Sunday, November 9, 2025

ad

Homeപുസ്തക പരിചയംഇരുണ്ടനാളുകളിലേക്കൊരെത്തിനോട്ടം

ഇരുണ്ടനാളുകളിലേക്കൊരെത്തിനോട്ടം

ജി വിജയകുമാർ

ധുനിക ഇന്ത്യാ ചരിത്രത്തിൽ മറക്കാനാവാത്ത നാളുകളാണ് 50 വർഷം പിന്നിട്ട അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുള്ള കാലവും. 21 മാസം നീണ്ട ഈ ഇരുണ്ട നാളുകളെക്കുറിച്ചുള്ള ഓർമ നവഫാസിസം അരങ്ങുവാഴുന്ന ഈ കാലത്തെ അനിവാര്യതയാണ്. കാരണം അവ തമ്മിലുള്ള സമാനതകളും അവയിലേക്കെത്തിച്ച വർഗ നിലപാടുകളും പരിശോധിക്കേണ്ടത് ഇന്നത്തെ പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ അനുപേക്ഷണീയമാണ്. അത്തരം ഒരോർമപ്പെടുത്തലിലേക്ക് നമ്മെ നയിക്കുന്ന ഒന്നാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘‘അമർഷത്തിന്റെ ആവിഷ്കാരങ്ങൾ: അടിയന്തരവാസ്ഥ @ 50’’ എന്ന കൃതി. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന്റെ മുൻനിരയിലായിരുന്ന അക്കാലത്തെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നായകരിലൊരാളും സിപിഐ എമ്മിന്റെ അമരക്കാരനുമായ എം എ ബേബിയാണ് ഈ കൃതിയുടെ എഡിറ്റർ.

അടിയന്തരാവസ്ഥയെ സംബന്ധിച്ച ചർച്ചകളിൽ പൊതുവെ പരിശോധിക്കപ്പെടാതെ പോകുന്നതും എന്നാൽ അനിവാര്യമായും പരിശോധിക്കപ്പെടേണ്ടതുമായ രണ്ട് ചോദ്യങ്ങളുണ്ട്. മുഖ്യധാരാ ആഖ്യാനങ്ങളിൽ പറയുന്നതുപോലെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം ഭരണം നിലനിർത്താൻ സ്വീകരിച്ച ഒരു കുറുക്കുവഴി മാത്രമായിരുന്നോ അടിയന്തരാസ്ഥ? ഇന്ദിരാഗാന്ധിയെന്ന വ്യക്തിയുടെ സേ-്വച്ഛാധിപത്യ പ്രമത്തത മാത്രമായിരുന്നോ അടിയന്തരാവസ്ഥയ്ക്കിടയാക്കിയത്? രണ്ടാമത്തെ പ്രശ്നം, ഇന്ത്യയിൽ അധികാരം കവർന്നെടുക്കാൻ ശ്രമിച്ചിരുന്ന വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ ചെറുത്തുനിൽപ്പായിരുന്നോ യഥാർഥത്തിൽ അടിയന്തരാവസ്ഥയെന്നതാണ്. രണ്ടാമത്തെ പ്രശ്നം തന്റെ സേ-്വച്ഛാധിപത്യ നടപടികൾക്ക് ന്യായീകരണം നൽകാൻ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയുടെ സ്തുതിപാഠകരും പറഞ്ഞ ഒരു കടങ്കഥ മാത്രമാണ്. അത്തരം ലളിതമായ ആഖ്യാനങ്ങൾ അക്കാലത്തുതന്നെ പൊളിച്ചടുക്കപ്പെട്ടതാണ്.

എന്നാൽ ഈ പ്രശ്നം പരിശോധിക്കേണ്ടതായി വരുന്നത് അടിയന്തരാവസ്ഥയെ തുടർന്നു വന്ന കാലത്തും ഇപ്പോഴുമുള്ള മുഖ്യധാരാ ആഖ്യാനങ്ങളിൽ കാണുന്ന അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നത് ആർഎസ്എസാണെന്ന വാദത്തിന്റെ പശ്ചാത്തലത്തിലാണ്. യഥാർഥത്തിൽ താൻ വലതുപക്ഷ ഫാസിസ്റ്റു ശക്തികൾക്കെതിരായ പോരാട്ടമാണ് നടത്തുന്നത് എന്ന വാദത്തിന് ബലം നൽകാനായി ഇന്ദിരാഗാന്ധി ആർഎസ്എസ് ഉൾപ്പെടെയുളള ശക്തികളെ നിരോധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ പ്രവർത്തകരും നേതാക്കളും ജയിലിലടയ്ക്കപ്പെടുകയാണുണ്ടായത്. എന്നാൽ ആർഎസ്എസിന്റെ സർസംഘ ചാലകായ ബാലാ സാഹേബ് ദേവ്റസ് ഇന്ദിരാഗാന്ധിക്ക് അക്കാലത്ത് എഴുതിയ കത്തുകൾ ഈ വാദഗതിയുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനം രാജ്യത്ത് അച്ചടക്കം പുലർത്താനും രാജ്യതാൽപര്യത്തിനും ‘‘അനിവാര്യമായിരുന്നു’’വെന്നും ‘‘അത് സമയോചിത’’മായിരുന്നുവെന്നും ആ കത്തുകളിൽ ദേവ്-റസ് സ്തുതിക്കുന്നുണ്ട്. തന്നെ ജയിൽ മോചിതനാക്കുകയും ആർഎസ്എസിനുമേലുള്ള നിരോധനം നീക്കുകയും ചെയ്താൽ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയുടെയും സഞ്ജയ്ഗാന്ധിയുടെ അഞ്ചിന പരിപാടിയുടെയും പ്രചാരകരായി തങ്ങൾ മാറാമെന്നും ദേവ്റസ് പ്രധാനമന്ത്രിയോട് കേണപേക്ഷിക്കുന്നുണ്ട്. മാത്രമോ? അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുമുൻപ് അഴിമതിക്കെതിരായും ജനാധിപത്യത്തിനായും ഉയർന്നുവന്ന ജനമുന്നേറ്റത്തിൽ, പ്രതേ-്യകിച്ചും ബിഹാറിലെയും ഗുജറാത്തിലെയും ജെപി പ്രസ്ഥാനത്തിൽ തങ്ങൾക്കൊരു പങ്കുമില്ലായിരുന്നുവെന്നും അതെല്ലാം തങ്ങൾക്കെതിരായ നുണപ്രചരണമാണെന്നും ആണയിട്ട് പറയുന്നുമുണ്ട് ആർഎസ‍്എസിന്റെ ഈ പരമോന്നത നേതാവ്. ഈ കത്തുകളെല്ലാം ഇന്ന് പൊതുമണ്ഡലത്തിൽ ലഭ്യമാണ്.

നിരോധിക്കപ്പെട്ടിരുന്നതുകൊണ്ടുതന്നെ ആർഎസ്എസിന്റെ പ്രവർത്തകർക്കും അതിനെ എതിർക്കാതിരിക്കാനാകുമായിരുന്നില്ല. മാത്രമല്ല, ആർഎസ്എസിന്റെ പാർലമെന്ററി രാഷ്ട്രീയത്തിലെ മുഖമായിരുന്ന ജനസംഘത്തിനും മറിച്ചൊരു നിലപാട് പരസ്യമായി സ്വീകരിക്കാനാകുമായിരുന്നില്ല. ജനസംഘത്തിന്റെ പ്രധാന നേതാവായിരുന്ന വാജ്പേയി അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ പരോളിൽ പുറത്തിറങ്ങിയെന്നും അടിയന്തരാവസ്ഥയ്ക്കും സർക്കാരിനുമെതിരായി അദ്ദേഹം ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നും പറയുന്നത് ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി തന്നെയാണ്.

പിന്നെന്തിനാണ് ആർഎസ്എസിനെ അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപിന്റെ ചാമ്പ്യന്മാരായി അവതരിപ്പിക്കുന്നത്? അവിടെയാണ് തുടക്കത്തിൽ ഉന്നയിച്ച ഒന്നാമത്തെ ചോദ്യത്തിന്റെ പ്രസക്തി. അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധിയുടെയോ അവരോടൊപ്പമുള്ള സംഘത്തിന്റെയോ മാത്രം ഉൽപ്പന്നമായിരുന്നില്ലയെന്നതാണ് വസ്തുത. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണവർഗം പിന്തുടർന്ന മുതലാളിത്ത വികസനപാതയുടെ പരാജയത്തിന്റെ അനിവാര്യമായ അനന്തരഫലമാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം.

മുതലാളിത്ത വികസനപാതയുടെ തകർച്ചയുടെ ആദ്യ രാഷ്ട്രീയ പ്രതിഫലനം 1967ലെ പൊതുതിരഞ്ഞെടുപ്പിൽ പകുതിയോളം സംസ്ഥാനങ്ങളിൽ ഇന്ത്യൻ ബൂർഷ്വാസിയുടെ മുഖ്യരാഷ്ട്രീയ കക്ഷിയായ കോൺഗ്രസ് പരാജയപ്പെട്ടതിൽ കാണാം. അതിന്റെ തുടർച്ച തന്നെയായിരുന്നു കോൺഗ്രസിലുണ്ടായ പിളർപ്പും. ഈ പ്രതിസന്ധിയെ രണ്ടു വിധത്തിലാണ് ഇന്ത്യൻ ഭരണവർഗം നേരിട്ടത്. ഒന്ന്, ബാങ്ക് ദേശസാൽക്കരണവും പ്രിവിപേഴ്സ് നിർത്തലാക്കലും പോലെയുള്ള പുരോഗമന സ്വഭാവമുള്ള നടപടികളിലൂടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെ രംഗത്തുവന്നതാണ്. അങ്ങനെ കോൺഗ്രസിന് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തി. അതേസമയം തന്നെ ചാക്കിട്ടുപിടുത്തത്തിലൂടെയും കേന്ദ്ര ഏജൻസികളെ ഇറക്കിയും കോൺഗ്രസിതര ഗവൺമെന്റുകളെ അട്ടിമറിച്ചുകൊണ്ട് സേ-്വച്ഛാധിപത്യത്തിന്റെ നിഴലാട്ടവും അന്നുതന്നെ പ്രകടമായിരുന്നു.

1971ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുഖം മൂടിയണിഞ്ഞ് മത്സരിച്ച ഇന്ദിരാകോൺഗ്രസിന് വൻ വിജയം നേടാനായെങ്കിലും ജനങ്ങളെ അധികകാലം വ്യാമോഹ വലയത്തിൽ തളച്ചിടാനായില്ല. ജോലിക്കും കൂലിക്കും വേണ്ടിയുള്ള, മാന്യമായ ജീവിതസാഹചര്യങ്ങൾക്കായുള്ള അധ്വാനിക്കുന്ന വർഗത്തിന്റെ പോരാട്ടങ്ങൾ, പ്രത്യേകിച്ചും റെയിൽവേ തൊഴിലാളി പണിമുടക്ക്, സർക്കാർ ജീവനക്കാരുടെയും മറ്റും പണിമുടക്കുകൾ, ഭക്ഷ്യപ്രക്ഷോഭങ്ങൾ, വിലക്കയറ്റത്തിനെതിരായ സമരങ്ങൾ എന്നിവ ആ കാലത്തിന്റെ മുഖമുദ്രയായിരുന്നു. കോൺഗ്രസ് ഭരണത്തിൽ കൊടികുത്തിവാണ അഴിമതിക്കും ജനാധിപത്യവിരുദ്ധ നടപടികൾക്കുമെതിരായ ജനമുന്നേറ്റങ്ങളും 1970കളുടെ ആദ്യപകുതിയിൽ ഇന്ത്യയിലെമ്പാടും ഉയർന്നുവന്നിരുന്നു. ഈ ജനമുന്നേറ്റങ്ങളെ അടിച്ചമർത്താനുള്ള മുതലാളിവർഗത്തിന്റെ നീക്കങ്ങളുടെ തുടർച്ചയായി വേണം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ കാണേണ്ടത്. അതാണ് 1972ൽ സിപിഐ എമ്മിന്റെ 9–ാം കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസ് പാർട്ടി രാജ്യത്തെ അതിവേഗം സേ-്വച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചത്.

ഇന്ത്യൻ മുതലാളിവർഗത്തിനും ജന്മിവർഗത്തിനുമെതിരായ നടപടികളായിരുന്നില്ല, മറിച്ച് ‘‘നാവടക്കൂ പണിയെടുക്കൂ’’ എന്നിതരത്തിൽ അധ്വാനിക്കുന്നവർക്കെതിരായ മർദന നടപടികളാണ് അടിയന്തരാവസ്ഥക്കാലത്തുടനീളം ഉണ്ടായത്. അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പു നടത്തിയതാകട്ടെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെയുള്ള ഇന്ത്യയിലെ ദരിദ്ര ജനകോടികളുമാണ്. അവിടെയെവിടെയും ആർഎസ്എസിനെ കാണാനാവില്ല. അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പിന്റെ മുൻനിരയിൽ ആർഎസ്എസിനെ അവതരിപ്പിക്കുന്നതിനു പിന്നിലുള്ള ഗൂഢലക്ഷ്യം അടിയന്തരാവസ്ഥാനന്തരം ഉയർത്തപ്പെട്ട ദ്വികക്ഷി രാഷ്ട്രീയ മുറവിളിയിൽ കാണാവുന്നതാണ്. അദ്ധ്വാനിക്കുന്ന വർഗത്തിന്റെ പ്രസ്ഥാനത്തെ, ഇടതുപക്ഷ രാഷ്ട്രീയത്തെ തുടച്ചുനീക്കാനുള്ള ഭരണവർഗത്തിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണതിനെ കാണേണ്ടത്. സിപിഐ എമ്മിന്റെ പത്താം കോൺഗ്രസ് 1978ൽ കൃത്യമായി ചൂണ്ടിക്കാണിച്ചതുപോലെ, അടിയന്തരാവസ്ഥ ഒരു വ്യക്തിയുടെയോ പാർട്ടിയുടെയോ മാത്രം സേ-്വച്ഛാധിപത്യ സ്വഭാവത്തിന്റെ പ്രതിഫലനമല്ല, മറിച്ച് സ്വന്തം നിലനിൽപ്പിനു നേരെ വെല്ലുവിളി ഉയരുമ്പോൾ മുതലാളിത്തം ജനാധിപത്യമെന്ന മുഖംമൂടി വലിച്ചെറിയുകയും നഗ്നമായ സ്വേച്ഛാധിപത്യത്തിലേക്ക് കടക്കുകയും ചെയ്യും. അതാണ് ഇന്ന് നവഫാസിസത്തിന്റെ രൂപത്തിൽ ഇന്ത്യയിൽ കാണുന്നത്. അമേരിക്കയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നമുക്ക് അത് കാണാം. നവലിബറലിസത്തിനൊപ്പം വർഗീയതയും വംശീയതയും തീവ്രദേശീയതയുമെല്ലാം കെെകോർക്കുകയും തോളോട് തോളുരുമ്മി നിൽക്കുകയും ചെയ്യുന്നതും ഒരു പൊതുപ്രതിഭാസമായി കാണാം.

ഈ വിഷയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ കൃതി എഡിറ്റുചെയ്ത എം എ ബേബിയുടെ ആമുഖപഠനം. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള അനുഭവ വിവരണങ്ങളാണ് ഇൗ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്ന ആദ്യഭാഗത്തിൽ അവതരിപ്പിക്കുന്നത്. അതിനൊപ്പം എ കെ ജി പാർലമെന്റിൽ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ എതിർത്തുകൊണ്ടു നടത്തിയ പ്രസംഗവും കേരളത്തിൽ അടിയന്തരാവസ്ഥക്കാലത്ത് നടന്ന പൊലീസ് തേർവാഴ്ചയിലേക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നിയമസഭയിൽ പിണറായി വിജയൻ നടത്തിയ പ്രസംഗവും ഇതിലെ ശ്രദ്ധേയമായ ഇനങ്ങളാണ്. ഇ എം എസ് അടിയന്തരവസ്ഥയെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ പ്രസക്തഭാഗങ്ങൾക്കൊപ്പം അശോക് മിത്ര, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്, പ്രബീർ പുർകായസ്ത, ഇ കെ നായനാർ, കുൽദീപ് നയ്യാർ, നന്ദന റെഡ്ഡി, ബിമൻ ബസു, മണിക് സർക്കാർ എന്നിവരുടെ അനുഭവ വിവരണങ്ങളുമുണ്ട്. രണ്ടാം ഭാഗത്ത് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പഠനങ്ങളാണ്. പ്രബീർ പുർകായസ്ത, സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ, ശ്രീകുമാർ ശേഖർ, പി പി അബൂബക്കർ, കെ കെ ഷാഹിന, സൗമ്യ കെ സി, കെ എസ് രഞ്ജിത്ത് എന്നിവരാണ് എഴുതുന്നത്. അടിയന്തരാവസ്ഥയ്ക്കെതിരായി രചിക്കപ്പെട്ട കഥകളും കവിതകളും കാർട്ടൂണുകളും ഈ കൃതിയുടെ ആകർഷണീയത വർധിപ്പിക്കുന്നു. അവസാനമായി അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടുകളും ക്യു ആർ കോഡ് സ്കാൻ ചെയ്ത് വായിക്കാൻ ലഭ്യമാക്കിയിട്ടുള്ളത് മറ്റൊരു പ്രത്യേകതയാണ്. നവഫാസിസത്തിന്റെ ഈ കാലത്ത് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഓർമ പുതുക്കുന്ന ഈ കൃതി ഓരോ ജനാധിപത്യവിശ്വാസിയും അവശ്യം വായിച്ചിരിക്കേണ്ടതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + nine =

Most Popular