സിപിഐ എമ്മിന്റെ 24–-ാം ദേശീയ സമ്മേളനം 2025 ഏപ്രിൽ മാസം ആദ്യവാരത്തിൽ തമിഴ്‌നാട്ടിലെ മധുരയിൽവെച്ച് നടക്കുകയാണ്. ഇന്ത്യയിൽ നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യത്തിൽ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്കുവേണ്ടി മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടി എന്നുള്ള നിലയിൽ ദേശീയ രാഷ്‌ട്രീയ ഘടനയിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന പാർട്ടിയാണ് സിപിഐ എം. സാധാരണ ജനങ്ങളുടെ ജീവിത താൽപര്യങ്ങൾക്ക് എതിരായി ഓരോ കാലത്തും ഭരണവർഗം നടത്തിപ്പോരുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാടിന്റെ ഭരണഘടനതന്നെ തകർക്കപ്പെട്ട അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ സിപിഐ എമ്മിന് കഴിഞ്ഞു. ആഗോളവൽക്കരണ നയങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ നടത്തുന്ന പരിശ്രമങ്ങളെ പതിറ്റാണ്ടുകളോളം പ്രതിരോധിച്ച് തടയാൻ തൊഴിലാളികളെയും കർഷകരെയും സിപിഐ എം അണിനിരത്തുകയുണ്ടായി. മൂന്ന് സംസ്ഥാനങ്ങളിലെ വിപുലമായ ജനകീയ പിന്തുണയും പാർലമെന്റിനകത്തെ അംഗബലവും ഈ പോരാട്ടത്തിന് സഹായകമായി ഉപയോഗിക്കാനായി. പിന്നീട് ഭരണവർഗപിന്തുണയോടെ തീവ്ര ഹിന്ദുത്വ ശക്തികൾ നടത്തിയ തീവ്ര വർഗീയവൽക്കരണത്തിനും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾക്കും എതിരായി ഇന്ത്യയിലെ മതേതരപ്രതിപക്ഷത്തെ ഒന്നിച്ചണിനിരത്തുന്ന പ്രവർത്തനത്തിലും പാർട്ടി പ്രമുഖ പങ്ക് വഹിച്ചു. മൂന്നാമതും നരേന്ദ്രമോദി അധികാരത്തിലെത്തിയ സമയത്ത് ആ ഗവൺമെന്റ് വിവിധ മേഖലകളിൽ പിന്തുടരുന്ന നയവൈകല്യങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ കരുത്തുറ്റ ഇടതുപക്ഷ പ്രതിരോധം രൂപപ്പെടുത്താൻ ഇന്ത്യയിലൊട്ടാകെ സിപിഐ എം പരിശ്രമിക്കുന്ന ഘട്ടത്തിലാണ് 24–-ാം പാർട്ടി കോൺഗ്രസ് നടത്താൻ പോകുന്നത്.
ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വിവിധ ബൂർഷ്വ രാഷ്‌ട്രീയ പാർട്ടികളും പ്രാദേശിക രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായും അടിസ്ഥാന വ്യത്യാസമുള്ള പാർട്ടിയാണ് സിപിഐ എം. പാർട്ടിയുടെ ആശയപരവും നയപരവും സംഘടനാപരവുമായ അടിത്തറ മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്‌തമാണ്. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളും ഇതര രാഷ്‌ട്രീയ പാർട്ടികളെപ്പോലെയല്ല. എന്തുകൊണ്ടെന്നാൽ കമ്യൂണിസ്‌റ്റ് പാർട്ടി തൊഴിലാളി വർഗത്തിന്റെ രാഷ്‌ട്രീയപാർട്ടിയാണ്. അതുകൊണ്ടുതന്നെ അന്യവർഗ ചിന്താഗതിക്കെതിരെ ബോധപൂർവമായ സമരം എല്ലാ മേഖലകളിലും പാർട്ടിക്ക് നടത്തേണ്ടതുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനഫലമായി രൂപപ്പെടുന്ന അന്യവർഗ ചിന്താഗതിയിൽനിന്ന് രൂപംകൊള്ളുന്ന സംസ്‌കാരത്തിനും ജീവിതരീതിക്കുമെതിരായ സമരംകൂടി ബോധപൂർവം നടത്തുന്ന പാർട്ടിയാണ് കമ്യൂണിസ്‌റ്റ് പാർട്ടി. ഈ നിലയിൽ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ മറ്റു രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ പിന്നിൽ അണിനിരന്ന ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനനിരതരായി അവർക്കിടയിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങളും ഘടകങ്ങളും നിരന്തരം സജീവമായി പ്രവർത്തിക്കുന്നു എന്നുറപ്പാക്കുന്നതിൽ പാർട്ടി സമ്മേളനങ്ങൾക്ക‍് പ്രത്യേക പ്രാധാന്യമുണ്ട്.
ഇത്തരം പ്രവർത്തന ചുമതലകൾ നിർവഹിക്കാൻ കഴിയുന്ന; ജനങ്ങളോട് പ്രതിബദ്ധതയുള്ള അംഗങ്ങളെയാണ് പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഘടകങ്ങളിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങൾ പാർടിയുടെ പൊതുനിർദേശങ്ങളും പാർട്ടി ഘടകത്തിന്റെ തീരുമാനങ്ങളും അനുസരിച്ച് സ്വന്തം ജീവിതത്തേയും പ്രവർത്തനവും ചിട്ടപ്പെടുത്തേണ്ടതുണ്ട്. പാർട്ടി അംഗങ്ങളുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ചുള്ള ബോധം നിരന്തരം വളർത്താൻ കഴിയണം. ഇതിന് അനുയോജ്യമായ ബഹുജനവിപ്ലവ കാഴ്‌ചപ്പാടാണ് സിപിഐ എമ്മിനുള്ളത്. ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന പാർടിക്ക് നല്ല അച്ചടക്കമുള്ള പാർട്ടി പ്രവർത്തന ശെെലി അനിവാര്യമാണ്. പാർട്ടി അംഗങ്ങൾ വിവിധ ബഹുജനസംഘടനകളിൽ പ്രവർത്തിക്കേണ്ടതുമുണ്ട്. അത്തരം പ്രവർത്തനങ്ങളിലും വർഗപരമായ ഉള്ളടക്കം പാർടി അംഗങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. സാമൂഹ്യതുല്യത ഉറപ്പാക്കുന്ന സമൂഹഘടനയ്-ക്കായും ചൂഷണരഹിതമായ ഒരു വ്യവസ്ഥയ്-ക്കുവേണ്ടിയും ഉള്ള നിരന്തരപോരാട്ടത്തിലേക്ക് ജനങ്ങളെ അണിനിരത്താനാണ് സിപിഐ എമ്മും പാർട്ടിയിൽ അണിനിരന്ന അംഗങ്ങളും ബഹുജനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വലതുപക്ഷ ആഗോളവൽക്കരണ സാമ്പത്തിക നയങ്ങളുടെ വിപരീത പ്രതിഫലനങ്ങൾ വിലക്കയറ്റം, തൊഴിലില്ലായ്മ, വേഗതയേറിയ ദാരിദ്ര്യവൽക്കരണം എന്നീ രീതിയിൽ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. സാമൂഹ്യസുരക്ഷാമേഖലയിൽനിന്ന് ഏതാണ്ട് പൂർണമായി ഭരണകൂടം പിൻമാറിക്കഴിഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അവഗണിക്കാനും ഫെഡറലിസത്തെയും വിശേഷിച്ച് സാമ്പത്തിക ഫെഡറലിസത്തെയും പൂർണമായി തകർക്കാനുമാണ്- ബിജെപി സർക്കാർ പരിശ്രമിക്കുന്നത്. തീവ്ര ഹിന്ദുത്വ അജൻഡ നടപ്പിലാക്കുക വഴി പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം മതന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കിയിരിക്കുന്നു. നവോത്ഥാന കാലം സൃഷ്ടിച്ച ഉൽപ്പതിഷ്‌ണുത്വം ദുർബലപ്പെടുന്ന സാഹചര്യത്തിൽ തീവ്ര ഹിന്ദുത്വത്തിന്റെ പുനരുദ്ധാരണ പ്രതിലോമ പദ്ധതികൾ സമൂഹത്തിൽ പിടിമുറുക്കുകയാണ്. ശാസ്ത്ര യുക്തിബോധം ദുർബലപ്പെടുകയും രാജ്യത്തെ പിന്നാക്കാവസ്ഥയിലേക്ക് നയിച്ച ജാതിഘടകങ്ങൾ പുതിയ സ്വാധീനം കണ്ടെത്താൻ ശ്രമിക്കുകയുമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രവണത ഏറെ ശക്തിപ്പെട്ടിരിക്കുന്ന ഈ സന്ദർഭത്തിൽ മേധാവിത്വം പുലർത്തുന്ന പ്രത്യയശാസ്ത്രം വിധേയത്വബോധം സൃഷ്ടിക്കുന്ന പ്രതിലോമതയുടേതാണ്. അതുകൊണ്ടുതന്നെ ഇത്തരം സാമൂഹ്യതിന്മകൾക്കെതിരായി പൊതുബോധനിർമിതിക്കായുള്ള സമരങ്ങൾ ശക്തിപ്പെടുത്തേണ്ട ചുമതല സിപിഐ എമ്മിനുണ്ട്. വലതുപക്ഷ വർഗീയ അമിതാധികാര ശക്തികളും വൻമുതലാളി വർഗവും സംയോജിപ്പിച്ച് രൂപപ്പെടുത്തിയ വർഗീയതയുടെയും കോർപ്പറേറ്റ് ശക്തികളുടെയും കൂട്ടായ്മയെ പരാജയപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്വവും ഇന്ന് തൊഴിലാളി വർഗം ഏറ്റെടുക്കേണ്ടതുണ്ട്. ഈ ചുമതലകൾ നിർവഹിക്കാൻ കഴിയുന്ന കരുത്തുറ്റ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ എത്രത്തോളം മുന്നോട്ട് പോകാൻ സിപിഐ എമ്മിന്കഴിഞ്ഞു എന്ന പരിശോധനയാണ് പാർട്ടിയുടെ 24–ാം കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന വിവിധ ഘടകങ്ങളുടെ സമ്മേളനങ്ങളിൽ നടക്കുന്നത്.
എന്നാൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പാർടിവിരുദ്ധരും ഈ സമ്മേളനങ്ങളെ അപകീർത്തിപ്പെടുത്തുന്ന ഒരു കാര്യം മറച്ചുവച്ചുകൊണ്ടാണ്. രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ പലതിനും ജനാധിപത്യപരമായ ഉള്ളടക്കമില്ല. പ്രാകൃത മൂല്യങ്ങളെ പരിപാലിക്കുന്ന ആർഎസ്എസ് പിന്നിൽനിന്ന് നിയന്ത്രിക്കുന്ന ഒരു പാർടിയാണ് ബിജെപി. ആർഎസ്എസ് ആകട്ടെ ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയും പ്രസ്ഥാനവുമല്ല. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് കൃത്യമായ ഇടപെടലുകളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയിരുന്ന കോൺഗ്രസിൽ ഇപ്പോൾ താഴെ തലം മുതൽ അത്തരം തിരഞ്ഞെടുപ്പുകൾ ഇല്ല. എഐസിസി പ്രസിഡന്റ് നോമിനേറ്റ് ചെയ്ത കമ്മിറ്റിതന്നെ എഐസിസി പ്രസിഡന്റിനെ തിരഞ്ഞെടുത്ത കൗതുക കാഴ്ച ഇടക്കാലത്ത് കണ്ടു. ഇന്ത്യയിലെ ഇതര രാഷ്ട്രീയ പാർട്ടികളുടെ സംഘടനാരീതികൾ പൊതുവെ നോക്കിയിൽ കുടുംബ പിന്തുടർച്ചാവസ്ഥയിലൂടെയാണ് അതിലെ സംഘടനാപദവികൾ വീതിക്കപ്പെടുന്നത് എന്നും കാണാൻ കഴിയും. എന്നാൽ സിപിഐ എം മൂന്നുവർഷത്തെ ഇടവേളയിൽ എല്ലാതലത്തിലുമുള്ള സമ്മേളനങ്ങൾ നടത്തി പാർട്ടിയെ നയിക്കാനുള്ള കമ്മിറ്റികളേയും അതിന്റെ സെക്രട്ടറിമാരെയും ഉപരിഘടകങ്ങളെയും തിരഞ്ഞെടുക്കുകയാണ് പതിവ്. ഉൾപാർട്ടി ജനാധിപത്യത്തിന്റെ ഈ മികച്ച മാതൃകയെ ഇകഴ്‌ത്തിക്കാണിക്കാൻ തെറ്റായ പ്രചാരവേലകൾ ആണ് കമ്യൂണിസ്‌റ്റ് വിരുദ്ധരും അവരെ പിന്തുണയ്-ക്കുന്ന മാധ്യമങ്ങളും പതിവ് തെറ്റാതെ നടത്തുന്നത്.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയവും സംഘടനാപരവുമായ കാഴ്‌ചപ്പാടുകൾ പ്രാവർത്തികമാക്കുന്നതിലെ അനുഭവങ്ങളുടെ സൂക്ഷ്‌മപരിശോധനയാണ് പാർട്ടി സമ്മേളനങ്ങളിൽ നടക്കുന്നത്. വിമർശന –സ്വയം വിമർശനപരമായ ഉൾപ്പാർടി ചർച്ചകളും പാർട്ടി സമ്മേളനങ്ങളിൽ നടത്തേണ്ടതുണ്ട്. എന്നാൽ പാർട്ടി വിരുദ്ധ പ്രചാരവേല നടത്തുന്നവർ തങ്ങളുടെ ഭാവനയ്-ക്കനുസരിച്ച് തിരക്കഥകൾ തയ്യാറാക്കി ധാരാളം ദുഷ്‌പ്രചാരണങ്ങൾ ഈ സമ്മേളനാവസരത്തിൽ നടത്തിവരുന്നുണ്ട്. വിവിധ സംഘടനാകമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ട്. വിവിധ പാർട്ടി ഘടകങ്ങൾ സൂക്ഷ്‌മപരിശോധന നടത്തി തയ്യാറാക്കുന്ന പാനലുകൾ ഏറെക്കുറെ ഏകകണ്‌ഠമായാണ് അംഗീകരിക്കപ്പെടുന്നത്. പാനലിനെതിരായി ഒറ്റപ്പെട്ട എതിർപ്പുകൾ പ്രകടമാകുക എന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി ചിത്രീകരിച്ച് പാർട്ടിയിൽ അഭിപ്രായവ്യത്യാസമുണ്ട് എന്ന് വരുത്താൻ കമ്യൂണിസ്‌റ്റ് വിരുദ്ധർ ബോധപൂർവ്വം ശ്രമിച്ച് വരുന്നത് ഈ സമ്മേളന കാലയളവിലും സജീവമായി നടക്കുന്നുണ്ട്. എന്നാൽ ഒരുതരം വിഭാഗീയതയ്-ക്കും വിധേയമാകാതെ വിപുലമായ ഐക്യത്തോടുകൂടിയാണ് സിപിഐ എമ്മിന്റെ വിവിധ സമ്മേളനങ്ങൾ ഇപ്പോൾ നടക്കുന്നത്. അത്യപൂർവമായി കാണാനായ ഒറ്റപ്പെട്ട ദൗർബല്യങ്ങളെ ആ ഘടകങ്ങളുടെ രാഷ്‌ട്രീയ ബോധത്തിൽനിന്ന് സംഭവിക്കുന്ന കുറവായി കണ്ട് അത് യഥാസമയം പരിഹരിച്ച് തിരുത്താൻ പാർട്ടി നേതൃത്വത്തിന് കഴിയുന്നുമുണ്ട്.
5,64,895 പാർട്ടി അംഗങ്ങളുള്ള 38426 പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ഒരു മാസം കൊണ്ടാണ് നടത്തി പൂർത്തീകരിച്ചത്. 20,444 ലോക്കൽ കമ്മിറ്റികളുടെയും 210 ഏരിയ കമ്മിറ്റികളുടെയും സമ്മേളനങ്ങൾ പൂർത്തീകരിച്ച് കേരള സംസ്ഥാനത്ത് ജില്ലാ സമ്മേളനങ്ങളിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണ്. പാർട്ടി അംഗങ്ങൾ മാത്രമല്ല പാർട്ടിയെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് പാർട്ടി ബന്ധുക്കളും അനുഭാവികളും ഈ സമ്മേളനത്തിന്റെ ഭാഗമാകുകയാണ്. സാംസ്‌കാരിക സമ്മേളനങ്ങൾ, കലാ–-കായിക പരിപാടികൾ, പ്രകടനങ്ങൾ, പൊതുസമ്മേളനങ്ങൾ ഇവയെല്ലാം സമ്മേളനത്തിന്റെ ഭാഗമായി വലിയ ബഹുജന പങ്കാളിത്തത്തോടെ നടന്നുവരുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്ന ജനങ്ങൾ അത്യധികം താൽപ്പര്യത്തോടുകൂടിയാണ് പാർട്ടിയുടെ വളർച്ചയേയും പ്രവർത്തനത്തേയും കാണുന്നത്. എന്നാൽ മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന പാർട്ടി സമ്മേളനത്തിന്റെ പ്രകടനം പോയ വഴിയിൽ ട്രാഫിക് തടസപ്പെട്ടു എന്ന വാർത്തയാണ് കമ്യൂണിസ്‌റ്റ് വിരുദ്ധ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അനുവദനീയമായ നമ്മുടെ നാട്ടിൽ നടക്കുന്ന പാർട്ടി പൊതുയോഗങ്ങളിൽ അപൂർവം ചിലത് റോഡരികിൽ ആയാൽ വൻ ഗതാഗത തടസ്സമെന്ന് ഇവർ ആക്ഷേപിക്കുന്നു. ആളുകൾക്ക് അസൗകര്യം പരമാവധി കുറയ്-ക്കുന്ന തരത്തിലാണ് പാർട്ടി സമ്മേളനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമ്മേളനങ്ങൾ അസൗകര്യമുണ്ടാക്കി എന്ന് ആക്ഷേപിക്കുന്നവർ സമ്മേളനങ്ങൾ നടക്കാത്ത ദിവസങ്ങളിലും നമ്മുടെ നാട്ടിൽ ഗതാഗതക്കുരുക്കുകൾ ഉണ്ടാവുന്നുണ്ട് എന്ന വസ്‌തുത മറച്ചുവെച്ചാണ് പാർട്ടി വിരുദ്ധ പ്രചാരണം നടത്തുന്നത്.
കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റെ രാഷ്‌ട്രീയ പാർട്ടിയായ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റുക, പാർട്ടിയുടെ സ്വതന്ത്രമായ കരുത്ത് വർധിപ്പിക്കുക, ഇടതുപക്ഷ ശക്തികളുടെ ഐക്യം ശക്തിപ്പെടുത്തുക, പാർശ്വവൽക്കരിക്കപ്പെട്ട വിവിധ വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി അവർക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് 23–-ാം പാർട്ടി കോൺഗ്രസ് സമാപിച്ചത്. ഹിന്ദുത്വ ശക്തികളെ അധികാരത്തിൽനിന്ന് മാറ്റുന്നതിനുള്ള മുന്നുപാധി എന്ന നിലയിൽ തൊഴിലാളി കർഷക ജന വിഭാഗങ്ങളുടെ വലിയ ബഹുജന പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുക എന്നുള്ളതും കഴിഞ്ഞ പാർട്ടി സമ്മേളനത്തിന്റെ ലക്ഷ്യമായിരുന്നു. ജന വിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.
ബിജെപിയുടെ ശക്തി പാർലമെന്റ് അംഗബലത്തിൽ കുറയ്-ക്കാൻ കഴിഞ്ഞത്- ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ച് പോരാട്ടം ശക്തമാക്കിയതിലൂടെയാണല്ലോ? ഇന്ത്യ ബ്ലോക്ക് രൂപീകരിക്കുന്നതിൽ നല്ല നിലയിൽ ഇടപെടാൻ പാർടിക്ക് കഴിഞ്ഞു. എന്നാൽ പാർട്ടിയുടെ സ്വതന്ത്രമായ കരുത്ത് ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനുതകുന്ന തരത്തിൽ തൊഴിലാളികൾ, കർഷകർ, ഗ്രാമീണ മേഖലയിലെ തൊഴിലാളികൾ എന്നിവർ നവ ഉദാരവൽക്കരണ കാലത്ത് അനുഭവിക്കുന്ന ചൂഷണത്തിനെതിരെ വലിയ പോരാട്ടം വളർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഇപ്പോൾ നടന്നുവരുന്ന സമ്മേളനങ്ങളിൽ ചർച്ച ചെയ്തുവരുന്നു.
നാടിന്റെ പൊതുതകർച്ചയ്-ക്ക് വഴിവെച്ച വലതുപക്ഷ നയങ്ങളും ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളും കേന്ദ്രസർക്കാർ നടപ്പിലാക്കുമ്പോൾ തികച്ചും വ്യത്യസ്‌തമായ ജനാനുകൂല ഭരണനിർവ്വഹണമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് നിർവഹിച്ചത്. മുൻകാല ഇടതുപക്ഷ ഗവൺമെന്റുകളുടെ ഭരണത്തിലൂടെ ഒരു പരിധി വരെ സാമൂഹ്യതുല്യത കൈവരിച്ച കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം നാനാ മേഖലകളിലും മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ന്യൂനപക്ഷ വിരുദ്ധമായ കേന്ദ്ര സർക്കാർ നിലപാടുകളല്ല കേരളം സ്വീകരിക്കുന്നത്. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല, സാമൂഹ്യസുരക്ഷാ മേഖല എന്നീ രംഗങ്ങളിലെ മികവ് കൂടുതൽ മെച്ചപ്പെടുത്താൻ കേരളത്തിനായി. മനുഷ്യ വിഭവ ശേഷിയുടെ വളർച്ചയിൽ എല്ലാ മേഖലയിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാംസ്ഥാനത്താണ്. വ്യവസായ സൗഹൃദ മേഖലയിലും ഒന്നാമതെത്താൻ കേരളത്തിനായി. കാർഷിക രംഗത്തും ഈ കാലയളവിൽ ഉൽപാദന ക്ഷമതാ വർദ്ധനവുണ്ടായി. 24 ശതമാനം അതിദരിദ്രരുള്ള ഇന്ത്യയിൽ ആ പ്രശ്‌നം ആദ്യം പരിഹരിച്ച സംസ്ഥാനം കേരളമാണ്.
കേരളത്തിന്റെ ലോക ശ്രദ്ധയാകർഷിച്ച ഈ മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്നതിനായി കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിനെതിരായി, ഇടതുപക്ഷത്തിനെതിരായി വലിയ തോതിലുള്ള കടന്നാക്രമണങ്ങൾ വലതുപക്ഷ ശക്തികൾ സംഘടിതമായി നടത്തുന്ന സന്ദർഭമാണിത്. ഹിന്ദുത്വ ശക്തികൾ മുതൽ ന്യൂനപക്ഷ വർഗീയ ശക്തികളായ ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങിയ ശക്തികളെ വരെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കമ്യൂണിസ്‌റ്റ് വിരുദ്ധർ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നിലയിൽ പ്രവർത്തിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പരാജയമേൽപ്പിക്കുന്നതിൽ അവർ വിജയിച്ചു. ഇടതുപക്ഷ തുടർഭരണം ഇഷ്ടപ്പെടാത്ത സ്ഥാപിത താൽപ്പര്യക്കാർ എല്ലാ ജാതി മതവർഗീയശക്തികളെയും ഒന്നിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വീണ്ടും ഒരു ഇടതുപക്ഷഭരണം എന്നത് അവർക്ക് ചിന്തിക്കാനാവുന്ന ഒന്നല്ല.
എന്നാൽ പൊരുതുന്ന ഇന്ത്യയിലെ ജനങ്ങൾ ആവേശപൂർവം സ്വീകരിക്കുന്നതാണ് കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന്റെ നയങ്ങൾ. സാമ്പത്തിക ഫെഡറലിസം അട്ടിമറിച്ച് സംസ്ഥാന ഗവൺമെന്റുകളെ ദുർബലപ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരായ സംസ്ഥാനങ്ങളുടെ പ്രതിരോധ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഡൽഹിയിൽ സമരം നയിച്ച് കേരളം ഏറ്റെടുത്തത് ഈ കൂട്ടരെ അലോസരപ്പെടുത്തുന്നുണ്ട്. എല്ലാ വലതുപക്ഷക്കാരെയും ഒരേ ചരടിൽ കോർത്ത് കേരളത്തിലെ ഇടതുപക്ഷ അടിത്തറ തകർക്കാൻ യുഡിഎഫിലെ കോൺഗ്രസും ലീഗും വഴിവിട്ട് പ്രവർത്തിക്കുകയാണ്. അവരുടെ ഈ നീക്കം പാഴ്‌ശ്രമമായി മാറ്റാൻ കഴിയുന്ന തരത്തിൽ കേരള ജനതയെ ഇടതുപക്ഷത്തോടൊപ്പം നിർത്താനുള്ള പരിശ്രമങ്ങൾക്ക് പാർട്ടി സമ്മേളനങ്ങൾ രൂപം കൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ ആശയ രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലകളിൽ വലിയ പോരാട്ടങ്ങൾക്ക് വഴിതുറക്കുന്ന ചർച്ചകളാണ് വിവിധ സിപിഐ എം ഘടക സമ്മേളനങ്ങളിൽ നടക്കുന്നത്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം സമഗ്രമായ പ്രായോഗിക പ്രവർത്തനങ്ങളിലെ വിശദാംശങ്ങൾക്ക് രൂപം നൽകുകയും ചെയ്യും.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ സിപിഐ എമ്മിന് നിർവഹിച്ച് തീർക്കാനുണ്ട്. സാമൂഹ്യ അസമത്വത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുന്ന പ്രതിലോമ ഘടകങ്ങളോട് അത് പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര സാംസ്‌കാരിക സമരങ്ങൾ നടത്തുക എന്നത് പാർട്ടിയുടെ ചുമതലയാണ്. ഇന്ത്യയുടെ പിന്നാക്കാവസ്ഥ മുറിച്ചുകടക്കാനും ഇന്ത്യൻ ജനതയുടെ ദാരിദ്ര്യവൽക്കരണം അവസാനിപ്പിക്കാനും വലതുപക്ഷ ഹിന്ദുത്വ ശക്തികളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനും ഇന്നത്തെ സാമൂഹ്യഘടന അടിമുടി മാറ്റാനുമുള്ള ലക്ഷ്യബോധത്തോടുകൂടിയാണ് സിപിഐ എം പ്രവർത്തിക്കുന്നത്. ഒരു പിടി സമ്പന്നർക്ക് കൂടുതൽ സമ്പത്ത് കാട്ടാനല്ല, സാമൂഹ്യ തുല്യതയിലൂടെ എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്താനാണ് പാർട്ടിയുടെ താൽപര്യം. ഇതിനായുള്ള ബഹുജനമുന്നേറ്റത്തിലൂടെ സോഷ്യലിസം എന്ന ലക്ഷ്യത്തിനായാണ് സിപിഐ എം പ്രവർത്തിക്കുന്നത്. ആ ലക്ഷ്യം നേടാനുള്ള ആത്മവിശ്വാസം ജനങ്ങൾക്ക് നൽകാൻ കഴിയുന്ന പാർടി കെട്ടിപ്പടുക്കാനുള്ള സിപിഐ എമ്മിന്റെ പരിശ്രമങ്ങൾക്കൊപ്പം ജനങ്ങളെ കൂടുതലായി അണിനിരത്താനാണ് ഈ പാർട്ടി സമ്മേളനങ്ങൾ ലക്ഷ്യം വെക്കുന്നത്. l