സിപിഐഎം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിലെ സുപ്രധാന രാഷ്ട്രീയ കടമകൾ നിർണയിക്കുന്നതിലും അതേറ്റെടുക്കാനുള്ള ജനകീയ സമര പ്രസ്ഥാനം രൂപപ്പെടുത്തുന്നതിലും നിർണായകമായ പങ്കാണ് വഹിക്കുന്നത്. അത് സിപിഐ എമ്മിന് ജനപ്രതിനിധി സഭകളിലോ സാമാന്യ ജനതയ്ക്കിടയിലോ ഉള്ള സ്വാധീനത്തേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് എന്ന കാര്യവും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആവിർഭവിച്ചതിന്റെയും പല ഘട്ടങ്ങളിലൂടെ വളർന്നതിന്റെയും ചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഈ സംക്ഷിപ്ത ചരിത്രം ആ അർത്ഥത്തിൽ വിലപ്പെട്ട ഒട്ടേറെ പാഠങ്ങൾ ഓർമ്മപ്പെടുത്തുന്നു. 1920 മുതൽ 1947 വരെയുള്ള കാൽ നൂറ്റാണ്ടിലധികം വരുന്ന കാലഘട്ടമാണ് ഇതിലെ പ്രതിപാദ്യം.
കോൺഗ്രസിന്റെ അഖിലേന്ത്യ സമ്മേളനത്തിൽ പൂർണ്ണ സ്വരാജ് ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കമ്യൂണിസ്റ്റ് പാർട്ടി ഘടകം 1920 ഒക്ടോബർ 17ന് താഷ്കന്റിൽ വച്ച് രൂപീകരിക്കപ്പെട്ടതിന്റെ സ്വാധീനഫലമായിട്ടായിരുന്നു. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന് രൂപംകൊടുക്കാനായി താഷ്‌കന്റിൽ രൂപവല്‍ക്കരിക്കപ്പെട്ട പ്രഥമ ഘടകത്തിന്റെ സെക്രട്ടറി സഖാവ് മുഹമ്മദ് ഷഫീഖ് ആയിരുന്നു.
സിപിഐയും, സിപിഐ (എംഎൽ) ലിബ്-റേഷനും പക്ഷേ, 1925ലാണ് സിപിഐയുടെ ചരിത്രത്തിന്റെ ആരംഭമായി വാദിക്കുന്നത്. 1925ൽ കാൺപൂരിൽ ഒത്തുകൂടിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 300 പ്രതിനിധികൾ സംബന്ധിച്ച സമ്മേളനത്തിന് കൂടുതൽ പ്രാതിനിധ്യ സ്വഭാവമുണ്ടായിരുന്നു എന്നതാണ് കാരണം.

1920ഉം 1925ഉം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന വർഷങ്ങളാണ് എന്ന് അംഗീകരിക്കുവാൻ യാതൊരു ബുദ്ധിമുട്ടുമില്ല. സമ്പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം 1921ൽ അവതരിപ്പിക്കുന്നതിന് പിന്നിൽ കമ്യൂണിസ്റ്റ് ആശയഗതിയുടെ സ്വാധീനം ഉണ്ടെന്ന വസ്തുത സൂചിപ്പിക്കുന്നത് 1920ലെ താഷ്കന്റ് യോഗത്തിന്റെ ചരിത്ര പ്രാധാന്യം അംഗീകരിക്കുന്നത് യുക്തിസഹമാണെന്നുതന്നെ. മറ്റൊരു ചരിത്ര വസ്തുതയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ചരിത്രം 1920ൽ ആരംഭിക്കുന്നുവെന്ന് കണ്ടെത്തുന്നതിന് ഉപോൽബലകമായിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്ത സർക്കാർ ഇന്ത്യയിൽ കമ്യൂണിസ്റ്റുകാർക്കെതിരെ തൊടുത്തുവിട്ട ഗൂഢാലോചന കേസുകളിൽ ഒന്നാമത്തേതായ പെഷവാർ ഗൂഢാലോചന കേസ് – 1921ലാണ് ചുമത്തപ്പെട്ടത്. 1921 ജൂൺ മാസം ഇന്ത്യയിലേക്ക്, സോവിയറ്റ് യൂണിയനിൽ നിന്ന് മടങ്ങി വന്ന സഖാക്കളെ ബ്രിട്ടീഷ് പൊലീസ് പെഷവാറിൽ വച്ച് അറസ്റ്റുചെയ്തു. പെഷവാർ ബോൾഷെവിക് ഗൂഢാലോചന കേസ് എന്ന് അറിയപ്പെട്ട ഇതിൽ ഉൾപ്പെട്ടവരെല്ലാം മുസ്ലീങ്ങൾ ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി സമരരംഗത്ത് വന്ന ഇവർ റഷ്യയിലെ ബോൾഷെവിക് വിപ്ലവത്തിന്റെ വിജയത്തെ തുടർന്ന് കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. കോൺഗ്രസോ മുസ്ലിംലീഗോ പെഷവാർ ഗൂഢാലോചനകേസിൽ പ്രതിഷേധിച്ചില്ല എന്ന ചരിത്രവും ഇവിടെ ഓർക്കാവുന്നതാണ്.
കമ്യൂണിസത്തെ മുളയിലേ നുള്ളിക്കളയാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ നടത്തിയ അടിച്ചമർത്തൽ നടപടികളിൽ മറ്റൊരു പ്രധാന നീക്കമായിരുന്നുവല്ലോ കാൺപൂർ ഗൂഢാലോചന കേസ്. അതും 1925 നു മുമ്പായിരുന്നു. 13 പ്രമുഖ കമ്യൂണിസ്റ്റുകാരെ ഇതിൽ പ്രതിചേർക്കുകയുണ്ടായി: എം എൻ റോയ്, മുസഫർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, ഗുലാം ഹുസൈനി, എസ് എ ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാർ, ആർ സി ശർമ, നളിനി ഗുപ്ത, സംസുദ്ദീൻ ഹസൻ, എം പി എസ് വേലായുധൻ, ഡോ. മണിലാൽ ഷാ, സമ്പൂർണ്ണനന്ദ, സത്യഭക്ത എന്നിവരായിരുന്നു അവർ.
ഈ കേസിന്റെ വിചാരണ ആരംഭിച്ചത് 1924 ഏപ്രിൽ മാസമായിരുന്നു. കുപ്രസിദ്ധനായ ബ്രിട്ടീഷ് ജഡ്ജ് ഹോം സിനു മുന്നിലാണ് വിചാരണ തുടങ്ങിയത്. ചൗരി ചൗര സംഭവത്തിന്റെ പേരിൽ 172 നിരപരാധികളായ കൃഷിക്കാരെ തൂക്കിലേറ്റാൻ വിധി പുറപ്പെടുവിച്ച അതിക്രൂരനായ ജഡ്ജി.
കാൺപൂർ ഗൂഢാലോചന കേസിൽ മുഖ്യ കമ്യൂണിസ്റ്റ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതു കൊണ്ടുകൂടിയാണ് 1923 ജൂൺ 23ന് ലക്-നോവിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ ഒരു സമ്മേളനത്തിൽ ഒത്തുകൂടുവാൻ കൈക്കൊണ്ട തീരുമാനം മാറ്റിവയ്ക്കേണ്ടി വന്നത്. അങ്ങനെയാണ് കോൺഗ്രസ് സമ്മേളനം 1925 ഡിസംബറിൽ കാൺപൂരിൽ ചേരുന്നതിനോടനുബന്ധിച്ച് കമ്യൂണിസ്റ്റുകാർ തങ്ങളുടെ അഖിലേന്ത്യ സംഗമം നടത്തുവാൻ നിശ്ചയിച്ചത്. ചുരുക്കത്തിൽ 1920 ഒക്ടോബറിൽ താഷ്കന്റിൽനിന്ന് തുടക്കംകുറിച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ സംഘടനാ യാത്രയുടെ ഒരു പ്രധാന ഘട്ടമായി 1925 ലെ കാൺപൂർ സമ്മേളനം വിലയിരുത്താം.
ഈ രണ്ടു സമ്മേളനങ്ങളും പാർട്ടിയുടെ അടിസ്ഥാന നയരേഖയായ ‘പാർട്ടി പരിപാടി’ക്ക് രൂപം കൊടുക്കുകയുണ്ടായില്ല എന്നത് ചരിത്രവസ്തുതയാണ്.
ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ നടത്തിയ ശ്രമങ്ങൾ സുപ്രധാനമാണ്. അവയിൽ വർഗീയതയാണ് ജാതീയമായ അയിത്തത്തോടൊപ്പം ഗുരുതരമായ പ്രശ്നവും പ്രതിഭാസവുമായി അന്നു ഉയർന്നുനിന്നത്; ഒരുവിധത്തിൽ ഇപ്പോഴും തുടരുന്നതും.

1926 മെയ് മാസത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വർഗീയതയെപ്പറ്റി എന്ന പേരിൽ ഒരു മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഔപചാരിക കണക്കുകൾ പ്രകാരം 1922 മുതൽ 112 വർഗീയ ലഹളകൾ ഇന്ത്യയിൽ സംഭവിച്ചു. 450 പേർ അതിൽ കൊലചെയ്യപ്പെട്ടു. അയ്യായിരത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒട്ടേറെ വസ്തുവകകൾ കൊള്ളിവയ്ക്കപ്പെട്ടു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കൈകോർത്തുനീങ്ങിയ ഹിന്ദു – മുസ്ലിം ജനതയും നേതാക്കളും വർഗീയമായി ചേരിതിരിക്കപ്പെടുന്ന പ്രവണത ഇതേ കാലത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിൽ ദുഷ്ടലാക്കോടെ കരുനീക്കങ്ങൾ നടത്തിയെങ്കിൽ ദേശീയ നേതാക്കളിൽ ചിലർ അതിന് അപമാനകരമാംവിധം ഇരകളാവുകയും ചെയ്തു. മദൻ മോഹൻ മാളവ്യ, ലാലാ ലജ്പത് റായി തുടങ്ങിയവർ ഹിന്ദുമഹാസഭയിൽ ചേർന്നത് ഉദാഹരണം. 1923ലാണ് വി ഡി സവർക്കർ തന്റെ വർഗീയ സിദ്ധാന്തം അടങ്ങിയ ‘ഹിന്ദുത്വ’ നിർവചനം അടങ്ങുന്ന വിഷലിപ്തമായ കൃതി പ്രസിദ്ധീകരിച്ചത്. 1925ൽ ആർഎസ്എസ് സ്ഥാപിതമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ വേണം കമ്യൂണിസ്റ്റ് പാർട്ടി 1926ൽ വർഗീയതയെ സംബന്ധിച്ച് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിനെ മനസ്സിലാക്കുവാൻ. ഇന്ന് ഇന്ത്യയിൽ ഫണം വിടർത്തിയാടുന്ന വിവിധ രൂപഭാവങ്ങളിലുള്ള വർഗീയതയുടെ വിപത്ത് വ്യക്തമായി ചൂണ്ടിക്കാട്ടുവാൻ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പുതന്നെ സാധിച്ചിരുന്നു.
1930 ൽ പ്രസിദ്ധീകരിച്ച ‘‘ഡ്രാഫ്റ്റ് പ്ലാറ്റ്ഫോം ഓഫ് ആക്ഷൻ’’ – ‘‘കർമ്മവേദി’’ സംബന്ധിച്ച കരട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല രേഖകളിൽ ഒന്നാണ്. ചില സെക്ടേറിയൻ സമീപനം അതിൽ രാഷ്ട്രീയമായി പ്രതിഫലിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിപ്ലവകരമായ ഉള്ളടക്കം പകർന്നുകൊടുക്കുന്നതിൽ സുപ്രധാന ഘട്ടത്തെക്കുറിക്കുന്ന രേഖയാണിത്. കോൺഗ്രസ് ഉൾപ്പെടെയുള്ള ബൂർഷ്വാ രാഷ്ട്രീയ നേതൃത്വങ്ങളെ നിശിതമായി വിമർശിക്കുന്നതോടൊപ്പം വ്യക്തിപരമായ ഭീകരവാദ പ്രവർത്തനവും ആ രേഖ ശക്തമായി വിമർശന വിധേയമാക്കുന്നു.
ജാതീയത, അയിത്തം തുടങ്ങിയ വിഷയങ്ങളും ഈ രേഖ ശക്തമായി അവതരിപ്പിക്കുന്നു. സ്ത്രീ സമത്വത്തിന്റെയും യുവജനങ്ങളുടെയും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന പ്രസ്തുത രേഖ, മറ്റുപല ദൗർബല്യങ്ങളും ഉണ്ടായിരിക്കവേതന്നെ കമ്യൂണിസ്റ്റുകാർ ഇന്ത്യയുടെ ദേശീയ വിമോചനവും ഭാവിപുരോഗതിയും സംബന്ധിച്ച്, സാമ്രാജ്യവിരുദ്ധ സമരത്തിന്റെ നാളുകളിൽ തന്നെ എത്ര സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.
പിച്ചവെച്ച് തുടങ്ങുമ്പോൾ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കടുത്ത അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചത് എന്ന കാര്യം പ്രസിദ്ധം.

1933 ഡിസംബറിൽ കൽക്കത്തയിൽ വച്ച് ഒരു പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കപ്പെട്ടു. മീററ്റ് കേസിൽ ശിക്ഷ കഴിഞ്ഞ് വിമോചിതരായ സഖാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രസ്തുത സമ്മേളനം ഒരു താൽക്കാലിക കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഒരു കരട് രാഷ്ട്രീയ തിസിസിനും അവിടെ വെച്ച് രൂപംനൽകപ്പെട്ടു. ദേശീയ ബൂർഷ്വാസിക്ക് സാമ്രാജ്യത്വവുമായി വൈരുദ്ധ്യങ്ങളുണ്ടെന്നു അതിന് ജനങ്ങളിൽ ഗണനീയമായ സ്വാധീനം നിലനിർത്താനാവുന്നുണ്ടെന്നും ഈ തീസിസിൽ വ്യക്തമാക്കുകയുണ്ടായി. മുൻപ് പിന്തുടർന്നുപോന്ന ഇടുങ്ങിയ സെക്ടേറിയൻ നിലപാടിന്റെ തിരുത്തൽ ഇവിടെ കാണാനാവും. പാർട്ടിയുടെ പോരാട്ട ജീവിതത്തിലെ ഒരു പുതിയ ഘട്ടമായിരുന്നു അത്.
‘അപകടം’ തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്വം 1934 ജൂലൈയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ വീണ്ടും നിരോധിച്ചു. വ്യാപകമായ മർദ്ദന നടപടികൾ കെട്ടഴിച്ചുവിടുകയും ചെയ്തു.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഘടകങ്ങൾ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ രൂപവൽക്കരിക്കപ്പെട്ടത് ഈ ഘട്ടത്തിലാണ്. അഖിലേന്ത്യാ തലത്തിൽ ജയപ്രകാശ് നാരായണൻ ജനറൽ സെക്രട്ടറിയായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാർ അതിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാട് ജെപിയോടൊപ്പം അന്ന് സി എസ് പി യിൽ പ്രവർത്തിക്കുകയുണ്ടായി. ജോയിന്റ് സെക്രട്ടറി ചുമതലയും വഹിച്ചു.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിപ്ലവകരവും പുരോഗമനപരവുമായ ദിശാബോധം നൽകുന്നതിൽ അതിനുള്ളിൽനിന്ന് പ്രവർത്തിച്ച കമ്യൂണിസ്റ്റുകാരുടെ സംഭാവന നിസീമമാണ്. തൊഴിലാളികൾ, കൃഷിക്കാർ, വനിതകൾ, യുവാക്കൾ വിദ്യാർത്ഥികൾ, കലാകാരരും എഴുത്തുകാരും തുടങ്ങി അനവധി വർഗ സാമൂഹിക വിഭാഗങ്ങളെ സ്വാതന്ത്ര്യസമര രംഗത്ത് അണിനിരത്തുവാൻ കമ്യൂണിസ്റ്റുകാർ മുന്നിൽ നിന്ന് പ്രവർത്തിച്ചു. ആ ജനവിഭാഗങ്ങളുടെ ഉശിരൻ സംഘടനകൾക്ക് രൂപംനൽകുന്നതിലും അവയെ സക്രിയമായി നയിക്കുന്നതിലും കമ്യൂണിസ്റ്റുകാരുടെ പങ്ക് നിർണായകമാണ്.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിൽ സാർവദേശീയ സാഹചര്യങ്ങളിൽ ഫാസിസത്തിന്റെ ഭീഷണി പരിഗണിച്ചുകൊണ്ടുകൂടി കമ്യൂണിസ്റ്റുകാർ സ്വീകരിച്ച സമീപനത്തെപ്പറ്റി വ്യാപകമായ അപവാദ പ്രചാരണങ്ങൾ നടക്കുകയുണ്ടായി. കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി സന്ധിചെയ്തു എന്ന തരത്തിലുള്ള ഗീബൽസിയൻ നുണകൾ പ്രചരിപ്പിക്കുവാൻ പോലും ചിലർ മുതിർന്നു. പിൽക്കാലത്തും വസ്തുതകൾ അറിയാത്തവരെ അത്തരം വാദഗതികൾ ഉയർത്തി ആശയക്കുഴപ്പത്തിൽ അകപ്പെടുത്താൻ ശ്രമിക്കുവർ ഇല്ലാതില്ല. ഈ ലഘു ഗ്രന്ഥം അത്തരം കാര്യങ്ങളും സംക്ഷിപ്തമായി പരിശോധിക്കുന്നുണ്ട്.
1920കളിൽ രൂപമെടുത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്റെ പ്രഥമ പാർട്ടി കോൺഗ്രസ് സംഘടിപ്പിക്കുവാൻ 1943 ൽ മാത്രമേ സാഹചര്യം ഉണ്ടായുള്ളൂ. സാമ്രാജ്യത്വ ദുർഭരണം നടത്തിയ വ്യാപകമായ അറസ്റ്റും ജയിലിലടയ്‌ക്കലുമായിരുന്നു ഈ കാലതാമസത്തിന്റെ മുഖ്യകാരണം. 1943 മെയ് 23 മുതൽ ജൂൺ ഒന്നു വരെ ബോംബെയിൽ നടന്ന പ്രഥമ പാർട്ടി കോൺഗ്രസിൽ 13 വനിതകൾ ഉൾപ്പെടെ 139പ്രതിനിധികൾ പങ്കെടുത്തു. പാർട്ടി പത്രം ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം പാർട്ടി കോൺഗ്രസ് പ്രതിനിധികളിൽ 70% പേരും ഒന്നോ അതിലധികമോ വർഷം ജയിലിൽ കിടന്നവരായിരുന്നു, ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ! അവരോരോരുത്തരും ജയിലിൽ കിടന്ന വർഷങ്ങൾ കൂട്ടിയാൽ 414 വർഷമാണ് കിട്ടുക! കൂടുതൽ കാലം ജയിലിൽ കിടന്നയാൾ ബാബ സോഹാൻ സിംഗ് ആയിരുന്നു. 27 വർഷം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ രാജ്യവ്യാപകമായി ഉശിരൻ ജനകീയ സമരങ്ങൾ ആളിപ്പടർന്നതിനെത്തുടർന്നുള്ള വർഷങ്ങളിൽ ജനകീയ വിമോചന മുന്നേറ്റങ്ങളിൽ കമ്യൂണിസ്റ്റുകാരുടെ പോരാട്ടവീര്യം സ്വന്തം ജീവരക്തംകൊണ്ട് അനേകായിരങ്ങൾ രേഖപ്പെടുത്തിയ അനുഭവ പരമ്പരകളാണ് തെലങ്കാന, പുന്നപ്ര വയലാർ, കയ്യൂർ, കരിവെള്ളൂർ, വർളി, തേഭാഗ, സുർമാവലി, ആർഐഎൻ (നാവികസേന) സമരം തുടങ്ങിയവ. അവ എണ്ണിയാലൊടുങ്ങില്ല. ഈ സമരങ്ങൾ വൻ ജനകീയ മുന്നേറ്റമായി പരിണമിക്കുമെന്നും തൊഴിലാളികളും കൃഷിക്കാരുമടങ്ങുന്ന ചൂഷിത ജനകോടികളുടെ കരങ്ങളിലേക്ക് ഇന്ത്യയുടെ ഭാവി നേതൃത്വം ചെന്നുചേരാൻ ഇടയായേക്കാമെന്നും ഭയപ്പെട്ടതുകൊണ്ടുകൂടിയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയെ വിഭജിച്ച് ബൂർഷ്വ വർഗ്ഗങ്ങളുടെ കൈകളിൽ ഭരണം ഏൽപ്പിച്ച് കടന്നുകളഞ്ഞത്.
സ്വാതന്ത്ര്യാനന്തരം ഭരണത്തിലേറിയ കോൺഗ്രസ് സാമ്രാജ്യത്വവിരുദ്ധ സമരനാളുകളിലെ ജനകീയ സ്വപ്നങ്ങൾ ചവിട്ടിയരയ്ക്കുന്ന നയങ്ങളാണ് മുഖ്യമായും പിന്തുടർന്നത്: ഇപ്പോൾ കേന്ദ്രത്തിലും ഭൂരിപക്ഷ സംസ്ഥാനങ്ങളിലും മുന്നണിയായും ഒറ്റയ്‌ക്കും ഭരണത്തിലുള്ള ബിജെപി, ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ പദ്ധതിപ്രകാരം തീവ്ര മതവിദ്വേഷംപരത്തി വൻകിട ശതകോടീശ്വരന്മാരുടെ ഒത്താശയോടെ ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ – മതേതര മൂല്യങ്ങൾ ചോർത്തിക്കളയുന്ന പ്രതിലോമ നയങ്ങളുമായി ഒരു ഹിന്ദുരാഷ്ട്രസ്ഥാപനം ലക്ഷ്യംവച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുകയാണ്. അതു തടയാൻ അതിവിസ്തൃതമായ ചെറുത്തുനിൽപ്പിന്റെ വിശാലവേദി വളർത്തിയെടുക്കാനുള്ള ശ്രമത്തിൽ പിന്നിട്ട കാലഘട്ടങ്ങളിലെ സമരാനുഭവങ്ങൾ ഓർക്കുന്നത് ഭാവി കടമകളെ കൃത്യമായി തിരിച്ചറിയുവാൻ കാഴ്ചത്തെളിച്ചം പകരും. സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും വികസിപ്പിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാകാൻ രൂപീകരണകാലം മുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള കാൽ നൂറ്റാണ്ടുകാലത്തെ കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രം നമുക്ക് പ്രചോദനമേകും.
ചരിത്ര പഠനത്തിന് ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. സങ്കീർണങ്ങളായ ചരിത്രസന്ധികളിൽ എപ്രകാരം തൊഴിലാളിവർഗ പ്രസ്ഥാനം ഇടപെട്ടു എന്ന പാഠങ്ങൾ വർത്തമാന കാലഘട്ടത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ സഹായകമായ ഉൾക്കാഴ്ചകൾ പകരും. ചരിത്രം അതേ പടി ആവർത്തിക്കുക അപൂർവമാണ്. എന്നാൽ സൂക്ഷ്മമായ ചരിത്രപഠനം വർത്തമാന–ഭാവികാലങ്ങൾ കാത്തുവയ്ക്കുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായകമായ പാഠങ്ങൾ പകർന്നു നൽകും. ആ അർഥത്തിൽ വേണം 1947 വരെയുള്ള കമ്യൂണിസ്റ്റുപാർട്ടി ചരിത്രത്തെ നാം സമീപിക്കേണ്ടത്. l