജ്യത്തെ പോരാട്ടത്തിന്റെ മുൻനിരയിലേക്ക് അവരെ എത്തിച്ചത് എന്നത് നാം പ്രത്യേകം ഓർക്കേണ്ടതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെയും അത് പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളെയും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ചു. ഈ ലഘുലേഖയിൽ പരാമർശിച്ചിരിക്കുന്നതുപോലെ, ബ്രിട്ടീഷ് വാഴ്‌ചക്കെതിരായ മീററ്റ് ഗൂഢാലോചന കേസിൽ രണ്ട് ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാർ കൂട്ടുപ്രതികളായിരുന്നു.
പാർട്ടിക്കുള്ളിൽ വിവിധ വിഷയങ്ങളെക്കുറിച്ച് നടന്ന, ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ ചർച്ചകളെ സംബന്ധിച്ച് ഈ ലഘുലേഖയിൽ പരാമർശിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വിവിധ ഘട്ടങ്ങളിലായി പാർട്ടി നേതൃത്വം പിൽക്കാലത്ത് പൂർവകാല പ്രാബല്യത്തോടുകൂടി പുനഃപരിശോധിച്ച; ചില വിഷയങ്ങളിൽ പാർട്ടി അന്ന് കൈക്കൊണ്ട നിലപാടുകളുടെ വിശദാംശങ്ങളിലേക്കും ഈ ലഘുലേഖ കടക്കുന്നില്ല. കൂടുതൽ വിശദമായ രാഷ്ട്രീയ പഠനം ആഗ്രഹിക്കുന്നവർക്ക് ഈ രാഷ്ട്രീയ ചർച്ചകൾ പാർട്ടിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിൽ ലഭ്യമാണ്.
ഇതുപോലെയുള്ള ഒരു പ്രസിദ്ധീകരണത്തിൽ വ്യക്തികളുടെ സംഭാവനകളോ അവരുടെ പേരുകളോ എല്ലായ്-പ്പോഴും പരാമർശിക്കുക സാധ്യമല്ല, അത് മനഃപൂർവ്വവുമല്ല. എന്നിരുന്നാലും നേതാക്കളായി ഉയർന്നുവരികയും വലിയ സംഭാവനകൾ നൽകുകയും ചെയ്ത കമ്യൂണിസ്റ്റുകാരായ വനിതകളുടെ പേരുവിവരങ്ങൾ ലഭ്യമാക്കുന്നതിൽ ചില കാലഘട്ടങ്ങളിലെ റഫറൻസ് മെറ്റീരിയലുകളും വേണ്ടത്ര ലഭ്യമല്ല എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. ചരിത്രരചനയിലെ തിരുത്തപ്പെടേണ്ട ഒരു ദൗർബല്യമാണിത്.
അവസാനഭാഗത്ത് കൊടുത്തിരിക്കുന്ന റഫറൻസുകളുടെ പട്ടികയിൽ കാണാൻ കഴിയുന്നതുപോലെ ഈ ലഘുലേഖയിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഭാഗികമായി കാലഗണനാക്രമത്തിലും ഭാഗികമായി വിഷയാധിഷ്‌ഠിതമായും പാർട്ടിയുടെ ആദ്യകാല ചരിത്രത്തിന്റെ ഒരു രൂപരേഖ വായനക്കാർക്ക് നൽകുന്നതിനുവേണ്ടി ലഭ്യമായ വിവരങ്ങൾ ശേഖരിക്കുവാനും വിവിധ വശങ്ങളെ ഒരുമിച്ചുകൊണ്ടുവരുവാനുമാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.
ഈ പ്രസിദ്ധീകരണം ഒരുക്കുന്നതിൽ നിരവധി സഖാക്കൾ സഹായിച്ചു. സുബോധ് വർമ, അരുൺകുമാർ, അശോക് ധാവ്ളെ, ടി കെ ആനന്ദി, സുജാത എന്നിവർക്ക് പ്രത്യേകിച്ച് നന്ദി പറയാനാഗ്രഹിക്കുന്നു.
ബൃന്ദ കാരാട്ട്
2019 നവംബർ
സിപിഐയുടെ രൂപീകരണം, 1920
രൂപീകരണത്തിന്റെ ആദ്യത്തെ രണ്ട് ദശകങ്ങളിൽ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ നിരവധി സ്വാധീനങ്ങളുടെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും ഒരു സംഗമം തന്നെയായിരുന്നു അതെന്ന് നമുക്കു കാണാൻ കഴിയും. അനേകം വിപ്ലവ മുന്നേറ്റങ്ങളും പോരാളികളും വ്യത്യസ്ത ഘട്ടങ്ങളിൽ ഈ പാർട്ടിയിൽ അണിചേർന്നു. പഞ്ചാബിലെ ഗദ്ദർ പ്രസ്ഥാന നായകർ, ഭഗത്സിംഗിന്റെ കൂട്ടാളികൾ, ബംഗാളിലെ വിപ്ലവകാരികൾ, ബോംബെ, മദ്രാസ് പ്രസിഡൻസികളിലെ സായുധ തൊഴിലാളിവർഗ പോരാളികൾ, കേരളത്തിലും ആന്ധ്രാപ്രദേശിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടായിരുന്ന സാമ്രാജ്യത്വവിരുദ്ധരായ, ഉത്പതിഷ്ണുക്കളായ കോൺഗ്രസുകാർ എന്നിവരെല്ലാം അതിലുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള മികച്ച കൊളോണിയൽ വിരുദ്ധ പോരാളികളാൽ സമ്പന്നമായിരുന്നു നമ്മുടെ പാർട്ടി. ഇത് പാർട്ടിയെ അതിന്റെ ആദ്യകാലങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തുകയും, തൊഴിലാളിവർഗത്തിനും കർഷക ജനസാമാന്യത്തിനും സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്നവർക്കും സാമൂഹികമായി അടിച്ചമർത്തപ്പെടുന്നവർക്കുംവേണ്ടി പോരാടുന്ന പ്രസ്ഥാനമായി ഉയർന്നുവരാൻ സഹായിക്കുകയും ചെയ്തു; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചരിത്രപരമായ സ്വാതന്ത്ര്യസമരത്തിലേക്ക് ബദൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടുകൂടിയ സമൂലമായൊരു ഉള്ളടക്കം കൊണ്ടുവരുന്നതിനും ഇത് സഹായിച്ചു.
രൂപീകരണത്തിന്റെ ആദ്യനാളുകളിൽ കൊമിന്റേണും അതായത് സോവിയറ്റ് യൂണിയനിൽ ഹെഡ്ക്വാർട്ടേഴ്സുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലും ഒരു പങ്കുവഹിച്ചു എന്നതും കാണേണ്ടതുണ്ട്. ലോകത്തുടനീളം കമ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിക്കപ്പെടുകയും കൊമിന്റേൺ അവയ്ക്ക്- വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. തീരുമാനമെടുക്കുവാനും തങ്ങളുടേതായ പാതയിൽ മുന്നോട്ടുപോകുവാനും ലോകത്തുടനീളമുള്ള കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള പരമാധികാരത്തിൽ സാർവദേശീയതയുടെ സ്വഭാവം പരിമിതപ്പെട്ടു നിൽക്കുന്ന, അത്തരമൊരു സാർവദേശീയ സംഘടന നിലവിലില്ലാത്ത ഇക്കാലത്തെ വായനക്കാർക്ക് കൊമിന്റേൺ വഹിച്ചിരുന്ന ഈ പങ്ക് വിചിത്രമായി തോന്നാം.ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ദേശീയ വിമോചന പോരാട്ടത്തിനും സോവിയറ്റ് പിന്തുണയുടെ ഒരു സവിശേഷ പശ്ചാത്തലമുണ്ടായിരുന്നു; സ്വാതന്ത്ര്യത്തിനു മുൻപുള്ള വർഷങ്ങളിൽ സോവിയറ്റ് യൂണിയനുമായി രൂപപ്പെട്ടു വന്ന ബന്ധത്തിന്റെ അടിത്തറയുണ്ടായത് ഇതിൽനിന്നാണ്. പശ്ചാത്തലം ഇത്തരത്തിൽ മാറിയപ്പോൾ വ്യത്യസ്ത കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ബന്ധത്തിലും ആ മാറ്റമുണ്ടായി. 1919 മുതൽ 1943 ൽ പിരിച്ചുവിടും വരെ കൊമിന്റേൺ നിലനിന്നു.
സ്ഥാപകയോഗം
1920 ഒക്ടോബർ 17ന്, അന്ന് സോവിയറ്റ് യൂണിയനിലെ തുർക്കിസ്താൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ താഷ്കന്റിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കുന്നതിനുവേണ്ടി ഏഴ് പേരുടെ ഒരു സംഘം ഒത്തുചേർന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുവന്ന അവർ ഇന്ത്യയ്ക്കുമേലുള്ള വെറുക്കപ്പെട്ട ബ്രിട്ടീഷ് വാഴ്ചയിൽനിന്നു മോചനം നേടണമെന്ന ആശയത്തിൽ യോജിച്ചു നിന്നവരും, ലോകത്തിലാദ്യത്തെ തൊഴിലാളിവർഗ ഭരണകൂടം സ്ഥാപിച്ച 1917ലെ ഒക്ടോബർ വിപ്ലവത്തിൽ ആവേശഭരിതരുമായിരുന്നു. ബ്രിട്ടീഷ് വാഴ്ചയിൽനിന്നും ഇന്ത്യയെ സ്വതന്ത്രമാക്കുകയും ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
എം എൻ റോയി, ഇവ്-ലിൻ ട്രെന്റ്- റോയി, അബനി മുഖർജി, റോസ ഫിറ്റിങ്ഗോവ്-, മൊഹമ്മദ് അലി, മൊഹമ്മദ് ഷഫീഖ്, എം പി ടി ആചാര്യ എന്നിവരായിരുന്നു ധീരരായ ആ വിപ്ലവകാരികൾ. ഇവ്ലിൻ അമേരിക്കൻ കമ്യൂണിസ്റ്റും എം എൻ റോയിയുടെ ഭാര്യയുമായിരുന്നു; റഷ്യൻ കമ്യൂണിസ്റ്റായിരുന്ന റോസ ഫിറ്റിങ്- ഗോവും അബനി മുഖർജിയും ദമ്പതികളായിരുന്നു. പാർട്ടിയുടെ സെക്രട്ടറിയായി മൊഹമ്മദ് ഷഫീഖ് തിരഞ്ഞെടുക്കപ്പെട്ടു. തൊഴിലാളികളുടെ സാർവദേശീയ ഐക്യമെന്ന ആശയത്തെ അംഗീകരിക്കുവാനും മുതലാളിത്തത്തെയും മറ്റെല്ലാ രൂപത്തിലുമുള്ള ചൂഷണങ്ങളെയും ഇല്ലാതാക്കുവാനുമുള്ള പോരാട്ടത്തെ ഏറ്റെടുക്കുവാനും കൂടി അവർ തീരുമാനിച്ചു. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ട തന്ത്രപരമായൊരു പരിപാടി അപ്പോഴും അവർക്കുണ്ടായിരുന്നില്ല; പക്ഷേ ഇന്ത്യയിൽ അന്നു നിലവിലുണ്ടായിരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് അത്തരമൊരു പരിപാടി തയ്യാറാക്കുവാൻ അവർ തീരുമാനിച്ചു.
ഒരു ചെറിയ സംഘം ആളുകൾ ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുക എന്നത് ഒട്ടുംതന്നെ അസാധാരണമല്ല. ചൈനയിൽ, 1921 ജൂലൈയിൽ ഷാങ്ഹായ്-യിൽ മൗ സേദൂങ്- ഉൾപ്പെടെയുള്ള 13 പ്രതിനിധികൾ ചേർന്ന യോഗത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത്. 1930 ൽ 20 പേരടങ്ങിയ ഒരു സംഘമാണ് ഇന്തോ–ചൈന കമ്യൂണിസ്റ്റ് പാർട്ടി (പിൽക്കാലത്ത് വിയറ്റ്നാം, കമ്പോഡിയ, ലാവോസ് എന്നിങ്ങനെ മൂന്ന് രാജ്യങ്ങളായി മാറിയ പ്രദേശത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്) രൂപീകരിച്ചത്; അവരിൽ മിക്കവരും ഇന്തോ–ചൈനയെ നിയന്ത്രിച്ചിരുന്ന കൊളോണിയൽ ശക്തിയായ ഫ്രാൻസിൽ കഴിയവെതന്നെ മാർക്സിസത്തെ പുണർന്നവരുമായിരുന്നു.
പ്രാരംഭ ഗ്രൂപ്പിന്റെ ഭാഗമായി വിദേശികളുണ്ടായിരുന്നു എന്നതും ഒട്ടുംതന്നെ അസാധാരണമല്ല. ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന്, സാറിസ്റ്റ് റഷ്യയുടെ വിമോചനത്തിൽ ആവേശഭരിതരായ വ്യക്തികളും ഗ്രൂപ്പുകളും സോഷ്യലിസത്തിനുവേണ്ടിയുള്ള സാർവദേശീയ പോരാട്ടത്തിൽ അണിചേരുന്നതിനായി ദേശീയാതിർത്തികൾ കടന്ന് റഷ്യയിലെത്തി. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി ആ സമയത്ത് സ്വന്തം രാജ്യത്തെ ഗവൺമെന്റിനും ബ്രിട്ടീഷ് രാജ്യത്തിനുമെതിരായ ശക്തമായ നിലപാടെടുക്കുകയും ഇന്ത്യയിലെ ദേശീയ വിമോചന പോരാട്ടത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു.
ഇന്ത്യയ്ക്കു പുറത്തായിരുന്നുവെങ്കിലും എം എൻ റോയിയും അബനി മുഖർജിയും എം പി ടി ആചാര്യയും മുമ്പേ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നവരാണ്. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരായ ശക്തമായ ചെറുത്തുനിൽപ്പുയർത്തുന്നതിന് മറ്റെവിടെനിന്നെങ്കിലുമൊക്കെ സഹായം സ്വരുക്കൂട്ടുന്നതു സംബന്ധിച്ച സ്വപ്നങ്ങളുണ്ടായിരുന്നു അവർക്ക്. ഇവർ മൂന്നുപേരും 1920 ജൂലൈയിൽ മോസ്കോയിൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ ഖിലാഫത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാരോട് പൊരുതുന്നതിനു സഹായം തേടുകയെന്ന ലക്ഷ്യത്തോടെ താഷ്-ക്കന്റിലേക്കു പോയ മുഹാജിറുകളായിരുന്നു മൊഹമ്മദ് ഷഫീഖും മൊഹമ്മദ് അലിയും. ഒന്നാം ലോക യുദ്ധത്തിൽ ഓട്ടോമനുകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഖലീഫാ സാമ്രാജ്യം (Caliphate) ശിഥിലമായതിനുശേഷം ഒട്ടേറെ മുഹാജിറുകൾ ബ്രിട്ടീഷുകാരോട് പൊരുതുന്നതിന് ഇന്ത്യ വിട്ടുപോയി.
അപ്പോൾ, താഷ്-ക്കന്റിൽ വച്ചു നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണത്തിനുപിന്നിൽ ഇന്ത്യൻ ദേശീയ വിമോചന പോരാട്ടത്തിന്റെയും ഒക്ടോബർ വിപ്ലവത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും കെട്ടുപിണഞ്ഞു കിടക്കുന്ന പ്രവണതകളുണ്ട്. ഈ രണ്ടു പ്രവണതകളും നമുക്ക് കൂടുതൽ ഗഹനമായി പരിശോധിക്കാം.
സ്വാതന്ത്ര്യ സമരത്തിന്റെ പ്രചോദനം
ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിനുതൊട്ടുമുൻപ് ബഹുജന പ്രക്ഷോഭങ്ങൾ ശക്തിയാർജിച്ചുവരികയായിരുന്നു. കൂടുതൽ കൂടുതൽ ബ്രിട്ടീഷ് വിരുദ്ധ സ്വഭാവം കൈവരിച്ചുകൊണ്ടിരുന്ന ബഹുജന യോഗങ്ങളിലും പണിമുടക്കുകളിലും പ്രകടനങ്ങളിലും തൊഴിലാളികളും കർഷകരും പങ്കെടുത്തു. 1905നും 1918 നുമിടയ്ക്ക്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കർഷകർ യുദ്ധ ഫണ്ടിലേക്ക് സംഭാവന നൽകുവാൻ വിസമ്മതിക്കുകയും പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതിനെ എതിർക്കുകയും മിലിട്ടറി പരിശീലന കേന്ദ്രങ്ങൾ വിട്ടോടിപ്പോരുകയും ചെയ്തു. നികുതി ബഹിഷ്കരണ ക്യാമ്പയിൻ ഉൾപ്പെടെയുള്ള സുപ്രധാനമായ കർഷക സമരങ്ങൾ ഐക്യ സംസ്ഥാനത്തിന്റെ കിഴക്കൻ ജില്ലകളിലും ബംഗാളിലും ബിഹാറിന്റെ ചില ഭാഗങ്ങളിലും (പ്രത്യേകിച്ചു ചമ്പാരൻ ജില്ലയിൽ) ഗുജറാത്തിന്റെ ചില ഭാഗങ്ങളിലും (പ്രത്യേകിച്ചും ഖേദ ജില്ലയിൽ) മദ്രാസ് പ്രസിഡൻസിയിലെ ആന്ധ്രയുടെ ചില ഭാഗങ്ങളിലും (ഗുണ്ടൂർ ജില്ല പോലെ) നടക്കുകയുണ്ടായി.
ഈ കാലത്താണ്, അതായത് 1920ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ സമയത്തുതന്നെയാണ് മറ്റൊരു നിർണായകമായ മുന്നേറ്റമുണ്ടാകുന്നത്. തൊഴിലാളിവർഗ സമരങ്ങളുടെ കുത്തൊഴുക്കിന്റെ ഫലമായി 1920ൽ തന്നെ ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിക്കപ്പെട്ടു. ഒട്ടേറെ കോൺഗ്രസ് നേതാക്കളടക്കം മിതവാദികളിൽ തുടങ്ങി സമൂലപരിഷ്കരണവാദികളടക്കം ദേശീയ പ്രസ്ഥാനത്തിലെ വിവിധ വിഭാഗങ്ങൾ അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. ലാല ലജ്പത് റായി ആയിരുന്നു അതിന്റെ ആദ്യത്തെ പ്രസിഡന്റ്.കമ്യൂണിസ്റ്റുകാർ ട്രേഡ് യൂണിയനുകളിൽ പ്രവർത്തിക്കുവാൻ തുടങ്ങി; അവരുടെ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയും പ്രായോഗികമായ പ്രവർത്തനവും കൊണ്ട് വളരെ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ അവർ തൊഴിലാളിവർഗത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും സ്വാഭാവിക ജനകീയ നേതാക്കളായി മാറി. ട്രേഡ് യൂണിയനുകളിൽ കമ്യൂണിസ്റ്റുകാർ നടത്തിയ പ്രവർത്തനം, ദേശീയ പ്രസ്ഥാനത്തിനകത്ത് തൊഴിലാളിവർഗത്തിന്റെ പങ്കാളിത്തം ഭീമമായി വർധിപ്പിച്ചു.
ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിന്റെ മന്ദഗതിയിലുള്ള മുന്നോട്ടുപോക്കിൽ അസംതൃപ്തരായ ഒട്ടേറെ ചെറു വിപ്ലവ ഗ്രൂപ്പുകളും രഹസ്യ സംഘങ്ങളും, ഇന്നത്തെ മഹാരാഷ്ട്രയിലും ബംഗാളിലുമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ മുളച്ചുപൊന്തി. ഈ ഗ്രൂപ്പുകൾ ബ്രിട്ടീഷുകാരോട് പൊരുതുന്നതിനായി വ്യക്തികളെ ആക്രമിക്കൽ, ബോംബാക്രമണം, ആയുധ നിർമാണശാലകൾ റെയ്ഡു ചെയ്യൽ തുടങ്ങിയ അടവുകൾ കൈക്കൊണ്ടു.
നിരന്തരം ശക്തിപ്പെട്ടുകൊണ്ടിരുന്ന ഈ ആവേശത്തെയും ഉരുണ്ടുകൂടിക്കൊണ്ടിരുന്ന വമ്പിച്ച അസംതൃപ്തിയെയുമാണ് 1920ൽ നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തതിലൂടെ മഹാത്മാഗാന്ധി വഴി തിരിച്ചുവിട്ടത്. ഓട്ടോമൻ സുൽത്താനെ (അദ്ദേഹവും ഖലീഫയായിരുന്നു) നീക്കം ചെയ്തപ്പോൾ ബ്രിട്ടീഷുകാർ തകർത്ത ഖലീഫാ സാമ്രാജ്യം (Caliphate) പുനഃസ്ഥാപിക്കണമെന്ന മുസ്ലിങ്ങളുടെ ആവശ്യത്തിനും ഗാന്ധിജി പിന്തുണനൽകി. ഇത് ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന് വലിയ തോതിലുള്ള പ്രോത്സാഹനം നൽകുകയും മുസ്ലീങ്ങളെ കൂടുതൽ ആകർഷിക്കുകയും ചെയ്തു. ഈ വിഷയത്തിൽ മുസ്ലീങ്ങൾക്കിടയിൽ ബ്രിട്ടീഷുകാരോട് അതിയായ രോഷമുണ്ടായിരുന്നു; ഇന്ത്യയിലെ മുസ്ലീം നേതൃത്വം ഖലീഫാ സാമ്രാജ്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തിന് തുടക്കമിട്ടു. കൊളോണിയൽ മർദ്ദകരോട് പൊരുതുന്നതിന് ഒട്ടേറെ മുസ്ലീങ്ങൾ വിദേശത്തേക്കുപോകുകയും ചെയ്തു. ഇവർ മുഹാജിറുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു; കുടിയേറ്റക്കാർ അഥവാ സ്വന്തം രാജ്യം വിട്ടുപോയവർ എന്നർഥം വരുന്ന അറബി ഭാഷയിലുള്ള ഒരു വാക്കാണിത്. ഈ മുഹാജിറുകളിൽ അധികംപേരും മധ്യേഷ്യയിലൂടെ കരമാർഗം തുർക്കിയിലേക്കു കടക്കുവാനും, അങ്ങനെ സോവിയറ്റ് കമ്യൂണിസ്റ്റുകാരുമായും മറ്റ് ഇന്ത്യൻ വിപ്ലവകാരികളുമായും ബന്ധപ്പെടാനുമാണ് നോക്കിയത്. അവരിൽ ഏറെപ്പേരും പിന്നീട് കമ്യൂണിസ്റ്റുകാരായി മാറി.
ഒക്ടോബർ വിപ്ലവത്തിന്റെ സ്വാധീനം
1917ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് ലോകത്താകമാനം അത്യുജ്ജ്വലമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞു; അക്കാലത്ത് വിവരവിനിമയവും യാത്രയും മന്ദഗതിയിലായിരുന്നതുകൊണ്ട് കുറച്ചു വൈകിയെങ്കിലും ഈ വിപ്ലവത്തിന്റെ അലയൊലികൾ ലോകത്തിന്റെ എല്ലാ കോണുകളിലും പ്രകടമായി. അത്തരമൊരു സ്വാധീനം ഒക്ടോബർ വിപ്ലവത്തിനുണ്ടാക്കാൻ സാധിച്ചതിന്റെ കാരണം, മനുഷ്യരാശിയുടെ ചരിത്രത്തിലാദ്യമായി ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും നുകം ശാശ്വതമായി തുടച്ചുനീക്കുന്നതിനുള്ള മൂർത്തമായ സാധ്യത ജനങ്ങൾ കണ്ടറിഞ്ഞു എന്നതായിരുന്നു. പ്രത്യക്ഷത്തിൽ കീഴ്പ്പെടുത്താനാവാത്തവരായിരുന്ന, ബ്രിട്ടീഷുകാരോട് പൊരുതുന്നതിന് ഇന്ത്യയടക്കമുള്ള കോളനി രാജ്യങ്ങളിലെ ജനങ്ങൾക്ക് ആദ്യമായി കരുത്തുറ്റ ഒരു സഖ്യകക്ഷിയെ കിട്ടി.
1905–07കാലത്ത്, കഠിനമായ ബ്രിട്ടീഷ് അടിച്ചമർത്തലിന്റെ ഘട്ടത്തിൽ രാജ്യം വിട്ടു പോകാൻ നിർബന്ധിതരായ ഇന്ത്യൻ വിപ്ലവകാരികളുടെ സംഘങ്ങൾ ലണ്ടനിലും പാരീസിലും ബെർലിനിലും തമ്പടിച്ചിരുന്നു. അവർക്ക് റഷ്യയിലെ കമ്യൂണിസ്റ്റുകാരുമായി ബന്ധമുണ്ടാവുകയും, അങ്ങനെ അവർ റഷ്യയിൽ ശക്തിയാർജിച്ചുകൊണ്ടിരുന്ന വിപ്ലവക്കൊടുങ്കാറ്റിനെ അതീവ താല്പര്യത്തോടെ നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബെർലിനിലുണ്ടായിരുന്ന വിപ്ലവകാരികളുടെ ഗ്രൂപ്പിൽ അതിന്റെ നേതാവായ വീരേന്ദ്രനാഥ് ചതോപാധ്യായയും ഭൂപേന്ദ്രനാഥ് ദത്തും മൊഹമ്മദ് ബർക്കത്തുള്ളയും നളിനി ഗുപ്തയും മറ്റനേകം പേരും ഉൾപ്പെട്ടിരുന്നു.
ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിനുശേഷം രാഷ്ട്രീയ പ്രവാസികളായ വിപ്ലവകാരികളും ബോൾഷെവിക്കുകളും തമ്മിലുള്ള ബന്ധം വർദ്ധിച്ചു. അവരിൽ ഒട്ടേറെ പേരും 1918 നും 1922 നുമിടയ്ക്ക് സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയും ലെനിനെയും മറ്റു നേതാക്കളെയും കാണുകയും, മോസ്കോയും പെട്രോഗ്രാഡും ബാക്കുവും താഷ്-ക്കന്റും മറ്റു നഗരങ്ങളും സന്ദർശിക്കുകയും ചെയ്തു; വിപ്ലവ ഗവൺമെന്റിനെ തുടച്ചുനീക്കാനുറച്ച്- 13 രാജ്യങ്ങളിലെ സൈന്യങ്ങൾ ചേർന്ന് നടത്തുന്ന കടന്നാക്രമണത്തെ നേരിടുമ്പോഴും സോവിയറ്റ് യൂണിയൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമൂലമായ മാറ്റവും വിപ്ലവത്തിന്റെ കരുത്തും അവരെ ആഴത്തിൽ സ്വാധീനിച്ചു.
ഈ ഇന്ത്യൻ സന്ദർശകരിൽ ഒട്ടേറെ പേരും പിന്നീട് തങ്ങൾ സോവിയറ്റ് യൂണിയനിൽ എന്താണ് കണ്ടതെന്ന് വിവരിച്ചുകൊണ്ട് ലഘുലേഖകൾ അച്ചടിച്ചിറക്കി; മാർക്സിസ്റ്റ് – ലെനിനിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്നതിന് മറ്റുള്ളവരിൽ താല്പര്യമുണർത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. എടുത്തു പറയേണ്ടത്, മധ്യേഷ്യയിലെ ദേശീയതകളുമായി ബന്ധപ്പെട്ട സോവിയറ്റ് നയം സംബന്ധിച്ച് എം ഡി ബർക്കത്തുള്ള എഴുതിയ പേർഷ്യൻ ഭാഷയിലുള്ള ഒരു കുറിപ്പാണ്; ബ്രിട്ടീഷുകാരോട് പൊരുതുന്നതിന് പിന്തുണ തേടി 1920ൽ സോവിയറ്റ് – അഫ്ഗാൻ അതിർത്തികടക്കാൻ 200 ലധികം മുഹാജിറുകൾക്ക് പ്രേരണ നൽകിയതിൽ ഈ കുറിപ്പ് വലിയ പങ്ക് വഹിച്ചു. ബ്രിട്ടീഷ് വാഴ്ചയ്-ക്കെതിരായി പൊരുതുന്നതിന് സഹായിക്കാൻ സന്നദ്ധമായി നിന്ന സോവിയറ്റ് അധികാരികൾ മുഹാജിറുകളെ സ്വാഗതം ചെയ്തു. അവരിൽ ചിലർ തിരിച്ചുപോന്നു; അതേസമയം 30 പേർ അവിടെ ത്തന്നെ തുടരുകയും ഇന്ത്യൻ റവല്യൂഷനറി അസോസിയേഷന്റെ താഷ്-ക്കന്റ് ബ്രാഞ്ച് രൂപീകരിക്കുകയും ചെയ്തു. മുഹാജിറുകളിൽ ഒട്ടേറെപ്പേർ കമ്യൂണിസത്തെ പുണരുകയും 1921ൽ തുടക്കംകുറിച്ച മോസ്കോയിലെ കമ്യൂണിസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ദ ടോയ്-ലേഴ്സ് ഓഫ് ദ ഈസ്റ്റിൽ ചേരുകയും ചെയ്തു.
അമേരിക്കയിൽ, സന്തോഖ് സിങ്ങിനെയും രത്തൻ സിങ്ങിനെയും പോലെയുള്ള വിപ്ലവകാരികൾ ചേർന്ന് 1913 ൽ ഗദ്ദർ പാർട്ടി രൂപീകരിച്ചു. കടുത്ത നിരീക്ഷണത്തിനു കീഴിലായിരുന്നിട്ടും ഈ വിപ്ലവകാരികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിപ്ലവകാരികളുമായി (ഐറിഷ് ഫെനിയനുകളുമായടക്കം) ബന്ധം സ്ഥാപിച്ചു. കരീബിയയിലും ഫിജിയിലും പണിയെടുക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ ലഘുലേഖകൾ അയച്ചുകൊടുത്തു. 1917നുശേഷം വിപ്ലവകാരികൾ എന്ന നിലയിൽ പരിശീലനം നേടാൻ ഒട്ടേറെ ഗദ്ദറുകൾ അഥവാ ഗദ്ദർ ബാബമാർ സോവിയറ്റ് റിപ്പബ്ലിക്കിലേക്കും പിന്നീട് യുഎസ്എസ്-ആറിലേക്കും പോകുകയുണ്ടായി. കൊമഗതമാരു സംഭവത്തിനുശേഷം അവരുടെ കലാപശ്രമം അടിച്ചമർത്തപ്പെട്ടു.
വീരേന്ദ്രനാഥ് ചതോപാധ്യായ നയിച്ചിരുന്ന ബെർലിൻ വിപ്ലവകാരികളുടെ സംഘം കൊമിന്റേൺ നേതൃത്വത്തെ സന്ദർശിക്കുന്നതിന് ഒടുവിൽ 1921ൽ മോസ്കോയിലെത്തി എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യ ആദ്യം ബ്രിട്ടീഷ് വാഴ്ചയിൽ നിന്നും മോചനം നേടണമെന്നും അതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കണമെന്നുമുള്ള കാഴ്ചപ്പാടിലായിരുന്നു അവർ. അവർക്ക് ദേശീയ വിമോചന പോരാട്ടത്തിൽ കൊമിന്റേണിന്റെ സഹായം വേണമായിരുന്നു. എം എൻ റോയിയെയും അദ്ദേഹത്തിന്റെ ഗ്രൂപ്പിനെയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ അംഗീകരിക്കുവാൻ അവർ തയ്യാറല്ലായിരുന്നു. എല്ലാ കാഴ്ചപ്പാടുകളും കേട്ടതിനുശേഷം, കൊമിന്റേൺ നിയമിച്ച ഒരു കമ്മീഷൻ താഷ്-ക്കന്റിൽ രൂപീകൃതമായ പാർട്ടിയെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയായി അംഗീകരിക്കുവാൻ തീരുമാനിച്ചു.
കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ഒരു പാർട്ടിയായി അഫിലിയേറ്റ് ചെയ്യപ്പെടാൻ വേണ്ട അവശേ-്യാപാധിയായ പരിപാടിയുടെ കാര്യത്തിൽ താഷ്-ക്കന്റിൽ ഉദയംകൊണ്ട കമ്യൂണിസ്റ്റ് പാർട്ടിക്ക് അന്തിമ തീരുമാനമെടുക്കാനായിരുന്നില്ല. പക്ഷേ, ഈ ഗ്രൂപ്പും വിശേഷിച്ചും എം എൻ റോയിയും ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ മുളച്ചുപൊന്തിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളിലേക്കെത്തിയ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് ബീജാവാപം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചു.
എന്തുകൊണ്ട് 1920? എന്തുകൊണ്ട് 1925 അല്ല?
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ട തീയതിയെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന കാര്യം വായനക്കാർക്ക് അറിയാവുന്നതാണല്ലോ. 1964ൽ സിപിഐയിൽ നിന്ന് വേറിട്ട് പ്രത്യേക പാർട്ടിയായി മാറിയ സിപിഐ എമ്മിന്റെ നിലപാട്, പാർട്ടി രൂപീകരണത്തിന്റെ തീയതി, താഷ്-ക്കന്റ് യോഗം ചേർന്ന 1920 ഒക്ടോബർ എന്നുതന്നെ കണക്കാക്കണമെന്നാണ്. എന്നാൽ ഇപ്പോഴത്തെ സിപിഐ വിശ്വസിക്കുന്നത് വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ കാൺപൂരിൽ യോഗം ചേരുകയും സിപിഐ രൂപീകരണത്തെക്കുറിച്ച് പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കുകയും ചെയ്ത 1925 ഡിസംബറിലാണ് പാർട്ടിയുടെ രൂപീകരണമെന്നാണ്.
ഇത് നിരർഥകവും അനാവശ്യവുമായ വിവാദമാണെന്ന് തോന്നിയേക്കാം; പക്ഷേ സിപിഐ എമ്മിന്റെ ധാരണ ചരിത്രപരമായി ന്യായീകരിക്കാവുന്നതാണെന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഈ രണ്ട് യോഗങ്ങളും –1920ലെ താഷ്-ക്കന്റ് യോഗവും 1925ലെ കാൺപൂർ യോഗവും – ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് വ്യക്തവും സമഗ്രവുമായ ഒരു പ്രവർത്തന പരിപാടി അംഗീകരിച്ചിരുന്നില്ല; മുൻപ് പ്രസ്താവിച്ചതുപോലെ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ അംഗീകാരം നേടുന്നതിനുള്ള വ്യവസ്ഥയായിരുന്നു അത്. അ+തിനാൽ, ഇക്കാര്യം കണക്കിലെടുക്കുമ്പോൾ ഈ രണ്ടു തീയതികൾക്കും പ്രത്യേകമായ ഒരു പ്രാധാന്യവുമില്ല.
എന്നാൽ , താഷ്-ക്കന്റ് യോഗത്തിൽ പങ്കെടുത്തവർ ഈ രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന കടമ നടപ്പാക്കുന്നതിൽ സജീവമായി ഏർപ്പെടുകയായിരുന്നു; പ്രാഥമികമായും അവർ അത് നടപ്പാക്കിയത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടായിരുന്നു; കൊളോണിയൽ ഭരണാധികാരികൾ അടിച്ചേൽപ്പിച്ച ഒട്ടേറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും അവർ ഇന്ത്യയിൽ മാർക്സിസ്റ്റ് സാഹിത്യം എത്തിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു; ദേശീയ വിമോചന പ്രസ്ഥാനത്തിന് പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഒരു രേഖയുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അവർ സമീപിച്ചു. മധേ-്യഷ്യയിൽ, പ്രത്യേകിച്ചും താഷ്-ക്കന്റിലും ബാക്കുവിലും പ്രവാസികളായി കഴിഞ്ഞിരുന്ന ഒട്ടേറെ കമ്യൂണിസ്റ്റുകാർ ഇന്ത്യയിലേക്ക് മടങ്ങി; അവർ ട്രേഡ് യൂണിയനുകളിലും കർഷകർക്കിടയിലും മറ്റു സംഘടനകളിലും പ്രവർത്തനമാരംഭിച്ചു.
അങ്ങനെ 1920 നും 1925 നും ഇടയ്ക്കുള്ള 5 വർഷം 1920ൽ യോഗം ചേരുകയും കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കും ചെയ്തവരും അതിന്റെ സ്വാധീനത്തിലായവരും ഫലപ്രദമായ പ്രവർത്തനങ്ങളിൽ മുഴുകി. സർവ്വോപരി, ഈ കാലത്താണ് പാർട്ടിയുടെ ആദ്യത്തെ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. കമ്യൂണിസ്റ്റുകാർക്കെതിരെ ബ്രിട്ടീഷുകാർ ആദ്യത്തെ കേസുകൾ രജിസ്റ്റർ ചെയ്തതും ഇതേ കാലഘട്ടത്തിലായിരുന്നു. അതിനാൽ സ്വാഭാവികമായി തന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിന്റെ ഭാഗമായി ഇത് പരിഗണിക്കപ്പെട്ടു; അതുകൊണ്ട്, പാർട്ടി രൂപീകരണത്തിന്റെ ചരിത്രപരമായി ന്യായീകരിക്കാവുന്ന വർഷം 1920 ആണ്. അടുത്തഭാഗത്ത് ഈ വർഷങ്ങളിൽ ഈ ചെറിയ പാർട്ടിയും അതിന്റെ ഒരുപിടി അംഗങ്ങളും ചേർന്ന് എന്തു ചെയ്തുവെന്ന് നമുക്ക് കാണാം. l
ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും ബ്രിട്ടീഷ് അടിച്ചമർത്തലും
പൂർണ്ണ സ്വാതന്ത്ര്യമെന്ന
ആശയം മുന്നോട്ടുവച്ചു
കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ ആദ്യത്തെ സ്വാധീനം കാണുന്നത് 1921 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഹമ്മദാബാദ് സെഷനിൽ ഒരു തുറന്ന കത്തിന്റെ രൂപത്തിൽ പാർട്ടിയുടെ മാനിഫെസ്റ്റോ അയച്ചതിലൂടെയാണ്. അതായത് പാർട്ടി രൂപീകരിക്കപ്പെട്ട് ഒരു വർഷത്തിനുള്ളിലായിരുന്നു ഇത്. പിന്നീട് 1922ലെ ഗയ സമ്മേളനത്തിലും ഇതേ രീതിയിൽ തുറന്ന കത്തിന്റെ രൂപത്തിൽ മാനിഫെസ്റ്റോ അയക്കുകയുണ്ടായി. പൂർണ്ണ സ്വാതന്ത്ര്യമെന്ന ആവശ്യം മാനിഫെസ്റ്റോ മുന്നോട്ടുവെച്ചപ്പോൾ ഈ മുദ്രാവാക്യത്തിന്മേൽ ഉറച്ചതും തുറന്നതുമായ നിലപാടെടുക്കാൻ കോൺഗ്രസ് നിർബന്ധിതമായി. ഇതായിരുന്നു കൊളോണിയൽ ഭരണത്തിൽനിന്നുള്ള പൂർണമായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ സുപ്രധാനമായ പ്രസ്താവന.
കോൺഗ്രസ് അതുവരെയും ഇതുപോലൊരു ആവശ്യത്തിന് മുന്നിട്ടിറങ്ങിയിരുന്നില്ല. അവർ ‘സ്വദേശി ഭരണം’ എന്ന ആവശ്യത്തിൽമാത്രം ഒതുങ്ങിനിൽക്കുകയായിരുന്നു. പിന്നീട് 8 വർഷത്തോളം കഴിഞ്ഞ്, 1929 ലെ ലാഹോർ സമ്മേളനത്തിലാണ് പൂർണ സ്വരാജ് എന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവച്ചത്. റോയിയും മുഖർജിയും ഒപ്പിട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ കത്ത് വലിയ ചലനം സൃഷ്ടിക്കുകയും മൗലാന ഹസ്രത്ത് മൊഹാനിയെ വിദേശ ഭരണത്തിൽ നിന്നുള്ള സമ്പൂർണ സ്വാതന്ത്ര്യമാണ് സ്വരാജ് എന്ന് നിർവചിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്വാമി കുമാരാനന്ദയും ഇതിനു സമാനമായ പ്രമേയം അവതരിപ്പിച്ചു. ഇരുവരും സോഷ്യലിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരായിരുന്നു; ഒരു വർഷത്തിനുശേഷം മൊഹാനി പാർട്ടിയിൽ അംഗമാവുകയും ചെയ്തു. എന്നാൽ ഗാന്ധിജി ഈ സമയത്ത് പ്രമേയത്തെ അപ്രയോഗികമെന്ന് മുദ്രകുത്തി എതിർക്കുകയാണുണ്ടായത്.
പൂർണ്ണ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ കമ്യൂണിസ്റ്റുകാർ കോൺഗ്രസിനെക്കാൾ വളരെയേറെ മുൻപിലായി എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ അഭിമാനകരമായ ഒരധ്യായമാണ്. ഇന്ത്യയിലെ മറ്റേതൊരു രാഷ്ട്രീയപാർട്ടിക്കും ഗ്രൂപ്പുകൾക്കും മുൻപേതന്നെ സിപിഐ അതിന്റെ തുടക്കം മുതൽ പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചിരുന്നു.
തൊഴിലാളികളുടെയും കർഷകരുടെയും അടിയന്തിര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിപാടിയിൽ സമൂലമായ മാറ്റം വരുത്താൻ കമ്യൂണിസ്റ്റ് പാർട്ടി, മാനിഫെസ്റ്റോയിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഇതുവഴി മാത്രമേ ഈ വിഭാഗങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ഉയർത്താനും അണിനിരത്താനും കഴിയുകയുള്ളൂ. അത് കോൺഗ്രസിനോട് ഇങ്ങനെ ആവശ്യപ്പെട്ടു: ‘‘ട്രേഡ് യൂണിയനുകളുടെ മിനിമം ആവശ്യങ്ങളെ സ്വന്തം ആവശ്യങ്ങളാക്കി മാറ്റുക. കർഷകസംഘങ്ങളുടെ ആവശ്യങ്ങളെ സ്വന്തം ആവശ്യങ്ങളാക്കി മാറ്റുക. ഒരു പ്രതിസന്ധിക്കും തടഞ്ഞുനിർത്താനാവാത്തവിധം കോൺഗ്രസ് മുന്നോട്ടുവരുന്ന ഒരു കാലം സംജാതമാകും. തങ്ങളുടെ ഭൗതികമായ താല്പര്യങ്ങൾക്കുവേണ്ടി ബോധപൂർവ്വം പോരാടുന്ന ജനങ്ങളുടെയാകെ കൂട്ടായ ചെറുത്തുനിൽപ്പിന്റെ പിന്തുണയോടെ എല്ലാ വിധ തടസ്സങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസിനെ സഹായിക്കും’’.
ഈ സന്ദേശം ഏറ്റെടുക്കുകയും മദ്രാസിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവായ ശിങ്കാര വേലു ചെട്ടിയാർ, 1922ലെ ഗയ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് അതിനെ അഭിവാദ്യം ചെയ്യുകയും ഒരു പ്രഖ്യാപിത കമ്യൂണിസ്റ്റ് എന്ന നിലയിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം സ്വീകരിക്കാൻ ആഹ്വാനം ചെയ്യുകയും ഉണ്ടായി.
1922 മുതൽ 1924 വരെയുള്ള കാലഘട്ടങ്ങളിൽ ബെർലിനിൽ നിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യത്തെ പ്രഖ്യാപിത മുഖപത്രമായി റോയി പ്രസിദ്ധീകരിച്ചുതുടങ്ങിയ ‘‘വാൻഗാർഡ് ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസ്’’ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ സഹായിച്ചു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ ഉയർത്തുന്ന ഭീഷണി മനസ്സിലാക്കിയ ബ്രിട്ടീഷ് ഗവൺമെന്റ് ‘വാൻഗാർഡി’ന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം നിരോധിച്ചു. 1925 നും 1927 നുമിടയിൽ റോയിയും മറ്റു സഖാക്കളും ‘‘മാസ്സ് ഓഫ് ഇന്ത്യ ’’ എന്ന പ്രസിദ്ധീകരണം പുറത്തിറക്കി. രണ്ടു പ്രസിദ്ധീകരണങ്ങളും ഇന്ത്യയിലേക്ക് ഒളിച്ചുകടത്തുകയും വിതരണം ചെയ്യുകയും ചെയ്തു.
ഇതേസമയത്ത് തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഉയർന്നുവന്നു. പ്രസിദ്ധീകരണങ്ങൾ പുറത്തുകൊണ്ടുവരുന്നതിലും തൊഴിലാളികളുടെയും കർഷകരുടെയും വിവധ വിഭാഗം ജനങ്ങളുടെയും സമരങ്ങൾ സംഘടിപ്പിക്കുന്നതിലും പങ്കെടുക്കുന്നതിലും ഈ ഗ്രൂപ്പുകൾ സജീവമായി. കൂടാതെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവ പങ്കാളിത്തം വഹിച്ചു.
എസ് എ ഡാങ്കെയുടെ നേതൃത്വത്തിൽ സജീവമായ ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് ബോംബെയിൽ ഉയർന്നുവന്നു. ടെക്-സ്റ്റെെൽ വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഇവിടം. ഈ ഗ്രൂപ്പിലെ മറ്റു പ്രധാന അംഗങ്ങൾ എസ് വി ഘാട്ടേ, കെ എം ജോഗ്-ലേക്കർ, ആർ എസ് നിംബ്കർ എന്നിവരായിരുന്നു. 1923ൽ ‘‘സോഷ്യലിസ്റ്റ്’’ എന്ന പേരിൽ ഒരു ആനുകാലിക പ്രസിദ്ധീകരണം ആരംഭിച്ചു. അവരുടെ പ്രധാന പ്രവർത്തനങ്ങൾ തൊഴിലാളി വർഗ്ഗത്തിനിടയിൽ ആയിരുന്നു. പ്രത്യേകിച്ച് ബോംബെയിലും സോലാപ്പൂരിലുള്ള തുണിമിൽ തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു.
മോസ്കോയിൽനിന്ന് പഠിച്ചെത്തിയ ഷൗക്കത്ത് ഉസ്മാനി വാരാണസി കേന്ദ്രമാക്കി ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചു. ലാഹോറിൽ ഗുലാം ഹുസെെന്റെ നേതൃത്വത്തിലും കമ്യൂണിസ്റ്റ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘‘ഇങ്ക്വിലാബ്’’ എന്ന പേരിൽ അവർ ഒരു ഉറുദു പത്രം തുടങ്ങുകയും ചെയ്തു.
കൽക്കട്ടയിൽ മുസാഫർ അഹമ്മദ്, കവിയായ ഖാസി നസ്രുൽ ഇസ്ലാമിനെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ‘‘ഗണവാണി’’ എന്ന പേരിൽ ഒരു ബംഗാളി പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു.
മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിൽ ഗ്രൂപ്പ് രൂപീകരിക്കുകയും ‘‘ലേബർ കിസാൻ ഗസറ്റ്’’ പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1923ൽ ഇന്ത്യയിൽ ആദ്യത്തെ മെയ്ദിനാഘോഷം സംഘടിപ്പിച്ചു.
കുറച്ചു വർഷങ്ങൾക്കുശേഷം 1928 ൽ മോസ്കോയിലെ ടോയ്-ലേഴ്സ് ഓഫ് ഈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പരിശീലനം നേടിയ ഇന്ത്യൻ വിപ്ലവകാരിയായ അമീർ ഹൈദർ ഖാൻ ഇന്ത്യയിലേക്ക് തിരിച്ചുവരികയും തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. തെക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഘാടകനായി അമീർ ഹൈദർ ഖാൻ മാറുകയും ധാരാളം യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഇങ്ങനെ പാർട്ടിയിലേക്ക് വന്ന പുതുതലമുറയുടെ കൂട്ടത്തിൽ പി സുന്ദരയ്യ എന്ന വിദ്യാർത്ഥിയും ഉണ്ടായിരുന്നു.
ഈ ചെറു ഗ്രൂപ്പുകളുടെ അക്ഷീണമായ പ്രവർത്തനങ്ങളും അവരുടെ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണവും സംഘടിതമായ പ്രവർത്തനങ്ങളും ഈ നഗരങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനവും വളർച്ചയും വിപുലീകരിക്കാൻ സഹായിച്ചു. വാസ്തവത്തിൽ ഇവരുടെ സ്വാധീനം ഈ നഗരങ്ങൾക്ക് പുറത്തും അലയടിക്കാൻ തുടങ്ങി. കറാച്ചിയിലും കാൺപൂരിലും കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ രൂപംകൊണ്ടു.
കൊമിന്റേണിന്റെ സഹായത്തോടെ എം എൻ റോയി ഇന്ത്യയിൽ വളർന്നുകൊണ്ടിരുന്ന വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ നേതാക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പാർട്ടിയുടെ രൂപീകരണത്തിനും ഭാവിപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ട് എസ് എ ഡാങ്കെ (ബോംബെ) മുസഫർ അഹമ്മദ് (കൽക്കട്ട) ശിങ്കാരവേലു ചെട്ടിയാർ (മദ്രാസ്) എന്നിവർക്ക് അദ്ദേഹം കത്തുകൾ എഴുതി.
വ്യത്യസ്ത മേഖലകളിലായി നിലനിൽക്കുന്ന ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുന്നതിനും അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു വിപ്ലവകേന്ദ്രം സ്ഥാപിക്കുന്നതിനുമായിരുന്നു പ്രധാന ശ്രമം.
ബ്രിട്ടീഷ് അടിച്ചമർത്തലും
സിപിഐയുടെ പുനഃസംഘാടനവും
ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ഈ പ്രവർത്തനങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നു. ബോൾഷെവിക് ആശയങ്ങൾ എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചിട്ടുള്ളവയുടെ വ്യാപനം അവരെ വല്ലാത്ത ആശങ്കയിലാക്കി എന്ന് കൊളോണിയൽ രേഖകളിലെ ഇന്റലിജൻസ് റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവർ വളർന്നുവരുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമിച്ചതിൽ ആശ്ചര്യപ്പെടാനില്ല.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭം മുതൽ രണ്ടു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ കടുത്ത അടിച്ചമർത്തലുകൾ നേരിടേണ്ടതായി വന്നു എന്ന് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. പാർട്ടിയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയും പാർട്ടി സാഹിത്യം നിരോധിക്കുകയും പാർട്ടി നേതാക്കൾക്ക് അറസ്റ്റും നാടുകടത്തലും നേരിടേണ്ടി വരികയും ചെയ്തു. കൂടാതെ പാർട്ടി നേതാക്കൾക്ക് അധികസമയവും ഒളിവിൽ കഴിഞ്ഞുകൊണ്ടായിരുന്നു പ്രവർത്തിക്കേണ്ടതായും വന്നു.
പെഷവാര്‍ ഗൂഢാലോചനക്കേസ്
1921ല്‍, അതായത് പാര്‍ട്ടി രൂപീകരണത്തിനുശേഷം ഒരു വര്‍ഷം കഴിയവെ സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ കമ്യൂണിസ്റ്റുകാരുടെ ആദ്യത്തെ ഗ്രൂപ്പ് 1921 ജൂണില്‍ പെഷവാറില്‍ എത്തിയപ്പോള്‍ അറസ്റ്റുചെയ്യപ്പെട്ടു. ഇന്ത്യയില്‍ ബോള്‍ഷെവിക് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ഗൂഢാലോചന നടത്തിയെന്നു പറഞ്ഞാണ് ബ്രിട്ടീഷുകാര്‍ അവരെ അറസ്റ്റുചെയ്തത്. ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത് മുഹമ്മദ് അക്ബര്‍ ആയിരുന്നു. കുപ്രസിദ്ധമായ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 1921 മുതല്‍ 1927 വരെ 5 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്; പെഷവാര്‍ ഗൂഢാലോചന കേസുകള്‍ എന്നാണ് ഇവ അറിയപ്പെട്ടത്. ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്കെതിരെ കെട്ടിച്ചമച്ചതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ കള്ളക്കേസുകളായിരുന്നു അവ; ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കാളികളായി, തുടർന്ന് കമ്യൂണിസത്തിലേക്ക് മാറിയ മുസ്ലീങ്ങള്‍ ആയിരുന്നു അവരെല്ലാം. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനുവേണ്ടി ഗൂഢാലോചന നടത്തി എന്നതായിരുന്നു അവര്‍ക്കെതിരായ പ്രധാനപ്പെട്ട കുറ്റം; അതിനായി ബോള്‍ഷെവിക്കുകളുടെ ചാരന്മാരായി പ്രവര്‍ത്തിച്ചു എന്നതും. കുറ്റവിചാരണ നീതിന്യായ സംവിധാനത്തെതന്നെ അപഹസിക്കുന്ന വിധത്തിലുള്ളതും ഏഴു വര്‍ഷംവരെ കടുത്ത ശിക്ഷ നൽകുന്നതുമായിരുന്നു.
ഈ കേസിലെ കുറ്റാരോപിതർ സ്വാതന്ത്ര്യ സമര സേനാനികളായിരുന്നിട്ടും ഈ വിചാരണകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനോ പ്രതിഷേധിക്കാനോ കോണ്‍ഗ്രസ്സും ലീഗും തയ്യാറാകാതെ അവഗണിക്കുകയായിരുന്നു. ആകെ പ്രതിഷേധമുയര്‍ന്നത് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍നിന്നും എം എന്‍ റോയിയില്‍ നിന്നും മാത്രമായിരുന്നു.
കാണ്‍പൂര്‍ ഗൂഢാലോചനക്കേസ്
മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനത്തിന്റെ സ്വാധീനം പ്രത്യേകിച്ചും കര്‍ഷകരിലും തൊഴിലാളികളിലുമൊക്കെ വ്യാപകമായ തോതില്‍ പ്രകടമായി. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലും പെഷവാര്‍ കേസുമൊന്നും ഈ പ്രവര്‍ത്തനത്തിന് തടസ്സമായില്ല. അതുകൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികള്‍ പ്രധാനപ്പെട്ട നേതാക്കളെ അറസ്റ്റു ചെയ്യാന്‍ തീരുമാനിച്ചു. പ്രധാനപ്പെട്ട പെഷവാര്‍ കേസുകള്‍ അവസാനിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷുകാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കമ്യൂണിസ്റ്റ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റു നിരവധി നേതാക്കളെ അറസ്റ്റുചെയ്തു. കാണ്‍പൂര്‍ ഗൂഢാലോചനക്കേസ് എന്നറിയപ്പെടുന്ന ഇതായിരുന്നു രണ്ടാമത്തെ പ്രധാനപ്പെട്ട ആക്രമണം.
ഇന്ത്യയിലും പുറത്തും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എല്ലാ പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും പ്രതിനിധീകരിക്കുന്ന പതിമൂന്ന് പ്രമുഖ കമ്യൂണിസ്റ്റുകാരുടെ പേരുകളാണ് ഈ കേസില്‍ സമർപ്പിക്കപ്പെട്ട കുറ്റാരോപണ മെമ്മോയിൽ ഉണ്ടായിരുന്നത്. എം എന്‍ റോയ്,മുസഫര്‍ അഹമ്മദ്,ഷൗക്കത്ത് ഉസ്മാനി, ഗുലാം ഹുസൈന്‍,എസ് എ ഡാങ്കേ,ശിങ്കാരവേലു ചെട്ടിയാര്‍,ആര്‍ സി ശര്‍മ,നളിനി ഗുപ്ത,സംസുദ്ദീന്‍ ഹസന്‍, എം പി എസ് വേലായുധന്‍, ഡോക്ടര്‍ മണിലാല്‍ ഷാ,സമ്പൂര്‍ണ്ണാനന്ദ,സത്യഭക്ത എന്നിവരായിരുന്നു അവര്‍. ഇതില്‍ അവസാനം പറഞ്ഞ അഞ്ചുപേര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയും മറ്റ് എട്ടു പേര്‍ക്കെതിരായി കേസ് ചുമത്തുകയും ചെയ്തു. ഇതില്‍ എം എന്‍ റോയ് ജര്‍മ്മനിയിലും ശര്‍മ ഫ്രഞ്ചുകാര്‍ ഭരിച്ചിരുന്ന പോണ്ടിച്ചേരിയിലും ആയിരുന്നതിനാല്‍ അവരിലേക്കെത്താന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ല.
വിചാരണയ്ക്കുവേണ്ടി ഹാജരാക്കപ്പെട്ട രേഖകള്‍ തെളിയിക്കുന്നത് (അവയൊക്കെ ഡല്‍ഹിയിലെ നാഷണല്‍ ആര്‍കൈവ്സില്‍ ലഭ്യമാണ്)എം എന്‍ റോയിയും വിദേശത്തുള്ള മറ്റു വിപ്ലവകാരികളും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുമായും കൊമിന്റേണുമായും നടത്തിയിരുന്ന കത്തിടപാടുകളൊക്കെയും പിടികൂടപ്പെട്ടിരുന്നു എന്നാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാര്‍ കൊളോണിയൽ വാഴ്ചയെ അട്ടിമറിക്കുന്നതിനാഗ്രഹിക്കുന്നു എന്ന് ‘തെളിയിക്കു’ന്നതിന് ധാരാളം രേഖകൾ ഗവൺമെന്റിന്റെ കെെവശം ഉണ്ടായിരുന്നു. അവസാനം ചൗരി ചൗര കേസില്‍ 172 കര്‍ഷകരെ വധശിക്ഷയ്ക്ക് വിധിച്ച് കുപ്രസിദ്ധി നേടിയ ബ്രിട്ടീഷ് ജഡ്ജിയായ ഹോംസിന്റെ മുമ്പില്‍ സെഷന്‍സ് വിചാരണ ആരംഭിച്ചു. ഒരു മാസത്തിനുശേഷം കുറ്റാരോപിതർക്ക് നാലുവര്‍ഷം വീതം കഠിനതടവ് വിധിച്ചു.
പെഷവാര്‍ കേസില്‍ നിന്ന് വ്യത്യസ്തമായി, കാണ്‍പൂര്‍ കേസിലുൾപ്പെട്ടവർക്ക് ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ഐക്യദാര്‍ഢ്യവും പിന്തുണയും ലഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് കമ്യൂണിസ്റ്റുകാര്‍ പോരാടുന്നത് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.
എന്തായാലും ഈ കേസിന്റെയും ശിക്ഷയുടെയും അനന്തരഫലം, പ്രധാനപ്പെട്ട നേതാക്കളെല്ലാവരും അറസ്റ്റ് ചെയ്യപ്പെട്ടു എന്നതുകൊണ്ടുതന്നെ 1923 ജൂണ്‍ 23 ന് ലക്നോവില്‍വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന വ്യത്യസ്ത കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു പ്രധാന സമ്മേളനം റദ്ദാക്കി എന്നതായിരുന്നു. ഈ സമ്മേളനം പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് നടന്നത്.
കാണ്‍പൂര്‍ കമ്യൂണിസ്റ്റ്
സമ്മേളനം 1925
1925 ഡിസംബറില്‍ കാണ്‍പൂരില്‍ വച്ച് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം നടക്കുന്ന സമയത്തു തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ സജീവമായിരുന്ന ഏതാണ്ടെല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും ആദ്യയോഗം നടന്നു. ഈ സമ്മേളനത്തിന് മുന്‍കൈയെടുത്തത് രാജസ്ഥാന്‍കാരനായ, എന്നാല്‍ യുപിയിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവരുന്ന സത്യഭക്ത എന്ന ആക്ടിവിസ്റ്റായിരുന്നു. അദ്ദേഹവും കാണ്‍പൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും ആവശ്യമായ തെളിവുകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെടുകയായിരുന്നു. അദ്ദേഹം അവകാശപ്പെട്ടിരുന്നത് ‘ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍’അദ്ദേഹമാണ് എന്നായിരുന്നു.
പ്രാദേശിക തൊഴിലാളികളും കര്‍ഷകരും അടങ്ങുന്ന 500 ഓളം പ്രതിനിധികള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഈ സമ്മേളനം നടന്നതിന്റെ തൊട്ടടുത്തുതന്നെ, അതേസമയത്തുതന്നെ കോണ്‍ഗ്രസിന്റെ സമ്മേളനവും നടന്നു. കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന സമൂലപരിഷ്കരണവാദികളായ നിരവധി ആക്ടിവിസ്റ്റുകൾ കമ്യൂണിസ്റ്റ് സമ്മേളനത്തിലും പങ്കെടുത്തു.
ജനങ്ങൾ നേരിടുന്ന മനുഷ്യത്വവിരുദ്ധമായ ജീവിത സാഹചര്യങ്ങളുടെ കാരണക്കാരെന്ന നിലയിൽ വിദേശികളും സ്വദേശികളുമായ മുതലാളിമാരെയും ഭൂപ്രഭുക്കളെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു പ്രമേയം ഈ സമ്മേളനം പാസാക്കി. തൊഴിലാളികളുടെയും കര്‍ഷകരുടെയും വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് തീരുമാനമെടുത്തു.
മറ്റു തീരുമാനങ്ങളോടൊപ്പം, വര്‍ഗീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ക്കുകയില്ല എന്ന് സമ്മേളനം വ്യക്തമായി പ്രസ്താവിക്കുകയുണ്ടായി; ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി അത്തരത്തിലൊരു തീരുമാനം എടുക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.
സമ്മേളനം ശിങ്കാരവേലു ചെട്ടിയാരെ പ്രസിഡന്റായും എസ് വി ഘാട്ടെ,ജെ പി ബാഗര്‍ഹട്ട എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ബോംബെയില്‍ കേന്ദ്ര കമ്മിറ്റി ഓഫീസ് ആരംഭിക്കുന്നതിന് തീരുമാനിച്ചു. സമ്മേളന നടപടികളില്‍ അസന്തുഷ്ടനായ സത്യഭക്ത സമ്മേളന ഹാള്‍ വിട്ടുപോയി.
ഈ സമ്മേളനത്തെ തുടര്‍ന്ന് പുനഃസംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുവാനും മുന്നോട്ടുപോകുവാനും ശ്രമിച്ചു.
ബഹുജന സമരങ്ങളും വര്‍ഗീയവിരുദ്ധ ക്യാമ്പയിനുകളും
വര്‍ഗീയതക്കെതിരായ
കമ്യൂണിസ്റ്റുകാരുടെ പോരാട്ടം
പുനഃസംഘടിപ്പിക്കപ്പെട്ട പാര്‍ട്ടിയുടെ വളരെ പ്രധാനപ്പെട്ട ഒരു സംഭാവന 1926 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച വര്‍ഗീയ പ്രശ്നം സംബന്ധിച്ച മാനിഫെസ്റ്റോ ആയിരുന്നു. 1922നും 1927 നും ഇടയില്‍ 112 വര്‍ഗ്ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെടുകയും അതില്‍ 450 പേര്‍ മരിക്കുകയും 5000 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തതായാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അവസാന ഘട്ടത്തില്‍; മുസ്ലീങ്ങളും ഹിന്ദുക്കളും മുമ്പെങ്ങുമില്ലാത്തവിധം ഒന്നിച്ചുനിന്ന് പൊരുതുന്ന സ്ഥിതിയുണ്ടായി; വർഗീയ വിഭജനത്തിലൂടെ അതിൽ വിഷം കലർത്തപ്പെട്ടു. ബ്രിട്ടീഷുകാരാണ് ഇതിന് ഒത്താശ ചെയ്തതെങ്കിലും നിരവധി ദേശീയ നേതാക്കള്‍ ഈ കെണിയില്‍പ്പെട്ടു. മദന്‍മോഹന്‍ മാളവ്യയും ലാലാ ലജ്പത് റായിയും ഹിന്ദു മഹാസഭയില്‍ ചേര്‍ന്നപ്പോള്‍ നിരവധി മുസ്ലിം നേതാക്കള്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു. 1923ലാണ് ഹിന്ദുമഹാസഭാ നേതാവായ വി ഡി സവര്‍ക്കര്‍ ഹിന്ദുത്വ എന്ന പുസ്തകം എഴുതിയതും 1925ലാണ് ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടതും എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.
മറ്റു പല കാര്യങ്ങളിലും എന്നപോലെ വര്‍ഗീയ പ്രശ്നത്തില്‍ സിപിഐ എടുത്ത നിലപാട് അഭൂതപൂര്‍വമായിരുന്നു. വര്‍ഗീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കാര്‍ക്കുംതന്നെ പാര്‍ട്ടി അംഗത്വം കൊടുക്കേണ്ടതില്ല എന്ന തീരുമാനം പാര്‍ട്ടി മുന്‍കൂട്ടിതന്നെ എടുത്തിരുന്നു. ഇത് പ്രസക്തമാകുന്നത് എന്തുകൊണ്ടെന്നാല്‍, ഇതിന് നേർവിപരീതമായി കോണ്‍ഗ്രസ് അതിന്റെ നേതാക്കൾക്ക് ഹിന്ദുമഹാസഭ പോലുള്ള വര്‍ഗീയ സംഘടനകളില്‍ ചേരുന്നതിന് അനുമതി നല്‍കിയിരുന്നു എന്നതിനാലാണ്.
മുസഫര്‍ അഹമ്മദും ജെ.പി.ബാഗര്‍ഹട്ടയും ചേർന്നെഴുതിയ ‘ഹിന്ദു മുസ്ലിം പ്രശ്നങ്ങള്‍’ എന്ന ഈ മാനിഫെസ്റ്റോയില്‍, ഒരേ സാമ്പത്തിക താൽപര്യങ്ങളുള്ള വിദേശീയരും ഇന്ത്യക്കാരുമായ മുതലാളിമാരാലും ഭൂപ്രഭുക്കളാലും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്നവരാണ് ഹിന്ദുക്കളും മുസ്ലീങ്ങളുമായ സാധാരണക്കാരെന്നതുകൊണ്ടാണ് അവർ യോജിച്ചത് എന്നു പറയുന്നുണ്ട്. ‘‘മതപരമായ പ്രചാരണ പ്രവർത്തനമെന്നത് ദിവ്യന്മാരെന്ന് അവകാശപ്പെടുന്നവർ നടത്തുന്ന പരമ്പരാഗതമായൊരു ചൂഷണ രീതിയാണ് ’’ എന്ന് അതില്‍ ഊന്നിപ്പറയുന്നു. വര്‍ഗരഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനുവേണ്ടി യോജിച്ചതും പൊതുവായതുമായ ഒരു പോരാട്ടം നടത്താന്‍ ഈ മാനിഫെസ്റ്റോ ആഹ്വാനം ചെയ്തു. ഈ പൊതുവായ സാമ്പത്തിക സമരത്തെ കൊളോണിയൽ വിരുദ്ധ പോരാട്ടവുമായി കണ്ണിചേര്‍ക്കുകയും ചെയ്തു. വര്‍ഗീയ കലാപം തടയുന്നതിനുവേണ്ടി കമ്യൂണിസ്റ്റുകാര്‍ യോജിച്ചു പ്രവര്‍ത്തിക്കുകയും സാമുദായിക സൗഹാർദ്ദത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ബഹുജന പോരാട്ടങ്ങള്‍ കെട്ടിപ്പടുക്കുന്നു
കമ്യൂണിസ്റ്റ് നേതാക്കൾ ബ്രിട്ടീഷ് ജയിലുകളില്‍ നിന്നും പുറത്തുവന്നതോടെ സിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. 1927 മെയ് മാസത്തില്‍ ബോംബെയില്‍ ചേര്‍ന്ന സിപിഐ നേതാക്കളുടെ പ്രധാനയോഗത്തില്‍വച്ച്, അപ്പോഴും പണിപ്പുരയിലായിരുന്നെങ്കിലും പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടു. ഈ യോഗം, തുടർന്നുനടന്ന ബഹുജന പ്രവർത്തനത്തിലുണ്ടായ കുതിപ്പിൽ പ്രധാന പങ്കുവഹിച്ച ഒരു കേന്ദ്ര നേതൃത്വം കെട്ടിപ്പടുക്കുന്നതിനിടയാക്കി. പൂര്‍ണ്ണ സ്വാതന്ത്ര്യം, സാര്‍വത്രിക വോട്ടവകാശം,ഭൂപ്രഭുത്വം അവസാനിപ്പിക്കല്‍,പൊതുസേവനതുറകളുടെ ദേശസാല്‍ക്കരണം മുതലായ ആവശ്യങ്ങള്‍ അത് ഉൗട്ടിയുറപ്പിച്ചു. പാര്‍ട്ടി പിന്തുണയ്ക്കുന്ന ആനുകാലികങ്ങളായി മൂന്ന് പ്രസിദ്ധീകരണങ്ങളെ ഈ യോഗം പ്രഖ്യാപിച്ചു – ഗണവാണി (ബംഗാളി വാരിക),മേഹ്നാഥ് കാഷ് (ലാഹോറില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഉറുദു വാരിക), ക്രാന്തി (ബോംബെയില്‍ നിന്ന് ഇറങ്ങിയിരുന്ന മറാത്തി വാരിക) എന്നിവയായിരുന്നു അവ.
അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം അറിയിച്ചിരുന്നത് 5 മേഖലകളിലായിരുന്നു, ബംഗാള്‍, പ്രധാനമായും ട്രേഡ് യൂണിയനുകളിലൂടെ പ്രവര്‍ത്തനം നടന്നിരുന്ന ലാഹോര്‍, ബോംബെ, രജപുത്താന, മദ്രാസ് എന്നിവയായിരുന്നു അവ. യുപിയിലും ഒരു ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടിരുന്നു. കമ്യൂണിസ്റ്റുകാര്‍ തൊഴിലാളി കര്‍ഷക പാര്‍ട്ടിയിലും കോണ്‍ഗ്രസിലും ട്രേഡ് യൂണിയനുകളിലും സജീവമായിരുന്നു.
കമ്യൂണിസ്റ്റുകാര്‍ ട്രേഡ് യൂണിയനുകളില്‍ നടത്തിയ ആദ്യകാല പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബോംബെയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന എസ് വി ഘാട്ടെ, എഐടിയുസിയുടെ ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തിൽ അതിന്റെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐടിയുസിയുടെ ആഹ്വാനപ്രകാരം മെയ്ദിനം ഇന്ത്യയിലാകെ ആചരിക്കപ്പെട്ടു. തുടര്‍വര്‍ഷങ്ങളില്‍ എ ഐ ടി യു സിയുടെ നേതൃനിരയിൽ കമ്യൂണിസ്റ്റുകാര്‍ പ്രബലമായി വരുന്ന പ്രക്രിയയുടെ തുടക്കമായിരുന്നു ഇത്; എഐടിയുസിക്കുകീഴിൽ കൂടുതൽ ഉശിരൻ തൊഴിലാളിവർഗ പ്രക്ഷോഭങ്ങൾ ഉറപ്പാക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു.
വര്‍ക്കേഴ്സ് ആൻഡ് പെസന്റ്സ്
പാര്‍ട്ടികള്‍ (ഡബ്ല്യുപിപി)
നിയമാനുസൃത പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്ന ഈ കാലഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലാളി – കർഷക പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിൽ കമ്യൂണിസ്റ്റുകാര്‍ സജീവമായി. എന്തായിരുന്നു ഈ വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടികള്‍? ജനങ്ങൾക്കുവേണ്ടി ബൂർഷ്വാ ജനാധിപത്യാവകാശങ്ങൾ സ്ഥാപിക്കവെ തന്നെ ഭൂപ്രഭുത്വം അവസാനിപ്പിക്കുന്നതിനും ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്ന് വിടുതൽ നേടുന്നതിനുമുള്ള പരിപാടിയായ ‘‘ദേശീയ ജനാധിപത്യ വിപ്ലവം’’ മുന്നോട്ടുകൊണ്ടു പോകുന്നതിന് തൊഴിലാളിവർഗത്തിന്റെയും കർഷകജനസാമാന്യത്തിന്റെയും പെറ്റി ബൂർഷ്വാസിയുടെയും യോജിച്ച മുന്നണിയെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളായാണ് ഇവയെ കണക്കാക്കിയിരുന്നത്.
ബംഗാളില്‍ 1925ല്‍ ഡബ്ല്യുപിപി രൂപീകരിക്കപ്പെട്ടത് കോണ്‍ഗ്രസിനകത്തെ വിവിധ പുരോഗമനധാരകളെയും കോണ്‍ഗ്രസിന്റെ തന്നെ ഭാഗമായ ലേബര്‍ സ്വരാജ് പാര്‍ട്ടിയെയും ഏകോപിപ്പിച്ചുകൊണ്ടാണ്. 1927 ൽ ബോംബെയില്‍ ഡബ്ല്യുപിപി രൂപീകരിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയിലാണ‍്. പ്രമുഖരായ മിക്ക കമ്യൂണിസ്റ്റുകാരും അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്നു. കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനത്തില്‍ അത് ഒരു പ്രവര്‍ത്തന പരിപാടി വിതരണം ചെയ്തു. പഞ്ചാബില്‍ ഡബ്ല്യുപിപിരൂപീകരിച്ചത് 1928 ലാണ്; തൊട്ടടുത്തു തന്നെ യുപിയിലും രൂപീകരിച്ചു.
1928ല്‍ ഡബ്ല്യുപിപിയുടെ സ്വാധീനം നിര്‍ണായകമായ തോതില്‍ വികസിച്ചു. ആ വര്‍ഷാദ്യം ഫെബ്രുവരി 3 അഖിലേന്ത്യ പ്രതിഷേധ ദിനമായി ആചരിക്കുന്നതിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. അന്നേദിവസം ബോംബെയിലെത്തുന്ന സൈമണ്‍ കമ്മീഷനോടുള്ള പ്രതിഷേധമായിട്ടായിരുന്നു അത്. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പൊതുയോഗങ്ങളും പ്രകടനങ്ങളും നടന്നു. അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചെങ്കൊടികളുമേന്തി ഡബ്ല്യുപിപി പ്രവർത്തകർ അണിനിരന്ന, തൊഴിലാളികളുടെ വമ്പിച്ച പ്രകടനത്തിനും ഹർത്താലിനും ബോംബെ സാക്ഷ്യംവഹിച്ചു. ഒക്ടോബറില്‍ സൈമണ്‍ കമ്മീഷൻ കല്‍ക്കത്തയിൽ എത്തിയപ്പോള്‍ സമാനമായ ഒരു പ്രകടനം അവിടെയും നടന്നു. വർഗ രാഷ്ട്രീയത്തിൽ യുവജനങ്ങളെ അണിനിരത്തുന്നതിനായി ബംഗാൾ, ബോംബെ, പഞ്ചാബ് എന്നിവിടങ്ങളിൽ യുവജന വിഭാഗങ്ങൾക്കും ഡബ്ല്യുപിപിയുടെ നേതൃത്വത്തിൽ രൂപം നൽകി. 1928 അവസാനത്തോടെ ഓള്‍ ഇന്ത്യ വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടി രൂപീകരിക്കുന്നതിനുവേണ്ടി ഡബ്ല്യുപിപിയുടെ വിവിധ പ്രവിശ്യാഘടകങ്ങള്‍ ഒത്തുചേർന്നു.
1928 സെപ്തംബറില്‍ നടന്ന കൊമിന്റേണിന്റെ ആറാം കോണ്‍ഗ്രസ് ഇക്കാലത്താണ് രണ്ടാം കൊളോണിയല്‍ തിസീസുമായി രംഗത്തുവന്നത് എന്നതും അത് കോളനിവിരുദ്ധ പോരാട്ടങ്ങളെ സംബന്ധിച്ചിടത്തോളം വിഭാഗീയതയുടേതായ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. കോളനി രാജ്യങ്ങളില്‍ കൊളോണിയലിസത്തിനെതിരായ ഐക്യമുന്നണി പ്രവര്‍ത്തനങ്ങള്‍ തള്ളിക്കളയണമെന്നും പകരം തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപ്പടയെ പ്രതിനിധീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിക്കുന്ന പോരാട്ടമാണ് വേണ്ടതെന്നും അത് ആഹ്വാനം ചെയ്തു. അന്ന് കൊമിന്റേൺ അങ്ങനെ ചെയ്തത് അത്തരത്തിലുള്ള കോളനികളിലെ ബൂര്‍ഷ്വാസി, സാമ്രാജ്യത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ തയ്യാറാവുന്നു എന്ന ധാരണയുടെ അടിസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദേശീയ വിമോചന പോരാട്ടം നയിക്കുന്നതിനാവശ്യമായത്ര ശക്തമാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിലുമായിരുന്നു. ഒരുപക്ഷേ ഈ വിശകലനം ഉയര്‍ന്നുവന്നത് ചൈനയിൽ ദേശീയ ബൂര്‍ഷ്വാസിയെ പ്രതിനിധീകരിച്ചിരുന്ന കുമിന്താങ് അവിടുത്തെ ഐക്യമുന്നണിയെ പിന്നില്‍ നിന്ന് കുത്തുകയും പിൻവാങ്ങിക്കൊണ്ടിരുന്ന ചെെനീസ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി തിരിയുകയും ചെയ്തതിന്റെ അനുഭവത്തില്‍ നിന്നായിരിക്കും. ആറാം കോണ്‍ഗ്രസ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരോട് ഡബ്ല്യുപി പി യെ ഉപേക്ഷിക്കാനും പരസ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പ്രവര്‍ത്തിക്കാനും ഉപദേശിച്ചു.
ദേശീയ പ്രസ്ഥാനത്തിലുണ്ടായ ബഹുജന മുന്നേറ്റവും – അതായത് 1930– 34 ലെ സിവില്‍ നിയമലംഘന പ്രസ്ഥാനം –രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കുമെതിരായ മീററ്റ് ഗൂഢാലോചന കേസും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കുന്നതിനിടയാക്കി.
സമരങ്ങളുടെ വേലിയേറ്റം: 1928–32
കമ്യൂണിസ്റ്റുകാരുടെ അക്ഷീണമായ പ്രവര്‍ത്തനങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും (ആ ദശകത്തിലാദ്യം നിസ്സഹരണ പ്രസ്ഥാനം പിന്‍വലിച്ചതിനെ തുടർന്നുണ്ടായ പിന്നോട്ടടിക്കു ശേഷം) 1928ല്‍ തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ വലിയ വേലിയേറ്റത്തിനു സാക്ഷ്യംവഹിച്ചു. ഫാക്ടറികളിലെയും ചേരികളിലെയും തൊഴിലാളികളുമായി അടുത്ത ബന്ധമുള്ള ഒരു ഏകീകൃത നേതൃത്വം ഉയര്‍ന്നുവരികയും അത് വര്‍ഗസമരത്തിന്റെ തത്വങ്ങളാല്‍ നയിക്കപ്പെടുകയും ചെയ്തു. ഇതേവർഷം തുടക്കത്തില്‍ സൈമണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായി നടന്ന പ്രക്ഷോഭങ്ങളിലെ തൊഴിലാളികളുടെ വമ്പിച്ച പങ്കാളിത്തത്തിലാണ് ഇത് ആദ്യം ദൃശ്യമായത്. ആ വര്‍ഷം മുന്നോട്ടുപോകുമ്പോൾ സമരങ്ങളുടെ വേലിയേറ്റം കൂടുതല്‍ ശക്തമായി. ഒരു ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്, 1928 ഏപ്രില്‍ ഒന്നിനും 1929 മാര്‍ച്ച് 30നും ഇടയില്‍ ‘‘203 പൊതുപണിമുടക്കുകള്‍ നടക്കുകയും അതില്‍ 5,06,851 ആളുകള്‍ പങ്കെടുക്കുകയും ചെയ്തു എന്നും 1927–28ൽ നടന്ന 1,31,655 പേർ പങ്കെടുത്ത 129 പണിമുടക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ഉയർന്നതാണ് എന്നുമാണ്. 1928 –29ൽ മൊത്തം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങളുടെ എണ്ണം 3,16,47,404 ആണ്. ഇതാവട്ടെ, കഴിഞ്ഞ അഞ്ചുവര്‍ഷം നഷ്ടപ്പെട്ട ആകെ തൊഴില്‍ ദിനങ്ങളെക്കാള്‍ വളരെ കൂടുതലുമാണ്’.
ഉശിരൻ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രമായ വ്യവസായ നഗരമായ ബോംബെയില്‍, ആറുമാസം നീണ്ടുനിന്ന (1928 ഏപ്രില്‍ 26 മുതല്‍ ഒക്ടോബര്‍ 6 വരെ) ടെക്സ്റ്റൈല്‍ തൊഴിലാളികളുടെ പണിമുടക്ക് നടന്നു. ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള തന്ത്രമായി മില്ലുടമകൾ കൊണ്ടുവന്ന ‘മുതലാളിമാർക്കനുകൂലമായ പദ്ധതി’ പിൻവലിക്കണം എന്നതായിരുന്നു മുഖ്യ ഡിമാന്റ്. ഗിര്‍ണി കാന്‍ഗാര്‍ യൂണിയന്‍ (ലാല്‍ ബൗത) ആ വര്‍ഷം മെയ് മാസത്തിലാണ് രൂപീകരിക്കപ്പെട്ടത്. അതിന്റെ അംഗസംഖ്യ 324ല്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് 65,000 ആയി വര്‍ദ്ധിച്ചു. ബംഗാളില്‍ റെയില്‍വേ തൊഴിലാളികള്‍ നാലരമാസക്കാലം (1928 മാര്‍ച്ചു മുതല്‍ ജൂലൈ വരെ) പണിമുടക്ക് നടത്തി. ചണത്തൊഴിലാളികള്‍ ആറുമാസക്കാലമാണ് (1928 ജൂലൈ മുതല്‍ 1929 ജനുവരി വരെ) പണിമുടക്കിയത്. മദ്രാസില്‍ റെയില്‍വേ തൊഴിലാളികള്‍ ജൂലൈ മാസത്തില്‍ 10 ദിവസം പണിമുടക്കി; അത് കമ്യൂണിസ്റ്റ് നേതാക്കളെയെല്ലാം അറസ്റ്റു ചെയ്യുന്നതിനിടയാക്കി. സ്ത്രീ തൊഴിലാളികളും പണിമുടക്കുന്ന തൊഴിലാളികളുടെ കുടുംബാംഗങ്ങളും വന്‍തോതില്‍ ഈ സമരത്തില്‍ പങ്കെടുത്തു.
1928 ഡിസംബറില്‍ ഝരിയ സമ്മേളനത്തിൽ കുപ്രസിദ്ധമായ രണ്ട് ബില്ലുകൾ, അതായത് പൊതുസുരക്ഷാബില്ലും വ്യവസായ തർക്ക പരിഹാര ബില്ലും, പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏകദിന പൊതുപണിമുടക്കിന് ആഹ്വാനം നല്‍കി. ഈ ബില്ലുകള്‍ പാസാക്കിയാല്‍ അഖിലേന്ത്യാതലത്തില്‍ പണിമുടക്ക് നടത്തുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി. തൊഴിലാളികളുടെ നിരവധി സാർവദേശീയ സംഘടനകളുമായി അടുത്തബന്ധം രൂപപ്പെട്ടുവരുന്നുവെന്നും ഈ സമ്മേളനം നിരീക്ഷിക്കുകയുണ്ടായി.
കമ്യൂണിസ്റ്റുകാർ പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി കൂടുതൽ സമ്മർദ്ദം ചെലുത്തുകയും, പുത്രികാരാജ്യ പദവി മാത്രം ആവശ്യപ്പെടുകയും രാജ്യത്ത് കൂടുതൽ സമൂലമായ മാറ്റങ്ങൾക്കുവേണ്ടി പൊരുതാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന കോൺഗ്രസിനെ അവർ വിമർശിക്കുകയും ചെയ്ത കോൺഗ്രസ് കൽക്കട്ട സമ്മേളനത്തോടുകൂടിയാണ് ആ വർഷം അവസാനിച്ചത്. സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന അഭൂതപൂര്‍വ്വമായൊരു സംഭവം നൂറുക്കണക്കിന് സ്ത്രീകളടക്കം 50,000 ത്തിലേറെ തൊഴിലാളികള്‍ ഡബ്ല്യുപിപിയുടെ നേതൃത്വത്തില്‍ സമ്മേളന സ്ഥലത്തേക്കും അതിന്റെ പന്തലിലേക്കും നടത്തിയ പ്രകടനമായിരുന്നു. മഹാത്മാഗാന്ധിയടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആ യോഗത്തെ അഭിസംബോധന ചെയ്തു. പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം വെച്ചുകൊണ്ട് ഒരു പ്രമേയം ആ സമ്മേളനം അംഗീകരിച്ചു. ഔദ്യോഗിക സമ്മേളനത്തിൽ നടന്നതിന് തീര്‍ത്തും വിരുദ്ധമായ ഒന്നായിരുന്നു അത്!
1930കളുടെ തുടക്കത്തിലും ഈ പ്രവണത തുടര്‍ന്നു. 1931ല്‍ ഗവണ്‍മെന്റ് 203008 തൊഴിലാളികള്‍ ഏർപ്പെട്ട 166 വ്യവസായ തര്‍ക്കങ്ങള്‍ രേഖപ്പെടുത്തി. 1933 ൽ 164938 തൊഴിലാളികള്‍ ഏർപ്പെട്ട 146 വ്യവസായ തര്‍ക്കങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്. സമരങ്ങൾ വർധിച്ചുവരുമ്പോഴും, വർഗസമരങ്ങളെ ദുർബലപ്പെടുത്താനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങളോട് മല്ലിടുകയായിരുന്നു ട്രേഡ് യൂണിയൻ പ്രസ്ഥാനം. മീററ്റ് ഗൂഢാലോചന കേസിൽ ജയിലിലായ പ്രമുഖ കമ്യൂണിസ്റ്റുകാരുടെ അഭാവം മുതലെടുത്ത് എഐടിയുസിയിൽ നിന്നും വലതുപക്ഷം ഭിന്നിച്ചുപോയത് പ്രസ്ഥാനത്തെ താൽക്കാലികമായെങ്കിലും ദുർബലപ്പെടുത്തി.
ദേശീയ പ്രസ്ഥാനവുമായി ഐക്യപ്പെട്ടുകൊണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ കർഷക പ്രക്ഷോഭവും ശക്തിയാർജിച്ചു. ചില പ്രദേശങ്ങളിൽ ഈ സമരത്തിന്റെ കാര്യത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് സംശയാസ്പദമാണ്; കർഷകർക്കിടയിലെ വിപ്ലവകരമായ പ്രവണതകളെ തല്ലിക്കെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ, കോൺഗ്രസിന് 1928ലെ ബംഗാൾ കുടിയായ്മ (ദേഭഗതി) ബില്ലിനെതിരെ ഒരക്ഷരം മിണ്ടാനാവാത്ത അവസ്ഥ വന്നു. പഞ്ചാബിലും ഹിന്ദു മഹാസഭയുമായി ചേർന്നു കോൺഗ്രസ് ഹിന്ദുക്കളായ കൊള്ളപ്പലിശക്കാർക്കെതിരായ പ്രക്ഷോഭത്തെ എതിർത്തിരുന്നു.
സ്വാമി സഹജാനന്ദിന്റെ (പിന്നീട് അഖിലേന്ത്യ കിസാൻസഭയുടെ നേതാക്കളിലൊരാളായി മാറിയ) നേതൃത്വത്തിൽ ബീഹാറിലെ ചമ്പാരൻ, സരാൻ, മോൺഘിർ എന്നീ ജില്ലകളിൽ നടന്ന കർഷക മുന്നേറ്റത്തിൽ കോൺഗ്രസിന്റെ ഈ പങ്ക് വ്യക്തമായി. ആന്ധ്രയിലും ഗുജറാത്തിലെ ബർദോളിയിലുംപോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷക സമരങ്ങൾ നടന്നെങ്കിലും അത് തീരെ പരിമിതമായ രീതിയിലായിരുന്നു.
ഇവിടെ ശ്രദ്ധേയമായ കാര്യം ബ്രിട്ടീഷ് ഭരണാധികാരികളുടെ, കവരുകയും കൊള്ളയടിക്കുകയും ചെയ്യുകയെന്ന ചൂഷണാത്മക നയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തൊഴിലാളിവർഗവും കർഷകജനസാമാന്യവും നടത്തിയ തനതായ ഉശിരൻ പോരാട്ടങ്ങൾ സ്വാതന്ത്ര്യസമരത്തിലെ അവിഭാജ്യ ഭാഗമായിമാറി എന്നതാണ്; അത് ഇതിന് സുപ്രധാനമായൊരു മാനം നൽകി.
നിയമലംഘന പ്രസ്ഥാനവും ബ്രിട്ടീഷ് ഭരണാധികാരികളുടെ അടിച്ചമർത്തലും
1929 ഡിസംബറിൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനം പൂർണ സ്വരാജ് (സമ്പൂർണ സ്വാതന്ത്ര്യം) പ്രമേയം അംഗീകരിച്ചതിനുശേഷമാണ് രാജ്യമൊന്നാകെ സ്വാതന്ത്ര്യ സമരത്തിന് നിർണായകമായ ഊന്നൽ നൽകുമെന്ന് കണക്കാക്കുകയും അതിനുവേണ്ടി തയ്യാറെടുക്കുകയും ചെയ്തത്. ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാന്ദ്യം സൃഷ്ടിച്ച ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ജനതയ്ക്കുമേൽ കടുത്ത പ്രത്യാഘാതങ്ങളുളവാക്കിയത് ഇതിന് മൂർച്ചകൂട്ടി.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ മഹാത്മാഗാന്ധി മുന്നേറ്റത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം നൽകുകയും ചെയ്തെങ്കിലും അത് വിപ്ലവധാരകളാൽ സമ്പന്നമായിരുന്നു. ‘ഭീകരവാദ’ പ്രവർത്തനങ്ങൾ എന്ന് ബ്രിട്ടീഷുകാർ വിളിച്ച പ്രസിദ്ധമായ, ചിറ്റഗോങ് ആയുധപ്പുര പിടിച്ചെടുക്കലും അതിനെത്തുടർന്ന് 1930 ഏപ്രിലിൽ കുന്നുകൾക്കടുത്തുണ്ടായ സായുധ ഏറ്റുമുട്ടലും ധാക്കയിലെ പൊലീസ് ഐജിയുടെ കൊലപാതകവും അതേത്തുടർന്നുണ്ടായ കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ് ആക്രമണവും സോലാപൂരിലെ പ്രക്ഷോഭവും 1930 മെയിൽ പട്ടാള നിയമം അടിച്ചേൽപ്പിച്ചതും ഇതിലെല്ലാത്തിലും വച്ചേറ്റവും പ്രസിദ്ധമായ, ഭഗത് സിങ്ങിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും നേതൃത്വത്തിൽ നടന്ന വീരോചിത പ്രവർത്തനങ്ങളും അതിന്റെ പേരിൽ ഭഗത് സിങ്ങും രാജ്-ഗുരുവും സുഖ്ദേവും 1931 മാർച്ച് 23ന് തൂക്കിലേറ്റപ്പെട്ടതും വലിയ ചലനമുണ്ടാക്കി.
കമ്യൂണിസ്റ്റുകാരായിത്തീർന്ന
ധീരനായകർ
ഈ വിപ്ലവകാരികളിൽ ഭൂരിപക്ഷം പേരും ബ്രിട്ടീഷുകാർക്കെതിരായ, വ്യക്തിഗതമായ സായുധ ആക്രമണങ്ങളിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ നിന്നും സോഷ്യലിസ്റ്റ് ആശയത്തിലേക്കും കമ്യൂണിസത്തിലേക്കും തിരിഞ്ഞു എന്നത് രേഖപ്പെടുത്തേണ്ട വസ്തുതയാണ്. ഭഗത് സിങ് താനൊരു കമ്യൂണിസ്റ്റാണെന്നു തന്റെ എഴുത്തിലൂടെ വ്യക്തമാക്കിയിരുന്നു; ഹിന്ദുസ്ഥാൻ റിപ്പബ്ലിക് ആർമിയിലെ, അദ്ദേഹത്തിന്റെ സഖാക്കളായ പണ്ഡിറ്റ് കിഷോരിലാലിനെപ്പോലുള്ളവർ പിൽക്കാലത്ത് സിപിഐ അംഗങ്ങളായി. നാടുകടത്തപ്പെട്ട്, നരകക്കുഴി എന്ന് വിളിക്കപ്പെടുന്ന ആൻഡമാൻ സെല്ലുലാർ ജയിലിൽ 10 വർഷം കഴിയേണ്ടി വന്ന, ഭഗത് സിങ് ഗ്രൂപ്പിലെ അംഗമായ ശിവ വർമ, സോഷ്യലിസ്റ്റ് വിപ്ലവത്തിൽ ഭഗത് സിങ്ങിനുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ചും ലെനിനോടുണ്ടായിരുന്ന അഗാധമായ ആദരവിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. തന്റെ പല സഹതടവുകാരും ജയിൽ മോചിതരായതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളായതുപോലെ ശിവവർമയും പാർട്ടിയുടെ നേതൃത്വത്തിലേക്കെത്തി.
ഒട്ടുമിക്ക കേസുകളിലും ‘‘ഭീകരർ’’ എന്ന് മുദ്രകുത്തി യുവാക്കളെ ആൻഡമാൻ ജയിലിലടച്ചു. 1922 നും 1941 നുമിടയ്ക്ക് 415 രാഷ്ട്രീയ തടവുകാരെയാണ് അങ്ങേയറ്റം മനുഷ്യത്വരഹിതവും പ്രാകൃതവുമായ സാഹചര്യത്തിലുള്ള ആൻഡമാൻ നിക്കോബാർ ജയിലിലടച്ചത് എന്ന് കണക്കാക്കപ്പെടുന്നു. ഈ ധീരന്മാരിൽ വലിയൊരു ഭാഗവും കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1930 കളിൽ കമ്യൂണിസ്റ്റ് കൺസോളിഡേഷൻ എന്നറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് ജയിലിനുള്ളിൽ പ്രവർത്തനമാരംഭിച്ചു. ഒരു പഠന ഗ്രൂപ്പും ജയിലിനുള്ളിൽ രൂപീകരിക്കപ്പെട്ടു. ധീരമായി അവർ നടത്തിയ നിരാഹാര സമരത്തെത്തുടർന്ന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട സാഹിത്യമുൾപ്പെടെയുള്ള ചില സാഹിത്യകൃതികൾ ജയിലിനുള്ളിൽ ലഭ്യമാക്കണമെന്ന രാഷ്ട്രീയത്തടവുകാരുടെ ആവശ്യം ജയിലധികൃതരെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ വിജയിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ അലങ്കരിക്കുന്ന നിരവധി പേരുകളുണ്ട്. ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാൾ സുബോധ് റോയി ആയിരുന്നു. അദ്ദേഹവും മറ്റുള്ളവരും തങ്ങൾ ജയിലിൽ കഴിഞ്ഞ കാലത്തെക്കുറിച്ചും എങ്ങനെ കമ്യൂണിസ്റ്റായി മാറി എന്നതിനെക്കുറിച്ചും അവരുടെ രചനകളിൽ കൂടുതൽ വിശദാംശങ്ങൾ നൽകുന്നുണ്ട്. ഗണേഷ് ഘോഷ്, സതീഷ് പ്രകാഷി, ഗോപാൽ ആചാര്യ, ഭങ്കേശ്വർ റായി, അനന്ത സിങ്ങ്, സുധാംശു ദാസ് ഗുപ്ത, ഹരേ കൃഷ്ണ കോനാർ, ഡോ. നാരായൺ റോയി, നിരഞ്ജൻ സെൻ ഗുപ്ത എന്നിവർ ഇതിൽപ്പെടുന്നു. ഒടുവിൽ പറഞ്ഞിരിക്കുന്ന രണ്ടുപേർ സ്റ്റഡി ബോർഡിന്റെ സെക്രട്ടറിയായ ബിജോയ് കുമാർ സിൻഹയോടൊപ്പം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നതിനായുള്ള സ്റ്റഡി സർക്കിളിന് നേതൃത്വം നൽകിയവരാണ്.
ഏഴുവർഷം ജയിലിൽ കഴിഞ്ഞ കൽപന ദത്തും ആറു വർഷം തടവിൽ കഴിഞ്ഞ കമല ചാറ്റർജിയുമുൾപ്പെടെ, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന നിരവധി സ്ത്രീകൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
കടുത്ത അടിച്ചമർത്തലുകളും പീഡനങ്ങളും നേരിട്ടുകൊണ്ടിരുന്ന ഈ യുവതീ യുവാക്കളെ, വ്യക്തിഗതമായ വീരോചിത പ്രവർത്തനങ്ങളിലുള്ള തങ്ങളുടെ വിശ്വാസത്തിൽനിന്നും, സോഷ്യലിസം നേടുന്നതിനായുള്ള വർഗ – ബഹുജന പോരാട്ടത്തിലുള്ള വിശ്വാസത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിന്, സ്വാതന്ത്ര്യ സമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം പ്രചോദനാത്മകമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
കമ്യൂണിസ്റ്റുകാരുടെ വളർച്ചയിലും സ്വാധീനത്തിലും കടുത്ത ആശങ്കയുണ്ടായിരുന്ന ബ്രിട്ടീഷുകാർ മീററ്റ് ഗൂഢാലോചനക്കേസിലുൾപ്പെട്ട നേതാക്കളെ അതുകൊണ്ടുതന്നെ തിരഞ്ഞുപിടിച്ച് അറസ്റ്റു ചെയ്തു.
മീററ്റ് ഗൂഢാലോചനക്കേസ്, 1929
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്നാരോപിച്ച് 1929 മാർച്ച് 20ന്, 31 പ്രധാന കമ്യൂണിസ്റ്റ് തൊഴിലാളി നേതാക്കളെ ഒരേസമയം ആസൂത്രിതമായ നീക്കത്തിലൂടെ ഓഫീസുകളും വീടുകളും റെയ്ഡുചെയ്ത് അറസ്റ്റു ചെയ്തു. കുറ്റാരോപിതരിൽ 13 പേർ സിപിഐ അംഗങ്ങളായിരുന്നു. ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാരായ ഫിലിപ്പ് സ്-പ്രാറ്റും ബെഞ്ചമിൻ ബ്രാഡ്ലിയുമുൾപ്പെടെയുള്ള ചിലർ മറ്റു രാജ്യങ്ങളിൽനിന്നുള്ള കമ്യൂണിസ്റ്റുകാരായിരുന്നു. ബാക്കിയുള്ളവർ ട്രേഡ് യൂണിയൻ നേതാക്കളായിരുന്നു. 1933 ആഗസ്റ്റുവരെ നീണ്ടുനിന്ന വിചാരണ ഉത്തർപ്രദേശിലെ മീററ്റിൽ വച്ചാണ് നടന്നത്. ഈ സംഭവം കമ്യൂണിസ്റ്റുകാരുടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും മാത്രമല്ല, മറിച്ച് സ്വാതന്ത്ര്യസമരത്തിന്റെയാകെക്കൂടിയുള്ള അണിനിരത്തലുമായി മാറി.അത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ ആഴത്തിൽ വേരുറപ്പിച്ചു എന്ന് ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്തു.
3500 തൊണ്ടിമുതലുകൾക്കും 320 സാക്ഷികൾക്കുമൊപ്പം ഫോളിയോ സൈസിൽ അച്ചടിച്ച 25 വോള്യങ്ങളുള്ള വിശദമായ കേസാണ് ബ്രിട്ടീഷുകാർ തയ്യാറാക്കിയത്. എന്നാൽ ഇതിൽ പറഞ്ഞിട്ടുള്ളവരെല്ലാം തന്നെ, ഏതൊരു ജനാധിപത്യ രാജ്യത്തും ലഭ്യമായിട്ടുള്ള അവകാശമുപയോഗിച്ചുകൊണ്ട് തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്ന സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു ചെയ്തതെന്നാണ് തെളിവുകൾ വെളിപ്പെടുത്തിയത്.
മീററ്റ് വിചാരണയെ തങ്ങളുടെ ആശയങ്ങൾ പരസ്യപ്പെടുത്തുന്നതിനുള്ള ഒരു വേദി എന്ന നിലയിൽ ഉപയോഗിക്കാനാണ് കേസുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടവർ തീരുമാനിച്ചത്; അതിനായി 18 കമ്യൂണിസ്റ്റുകാർ ചേർന്ന് വിതരണം ചെയ്ത ഒരു സംയുക്ത ‘പൊതു പ്രസ്താവന’ ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ചലനം സൃഷ്ടിച്ചു. ഈ പ്രസ്താവന, വിചാരണയെ ‘വർഗ പോരാട്ടത്തിലെ ഒരധ്യായം’ എന്നാണ് വിശേഷിപ്പിച്ചത്; ദേശീയ സാഹചര്യം, തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങൾ, സ്ത്രീവിമോചനത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് ധാരണ, ദേശീയ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള അടവുകൾ എന്നിവയെയും കമ്യൂണിസത്തിന്റെ അടിസ്ഥാനാശയങ്ങളെയും കുറിച്ചും സമഗ്രമായ ഒരു വിശകലനം ഈ പ്രസ്താവന നൽകുകയുണ്ടായി. യഥാർത്ഥത്തിൽ ഇതായിരുന്നു സ്ത്രീപ്രശ്നത്തെയും സ്ത്രീവിമോചനത്തിന്റെ പാതയെയും സംബന്ധിച്ച മാർക്സിസ്റ്റ് ധാരണയെക്കുറിച്ചുള്ള പാർട്ടി നിലപാട് വ്യക്തമാക്കുന്ന ആദ്യത്തെ പ്രസ്താവന.
വിചാരണ നടപടികളും തടവുകാരുടെ പ്രസ്താവനകളും വ്യാപകമായ ഐക്യദാർഢ്യം ഉയർന്നുവരുന്നതിനിടയാക്കി. ഇതിന്റെ ഭാഗമായി മഹാത്മാഗാന്ധിയുൾപ്പെടെയുള്ള നിരവധി നേതാക്കൾ തടവുകാരെ സന്ദർശിക്കുകയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷുകാർക്ക് കത്തുകൾ എഴുതുകയും ചെയ്തു. തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടനിൽപോലും പ്രകടനങ്ങൾ നടന്നു. നിരവധി ഇന്ത്യൻ നഗരങ്ങളിൽ പണിമുടക്കുകളും പ്രതിഷേധങ്ങളും നിയമപ്പോരാട്ടം നടത്തുന്നതിനായി ഫണ്ടുശേഖരണവും നടന്നു. ഇതിൽ മുഖ്യ പങ്കുവഹിച്ചത് പ്രമുഖ കമ്യൂണിസ്റ്റ് ചരിത്രകാരനും സിപിജിബി അംഗവും ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ മാർഗദർശകനുമായിരുന്ന രജനി പാം ദത്തായിരുന്നു.
1933ൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ക്രൂരമായ വിധി, കുറ്റാരോപിതരിൽ 16 പേരെ വിവിധ കാലയളവിലേക്ക് നാടുകടത്തുകയും 11 പേരെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട എല്ലാവരും അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ‘‘ഈ ഗൂഢാലോചന അപ്രായോഗികമാണെന്നും അത് ലക്ഷ്യത്തിലെത്തിക്കുകയെന്നത് അസാധ്യമാണെന്നും’’ കോടതി വിധിച്ചു. അതുപ്രകാരം കുറ്റാരോപിതരിൽ 11 പേരെയും കുറ്റവിമുക്തരാക്കുകയും മറ്റുള്ളവരുടെ ശിക്ഷാകാലാവധി കുറയ്-ക്കുകയും ചെയ്തു. കുറ്റാരോപിതർ 4 വർഷം ജയിൽ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നതിനാൽ 1933ൽ അവരെയെല്ലാം വിട്ടയച്ചു.
ബ്രിട്ടീഷുകാർ, ആഗ്രഹിച്ചതുപോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തുടച്ചുനീക്കുക എന്നതിനു വിരുദ്ധമായി മീററ്റ് വിചാരണ, കമ്യൂണിസ്റ്റുകാർക്ക് പുത്തനൊരൂർജം നൽകുകയും പ്രസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിന് – സംഘടനാപരവും പ്രക്ഷോഭപരമായും – ചവിട്ടുപടിയായി മാറുകയും ചെയ്തത് വരുംവർഷങ്ങളിൽ തെളിയിക്കപ്പെട്ടു.
കരട് പ്രവർത്തന
പരിപാടി, 1930
അറസ്റ്റിലായ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ജയിലിലായിരിക്കവെ തന്നെ 1929ലെ ടെക്സ്റ്റൈൽ പണിമുടക്കുപോലെയുള്ള നിരവധി ശ്രദ്ധേയമായ പോരാട്ടങ്ങൾ നടന്നു. പത്രപ്രസിദ്ധീകരണവും തുടർന്നു; 1933ൽ സിപിഐ കൽക്കട്ട കമ്മിറ്റിയുടെ നേതൃത്വത്തിൻകീഴിൽ കൽക്കട്ട ഗണശക്തി പബ്ലിഷിങ് ഹൗസ് ആരംഭിച്ചു. അതിനിടെ 1930 ൽ, സിപിഐ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും വിപ്ലവപരമായ പരിവർത്തനത്തിന്റെ അനിവാര്യതയ്ക്കായി വാദിക്കുകയും ചെയ്യുന്ന ഒരു കരട് പ്രവർത്തന പരിപാടി പ്രസിദ്ധീകരിച്ചു. ഇത് ഇന്ത്യയിലെ വിപ്ലവ പോരാട്ടത്തെ തൊഴിലാളിവർഗത്തിന്റെ സാർവദേശീയ പോരാട്ടങ്ങളുമായി കണ്ണിചേർക്കുകയും ചെയ്തു. എന്നിരുന്നാലും, ദേശീയ പരിഷ്കരണവാദികൾക്കെതിരായ പോരാട്ടമെന്ന ധാരണ തുടരുകയും അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിനെതിരായ ഐക്യമുന്നണി എന്ന ആശയം തിരസ്കരിക്കുകയും ചെയ്തു. ഈ തെറ്റായ ധാരണയാണ് കമ്യൂണിസ്റ്റുകാരെയും അക്കാലത്ത് ഏറെക്കുറെ മുഖ്യധാരയിൽ നിന്നും അകറ്റിനിർത്താൻ കാരണമായത്.
അടുത്ത തലമുറ
കമ്യൂണിസ്റ്റ് നേതാക്കൾ
അനേക വർഷങ്ങളായുള്ള മൂർച്ചയേറിയ പോരാട്ടങ്ങളുടെ ഇക്കാലയളവിലെ ശ്രദ്ധേയമായ വശം, ഉയർന്നുവന്നുകൊണ്ടിരുന്ന നിരവധി കമ്യൂണിസ്റ്റുകാർ ഈ പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ജയിലിൽ പോകുകയും മറ്റു വിപ്ലവകാരികളുമായി ആശയസംവാദം നടത്തുകയും ചെയ്തതിലൂടെ, പിൽക്കാലത്ത് മുഖ്യ പങ്കുവഹിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ ഒരു പുതുതലമുറ നേതാക്കൾ ഉയർന്നുവന്നു എന്നതാണ്. ആന്ധ്രയിൽ നിന്ന് പി സുന്ദരയ്യ, സി രാജേശ്വർറാവു, കംഭംപട്ടി സത്യനാരായണ; കേരളത്തിൽനിന്ന് ഇ എം എസ് നമ്പൂതിരിപ്പാട്, എ കെ ഗോപാലൻ, പി കൃഷ്ണപിള്ള; പഞ്ചാബിൽ നിന്ന് ഹർകിഷൻസിങ് സുർജിത്ത്, സോഹൻ സിങ് ജോഷ്; തമിഴ്നാട്ടിൽനിന്ന് ജീവാനന്ദം, പി രാമമൂർത്തി; ബംഗാളിൽനിന്ന് ബങ്കിം മുഖർജി, അബ്ദുൾ റസാഖ് ഖാൻ, ബിനോയ് ചൗധരി, സോമനാഥ് ലാഹിരി, ഭൂപേഷ് ഗുപ്ത, സരോജ് മുഖർജി; ബോംബെയിൽ നിന്ന് ബി ടി രണദിവെ, എസ് ജി സർദേശായി; നോർത്ത് ഈസ്റ്റിൽനിന്നും അജയ്ഘോഷ്, പി സി ജോഷി, ജി അധികാരി, ഇരാവദ് സിങ്, അചിന്ത്യ ഭട്ടാചാര്യ. ഇവരെക്കൂടാതെ മറ്റ് നിരവധി പേരും ഉണ്ടായിരുന്നു.ബ്രിട്ടനിൽ വിദ്യാർഥിയായിരുന്ന ജ്യോതിബസു ഇന്ത്യയിലേക്ക് തിരിച്ചുവന്ന് 1940ൽ പാർട്ടിയിൽ ചേർന്നു.
1934ൽ സിപിഐയെ നിരോധിച്ചു
1933 ഡിസംബറിൽ കൂടിയാലോചനകൾക്കായി കൽക്കട്ടയിൽ വിളിച്ചുചേർത്ത കമ്യൂണിസ്റ്റുകാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ, ജയിൽമോചിതരായ മീററ്റ് നേതാക്കളും ജയിലിനുപുറത്ത് പ്രവർത്തനം തുടരുകയായിരുന്നവരും പങ്കെടുത്തു. സമ്മേളനം ഒരു താൽക്കാലിക കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു; പ്രസ്ഥാനത്തെ നയിക്കുന്നതിനായി ഒരു കേന്ദ്രീകൃത പാർട്ടി കെട്ടിപ്പടുക്കുന്നതിന് ഊന്നൽ നൽകുന്ന കരട് രാഷ്ട്രീയ തീസിസ് സമ്മേളനം അംഗീകരിച്ചു; ദേശീയ ബൂർഷ്വാസിക്ക് സാമ്രാജ്യത്വവുമായി വൈരുദ്ധ്യങ്ങളും ജനങ്ങളിൽ ഗണ്യമായ സ്വാധീനവുമുണ്ടെന്ന് ഈ സമ്മേളനം അംഗീകരിച്ചു. ഇത് മുൻകാല നിലപാടുകളിൽ അംഗീകരിക്കാത്ത കാര്യമായിരുന്നു. അതുവരെ അംഗീകരിക്കാതിരുന്നത്, ഇതോടെ സമരങ്ങളുടെ പുതിയ ഘട്ടം തുറന്നു.
കൊൽക്കത്ത സമ്മേളനം കഴിഞ്ഞ്- ഏതാനും മാസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റ് പാർട്ടിയെ വീണ്ടും അടിച്ചമർത്താൻ തീരുമാനിക്കുകയും 1934 ജൂലൈയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. നിരോധനമുണ്ടായിരുന്നിട്ടും കമ്യൂണിസ്റ്റുകാർ സംഘടനാശൃംഖല വിപുലമാക്കുകയും നിലവിലെ സെന്ററുകൾ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നത് തുടർന്നു.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
1934 ൽ പട്-നയിൽവച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സിഎസ്-പി) രൂപീകരിക്കപ്പെട്ടു. ഈ സമ്മേളനത്തിനു മുൻപുതന്നെ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും മറ്റ് ഇടതുപക്ഷ വിഭാഗങ്ങളും ബോംബെയിലും കൽക്കട്ടയിലും കേരളത്തിലും മറ്റു പ്രവിശ്യകളിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഘടകങ്ങൾ രൂപീകരിച്ചിരുന്നു. കേരളത്തിൽ ഇ എം എസ് നമ്പൂതിരിപ്പാടും പി കൃഷ്ണപിള്ളയുമാണ് സിഎസ്-പിയുടെ പ്രവർത്തനത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചത്. തമിഴ്നാട്ടിലെ ഐതിഹാസിക വനിതാകമ്യൂണിസ്റ്റ് നേതാവ് കെ പി ജാനകിയമ്മ സിഎസ്-പിയുടെ ഭാഗമായിരുന്നു; ഗുജറാത്തിൽ ദിനകർ മേത്തയായിരുന്നു പ്രധാന പങ്കുവഹിച്ചത്.
കോൺഗ്രസ്സിനുള്ളിൽ പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റുകളുടെ പാർട്ടിയാണിതെന്നും കോൺഗ്രസിനെ സോഷ്യലിസത്തിന്റെ പാതയിലേക്ക് നയിക്കാൻ ശ്രമിക്കുകയാണിതിന്റെ ദൗത്യമെന്നുമാണ് സിഎസ്-പിയുടെ പ്രസ്താവന പ്രഖ്യാപിച്ചത്. സിഎസ്-പിയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ജയപ്രകാശ് നാരായൺ.
സാമ്രാജ്യത്വ വിരുദ്ധ വിശാലമുന്നണി
ഈ കാലത്തായിരുന്നു പ്രവർത്തനത്തിന്റെ പുനഃക്രമീകരണം നടപ്പിലാക്കിയത്; വിശാലമായ സാമ്രാജ്യത്വ വിരുദ്ധമുന്നണി കെട്ടിപ്പടുക്കുന്നതിനായി കമ്യൂണിസ്റ്റുകാർ കോൺഗ്രസിനുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ‘‘നാഷണൽ ഫ്രണ്ട്’’ എന്ന പേരിൽ പാർട്ടി ഒരു പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി.
ഈ മാറ്റം ആവശ്യമായി വന്നത് ലോകത്തുടനീളം ഫ-ാസിസം വളർന്നുകൊണ്ടിരുന്നതിനാലാണ്; ഈ വെല്ലുവിളി നേരിടത്തക്കവിധമുള്ള ഒരു സാമ്രാജ്യത്വവിരുദ്ധ മുന്നണി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി അനുഭവപ്പെടുകയുംചെയ്തു. ഇറ്റലിയിലും ജർമനിയിലും മുസോളിനിയും ഹിറ്റ്ലറും അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ (കോമിന്റേൺ) ഐതിഹാസിമായ ഏഴാം കോൺഗ്രസ് 1935ൽ ചേർന്നു; പ്രമുഖ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള പ്രതിനിധികൾ അതിൽ പങ്കെടുത്തു. സമ്മേളനം അവരുടെയാകെ അനുഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്തു; ഒപ്പം ജർമനിയിലും ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലും മറ്റും ഫാസിസത്തിനെതിരായി നടക്കുന്ന സമരങ്ങളെക്കുറിച്ചും സമ്മേളനം ഗൗരവപൂർവം ചർച്ച ചെയ്തു. ദേശീയ വിമോചന പ്രസ്ഥാനങ്ങളെക്കുറിച്ചും അത് ചർച്ച ചെയ്തു. ലോകവ്യാപകമായി ഫാസിസത്തിനെതിരെ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ഒരാഹ്വാനമാണ് സമ്മേളനം പുറപ്പെടുവിച്ചത്. ആ കാലമായപ്പോൾ സിപിഐ കോമിന്റേണിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. l
ബഹുജന സംഘടനകളുടെ രൂപീകരണവും സാമൂഹ്യപരിഷ്കാരവും
പുതിയൊരു തന്ത്രത്തിന്റെ പിൻബലത്തോടെയും കൂടുതൽ നന്നായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പാർട്ടിയിൽ സജ്ജമാക്കപ്പെട്ടും രാജ്യത്തെ കമ്യൂണിസ്റ്റുകാർ വിവിധ മണ്ഡലങ്ങളിൽ വ്യാപകമായ പ്രവർത്തനത്തിലേർപ്പെട്ടു. ലോകത്തുടനീളം യുദ്ധാന്തരീക്ഷം ഉയർന്നുവരികയും സെെനികവത്-കരണം നടന്നുകൊണ്ടിരിക്കുകയും ചെയ്തപ്പോൾപോലും ജനകീയസമരങ്ങളുടേതായ വലിയൊരു മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയായിരുന്നു; കമ്യൂണിസ്റ്റുകാരായിരുന്നു അതിൽ പ്രമുഖ പങ്കുവഹിച്ചത്.
1936ൽ രണ്ട് പ്രധാനപ്പെട്ട സംഘടനകൾ രൂപീകരിക്കപ്പെട്ടു–അഖിലേന്ത്യാ കിസാൻ സഭയും (എഐകെഎസ്) അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷനും (എഐഎസ്എഫ്).
അഖിലേന്ത്യാ കിസാൻ സഭ
കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനവും ഇടതുപക്ഷത്തിന്റെ വളർച്ചയും കർഷകർക്കിടയിൽ ഗണ്യമായ സ്വാധീനമുണ്ടാക്കി. തങ്ങളുടേതായ ഒരു സ്വതന്ത്ര വർഗസംഘടനയ്ക്ക് രൂപം നൽകുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതുകയും ചെയ്യുകയെന്ന കാഴ്ചപ്പാടോടെ കർഷകർ പ്രവർത്തിക്കാനാരംഭിച്ചു. കിസാൻസഭയ്ക്കുപിന്നിൽ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് കർഷകജനസാമാന്യത്തിന്റെ പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിന്റെ മുൻനിരയിൽ കമ്യൂണിസ്റ്റുകാരായിരുന്നു; 1936ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കുന്നതിനുമുൻപായി വിവിധ സംസ്ഥാനതല സംഘടനകൾ രൂപീകരിക്കപ്പെട്ടു. ഈ ഘട്ടത്തിൽ ബീഹാർ, ബംഗാൾ, പഞ്ചാബ്, സിന്ധ്, ആന്ധ്ര, മലബാർ (കേരളം), സുർമ താഴ്-വര (ആസാം) തുടങ്ങിയ പ്രദേശങ്ങളിൽ കൊള്ളനികുതി ഈടാക്കുന്നതിനും ചൂഷണത്തിനുമെതിരെ കർഷകരുടെ കൂറ്റൻ സമരങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചു. മറ്റെല്ലാ കർഷകസമരങ്ങളിലുമെന്നപോലെ ഇവയിലും സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തമുണ്ടായിരുന്നു; അവർ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. കർഷകരെ സംഘടിപ്പിക്കുന്നതിലും അവരെ സമരങ്ങളിൽ അണിനിരത്തുന്നതിലും കമ്യൂണിസ്റ്റ്- നേതാക്കൾ സോഷ്യലിസ്റ്റുകളുമായി ഒത്തുചേർന്നു.
അഖിലേന്ത്യാ കിസാൻ സഭയുടെ സ്ഥാപകസമ്മേളനം, ‘‘സാമ്പത്തികചൂഷണത്തിൽ നിന്നും കർഷകരെ പൂർണമായി മോചിപ്പിക്കലും കർഷകർക്കും തൊഴിലാളികൾക്കും മറ്റെല്ലാ ചൂഷിത ജനവിഭാഗങ്ങൾക്കും സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരം നേടിയെടുക്കലുമാണ്’’ സംഘടനയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. സ്വാമി സഹജാനന്ദ സരസ്വതിയെ ആദ്യപ്രസിഡന്റായും സോഷ്യലിസ്റ്റായ എൻജി രംഗയെ ആദ്യ ജനറൽ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു. വളരെ പ്രധാനപ്പെട്ട രണ്ട് പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഒന്നാമത്തേത്, നാനാരൂപങ്ങളിൽ നിലനിൽക്കുന്ന ഭൂപ്രഭുത്വത്തെ നിർമാർജനം ചെയ്യുകയും ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുകയും ചെയ്യുകയെന്ന് ആവശ്യപ്പെടുന്നതായിരുന്നു. റയത്-വാരി പ്രദേശങ്ങളിലെ ഭൂനികുതി വ്യവസ്ഥയിൽ മൗലികമായ മാറ്റം വേണമെന്നും ക്രമമായി ഭാഗിക്കുന്ന ഒരു നികുതി സമ്പ്രദായം നടപ്പാക്കണമെന്നും ദരിദ്രകർഷകരെ ഭൂനികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. കമ്യൂണിസ്റ്റ്–സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനമാണ് ഇൗ ലക്ഷ്യങ്ങളും പ്രമേയങ്ങളും അംഗീകരിക്കുന്നതിനിടയാക്കിതെന്ന കാര്യം വ്യക്തമാണ്. ഈ സമരത്തിൽ ശക്തമായ തൊഴിലാളി–കർഷക ഐക്യം കെട്ടിപ്പടുത്തുകൊണ്ട്-, സാമ്രാജ്യത്വ വിരുദ്ധപ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ശേഷിയുള്ള വർഗമെന്ന നിലയിൽ തൊഴിലാളിവർഗത്തെ മുന്നോട്ടുകൊണ്ടുവരികയെന്ന അടവാണ് കമ്യൂണിസ്റ്റുകാർക്ക് വഴികാട്ടിയായത്. ഏതാനും വർഷങ്ങൾക്കുള്ളിൽ എഐകെഎസ് മെമ്പർഷിപ്പ് 5.5 ലക്ഷമായി വർധിച്ചു.
അഖിലേന്ത്യാ
വിദ്യാർഥി ഫെഡറേഷൻ
(എഐഎസ്എഫ്)
വ്യത്യസ്ത ധാരകളിൽനിന്നുള്ള എല്ലാ വിഭാഗം വിദ്യാർഥികളും എഐഎസ്എഫിൽ ചേർന്നു; 1936ൽ ജവഹർലാൽ നെഹ്റുവാണ് ഇതിന്റെ ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്തത്.
റഷ്യൻ വിപ്ലവത്തെ സംബന്ധിച്ച സാഹിത്യം, സോഷ്യലിസം മൂലമുണ്ടായ പുരോഗതികൾ, ഭഗത് സിങ്ങിനെപ്പോലെയുള്ള ഇന്ത്യൻ വിപ്ലവകാരികളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് യുവജനങ്ങൾക്കിടയിൽ അളവറ്റ സ്വാധീനമുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരുടെ സ്വാധീനം മനസ്സില്ലാമനസ്സോടെയാണെങ്കിലും കോൺഗ്രസും അംഗീകരിച്ച ഒരു വസ്തുതയായിരുന്നു; ബ്രിട്ടീഷുകാരാകട്ടെ കമ്യൂണിസ്റ്റുകാരുടെ സ്വാധീനത്തെ വളരെയേറെ ഉത്കണ്ഠയോടെയാണ് വീക്ഷിച്ചത്.
1936ൽ എഐഎസ്എഫ് രൂപീകരിക്കുന്നതിനും മുൻപുതന്നെ വിവിധ പ്രദേശങ്ങളിൽ ജില്ലാ തലങ്ങളിലും സംസ്ഥാനതലങ്ങളിലുമുള്ള സംഘടനകളിലൂടെ കമ്യൂണിസ്റ്റുകാർ വിദ്യാർഥികളെയും യുവജനങ്ങളെയും സജീവമായി സംഘടിപ്പിച്ചിരുന്നു.
ഭഗത് സിങ്ങും അദ്ദേഹത്തിന്റെ സഹചാരികളും ചേർന്ന് രൂപീകരിച്ച നവ്ജവാൻ ഭാരത് സഭ പഞ്ചാബ് പ്രദേശത്തെ വലിയൊരു വിഭാഗം യുവജനങ്ങളെയും വിദ്യാർഥികളെയും ആകർഷിച്ചു.
മദ്രാസ് പ്രസിഡൻസിയിൽ സമ്പൂർണ സ്വാതന്ത്ര്യം കെെവരിക്കുകയെന്ന ലക്ഷ്യത്തോടെ 1935ൽ റാഡിക്കൽ യൂത്ത് കോൺഫറൻസ് ചേർന്നു. ആന്ധ്രയിലും കർണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലും മദ്രാസ് നഗരത്തിലും ഇതിന്റെ പ്രാദേശിക ലീഗുകൾ സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ആഭ്യന്തരവകുപ്പ് റിപ്പോർട്ടുകൾ ഈ പ്രതിഭാസത്തെക്കുറിച്ച് ജാഗത്രയോടെ വ്യക്തമാക്കിയിരുന്നു; ‘മദ്രാസ് പ്രസിഡൻസിയിലെ നിരവധി വിദ്യാർഥികളിൽനിന്ന് ഒട്ടേറെ കമ്യൂണിസ്റ്റ് സാഹിത്യം കണ്ടെടുത്തു’വെന്ന് പ്രസ്താവിക്കുന്ന ആ റിപ്പോർട്ട് ആഭ്യന്തരവകുപ്പിനു കീഴിലുള്ള സംവിധാനങ്ങൾക്കാകെ ജാഗ്രതാ നിർദേശം നൽകി. യുവ തൊഴിലാളി യൂണിയന്റെ രൂപീകരണത്തിന് അമീർ ഹെെദർഖാൻ നേതൃത്വം നൽകി. മദ്രാസിലെ വിദ്യാർഥികളെയും യുവജനങ്ങളെയും സംഘടിപ്പിക്കുന്നതിന് സോദര സമിതി (സാഹോദര്യ സംഘടന)യ്ക്ക് രൂപം നൽകാൻ സുന്ദരയ്യ മുന്നിൽനിന്ന് പ്രവർത്തിച്ചു. പിന്നീട്, 1935ൽ ആന്ധ്രാസംസ്ഥാന യുവജന സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
സി.രാജേശ്വര റാവുവിനെ പോലെയുള്ള നേതാക്കൾ തന്റെ സഖാക്കളുമായി ചേർന്ന് 1931 ൽ ബനാറസ് യൂണിവേഴ്സിറ്റിയിൽ യങ് കമ്യൂണിസ്റ്റ് ലീഗിന് രൂപം നൽകി. അവർ ആ സർവകലാശാലയിൽ സ്ഥിരമായി സ്റ്റഡി സർക്കിളുകൾ സംഘടിപ്പിച്ചു; ഇതിനുപുറമെ കായികാഭ്യാസങ്ങളും സംഘടിപ്പിച്ചിരുന്നു. പല സന്ദർഭങ്ങളിലും അവർക്ക് ആർഎസ്എസുമായും അതിന്റെ വർഗീയ രാഷ്ട്രീയവുമായും ഏറ്റുമുട്ടേണ്ടതായും വന്നിട്ടുണ്ട്.
മറ്റൊരു പ്രധാന നടപടി 1939ൽ പ്രത്യേക വിദ്യാർഥിനി കമ്മിറ്റിക്ക് രൂപംകൊടുത്തുകൊണ്ട് വിദ്യാർഥിനികളെ സംഘടിപ്പിച്ചതാണ്. ഇതിന്റെ ആദ്യ കൺവീനർമാരിലൊരാളായിരുന്നു കനക് ദാസ് ഗുപ്ത (പിന്നീട് കനക് മുഖർജി എന്നറിയപ്പെട്ടു); ഇവർക്കൊപ്പം കൽപ്പന ദത്തും വിദ്യാർഥിനി കമ്മിറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നു.
എഐഎസ്എഫിന്റെ കാഴ്ചപ്പാടും നയങ്ങളും പൊതുവിലുള്ള സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതായിരുന്നു; ഒപ്പം കമ്യൂണിസ്റ്റ്– സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനവും അതിലുണ്ടായിരുന്നു. സമ്പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടിയും വിദ്യാർഥിസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയുമുള്ള ആവശ്യങ്ങൾ ഉയർത്തുന്നതിനുപുറമേ, സ്പോർട്സ്, സ്റ്റഡി ക്ലാസുകൾ, നിശാപാഠശാലകൾ, ലെെബ്രറികൾ, വാർഷികദിനാചരണങ്ങൾ, വളന്റിയർ സംഘടന, വിദ്യാഭ്യാസ വികസനം, തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഗവൺമെന്റിൽ സമ്മർദം ചെലുത്തൽ, പട്ടികജാതി വിദ്യാർഥികളുടെ അവകാശങ്ങൾക്കായുള്ള സമരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതായിരുന്നു അതിന്റെ പ്രധാന പ്രവർത്തനങ്ങൾ.
വനിതാ സംഘങ്ങൾ രൂപീകരിച്ചു
പാർട്ടിയിൽ ചേരുന്ന വനിതാ വിപ്ലവകാരികളുടെ എണ്ണം വർധിച്ചുവന്ന കാലഘട്ടമായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്. ദേശീയസമരത്തിൽ സ്ത്രീകളുടെ വൻതോതിലുള്ള പങ്കാളിത്തത്തിന് ആവേശം നൽകിയത് ഗാന്ധി ആയിരുന്നു; അഭൂതപൂർവമായത്ര എണ്ണം സ്ത്രീകൾ പങ്കെടുത്തുവെന്നു മാത്രമല്ല, അവർ പൊലീസ് ലാത്തിചാർജും വെടിയുണ്ടകളും നേരിട്ടുകൊണ്ട് വലിയ ത്യാഗങ്ങൾ സഹിക്കുകയും ചെയ്തു. അതേസമയം തന്നെ തൊഴിലാളികളുടെയും കർഷകരുടെയും ചെറുപ്പക്കാരുടെയും വർഗസമരങ്ങളിലും സ്ത്രീതൊഴിലാളികളുടെ ഗണ്യമായ പങ്കാളിത്തമുണ്ടായിരുന്നു. ഇതിൽ ആദ്യ പേരുകാരിൽ ഒരാൾ സന്തോഷ് കുമാരി ദേവി ആയിരുന്നു; അവർ ബംഗാളിലെ ചണത്തൊഴിലാളികളെ സംഘടിപ്പിച്ചു; 1920ൽ എഐടിയുസി രൂപീകരിക്കപ്പെട്ടപ്പോൾ അവർ അതിന്റെ നേതാവുമായി. ആദ്യകാലത്തെ മിക്കവാറും എല്ലാ കമ്യൂണിസ്റ്റ് വനിതകളും ഈ പ്രസ്ഥാനങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ടവരായിരുന്നു. ആദ്യം ചേർന്നവരിൽ (1930 ലാണെന്നാണ് പറയപ്പെുന്നത്) ഒരാൾ വിവേകാനന്ദന്റെ ഇളയ സഹോദരി സുഹാസിനി ചതോപാധ്യായ ആയിരുന്നു. കൽപന ദത്ത്, ശാന്തി ഘോഷ്, സുനിതി ചൗധരി, ബീന ദാസ് എന്നിവരുൾപ്പെടെ പല സായുധ സംഘങ്ങളിലെയും ധീരനായികമാർ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1930കളിലും 1940കളുടെ തുടക്കത്തിലും പല സംസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് പ്രചോദനംനേടിയ സ്ത്രീകൾ മഹിളാസംഘങ്ങൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ‘‘രാഷ്ട്രീയ നേതാക്കളെ ജയിൽ മോചിതരാക്കുക’’ എന്ന കാംപെയ്നിൽ കമ്യൂണിസ്റ്റുകാരായ വനിതകൾ ശ്രദ്ധേയമായ മുൻകെെയെടുത്തു; അതിന് വലിയ ജനപിന്തുണയും ലഭിച്ചു.
ബംഗാളിൽ ആത്മരക്ഷാ സമിതിയും പഞ്ചാബിൽ സ്ത്രീകളുടെ സ്വയം ചെറുത്തുനിൽപ്പ് (Self Defence) ലീഗും കേരളത്തിൽ അഖില കേരള മഹിളാസംഘവും രൂപീകരിക്കപ്പെട്ടു. കേരളത്തിൽ നമ്പൂതിരിമാരെയും ഈഴവരെയുംപ്പോലെയുള്ള സമുദായങ്ങൾക്കുള്ളിൽ ജാതി വിരുദ്ധ പ്രസ്ഥാനങ്ങളിലെ നിരവധി പേരും ദളിത് സമുദായങ്ങളിലുള്ളവരുമായ ഒട്ടേറെ സ്ത്രീകൾ ഉൽപ്പതിഷ്ണു നിലപാടുകളിലെത്തിച്ചേരുകയും പിന്നീട് കമ്യൂണിസ്റ്റുകാർ ആരംഭിച്ച സ്റ്റഡി സ്കൂളിൽ വിദ്യാർഥിനികളെയും സ്ത്രീകളെയും ഉൾപ്പെടുത്തി; അവരിൽ പലരും മഹിളാ സംഘങ്ങളുടെ രൂപീകരണത്തിന് മുൻകെെയെടുത്തു. തമിഴ്നാട്ടിൽ, ജനനായക മാധർ സംഘങ്ങൾ രൂപീകരിക്കപ്പെട്ടു. അതുപോലെ തന്നെ, മഹാരാഷ്ട്രയിൽ സ്ത്രീകളുടെ സംഘങ്ങൾ വലിയതോതിൽ സ്ത്രീകളെ അവരുടെ ഡിമാൻഡുകൾക്കുപിന്നിൽ അണിനിരത്തുന്നതിലും സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളാക്കുന്നതിലും വലിയ പങ്കുവഹിച്ചു.
കമ്യൂണിസ്റ്റു പാർട്ടിയിൽ ചേർന്ന വനിതാ പ്രവർത്തകർ വിവിധ മതങ്ങളിലും സമുദായങ്ങളിലുമുള്ളവരായിരുന്നു. പാർട്ടി ഒളിവിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടങ്ങളിലാകെ അഥവാ പാർട്ടി നിരോധിക്കപ്പെട്ടിരുന്ന സുദീർഘമായ വർഷങ്ങളിലാകെ പാർട്ടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ കമ്യൂണിസ്റ്റുകാരായ സ്ത്രീകൾ ധീരോദാത്തമായ പങ്കുവഹിച്ചു. 1929ൽ രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ വിമെൻസ് കോൺഫറൻസിലും കമ്യൂണിസ്റ്റുകാരായ സ്ത്രീകൾ പ്രവർത്തിച്ചിരുന്നു. 1940കളിൽ ഹിന്ദു നിയമപരിഷ്കരണത്തിനായുള്ള പ്രചാരണത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നത് കമ്യൂണിസ്റ്റുകാരായ സ്ത്രീകളാണ്.
ആൾ ഇന്ത്യാ പ്രോഗ്രസീവ്
റൈറ്റേഴ്സ് അസോസിയേഷൻ
അതിസമർഥരായ ബുദ്ധിജീവികളും ചരിത്രകാരരും ശാസ്ത്രജ്ഞരും എഴുത്തുകാരും കവികളുമെല്ലാം കമ്യൂണിസ്റ്റുപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായി. അവരിൽ ചിലർ ആജീവനാന്ത അനുഭാവികളായി തുടർന്നു; മറ്റു ചിലർ കമ്യൂണിസ്റ്റു പാർട്ടിയുടെ സജീവ അംഗങ്ങളായും മാറി.
1936ൽ രൂപീകരിക്കപ്പെട്ട ആൾ ഇന്ത്യാ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ (എഐപിഡബ്ല്യുഎ) വിശാലാടിസ്ഥാനത്തിലുള്ള ഒരു വേദിയായിരുന്നു; അതിൽ ക്രമേണ കമ്യൂണിസ്റ്റ് സ്വാധീനം വളർന്നുവന്നു. മാക്സിം ഗോർക്കിയും യൂറോപ്പിലെ പുരോഗമന വാദികളായ മറ്റ് എഴുത്തുകാരും നേതൃത്വം നൽകിയിരുന്ന ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരുടെ സംഘടനയിൽനിന്നും ആവേശം ഉൾക്കൊണ്ടാണ് അത് രൂപീകരിക്കപ്പെട്ടത്. കമ്യൂണിസ്റ്റുകാർ മുൻ കെെയെടുത്ത് രൂപീകരിച്ച സംഘടനയ്ക്ക് രവീന്ദ്രനാഥ ടാഗോറിന്റെയും സരോജിനി നായിഡുവിന്റെയും മുൻഷി പ്രേംചന്ദിന്റെയും രാജ്യത്തെ സമുന്നതരായ മറ്റ് എഴുത്തുകാരുടെയും അനുഗ്രഹാശംസകളുണ്ടായിരുന്നു. തുടർന്ന് രൂപീകരിച്ച മറ്റൊരു വേദിയായിരുന്നു ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ–IPTA); നാടക–ചലച്ചിത്ര ലോകത്തുനിന്നുള്ള പ്രതിഭാശാലികളെല്ലാം ഇതിലേക്കാകർഷിക്കപ്പെട്ടു; പല പ്രമുഖ അഭിനേതാക്കളും തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി. ഇപ്റ്റയുടെ ആദ്യ ജനറൽ സെക്രട്ടറി സജ്ജാദ് സഹീർ ആയിരുന്നു.
ഇതിനു പുറമേ, കമ്യൂണിസ്റ്റുകാരായ സ്ത്രീ–പുരുഷന്മാർ അസംഖ്യം സാംസ്കാരിക സ്ക്വാഡുകൾക്ക് രൂപം നൽകി; അവ നാടകങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു; തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോളനികളിലും ഗ്രാമീണ കേന്ദ്രങ്ങളിലും അവ വളരെയേറെ ആകർഷിക്കപ്പെട്ടു. ഈ സ്ക്വാഡുകളിൽ പലതും പരമ്പരാഗതമായ നാടോടികലാരൂപങ്ങൾ അവതരിപ്പിച്ചു; അതിലൂടെ അവർ വിപ്ലവസന്ദേശങ്ങൾ പകർന്നു നൽകുകയായിരുന്നു; അവയ്ക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്; ജനപ്രീതി നേടുകയും ചെയ്തു.
സാമൂഹ്യപരിഷ്കാരം:
ജാതി വിരുദ്ധ സമരങ്ങളിൽ
കമ്യൂണിസ്റ്റുകാർ
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ആരംഭ കാലംമുതൽ തന്നെ, പ്രാകൃതമായ ജാതിവ്യവസ്ഥയെ വീട്ടുവീഴ്ചയില്ലാതെ എതിർത്തു; കാർഷിക വിപ്ലവത്തിന്റെ അവിഭാജ്യഭാഗമായിരിക്കും ജാതി നശീകരണം എന്നും വ്യക്തമാക്കിയിരുന്നു. പുതുതായി ഉയർന്നുവന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ പരിപാടിയായിരുന്ന 1930ലെ പ്രവർത്തനപരിപാടിയിൽ ഇങ്ങനെ രേഖപ്പെടുത്തി: ‘‘ബ്രിട്ടീഷ് സാമ്രാജ്യത്വവും ഭൂപ്രഭുത്വ വ്യവസ്ഥയും പിന്തിരിപ്പൻ ജാതിവ്യവസ്ഥയും മതപരമായ കുത്തിത്തിരിപ്പും കഴിഞ്ഞ കാലങ്ങളിലെ സർവ അടിമ–അടിയാള പാരമ്പര്യങ്ങളും ഇന്ത്യൻ ജനതയെ വരിഞ്ഞു മുറുക്കിയിരിക്കുന്നു; ഇന്ത്യൻ ജനതയുടെ മോചനത്തിന്റെ പാതയിൽ അവ വിലങ്ങുതടിയായി നിൽക്കുന്നു. ഇവയെല്ലാമാണ് ഇന്ത്യയിൽ ഇരുപതാം നൂറ്റാണ്ടിലും മനുഷ്യനും മനുഷ്യനും തമ്മിൽ നേർക്കുനേർ കാണാൻപോലും കഴിയാത്ത, പൊതുകിണറുകളിൽനിന്ന് വെള്ളം കുടിക്കാൻ അനുവാദമില്ലാത്ത, പൊതുവിദ്യാലയങ്ങളിൽ പഠിക്കാൻ കഴിയാത്ത അയിത്ത ജാതിക്കാർ ഇപ്പോഴും നിലനിൽക്കുന്നതിന് ഇടയാക്കിയത്.’’ തുടർന്ന് അതിൽ ഇങ്ങനെ പറയുന്നു: ‘‘അടിമത്തത്തിന്റെയും ജാതിസമ്പ്രദായത്തിന്റെയും എല്ലാ രൂപങ്ങളിലുമുള്ള ജാതീയമായ അസമത്വത്തിന്റെയും സമ്പൂർണമായ നിർമാർജനത്തിനായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പൊരുതുന്നു.’’
ഈ കാലഘട്ടത്തിലുടനീളം കമ്യൂണിസ്റ്റുകാർ ദളിതരും ആദിവാസികളുമുൾപ്പെടെയുള്ള അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെയാകെ ഐക്യം കെട്ടിപ്പടുത്ത് വെെവിധ്യമാർന്ന സമരങ്ങളിലേർപ്പെട്ടു. ഫ്യൂഡൽ വിരുദ്ധവും മുതലാളിത്ത വിരുദ്ധവും ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ളതുമായ സമരങ്ങളായിരുന്നു അവ. എന്നാൽ അതിനുപുറമേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാതി വിരുദ്ധ സമരങ്ങൾക്ക് കമ്യൂണിസ്റ്റുകാർ പ്രത്യേകമായും നേതൃത്വം നൽകി. ജാതിവ്യവസ്ഥയ്ക്കുള്ളിൽ നിന്നുള്ള പരിഷ്കരണമെന്ന ഗാന്ധിജിയുടെ സമീപനത്തിൽനിന്ന് വ്യത്യസ്തമായി കമ്യൂണിസ്റ്റുകാർ ജാതിവ്യവസ്ഥയുടെ സമൂല നിർമാർജനത്തിനായി പൊരുതി.
കേരളത്തിൽ അക്കാലത്ത് നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രപ്രവേശനം ഉൾപ്പെടെ എല്ലാ പൊതുസ്ഥലങ്ങളിലും ദളിതർക്ക് തുല്യാവകാശം ഉറപ്പാക്കുന്നതിനായുള്ള സമരങ്ങളിൽ കമ്യൂണിസ്റ്റുകാർ സജീവമായി പങ്കെടുക്കുകയും സമരങ്ങൾ നയിക്കുകയും ചെയ്തു. വാസ്തവത്തിൽ, ചരിത്ര പ്രധാനമായ വെെക്കം സത്യാഗ്രഹം ഉൾപ്പെടെയുള്ള പുരോഗമനപരമായ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളിൽ പങ്കെടുക്കവെയാണ് അവർ മാർക്സിസത്തിലേക്ക് ആകൃഷ്ടരായത്. അങ്ങനെ, യുവാക്കളായിരിക്കെ എ കെ ഗോപാലനും പി കൃഷ്ണപിള്ളയും ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി. കണ്ടോത്തിൽ നടന്ന സമരത്തിന് എ കെ ഗോപാലനും കെ എ കേരളീയനും നേതൃത്വം നൽകി. പാലിയം റോഡ് സമരം ടി ഇ ബാലൻ ഉൾപ്പെട്ട കമ്യൂണിസ്റ്റു പാർട്ടിയാണ് നയിച്ചത‍് പാർട്ടിയുടെ നിരവധി നേതാക്കളെ സവർണ ജാതിയിൽപ്പെട്ട വെറിപിടിച്ച ഗുണ്ടകൾ ശാരീരികമായി ആക്രമിച്ചു. ഈ സമരങ്ങളാണ് 1936ൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കാൻ തിരുവിതാംകൂർ ഭരണാധികാരിയെ നിർബന്ധിതനാക്കിയത്. 1939ലെ കിസാൻസഭയുടെ കൊടക്കാട് സമ്മേളനത്തിൽ 15000ത്തിലധികം സർവജാതിയിലുംപെടുന്നആളുകൾ പങ്കെടുത്ത പന്തിഭോജനം നടത്തി.
ആന്ധ്രയിലും തെലങ്കാനയിലും
റായലസീമയിലും
ജാതിവിവേചനത്തിനെതിരായ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യഭാഗമായി. ജാതീയമായ അടിച്ചമർത്തലിനെതിരെയുള്ള ശ്രമങ്ങളിൽ പി സുന്ദരയ്യയും മറ്റും ജനങ്ങളെ സംഘടിപ്പിച്ചു. ദളിത് ജാതിക്കാരും ദളിത് ഇതര ജാതിക്കാരുമായ കർഷകത്തൊഴിലാളികൾക്കുവേണ്ടി അവർ പൊതുവായി ഭക്ഷണം തയ്യാറാക്കുന്നതിന് നേതൃത്വം നൽകി; പൊതുകിണറുകൾ എല്ലാവർക്കും ഉപയോഗിക്കുന്നതിനുവേണ്ടി പൊരുതി; പൊതുവായ പ്രധാന ഗ്രാമീണ സ്കൂളുകളിൽ പഠനാവസരം നിഷേധിക്കപ്പെട്ടിരുന്ന ദളിത് കുടുംബങ്ങളിലെയും കർഷകത്തൊഴിലാളി കുടുംബങ്ങളിലെയും കുട്ടികൾക്ക് പഠിക്കുന്നതിന് പ്രൈമറി സ്കൂളുകളും ലെെബ്രറികളും ആരംഭിച്ചു. ക്ഷേത്ര പ്രവേശനത്തിനുവേണ്ടിയും പൊതുകിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നുമുള്ള വെള്ളം ഉപയോഗിക്കുന്നതിനുവേണ്ടിയും പൊതുശമ്ശാനങ്ങൾ ഉപയോഗിക്കാനുള്ള അവകാശത്തിനുവേണ്ടിയും ദളിത് കുട്ടികൾക്ക് ഗ്രാമീണ സ്കൂളുകളിൽ പ്രവേശനം അനുവദിക്കുന്നതിനായും നിരവധി സമരങ്ങൾ നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങളും ദളിത് വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലുകളും സ്ഥാപിച്ചു. തൊഴിലാളി സംരക്ഷണ ലീഗുകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടു. ആ കാലങ്ങളിൽ കമ്യൂണിസ്റ്റുകാരെ ‘‘ദളിതരുടെ പാർട്ടി’’ യെന്ന് കോൺഗ്രസുകാർ വിളിച്ച് അധിക്ഷേപിച്ചിരുന്നു.
മഹാരാഷ്ട്രയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായി മാറിയ ആർ ബി മോറെ ആയിരുന്നു ഡോ. ബാബ സാഹേബ് അംബേദ്ക്കർ നടത്തിയ പ്രസിദ്ധമായ രണ്ട് മുന്നേറ്റങ്ങളിലെ മുഖ്യസംഘാടകരിലൊരാൾ –1927 മാർച്ചിൽ നടന്ന മഹദിലെ യാവ് ദാർ തടാക സത്യാഗ്രഹമായിരുന്നു ഒന്ന്; ഇതിൽ തടാകത്തിൽനിന്നും വെള്ളം കുടിക്കുന്നതിനായി ആയിരക്കണക്കിന് ദളിതരെ ഡോ. അംബേദ്കർ നയിച്ചു; രണ്ടാമത്തേത് മനുസമൃതിക്ക് തീകൊളുത്തിയതാണ്; ഇതും മഹദിലാണ് നടന്നത്, 1927 ഡിസംബർ 25ന്. 1930ൽ നാസിക്കിലെ കാലാറാം മന്ദിറിൽ ദളിതരെ പ്രവേശിപ്പിക്കുന്നതിന് ഡോ. അംബേദ്കർ നയിച്ച പ്രക്ഷോഭത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തു. എല്ലാവർക്കും ഉപയോഗിക്കാവുന്ന പബ്ലിക് ടാപ്പുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഡിഡി ചൗൾസിൽ ദളിതർക്കായി പ്രത്യേക പബ്ലിക് ടാപ്പ് സമ്പ്രദായം നിലനിൽക്കുന്നതിനെതിരെ ബോംബെയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗിർണികാംഗാർ യൂണിയന്റെ (ടെക്-സ്റ്റെെൽ തൊഴിലാളി യൂണിയൻ) നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു. നീണ്ടുനിന്ന പ്രക്ഷോഭത്തെ തുടർന്ന് ഈ ആവശ്യം അംഗീകരിക്കപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അവതരിപ്പിച്ച തൊഴിലാളി വർഗ വിരുദ്ധ കരിനിയമത്തിനെതിരെ 1938 നവംബർ 7ന് ബോംബെയിൽ നടന്ന ചരിത്രപ്രധാനമായ തൊഴിലാളിവർഗ പണിമുടക്കിൽ വർഗസമരത്തിന്റെയും ജാതിവിരുദ്ധ സമരത്തിന്റെയും മൗലികമായ രണ്ട് ധാരകളുടെ സംയോഗമാണ് നാം കണ്ടത്. കമ്യൂണിസ്റ്റ് പാർട്ടിയും ഡോ. അംബേദ്കറിന്റെ ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയും സംയുക്തമായിട്ടാണ് ഈ വമ്പിച്ച പണിമുടക്കിന് നേതൃത്വം നൽകിയത്. 1938ൽ ബോംബെയിലെ അസംബ്ലി മന്ദിരത്തിലേക്ക് കൊങ്കൺ പ്രദേശങ്ങളിൽനിന്ന് വള്ളങ്ങളിലായി എത്തിയ പതിനായിരത്തിലധികം കർഷകരുടെ മാർച്ചിനും നാം സാക്ഷ്യം വഹിച്ചു; ഭൂപ്രഭുത്വത്തിന്റെ ഖോട്ടി സമ്പ്രദായത്തിനെതിരെയായിരുന്നു ആ സമരം. ഈ മാർച്ചിന് നേതൃത്വം നൽകിയത് ഡോ. അംബേദ്കറും പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെയും എഐകെഎസിന്റെയും പ്രമുഖ നേതാവായി മാറിയ ശാംറാവു പരുലേക്കറുമാണ്.
തമിഴ്നാട്ടിൽ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായി മാറിയ പി ജീവാനന്ദം, പെരിയാർ നയിച്ച സ്വയം മര്യാദാപ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനായിരുന്നു. മറ്റൊരു കമ്യൂണിസ്റ്റ് നേതാവായ ബി ശ്രീനിവാസ റാവു തഞ്ചാവൂരിലെ ദളിതരായ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും ഭൂപ്രഭു വ്യവസ്ഥയിലെ ജാതീയമായ അടിച്ചമർത്തലിനെതിരെയുള്ള പോരാട്ടം ഏറ്റെടുക്കുകയും ചെയ്തു.
രണ്ടാം ലോകയുദ്ധവും
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും
1939ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലെ ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടുകൾക്ക് കാരണമായി; കാരണം യുദ്ധയത്നങ്ങൾക്കായി പണം സമാഹരിക്കാൻ കൊളോണിയൽ ഭരണാധികാരികൾ ജനങ്ങൾക്കുമേൽ കനത്ത ഭാരം അടിച്ചേൽപ്പിച്ചു. പൂഴ്ത്തിവയ്പും അഴിമതിയും ക്രിമിനൽ നയങ്ങളും പല സംസ്ഥാനങ്ങളിലും അതിപരിതാപകരമായ ക്ഷാമത്തിനിടയാക്കി. 1943ലെ ബംഗാൾ ക്ഷാമമായിരുന്നു അതിൽ ഏറ്റവും പരിതാപകരമായത്. ദശലക്ഷക്കണക്കിനാളുകളാണ് പട്ടിണികിടന്ന് മരിച്ചത്. കമ്യൂണിസ്റ്റുകാർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുഴുകി; പട്ടിണിയിലായ ജനങ്ങളെ സഹായിക്കാൻ അവർ സാധ്യമായതെല്ലാം ചെയ്തു.
ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ കൂലി വെട്ടിക്കുറയ്ക്കൽ, ഭക്ഷ്യക്ഷാമം, ജോലി ഭാരം വർധിപ്പിക്കൽ എന്നിവ അസംഖ്യം സമരങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനിടയാക്കി. ഇവയ്ക്കെല്ലാമെതിരെ കടുത്ത അടിച്ചമർത്തലുകളാണുണ്ടായത്. നിരോധിക്കപ്പെട്ടിരുന്നതു മൂലം ഒളിവിലായിരുന്നിട്ടും പാർട്ടി ആയിരുന്നു ഈ സമരങ്ങൾ സംഘടിപ്പിക്കുന്നതിനും നയിക്കുന്നതിനും മുന്നിൽ നിന്നത്; അതേസമയം തന്നെ ഭരണാധികാരികളുമായി സന്ധിചെയ്യുന്ന അവസരവാദപരമായ നയങ്ങൾ പിന്തുടർന്ന കോൺഗ്രസിനെ പാർട്ടി നിശിതമായി വിമർശിക്കുകയും ചെയ്തു.
കമ്യൂണിസ്റ്റു പാർട്ടിയുടെ മുൻകെെയോടുകൂടി ബോംബെയിലെ തൊഴിലാളിവർഗം യുദ്ധത്തിനെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് കെെക്കൊണ്ടു. 1939 ഒക്ടോബർ രണ്ടിന് ബോംബെയിൽ കമ്യൂണിസ്റ്റ് പാർട്ടി യുദ്ധവിരുദ്ധ പണിമുടക്ക് സംഘടിപ്പിച്ചു; അതിൽ 90,000 തൊഴിലാളികൾ പങ്കെടുത്തു. രണ്ടാം ലോകയുദ്ധ കാലത്തുനടന്ന സമാനസ്വഭാവത്തിലുള്ള ആദ്യത്തെ പണിമുടക്കായിരുന്നു ഇത്.
കൂടുതൽ സമരോത്സുകമായ നടപടികൾക്കായി കോൺഗ്രസിനുള്ളിൽനിന്ന് പൊരുതുകയായിരുന്ന സുഭാഷ് ചന്ദ്രബോസ് ഈ പണിമുടക്കിന് സമ്പൂർണ പിന്തുണ നൽകി. തന്റെ പ്രസ്താവനയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘‘ഈ പ്രതിസന്ധികാലത്ത് പ്രക്ഷോഭത്തിനിറങ്ങി മറ്റു വർഗങ്ങൾക്കും നേതൃത്വം നൽകിയ ബോംബെ തൊഴിലാളിവർഗത്തിന്റെ നടപടിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു.’’ ബ്രിട്ടീഷുകാർക്കെതിരെ ബഹുജന സമരങ്ങൾക്കായി നിലകൊള്ളുകയും തൊഴിലാളികളുടെയും കർഷകരുടെയും സമരങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്ത കോൺഗ്രസിലെ വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. ബോസിനെതിരായ നിലപാടെടുക്കുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്ത, ഗാന്ധി നയിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിയെ കമ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിച്ചത്,‘‘നമ്മുടെ ജനങ്ങളുടെ ഐക്യത്തിനേൽപ്പിച്ച കനത്ത ആഘാതം’’ എന്നാണ്.
കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നതകൾ പ്രകടമായിരുന്നപ്പോൾ പോലും ജനകീയ സമരങ്ങൾ തുടർന്നു.
ബോംബെയിൽ ഒക്ടോബറിൽ നടന്ന പണിമുടക്കിനെ തുടർന്ന് 1940 മാർച്ച് 4ന് ക്ഷാമബത്ത ആവശ്യപ്പെട്ടുകൊണ്ട് 1.75 ലക്ഷത്തിലധികം വരുന്ന ടെക്-സ്റ്റെെൽ തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങി. പണിമുടക്കിലേർപ്പെട്ട ടെക്-സ്റ്റെെൽ തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മാർച്ച് 10ന് ബോംബെ നഗരത്തിലെ തൊഴിലാളികൾ ഒരു ദിവസത്തെ പണിമുടക്ക് നടത്തി. അതിൽ 3.55 ലക്ഷം തൊഴിലാളികൾ പങ്കെടുത്തു. പണിമുടക്കിന്റെ മലവെള്ളപ്പാച്ചിൽ തന്നെ തുടർന്ന് രാജ്യത്തുടനീളമുണ്ടായി– കാൺപൂരിലെ 25,000 ടെക്-സ്റ്റെെൽ തൊഴിലാളികളുടെയും കൽക്കട്ടയിലെ 20,000 മുനിസിപ്പൽ തൊഴിലാളികളുടെയും ബംഗാളിലെ ചണമിൽ തൊഴിലാളികളുടെയും ദിഗ്ബോയിയിലെ (ആസാം) എണ്ണക്കമ്പനിതൊഴിലാളികളുടെയും ധൻബാദിലെയും ധാദ്രയിലെയും കൽക്കരി ഖനിത്തൊഴിലാളികളുടെയും ജംഷഡ്പ്പൂരിലെ ഇരുമ്പ്– ഉരുക്ക് ഫാക്ടറികളിലെ തൊഴിലാളികളുടെയും മറ്റും പണിമുടക്കുകൾ അതിലുൾപ്പെടുന്നു. ഈ പണിമുടക്ക് സമരങ്ങളിലെ ശ്രദ്ധേയമായ ഒരു സവിശേഷത സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു–തൊഴിലാളി സ്ത്രീകളടെ പങ്കാളിത്തം മാത്രമല്ല, സമരങ്ങൾക്ക് പിന്തുണ നൽകുന്നതിലും സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു; പിന്തുണ സമാഹരിക്കലും തൊഴിലാളികൾക്കായി സമൂഹ അടുക്കള നടത്തലുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. കേരളത്തിലെ കയ്യൂരിൽ ഭൂപ്രഭുക്കൾക്കെതിരെ നടന്നുകൊണ്ടിരുന്ന കർഷകസമരം കടുത്ത പൊലീസ് അടിച്ചമർത്തലുകൾക്കിടയാക്കി; 1943ൽ നാല് യുവ കമ്യൂണിസ്റ്റുകാരെ തൂക്കിക്കൊന്നു.
പാർട്ടിക്കുമേൽ ഭീകരമായ ആക്രമണമഴിച്ചുവിടാനുള്ള അവസരമായി ബ്രിട്ടീഷ് ഭരണാധികാരികൾ ഇതുപയോഗിച്ചു. ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് പ്രകാരം ജയിലിലടയ്ക്കപ്പെട്ട 700 പേരിൽ 480 പേരും കമ്യൂണിസ്റ്റുകാരായിരുന്നു. പാർട്ടിയുടെ മുഖപത്രം നിരോധിക്കപ്പെട്ടു.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം
1941ൽ യുദ്ധം പുതിയൊരു വഴിത്തിരിവിലെത്തി. അതേ വരെ ഫാസിസ്റ്റ് ജർമനിയും ഇറ്റലിയും പടിഞ്ഞാറൻ യൂറോപ്പിനെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതിന്റെ തിരക്കിലായിരുന്നു; ബ്രിട്ടനെ പോലെയുള്ള മറ്റു സാമ്രാജ്യത്വരാജ്യങ്ങൾ അവയെ ചെറുത്തുനിൽക്കുകയായിരുന്നു. എന്നാൽ 1941ൽ സോവിയറ്റ് യൂണിയനെ ജർമനി ആക്രമിക്കുകയും പേൾഹാർബർ ആക്രമണത്തെ തുടർന്ന് അമേരിക്കയ്ക്കുനേരെ ജപ്പാൻ യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തതതോടെ ലോകമാകെ ഫാസിസം വിജയിക്കുമെന്ന ഭീതി വലിയ തോതിൽ ഉയർന്നുവന്നു. ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ യഥാർഥ നെടുങ്കോട്ടയായിരുന്നു സോവിയറ്റ് യൂണിയൻ; അധ്വാനിക്കുന്ന ജനതയുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുക്കപ്പെട്ട, ലോകത്തിലെ ഒരേയൊരു സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയിൽ സോവിയറ്റ് യൂണിയനെ സംരക്ഷിക്കുകയെന്നത് പരമപ്രധാന കടമയായി പാർട്ടി കരുതി. അതിനാൽ യുദ്ധത്തോടുള്ള തന്ത്രത്തിൽ പാർട്ടി മാറ്റം വരുത്തി. ‘‘ജനകീയ യുദ്ധമാണിതെന്ന് പാർട്ടി പ്രഖ്യാപിച്ചു; വടക്കു–കിഴക്കു പ്രദേശത്തുനിന്ന് ജാപ്പനീസ് സേന മുന്നേറിക്കൊണ്ടിരുന്നതും ഇറാഖ് കടന്ന് ഇന്ത്യയിലേക്ക് നാസിപ്പട മുന്നേറാനുള്ള സാധ്യതയും കണക്കിലെടുത്ത് ഇന്ത്യയുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ഒരു ദേശീയ ഗവൺമെന്റ് രൂപീകരിക്കണമെന്ന് ബ്രിട്ടീഷുകാരോട് കമ്യൂണിസ്റ്റു പാർട്ടി ആഹ്വാനം ചെയ്തു. ദേശീയ പ്രസ്ഥാനത്തിലെ എല്ലാ നേതാക്കളെയും ജയിൽ മോചിതരാക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. ഈ സമയത്തായിരുന്നു കോൺഗ്രസ് പാർട്ടി 1942 ആഗസ്തിൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഇക്കാര്യത്തിലുള്ള വിലയിരുത്തലിൽ പാർട്ടിക്ക് ചില പിശകുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിന് വലിയ വില നൽകേണ്ടതായി വന്നുവെന്നും പിന്നീട് പാർട്ടി അംഗീകരിക്കുകയുണ്ടായി; എന്നിരുന്നാലും ആ കാലഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ ജനങ്ങൾക്കിടയിൽ പ്രവർത്തനം തുടർന്നു.
എന്നാൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ സംബന്ധിച്ച് പാർട്ടി കെെക്കൊണ്ട രാഷ്ട്രീയ നിലപാട് ചൂണ്ടിക്കാണിച്ച്, സ്വാതന്ത്ര്യസമരകാലത്ത് കമ്യൂണിസ്റ്റുകാർ വഹിച്ച ധീരോദാത്തമായ പങ്കിനെയും കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനത്തെയും കരിവാരിത്തേയ്ക്കുന്നതിന് ചിലർ ഒട്ടേറെ പ്രചാരണം നടത്തുകയുണ്ടായി; അതിപ്പോഴും തുടരുന്നുമുണ്ട്. പക്ഷേ, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനുള്ള ആഹ്വാനത്തെ വിലയിരുത്താനുള്ള ഇടമല്ല ഇത്; മറിച്ച്, കമ്യൂണിസ്റ്റുകാർക്കെതിരായ പ്രചാരണത്തെ ഇന്ത്യയിലെ ജനങ്ങൾ ഒരിക്കലും ഏറ്റെടുത്തിരുന്നില്ലയെന്ന് ഊന്നിപ്പറയേണ്ടതുണ്ട്. അതുകൊണ്ടാണ് അരുണ അസഫ് അലിയെ പോലെയുള്ള ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലെ പ്രമുഖ നേതാക്കളിൽ ചിലർ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. വാസ്തവത്തിൽ ലണ്ടനിലെ സ്റ്റേറ്റ് സെക്രട്ടറിക്ക് 1942 സെപ്തംബർ രണ്ടിന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിൽനിന്ന് അയച്ച കത്തിൽ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്: ‘‘പല സിപിഐ അംഗങ്ങളുടെയും പെരുമാറ്റം തെളിയിക്കുന്നത് അടിസ്ഥാനപരമായും അവർ ബ്രിട്ടീഷ് വിരുദ്ധരായ വിപ്ലവകാരികളാണെന്നാണ്; ഇക്കാര്യം എപ്പോഴും വ്യക്തമാണ്.’’
അക്കാലത്തെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ മറ്റൊരു സ്വകാര്യ വിലയിരുത്തൽ (കമ്യൂണിസം ആൻഡ് നാഷണലിസം ഇൻ ഇന്ത്യ’ എന്ന കൃതിയിൽ ഉദ്ധരിച്ച് ചേർത്തത്) 1943 സെപ്തംബർ 20ന്റെ ഒരു റിപ്പോർട്ടിൽ പ്രസ്താവിക്കുന്നത് ഇങ്ങനെ: ‘‘ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു ദേശീയവാദി പാർട്ടിയാണ് പ്രാഥമികമായും സിപിഐ; സാർവദേശീയതയെക്കുറിച്ച് അത് അധരവ്യായാമം നടത്താറുണ്ടെങ്കിലും വലിയൊരു വിഭാഗം പാർട്ടി അംഗങ്ങളും ആ പാർട്ടിയിലേക്ക് ആകർഷിക്കപ്പെടുന്നത് അത് ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കാൻ വേണ്ടി നിൽക്കുന്നുവെന്നതിനാലാണ്’’.
ഇതേ ആഭ്യന്തര വകുപ്പുതന്നെ ആർഎസ്-എസിനെ പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: ‘‘സംഘ് വളരെ കരുതലോടെ നിയമത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കുകയാണ്; പ്രതേ-്യകിച്ചും 1942 ആഗസ്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിലൊന്നും പങ്കെടുക്കാതെ അവർ മാറിനിൽക്കുകയാണുണ്ടായത്.’’
ഒന്നാം പാർട്ടി കോൺഗ്രസ്,
1943 ബോംബെ
പാർട്ടിക്കുമേൽ ഏർപ്പെടുത്തിയിരുന്ന നിരോധനം 1942ൽ പിൻവലിച്ചതിനുശേഷം 1943 മെയ് 23 മുതൽ ജൂൺ ഒന്നുവരെ ബോംബെയിൽ വച്ച് ഒന്നാം പാർട്ടി കോൺഗ്രസ് ചേർന്നു. ആ കാലത്ത് പാർട്ടിയിൽ 15,000 അംഗങ്ങൾ ഉണ്ടായിരുന്നു; അവരിൽ 700 പേർ സ്ത്രീകളായിരുന്നു. പാർട്ടി അംഗങ്ങളുടെഎണ്ണം തുടർച്ചയായി വർധിച്ചുകൊണ്ടിരുന്നു; 1944ൽ അത് 30,000 ത്തിലെത്തി; 1946ൽ 53,000 വും.
ഒന്നാം പാർട്ടി കോൺഗ്രസിൽ 139 പ്രതിനിധികൾ പങ്കെടുത്തു; അവരിൽ 13 പേർ സ്-ത്രീകളായിരുന്നു. പ്രതിനിധികളുടെ പശ്ചാത്തലം വിവരിക്കുന്ന പാർട്ടി മുഖപത്രം ‘പീപ്പിൾസ് വാറി’ ന്റെ ജൂൺ 13–ാം തീയതി പ്രസിദ്ധീകരിച്ച പ്രത്യേക ലക്കത്തിൽ നൽകിയിട്ടുള്ള ഒരു റിപ്പോർട്ടിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: ‘‘പ്രതിനിധികളിൽ 70 ശതമാനം പേരും ഒരു വർഷമോ അതിലധികം കാലമോ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്; പ്രതിനിധികളുടെ ആകെക്കൂടിയുള്ള ജയിൽ വാസ കാലാവധി 411 വർഷമാണ്. ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചത് ബാബാ സോഹൻസിങ്ങാണ്, 27 വർഷം.’’ ഇത്തരത്തിൽ ആവേശകരമായ റിക്കാർഡാണ് പാർട്ടി പ്രതിനിധികൾക്കുണ്ടായിരുന്നത്.
സെൻട്രൽ കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയായി പി സി ജോഷിയെയും കോൺഗ്രസ് തിരഞ്ഞെടുത്തു. കാംഗാർ മെെതാനത്തിൽ ചേർന്ന സമാപന റാലിയിൽ 25,000 ആളുകൾ പങ്കെടുത്തു; അവരിൽ അധികവും തൊഴിലാളികളായിരുന്നു.
അങ്ങനെ താഷ്-ക്കെന്റിൽ യോഗം ചേർന്ന ഒരു ചെറിയ സംഘം കമ്യൂണിസ്റ്റുകാരിൽനിന്ന് 23 വർഷത്തിനുശേഷം ഒന്നാം പാർട്ടി കോൺഗ്രസ് ചേർന്നപ്പോൾ, ഇതിനിടയിൽ കടുത്ത മർദന നടപടികളും അറസ്റ്റുകളുമെല്ലാമുണ്ടായിട്ടും, അതീവക്ലേശകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടതായി വന്നിട്ടും കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ രക്ഷകനും വക്താവുമായി ഉയർന്നുവന്നു; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായും അതു മാറി. l
സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വമ്പിച്ച സമരങ്ങൾ
1945ൽ രണ്ടാം ലോകയുദ്ധം അവസാനിച്ചതും ഫാസിസ്റ്റ് ജർമനിയും സഖ്യകക്ഷികളും പരാജയപ്പെട്ടതും സോവിയറ്റ് യൂണിയന്റെ വിജയവും സംഭവിച്ചതോടെ ലോകമാസകലം ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു; ചെെനയിലെയും ഇൻഡോ ചെെനയിലെയും (വിയത്-നാമും അയൽരാജ്യങ്ങളും) വിപ്ലവപ്രസ്ഥാനങ്ങളുടെ മുന്നോട്ടേയ്ക്കുള്ള കുതിപ്പിനും ഇന്ത്യ ഉൾപ്പെടെ കൊളോണിയൽ ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആവേശഭരിതരാക്കാനും അതിടയാക്കി.
കമ്യൂണിസ്റ്റ് പാർട്ടിയും അതുമായി ബന്ധപ്പെട്ട സംഘടനകളും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അസ്തമയത്തോടടുത്ത് ഒട്ടേറെ ധീരോദാത്തവും ചരിത്രപ്രധാനവുമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി. കർഷകർക്കും തൊഴിലാളികൾക്കും മറ്റു ജനവിഭാഗങ്ങൾക്കുമിടയിൽ അവർ വ്യാപകമായ പ്രവർത്തനം നടത്തി; അതിലൂടെ അവർ ആഴത്തിൽ വേരുറപ്പിച്ചു; സമ്പൂർണ വിമോചനത്തിനായി സ്വീകരിക്കേണ്ട പാതയേതെന്ന് രാജ്യത്തിനുമുന്നിൽ ധീരമായി ഉദ്ഘോഷിച്ചു. കോളനി വാഴ്ചയുടെ അസ്തമയത്തോടടുത്ത ഈ കാലത്തുപോലും ബ്രിട്ടീഷുകാർ ഭീകരമായ അടിച്ചമർത്തിലൂടെയാണ് അവയെ നേരിട്ടത്; ആയിരക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
ഈ കാലത്ത് ഇന്ത്യയിൽ നിരവധി കർഷകസമരങ്ങൾ നടന്നു; ബീഹാറിലെ ബകാഷ് പ്രക്ഷോഭത്തിന്റെ പുനരുജ്ജീവനം ഇതിൽപെടുന്നു; പഞ്ചാബിൽ പാട്ടം തുക കുറയ്ക്കുന്നതിനുവേണ്ടിയും ഉയർന്ന ജലനികുതിക്കെതിരെയും നടന്ന സമരം; ഉടമസ്ഥാവകാശം പതിച്ചുനൽകുന്നതിനായി പെപ്പ്-സുവിലും വിളവിന്റെ വിഹിതം കൂടുതൽ ലഭിക്കുന്നതിനായി കേരളത്തിലും കുടിയൊഴിപ്പിക്കലിനെതിരെ ആന്ധ്രയിലും പങ്കുപാട്ടക്കാരെ(ബട്ടെെദാർമാർ) ഒഴിപ്പിക്കുന്നതിനെതിരെ യുപിയിലും കർഷക സമരങ്ങൾ നടന്നു.
1946 ൽ തൊഴിലാളി വർഗത്തിന്റെ പണിമുടക്കുകളുടെ വേലിയേറ്റമുണ്ടായി. മധുരയിലും ജബൽപ്പൂരിലും ഡറാഡൂണിലും അലഹബാദിലും ഡൽഹിയിലും ബിഹാറിലും രാജ്യത്തിന്റെ മറ്റു വിവിധ ഭാഗങ്ങളിലും ഫെബ്രുവരിയിൽ നടന്ന ആർഐഎൻ (റോയൽ ഇന്ത്യൻ നേവി) കലാപത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട് മെച്ചപ്പെട്ട വേതനത്തിനായി സിപ്പായിമാരും പൊലീസുകാരും പണിമുടക്കി. മെയ് മാസത്തിൽ നോർത്ത് വെസ്റ്റ് റെയിൽവേ തൊഴിലാളികൾ നാല് മണിക്കൂർ പണിമുടക്കി. ഒരു ലക്ഷത്തിലേറെ പോസ്റ്റൽ തൊഴിലാളികൾ ജൂലെെയിൽ വലിയൊരു പണിമുടക്ക് നടത്തി; ജൂലെെ 29ന് പോസ്റ്റൽ തൊഴിലാളി പണിമുടക്കിനോട് ഐക്യദാർ-ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാല് ലക്ഷം വ്യവസായത്തൊഴിലാളികളും പണിമുടക്കി. 1945ൽ 7.47 ലക്ഷം തൊഴിലാളികൾ പണിമുടക്കിയിരുന്നു. എന്നാൽ 1946 ആയപ്പോൾ പണിമുടക്കിയവരുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചു–19.6 ലക്ഷം തൊഴിലാളികൾ; ഇത് കാണിക്കുന്നത് തൊഴിലാളികൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരുന്ന അസംതൃപ്തിയും പോരാടാനുള്ള അവരുടെ ദൃഢനിശ്ചയവുമാണ്.
സമരങ്ങൾ വ്യാപ്തികൊണ്ടും സമരോത്സുകതയാലും അഭൂതപൂർവമായ തലങ്ങളിലെത്തി; കാർഷികപ്രശ്നത്തെ അവ മുൻപൊരിക്കലും ഇല്ലാത്തവിധം കേന്ദ്ര വിഷയമാക്കി മാറ്റി. ഈ സമരങ്ങളെല്ലാം തന്നെ 1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. സ്വാതന്ത്ര്യസമര നേതാക്കളെ കൊലപ്പെടുത്താൻ ബ്രിട്ടീഷുകാർ നടത്തിയ ഒരു ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവന്ന് പൊളിച്ച ബ്രിട്ടീഷ് സെെന്യത്തിലെ ഉദ്യോഗസ്ഥനായ മേജർ ജയ്പാൽ സിങ്ങിന്റെ പേര് ഈ സമരകാലത്തെ ഒട്ടേറെ ധീരനായകരിൽ പ്രത്യേക പരാമർശം അർഹിക്കുന്നതാണ്. തികഞ്ഞ രാജ്യസ്നേഹിയായ, ഉത്തമനായ ഈ കമ്യൂണിസ്റ്റുകാരൻ ഒളിവിൽ പോവുകയും കമ്യൂണിസ്റ്റു പാർട്ടിയുടെ നിർദേശപ്രകാരം പല പ്രധാന സമരങ്ങളിലെയും പോരാളികൾക്ക് പരിശീലനം നൽകുകയും ചെയ്തു.
തെലങ്കാന ജനകീയ സമരം (1946–1951): തെലങ്കാന മേഖലയിലെ 3000 ഗ്രാമങ്ങളിൽ പടർന്നുപിടിക്കുകയും 30 ലക്ഷം ആളുകൾ പങ്കെടുത്തതുമാണ് ധീരോദാത്തമായ ഇൗ കലാപം; ഭൂപ്രഭുത്വം നിർമാർജനം ചെയ്യുന്നതിനായി കമ്യൂണിസ്റ്റു പാർട്ടിയും കിസാൻസഭയും ചേർന്ന് ആരംഭിച്ച സായുധ സമരമാണത്. ഈ സമരത്തിനിടയിൽ പത്ത് ലക്ഷത്തോളം ഏക്കർഭൂമി വെറുക്കപ്പെട്ട ഭൂപ്രഭുക്കളിൽനിന്ന് പിടിച്ചെടുക്കുകയും ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയുമുണ്ടായി. സേ-്വച്ഛാധിപതിയായ ഹെെദ്രബാദ് നെെസാം തന്റെ റഡാക്കർ സേനയെ സമരം ചെയ്തിരുന്ന കർഷകരെ അടിച്ചമർത്താൻ അഴിച്ചുവിട്ടു; ഈ ആക്രമണത്തിന് 2000 ഗറില്ലാ സ്ക്വാഡുകളുടെ പിന്തുണയോടെ 10,000 ഗ്രാമീണരടങ്ങിയ മിലിഷ്യ ശക്തമായ തിരിച്ചടി നൽകി.
സ്ത്രീകൾ ഈ സമരത്തിൽ പ്രമുഖ പങ്കുവഹിച്ചു; ഭൂമി പിടിച്ചെടുക്കലിൽ പങ്കെടുത്ത സ്ത്രീകൾ രാഷ്ട്രീയസ്ക്വാഡുകളുടെയും സെെനിക സ്ക്വാഡുകളുടെയും നേതൃതലങ്ങളിൽപോലും പ്രവർത്തിച്ചു; സഖാക്കൾ മല്ലു സ്വരാജ്യം, രാമുലമ്മ, രംഗമ്മ, സവിത്രാമ്മ, വെങ്കിടാമ്മ, ലച്ചക്ക എന്നിവരുൾപ്പെടെ നിരവധി വനിതാ പോരാളികൾ പ്രക്ഷോഭകാരികളായും സംഘാടകരായും പ്രവർത്തിച്ചു. കടുത്ത മർദന നടപടികളും ഭീകരമായ പീഡനങ്ങളും ബലാത്സംഗവും കെെയേറ്റങ്ങളും ജയിൽ വാസവും നേരിട്ടാണ് അവർ പ്രവർത്തിച്ചത്; ഒട്ടേറെ പേർക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തു. 18 മാസത്തോളം കാലം ആ പ്രദേശമാകെ വിമോചിത മേഖലയായി; ജനകീയ കമ്മിറ്റികളായിരുന്നു ഭരണം നടത്തിയത്.
അവസാനം നെഹ്റു ഗവൺമെന്റയച്ച ഇന്ത്യൻ സെെന്യം തെലങ്കാനയിലേക്ക് കടന്നാണ് സമരത്തെ പരാജയപ്പെടുത്തിയത്; 1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടശേഷം ഇന്ത്യൻ സെെന്യം ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കലാപത്തെ നിഷ്ഠുരമായാണ് സെെന്യം അടിച്ചമർത്തിയത്. ഈ കാലഘട്ടത്തിലാകെ സ്ത്രീകൾ ഉൾപ്പെടെ നാലായിരത്തിലധികം കമ്യൂണിസ്റ്റുകാരും കർഷകപ്രക്ഷോഭകാരികളും കൊല്ലപ്പെട്ടു; പതിനായിരത്തിലേറെപ്പേർ ജയിലിലായി.
പതിനായിരക്കണക്കിനാളുകളാണ് തല്ലിച്ചതയ്ക്കപ്പെട്ടത്, ജീവച്ഛവങ്ങളാക്കപ്പെട്ടത്; ഭീകര ഭരണമാണ് അവിടെ ഭരണകൂടം അഴിച്ചുവിട്ടത്. എന്നാൽ കമ്യൂണിസ്റ്റുകാർ അവസാനം വരെയും തങ്ങളുടെ അജയ്യമായ സമരാവേശം പ്രകടിപ്പിക്കുകയും പൊരുതുകയും ചെയ്തു.
തെലങ്കാന കലാപം കാർഷികപ്രശ്നത്തെ മുൻനിരയിലേക്ക് കൊണ്ടുവന്നു; ഭൂമിക്കുവേണ്ടിയുള്ള കർഷകരുടെ പോരാട്ടത്തിന്റെയും കരുത്തിന്റെയും അവരുടെ സമരാവേശത്തിന്റെയും ഉദാഹരണമാണത്.
തേഭാഗ സമരം (1938–1949): വിവിധ ഘട്ടങ്ങളായി ഒരു ദശകത്തിലേറെ നീണ്ടുനിന്ന വമ്പിച്ചൊരു മുന്നേറ്റമായിരുന്നു ഇത്; കൂടിയായ്മ കൃഷിക്കാർ (ബർഗാദാർമാർ) ഉപഭൂപ്രഭുക്കൾക്കെതിരെ (ജോത്തേദാർമാർ) നടത്തിയതാണീ സമരം; ജോത്തേദാർമാർ കാർഷികോൽപ്പന്നങ്ങളുടെ പകുതിയും ബർഗാദാർമാരിൽനിന്ന് പിടിച്ചെടുക്കുകയും പുറമേ മറ്റു പല വിധത്തിൽ പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ബർഗാദാർമാരുടെ വായ്പകൾക്ക് 50 ശതമാനം പലിശ ഈടാക്കിയിരുന്നു; പാവപ്പെട്ട ബർഗാദാർമാർക്കുമേൽ ജോത്തേദാർമാർ തങ്ങളുടെ ആജ്ഞകൾ ബലമായി അടിച്ചേൽപ്പിക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ എഐകെഎസ് ഈ പ്രക്ഷോഭത്തെ മുന്നോട്ട് നയിച്ചു; പശ്ചിമബംഗാളിലെ 13 ജില്ലകളിൽ ഈ സമരം വ്യാപിച്ചു; ഉൽപ്പന്നങ്ങളുടെ മൂന്നിൽ രണ്ട് ഭാഗം (അതാണ് തേഭാഗ) ബർഗാദാർമാർക്കും മൂന്നിലൊന്നു മാത്രം ജോത്തേദാർമാർക്കും എന്നതായിരുന്നു സമരത്തിൽ മുന്നോട്ടുവച്ച ആവശ്യം.
വർഗപരമായ ഐക്യം കെട്ടിപ്പടുക്കുന്നതിന് കമ്യൂണിസ്റ്റുകാർ ശ്രമകരമായ പ്രവർത്തനമാണ് നടത്തിയത്; ബംഗാളിന്റെ മറ്റു ഭാഗങ്ങളിൽ വർഗീയ കലാപങ്ങൾ പടർന്നുപിടിച്ചപ്പോഴും ഈ സമരത്തിൽ ഹിന്ദു കൃഷിക്കാരും മുസ്ലീം കൃഷിക്കാരും ഒരുമിച്ചൊന്നായി, തോളാടു തോളുരുമ്മിനിന്നാണ് പൊരുതിയത്. സ്ത്രീകൾ ഈ സമരത്തിലും ധീരോദാത്തമായ പങ്കുവഹിച്ചു; ഗാർഡുകളും കൊറിയർമാരുമായി മാത്രമല്ല അവർ പ്രവർത്തിച്ചത്, പൊലീസിനെ ചെറുത്തുനിൽക്കാനുള്ള വനിതാ ബ്രിഗേഡുകളും സംഘടിപ്പിച്ചിരുന്നു; ജെസോറിലെ സരളബാല പാലിനെപ്പോലെയുള്ളവർ ഭൂപ്രഭുക്കളുടെ ഗുണ്ടകളെ ചെറുത്തുനിന്നുകൊണ്ട് വിളവെടുപ്പ് നടത്തുകയും ചെയ്തു; സന്താളി മേഖലയിലെ ഇളമിത്രയെപ്പോലെയുള്ളവർ ഭൂപ്രഭുക്കളോട് പൊരുതുന്നതിനൊപ്പം വർഗീയ ലഹളക്കാരെയും ചെറുത്തുനിന്നു. മുസ്ലീം ലീഗ് നേതൃത്വത്തിലുള്ള പ്രവിശ്യാമന്ത്രിസഭയുടെ പിന്തുണയോടെ ഭൂപ്രഭുക്കളിൽ നിന്ന് അക്രമാസക്തമായ പ്രതികരണമാണുണ്ടായത്.
മൊത്തത്തിൽ, പല ജില്ലകളിലായി 22 പൊലീസ് വെടിവയ്പ് നടന്നതിൽ 72 കമ്യൂണിസ്റ്റ് പോരാളികൾ കൊല്ലപ്പെട്ടു. അക്കൂട്ടത്തിൽ ഹിരൺമയി ബാനർജിയെയും ലക്സിമയി ദാസിയെയും മനോരമ റോയിയെയും സരോജിനിയെയും കുന്തിഹൽദറിനെയും പോലെയുള്ള വനിതാ രക്തസാക്ഷികളുമുണ്ട്. മൂവായിരത്തിലധികം ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടു. കൃഷിക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ ഭാഗികമായെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞത് 1949 ൽ മാത്രമാണ്. കുടിയൊഴിപ്പിക്കൽ തടയുന്നതിനുവേണ്ടി ബർഗാദാർമാരെ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം 1979ൽ ഇടതുമുന്നണി ഗവൺമെന്റിന്റെ കാലത്ത് മാത്രമാണ് കൊണ്ടുവന്നത്.
പുന്നപ്ര വയലാർ സമരം (1946): കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ (ഇപ്പോൾ കേരളം) കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഇതരവിഭാഗം തൊഴിലാളികളും ദിവാൻ സർ സി പി രാമസ്വാമി അയ്യർക്കെതിരെ കലാപം ആരംഭിച്ചു; ദിവാൻ നിർദേശിച്ചത് തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കേണ്ടതില്ലെന്നും അമേരിക്കൻ മോഡൽ ഗവൺമെന്റ് അംഗീകരിക്കണമെന്നുമാണ്.
ആ പ്രദേശത്തെ കയർ തൊഴിലാളികളുടെ ഒട്ടേറെ പ്രക്ഷോഭങ്ങൾ കമ്യൂണിസ്റ്റുകാർ സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ ഈ സമരത്തിന് നേതൃത്വം കൊടുക്കുന്നതിന് ഈ ഉശിരൻ വിഭാഗം മുൻകെെയടുത്തു; മറ്റ് വിവിധ വിഭാഗം ജനങ്ങളെ അവർ ഇതിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളും പൊലീസ് /പട്ടാള വിഭാഗങ്ങളും തമ്മിൽ നിരന്തരം ഏറ്റുമുട്ടലുകൾ ഉണ്ടായി. പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ആവർത്തിച്ച് ആക്രമണങ്ങളുണ്ടായിട്ടും തൊഴിലാളികൾ ആവേശപൂർവം ചെറുത്തുനിൽപ് തുടർന്നു. പൊലീസ് ക്യാമ്പുകളെയും പട്ടാളക്യാമ്പുകളെയും തിരിച്ചാക്രമിക്കാനും അവർ തയ്യാറായി. നിരന്തരമുള്ള പൊലീസാക്രമണത്തിൽ ആയിരത്തിലേറെ കമ്യൂണിസ്റ്റ് പോരാളികളും ഉശിരൻ തൊഴിലാളികളും കൊല്ലപ്പെട്ടു.
ത്രിപുര ഗോത്ര വർഗക്കാരുടെ സമരം: അക്കാലത്തെ മഹാരാജാവിന്റെ ക്രൂരമായ ഭരണത്തിനും ഗോത്രവർഗക്കാരെ ചൂഷണം ചെയ്യുന്നതിനുമെതിരെ ഗോത്രവർഗക്കാരുടെ ഉശിരൻ സമരം നടന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതിഹാസ സമാനനായ ഗോത്രവർഗ നേതാവ് ദശരഥ്ദേബ് ബർമ്മയാണ് രാജവാഴ്ചയ്ക്കെതിരായി ബ്രിട്ടീഷുകാർക്കെതിരായുള്ള ഈ ഉശിരൻ പോരാട്ടത്തിന് നേതൃത്വം നൽകിയത്; ഇൗ പോരാട്ടമാണ് ത്രിപുരയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് അടിത്തറ പാകിയത്. ത്രിപുര ഉപജാതി ഗണമുക്തി പരിഷത്ത് എഐകെഎസുമായി ചേർന്ന് ഗണശിക്ഷാ ആന്ദോളന്റെ പേരിൽ ഗോത്ര വർഗകർഷകരുടെ വമ്പിച്ച ഒരു മുന്നേറ്റത്തിന് നേതൃത്വം നൽകി; ഭൂമി അന്യാധീനപ്പെടുത്തുന്നതിനെതിരെയും വെറുക്കപ്പെട്ട ‘തിത്തു’ സമ്പ്രദായത്തിനെതിരെയും ഒപ്പം മറ്റ് ആവശ്യങ്ങളുന്നയിച്ചുമായിരുന്നു ആ സമരം.
വർളി കലാപം, മഹാരാഷ്ട്ര (1945–47): മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വർളി ആദിവാസികൾ ഭൂപ്രഭുക്കളുടെ മനുഷ്യത്വരഹിതമായ ചൂഷണത്തിനെതിരെ കലാപം നടത്തി. ഇൗ മുന്നേറ്റത്തിന് മുൻകെെയടുത്തതും സംഘടിപ്പിച്ചതും കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു; ഇതിഹാസ സമാനയായ കമ്യൂണിസ്റ്റ് വനിതാനേതാവ് ഗോദാവരി പരുലേക്കറാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പ്രദേശത്ത് കിസാൻസഭ സംഘടിപ്പിക്കുന്നതിനായി അവർ തന്റെ ഭർത്താവ് ശ്യാംറാവു പരുലേക്കർക്കൊപ്പം വർഷങ്ങളോളം അവിടെ ചെലവഴിച്ചു. താനെ ജില്ലയിലെ വനപ്രദേശത്ത് കാട്ടുതീ പോലെ ഈ സമരം പടർന്നുപിടിച്ചു. തുച്ഛമായ കൂലിയും അടിമപ്പണിയും നിർബന്ധിതജോലിയും മൂലമുള്ള മനുഷ്യത്വരഹിതമായ ചൂഷണത്തിനെതിരെ ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരാണ് കലാപത്തിലേർപ്പെട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അടിച്ചമർത്തലുകളാണുണ്ടായത്. ആദിവാസികൾ ചെറുത്തുനിൽക്കുകയും തിരിച്ചടിക്കുകയും ചെയ്തു.
1945 ഒക്ടോബർ 10ന് നടന്ന നിഷ‍്ഠുരമായ ഒരു സംഭവത്തിൽ ബ്രിട്ടീഷ് ഭരണാധികാരികളുമായി ഒത്തുചേർന്ന് ഭൂപ്രഭുക്കൾ ഗോദാവരി പരുലേക്കറുടെ ജീവൻ അപകടത്തിലാണെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചു. ആയിരക്കണക്കിനാളുകൾ ചെങ്കൊടിയുമേന്തി അവിടെ ഒത്തുകൂടിയപ്പോൾ പൊലീസും ഗുണ്ടകളും അവരെ വളയുകയും അവർക്കുനേരെ വെടിവെപ്പ് നടത്തുകയും ചെയ്തു. വർളി ആദിവാസി സമരം കൂലി വർധിപ്പിക്കാനും മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കാനും ഭൂപ്രഭുക്കളെ നിർബന്ധിതരാക്കി; ഒരു പരിധിവരെ, ആദിവാസികൾക്ക് ഭൂമിനൽകാനും അവർ നിർബന്ധിതരായി.
സുർമവാലി സമരം (1936–48): സുർമ താഴ്-വരയിലെ കച്ചാർ, സിൽഹട്ട് ജില്ലകളിലായി (അന്ന് ഈ പ്രദേശമാകെ ആസാമിലായിരുന്നു, ഇപ്പോൾ സിൽഹദ് ബംഗ്ലാദേശിലാണ്) പരന്നുകിടക്കുന്ന കുടിയാന്മാർക്ക് അവർ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്തിരുന്ന ഭൂമിക്കുമേൽ ഒരവകാശവും ഉണ്ടായിരുന്നില്ല. അവർക്ക് അടച്ചുറപ്പുള്ളൊരു വീടു നിർമിക്കാനോ കിണറു കുഴിക്കാനോ ആ ഭൂമിയിൽ നിൽക്കുന്ന മരം മുറിക്കാൻപോലുമോ ഒരവകാശവും ഉണ്ടായിരുന്നില്ല. കൂലിയില്ലാ വേല ചെയ്യാൻ (നാൻകാർ) കുടിയാന്മാർ നിർബന്ധിതരായിരുന്നു; ഉത്സവ കാലത്ത് അവർ നസ്രാന നൽകണമായിരുന്നു. ചെരുപ്പ് ധരിക്കാനോ കുട ചൂടാനോ പോലും അവർക്ക് അനുവാദമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാർ മുൻകെെയടുത്ത് 1936ൽ സുർമവാലി കിസാൻ സഭ രൂപീകരിച്ചു; സാമ്പത്തികമായ കൊള്ളയടിക്കലിനും സാമൂഹ്യമായ അടിച്ചമർത്തലിനുമെതിരെ സമരങ്ങൾ സംഘടിപ്പിച്ചു. സർക്കാർ സംവിധാനം ഭൂപ്രഭുക്കളുമായി ഒത്തുചേർന്ന് കുടിയാന്മാരുടെ വീടുകൾ പൊളിക്കാൻ ആനയെ അയയ്ക്കുകയും സെെന്യത്തെ അയച്ച് കടുത്ത മർദന നടപടികൾ അഴിച്ചുവിടുകയും ചെയ്തു.
1937ൽ ഷില്ലോങ്ങിൽ അഭൂതപൂർവമാംവിധം വലിയൊരു പ്രകടനം സംഘടിപ്പിച്ചു; ആയിരക്കണക്കിന് കർഷകരും നാൻകാർമാരും വഴി മധേ-്യയുള്ള നിരവധി കുന്നുകൾ പിന്നിട്ട് 86 മെെൽ മാർച്ചു ചെയ്താണ് ഷില്ലോങ്ങിലെത്തിയത്. രണ്ടാം ലോകയുദ്ധാനന്തരം ഇൗ സമരങ്ങൾ കൂടുതൽ തീവ്രമാക്കുന്നതായാണ് കണ്ടത്. 1946ൽ അതിന്റെ മൂർധന്യാവസ്ഥയിലെത്തി. തേഭാഗ സമരത്തിന്റെ സ്വാധീനവും അതിനുണ്ടായിരുന്നു. കിസാൻസഭയുടെ നിരവധി നേതാക്കൾ പൊലീസാക്രമണത്തിൽ കൊല്ലപ്പെട്ടു; മണിപ്പൂരി കർഷകത്തൊഴിലാളി സ്ത്രീയായ ഇവാച്ചൗ ദേവിയും ഇതിലുൾപ്പെടുന്നു. ഒടുവിൽ 1948ൽ പങ്കുപാട്ട നിയമം നിർമിക്കാൻ ഗവൺമെന്റ‍് നിർബന്ധിതമായി. അവരുന്നയിച്ച മറ്റു പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു.
ആർഐഎൻ കലാപം (1946): 1946 ഫെബ്രുവരി 18ന് റോയൽ ഇന്ത്യൻ നേവിയിലെ (ആർഐഎൻ) നാവികർ ബോംബെയിൽ പണിമുടക്കിലേർപ്പെട്ടു; തുടക്കത്തിൽ ഇത് മെച്ചപ്പെട്ട ഭക്ഷണത്തിനുവേണ്ടിയും ഓഫീസർമാരുടെ തെറിവിളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു. എന്നാൽ അതിവേഗം ഈ സമരം ഐഎൻഎ കരുതൽ തടവുകാരെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കണമെന്നും ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്നും (ക്വിറ്റ് ഇന്ത്യ) ഉൾപ്പെടെയുള്ള രാഷ്ട്രീയ ആവശ്യങ്ങളിലേക്ക് ഉയർന്നു വരികയായിരുന്നു. ബ്രിട്ടീഷുകാരിൽനിന്ന് ഉടനൊരു ആക്രമണം ഉണ്ടാകുമെന്ന കിംവദന്തികളെത്തുടർന്ന് കരയിലുണ്ടായിരുന്ന ആയിരക്കണക്കിന് നാവികർ ഒത്തുകൂടുകയും ഇങ്ക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഒട്ടേറെ നാവികർ ചെങ്കൊടികളേന്തിയിരുന്നതിൽ നിന്നുതന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം വ്യക്തമായിരുന്നു. ചെങ്കൊടികൾക്കൊപ്പം കോൺഗ്രസ് പതാകയും മുസ്ലീംലീഗിന്റെ പതാകയും അവിടെ തടിച്ചുകൂടിയിരുന്നവർ ഏന്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ പണിമുടക്ക് റോയൽ ഇന്ത്യൻ നേവിയിലാകെ പടർന്നുപിടിച്ചു. കറാച്ചിയിലും കൽക്കട്ടയിലും മദ്രാസിലുമുണ്ടായിരുന്ന 74 കപ്പലുകളിലും കരയിലെ 20 സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന നാവികരാകെ ഇതിലണിനിരന്നു. ഇതാദ്യമായി കമ്യൂണിസ്റ്റുകാരിൽനിന്നും ആവേശമുൾക്കൊണ്ട് സെെനിക വിഭാഗം സ്വാതന്ത്ര്യസമരത്തിൽ അണിനിരന്നു. തുറമുഖങ്ങളിൽ ബ്രിട്ടീഷ് സേനയെ വിന്യസിച്ചു; അവർ ജനങ്ങൾക്കു നേരെയും നാവികർക്കുനേരെയും വിവേചനരഹിതമായി വെടിവെപ്പു നടത്തി. തെരുവു യുദ്ധമുൾപ്പെടെ, ബോംബെയിൽ ഐക്യദാർഢ്യപ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തൊഴിലാളിവർഗവും സാധാരണ ജനങ്ങളും നാവികർക്കു പിന്തുണയുമായി തെരുവിലിറങ്ങി.
കലാപത്തിന് പിന്തുണ നൽകിക്കൊണ്ട് സിപിഐ ആഹ്വാനം ചെയ്ത പണിമുടക്ക് സമ്പൂർണ വിജയമായിരുന്നു. ബോംബെ തെരുവിൽ റോന്തുചുറ്റിയിരുന്ന പട്ടാളം പ്രതിഷേധക്കാർക്കുനേരെ വെടിവച്ചു; നാനൂറിലെറെയാളുകളാണ് കൊല്ലപ്പെട്ടത്. ഇങ്ങനെ കൊല്ലപ്പെട്ടവരിൽ കമൽ ദോൺഡെ എന്ന യുവകമ്യൂണിസ്റ്റുകാരിയുൾപ്പെടെ നിരവധി കമ്യൂണിസ്റ്റ് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഈ സമരം മുന്നോട്ടുകൊണ്ടുപോകുന്നതിനുപകരം കോൺഗ്രസും മുസ്ലീം ലീഗും പണിമുടക്ക് പിൻവലിക്കാൻ നാവികർക്കുമേൽ സമ്മർദം ചെലുത്തുകയായിരുന്നു.
ഇന്ത്യയിലെ ജനങ്ങൾ ബ്രിട്ടീഷുകാർക്കെതിരായും ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായുമുള്ള പൊതുവായ സമരത്തിൽ യോജിച്ചണിനിരന്നിരുന്നു; ചൂഷണത്തിനെതിരെയുമായിരുന്നു ഈ സമരം. അതേസമയം ഹിന്ദു സമുദായത്തിലെയും മുസ്ലീം സമുദായത്തിലെയും ആർഎസ്എസിനെയും ഹിന്ദു മഹാസഭയെയും മുസ്ലീം ലീഗിനെയും പോലെയുള്ള വർഗീയശക്തികൾ അതിഭീകരമായ വർഗീയാക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു. ആത്യന്തികമായി ഇതാണ് ഇന്ത്യയുടെ രക്തരൂഷിതമായ വിഭജനത്തിൽ കലാശിച്ചത്.
ഈ മൂന്ന് വർഗീയ സംഘടനകളിൽ ഒരെണ്ണം പോലും അവ രൂപംകൊണ്ടതിനുശേഷം ഒരിക്കലും ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തിട്ടില്ല എന്നത് പരക്കെ അറിയാവുന്ന ഒരു വസ്തുതയാണ്. ആർഎസ്എസ്/ഹിന്ദുമഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സെയും കൂട്ടാളികളും 1948 ജനുവരി 30ന് മഹാത്മാഗാന്ധിയെ വധിച്ചപ്പോൾ (രാജ്യം സ്വാതന്ത്ര്യം നേടി 6 മാസം തികയുന്നതിനു മുമ്പാണ് ഇത് നടന്നത്) ആർഎസ്-എസിനെയും ഹിന്ദുമഹാസഭയുടെയും തനിനിറം ശരിക്കും പുറത്തായി.
ഇതിനുനേരെ വിരുദ്ധമായി കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരത്തിൽ മുഴുകിയിരിക്കുകയായിരുന്നു എന്നു മാത്രമല്ല, മതസൗഹാർദം സംരക്ഷിക്കുന്നതിനുവേണ്ടി ഇരുസമുദായത്തിലെയും നിരപരാധികളായ മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടിയും വിഭജനകാലത്തെ കൂട്ടക്കൊലകൾക്കു മുമ്പും ശേഷവും സജീവമായി പ്രവർത്തിച്ചിരുന്നു.
ചുരുക്കത്തിൽ
ആത്യന്തികമായി, 1947 ആഗസ്ത് 15ന് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു. കോൺഗ്രസിന് അധികാരം കെെമാറുകയും ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യഭാഗമായിരുന്നു നാല് പ്രധാന ധാരകൾ– കോൺഗ്രസ്, കമ്യൂണിസ്റ്റുകാർ, സായുധ വിപ്ലവകാരികൾ, സാമൂഹ്യപരിഷ്കർത്താക്കൾ. വർഷങ്ങളോളം കമ്യൂണിസ്റ്റുകാർ നയിച്ച സമരങ്ങൾ, പ്രത്യേകിച്ച് സ്വതന്ത്ര്യത്തിനുതൊട്ടുമുമ്പുള്ള ഏതാനും ചില വർഷങ്ങളിൽ നടന്ന സമരങ്ങൾ, ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം ഉറപ്പാക്കുന്നതിനിടയാക്കി. ദൗർഭാഗ്യവശാൽ ഇന്ത്യയുടെ വിഭജനത്തിനു സമ്മതിച്ചുകൊണ്ട് കോൺഗ്രസ് ബ്രിട്ടീഷുകാരുടെ കയ്യിൽ കളിക്കുകയായിരുന്നു; തന്മൂലം സംഭ്രമജനകമാംവിധം ഭീമമായ തോതിലുള്ള ആൾനാശമുണ്ടായി.
ഇന്ത്യൻ ഭരണവർഗങ്ങൾക്ക് അധികാരം കെെമാറ്റപ്പെട്ടതിനുശേഷമുള്ള പുതിയ ഘട്ടം ഇതോടെ ആരംഭിച്ചു. മുഖ്യമായും വിദേശസാമ്രാജ്യത്വ ഭരണാധികാരിക്കെതിരായി തിരിച്ചുവിടപ്പെട്ട ദേശീയ ഐക്യമുന്നണിയുടെ ഘട്ടം കഴിഞ്ഞു.
തുടക്കം മുതൽ തന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് പാർട്ടിയും ചോര കൊണ്ടും സമരംകൊണ്ടും ദേശസ്നേഹത്തിന്റെ ചരിത്രം രുചിക്കുകയാണുണ്ടായത്. ഒരു നല്ല നാളേയ്ക്കുവേണ്ടിയും വർഗചൂഷണത്തിൽനിന്നും സാമൂഹ്യമായ അടിച്ചമർത്തലിൽനിന്നും സ്വതന്ത്രമായ ഒരിന്ത്യ സ്ഥാപിക്കുന്നതിനു വേണ്ടിയും ഇന്ത്യയിലെ തൊഴിലാളിവർഗത്തെ അണിനിരത്തുകയും സംഘടിപ്പിക്കുകയും ചെയ്യുകയെന്ന വെല്ലുവിളി നിറഞ്ഞ പ്രവർത്തനത്തിലൂടെ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയും ചെയ്തു.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശതാബ്ദി വർഷത്തിൽ ഈ മഹനീയ ആശയങ്ങൾക്കായുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. l
റഫറൻസ് 1. സിപിഐ എം പരിപാടി (1964, 2000ത്തിൽ പരിഷ്കരിച്ചു) |