Saturday, April 5, 2025

ad

Homeആമുഖംആമുഖം

ആമുഖം

സിപിഐ എമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസ് 2025 ഏപ്രിലിൽ മധുരയിൽ ചേരുകയാണ്. അതിനു മുന്നോടിയായുള്ള വിവിധ തലങ്ങളിലെ സമ്മേളനങ്ങളാണ് ഇപ്പോൾ രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഏരിയതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയായി, ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് ഈ ലക്കം പുറത്തിറങ്ങുന്നത്.

ഇത്ര കൃത്യമായി മൂന്നുവർഷം കൂടുമ്പോൾ പ്രാദേശികതലം മുതൽ ദേശീയതലം വരെ സമ്മേളനങ്ങൾ ചേരുകയും ഓരോ കമ്മിറ്റിയും ഇക്കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനപരമായ പരിശോധന നടത്തുകയും ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുകയും ഓരോ തലത്തിലെയും കമ്മിറ്റികളെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഈ ജനാധിപത്യപ്രക്രിയ, ജനാധിപത്യപാർട്ടികളെന്ന് വീമ്പിളക്കുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലെന്നതാണ് യാഥാർഥ്യം.

എന്നാൽ സിപിഐ എം നടത്തുന്ന ജനാധിപത്യപരമായ ഇത്തരം ചർച്ചകളെയും പരിശോധനകളെയും കെട്ടുകഥകളുടെ മേമ്പൊടിയോടെ പാർട്ടിയെ ആക്രമിക്കാനും തകർക്കാനുമുള്ള ആയുധമാക്കുകയാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ പാർട്ടികളും. പാർട്ടി സമ്മേളനങ്ങൾ–ബ്രാഞ്ചുതലം മുതൽ –തുടങ്ങിയപ്പോൾ തന്നെ പാർട്ടിക്കെതിരായ വ്യാജപ്രചാരണങ്ങളും ആക്രമണങ്ങളും മാധ്യമങ്ങൾ ഇഷ്ടവിഷയമാക്കി മാറ്റിയിരിക്കുകയാണ്.

അതേസമയം നയങ്ങളും പരിപാടികളും തീരുമാനിക്കുന്നതിൽ എല്ലാ അംഗങ്ങൾക്കും അഭിപ്രായം പറയാനും ഇടപെടാനും സ്വാതന്ത്ര്യമുള്ള മറ്റൊരു പാർട്ടിയും ഇല്ലയെന്ന യാഥാർഥ്യത്തിനുനേരെ കണ്ണടയ്ക്കുകയാണ് ഈ മാധ്യമങ്ങൾ. ചരിത്രപരമായ സത്യസന്ധതപോലും ഇക്കൂട്ടർ പാലിക്കാറില്ല. കമ്യൂണിസ്റ്റു വിരുദ്ധ പ്രചാരണത്തിനായി ചരിത്രവസ്തുതകളെപ്പോലും വളച്ചൊടിക്കാനും വക്രീകരിക്കാനും ഇവർ മടിക്കുന്നില്ല.

സിപിഐ എം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ ഞങ്ങൾ ഈ ലക്കം പുറത്തിറക്കുന്നത് പാർട്ടി സഖാക്കൾക്കും പാർട്ടിയെ സ്നേഹിക്കുന്നവർക്കും ഇത്തരം വ്യാജ പ്രചാരണങ്ങളെ നേരിടുന്നതിനുള്ള ചരിത്രവസ്തുതകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്. എം എ ബേബി, എ വിജയരാഘവൻ എന്നിവർ സമ്മേളനങ്ങളുമായി ബന്ധപ്പെട്ടെഴുതിയ ലേഖനങ്ങൾക്കു പുറമേ സിപിഐ എം കേന്ദ്ര കമ്മിറ്റി 2019ൽ തയ്യാറാക്കിയ 1920 മുതൽ 1947 വരെയുള്ള കമ്യൂണിസ്റ്റു പാർട്ടിയുടെ സംക്ഷിപ്ത ചരിത്രവും ഈ ലക്കത്തിൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. അതായത്, പാർട്ടി രൂപീകരണംമുതൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകളുടെ രൂപരേഖയാണ് ഇതിലെ പ്രതിപാദ്യ വിഷയം.

ബ്രിട്ടീഷ് വാഴ്ചയിൽനിന്നുള്ള സമ്പൂർണ സ്വാതന്ത്ര്യമാണ് ഇന്ത്യയ്ക്കാവശ്യം എന്ന നിലയിൽ പൂർണ സ്വരാജ് പ്രമേയം പാർട്ടി രൂപീകരണത്തിന്റെ ആദ്യവർഷം തന്നെ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ചത് ഒരു കമ്യൂണിസ്റ്റുകാരനാണെന്നത് എടുത്തുപറയേണ്ടതാണ്. തുടർച്ചയായി ഏഴുവർഷം ഈ ആവശ്യമടങ്ങുന്ന പ്രമേയം കോൺഗ്രസ് സമ്മേളനത്തിൽ കമ്യൂണിസ്റ്റുകാർ അവതരിപ്പിച്ച് ചർച്ചചെയ്തതിനെത്തുടർന്നാണ് കോൺഗ്രസ് ആ മുദ്രാവാക്യം ഏറ്റെടുത്തതുതന്നെ. ജാതി നിർമാർജനം എന്ന ആവശ്യമുന്നയിച്ച് ആദ്യകാലത്ത് പ്രക്ഷോഭം സംഘടിപ്പിച്ചതും അത് 1930ലെ കരടുപരിപാടിയുടെ ഭാഗമാക്കിയതും പലരും വിസ്മരിക്കുന്ന വസ്തുതയാണ്. വർഗീയതയ്ക്കെതിരെ തുടക്കംമുതൽ വിട്ടുവീഴ്ച കൂടാതെ പൊരുതിയതും കമ്യൂണിസ്റ്റുകാർ തന്നെയാണ്. രണ്ടാം ലോകയുദ്ധാനന്തര കാലത്ത് കമ്യൂണിസ്റ്റു പാർട്ടിയും തൊഴിലാളി–കർഷക പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാൻ നിർബന്ധിതമായത് എന്ന വസ്തുതയും മറച്ചുപിടിക്കപ്പെടുകയാണ്. പാർട്ടി വിരുദ്ധ പ്രചാരണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് രാജ്യത്തിന്റെയും പാർട്ടിയുടെയും ചരിത്രം വസ്തുനിഷ്ഠമായി മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും അനിവാര്യമാണ്. പാർട്ടി നിലപാടുകൾ ശരിയായ വിധം ഉൾക്കൊള്ളാനും ഈ ചരിത്രം പഠിക്കേണ്ടതുണ്ട്. ആ നിലയിൽ വായനക്കാർ ഈ ലക്കം ചിന്ത വാരിക ഫലപ്രദമായി ഉപയോഗിക്കുമെന്ന് ഞങ്ങൾ കരുതുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 4 =

Most Popular