ജീവിതപ്പാതയുടെ അവസാന അധ്യായം കടുക്ക, നെല്ലിക്ക, താന്നിക്ക എന്നാണ്. ത്രിഫല ആയുർവേദത്തിൽ ഇന്ദ്രിയങ്ങൾക്ക് ഉത്തമ മരുന്നാണ്. ജീവിതവും സാമൂഹ്യജീവിതവും അങ്ങനെതന്നെയെന്ന് ജീവിതപ്പാത നമ്മെ പഠിപ്പിക്കുന്നു. ജീവിതപ്പാത ഒരു ഘട്ടത്തിൽ താൽക്കാലികമായി അവസാനിക്കുകയാണ്. അതിനുശേഷമാണ് ഞാനടക്കമുള്ള മൂന്നു പേർ. മകൾ അച്ഛനെ ഓർക്കുമ്പോൾ അത് ആർദ്രമായ ഓർമ്മകൾ മാത്രമല്ല, ശക്തവുമാണ്. ആൺകോയ്മയുള്ള സമൂഹത്തിൽ എങ്ങനെ പെൺമക്കളെ വളർത്താമെന്നതിന്റെ ഒരു മാതൃക കൂടിയായി ആ ഓർമ്മകളെ ഞാൻ കാണുന്നു. എനിക്കു നൽകിയ സ്വാതന്ത്ര്യത്തെ അമ്മമ്മയും അമ്മയുമൊക്കെ പേടിയോടെ കണ്ടപ്പോഴും അച്ഛനെന്നെ പഠിപ്പിച്ചത് തന്റേടിയായി വളരാനാണ്. എനിക്കതിനു പൂർണ്ണമായി കഴിഞ്ഞോ എന്നറിയില്ല. എന്നാലും വാക്കിടറാതെ നടന്ന് ഇതിഹാസമായി മാറിയ ഒരച്ഛന്റെ ഓർമ്മയാണ് ഇവിടെ പങ്കുവെക്കുന്നത്.
അച്ഛന്റെ ഓർമ്മ എവിടെ തുടങ്ങണം… ആ വലിയ വയറിനു മുകളിൽ പറ്റിപ്പിടിച്ചു കിടന്നിരുന്നതോ. തോളിലെ സഞ്ചിയിൽ തൂങ്ങി നടന്നിരുന്നതോ… പ്രസംഗിക്കുമ്പോൾ മൈക്കിന്റെ വയറിൽ പിടിച്ചു വികൃതി കാണിച്ചിരുന്നതോ… അവിടെയൊക്കെയാണ് അതു തുടങ്ങുന്നത്. അച്ഛന്റെ കൂടെ 21 വർഷം മാത്രം. പക്ഷെ ആ കാലം ഏതാണ്ട് പൂർണ്ണമായും അച്ഛന്റെ കൂടെ നടക്കാനായി. ഞങ്ങളിൽ മൂത്ത സഹോദരങ്ങൾക്കു ലഭിക്കാത്ത ഭാഗ്യമായിരുന്നു അത്. ആ കാലം നേടിത്തന്നത് വലിയ അനുഭവങ്ങളായിരുന്നു.
ഒളിവുകാല ജീവിതവും ദുരിതങ്ങളും തീർന്ന് അച്ഛന്റെ പാർട്ടി കേരളത്തിലെ ജനങ്ങളുടേതാവുന്ന കാലത്താണ് ഞങ്ങൾ അവസാനത്തെ മൂന്നു പേർ പിറന്നു വളരുന്നത്. ഏട്ടന്മാർ പറയുന്നതുപോലെ ഞങ്ങൾ പ്രൊഫസർ ചെറുകാടിന്റെ മക്കളാണ്. ആ ഓർമകളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ പെരുമുടിയൂർക്കുള്ള വഴി. ഇരുപുറത്തും കരിമ്പനകൾ. റെയിലുമുറിച്ചു കടന്നാൽ കോളേജിലെത്തും. ഞാൻ പഠിച്ചിരുന്ന സ്കുളിന് വെള്ളിയാഴ്ച അവധിയായതിനാൽ അന്ന് അച്ഛന്റെ കൂടെയാണ്. കോളേജിൽ വരാന്തയിലിരുന്ന് തീവണ്ടി കാണും. പട്ടാമ്പിയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കലാണ്. ആ യാത്രക്കിടെ എന്തെല്ലാം കഥകളാണ് പറഞ്ഞുതന്നിരുന്നത്… ആ കഥകളിലൂടെയാണ് ലോകത്തെ അറിയുന്നത്. മനുഷ്യന്റെ ദുരിതങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നത്. സമത്വസുന്ദരമായ സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുള്ള നേരിയ ധാരണകളുണ്ടാകുന്നത്. എത്രയോ മനുഷ്യരെ പരിചയപ്പെടുന്നത്.
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിനെ ഏറ്റവും മികച്ച കോളേജാക്കി മാറ്റാൻവേണ്ടി രാവും പകലും പ്രവർത്തനങ്ങളിലായിരുന്നു അച്ഛന്റെ ശ്രദ്ധ. രാത്രി ഏറെ വൈകി വീട്ടിലെത്തിയാൽപ്പിന്നെ എല്ലാറ്റിനും ആരെങ്കിലും തുണയ്‌ക്കുവേണം. കമ്പിറാന്തലും പോക്കറ്റ് ലാമ്പുമൊക്കെയായി കുളത്തിലേക്കു കുളിക്കാൻ പോവും. ഏറ്റവും പിന്നിൽനിന്ന് എങ്ങനെ മുന്നിലേക്ക് വെളിച്ചം കാട്ടിക്കൊ ടുക്കാമെന്ന് പഠിപ്പിക്കും. അന്നത്തെ സംഭവങ്ങളൊക്കെ വിവരിക്കും. പ്രകൃതിയെപ്പറ്റിയും പൂക്കളെപ്പറ്റിയും നക്ഷത്രങ്ങളെപ്പറ്റിയുമൊക്കെ സംസാരിക്കും. അസന വില്വാദി എണ്ണയുടെയും മാർഗ്ഗോ സോപ്പിന്റെയും കുളത്തിന്റെയും കുളിരുള്ള ഓർമ്മകൾ. ഞങ്ങളുടെ കുഞ്ഞുകുളത്തിന്റെ കരയിൽ ഒരു ഭാഗത്ത് അച്ഛൻതന്നെ നട്ടുവളർത്തിയ റോസാചെടികളുണ്ട്. അതെന്നും നിറയെ പൂക്കും. രണ്ടോമൂന്നോ പൂക്കൾ എടുക്കാം. ഒന്ന് അമ്മയ്‌ക്കാണ്. നട്ടുവളർത്തിയ മുല്ലവള്ളിയിലെ മൊട്ടുകൾ അണിയറയിലേക്കാണ്. അണിയറ അച്ഛന്റെ എഴുത്തുമുറിയാണ്. ശനിദശ പോലുള്ള നോവലുകളിൽ അതിമനോഹരമായി ഇതൊക്കെ കടന്നുവന്നിട്ടുണ്ട്.
വനമഹോത്സവം വലിയ ആഘോഷമായിരുന്നു. മഴ പെയ്താൽ മുളയ്‌ക്കുന്ന പ്ലാവിൻ തൈകളും മാവിൻ തൈകളുമൊക്കെ പറിച്ചെടുത്ത് ചെമ്മലശ്ശേരിയിലെ മണ്ണിലേക്കൊരു യാത്രയുണ്ട്. മണ്ണിന്റെ മാറിലെന്ന നോവലിന്റെ ഭൂമികയാണത്. മണ്ണിനെ സ്നേഹിക്കുന്ന കൃഷിക്കാരന്റെ മനസ്സ്, ഉർവരമാകുന്ന മണ്ണിന്റെ ചന്തം, ഇതൊക്കെ ഞങ്ങളെ അനുഭവിപ്പിക്കും. മഴയത്ത് നടത്തി മഴയുടെ കുളിർമ്മ അനുഭവവേദ്യമാക്കും.
രാവിലെ ഉണരുന്നത് അച്ഛൻ എഴുതിയ നോവലോ കഥയോ നാടകമോ കവിതയോ അമ്മയെ വായിച്ചു കേൾപ്പിക്കുന്നതു കേട്ടുകൊണ്ടാണ്. അമ്മയാണ് ആദ്യ വായനക്കാരി. അമ്മ പറയുന്ന അഭിപ്രായങ്ങൾ വിലപ്പെട്ടതായിരുന്നു. കുടുംബത്തിനുള്ളിലും ജനാധിപത്യം ഉണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തന്റെ കൂടെ തന്റെ കുടുംബവും വലുതാവണമെന്നാഗ്രഹിച്ചിരുന്നു.
അമ്മയോടുള്ള പിണക്കങ്ങളും ഓർക്കുന്നു. ആ ദിവസങ്ങളിൽ ഞങ്ങൾ ഇടനിലക്കാരാണ്. പിന്നെ പെട്ടെന്നത് അവസാനിക്കും. അച്ഛൻ അടുക്കളയിൽ കയറുന്ന ദിവസങ്ങളും ആഘോഷമാണ്. അടുക്കളയാകെ മാറ്റിമറിക്കും. നന്നായി വെക്കാനും വിളമ്പാനും ഉണ്ണാനും ശീലിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കും. എന്നെ മാത്രമല്ല. ആൺമക്കളെയും.
അതിരാവിലെ നാലു മണിക്ക് എഴുന്നേൽക്കുണം. അച്ഛന്റെ കൂടെ കാപ്പി കുടിക്കും. അതും ഒരു കലാപരിപാടിയായിരുന്നു. ഒരു വലിയ കപ്പ് അച്ഛന്. ഞങ്ങൾക്ക് ചെറിയ കപ്പുകൾ. അമ്മ കെറ്റിലിൽ കാപ്പി കൊണ്ടുവരും. അച്ഛൻ ഒഴിച്ചു തരും. അതു കഴിഞ്ഞാൽ നാലു ശ്ലോകം പഠിച്ച് കാണാതെ ചൊല്ലണം. എഴുതിവെക്കണം. ചൊല്ലുമ്പോൾ തെറ്റിയാൽ അടി ഉറപ്പ്. ഇപ്പോഴും എന്തെങ്കിലും കാണാതെ ചൊല്ലാൻ കഴിയുന്നത് ആ ശിക്ഷണത്തിന്റെ ബലത്തിലാണ്. വെറുതെ പഠിക്കലും ചൊല്ലലുമല്ല. അച്ഛൻ വിശദീകരിച്ചു തരും. കവികളെ പരിചയപ്പെടുത്തും. ഒരിക്കലും മറക്കാത്ത പാഠങ്ങൾ.
അച്ഛന്റെ അധ്യക്ഷതയിൽ നടന്നിരുന്ന ഗൃഹസദസ്സുകൾ ഞങ്ങളെ വളർത്തി. കാര്യങ്ങൾ തുറന്നു പറയാനും ചർച്ച ചെയ്യാനും പഠിപ്പിച്ചു. കമ്യൂണിസ്റ്റ് ജീവിതരീതിയിലേക്ക് തന്റെ കുടുംബത്തെ മാറ്റിയെടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഉയർന്ന ചിന്തയും എളിയ ജീവിതവും തുറന്ന പെരുമാറ്റവുമാണ് വേണ്ടതെന്നും സഹജീവിയെ അംഗീകരിക്കണമെന്നും ജീവിതം കൊണ്ട് കാണിച്ചുതന്നു.
അച്ഛന്റെ ജീവിതത്തിൽ സ്വകാര്യതകൾക്കേറെ സ്ഥാനമുണ്ടായിരുന്നില്ല. നിറഞ്ഞ സൗഹൃദം. എത്രയോ സുഹൃത്തുക്കൾ. അവരൊക്കെ വീട്ടിലും വരും. എത്ര വലിയ സാഹിത്യകാരർ, ശിഷ്യന്മാർ, സാധാരണ മനുഷ്യർ ഇവർക്കൊക്കെ ഏതു പാതിരായ്‌ക്കും വെച്ചുവിളമ്പിയിരുന്ന അമ്മ.
ശുദ്ധത അച്ഛന്റെ വലിയ നേട്ടമായിരുന്നു. ഏതു പ്രതിസന്ധികളെയും സമചിത്തതയോടെ കാണുന്ന മനസ്സുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ചെല്ലം തുറന്ന് ഞാനൊന്നു മുറുക്കട്ടെ എന്നു പറയാനുള്ള കരുത്ത് അത്ഭുതത്തോടെ യേ ഓർക്കാനാവൂ.
ഒരു പ്രലോഭനത്തിലും വഴങ്ങാതെ നിൽക്കുന്ന അച്ഛനെ അത്ഭുതാദരവുകളോടെയാണ് നോക്കിക്കണ്ടത്. ഒരു കമ്യുണിസ്റ്റ് സാഹിത്യകാരനാണ് താനെന്നു പറയാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല. സാഹിത്യസമിതിയുടെ ക്യാമ്പുകളിൽ കൂടെ കൂട്ടും. ഉപ്പും ഉപ്പിലിട്ടതും വിളമ്പി അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് വീട്ടിലെത്തിയാൽ ചോദിക്കും അവിടെ നിന്നെന്തു കിട്ടിയെന്ന്? അച്ഛന്റെ അഭിപ്രായങ്ങൾ പങ്കുവെക്കും മുക്കം കഥാക്യാമ്പിന്റെ ഓർമ്മയ്‌ക്കു നട്ട തെങ്ങ് ഇന്നും കായ്ക്കുന്നുണ്ട്.
പുലാമന്തോളിലെ മോഹൻ ആർട്സ് തിയേറ്ററിന്റെ നാടകക്യാമ്പുകൾ. ചെറിയ വേഷങ്ങളൊക്കെത്തന്ന് കൂടെ കൂട്ടും. ടി പി ഗോപാലൻ മാഷ്, ദേവകി ടീച്ചർ, സി എം എസ്, അച്ഛൻ, അമ്മ ഒക്കെ അടങ്ങുന്ന ഒരു വലിയ നാടക കുടുംബം.
പള്ളത്തെ ഇല്ലത്തെ സന്ദർശനങ്ങളും. ആര്യാപള്ളത്തെ ഏറെ ബഹുമാനമായിരുന്നു. മാതൃകയായി കാട്ടിത്തരും. അങ്ങനെ എത്രയെത്ര മാതൃകകളെ പരിചയപ്പെടുത്തി.
അഞ്ച് ആൺമക്കൾക്കു കൊടുത്ത അതേ സ്വാതന്ത്ര്യം പെണ്ണായ എനിക്കും തന്നു എന്നാണ് എന്റെ തോന്നൽ. പെണ്ണായി പിറന്നതിൽ ഒരു കുറവും വീട്ടിനുള്ളിൽ അനുഭവപ്പെട്ടിട്ടില്ല. വീട്ടിലെത്തിയെ പെൺമക്കളെയും അതേപോലെ കരുതി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ അച്ഛന്റെ കൂടെ സഞ്ചരിക്കാൻ കഴിഞ്ഞു. ജീവിതംപരിചയപ്പെടു ത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രഭൂമികകളിലേക്ക് കൊണ്ടുപോയി അനുഭവമാക്കി. ആ യാത്രകളെയും കാഴ്ചകളെയും അവബോധവും ആവേശവുമാക്കി മാറ്റാൻ കഴിഞ്ഞു. തന്റെ മക്കൾ കമ്യൂണിസ്റ്റുകാരായി വളരണമെന്ന് അച്ഛൻ ആത്മാർഥമായി ആഗ്രഹിച്ചു.
വിദ്യാർഥിപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് സ്വതന്ത്രമായി വിടുന്നു എന്നു തോന്നുമ്പോഴും ആ കയറിന്റെ തുമ്പ് അച്ചന്റെയും അമ്മയുടെയും കൈയിലുണ്ടായിരുന്നു; ആ വലിവ് ഇടക്കൊക്കെ അനുഭവിച്ചിരുന്നു. തരുന്ന സ്വാതന്ത്ര്യത്തെ ദുഃസ്വാതന്ത്ര്യമാക്കരുതെന്ന നിർബന്ധമുണ്ടായിരുന്നു. ആണിന്റെ ബലവീര്യം കാട്ടണമെന്നു പറയും. പെണ്ണിന്റെ ബലവും വീര്യവും തന്നെയാണ് തിരിച്ചറിയേണ്ടതെന്ന് ഇന്ന് ഞാനറിയുന്നു.
തന്റെ സ്ത്രീകഥാപാത്രങ്ങളെപ്പോലെ ഈ നാട്ടിലെ എല്ലാ പെൺകുട്ടികളും തന്റേടികളായി വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഏറെ അസ്വതന്ത്രകളായ ഏറനാടൻ മാപ്പിള പെൺകുട്ടികളെപ്പോലും സ്വാതന്ത്ര്യത്തിന്റെ മനോഹാരിതയിലേക്ക് വളർത്തുന്നുണ്ട്. പ്രമാണിയെന്ന നോവലിൽ അണിയാത്ത, ഒരുങ്ങാത്ത ചന്തത്തിലാണ് താൽപര്യം. കൈയിൽ നിറയെ വളയിട്ട് അച്ഛന്റെ മുന്നിലെത്തിയ എന്നെക്കൊണ്ട് അതഴിച്ചുവെയ്പിച്ചതോർക്കുന്നു. പെണ്ണിന്റെ സൗന്ദര്യം തന്റേടത്തിലാണെന്ന് മുത്തശ്ശിയിലെ നാണി മിസ്ട്രസ്സും ശനിദശയിലെ തമ്മയും ദേവലോകത്തിലെ രാജമ്മയും ഭൂപ്രഭുവിലെ പാർവതിയും നമ്മളോട് പറയുന്നു. അവരിലൊക്കെ ഞാനെന്നെ കണ്ടു. കാല്പനിക പ്രേമസങ്കല്പത്തേക്കാൾ വ്യക്തിയുടെ പ്രേമവും ദാമ്പത്യവും കുടുംബവും സമൂഹജീവിതത്തിന് മുതൽക്കൂട്ടാകണമെന്ന് അദ്ദേഹം വിശ്വസിച്ചു. അമ്മയെ ‘സഖാവെ’ എന്നു സംബോധന ചെയ്തിരുന്നതിന്റെ വലിപ്പവും അവിടെയാണ്. വികാരങ്ങളെ ജയിക്കുന്നിടത്താണ് ധീരരാകുന്നത്. ജീവിതപ്പാതയിൽ തന്നിലെ പുരുഷാധിപത്യബോധങ്ങളെ അതിനിശിതമായി സ്വയം വിമർശിക്കുന്നുണ്ട്.
വളരെ പരുക്കനായ ചില സ്വഭാവങ്ങളുണ്ട്. സ്നേഹിക്കുന്നപോലെതന്നെ ശിക്ഷിക്കും. മൂത്ത മൂന്നു പേർ അതേറെ അനുഭവിച്ചിട്ടുണ്ട്. ഞങ്ങളായപ്പോഴേക്ക് അതേറെ പാകം വന്നിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പ്രകടനം നടത്തിയതിന് അനിയൻ ചിത്രഭാനുവിനെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്തു. ആ കാലത്തെ ജയിൽ എന്നെ ഇത്തിരി പേടിപ്പിച്ചു. വീട്ടിലെത്തി അച്ഛനോട് പറഞ്ഞപ്പോൾ, ‘‘സാരമില്ല ജയിലൊക്കെ ഒന്നു കണ്ടുവരട്ടെ’’ എന്ന മറുപടിയാണ് ധൈര്യം തന്നത്.
1976ൽ ഞാൻ എംഎ മലയാളത്തിനു പഠിക്കുമ്പോൾ അച്ഛൻ യുജിസി വിസിറ്റിങ്ങ് പ്രൊഫസറായി കോളേജിലുണ്ട്. 1976 ഒക്ടോബർ 28നും രാവിലെ ക്ലാസ്സെടുത്തിരുന്നു. അന്നു വൈകുന്നേരമാണ് അച്ഛൻ നമ്മളെയൊക്കെ വിട്ടുപോയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ അടുത്ത വർഷം പരീക്ഷയെഴുതാനുള്ള കാളിദാസന്റെ രഘുവംശം പതിനാലാം സർഗ്ഗം എത്ര ഭംഗിയായാണ് പഠിപ്പിച്ചത്. അതിലെ സീതയെപ്പോലെ തലയുയർത്തി ചോദ്യം ചോദിക്കാൻ പഠിപ്പിച്ചത്. 1976 ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ഒരു യോഗം കഴിഞ്ഞു വന്ന അച്ഛൻ എനിക്കു തന്നത് മാക്സിം ഗോർക്കിയുടെ അമ്മയായിരുന്നു. TO CHITHRA CHERUKAT By CHERUKAT എന്ന് അതിൽ എഴുതിയിരുന്നു. ഒരിക്കലും അച്ഛനെന്നെ ചിത്ര എന്നു വിളിച്ചിരുന്നില്ല ‘‘കുഞ്ഞിപ്പെണ്ണേ, തങ്കമ്മേ’’ എന്നൊക്കെയാണ് വിളിച്ചിരുന്നത്.
വ്യക്തിജീവിതത്തെ സമൂഹജീവിതവുമായി ചേർത്തുവച്ച ഒരു മനുഷ്യനെക്കുറിച്ച് ഇതിലധികം സ്വകാര്യ ചിന്തകളായിക്കൂടാ. അദ്ദേഹം ഞങ്ങളുടെ മാത്രമല്ലെന്ന് ഇപ്പോഴും കേരളത്തിലെവിടെ ചെല്ലുമ്പോഴും തിരിച്ചറിയുന്നു. l