Thursday, January 9, 2025

ad

Homeഇവർ നയിച്ചവർപ്രമോദ്‌ ദാസ്‌ ഗുപ്‌ത: അതുല്യനായ സംഘാടകൻ

പ്രമോദ്‌ ദാസ്‌ ഗുപ്‌ത: അതുല്യനായ സംഘാടകൻ

ഗിരീഷ്‌ ചേനപ്പാടി

ബംഗാളിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാനമായ പങ്കാണ്‌ പ്രമോദ്‌ ദാസ്‌ ഗുപ്‌തയ്‌ക്കുള്ളത്‌. അത്ഭുതകരമായ സംഘടനാപാടവത്തിനുടമയായിരുന്നു അദ്ദേഹം. പി ഡി ജി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട അദ്ദേഹം പാർട്ടിയും ബഹുജനസംഘടനകളും വളർത്തുന്നതിൽ അസാധാരണമായ മികവാണ്‌ കാട്ടിയത്‌.

ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദ്‌പൂർ ജില്ലയിലെ കുമാർപൂർ ഗ്രാമത്തിൽ 1910 ജൂലൈ 13നാണ്‌ പ്രമോദ്‌ ദാസ്‌ ഗുപ്‌ത ജനിച്ചത്‌. അച്ഛൻ ഗവൺമെന്റ്‌ സർവീസിൽ ഡോക്ടറായിരുന്നു. അച്ഛനമ്മമാരുടെ ഒമ്പതു മക്കളിലൊരാളായിരുന്നു ദാസ്‌ ഗുപ്‌ത. ബരീസാൽ സ്‌കൂളിൽനിന്നാണ്‌ അദ്ദേഹം മെട്രിക്കുലേഷൻ പാസായത്‌. ബരീസാലിലെ ബ്രജ്‌മോഹൻ കോളേജിലാണ്‌ അദ്ദേഹം ഇന്റർമീഡിയറ്റിന്‌ ചേർന്നത്‌. സ്വാതന്ത്ര്യസമരപ്രസ്ഥാനം ശക്തമായ സമയമായിരുന്നു അത്‌.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന തീവ്രമായ ആഗ്രഹം വിദ്യാർഥികളും യുവജനങ്ങളും മറ്റു ജനവിഭാഗങ്ങളും ഹൃദയത്തിൽ ഏറ്റുവാങ്ങിയ കാലം. ബംഗാളിലെ ജനതയെ വിപ്ലവത്തിന്റെ മാർഗം ഏറെ സ്വാധീനിച്ച കാലം. തോക്കും ബോംബും ഉപയോഗിച്ച്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പോരാടിയാൽ മാത്രമേ സ്വാതന്ത്ര്യം എന്ന ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടൂ എന്ന ചിന്ത യുവതലമുറയെ ശക്തമായി സ്വാധീനിച്ച കാലം. ചെറുപ്പക്കാർ പലരും ആവേശത്തോടെ അനുശീലൻ സമിതിയിൽ ചേർന്നു. പ്രമോദ്‌ ദാസ്‌ ഗുപ്‌തയെയും അനുശീലൻ സമിതിയുടെ പ്രവർത്തനങ്ങൾ ആവേശം കൊള്ളിച്ചു. അദ്ദേഹവും അനുശീലൻ സമിതിയിൽ ചേർന്നു. നിരഞ്‌ജൻ സെൻ ഗുപ്‌ത, സതീഷ്‌ പക്രാസി തുടങ്ങിയ ഉശിരൻ നേതാക്കളായിരുന്നു അനുശീലൻ സമിതിയുടെ അമരക്കാരായി പ്രവർത്തിച്ചത്‌.

അനുശീലൻ സമിതിയുടെ സജീവ പ്രവർത്തകനായി പ്രമോദ്‌ ദാസ്‌ ഗുപ്‌ത മാറി. താമസിയാതെ സംഘടനയുടെ നിർദേശമനുസരിച്ച്‌ അദ്ദേഹം പ്രവർത്തനകേന്ദ്രം കൽക്കത്തയിലേക്ക്‌ മാറ്റി.

1929 സെപ്‌തംബർ 13ന്‌ നിരാഹാരസത്യഗ്രഹം അനുഷ്‌ഠിച്ചുവന്ന അനുശീലൻ സമിതി അംഗം ജതിൻദാസ്‌ രക്തസാക്ഷിയായി. 63 ദിവസമായി തുടർന്നുപോന്ന നിരാഹാര സത്യഗ്രഹത്തിനൊടുവിലാണ്‌ ജതീന്ദ്രനാഥ്‌ ദാസ്‌ എന്ന ജതിൻദാസ്‌ രക്തസാക്ഷിയായത്‌. ലാഹോർ ഗൂഢാലോചന കേസിന്റെ പേരിൽ ജയിലിലടയ്‌ക്കപ്പെട്ട ജതിൻദാസ്‌ ജയിലധികൃതരുടെ പെരുമാറ്റത്തിൽ ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യക്കാരായ തടവുകാരുടെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. മോശപ്പെട്ട ഭക്ഷണങ്ങളായിരുന്നു അവർ നൽകിയത്‌. എലികളും പാറ്റകളും തിന്ന മോശപ്പെട്ട അരിയും പച്ചക്കറികളുമാണ്‌ അവർക്ക്‌ നൽകിയത്‌. അവ സൂക്ഷിച്ചിരുന്ന ഗോഡൗണുകളും അടുക്കളയും തീരെ വൃത്തിഹീനങ്ങളായിരുന്നു. ഇന്ത്യക്കാരായ തടവുകാർക്ക്‌ ജയിലിൽ വായിക്കാൻ പത്രങ്ങളോ പുസ്‌തകങ്ങളോ നൽകിയില്ല.

അതേസമയം ബ്രിട്ടീഷ്‌ തടവുകാരുടെ സ്ഥിതി ഏറെ മെച്ചപ്പെട്ടതായിരുന്നു. അവർക്ക്‌ കഴിക്കാൻ നല്ല ഭക്ഷണം ജയിലധികൃതർ നൽകി. വായിക്കാൻ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും നൽകി. സന്ദർശകരെ ധാരാളമായി അനുവദിച്ചു; സന്ദർശകർക്ക്‌ മെച്ചപ്പെട്ട പരിഗണന ലഭിച്ചു. ഇന്ത്യക്കാരായ തടവുകാരുടെ അനുഭവം ഇതിനെല്ലാം കടകവിരുദ്ധമായിരുന്നു.

ഈ അവഗണനയിൽ ഇന്ത്യൻ തടവുകാർ അങ്ങേയറ്റം രോഷാകുലരായിരുന്നു. ഇന്ത്യക്കാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച്‌ ജതിൻദാസ്‌ 1929 ജൂലൈ 13ന്‌ ലാഹോർ ജയിലിൽ നിരാഹാരം ആരംഭിച്ചു. ജയിലധികൃതർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നിരാഹാരസമരത്തിൽനിന്ന്‌ ജതിൻദാസിനെ പിന്മാറ്റാനായില്ല. ജതിൻദാസിനെ നിരുപാധികം വിട്ടയയ്‌ക്കാൻ ജയിൽ കമ്മിറ്റി സർക്കാരിനോട്‌ ശുപാർശ ചെയ്‌തു. എന്നാൽ ആ നിർദേശം സർക്കാർ നിരാകരിച്ചു. ജതിൻദാസ്‌ നിരാഹാരം തുടർന്നു.

നിരാഹാരസമരം രണ്ടുമാസം തുടർന്നു. 1929 സെപ്‌തംബർ 13ന്‌ ജതിൻദാസ്‌ രക്തസാക്ഷിയായി. മൃതദേഹം ലാഹോർ ജയിലിൽനിന്ന്‌ കൊൽക്കത്തയിൽ ട്രെയിനിൽ എത്തിക്കാൻ തീരുമാനിക്കപ്പെട്ടു. ജതിൻദാസിന്റെ രക്തസാക്ഷിത്വം ഇന്ത്യൻ മനഃസാക്ഷിയെ ഞെട്ടിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുവജനങ്ങൾ രോഷാകുലരായി. ബംഗാളിലെ യുവാക്കൾ അക്ഷരാർഥത്തിൽ ഇളകിമറിഞ്ഞു. വിപ്ലവ ഗ്രൂപ്പുകൾ പലതും പ്രത്യാക്രമണങ്ങൾക്ക്‌ തയ്യാറെടുത്തു. പൊലീസും വെറുതെയിരുന്നില്ല. അവർ വിപ്ലവകാരികളെ അന്വേഷിച്ച്‌ പരക്കംപാഞ്ഞു. ചിലരെ അറസ്റ്റ്‌ ചെയ്‌തു. നിരഞ്‌ജൻ സെൻ ഗുപ്‌തയും സതീഷ്‌ പക്രാസിയും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.

വിപ്ലവകാരികളെ അന്വേഷിച്ച്‌ പൊലീസ്‌ വീടുവീടാന്തരം കയറിയിറങ്ങി. കണ്ണിൽ കണ്ടവരെയെല്ലം തല്ലിച്ചതച്ചു. അതിഭീകരമായ അന്തരീക്ഷമാണ്‌ പൊലീസ്‌ സൃഷ്ടിച്ചത്‌. അതിനിടയിൽ ബോംബുണ്ടാക്കുന്ന രണ്ട്‌ കേന്ദ്രങ്ങൾ പൊലീസ്‌ കണ്ടെത്തി. 1930 ജനുവരി അവസാനമായിരുന്നു അത്‌. തുടർന്ന്‌ നിരവധി ചെറുപ്പക്കാരെ അറസ്റ്റ്‌ ചെയ്‌തു. ഈ അറസ്റ്റ്‌ ചെയ്യപ്പെട്ടവരെ പ്രതിചേർത്ത്‌ ഫെബ്രുവരിയിൽ പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തു. അതിൽ 23 പേരെയാണ്‌ പ്രതികളാക്കിയത്‌. അതിലൊരാൾ പ്രമോദ്‌ ദാസ്‌ ഗുപ്‌തയായിരുന്നു. മെച്വ ബസാർ ഗൂഢാലോചനക്കേസ്‌ എന്നറിയപ്പെട്ട ഈ കേസിന്റെ വിധി 1930 ജൂൺ 14ന്‌ പുറപ്പെടുവിക്കപ്പെട്ടു.

ഈ കേസിൽ തെളിവില്ലാത്തതിനാൽ പ്രമോദ്‌ ദാസ്‌ ഗുപ്‌തയെ കോടി വെറുതെവിട്ടു. എന്നാൽ സർക്കാരും പൊലീസും വാശിയോടെ അദ്ദേഹത്തെ അകത്താക്കാൻ തീരുമാനിച്ചു. ബംഗാൾ ക്രിമിനൽ ഭേദഗതി നിയമമനുസരിച്ച്‌ പൊലീസ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു. എട്ടുവർഷക്കാലം ബംഗാളിലെ പല ജയിലുകളിലും അദ്ദേഹത്തെ മാറിമാറി താമസിപ്പിച്ചു. കൊടിയ മർദനങ്ങളും ക്രൂരമായ അവഹേളനങ്ങളും അദ്ദേഹത്തിന്‌ സഹിക്കേണ്ടിവന്നു.

ജയിൽ പ്രമോദ്‌ ദാസ്‌ ഗുപ്‌തയ്‌ക്ക്‌ പാഠശാലകൂടിയായിരുന്നു. മാർക്‌സിസം‐ലെനിനിസം അദ്ദേഹം പഠിക്കാൻ തുടങ്ങിയത്‌ ജയിലിൽവെച്ചാണ്‌. ജയിലിൽവെച്ച്‌ നിരവധി വിപ്ലവകാരികളെ പരിചയപ്പെടാൻ അദ്ദേഹത്തിന്‌ സാധിച്ചു.

1937ൽ ജയിൽമോചിതനായ പ്രമോദ്‌ ദാസ്‌ ഗുപ്‌ത നേരെ കൽക്കത്തയിലേക്കാണ്‌ പോയത്‌. അപ്പോഴേക്കും അദ്ദേഹം അബ്ദുൾ ഹലീമിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച കമ്യൂണിസ്റ്റ്‌ കൺസോളിഡേഷൻ ഗ്രൂപ്പിൽ അംഗമായിക്കഴിഞ്ഞിരുന്നു. താമസിയാതെ മുസഫർ അഹമ്മദുമായി അദ്ദേഹം ബന്ധപ്പെട്ടു.

1938 മെയ്‌ ഒന്നിന്‌ പ്രമോദ്‌ ദാസ്‌ ഗുപ്‌ത കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. കൽക്കത്തയിലെ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാനാണ്‌ അദ്ദേഹത്തോട്‌ പാർട്ടി ആവശ്യപ്പെട്ടത്‌. തുറമുഖത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണമായ മികവാണ്‌ പ്രദർശിപ്പിച്ചത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടിക്കുമേൽ അന്ന്‌ നിരോധനം ഉണ്ടായിരുന്നതിനാൽ നേതാക്കളും പ്രധാന പ്രവർത്തകരും ഒളിവിലാണ്‌ പാർട്ടി പ്രവർത്തനം നടത്തിയത്‌. സരോജ്‌ മുഖർജിയായിരുന്നു അന്ന്‌ കൽക്കത്ത ജില്ലാ സെക്രട്ടറി. അദ്ദേഹം ഒളിവിലായതിനാൽ പരസ്യമായ പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ ഒരാൾ വേണം. അങ്ങനെ പ്രമോദ്‌ ദാസ്‌ ഗുപ്‌ത, പരസ്യമായി പ്രവർത്തിക്കുന്ന വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ഏൽപിക്കപ്പെട്ട പാർട്ടി ചുമതലകൾ അദ്ദേഹം ഭംഗിയായി നിർവഹിച്ചു.

1939ൽ രണ്ടാംലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പാർട്ടിക്കുമേലുള്ള നിരോധനം ഗവൺമെന്റ്‌ കൂടുതൽ കർക്കശമാക്കി. പാർട്ടിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന്‌ പൊലീസിന്‌ സംശയമുള്ളവരെയെല്ലാം അറസ്റ്റ്‌ ചെയ്‌തു; അവരെ അതിക്രൂരമായി വേട്ടയാടി.

പ്രമോദ്‌ ദാസ്‌ ഗുപ്‌തയും ഒളിവിൽ പോകാൻ പാർട്ടി നിർദേശിച്ചു. അതോടെ അദ്ദേഹത്തിന്റെ പരസ്യമായ പ്രവർത്തനങ്ങൾ മതിയാക്കി. അദ്ദേഹവും ഒളിവിൽ പോയി. ഒളിവിലും പാർട്ടി പ്രവർത്തനങ്ങൾ തുടർന്നതോടെ 1941ൽ അദ്ദേഹം അറസ്റ്റിലായി. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − 10 =

Most Popular